കാലേകൂട്ടി ആസൂത്രണം ചെയ്യുക—എന്തിനു വേണ്ടി?
1 ഭാവി പരിപാടികളെ കുറിച്ച് നാമെല്ലാം കുറെയൊക്കെ ചിന്തിക്കാറുണ്ട്. ഭൗമിക പ്രത്യാശയുള്ളവർ ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനായി കാത്തിരിക്കുന്നു. എന്നാൽ ആ പ്രത്യാശയെ നമ്മുടെ ഹൃദയത്തിൽനിന്നു പിഴുതെറിയാൻ കഴിയുന്ന ഘടകങ്ങൾ ഉണ്ട്. രാജ്യ താത്പര്യങ്ങളെ കേന്ദ്രീകരിച്ച് നമ്മുടെ ജീവിതം കെട്ടുപണി ചെയ്യുന്നതിൽ തുടരാനും ജഡത്തിന്റെ ആകർഷകമായ മോഹങ്ങളാൽ വഴിതെറ്റിക്കപ്പെടാതിരിക്കാനും ആത്മാർഥ ശ്രമം ആവശ്യമാണ്.—1 യോഹ. 2:15-17.
2 ആത്മീയ ചിന്താഗതി ഉള്ളവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊള്ളാൻ ലോകത്തിനു കഴിയുകയില്ല. (1 കൊരി. 2:14) ആളുകൾ പൊതുവെ പ്രശസ്തിയോ അധികാരമോ ധനമോ സമ്പാദിക്കാൻ ശ്രമിക്കുമ്പോൾ നാം ആത്മീയ നിക്ഷേപങ്ങൾ സ്വരുക്കൂട്ടാൻ ശ്രമിക്കുന്നു. (മത്താ. 6:19-21) ഭാവിയെ സംബന്ധിച്ച ലോകത്തിന്റെ വീക്ഷണവുമായി നമ്മുടെ ചിന്തയെ അനുരൂപപ്പെടുത്താൻ ശ്രമിക്കുന്നെങ്കിൽ നമുക്ക് എപ്പോഴെങ്കിലും ആത്മീയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനാകുമോ? പെട്ടെന്നുതന്നെ ഭൗതിക താത്പര്യങ്ങൾ നമ്മുടെ ഹൃദയത്തെ പൂർണമായി കവർന്നെടുത്തേക്കാം. നമുക്ക് ഇത് എങ്ങനെ തടയാനാകും?
3 ‘കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചുകൊൾവിൻ’: നാം രാജ്യ താത്പര്യങ്ങളെ കേന്ദ്രീകരിച്ചാണോ നമ്മുടെ ഭാവി പടുത്തുയർത്തുന്നത് എന്നു നിർണയിക്കാനുള്ള ഒരു മാർഗം നമ്മുടെ സംഭാഷണം പരിശോധിക്കുക എന്നതാണ്. നമ്മുടെ സംഭാഷണം എപ്പോഴും ഭൗതിക വസ്തുക്കളെയും താത്പര്യങ്ങളെയും കുറിച്ചുള്ളതാണോ? അങ്ങനെയെങ്കിൽ, നമ്മുടെ ഹൃദയം ആത്മീയ മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പരാജയപ്പെടുന്നുവോ എന്നു നാം പരിചിന്തിക്കേണ്ടിയിരിക്കുന്നു. ‘മോഹങ്ങൾ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കുന്നതിനു പകരം കർത്താവായ യേശുക്രിസ്തുവിനെ ധരിക്കുന്നതിന്’ നാം കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ടായിരിക്കാം.—റോമ. 13:14.
4 യുവജനങ്ങൾക്ക്, തങ്ങൾ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്ന നാളിനായി കാലേകൂട്ടി ആസൂത്രണം ചെയ്തുകൊണ്ട് ‘ക്രിസ്തുവിനെ ധരിക്കാൻ’ കഴിയും. യുവാക്കൾ സാമ്പത്തിക ഭദ്രത കൈവരിക്കാൻ പ്രതീക്ഷിച്ചിരുന്ന ഒരു സമൂഹത്തിലാണ് ഒരു യുവാവ് വളർത്തപ്പെട്ടത്. തന്മൂലം, സാധാരണ പയനിയറിങ് നടത്താൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൻ ബിസിനസ്സിൽ അങ്ങേയറ്റം വ്യാപൃതനായി. യോഗഹാജരും പ്രസംഗവേലയുമൊക്കെ അവനെ സംബന്ധിച്ചിടത്തോളം വെറുമൊരു ചടങ്ങായി മാറി. മത്തായി 6:33-ലെ യേശുവിന്റെ വാക്കുകളിൽ വിശ്വാസം അർപ്പിക്കാൻ തുടങ്ങുകയും പണത്തിനു പിന്നാലെയുള്ള തന്റെ വൃഥാ ഓട്ടം നിറുത്തുകയും ചെയ്തതോടെ, അവൻ മുഴുസമയ സേവനം ഏറ്റെടുത്തു. ഇപ്പോൾ ഒരു ശുദ്ധ മനസ്സാക്ഷിയോടെ അവൻ യഹോവയെ സേവിക്കുന്നു. അതേ, അവൻ പറയുന്നതു പോലെ, ‘തന്റെ കഴിവിന്റെ പരമാവധി’ ചെയ്തുകൊണ്ട്.
5 ഭാവിക്കു വേണ്ടി ആസൂത്രണം ചെയ്യുന്നതു ജ്ഞാനപൂർവകമാണെന്നു ബൈബിൾ പറയുന്നു. (സദൃ. 21:5, NW) ദൈവേഷ്ടത്തിനു പ്രഥമ സ്ഥാനം കൊടുത്തുകൊണ്ട് നമുക്കെല്ലാവർക്കും അപ്രകാരം ചെയ്യാം.—എഫെ. 5:15-17.