“പ്രദേശം ഞങ്ങൾ പല പ്രാവശ്യം പ്രവർത്തിച്ചിരിക്കുന്നു!”
1 നിങ്ങളുടെ പ്രദേശം പലയാവർത്തി പ്രവർത്തിച്ചിരിക്കുന്നു, ചെമ്മരിയാടു തുല്യരായ ആരും ഇനി അവിടെയില്ല എന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ വിചാരിച്ചിരിക്കാം: ‘എനിക്കറിയാം ആളുകളുടെ പ്രതികരണം എന്തായിരിക്കുമെന്ന്. താത്പര്യമില്ലാത്തവരുടെ അടുത്തേക്ക് എന്തിനാണു വീണ്ടും വീണ്ടും പോകുന്നത്?’ പല പ്രദേശങ്ങളും പലയാവർത്തി പ്രവർത്തിച്ചു കഴിഞ്ഞിരിക്കുന്നു എന്നതു ശരിയാണ്. എന്നിരുന്നാലും ഈ വസ്തുതയെ ക്രിയാത്മകമായി വീക്ഷിക്കണം, നിഷേധാത്മകമായിട്ടല്ല. എന്തുകൊണ്ട്? താഴെ കൊടുത്തിരിക്കുന്ന നാലു കാരണങ്ങൾ പരിചിന്തിക്കുക.
2 നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചിരിക്കുന്നു: യേശു പറഞ്ഞു: “കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.” (ലൂക്കൊ. 10:2) ദശാബ്ദങ്ങളായി നാം യഹോവയോട് കൂടുതൽ സഹായത്തിനായി അപേക്ഷിച്ചിരിക്കുന്നു. പല സ്ഥലങ്ങളിലും നമുക്ക് ആവശ്യമായ കൂടുതൽ വേലക്കാർ ഉണ്ട്, നാം പ്രദേശം കൂടെക്കൂടെ പ്രവർത്തിച്ചു തീർക്കുകയും ചെയ്യുന്നു. യഹോവ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകിയിരിക്കുന്നു എന്ന വസ്തുത സന്തോഷത്തിനു വക നൽകുന്നില്ലേ?
3 സ്ഥിരോത്സാഹം നല്ല ഫലങ്ങൾ കൈവരുത്തുന്നു: പലയാവർത്തി പ്രവർത്തിച്ചിട്ടുള്ള പ്രദേശങ്ങളിൽ പോലും ആളുകൾ രാജ്യസന്ദേശത്തോടു പ്രതികരിക്കുകയും സത്യത്തിന്റെ പരിജ്ഞാനത്തിലേക്കു വരികയും ചെയ്യുന്നു. അതുകൊണ്ട്, ആത്മാർഥഹൃദയരായ കൂടുതൽ ആളുകളെ കണ്ടെത്താമെന്ന പ്രതീക്ഷയോടെ നാം വീണ്ടും വീണ്ടും പ്രവർത്തിക്കേണ്ടതുണ്ട്. (യെശ. 6:8-11) യേശുവിന്റെ ആദിമ ശിഷ്യന്മാർ ചെയ്തതുപോലെ, ദൈവരാജ്യത്തിലുള്ള ആളുകളുടെ താത്പര്യം ഉണർത്താൻ ശ്രമിച്ചുകൊണ്ട് നിങ്ങളുടെ നിയമിത പ്രദേശത്തുള്ളവരുടെ അടുക്കലേക്കു തന്നെ “തുടർച്ചയായി പോകുവിൻ.”—മത്താ. 10:6, 7, NW.
4 പോർച്ചുഗലിൽ പല സഭകളും വാരംതോറും തങ്ങളുടെ പ്രദേശം പ്രവർത്തിച്ചു തീർക്കുന്നു. എന്നാൽ അവർ ഇപ്പോഴും ചെമ്മരിയാടു തുല്യരായവരെ കണ്ടെത്തുന്നു. ഒരു സഹോദരിക്ക് വിശേഷിച്ചും നല്ല ക്രിയാത്മക മനോഭാവം ഉണ്ട്. അവർ പറയുന്നു: “ഓരോ ദിവസവും രാവിലെ സേവനത്തിനു പോകുന്നതിനു മുമ്പ്, ബൈബിൾ പഠിക്കാൻ താത്പര്യമുള്ള ആരെയെങ്കിലും കണ്ടെത്താൻ സഹായിക്കണമേ എന്നു ഞാൻ യഹോവയോടു പ്രാർഥിക്കുന്നു.” ഒരു ദിവസം ഒരു ബാർബർ ഷോപ്പിലെ ജോലിക്കാരുമായി സഹോദരി അധ്യയനം ക്രമീകരിച്ചു. എന്നാൽ ഒരാൾ മാത്രമേ അധ്യയനത്തിനു വന്നുള്ളൂ. ആ വ്യക്തി പറഞ്ഞു: “മറ്റുള്ളവർക്കു താത്പര്യമില്ല, പക്ഷേ എനിക്കു താത്പര്യമുണ്ട്.” ഒരു മാസത്തിനകം ആ സ്ത്രീതന്നെ രണ്ട് അധ്യയനങ്ങൾ നടത്താൻ തുടങ്ങി. പെട്ടെന്നു തന്നെ അവർ സ്നാപനമേറ്റു, പിന്നീട് പയനിയറിങ്ങും ആരംഭിച്ചു!
5 വേല നിർവഹിക്കപ്പെടുന്നു: യേശു മുൻകൂട്ടി പറഞ്ഞിരുന്നതുപോലെതന്നെ സുവാർത്ത പ്രസംഗിക്കപ്പെടുന്നു. (മത്താ. 24:14) പൊതുവേ ആളുകൾ “[നമ്മുടെ] വാക്കു കേൾ”ക്കാൻ ഇഷ്ടപ്പെടാത്ത സ്ഥലങ്ങളിൽ പോലും നമ്മുടെ പ്രസംഗപ്രവർത്തനം മൂലം അവർക്കു മുന്നറിയിപ്പു ലഭിക്കുകയാണ്. അനുകൂലമായി പ്രതികരിക്കാത്ത, സത്യത്തെ എതിർക്കുക പോലും ചെയ്യുന്ന കുറേ ആളുകൾ ഉണ്ടായിരിക്കുമെന്ന് നമുക്കറിയാം. എന്നിരുന്നാലും യഹോവയിൽനിന്നു വരാൻപോകുന്ന ന്യായവിധിയെ കുറിച്ച് അവർക്കും മുന്നറിയിപ്പു ലഭിക്കേണ്ടതുണ്ട്.—യെഹെ. 2:4, 5; 3:7, 8, 19.
6 നാം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല: പ്രസംഗവേല എപ്പോൾ അവസാനിപ്പിക്കണം എന്നു തീരുമാനിക്കേണ്ടതു നാമല്ല. അത് എപ്പോൾ അവസാനിപ്പിക്കണം എന്ന് യഹോവയ്ക്കാണ് അറിയാവുന്നത്. സുവാർത്തയോട് ഇനിയും പ്രതികരിച്ചേക്കാവുന്നവർ നമ്മുടെ പ്രദേശത്ത് ഉണ്ടോ എന്ന് അവന് അറിയാം. തങ്ങൾക്കു താത്പര്യമില്ലെന്ന് ചിലയാളുകൾ പറയുന്നു, എന്നാൽ തൊഴിൽ നഷ്ടമോ ഗുരുതരമായ രോഗമോ പ്രിയപ്പെട്ടവരുടെ മരണമോ പോലുള്ള ജീവിതത്തിലെ ഗണ്യമായ മാറ്റങ്ങൾ നിമിത്തം അവർ മറ്റൊരവസരത്തിൽ അനുകൂലമായി പ്രതികരിച്ചേക്കം. മുൻവിധി നിമിത്തമോ അങ്ങേയറ്റം തിരക്കുള്ളവരായിരിക്കുന്നതിനാലോ പലരും നാം പ്രസംഗിക്കുന്നത് എന്തെന്ന് വാസ്തവത്തിൽ ഒരിക്കലും കേട്ടിട്ടില്ല. നാം ആവർത്തിച്ചാവർത്തിച്ച് സൗഹൃദ സന്ദർശനം നടത്തുന്നത് അവർ ശ്രദ്ധിക്കുന്നതിന് ഇടയാക്കിയേക്കാം.
7 അടുത്ത കാലത്ത് വളർന്നുവന്ന, ഇപ്പോൾ ഒരു കുടുംബജീവിതമൊക്കെ ആരംഭിച്ച പുതിയ തലമുറ ജീവിതത്തെ കൂടുതൽ ഗൗരവത്തോടെ വീക്ഷിക്കുകയും ദൈവവചനത്തിനു മാത്രം ഉത്തരം നൽകാൻ കഴിയുന്ന ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ചെറുപ്പക്കാരിയായ ഒരു വീട്ടമ്മ രണ്ടു സാക്ഷികളെ തന്റെ വീട്ടിലേക്കു ക്ഷണിച്ചിട്ടു പറഞ്ഞു: “ഞാൻ ഒരു കുട്ടിയായിരുന്നപ്പോൾ, തനിക്കു ശ്രദ്ധിക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ് എന്റെ അമ്മ സാക്ഷികളെ ഓടിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അമ്മ എന്തിനാണ് അങ്ങനെ ചെയ്തിരുന്നത് എന്ന് എനിക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. ബൈബിളിൽനിന്നു സംസാരിക്കാൻ വേണ്ടി മാത്രമാണ് സാക്ഷികൾ അവിടെ വന്നിരുന്നത്. അന്നേ ഞാൻ തീരുമാനിച്ചതാണ്, ഞാൻ വളർന്ന് വലുതായി, കല്യാണമൊക്കെ കഴിച്ച്, ഒരു കുടുംബമായി കഴിയുമ്പോൾ, വന്ന് ബൈബിൾ കാര്യങ്ങൾ പറഞ്ഞുതരാൻ സാക്ഷികളോട് ആവശ്യപ്പെടുമെന്ന്.” അവളെ സന്ദർശിച്ച സാക്ഷികൾക്കു സന്തോഷം കൈവരുത്തിക്കൊണ്ട് അതുതന്നെയാണ് അവൾ ചെയ്തതും.
8 നിങ്ങൾക്കു കൂടുതൽ ഫലപ്രദരായിരിക്കാൻ കഴിയുമോ? പ്രദേശം കൂടെക്കൂടെ പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാക്കിത്തീർക്കുന്നത് പലപ്പോഴും ആ പ്രദേശത്തുള്ള ആളുകളല്ല. ചിലപ്പോൾ നാം തന്നെയായിരിക്കാം അതിനു കാരണക്കാർ. നിഷേധാത്മക ചിന്തയോടെയാണോ നാം പ്രവർത്തിച്ചു തുടങ്ങുന്നത്? അതിന് നമ്മുടെ മനോഭാവത്തെയും ശബ്ദത്തെയും മുഖഭാവത്തെയും ഒക്കെ ബാധിക്കാനാകും. സൗഹാർദപരമായ ഒരു മുഖഭാവവും ക്രിയാത്മകമായ മനോഭാവവും ഉള്ളവരായിരിക്കുക. തികച്ചും പുതിയ ഒരു സമീപനം പരീക്ഷിച്ചുനോക്കുക. അവതരണത്തിൽ വ്യത്യാസം വരുത്തുക, അതിൽ മെച്ചപ്പെടാൻ ശ്രമിക്കുക. ഒരുപക്ഷേ പ്രാരംഭ ചോദ്യത്തിൽ മാറ്റം വരുത്താനോ സംഭാഷണത്തിൽ വ്യത്യസ്തമായ ഒരു തിരുവെഴുത്ത് ഉപയോഗിക്കാനോ കഴിയും. പ്രദേശം പ്രവർത്തിക്കുന്നതിൽ മറ്റു സഹോദരങ്ങൾ വിജയകരമെന്ന് കണ്ടെത്തിയിരിക്കുന്നത് എന്താണെന്നു ചോദിക്കുക. വ്യത്യസ്ത പ്രസാധകരുടെയും പയനിയർമാരുടെയും കൂടെ പ്രവർത്തിച്ച് അവരുടെ ശുശ്രൂഷയെ ഫലപ്രദമാക്കുന്നത് എന്താണെന്നു നിരീക്ഷിക്കുക.
9 രാജ്യപ്രസംഗവേലയുടെമേൽ യഹോവയുടെ അംഗീകാരവും അനുഗ്രഹവും ഉണ്ട്. അതിൽ പങ്കെടുക്കുകവഴി അവനോടും അയൽക്കാരോടുമുള്ള സ്നേഹം നാം തെളിയിക്കുകയായിരിക്കും. (മത്താ. 22:37-39) വീണ്ടും വീണ്ടും പ്രദേശം പ്രവർത്തിക്കുന്നതിൽ മടുത്തുപോകാതെ നമ്മുടെ വേല അതിന്റെ പൂർത്തീകരണം വരെ നിർവഹിക്കുന്നതിൽ നമുക്കു തുടരാം.