നിങ്ങൾ ഒരു ഉദ്ദേശ്യത്തോടെയാണോ പ്രവർത്തിക്കുന്നത്?
1 യഹോവ ഉദ്ദേശ്യമുള്ള ദൈവമാണ്. (യെശ. 55:10, 11) അവനെ അനുകരിക്കാൻ നാം ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. (എഫെ. 5:1) നമ്മുടെ ശുശ്രൂഷ നിർവഹിക്കുന്ന വിധത്തിൽ അതു തീർച്ചയായും പ്രകടമാകേണ്ടതാണ്. അതുകൊണ്ട്, “നിങ്ങൾ ഒരു ഉദ്ദേശ്യത്തോടെയാണോ പ്രവർത്തിക്കുന്നത്?” എന്ന ചോദ്യം ഉചിതമാണ്.
2 വീടുതോറുമുള്ള പ്രസംഗം, അനൗപചാരിക സാക്ഷീകരണം, സാഹിത്യ സമർപ്പണം എന്നിവയെല്ലാം ഉദ്ദേശ്യപൂർണമായ ശുശ്രൂഷയുടെ ഭാഗമാണ്. എന്നാൽ, നമ്മുടെ നിയോഗത്തിൽ പ്രസംഗിക്കൽ മാത്രമല്ല, ശിഷ്യരാക്കലും ഉൾപ്പെട്ടിരിക്കുന്നുവെന്ന് ഓർക്കുക. (മത്താ. 28:19, 20) രാജ്യസത്യത്തിന്റെ വിത്തുകൾ വിതച്ചശേഷം, വളർച്ച കൈവരുത്തുന്നതിനായി യഹോവയിലേക്കു നോക്കവെ, നനയ്ക്കാനായി നാം മടങ്ങിച്ചെല്ലുകയും ആവശ്യമായ പരിചരണം തുടർച്ചയായി നൽകുകയും വേണം. (1 കൊരി. 3:6) മടക്കസന്ദർശനങ്ങൾ നടത്താനും ബൈബിൾ അധ്യയനങ്ങൾ തുടങ്ങാനും നാം ശ്രദ്ധാലുക്കൾ ആയിരിക്കേണ്ടതുണ്ട്.
3 നിങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കുക: സേവനത്തിലെ നിങ്ങളുടെ പങ്ക് അവലോകനം ചെയ്യുമ്പോൾ, “ഞാൻ തുടങ്ങിവെച്ചതു നിവർത്തിച്ചു” എന്ന് ആത്മനിർവൃതിയോടെ പറയാനാകുന്നത് ആനന്ദപ്രദമാണ്. 2 തിമൊഥെയൊസ് 4:5-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം പൗലൊസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.” താത്പര്യം കാണിച്ച സകലരുടെയും അടുക്കൽ മടങ്ങിച്ചെല്ലാൻ കൂടുതലായ ശ്രമം ചെയ്യുന്നത് അതിൽ ഉൾപ്പെടുന്നു. നിങ്ങളുടെ പ്രതിവാര സേവന പട്ടികയിൽ, മടക്കസന്ദർശനങ്ങൾക്കു നിശ്ചിത സമയം ക്രമീകരിക്കുക. നീതിസ്നേഹികളുമായി ബൈബിൾ അധ്യയനങ്ങൾ തുടങ്ങുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുക. ശുശ്രൂഷയിൽ പങ്കുപറ്റുമ്പോൾ നിങ്ങളുടെ ഉദ്ദേശ്യം അതായിരിക്കണം.
4 തങ്ങളുടെ ബൈബിൾ വിദ്യാർഥികൾ സമ്മേളനത്തിൽ സ്നാപനമേൽക്കുന്നതു കണ്ടപ്പോൾ എന്തു തോന്നിയെന്നു പ്രസാധകരോടു ചോദിച്ചറിയുക. സ്നാപനമേറ്റവർക്കുണ്ടായ അത്രയും സന്തോഷം ആ പ്രസാധകർ അനുഭവിച്ചിരിക്കണം. അവർ വലിയ ഒരു ഉദ്ദേശ്യമാണ് നിവർത്തിച്ചത്! ശിഷ്യരെ ഉളവാക്കിയ ഒരാൾ അതേക്കുറിച്ചു പറഞ്ഞത് ഈ വിധമാണ്: “ശിഷ്യരെ ഉളവാക്കുക എന്നാൽ യഹോവയുടെ സ്തുതിപാഠകരുടെ എണ്ണം വർധിപ്പിക്കുക എന്നാണർഥം. സത്യം സ്വീകരിക്കുന്നവർക്ക് അതു ജീവനെ അർഥമാക്കുന്നു. മറ്റുള്ളരെ സത്യം പഠിപ്പിക്കാൻ എനിക്ക് എന്തിഷ്ടമാണെന്നോ, അത് എത്ര രസകരമാണ്! . . . യഹോവയെ സ്നേഹിക്കാൻ ഇടയായിട്ടുള്ളവരിൽ അനേകർ എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ആയിത്തീർന്നിരിക്കുന്നു.”
5 യഹോവയുടെ സമർപ്പിത ദാസനായിത്തീരാൻ ഒരു വ്യക്തിയെ സഹായിക്കുന്നതിനെ കുറിച്ച് ആലോചിച്ചുനോക്കൂ! സന്തോഷത്തിനുള്ള എത്ര നല്ല കാരണം! ശുശ്രൂഷയിൽ ഒരു ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്നതിൽ നിന്നാണ് അത്തരം ഫലങ്ങൾ ലഭിക്കുന്നത്.—കൊലൊ. 4:17.