മടക്ക സന്ദർശനങ്ങളുടെ ഉത്തരവാദിത്വം സ്വീകരിക്കുക
1 മടക്ക സന്ദർശനങ്ങൾ നടത്തുന്നതിൽ സാധ്യമാകുന്നടത്തോളം പൂർണ്ണമായി പങ്കെടുക്കുന്നതിന് പ്രേരകമായ അനേകം കാരണങ്ങൾ ഉണ്ട്. പൗലോസ് ചെയ്തതുപോലെതന്നെ നാം ചെയ്യേണ്ടതിന് നമ്മെ ഏർപ്പിച്ചിരിക്കുന്ന വേല പൂർണ്ണമായി നിറവേററുന്നതിന് നാം ആഗ്രഹിക്കുന്നു. (പ്രവൃ. 20:21, 24) താൽപ്പര്യമുളള എല്ലാ ആളുകളെയും പൂർണ്ണമായും നാം വീണ്ടും സന്ദർശിക്കുന്നെങ്കിൽ നാം നമ്മുടെ ശുശ്രൂഷ പൂർണ്ണമായി നിറവേററുന്നതിന് കഠിന യത്നം ചെയ്യവേ ഒരു നല്ല മനസ്സാക്ഷി കാത്തു സൂക്ഷിക്കും.—2 തിമൊ. 4:5.
2 അറിവ് നമ്മെ ഉത്തരവാദിത്വമുളളവരാക്കിത്തീർക്കുന്നു: ജീവിതങ്ങൾ അപകടത്തിലാണ് എന്ന വസ്തുത നമ്മെ മടക്ക സന്ദർസനങ്ങൾ നടത്തുന്നതിന് ജാഗ്രതയുളളവരായിരിക്കാൻ പ്രേരിപ്പിക്കണം. (യോഹ. 17:3) യഹോവയുടെ ന്യായവിധിയെയും അർമ്മഗെദ്ദോന്റെ സാമീപ്യത്തെയും കുറിച്ചുളള നമ്മുടെ അറിവ് നമ്മെ ദുഷ്ടൻമാർക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനു മാത്രമല്ല, എന്നാൽ ‘ഭൂമിയിൽ സംഭവിക്കുന്ന മ്ലേച്ഛ കാര്യങ്ങൾ നിമിത്തം നെടുവീർപ്പിട്ടു കരയുന്നവരെ’ സഹായിക്കുന്നതിനും നമ്മെ പ്രചോദിപ്പിക്കും. (യെഹെ. 9:4) അവരെ യഹോവയുടെ ദൃശ്യസ്ഥാപനത്തോട് സഹവാസത്തിൽ കൊണ്ടുവരേണ്ടതുണ്ട്.
3 ആളുകൾക്ക് സത്യം കൃത്യമായി മനസ്സിലാക്കുന്നതിന് സഹായം ആവശ്യമാണ്. (പ്രവൃ. 8:30, 31; 18:26) മടങ്ങിച്ചെല്ലുന്നതിനും വിതക്കപ്പെട്ട സത്യത്തിന്റെ വിത്തുകൾ “നനക്കുന്നതിനു”മുളള നമ്മുടെ ഉത്തരവാദിത്വം നാം സ്വീകരിക്കുന്നതിനുളള മറെറാരു കാരണം ഇതാണ്. യഹോവയെക്കുറിച്ചും അവന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെക്കുറിച്ചുമുളള സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കാൻ സഹായിക്കുന്നതിന് ആരെങ്കിലും നമ്മുടെ അടുക്കൽ പലപ്രാവശ്യം മടങ്ങിവന്നില്ലായിരുന്നെങ്കിൽ നമ്മൾതന്നെ എത്രമാത്രം ആത്മീയ പുരോഗതി വരുത്തുമായിരുന്നു?—മത്താ. 7:12.
4 സ്നേഹവും തീക്ഷ്ണതയും പ്രകടിപ്പിക്കുക: മടക്ക സന്ദർശനങ്ങൾ നടത്തുന്നത് ആളുകളോടുളള നമ്മുടെ സ്നേഹം പ്രകടമാക്കുന്നതിനുളള ഒരു നല്ല മാർഗ്ഗമാണ്. നിരന്തര പയനിയറായി സേവിക്കുന്ന അന്ധനായ ഒരു സഹോദരൻ ഇപ്രകാരം പറഞ്ഞു: “എന്റെ സ്നാപനത്തിനുശേഷം എപ്പോഴും എന്റെ ആഗ്രഹം ഞാൻ ബൈബിളിൽനിന്ന് പഠിച്ചത് മററുളളവരോട് പറയുക എന്നതായിരുന്നു. എന്റെ അംഗവൈകല്യം ഇതു ചെയ്യുന്നതിൽനിന്ന് എന്നെ തടഞ്ഞില്ല എന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നു. . . . തെരുവിലെ ഓരോ ഭവനത്തിന്റെയും ഒരു മാനസ്സികരേഖ സൂക്ഷിക്കുന്നതിനും ഞാൻ പഠിച്ചു, ഈ വിധത്തിൽ എനിക്ക് ബൈബിളദ്ധ്യയനത്തിൽ താൽപ്പര്യമുളള ആളുകൾക്ക് മടക്ക സന്ദർശനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നു.” അന്ധനായ ഈ സഹോദരന് യഥാർത്ഥത്തിൽ തന്റെ ഹൃദയംകൊണ്ട് കാണാൻ കഴിയും, അദ്ദേഹം മടക്ക സന്ദർശനങ്ങൾ നടത്തുകയും തന്റെ ക്രിസ്തീയ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ നിന്ന് പുറകോട്ടു മാറിനിന്നില്ല.
5 മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ മിക്കപ്പോഴും നമുക്ക് ബൈബിൾ നന്നായി ഉപയോഗിക്കുന്നതിനും നമ്മിലുളള പ്രത്യാശയെക്കുറിച്ച് ന്യായവാദം ചെയ്യുന്നതിനും അവസരമുണ്ട്. (1 പത്രോ. 3:15) ഇത് വീട്ടുകാരനെ സഹായിക്കുക മാത്രമല്ല, പിന്നെയോ സത്യത്തോടുളള നമ്മുടെ തന്നെ തീക്ഷ്ണതയും വിലമതിപ്പും ജ്വലിപ്പിക്കും. മററു യാതൊരുവിധത്തിലും ലഭിക്കാൻ കഴിയാത്ത സന്തോഷം മടക്ക സന്ദർശനങ്ങൾ കൈവരുത്തും. ആ സന്തോഷത്തിന്റെ മേൻമ ഒരിക്കലും കുറയേണ്ടതില്ല. അത് നാം തീക്ഷ്ണതയോടെ മടക്ക സന്ദർശനങ്ങൾ നടത്തുന്നതിനാൽ ക്രമമായി പുതുക്കാൻ കഴിയും.—സദൃ. 10:22.
6 മടക്ക സന്ദർശനങ്ങൾ നിർവഹിക്കുന്നതിനുളള നമ്മുടെ ഉത്തരവാദിത്വം നാം ഗൗരവമായി എടുക്കണം. യഹോവയുടെ ജനം നൻമയായത് മററുളളവരിൽ നിന്ന് തടഞ്ഞുവെക്കുകയില്ല, ഇത് 1991 സേവനവർഷത്തെ നമ്മുടെ ലോകവ്യാപക പ്രവർത്തനത്തിൽ നിന്ന് കാണാൻ കഴിയും. (സദൃ. 3:27) നാം 34,49,26,952 മടക്ക സന്ദർശനങ്ങളും 39,47,261 ഭവനബൈബിളദ്ധ്യയനങ്ങളും നടത്തുകയുണ്ടായി. 3,00,945 പുതിയ ശിഷ്യൻമാർ തങ്ങളെത്തന്നെ യഹോവക്ക് സമർപ്പിക്കുകയും സ്നാപനം ഏൽക്കുകയും ചെയ്തു. മടക്ക സന്ദർശനങ്ങൾ നിർവഹിക്കുന്നതിനുളള നമ്മുടെ ഉത്തരവാദിത്വം സ്വീകരിക്കുന്നതിനുളള നമ്മുടെ മനസ്സൊരുക്കം ഇല്ലായിരുന്നെങ്കിൽ ഈ അത്ഭുതകരമായ വർദ്ധന ഒരിക്കലും സംഭവിക്കയില്ലായിരുന്നു.—1 തെസ്സ. 2:8.