വിജയകരമായ ടെലിഫോൺ സാക്ഷീകരണം
1 യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ, കേവലം സുവാർത്ത ഘോഷണത്തിൽ ഏർപ്പെടുക എന്നതല്ല, മറിച്ച് രാജ്യ സന്ദേശം കഴിയുന്നത്ര ആളുകളുടെ പക്കൽ എത്തിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. (പ്രവൃ. 10:42 NW; 20:24 NW) ആളുകളുടെ അടുക്കൽ എത്താനുള്ള മുഖ്യ വിധം വീടുതോറുമുള്ള വേല തന്നെയാണെങ്കിലും, ക്രമീകൃതമായ ഈ രീതിയിലൂടെപോലും എല്ലാവരെയും കണ്ടുമുട്ടാൻ കഴിയില്ലെന്ന് നാം തിരിച്ചറിയുന്നു. അതുകൊണ്ട്, ചെമ്മരിയാടുതുല്യരെ കണ്ടെത്താനായി നാം ടെലിഫോൺ സാക്ഷീകരണം ഉൾപ്പെടെയുള്ള മറ്റു മാർഗങ്ങൾ അവലംബിക്കുന്നു. ‘നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുന്നതിനു’ വേണ്ടിത്തന്നെ.—2 തിമൊ. 4:5.
2 കനത്ത സുരക്ഷാ സംവിധാനമുള്ള അപ്പാർട്ടുമെന്റുകൾ, പല കുടുംബങ്ങൾ താമസിക്കുന്ന കെട്ടിട സമുച്ചയങ്ങൾ, അന്യർക്കു പ്രവേശനം നിരോധിച്ചിരിക്കുന്ന കോളനികൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ വീടുതോറുമുള്ള പ്രവർത്തനം ബുദ്ധിമുട്ടാണ്. വീടുതോറും പ്രവർത്തിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽത്തന്നെ നല്ലൊരു ശതമാനം ആളുകളെയും വീടുകളിൽ കാണാൻ കഴിഞ്ഞെന്നു വരില്ല. എന്നിരുന്നാലും, ടെലിഫോൺ ഉപയോഗിച്ച് ഈ ആളുകളുടെ അടുത്ത് എത്തുന്നതിൽ അനേകം പ്രസാധകർ വിജയിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം രാവിലെ വീടുതോറുമുള്ള വേലയിൽ ഏർപ്പെട്ട ഒരു ദമ്പതികൾ ഒമ്പത് ആളില്ലാഭവനങ്ങൾ കണ്ടെത്തി. രാജ്യഹാളിൽ മടങ്ങിവന്ന് അവർ മേൽവിലാസവും ടെലിഫോൺ നമ്പരും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഡയറക്ടറി നോക്കി അവരുടെയെല്ലാം ഫോൺ നമ്പർ കണ്ടുപിടിച്ചു. ആ നമ്പരുകളിൽ വിളിച്ചപ്പോൾ എട്ടു വീടുകളിൽ ആളുണ്ടായിരുന്നു!
3 ശുശ്രൂഷയിൽ ടെലിഫോൺ സാക്ഷീകരണം ഉൾപ്പെടുത്താൻ നിങ്ങൾക്കു മടിയാണോ? ഒരു സഹോദരൻ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “കച്ചവടം നടത്തുക എന്ന ഉദ്ദേശ്യത്തിൽ ആരെങ്കിലും എന്റെ വീട്ടിലേക്ക് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടുതന്നെ, ഈ രീതിയിൽ സാക്ഷീകരിക്കുന്നതിനോട് എനിക്കു മാനസികമായി യോജിക്കാൻ കഴിയുന്നില്ല.” എങ്കിലും, രണ്ടേരണ്ടു ഫോൺവിളികൾ നടത്തിയശേഷം അദ്ദേഹം പറഞ്ഞു: “ഞാൻ അത് ഇഷ്ടപ്പെടുന്നു! ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നേയില്ല. പക്ഷേ, ഇപ്പോൾ എനിക്ക് അത് ഇഷ്ടമാണ്! ടെലിഫോൺ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ആളുകൾ പൊതുവെ പിരിമുറുക്കം ഇല്ലാത്തവരായിരിക്കും. മാത്രമല്ല സാക്ഷീകരണത്തിനായി ആവശ്യമുള്ള ഉപകരണങ്ങളെല്ലാം നിങ്ങളുടെ അടുത്തുതന്നെ ഉണ്ടുതാനും. അതു വളരെ ഫലപ്രദമാണ്.” ഒരു സഹോദരിയുടേത് സമാനമായ അനുഭവമാണ്: “ടെലിഫോൺ സാക്ഷീകരണം നടത്താൻ എനിക്കു വലിയ ഉത്സാഹമൊന്നും ഇല്ലായിരുന്നു. തുറന്നു പറഞ്ഞാൽ, ഞാൻ അതു ചെയ്യാൻ ആഗ്രഹിച്ചില്ല. എങ്കിലും, ഞാൻ അതു പരീക്ഷിച്ചു നോക്കുകയും വളരെ ഫലപ്രദമാണെന്നു കണ്ടെത്തുകയും ചെയ്തു. ടെലിഫോൺ സാക്ഷീകരണത്തിന്റെ ഫലമായി എനിക്കിപ്പോൾ 37 മടക്കസന്ദർശനങ്ങൾ ഉണ്ട്, അതുപോലെ ഒറ്റയ്ക്കു നടത്താൻ കഴിയാത്തത്ര ബൈബിൾ അധ്യയനങ്ങളും!” പരീക്ഷിച്ചുനോക്കുന്നപക്ഷം നിങ്ങൾക്കും അതിൽ വിജയിക്കാൻ കഴിയും.
4 ടെലിഫോൺ സാക്ഷീകരണം ക്രമീകരിക്കൽ: സഭയുടെ സാക്ഷീകരണ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നതിനുള്ള ഉത്തരവാദിത്വം സേവന മേൽവിചാരകനാണ്. ആവശ്യമെങ്കിൽ, ടെലിഫോൺ സാക്ഷീകരണം ക്രമീകരിക്കുന്നതിൽ അദ്ദേഹത്തോടൊത്തു പ്രവർത്തിക്കാൻ മറ്റൊരു മൂപ്പനെയോ യോഗ്യനായ ഒരു ശുശ്രൂഷാദാസനെയോ മൂപ്പന്മാരുടെ സംഘത്തിന് നിയമിക്കാവുന്നതാണ്. പ്രദേശങ്ങളുടെ ചുമതല വഹിക്കുന്ന സഹോദരനെയും ഉൾപ്പെടുത്തണം. കാരണം, അദ്ദേഹമായിരിക്കും പ്രദേശങ്ങൾ നിയമിച്ചുകൊടുക്കുകയും കൃത്യമായ രേഖ സൂക്ഷിക്കുകയും ചെയ്യുന്നത്. അതുപോലെതന്നെ, സർക്കിട്ട് മേൽവിചാരകനും ഈ ക്രമീകരണത്തിന്റെ പുരോഗതിയിൽ തത്പരനായിരിക്കും.
5 വീടുതോറുമുള്ള സാക്ഷീകരണം നടത്താൻ പറ്റാത്ത സ്ഥലങ്ങൾ നിങ്ങളുടെ പ്രദേശത്ത് ഉണ്ടെങ്കിൽ ടെലിഫോൺ പ്രദേശങ്ങൾ തയ്യാറാക്കണം. അത്തരം പ്രദേശങ്ങളിൽ ഉൾപ്പെടുത്തേണ്ട മേൽവിലാസങ്ങളുടെ ഒരു ലിസ്റ്റ് നിയമിത സഹോദരൻ ശ്രദ്ധാപൂർവം ഉണ്ടാക്കുന്നതായിരിക്കും. ക്രമമായി പ്രവർത്തിക്കാൻ കഴിയത്തക്കവണ്ണം ഈ പ്രദേശങ്ങൾ താരതമ്യേന ചെറുതായിരിക്കണം. ടെലിഫോൺ സാക്ഷീകരണത്തിനായി വേർതിരിച്ചിരിക്കുന്ന സ്ഥലങ്ങൾ ഉള്ള പ്രദേശമാപ്പുകളിലെല്ലാം അവ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കണം.
6 ടെലിഫോൺ നമ്പരുകൾ നിങ്ങൾക്ക് എവിടെനിന്നു കിട്ടും? അക്ഷരമാലാക്രമത്തിൽ പേരുകളും അതോടൊപ്പം ഫോൺ നമ്പരും മേൽവിലാസവും (ചുരുക്കി എഴുതിയത്) ഉള്ള ഡയറക്ടറികൾ ടെലിഫോൺ ബൂത്തുകളിൽ ഉണ്ടായിരുന്നേക്കാം. കനത്ത സുരക്ഷാ സംവിധാനമുള്ള കെട്ടിട സമുച്ചയങ്ങൾക്ക് അവയുടെതന്നെ ടെലിഫോൺ ലിസ്റ്റ് ഉണ്ടെങ്കിൽ, ഒരുപക്ഷേ നിങ്ങൾക്ക് അവിടെനിന്നു നമ്പരുകൾ ലഭിക്കും. അല്ലെങ്കിൽ, കെട്ടിടത്തിന്റെ കവാടത്തിലായി താമസക്കാരുടെ പേരുകൾ പ്രദർശിപ്പിച്ചിരിക്കും. അത് എഴുതിയെടുത്തിട്ട് ഒരു സ്റ്റാൻഡേർഡ് ഡയറക്ടറിയിൽ നോക്കി നിങ്ങൾക്ക് നമ്പരുകൾ മനസ്സിലാക്കാവുന്നതാണ്.
7 ടെലിഫോൺ സാക്ഷീകരണം നടത്തി പരിചയമുള്ളവർ മറ്റുള്ളവരെ പരിശീലിപ്പിക്കാൻ തക്കവണ്ണം ക്രമീകരണം ചെയ്തുകൊണ്ട് മൂപ്പന്മാർക്ക് ഈ വേലയിൽ സജീവ താത്പര്യമെടുക്കാൻ കഴിയും. ഒരുപക്ഷേ, പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു എന്ന പരിപാടിയിലൂടെ ഇതു ചെയ്യാവുന്നതാണ്. സേവനയോഗത്തിലെ പ്രാദേശിക ആവശ്യങ്ങളിൽ ഇടയ്ക്കിടയ്ക്ക് ടെലിഫോൺ സാക്ഷീകരണം എങ്ങനെ വിജയകരമാക്കാം എന്നതിനെ കുറിച്ചുള്ള പരിപാടികൾ ഉൾപ്പെടുത്താൻ കഴിയും.
8 വീട്ടിൽത്തന്നെ കഴിഞ്ഞുകൂടേണ്ടി വരുന്നവർക്കോ രോഗികൾക്കോ ഇടയസന്ദർശനം നടത്തുന്ന അവസരങ്ങളിൽ, ടെലിഫോൺ സാക്ഷീകരണത്തിൽ ഏർപ്പെടുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാൻ മൂപ്പന്മാർ ശ്രദ്ധയുള്ളവരായിരിക്കണം. പ്രസാധകൻ കാൺകെ മൂപ്പന് ഏതാനും ഫോൺവിളികൾ നടത്താൻ കഴിഞ്ഞേക്കും. പിന്നീട് പ്രസാധകന് അതു പരീക്ഷിച്ചുനോക്കാവുന്നതാണ്. ഈ വിധത്തിൽ ഇത്തരം സാക്ഷീകരണത്തിൽ ഏർപ്പെട്ടു തുടങ്ങിയ അനേകരും ദിവസവും ഏതാനും മിനിട്ടുകൾ ഇതിനായി ചെലവിടുന്നു, അവർ അത് യഥാർഥത്തിൽ ആസ്വദിക്കുന്നു.
9 വിജയിക്കാനുള്ള നിർദേശങ്ങൾ: യേശു തന്റെ ശിഷ്യന്മാരെ “ഈരണ്ടാ”യാണ് പ്രസംഗിക്കാൻ അയച്ചത്. (ലൂക്കൊ. 10:1) എന്തുകൊണ്ട്? രണ്ടുപേർ ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ഒരാൾക്ക് മറ്റെയാളിൽനിന്ന് കാര്യങ്ങൾ പഠിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് യേശുവിന് അറിയാമായിരുന്നു. ടെലിഫോൺ സാക്ഷീകരണത്തിന്റെ കാര്യത്തിലും അതു സത്യമാണ്. രണ്ടുപേർ ചേർന്നു പ്രവർത്തിക്കുന്നതു നിമിത്തം ഓരോരുത്തർക്കും മറ്റേ വ്യക്തിയിൽനിന്നു കാര്യങ്ങൾ പഠിക്കാനും ലഭിച്ച ഫലങ്ങളെ കുറിച്ചു ചർച്ച ചെയ്യാനും അടുത്ത സംഭാഷണത്തിനുവേണ്ടി നിർദേശങ്ങൾ നൽകാനും സാധിക്കും. സാക്ഷീകരണം നടത്തിക്കൊണ്ടിരിക്കുമ്പോൾപ്പോലും ആവശ്യമായ വിവരങ്ങൾ കണ്ടെത്താൻ അന്യോന്യം സഹായിക്കാൻ കഴിയും.
10 സാക്ഷീകരണത്തിനുള്ള ഉപകരണങ്ങളെല്ലാം—ബൈബിൾ, ന്യായവാദം പുസ്തകം, ആവശ്യം ലഘുപത്രിക, മാസികകൾ തുടങ്ങിയവ—നിങ്ങളുടെ മുന്നിൽ വെക്കാൻ പറ്റിയ എവിടെയെങ്കിലും ഇരിക്കുക. അങ്ങനെ ചെയ്യുന്നത്, വ്യക്തമായി ചിന്തിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിങ്ങളെ സഹായിക്കും. ഏതാനും അവതരണങ്ങൾ എഴുതിയുണ്ടാക്കി നിങ്ങൾക്ക് കാണാവുന്നിടത്ത് വെക്കുക. താത്പര്യം കാണിച്ചവരെ അടുത്തതായി എപ്പോഴാണ് വിളിക്കേണ്ടതെന്ന് അറിയാനായി തീയതിയും സമയവും ഉൾപ്പെടെയുള്ള കൃത്യവും പൂർണവുമായ വിവരങ്ങൾ എഴുതിയെടുക്കാൻ തയ്യാറായിരിക്കണം.
11 ഫോണിലൂടെ അപരിചിതമായ ശബ്ദം കേൾക്കുമ്പോൾ ആളുകൾ മിക്കപ്പോഴും ജാഗ്രത പുലർത്തും. അതുകൊണ്ട്, ഊഷ്മളതയും സൗഹാർദവും നയവും ഉള്ളവരായിരിക്കുക. നിങ്ങളുടെ സ്വഭാവവും ആത്മാർഥതയും മനസ്സിലാക്കാൻ വീട്ടുകാരന് നിങ്ങളുടെ ശബ്ദം മാത്രമേ ഉള്ളൂ. വെപ്രാളപ്പെടാതെ ഹൃദയത്തിൽനിന്നു സംസാരിക്കുക. കേൾക്കാവുന്നത്ര ശബ്ദത്തിൽ വ്യക്തമായി സാവധാനം സംസാരിക്കുക. വീട്ടുകാരനെയും സംസാരിക്കാൻ അനുവദിക്കുക. നിങ്ങളുടെ പൂർണമായ പേര് ഉപയോഗിക്കുകയും നിങ്ങൾ സമീപ പ്രദേശത്തുതന്നെയാണു താമസിക്കുന്നതെന്നു പറയുകയും ചെയ്യുക. ടെലിഫോണിലൂടെ കച്ചവടം നടത്തുന്നവരാണ് നാമെന്ന് മറ്റുള്ളവർ വിചാരിക്കാൻ നാം ആഗ്രഹിക്കുന്നില്ല. ഒരു പ്രത്യേക കെട്ടിടത്തിലോ കെട്ടിട സമുച്ചയത്തിലോ ഉള്ള എല്ലാവരെയും വിളിക്കുകയാണെന്നു പറയാതെ ആ വ്യക്തിയെത്തന്നെയാണ് വിളിച്ചതെന്നു പറയുക.
12 ടെലിഫോൺ അവതരണങ്ങൾ: ന്യായവാദം പുസ്തകത്തിന്റെ 9-15 പേജുകളിലെ പല മുഖവുരകളും ടെലിഫോൺ സാക്ഷീകരണത്തിൽ ഉപയോഗിക്കാവുന്ന രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങൾക്ക് ഇങ്ങനെ പറയാം: “താങ്കളെ വ്യക്തിപരമായി വന്നു കാണാൻ കഴിയാത്തതിനാലാണ് ഫോണിൽ വിളിക്കുന്നത്. വളരെ രസകരമായ ഒരു ചോദ്യം സംബന്ധിച്ച് താങ്കളുടെ അഭിപ്രായം അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.” അതേത്തുടർന്ന്, ചോദ്യം എന്താണെന്നു പറയുക.
13 “കുറ്റകൃത്യം/സുരക്ഷിതത്വം” എന്ന തലക്കെട്ടിൻ കീഴിലെ ആദ്യത്തെ അവതരണം നിങ്ങൾക്ക് ഇങ്ങനെ ഉപയോഗിക്കാം: “ഹലോ, എന്റെ പേര് —. ഞാൻ ഇവിടെ അടുത്താണു താമസിക്കുന്നത്. ഏതെങ്കിലും ബിസിനസ് ആവശ്യങ്ങൾക്കോ സർവെ നടത്തുന്നതിനോ ഒന്നുമല്ല ഞാൻ വിളിക്കുന്നത്. ആളുകളുടെ വ്യക്തിപരമായ സുരക്ഷിതത്വത്തിൽ ഞാൻ തത്പരനാണ്. അതേക്കുറിച്ച് അൽപ്പം സംസാരിക്കുന്നതിനാണ് വിളിച്ചത്. നമുക്കു ചുറ്റും ധാരാളം കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. അതു നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ഏവർക്കും രാത്രികാലങ്ങളിൽ സുരക്ഷിതബോധത്തോടെ തെരുവിലൂടെ നടക്കാൻ കഴിയുന്ന ഒരു കാലം വരുമെന്ന് താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇതിനോടുള്ള ബന്ധത്തിൽ ദൈവം എന്താണ് ചെയ്യാൻ പോകുന്നതെന്നു ഞാൻ വായിച്ചു കേൾപ്പിക്കട്ടെ.”
14 നേരിട്ടുള്ള സമീപനം ഉപയോഗിച്ച് ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാനുള്ള നിർദേശം ടെലിഫോൺ സാക്ഷീകരണത്തിൽ ബാധകമാക്കിയത് നല്ല ഫലങ്ങൾ ഉളവാക്കിയിട്ടുണ്ട്. ഏതാനും മിനിട്ടുകൊണ്ട്, അധ്യയനം എടുക്കുന്ന വിധം പ്രകടിപ്പിച്ചു കാണിക്കാവുന്നതാണ്. അധ്യയനം തുടരാനായി വ്യക്തിയുടെ വീട്ടിൽ ചെല്ലാമെന്നു പറയുക. വ്യക്തി അതിനു മടി കാണിക്കുന്നെങ്കിൽ ഫോണിലൂടെതന്നെ മറ്റൊരു ദിവസം അധ്യയനം തുടരാൻ ക്രമീകരിക്കുക.
15 വ്യക്തിയെ നേരിൽ സന്ദർശിക്കുന്നതിലേക്കോ ഏതെങ്കിലും ഒരു സാഹിത്യം അയച്ചുകൊടുക്കുന്നതിലേക്കോ നയിക്കുന്ന രീതിയിൽ സംഭാഷണം അവസാനിപ്പിക്കുക. വ്യക്തി മേൽവിലാസം നൽകാൻ മടിക്കുന്നെങ്കിൽ, വീണ്ടും വിളിക്കാം എന്നു പറയുക. അദ്ദേഹം നിങ്ങളെ വീട്ടിലേക്കു ക്ഷണിക്കുന്നതിനു മുമ്പായി പല പ്രാവശ്യം ഫോൺ വിളിക്കേണ്ടതുണ്ടായിരിക്കാം.
16 മുൻകൈയെടുക്കുക: ഒരിക്കൽ, 15 വയസ്സുള്ള ഒരു സഹോദരി രാവിലെ ശുശ്രൂഷ ആരംഭിച്ചത് ടെലിഫോൺ സാക്ഷീകരണം നടത്തിക്കൊണ്ടാണ്. അവൾ ഒരു സ്ത്രീയോടാണു സംസാരിച്ചത്. പരിജ്ഞാനം പുസ്തകം എടുക്കാമെന്ന് അവർ സമ്മതിച്ചു. സഹോദരി പുസ്തകവുമായി അവരുടെ വീട്ടിൽ ചെന്നപ്പോൾ, ലിസ്റ്റിൽ ഇല്ലാത്ത തന്റെ ഫോൺ നമ്പർ ലഭിച്ചത് എങ്ങനെയാണെന്ന് അവർ ചോദിച്ചു. വാസ്തവത്തിൽ, സഹോദരി ഡയൽ ചെയ്ത നമ്പർ തെറ്റിപ്പോയതായിരുന്നു! ആ സ്ത്രീ അധ്യയനത്തിനു സമ്മതിച്ചു, ഇപ്പോൾ അവർ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധികയാണ്.
17 ഒരു സഹോദരിക്ക് ഒരു ടെലിഫോൺ പ്രദേശം നിയമിച്ചുകിട്ടി. എങ്കിലും, ഭയം നിമിത്തം മൂന്ന് ആഴ്ചത്തേക്ക് അവർ പ്രവർത്തനം തുടങ്ങിയില്ല. അത് തുടങ്ങാനുള്ള ധൈര്യം അവർക്ക് എങ്ങനെയാണു ലഭിച്ചത്? 1997 ജനുവരി 22 ലക്കം ഉണരുക!യിലെ “ബലഹീനയായിരിക്കുമ്പോൾത്തന്നെ ഞാൻ ശക്തയാകുന്നു” എന്ന ലേഖനം സഹോദരി ഓർത്തു. ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും ടെലിഫോണിലൂടെ സുവാർത്ത പ്രസംഗിക്കുന്ന ഒരു സാക്ഷിയെ കുറിച്ചുള്ളതായിരുന്നു അത്. സഹോദരി പറയുന്നു: “ഞാൻ ശക്തിക്കായി യഹോവയോടു പ്രാർഥിച്ചു. അവതരണം നടത്തുന്നതിനുള്ള ഉചിതമായ വാക്കുകൾ എനിക്കു നൽകണമേ എന്നു ഞാൻ യാചിച്ചു.” അവർ ടെലിഫോൺ സാക്ഷീകരണം നടത്തിയ ആദ്യദിവസത്തെ അനുഭവം എന്തായിരുന്നു? അവർ പറയുന്നു: “യഹോവ എന്റെ പ്രാർഥന കേട്ടു. ആളുകൾ എന്നെ ശ്രദ്ധിച്ചു, എനിക്ക് ഒരു മടക്കസന്ദർശനവും ലഭിച്ചു.” അവരുടെ ടെലിഫോൺ സാക്ഷീകരണം പിന്നീട് ഒരു ബൈബിൾ അധ്യയനത്തിൽ കലാശിച്ചു. “എന്നിൽ അല്ല മറിച്ച്, യഹോവയിൽ ആശ്രയിക്കാൻ ഒരിക്കൽക്കൂടി അവൻ എന്നെ പഠിപ്പിച്ചിരിക്കുന്നു” എന്ന് അവർ കൂട്ടിച്ചേർത്തു.—സദൃ. 3:5.
18 ടെലിഫോണിലൂടെ സത്യം അവതരിപ്പിക്കുന്നത് സുവാർത്ത പ്രസംഗിക്കാനുള്ള വിജയപ്രദമായ ഒരു മാർഗമാണെന്നു തെളിഞ്ഞിരിക്കുന്നു. നന്നായി തയ്യാറാകുകയും മുഴുഹൃദയത്തോടെ പങ്കുപറ്റുകയും ചെയ്യുക. ആദ്യം ഏതാനും തവണ ശ്രമിച്ചിട്ടും അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ലെങ്കിൽ നിരുത്സാഹപ്പെടേണ്ടതില്ല. മാർഗനിർദേശത്തിനായി യഹോവയോടു പ്രാർഥിക്കുക. ടെലിഫോണിലൂടെ സുവാർത്ത പ്രസംഗിക്കുന്ന മറ്റുള്ളവരുമായി ഇതിനെക്കുറിച്ചു സംസാരിക്കുക. നിങ്ങൾക്ക് പരസ്പരം അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കിടാൻ കഴിയും. പ്രദേശത്തെ എല്ലാവരുടെയും അടുക്കൽ എത്തിച്ചേരുക എന്നതാണു നമ്മുടെ ആഗ്രഹം. അതിനാൽ, നമുക്ക് അടിയന്തിരതയോടെ നമ്മുടെ ശുശ്രൂഷ പൂർണമായി നിർവഹിക്കാം.—റോമ. 10:13, 14.