സുവാർത്ത അവതരിപ്പിക്കുക—നയത്തോടെ
1 അനേകം സംസ്ഥാനങ്ങളിൽ സാമുദായിക വികാരങ്ങൾ കൊടുമ്പിരികൊണ്ടിരിക്കുന്നതിനാൽ, മറ്റു മതങ്ങളെ കുറിച്ചു സംസാരിക്കുന്നത് ആളുകളെ കൂടുതൽ പ്രകോപിതരാക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകാം. ഇത് “അന്ത്യകാല”മാണ്. ആളുകൾ ‘ഇണങ്ങാത്തവരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും നിഗളികളും’ ആയിരിക്കുമെന്ന് പൗലൊസ് പറയുകയുണ്ടായി. (2 തിമൊ. 3:1-4) അതുകൊണ്ട്, ഈ നാളുകളിൽ സുവാർത്ത പ്രസംഗിക്കുമ്പോൾ യഹോവയുടെ ജനത്തിന് നയം വളരെയധികം ആവശ്യമാണെന്നതു വ്യക്തമാണ്.
2 എന്താണ് നയം? “മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിറുത്താനോ പ്രശ്നം ഒഴിവാക്കാനോ വേണ്ടി വിഷമകരമോ പ്രകോപനത്തിന് ഇടയാക്കിയേക്കാവുന്നതോ ആയ ഒരു സാഹചര്യത്തിൽ എന്തു ചെയ്യണം അല്ലെങ്കിൽ പറയണം എന്നതു സംബന്ധിച്ച സൂക്ഷ്മമായ അവബോധം” എന്നാണ് ഒരു നിഘണ്ടു അതിനെ നിർവചിക്കുന്നത്. ക്രിസ്ത്യാനികൾ എന്ന നിലയിൽ എല്ലാത്തരം ആളുകളുമായും നല്ല ബന്ധങ്ങൾ നിലനിറുത്താനും അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും നാം ആഗ്രഹിക്കുന്നു. അതുകൊണ്ട്, ‘കഴിയുമെങ്കിൽ നമ്മളാൽ ആവോളം വാക്കിലും പ്രവൃത്തിയിലും എല്ലാ മനുഷ്യരുമായും നാം സമാധാനത്തിലായിരിക്കും.’—റോമ. 12:18.
3 നയമുള്ള ക്രിസ്തീയ സാക്ഷിയുടെ നല്ല ഒരു മാതൃക ആയിരുന്നു പൗലൊസ്. അഥേനക്കാരുടെ വിഗ്രഹപൂജയും ബഹുദൈവ വ്യാജാരാധനയും പൗലൊസിനെ അസ്വസ്ഥനാക്കിയെങ്കിലും, അവരോടു സംസാരിച്ചപ്പോൾ അവൻ അത്തരം കാര്യങ്ങളെ വിമർശിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്തില്ല എന്നതു മനസ്സിൽ പിടിക്കുക. (പ്രവൃ. 17:16) അഥേനക്കാരോടു സംസാരിക്കാനുള്ള ഒരു നല്ല മുഖവുരയായി ബഹുദൈവങ്ങളെ ആരാധിക്കുന്നതിലുള്ള അവരുടെ താത്പര്യത്തെ പൗലൊസ് നയപൂർവം ഉപയോഗിച്ചു.—പ്രവൃ. 17:22-31.
4 സ്വന്തം മതസമുദായത്തെ കുറിച്ച് അതീവ തീക്ഷ്ണതയുള്ളവരും തങ്ങൾ അങ്ങനെ ആണെന്നു നമ്മോടു തുറന്നു പറയുന്നവരുമായ ആളുകളെ നാമും കണ്ടെത്തും. നാം എന്തു ചെയ്യണം? നാം നയം ഉള്ളവർ ആയിരിക്കണം. നാം നമ്മുടെ ആശയങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയോ അവരെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്യരുത്. പകരം, സാധ്യമെങ്കിൽ അവരുമായി യോജിക്കാൻ പറ്റുന്ന ആശയങ്ങൾ കണ്ടെത്തി അവയെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കണം. നമ്മുടെ സന്ദേശത്തോടു യോജിക്കാത്ത ഒരു വ്യക്തിയുടെ ഓരോ തടസ്സവാദങ്ങളും തെറ്റാണെന്നു തെളിയിക്കുകയോ അവയെ വെല്ലുവിളിക്കുകയോ ചെയ്യേണ്ടതില്ല.
5 നല്ല ഒരു ശ്രോതാവായിരിക്കൽ: നയത്തിൽ ഇതും ഉൾപ്പെട്ടിരിക്കുന്നു. എല്ലാ കാര്യങ്ങളും നാംതന്നെ സംസാരിക്കുന്നത് വളരെ എളുപ്പമായിരിക്കാം. എന്നാൽ, വീട്ടുകാരന്റെ ആശയങ്ങളും വീക്ഷണങ്ങളും വെളിപ്പെടുത്താൻ അദ്ദേഹത്തെ നയപൂർവം പ്രോത്സാഹിപ്പിക്കുന്നെങ്കിലേ അയാൾ ചിന്തിക്കുന്നത് എന്താണെന്നു നമുക്ക് അറിയാനാകൂ. ചോദ്യങ്ങൾ ഉപയോഗിക്കുന്നത് ഫലകരമാണെങ്കിലും, അവ വീട്ടുകാരനെ വിഷമിപ്പിക്കുന്നവ ആകാതിരിക്കാൻ നാം ശ്രദ്ധിക്കണം. അയാളുടെ ഹൃദയത്തിലുള്ള കാര്യങ്ങൾ വെളിപ്പെടുത്താനും സംസാരിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനും വേണ്ടി ആയിരിക്കണം ചോദ്യങ്ങൾ ചോദിക്കേണ്ടത്.
6 നമ്മുടെ വാക്കുകളും മുഖഭാവവും ആളുകളിലുള്ള നമ്മുടെ വ്യക്തിപരമായ താത്പര്യത്തെയും അവരോടുള്ള ദയയെയും സൗഹൃദത്തെയും പ്രതിഫലിപ്പിക്കുന്നതാണെങ്കിൽ, മിക്കവരും അതു ശ്രദ്ധിക്കുകയും നമ്മോട് അനുകൂലമായി പ്രതികരിക്കുകയും ചെയ്യും. പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം ഓർമിക്കുക: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.”—കൊലൊ. 4:6.