സാക്ഷിയല്ലാത്ത ഇണയുടെ ഹൃദയത്തിലെത്തിച്ചേരൽ
1 വിവാഹദമ്പതികൾ സത്യാരാധനയിൽ ഏകീഭവിച്ചിരിക്കുന്നത് വളരെയേറെ സന്തോഷത്തിനുള്ള ഒരു കാരണമാണ്. എന്നിരുന്നാലും, വിവാഹ ഇണകളിൽ ഒരാൾ മാത്രം സത്യത്തിന്റെ പാത സ്വീകരിച്ചിട്ടുള്ള അനേകം കുടുംബങ്ങളുണ്ട്. സാക്ഷികളല്ലാത്ത ഈ വിവാഹ ഇണകളുടെ ഹൃദയത്തിലെത്തിച്ചേരാനും നമ്മോടുചേർന്ന് യഹോവയെ ആരാധിക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനും നമുക്കെങ്ങനെ സാധിക്കും?—1 തിമൊ. 2:1-4.
2 അവരുടെ ചിന്താഗതി മനസ്സിലാക്കുക: സാക്ഷികളല്ലാത്ത ഇണകളിൽ ചിലർ എതിർപ്പുള്ളവരായിരിക്കാമെങ്കിലും മിക്കവരുടെയും കാര്യത്തിൽ പ്രശ്നം, ഉദാസീനതയോ തെറ്റിദ്ധാരണയോ ആയിരിക്കും. ഒരു വ്യക്തിക്കു താൻ ഒറ്റപ്പെട്ടതായി തോന്നുകയോ തന്റെ വിവാഹ ഇണ പുതുതായി കണ്ടെത്തിയ ആത്മീയ താത്പര്യത്തിൽ അസൂയ തോന്നുകയോ ചെയ്തേക്കാം. “വീട്ടിൽ ഒറ്റയ്ക്കായപ്പോൾ പരിത്യജിക്കപ്പെട്ടതുപോലെ എനിക്കു തോന്നി,” ഒരു ഭർത്താവ് ഓർമിക്കുന്നു. “ഭാര്യയും കുട്ടികളും എന്നെ ഉപേക്ഷിച്ചുപോകുകയാണെന്നാണ് എനിക്കു തോന്നിയത്,” മറ്റൊരാൾ പറയുന്നു. ചിലർക്ക് തങ്ങളുടെ കുടുംബത്തെ ഒരു മതം തങ്ങളിൽനിന്ന് അപഹരിച്ചെടുക്കുകയാണെന്നു തോന്നിയേക്കാം. (1990 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരം [ഇംഗ്ലീഷ്], 20-3 പേജുകൾ കാണുക.) അതുകൊണ്ടാണ്, ഭവന ബൈബിളധ്യയന ക്രമീകരണത്തിൽ സാധ്യമെങ്കിൽ തുടക്കം മുതൽതന്നെ ഭാര്യയോടൊപ്പം ഭർത്താവിനെയും ഉൾപ്പെടുത്തുന്നത് ഏറ്റവും മെച്ചമായിരിക്കുന്നത്.
3 ഒരു ടീമായി പ്രവർത്തിക്കുക: സാക്ഷികളായ ഒരു ദമ്പതികൾ വിവാഹ ഇണകളെ സത്യത്തിലേക്കാനയിക്കുന്നതിൽ ഫലപ്രദമായി ഒരുമിച്ചു പ്രവർത്തിച്ചു. ഭാര്യയുമായി സഹോദരി ഒരു അധ്യയനം തുടങ്ങിക്കഴിഞ്ഞാലുടൻ ഭർത്താവിനെ സഹോദരൻ സന്ദർശിക്കും. മിക്കവാറും ഭർത്താവുമൊത്ത് അദ്ദേഹം ഒരു അധ്യയനമാരംഭിക്കുകയും ചെയ്യും.
4 സൗഹൃദഭാവവും അതിഥിപ്രിയവും ഉള്ളവരായിരിക്കുക: സത്യാരാധനയിൽ ഏകീഭവിക്കാത്ത കുടുംബങ്ങളിൽ പ്രത്യേക താത്പര്യമെടുത്തുകൊണ്ട് സഭയിലെ കുടുംബങ്ങൾക്ക് സഹായിക്കാവുന്നതാണ്. ഏതാനും സൗഹൃദ സന്ദർശനങ്ങൾ നടത്തുന്നതുതന്നെ, എല്ലാവരുടെയും ക്ഷേമത്തിൽ തത്പരരായ ഊഷ്മളതയും കരുതലുമുള്ള ക്രിസ്ത്യാനികളാണ് യഹോവയുടെ സാക്ഷികളെന്നു തിരിച്ചറിയാൻ സാക്ഷിയല്ലാത്ത ഒരു ഇണയെ സഹായിച്ചേക്കാം.
5 മൂപ്പന്മാർക്ക്, സാക്ഷിയല്ലാത്ത ഇണയുടെ ഹൃദയത്തിലെത്തിച്ചേരാൻ അടുത്തയിടെ ചെയ്തിട്ടുള്ള ശ്രമങ്ങളെക്കുറിച്ച് കൂടെക്കൂടെ അവലോകനം നടത്തുകയും അവരെ യഹോവയ്ക്കായി നേടുന്നതിന് കൂടുതലായി എന്തുചെയ്യാൻ കഴിയുമെന്നു തീരുമാനിക്കുകയും ചെയ്യാവുന്നതാണ്.—1 പത്രൊ. 3:1, NW അടിക്കു.