ചോദ്യപ്പെട്ടി
◼ ഒരു ഇതരഭാഷാ കൂട്ടത്തിന് രൂപം നൽകുന്നത് ഉചിതമായിരിക്കുന്നത് എപ്പോൾ?
ഒരു സഭയുടെ പ്രദേശത്ത് മറ്റൊരു ഭാഷ സംസാരിക്കുന്ന സാമാന്യം വലിയൊരു കൂട്ടം ആളുകൾ ഉള്ളപ്പോൾ ആ ഭാഷയിൽ പ്രസംഗപ്രവർത്തനം സംഘടിപ്പിക്കാൻ മൂപ്പന്മാർ തങ്ങളാൽ കഴിയുന്നതു ചെയ്യണം. (km 7/02 പേ. 1; km 2/98 പേ. 3-4) ആ ഭാഷ സംസാരിക്കുന്നവർ ഒരുപക്ഷേ അടുത്തടുത്തുള്ള രണ്ടോ അതിലധികമോ സഭകളുടെ പ്രദേശത്തായിട്ടായിരിക്കാം പാർക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ സർക്കിട്ട് മേൽവിചാരകൻ (അല്ലെങ്കിൽ സർക്കിട്ട് മേൽവിചാരകന്മാർ) ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും അങ്ങനെ പരസ്പരം സഹകരിച്ചുകൊണ്ട് പ്രസംഗപ്രവർത്തനം നിർവഹിക്കാൻ ആ സഭകളെ സഹായിക്കുകയും ചെയ്യും. ഇതരഭാഷയിൽ യോഗങ്ങൾ നടത്തിയാൽ എത്ര പേർ ഹാജരാകുമെന്ന് അറിയാൻ ഇടയ്ക്കിടെ ആ ഭാഷയിൽ ഒരു പരസ്യപ്രസംഗമോ വീക്ഷാഗോപുര അധ്യയനമോ ക്രമീകരിക്കാവുന്നതാണ്.
പിൻവരുന്ന സാഹചര്യങ്ങൾ ഒത്തുവരുന്നപക്ഷം ഒരു ഇതരഭാഷാ കൂട്ടം രൂപീകരിക്കാനാവും: (1) ആ ഭാഷയിൽ സുവാർത്ത ഏറ്റവും മെച്ചമായി മനസ്സിലാകുന്ന താത്പര്യക്കാരോ പ്രസാധകരോ ഉണ്ടായിരിക്കുക. (2) നേതൃത്വം നൽകുന്നതിനും വാരത്തിൽ ഒരു യോഗമെങ്കിലും നടത്തുന്നതിനും യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ലഭ്യമായിരിക്കുക. (3) കൂട്ടത്തെ പിന്തുണയ്ക്കാൻ മൂപ്പന്മാരുടെ ഒരു സംഘം സന്നദ്ധരായിരിക്കുക. ഈ സാഹചര്യത്തിൽ മൂപ്പന്മാർ അത് ബ്രാഞ്ച് ഓഫീസിനെ അറിയിക്കണം. അപ്പോൾ കൂട്ടത്തെ ഔദ്യോഗികമായി അംഗീകരിക്കാനും കൂടുതലായ നിർദേശങ്ങൾ നൽകാനും സാധിക്കും.
മിക്കപ്പോഴും ഇതരഭാഷാ കൂട്ടങ്ങൾ ആദ്യം നടത്തുന്നത് പ്രതിവാര അടിസ്ഥാനത്തിലുള്ള സഭാ പുസ്തകാധ്യയനമാണ്. പിന്നീട് പരസ്യയോഗവും വീക്ഷാഗോപുര അധ്യയനവും പോലുള്ള മറ്റ് യോഗങ്ങളും നടത്താൻ മൂപ്പന്മാർ അംഗീകാരം നൽകിയേക്കാം. ആ ഭാഷ സംസാരിക്കാൻ അറിയാവുന്ന യോഗ്യതയുള്ള ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ബുദ്ധിയുപദേശകനായി സേവിക്കാൻ കഴിയുമെങ്കിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ 2, 3, 4 നിയമനങ്ങൾ മറ്റൊരു ക്ലാസ്സ്റൂമിൽ വെച്ച് നടത്താവുന്നതാണ്. എന്നിരുന്നാലും പ്രബോധന പ്രസംഗം, ബൈബിൾ വിശേഷാശയങ്ങൾ, സേവനയോഗം എന്നിവയ്ക്കായി കൂട്ടം, അതിനെ പിന്തുണയ്ക്കുന്ന സഭയൊന്നിച്ച് കൂടിവരുന്നതായിരിക്കും. കൂട്ടത്തിനു വേണ്ടി പ്രത്യേകമായി വയൽസേവന യോഗങ്ങളും ക്രമീകരിക്കാവുന്നതാണ്.
ഇതരഭാഷാ കൂട്ടത്തിലുള്ള എല്ലാവരും മൂപ്പന്മാരുടെ സംഘത്തിന്റെ മേൽവിചാരണയിൻകീഴിൽ അടുത്തു പ്രവർത്തിക്കും. മൂപ്പന്മാർ സമനിലയോടെയുള്ള മാർഗനിർദേശം പ്രദാനം ചെയ്യുകയും കൂട്ടത്തിലുള്ളവരുടെ ആവശ്യങ്ങൾക്കായി കരുതുന്നതിൽ സജീവ താത്പര്യം പ്രകടമാക്കുകയും വേണം. സർക്കിട്ട് മേൽവിചാരകൻ സഭയെ സന്ദർശിക്കുമ്പോൾ ഇതരഭാഷാ കൂട്ടത്തെ ആത്മീയമായി കെട്ടുപണി ചെയ്യാനായി അവരോടൊപ്പവും പ്രവർത്തിക്കാൻ ക്രമീകരിക്കും. യഹോവയുടെ അനുഗ്രഹത്താൽ ഇതരഭാഷാ കൂട്ടം കാലക്രമത്തിൽ ഒരു സഭയായിത്തീർന്നേക്കാം.