ചോദ്യപ്പെട്ടി
◼ കൊച്ചു കുട്ടികൾ വയൽസേവനത്തിൽ പങ്കുപറ്റുമ്പോൾ മാതാപിതാക്കൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം?
സുവാർത്ത പങ്കുവെക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിനു ക്രിസ്തീയ മാതാപിതാക്കൾ അവരെ വയൽശുശ്രൂഷയിൽ കൂട്ടിക്കൊണ്ടു പോകുന്നത് ഉചിതമാണ്. അങ്ങനെ കൊണ്ടുപോകുമ്പോൾ ആ പ്രദേശത്ത്—“ഏറെ സുരക്ഷിതമായ” പ്രദേശങ്ങളിൽപോലും—ഉണ്ടാകാനിടയുള്ള അപകടങ്ങൾ നിമിത്തം എപ്പോഴും തങ്ങളുടെ കുട്ടികളുടെ മേൽ ഒരു കണ്ണുണ്ടായിരിക്കണം. നാം ജീവിക്കുന്ന ഈ “ദുർഘടസമയങ്ങ”ളിലെ അത്യാഗ്രഹവും ലൈംഗിക വഷളത്തവും നിമിത്തം അക്രമത്തിന്റെയും ദുരുപയോഗത്തിന്റെയും ഇരകളാകുന്ന കുട്ടികളുടെ എണ്ണം കൂടിവരുകയാണ്. (2 തിമൊഥെയൊസ് 3:1-5) അങ്ങനെ ചെയ്യുന്ന ദുഷ്ടരിൽ നിന്നു തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾ ന്യായമായ മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്. എന്തു ചെയ്യാനാകും?
ജാഗ്രതയും അപകടം മണത്തറിയാനുള്ള ദീർഘവീക്ഷണവും ഉള്ളവരായിരിക്കാൻ ബൈബിൾ ജ്ഞാനപൂർവം നമ്മെ ബുദ്ധിയുപദേശിക്കുന്നു. (സദൃ. 22:3; മത്താ. 10:16) ഞങ്ങൾ ഇവിടെ ഒരു നിയമം ഉണ്ടാക്കാൻ ശ്രമിക്കുകയല്ല. മറിച്ച്, വയൽസേവനത്തിൽ ഏർപ്പെടുമ്പോൾ മാതാപിതാക്കളിൽ ഒരാളോ മുതിർന്ന വേറൊരാളോ കുട്ടിയോടൊപ്പം ഉണ്ടായിരിക്കുന്നതു ജ്ഞാനമാണ്. ഉത്തരവാദിത്വ ബോധമുള്ള രണ്ട് യുവ പ്രസാധകർ ഒരുമിച്ചു പ്രവർത്തിക്കുന്നെങ്കിൽ, മാതാപിതാക്കളിൽ ഒരാളോ മുതിർന്ന വേറൊരാളോ അവരെ എപ്പോഴും തങ്ങളുടെ ദൃഷ്ടിപഥത്തിൽ നിർത്തുന്നത് ഉചിതമാണ്. തീർച്ചയായും, ഒരു കുട്ടി മുതിർന്ന് ഉത്തരവാദിത്വബോധമുള്ള വ്യക്തിയായിത്തീരുമ്പോൾ തങ്ങളുടെ നേരിട്ടുള്ള മേൽനോട്ടം കുറച്ചു മതിയോ എന്ന് മാതാപിതാക്കൾക്കു തീരുമാനിക്കാവുന്നതാണ്.—1992 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിലെ ചോദ്യപ്പെട്ടി കൂടെ കാണുക.
വാഹനത്തിൽ യാത്ര ചെയ്യുമ്പോഴും നടന്നു പോകുമ്പോഴും സുരക്ഷിതത്വത്തെക്കുറിച്ച് എപ്പോഴും ചിന്തയുള്ളവരായിരക്കുന്നതു ബുദ്ധിയാണ്. ആവശ്യമായ മുൻകരുതലുകൾ എടുത്താൽ മിക്കപ്പോഴും അപകടങ്ങളും വേദനാകരമായ ദാരുണ ഫലങ്ങളും ചികിത്സാ ചെലവുകളും കേസിടപാടുകൾ വർധിച്ചുവരുന്ന ലോകത്തിൽ ഉണ്ടായേക്കാവുന്ന നിയമ ബാധ്യതകളും ഒഴിവാക്കാൻ നമുക്കു കഴിയും.
കുട്ടികൾ “യഹോവയുടെ നാമത്തെ സ്തുതി”ക്കുന്നതു തികച്ചും ഉചിതമാണ്. (സങ്കീർത്തനം 148:12, 13) വയൽശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ അവരുടെ ലാവണ്യ വാക്കുകളും സത്പെരുമാറ്റവും മറ്റുള്ളവരിൽ വളരെ മതിപ്പുളവാക്കുകയും യഹോവയ്ക്കു ബഹുമതി കൈവരുത്തുകയും ചെയ്യുന്നു. മാതാപിതാക്കളേ, സർവാത്മനാ ക്രമമായി സുവാർത്ത ഘോഷിക്കാൻ നിങ്ങളുടെ കുട്ടികളെ സഹായിക്കുക, ഒപ്പം ഉണ്ടാകാനിടയുള്ള അപകടങ്ങളിൽനിന്ന് അവരെ സംരക്ഷിക്കാൻ ജാഗ്രത പുലർത്തുകയും ചെയ്യുക.