‘ഞങ്ങൾക്ക് പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല’
1 നമ്മുടെ പ്രസംഗവേലയെ യേശു അടുത്തു നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. (മത്താ. 28:20; മർക്കൊ. 13:10) 234 രാജ്യങ്ങളിലായി 60 ലക്ഷത്തോളം സജീവ രാജ്യഘോഷകർ ഉണ്ടെങ്കിലും, സാക്ഷ്യവേല തീർന്നെന്ന് നാം വിചാരിക്കരുത്. മതി എന്നു ദൈവം പ്രഖ്യാപിക്കുന്നതുവരെ, പഠിച്ച കാര്യങ്ങൾ ‘പ്രസ്താവിക്കാതിരിപ്പാൻ നമുക്ക് കഴിയില്ല.’—പ്രവൃ. 4:20.
2 ദൈവാത്മാവിൽ ആശ്രയിക്കുക: നമ്മെ നിരുത്സാഹപ്പെടുത്താനായി സാത്താൻ വലിയ സമ്മർദങ്ങൾ കൊണ്ടുവരുന്നു. (വെളി. 12:17) നമ്മുടെ അപൂർണ ജഡവും നിരവധി പ്രശ്നങ്ങൾക്കിടയാക്കുന്നു. സർവപ്രധാനമായ പ്രസംഗവേലയിൽനിന്ന് നമ്മുടെ ശ്രദ്ധ തിരിച്ചുകളയാൻ ഇത്തരം കാര്യങ്ങൾ ഇടയാക്കിയേക്കാം. എന്നിരുന്നാലും, യഹോവയിൽ ആശ്രയിക്കുന്നപക്ഷം, ഏതൊരു പ്രതിബന്ധത്തെയും നേരിടാൻ അവന്റെ ആത്മാവ് നമ്മെ സഹായിക്കും.
3 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭ കഠിന പീഡനത്തിനു വിധേയമായപ്പോൾ, ധൈര്യത്തോടെ ദൈവവചനം തുടർന്നും പ്രസംഗിക്കാനുള്ള സഹായത്തിനായി സഹോദരങ്ങൾ ദൈവത്തോടു പ്രാർഥിച്ചു. തന്റെ ആത്മാവിനെ അവരുടെ മേൽ പകരുകയും പ്രസംഗവേല തുടർന്നുകൊണ്ടു പോകാൻ ആവശ്യമായ തീക്ഷ്ണതയും നിശ്ചയദാർഢ്യവും നൽകുകയും ചെയ്തുകൊണ്ട് യഹോവ അവരുടെ പ്രാർഥനകൾക്ക് ഉത്തരം നൽകി. തത്ഫലമായി, അവർ സുവാർത്ത ഇടതടവില്ലാതെ സധൈര്യം പ്രഖ്യാപിക്കുന്നതിൽ തുടർന്നു.—പ്രവൃ. 4:29, 31; 5:42.
4 നിഷേധാത്മക സംസാരത്തെ ഭയക്കരുത: പൊതുവെയുള്ള അഭിപ്രായമോ അപവാദ പ്രചാരമോ നമ്മിൽ ഭയം ജനിപ്പിച്ചേക്കാം. എന്നുവരികിലും, പത്രൊസും മറ്റ് അപ്പൊസ്തലന്മാരും ധൈര്യസമേതം സൻഹെദ്രിമിന്റെ മുമ്പാകെ നടത്തിയ പ്രസ്താവന ഓർക്കുക. അത് പ്രവൃത്തികൾ 5:29-32-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ന്യായപ്രമാണ ഉപദേഷ്ടാവായ ഗമാലിയേൽ സമ്മതിച്ചുപറഞ്ഞതുപോലെ, ദൈവത്തിന്റെ വേലയെ പരാജയപ്പെടുത്താനാവില്ല. നമ്മുടെ ശക്തിയാലല്ല ഇത് നിർവഹിക്കപ്പെടുന്നത്. മഹത്തായ ഈ വേലയ്ക്ക് ദൈവത്തിന്റെ പിന്തുണയുണ്ട്, അവനു മാത്രമേ അതു പൂർത്തീകരിക്കാനാവൂ!—സെഖര്യാവു 4:6.
5 തീക്ഷ്ണതയോടെ സുവാർത്ത ഘോഷിക്കാനുള്ള സഹായത്തിനായി നമുക്ക് ദൈനംദിനം യഹോവയുടെ ആത്മാവിനുവേണ്ടി യാചിക്കാം. യിരെമ്യാവിനെപ്പോലെ, രാജ്യസന്ദേശം നമ്മുടെ അസ്ഥികളിൽ എരിയുന്ന തീപോലെയാണെന്ന് നമുക്കും പറയാം. (യിരെ. 20:9) അതേ, നമുക്ക് അതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല!