ചോദ്യപ്പെട്ടി
◼ സഭയിൽനിന്നു സാഹിത്യം സ്വീകരിക്കുമ്പോഴും അതുപോലെതന്നെ വയലിൽനിന്നു സംഭാവനയായി പണം ലഭിക്കുമ്പോഴും അത് സൊസൈറ്റിയുടെ ലോകവ്യാപക വേലയ്ക്കുള്ള സംഭാവനപ്പെട്ടിയിൽ ഇട്ടാൽ വാസ്തവത്തിൽ നാം രണ്ടു തവണ സാഹിത്യത്തിനുവേണ്ടി സംഭാവന ഇടുകയല്ലേ ചെയ്യുന്നത്?
അല്ല. സൊസൈറ്റിയുടെ ലോകവ്യാപക വേലയ്ക്കുള്ള സംഭാവനപ്പെട്ടിയിൽ ഇടുന്ന സംഭാവനകൾ സാഹിത്യങ്ങൾക്കു വേണ്ടി മാത്രം ഉള്ളവയല്ല. പ്രസാധകർക്കും വയലിൽ കണ്ടുമുട്ടുന്ന ആത്മാർഥ താത്പര്യമുള്ള ആളുകൾക്കും വില ഈടാക്കാതെയാണു നാം സാഹിത്യം നൽകുന്നത്. പ്രസാധകർ നൽകുന്ന സംഭാവനകൾ ബ്രാഞ്ച് ഓഫീസുകളുടെയും ബെഥേൽ ഭവനങ്ങളുടെയും ശുശ്രൂഷാ സ്കൂളുകളുടെയും സഞ്ചാര മേൽവിചാരകന്മാരുടെയും സാഹിത്യ വിതരണ കേന്ദ്രങ്ങളുടെയും പ്രവർത്തനത്തിനും യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ നിയമനം നിറവേറ്റുന്നതിനെ പിന്തുണയ്ക്കുന്ന മറ്റു നിരവധി അത്യാവശ്യ സേവനങ്ങളുടെ നിർവഹണത്തിനും വേണ്ടിയുള്ളവയാണ്. സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുക എന്നത് അതിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ.
അതുകൊണ്ട്, വയലിൽ താത്പര്യക്കാരിൽനിന്നു സംഭാവനകൾ ലഭിക്കുമ്പോൾ അത് “സാഹിത്യത്തിനു വേണ്ടി” ആണെന്നു പറയരുത്. നാം അവരോടു വിശദീകരിക്കുന്നതുപോലെ, നമ്മുടെ സാഹിത്യങ്ങൾ വായിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് വില ഈടാക്കാതെയാണ് അവ നൽകുന്നത്. അവർ നൽകുന്ന ഏതൊരു സംഭാവനയും ലോകവ്യാപക വേലയുടെ ചെലവു വഹിക്കുന്നതിന് ഉപയോഗിക്കുന്നു. പ്രസാധകർ നൽകുന്ന സംഭാവനയുടെ കാര്യത്തിലും ഇതുതന്നെ സത്യമാണ്.