“തീക്ഷ്ണ രാജ്യഘോഷകർ” യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ—2002
1 “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.” (സങ്കീ. 122:1) സങ്കീർത്തനക്കാരന്റെ ആ വാക്കുകൾ പരിചിന്തിക്കുമ്പോൾ, (1) യഹോവയുടെ ആരാധനയിൽ ചേരാൻ ക്ഷണിക്കപ്പെട്ടപ്പോൾ അവന് എന്തു തോന്നി എന്നതിനെയും (2) സത്യാരാധനയിൽ വളരെ തീക്ഷ്ണരായിരുന്ന അവന്റെ നല്ല സഹകാരികളെയും (3) ക്ഷണം വെച്ചുനീട്ടുന്നതിലും കൂടിവരുന്നതിലും ദൈവത്തിന്റെ ആലയത്തിലേക്ക് യാത്ര ചെയ്യുന്നതിലും ഉൾപ്പെട്ടിരുന്ന ആസൂത്രണത്തെയും കുറിച്ചു ചിന്തിക്കുക.
2 അടുത്ത ഡിസ്ട്രിക്റ്റ് കൺവെൻഷനു വേണ്ടിയുള്ള ആസൂത്രണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നറിയുമ്പോൾ, സങ്കീർത്തനക്കാരനു തോന്നിയതു പോലുള്ള വികാരങ്ങളല്ലേ നമുക്കും തോന്നുന്നത്? കഴിഞ്ഞകാല കൺവെൻഷനുകളിൽനിന്നു ലഭിച്ച സന്തോഷത്തെയും യഹോവയെ സ്നേഹിക്കുന്ന സഹവിശ്വാസികളോടൊപ്പം ഒരു പ്രത്യേക കൂടിവരവിൽ വീണ്ടും സംബന്ധിക്കാനുള്ള അവസരത്തെയും കുറിച്ച് ഓർമിക്കുന്നത് നമ്മെ പ്രതീക്ഷാനിർഭരരാക്കുന്നു. ഇന്ത്യയിൽ 2002-2003-ലേക്കുള്ള ത്രിദിന “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകഴിഞ്ഞിരിക്കുന്നു. നമ്മെ കാത്തിരിക്കുന്ന ആ ആത്മീയ വിരുന്നിൽ പങ്കെടുക്കാനും അതിൽനിന്നു പരമാവധി പ്രയോജനം നേടാനും വേണ്ട ക്രമീകരണങ്ങൾ ചെയ്യാനുള്ള സമയമാണ് ഇപ്പോൾ.
3 “വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻ” ഈ കൺവെൻഷനിൽ നൽകാനുള്ള കാലോചിത ആത്മീയ ഭക്ഷണം പാകം ചെയ്തു തുടങ്ങിയിരിക്കുന്നു. (ലൂക്കൊ. 12:42) മുൻ വർഷങ്ങളിൽ നിരവധി ചെറിയ കൺവെൻഷനുകൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുകയുണ്ടായി. അതിന്റെ ഫലമായി, പുതിയവരായ അനേകർക്ക് കൺവെൻഷനുകളിൽ അനായാസം സംബന്ധിക്കാനും ധാരാളം ചെറുനഗരങ്ങളിലെ പൊതുജനങ്ങൾക്ക് യഹോവയുടെ സാക്ഷികളെ അടുത്തു നിരീക്ഷിക്കാനും കഴിഞ്ഞു. ഈ വർഷം വലിയ കൺവെൻഷനുകളാകും നടത്തപ്പെടുക. അത് അനവധി സ്ഥലങ്ങളിൽനിന്നുള്ള സാക്ഷികളുമായി സഹവസിക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യും. വടക്കൻ മേഖലകളിലും വടക്കുകിഴക്കൻ മേഖലകളിലും ഉള്ളവർക്കായി ഏതാനും ചെറിയ കൺവെൻഷനുകൾ പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഓരോ സഭയെയും ഈ വലിയ കൺവെൻഷനുകളിൽ ഒന്നിലേക്കു നിയമിക്കുന്നതായിരിക്കും. കൺവെൻഷനിൽ സംബന്ധിക്കുന്നവർക്ക് സൗകര്യപ്രദമായ ലോഡ്ജോ ഡോർമിറ്ററി പോലുള്ള താമസസൗകര്യമോ നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. കൂടാതെ, “സകലവും ഉചിതമായും ക്രമമായും നടക്ക”ത്തക്കവിധം അനേകം സഹോദരങ്ങൾ വിവിധ ഡിപ്പാർട്ടുമെന്റുകൾ സംഘടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. (1 കൊരി. 14:40) നമ്മുടെ പ്രയോജനത്തിനും സൗകര്യത്തിനുമായി ഇതിനോടകം വളരെയധികം കാര്യങ്ങൾ ചെയ്തിരിക്കുന്നതിനാൽ, കൺവെൻഷനു വേണ്ടി വ്യക്തിപരമായ തയ്യാറെടുപ്പെന്ന നിലയിൽ നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും?
4 മൂന്നു ദിവസത്തെ മുഴു പരിപാടികൾക്കും ഹാജരാകാൻ ആസൂത്രണം ചെയ്യുക: ഈ വർഷത്തെ കൺവെൻഷനുകളിൽ മിക്കവയും ദീപാവലിയുടെയോ ഡിസംബർ മാസത്തെയോ അവധിക്കാലത്താണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, നിങ്ങളുടെ നിയമിത കൺവെൻഷനു പോയി വരാനും മുഴു പരിപാടികൾക്കും ഹാജരാകാനും വേണ്ടി അവധി ലഭിക്കാൻ നിങ്ങൾ ഇതേവരെ തൊഴിലുടമയോടു ചോദിച്ചില്ലായിരിക്കാം. ചില തൊഴിലുടമകൾ “മൂർഖന്മാ”രാണെന്ന് യഹോവയ്ക്കറിയാം. (1 പത്രൊ. 2:18) എന്നാൽ നമ്മുടെ കൺവെൻഷനുകൾ വളരെ പ്രധാനപ്പെട്ടവയാണ്, അതിലെ മുഴു പരിപാടികൾക്കും സംബന്ധിക്കുന്നതിന് കഠിനശ്രമം ചെയ്യാൻ നാം ആഗ്രഹിക്കുന്നു. സത്ഫലത്തിനായി യഹോവയുടെ മാർഗനിർദേശം തേടിക്കൊണ്ട് അത്തരം കാര്യങ്ങളെ കുറിച്ചു പ്രാർഥിക്കുക.—നെഹെ. 2:4.
5 കുടുംബത്തിലെ എല്ലാവർക്കും സംബന്ധിക്കാനുള്ള ക്രമീകരണം ചെയ്യുക: അനേകരെ സംബന്ധിച്ചും, സകുടുംബം യാത്ര ചെയ്യാനും കൺവെൻഷൻ നടത്തുന്ന നഗരത്തിൽ താമസിക്കാനും വേണ്ടിവരുന്ന ചെലവു ഭാരിച്ചതാണ്. ശ്രദ്ധാപൂർവകമായ ആസൂത്രണം സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നമ്മെ സഹായിച്ചേക്കാം. ഇപ്പോൾ മുതൽ കൺവെൻഷൻ തീയതി വരെ കുടുംബത്തിലെ ഓരോ അംഗത്തിനും ദിവസവും അഞ്ചു രൂപയെങ്കിലും നീക്കിവെക്കാൻ സാധിച്ചാൽ, യാത്രയ്ക്കും താമസത്തിനുമുള്ള ചെലവു വഹിക്കാൻ അതു മതിയായേക്കുമെന്ന് നാം കണ്ടെത്തിയേക്കാം.—1 കൊരിന്ത്യർ 16:2 താരതമ്യം ചെയ്യുക.
6 നിങ്ങളുടെ താമസ സൗകര്യങ്ങൾ: താമസ സൗകര്യം സംബന്ധിച്ച വിവരങ്ങൾ നൽകാനും കൺവെൻഷൻ നഗരത്തിൽ താമസ സൗകര്യം ലഭിക്കാൻ നിങ്ങളെ സഹായിക്കാനും ഓരോ കൺവെൻഷനും ഒരു താമസ സൗകര്യ ഡിപ്പാർട്ടുമെന്റ് ഉണ്ട്. നിങ്ങളുടെ താമസ സൗകര്യ ക്രമീകരണങ്ങൾ വളരെ നേരത്തേതന്നെ ആസൂത്രണം ചെയ്യുക. സഭാ സെക്രട്ടറിയിൽനിന്നും നിങ്ങൾക്കു മുറി അപേക്ഷാ ഫാറം ലഭിക്കും. ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചശേഷം, നിങ്ങൾ അതു സഭാ സെക്രട്ടറിയെ ഏൽപ്പിക്കുക. അദ്ദേഹം അത് നിങ്ങൾ സംബന്ധിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കൺവെൻഷൻ കാര്യനിർവഹണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നതായിരിക്കും. നിങ്ങളുടെ അപേക്ഷയോടൊപ്പം എല്ലായ്പോഴും സ്വന്തം മേൽവിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ച ഒരു കവറും ഉണ്ടായിരിക്കണം. ഒരാൾക്ക് ഒരു രാത്രി ഡോർമിറ്ററിയിൽ താമസിക്കാനുള്ള ഏറ്റവും കുറഞ്ഞ ചെലവ് 50 രൂപയാണ്. നിങ്ങൾക്ക് എത്രത്തോളം പണം മുടക്കാനാകും എന്നു കാണിക്കുമ്പോൾ ദയവായി ഇതു മനസ്സിൽ പിടിക്കുക. സഹോദരങ്ങളുടെ ഭവനങ്ങളിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, അവരുടെ ആതിഥ്യത്തോട് വിലമതിപ്പുള്ളവർ ആയിരിക്കുക. അവർക്കുണ്ടായേക്കാവുന്ന കൂടുതലായ ചെലവുകൾ നികത്താൻ തിരിച്ച് എന്തെങ്കിലും അവർക്കു നൽകുക.
7 സഭയെ കുറിച്ചു ചിന്തിക്കുക: കൺവെൻഷനിൽ സംബന്ധിക്കുന്ന കാര്യത്തിൽ ഒരു സഹോദരനോ സഹോദരിക്കോ ശാരീരികമോ പണപരമോ ആയ ബുദ്ധിമുട്ടുണ്ടെന്നു നമുക്ക് അറിയാമെങ്കിൽ സ്നേഹത്തിൽ “വിശാലതയുള്ള”വരായി അവരെ സഹായിക്കാൻ നമുക്കാവില്ലേ? (2 കൊരി. 6:12, 13; ആവ. 15:7) ഇത്തരത്തിലുള്ള ആത്മാവാണ് 2 കൊരിന്ത്യർ 8:14-ൽ പൗലൊസ് പ്രോത്സാഹിപ്പിച്ചത്. കൺവെൻഷൻ സ്ഥലത്തേക്കു നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ അങ്ങനെയുള്ളവരെ എന്തുകൊണ്ട് ക്ഷണിച്ചുകൂടാ? അവർ പയനിയർമാരാണെങ്കിൽ, യാത്രയ്ക്കിടയിൽ അവർക്കു ധാരാളം നല്ല അനുഭവങ്ങൾ നിങ്ങളുമായി പങ്കുവെക്കാനുണ്ടാകും. അവർ സഭയിലെ പ്രായം ചെന്നവരാണെങ്കിൽ, ഒരിക്കലും കേട്ടിട്ടില്ലാത്ത അത്ഭുതകരമായ ദിവ്യാധിപത്യ ചരിത്രത്തെ കുറിച്ചു കേൾക്കാനുള്ള അവസരം നിങ്ങൾക്കു ലഭിച്ചേക്കാം. ഈ സഹോദരീസഹോദരന്മാരുമൊത്തുള്ള സഹവാസം നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയുംമേൽ നല്ലൊരു സ്വാധീനമായിരിക്കില്ലേ? നിങ്ങളുടെ ഉദാരമായ മനോഭാവത്തെ അവർ വിലമതിക്കുമെന്നു മാത്രമല്ല, അതിന് യഹോവ നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.—സദൃ. 28:27; മത്താ. 10:42.
8 സ്വമേധയാ സേവകനായി മുന്നോട്ടുവരിക: കൺവെൻഷൻ നഗരങ്ങളിലുള്ള പ്രാദേശിക സഭകളിലെ സഹോദരങ്ങൾക്ക് കൺവെൻഷൻ സ്ഥലം സജ്ജീകരിക്കുന്നതിനുള്ള പ്രത്യേക അവസരങ്ങൾ ദിവസങ്ങളോളം ലഭിക്കും. കുടുംബമൊത്തൊരുമിച്ച് “ദിവ്യബോധനത്താൽ ഏകീകൃതർ” (ഇംഗ്ലീഷ്) എന്ന വീഡിയോ കാണുകയും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ബൃഹത്തായ വേലയിൽ പങ്കെടുക്കാൻ ദൃഢമായ തീരുമാനമെടുക്കുകയും ചെയ്യരുതോ? കൂടുതലായി അവധി എടുക്കേണ്ടി വന്നേക്കാമെങ്കിലും അതിൽ പങ്കെടുക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ ഏറെയാണ്. കൺവെൻഷൻ സമയത്തും ഡിപ്പാർട്ടുമെന്റുകളുടെ സുഗമമായ നടത്തിപ്പിനായി ധാരാളം സ്വമേധയാ സേവകരെ ആവശ്യമായിവരും. ഇരിപ്പിടം സംബന്ധിച്ച നിർദേശങ്ങൾ ഓഡിറ്റോറിയത്തിലെ സേവകന്മാരാണു നൽകുന്നത്. നമ്മുടെ താത്കാലിക ആരാധനാ സ്ഥലം ആദ്യം ആയിരുന്നതിനെക്കാൾ വൃത്തിയുള്ളതായി സൂക്ഷിച്ചുകൊണ്ട് ശുചിത്വത്തിന്റെ കാര്യത്തിൽ നമുക്കുള്ള സത്പേര് നിലനിറുത്താനുള്ള പദവി ശുചീകരണ ഡിപ്പാർട്ടുമെന്റിനാണ് ഉള്ളത്. ഇവയെയോ നമ്മുടെ പിന്തുണ ഉപയോഗപ്പെടുത്താനാകുന്ന മറ്റു ഡിപ്പാർട്ടുമെന്റുകളെയോ സഹായിക്കാൻ നമുക്കാകുമോ? സഹോദരങ്ങളോടൊപ്പം “തോളോടുതോൾ ചേർന്നു” സേവിക്കുന്നതിൽ നിങ്ങൾ സ്വമേധയാ സഹായിക്കുമോ?—സെഫ. 3:9, ന്യൂ ഇൻഡ്യാ ബൈബിൾ വേർഷൻ.
9 നാം ചെയ്യുന്ന കാര്യങ്ങൾ ആളുകൾ യഥാർഥത്തിൽ ശ്രദ്ധിക്കുന്നുണ്ടോ? കഴിഞ്ഞ വർഷത്തെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ സമയത്ത്, 20 വർഷം മുമ്പ് യഹോവയുടെ സാക്ഷികളോടൊത്തുള്ള ബൈബിൾ പഠനം നിറുത്തിയ ഒരു വ്യക്തി ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. വീണ്ടും ബൈബിൾ പഠിക്കുന്നതിനെയും യോഗങ്ങൾക്ക് പോയിത്തുടങ്ങുന്നതിനെയും കുറിച്ചു താൻ ഇപ്പോൾ ചിന്തിക്കുന്നതായി അദ്ദേഹം ചില സാക്ഷികളോടു പറഞ്ഞു. എന്തുകൊണ്ട്? ആ ഹോട്ടലിൽ താമസിച്ചിരുന്ന ദിവസങ്ങളത്രയും സാക്ഷികൾ അദ്ദേഹത്തോടു സ്നേഹപൂർവം പെരുമാറി എന്നതായിരുന്നു അതിനു കാരണം. ‘മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തട്ടെ’ എന്ന യേശുവിന്റെ ബുദ്ധിയുപദേശം നാം ബാധകമാക്കുന്നത് നമ്മുടെ സ്വർഗീയ പിതാവിനെ എത്രയധികം സന്തോഷിപ്പിക്കും!—മത്താ. 5:16.
10 യഹോവയുടെ ആരാധനാ സ്ഥലത്തേക്കു പോകാൻ സന്തോഷപൂർവം നോക്കിപ്പാർത്തിരുന്ന ദാവീദ് രാജാവിന്റെ മനോഭാവം നമുക്കും പ്രകടമാക്കാം. നമ്മുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ആത്മീയ ഭക്ഷണത്തിന്റെ മർമപ്രധാന ഉറവും സ്നേഹനിർഭരമായ സാഹോദര്യം പ്രകടമാക്കാനുള്ള അനുപമമായ അവസരവുമാണ്. അതുകൊണ്ട്, ഈ വർഷത്തെ “തീക്ഷ്ണ രാജ്യഘോഷകർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ മൂന്നു ദിവസത്തെയും മുഴു സെഷനുകളിലും ഹാജരാകാനുള്ള ക്രമീകരണങ്ങൾ ചെയ്തുതുടങ്ങാൻ ഞങ്ങൾ നിങ്ങളെ ഉത്സാഹപൂർവം ക്ഷണിക്കുന്നു!