ലളിതമാക്കപ്പെട്ട സാഹിത്യ വിതരണ ക്രമീകരണം
1 വില ഈടാക്കാതെ സാഹിത്യം വിതരണം ചെയ്യുന്ന ലളിതമാക്കപ്പെട്ട ക്രമീകരണം തുടങ്ങിയിട്ട് ഇപ്പോൾ ഒരു വർഷമായിരിക്കുന്നു. ഈ ക്രമീകരണം വിജയപ്രദമായിരിക്കുന്നുവോ? എല്ലാത്തരം സാഹിത്യങ്ങളുടെയും സമർപ്പണത്തിൽ വർധനവ് ഉണ്ടായെന്ന് വയൽസേവന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അക്ഷരാർഥത്തിൽ, ‘ജീവജലം സൗജന്യമായി വാങ്ങാനുള്ള’ അവസരം ദശലക്ഷക്കണക്കിന് ആളുകൾക്ക് നൽകപ്പെടുകയാണ്.—വെളി. 22:17.
2 എന്നിരുന്നാലും, പ്രസിദ്ധീകരണം വാങ്ങിയേക്കാവുന്ന ഏതൊരാൾക്കും വിവേചനാശൂന്യമായി അതു നൽകാൻ നമുക്ക് കടപ്പാടില്ല, നാം അത് ആഗ്രഹിക്കുന്നുമില്ല. സ്വന്തം ഭൗതിക വസ്തുക്കൾ ജ്ഞാനപൂർവം ഉപയോഗിക്കുന്നതുപോലെ, സൊസൈറ്റിയിൽനിന്ന് പ്രാദേശിക സഭ മുഖാന്തരം വില ഈടാക്കാതെ ലഭിക്കുന്ന സാഹിത്യങ്ങൾ ബുദ്ധിപൂർവം ഉപയോഗിക്കാനുള്ള ഉത്തരവാദിത്വം ഓരോ പ്രസാധകനുമുണ്ട്. സൊസൈറ്റി വില ഈടാക്കാതെ പ്രസാധകർക്കു പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്നു എന്നതുകൊണ്ട്, അവ ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമായി യാതൊരു ചെലവുമില്ലെന്ന് അർഥമില്ല. യഹോവയാം ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ആത്മാർഥ ഹൃദയരെ സഹായിക്കുന്നതിൽ നമ്മുടെ സാഹിത്യങ്ങൾക്കുള്ള മൂല്യം നാമേവരും പ്രത്യേകാൽ വിലമതിക്കണം.—യോഹ. 17:3.
3 വില ഈടാക്കാതെ എല്ലാവർക്കും സാഹിത്യങ്ങൾ നൽകാൻ സൊസൈറ്റിക്ക് എങ്ങനെ സാധിക്കുന്നു? ഇതിന്റെ ഉത്പാദനത്തിനും വിതരണത്തിനുമായി വേണ്ടിവരുന്ന ചെലവുകൾ നിറവേറ്റപ്പെടുന്നത് സംഭാവനകളാലാണ്. യഹോവയുടെ സമർപ്പിത ദാസന്മാരാണ് ഈ പിന്തുണയുടെ പ്രാഥമിക ഉറവ്. ഏറ്റവും അടിയന്തിരമായ ഈ രാജ്യപ്രസംഗ വേലയെ പിന്തുണയ്ക്കാൻ യഹോവയുടെ സാക്ഷികൾ പൊതുജനങ്ങളെ ആശ്രയിച്ചിട്ടില്ല. നാം ഇതുവരെയും പൊതുജനങ്ങളിൽനിന്ന് പണപ്പിരിവ് നടത്തിയിട്ടില്ല ഇപ്പോൾ അങ്ങനെ ചെയ്യുന്നുമില്ല. എന്നിരുന്നാലും, നമ്മുടെ സന്ദേശത്തെ വിലമതിക്കുന്ന ആത്മാർഥരായ വ്യക്തികൾ നൽകുന്ന എളിയ സംഭാവനകൾ നാം തീർച്ചയായും വിലമതിക്കുന്നു.
സംഭാവനകൾ ഉപയോഗിക്കപ്പെടുന്ന വിധം
4 അതുകൊണ്ട്, നമ്മുടെ ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ വേല സ്വമേധയാ സംഭാവനകളാൽ പിന്തുണയ്ക്കപ്പെടുന്നത് എങ്ങനെയെന്ന് ഹ്രസ്വവും വ്യക്തവുമായി വിശദീകരിക്കാൻ നാം ഒരുങ്ങിയിരിക്കേണ്ടത് ആവശ്യമാണ്. സംഭാവനകളെല്ലാം ഈ ആധുനിക യുഗത്തിൽ രാജ്യപ്രസംഗ വേല നിർവഹിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന വർധിച്ച ചെലവുകൾ നികത്താനായി ഉപയോഗിക്കപ്പെടുന്നു. ലോകവ്യാപകമായി വിതരണം ചെയ്യാനുള്ള സാഹിത്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനു പുറമെ, ബ്രാഞ്ച് ഓഫീസുകൾ, ബെഥേൽ ഭവനങ്ങൾ, ശുശ്രൂഷാ പരിശീലന സ്കൂളുകൾ എന്നിവയുടെ നടത്തിപ്പിനും പ്രത്യേക പയനിയർമാർ, സഞ്ചാര മേൽവിചാരകന്മാർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സംഭാവനകൾ വിനിയോഗിക്കുന്നു. യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ നിയമനം നിർവഹിക്കുന്നതിന് അനിവാര്യമായ മറ്റ് അസംഖ്യം സേവനങ്ങളുടെ ചെലവും സ്വമേധയാ സംഭാവനകളിലൂടെയാണു നടത്തപ്പെടുന്നത്.—മത്താ. 24: 14; 28: 19, 20.
5 യഹോവയുടെ ജനത്തിനിടയിൽ നടന്നുകൊണ്ടിരിക്കുന്ന ത്വരിതഗതിയിലുള്ള വളർച്ച സഹായഹസ്തം നീട്ടാൻ അനേകം സഹോദരങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു. അവരിൽ മിക്കവർക്കും ബ്രാഞ്ചുകളുടെയോ രാജ്യഹാളുകളുടെയോ നിർമാണത്തിൽ വ്യക്തിപരമായി സഹായിക്കാനോ വിദൂര രാജ്യങ്ങളിലേക്കു പോയി സുവാർത്ത പ്രസംഗിക്കാനോ സാധിക്കില്ല. എന്നിരുന്നാലും, അതുല്യമായ ഈ പ്രവർത്തനത്തിൽ കഴിയുന്നത്ര പങ്കുണ്ടായിരിക്കുന്നതിന്, മിക്ക പ്രസാധകരും കുടുംബങ്ങളും രാജ്യവേലയ്ക്കായി സംഭാവന ചെയ്യാൻ ഒരു നിശ്ചിത തുക ക്രമമായി നീക്കിവെക്കുന്നത് ഒരു ശീലമാക്കുന്നു. (1 കൊരിന്ത്യർ 16:1, 2 താരതമ്യം ചെയ്യുക.) ഈ വിധത്തിൽ, സാഹിത്യം വിതരണം ചെയ്യുന്നത് ഉൾപ്പെടെ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നു. ലോകവ്യാപക വേലയ്ക്കായി ലഭിക്കുന്ന സ്വമേധയാ സംഭാവനകളെ കേവലം സാഹിത്യത്തിന്റെ വിലയായി ആരും വീക്ഷിക്കരുത്.
6 വീടുതോറുമുള്ള സേവനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴോ സാക്ഷ്യം നൽകുക എന്ന ലക്ഷ്യത്തിൽ ആളുകളെ സമീപിക്കുമ്പോഴോ അവരുമായി ഒരു ബൈബിൾ വിഷയം ചർച്ച ചെയ്യാൻ നാം തയ്യാറായിരിക്കണം. താത്പര്യം ഉണർത്തുന്ന വ്യത്യസ്ത മുഖവുരകളോടു കൂടിയ ഉചിതമായ നിരവധി ബൈബിൾ വിഷയങ്ങൾ തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ പുസ്തകത്തിൽ ഉണ്ട്. അല്ലെങ്കിൽ നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. രാജ്യസന്ദേശത്തോടുള്ള വ്യക്തിയുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ അയാൾക്ക് സാഹിത്യം കൊടുക്കണമോ വേണ്ടയോ എന്ന് പ്രസാധകൻ തീരുമാനിക്കണം. ഒരു പുസ്തകമോ മറ്റ് പ്രസിദ്ധീകരണങ്ങളോ സ്വീകരിക്കാൻ വേണ്ട താത്പര്യം വ്യക്തിക്ക് ഇല്ലെന്ന് തോന്നുന്നെങ്കിൽ നയപൂർവം സംഭാഷണം അവസാനിപ്പിച്ചിട്ട് അടുത്ത വീട്ടിലേക്ക് പോകാൻ നിങ്ങൾ തീരുമാനിച്ചേക്കാം. അല്ലെങ്കിൽ, വ്യക്തി ലഘുലേഖയിലെയോ നോട്ടീസിലെയോ സന്ദേശം വായിക്കാമെന്ന് ഉറപ്പു പറഞ്ഞാൽ അത് അയാൾക്കു കൊടുത്തിട്ട് പോരാവുന്നതാണ്. താത്പര്യം കാണിച്ചിടത്തു മടങ്ങിച്ചെല്ലാൻ കഴിയേണ്ടതിന് അത് കുറിച്ചിടാൻ മറന്നുപോകരുത്. വ്യക്തി തിരക്കിലായിരിക്കുന്നതിനാലോ നാം ചെന്ന സമയം അദ്ദേഹത്തിന് സൗകര്യപ്രദമല്ലാത്തതിനാലോ അർഥപൂർണമായ ഒരു സംഭാഷണം നടത്താൻ കഴിയാത്ത അവസരങ്ങളിലും ഈ രീതി പിൻപറ്റാവുന്നതാണ്.
7 നമ്മുടെ ബൈബിൾ വിദ്യാഭ്യാസ വേല ഒരു പ്രകാരത്തിലും വാണിജ്യപരമല്ല എന്നു മനസ്സിലാക്കാൻ ലളിതമാക്കപ്പെട്ട സാഹിത്യ വിതരണ ക്രമീകരണം ഏവരെയും സഹായിക്കുന്നു. രാജ്യ സുവാർത്ത പ്രസംഗിക്കുകയും യേശുക്രിസ്തുവിന്റെ ശിഷ്യരാകാൻ ആളുകളെ സഹായിക്കുകയും ചെയ്യുകയെന്ന വേലയ്ക്കു പ്രാമുഖ്യത നൽകാനും ഇത് നമ്മെ സഹായിക്കുന്നു. “ദാനധർമ പ്രവർത്തനങ്ങൾക്കായി ധനാഭ്യർഥന നടത്തുന്ന” സംഘടനകളിൽനിന്ന് തികച്ചും വ്യത്യസ്തമായി, വില ഈടാക്കാതെ സകലർക്കും സാഹിത്യം ലഭ്യമാക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. നമ്മുടെ സന്ദേശത്തിൽ യഥാർഥ താത്പര്യം കാണിക്കാത്ത ആളുകളോട് ലോകവ്യാപക വേലയ്ക്കായി നാം ഒരിക്കലും സംഭാവനകൾ അഭ്യർഥിക്കാറില്ല. (2000 നവംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 28-30 പേജുകൾ കാണുക.) സംഘടനയിലെ എല്ലാവരും കമ്മീഷനോ ശമ്പളമോ കൈപ്പറ്റാതെ സ്വമേധയാ സേവിക്കുന്നവർ ആയതിനാൽ, മൊത്തം സംഭാവനയും ലോകവ്യാപക ബൈബിൾ വിദ്യാഭ്യാസ വേലയെ പിന്തുണയ്ക്കാനായി ഉപയോഗിക്കുന്നു. നമ്മുടെ വേലയെക്കുറിച്ച് ചോദിക്കുകയോ അതിൽ താത്പര്യം കാണിക്കുയോ ചെയ്യുന്നവരോടു മാത്രമേ നാം ലോകവ്യാപക വേലയ്ക്ക് സംഭാവന ചെയ്യുന്നതിനെക്കുറിച്ച് പറയുകയുള്ളൂ.
8 സൊസൈറ്റിയുടെ മൂല്യവത്തായ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് നാം തീക്ഷ്ണതയോടെ ശുശ്രൂഷ വികസിപ്പിക്കുന്നെങ്കിൽ യഹോവ തുടർന്നും നമുക്ക് വർധനവേകും. ലോകമെമ്പാടുമുള്ള പരമാർഥ ഹൃദയരായ ആളുകൾ നമ്മുടെ ശുശ്രൂഷയെ കുറിച്ചുള്ള സദുദ്ദേശ്യത്തോടു കൂടിയ വിശദീകരണങ്ങളെ വിലമതിക്കുന്നു. സ്വമേധയാ സംഭാവനകളിലൂടെ അതിന് പിന്തുണ നൽകാൻ അവർ സന്തോഷമുള്ളവരാണ്.