“യഹോവ എനിക്കു തുണ”
1 തന്റെ ആദ്യത്തെ ശിഷ്യന്മാർക്കു നിയോഗം കൊടുത്തപ്പോൾ യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.” (മത്താ. 10:16) അവർ ആശങ്കാകുലരാകുന്നതിനും പ്രസംഗിക്കുന്നതിൽനിന്നു പിന്മാറുന്നതിനും അത് ഇടയാക്കിയോ? ഒരിക്കലുമില്ല. പിന്നീട് അപ്പോസ്തലനായ പൗലൊസ് സഹക്രിസ്ത്യാനികളോടു പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ പ്രകടിപ്പിച്ച മനോഭാവം അവർ കൈക്കൊണ്ടു: “ആകയാൽ ‘കർത്താവു (“യഹോവ,” NW) എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും’ എന്നു നമുക്കു ധൈര്യത്തോടെ പറയാം.” (എബ്രാ. 13:6) യേശുവിന്റെ നാമത്തിനു വേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചു. സുവാർത്ത പഠിപ്പിക്കുന്നതിലും പ്രസംഗിക്കുന്നതിലും അവർ ഇടതടവില്ലാതെ തുടർന്നു.—പ്രവൃ. 5:41, 42.
2 ലോകവ്യാപക പ്രസംഗവേല ഇന്ന് അതിന്റെ അന്തിമ ഘട്ടത്തിലാണ്. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ, നാം സകല ജാതികളുടെയും വിദ്വേഷത്തിനു പാത്രമായിരിക്കുന്നു. (മത്താ. 24:9) നമ്മുടെ പ്രസംഗവേലയെ എതിർക്കുകയും നിന്ദിക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയുടെ ചില ഭാഗങ്ങളിൽ അത് നിരോധിക്കപ്പെട്ടിട്ടുപോലുമുണ്ട്. നാം വിശ്വാസത്തിൽ കുറവുള്ളവരാണെങ്കിൽ നമുക്കു ഭയം തോന്നിയേക്കാം. എന്നിരുന്നാലും, യഹോവയാണു നമ്മുടെ തുണ എന്നറിയുന്നതു നമ്മെ നവോന്മേഷപ്രദരും സ്ഥിരോത്സാഹമുള്ളവരായിരിക്കാൻ ശക്തരുമാക്കുന്നു.
3 ധൈര്യമെന്ന ഗുണം ശക്തരും നിർഭയരും ധീരരുമായിരിക്കുന്നതിനെ അർഥമാക്കുന്നു. അത് ഭയം, അധൈര്യം, ഭീരുത്വം എന്നിവയുടെ വിപരീതമാണ്. യേശുവിന്റെ ശിഷ്യന്മാർക്കു സഹിച്ചുനിൽക്കാൻ എല്ലായ്പോഴും ധൈര്യം ആവശ്യമായിരുന്നിട്ടുണ്ട്. ദൈവവുമായി ശത്രുത്വത്തിലുള്ള ഒരു ലോകത്തിന്റെ മനോഭാവങ്ങളാലും പ്രവർത്തനങ്ങളാലും ഭഗ്നാശരാകുന്നത് ഒഴിവാക്കാൻ നമുക്കത് അനിവാര്യമാണ്. ലോകത്തെ ജയിച്ചടക്കിയ യേശുവിന്റെ വിശിഷ്ട മാതൃക അനുസ്മരിക്കുന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര പ്രോത്സാഹജനകമാണ്! (യോഹ. 16:33) കൊടിയ പരിശോധനകളിൻ മധ്യേ, “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു ധീരതയോടെ പ്രഖ്യാപിച്ച അപ്പോസ്തലൻമാരെയും ഓർക്കുക.—പ്രവൃ. 5:29.
4 നാം പിന്മാറുന്ന തരക്കാരല്ല: നമ്മുടെ വേലയോട് ഒരു ക്രിയാത്മകമായ മനോഭാവം നിലനിർത്താൻ നാം കഠിനശ്രമം ചെയ്യണം. (എബ്രാ. 10:39) മുഴു മനുഷ്യവർഗത്തോടുമുള്ള തന്റെ സ്നേഹത്തിന്റെയും കരുണയുടെയും പ്രകടനം എന്നനിലയിൽ യഹോവയാണ് നമ്മെ അയയ്ക്കുന്നതെന്ന് എല്ലായ്പോഴും മനസ്സിൽ പിടിക്കുക. പ്രയോജനപ്രദമല്ലാത്ത എന്തെങ്കിലും ചെയ്യാൻ അവൻ തന്റെ ദാസൻമാരോട് ഒരിക്കലും ആവശ്യപ്പെടുകയില്ല. ചെയ്യാനായി നമ്മെ ഭരമേൽപ്പിച്ചിരിക്കുന്നതെല്ലാം ആത്യന്തികമായി ദൈവത്തെ സ്നേഹിക്കുന്നവരുടെ പ്രയോജനത്തിൽ കലാശിക്കും.—റോമ. 8:28.
5 ശുഭാപ്തിവിശ്വാസത്തോടുകൂടിയ ഒരു വീക്ഷണമുണ്ടായിരിക്കുന്നത് നമ്മുടെ പ്രദേശത്തു ചെമ്മരിയാടുതുല്യരായ ആളുകളെ അന്വേഷിക്കുന്നതിൽ തുടരാൻ നമ്മെ സഹായിക്കും. ആളുകൾ കാണിക്കുന്ന വിരക്തി അവരുടെ പ്രത്യാശയില്ലായ്മയുടെയും ഇച്ഛാഭംഗത്തിന്റെയും തെളിവായി കണക്കാക്കാൻ നമുക്കു സാധിച്ചേക്കും. സഹാനുഭൂതിയും ദയയുമുള്ളവരായിരിക്കാൻ നമ്മുടെ സ്നേഹം നമ്മെ പ്രചോദിപ്പിക്കട്ടെ. സാഹിത്യം സമർപ്പിക്കുന്നതോ അൽപ്പം താത്പര്യമുള്ളതായി കണ്ടെത്തുന്നതോ ആയ എല്ലാ അവസരങ്ങളിലും പെട്ടെന്നുതന്നെ മടക്കസന്ദർശനം നടത്തി താത്പര്യം വളർത്തിയെടുക്കുകയെന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. ഒരു ബൈബിളധ്യയനം ആരംഭിക്കാനോ അതു ഫലപ്രദമായി നടത്താനോ ഉള്ള പ്രാപ്തി നമുക്കുണ്ടോയെന്ന് ഒരിക്കലും സംശയിക്കേണ്ടതില്ല. പകരം, യഹോവ നമുക്കു കരുത്തേകുമെന്ന ഉറച്ച ബോധ്യത്തോടെ പ്രാർഥനാപൂർവം, ക്രമമായി നാം അവന്റെ സഹായവും മാർഗനിർദേശവും തേടണം.
6 യഹോവ വേലയുടെ പൂർത്തീകരണം ഉറപ്പാക്കുമെന്നു നാം ഉറച്ചു വിശ്വസിക്കുന്നു. (ഫിലിപ്പിയർ 1:4 താരതമ്യം ചെയ്യുക.) നമ്മുടെ തുണയെന്ന നിലയിൽ യഹോവയിലുള്ള സമ്പൂർണ ആശ്രയം നമ്മെ ശക്തരാക്കുന്നു. അപ്പോൾ “നൻമ ചെയ്കയിൽ നാം മടുത്തുപോക”യില്ല—ഗലാ. 6:9.