-
സകല ഭാഷകളിൽനിന്നും ആളുകളെ കൂട്ടിച്ചേർക്കൽരാജ്യ ശുശ്രൂഷ—2002 | ജൂലൈ
-
-
സകല ഭാഷകളിൽനിന്നും ആളുകളെ കൂട്ടിച്ചേർക്കൽ
1 ദൈവത്തിന്റെ വചനം നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു! “ജാതികളുടെ സകല ഭാഷകളിൽനിന്നു”മുള്ള ആളുകൾ സത്യാരാധന സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. (സെഖ. 8:23) ഇന്ത്യയിലെ സകല ‘വംശങ്ങളിലും ഗോത്രങ്ങളിലും ഭാഷകളിലുമുള്ള’ ആളുകളെ മഹോപദ്രവത്തെ അതിജീവിക്കുകയെന്ന പ്രതീക്ഷയോടെ, യഹോവയുടെ മുമ്പാകെ ഒരു ശുദ്ധമായ നിലയിലേക്കു വരാൻ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു സഹായിക്കുന്നത്?—വെളി. 7:9, 14, NW.
2 ദൈവത്തിന്റെ സംഘടന പ്രതികരിക്കുന്നു: ഈ രാജ്യത്തെങ്ങുമുള്ള ജനങ്ങൾ സുവാർത്തയുടെ പ്രാധാന്യം വ്യക്തമായി മനസ്സിലാക്കണമെന്ന ഉദ്ദേശ്യത്തിൽ ഭരണസംഘം 24 ഭാരതീയ ഭാഷകളിൽ ബൈബിൾ സാഹിത്യങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തിരിക്കുന്നു. ഇത്രയധികം ഭാഷകളിൽ സാഹിത്യങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുക എന്നതു ബൃഹത്തായ ഒരു വേലയാണ്. പ്രാപ്തരായ പരിഭാഷകരുടെ കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതും ഈ ഭാഷകളിലേക്കെല്ലാം നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരിഭാഷപ്പെടുത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതും ആ സാഹിത്യങ്ങൾ അച്ചടിച്ച് കയറ്റി അയയ്ക്കുന്നതുമെല്ലാം അതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, മുഖ്യ പങ്കു വഹിക്കുന്നത് ആളുകളുടെ പക്കൽ ബൈബിളിന്റെ ജീവരക്ഷാകരമായ സന്ദേശം എത്തിക്കുന്ന ഓരോ രാജ്യപ്രസാധകനുമാണ്.
3 വെല്ലുവിളി സ്വീകരിക്കൽ: മറ്റു ഭാഷക്കാരായ ധാരാളം ആളുകളെ അവരുടെ സ്വന്തം സംസ്ഥാനത്തിനു പുറത്തുള്ള പല വൻനഗരങ്ങളിലും കാണാൻ കഴിയും. ഇവരുടെ പക്കൽ സുവാർത്ത ഫലകരമായി എത്തിക്കാൻ കഴിയത്തക്കവിധം മറ്റു ഭാഷകളിലുള്ള സാഹിത്യങ്ങൾ നാം കൈയിൽ കരുതുന്നുണ്ടോ? ദൈവദാസന്മാരിൽ അനേകരും അതു ചെയ്യുക മാത്രമല്ല, തങ്ങളുടെ പ്രദേശത്തു പൊതുവേയുള്ള ഭാഷകളിലെ ലളിതമായ ഒരു അവതരണം പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിക്കുന്നവരുടെ പക്കൽ പോലും സത്യം എത്തിക്കാൻ സാധിക്കുന്നു. മുമ്പൊരിക്കലും യഹോവയെക്കുറിച്ചു കേൾക്കുകയോ ബൈബിളിനെക്കുറിച്ച് അറിയുകയോ ചെയ്തിട്ടില്ലാത്ത ചിലർ ഇപ്പോൾ ദൈവവചനത്തിലെ സത്യം സ്വീകരിക്കുന്നുണ്ട്.—റോമ. 15:21.
4 താത്പര്യം കാണിച്ച മറ്റു ഭാഷക്കാർ അവഗണിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ എന്തു ചെയ്യാനാകും? നിങ്ങൾ താമസിക്കുന്ന നഗരത്തിൽ താത്പര്യക്കാരന്റെ അതേ ഭാഷയിലുള്ള ഒരു സഭ ഉണ്ടെങ്കിൽ, ‘ദയവായി മടങ്ങിച്ചെല്ലുക’ ഫാറം (S-43) ഉപയോഗിച്ചു താത്പര്യക്കാരന്റെ മേൽവിലാസം ആ സഭയ്ക്കു നൽകാവുന്നതാണ്. അങ്ങനെയൊരു സഭ ഇല്ലെങ്കിൽ, ആ ഭാഷ അറിയാവുന്ന പ്രദേശത്തെ ഒരു പ്രസാധകനെ വിവരം ധരിപ്പിക്കാവുന്നതാണ്. അത്തരം സന്ദർശനങ്ങൾ നടത്താൻ നമ്മോട് അഭ്യർഥിക്കുന്നപക്ഷം, യാത്ര ചെയ്യുന്നതിനും ആ വ്യക്തിയെ കണ്ടുമുട്ടുന്നതിനും നല്ല ശ്രമം ചെയ്യാനാവില്ലേ? ഈ വിധത്തിൽ നമ്മുടെ പ്രദേശത്തുള്ള എല്ലാ വിഭാഗങ്ങളിലുംപെട്ട ആളുകൾക്ക് അവരുടെ സ്വന്തം ഭാഷയിൽ സുവാർത്ത പൂർണമായി കേൾക്കാൻ കഴിയും.—കൊലൊ. 1:25.
5 എല്ലാ പശ്ചാത്തലങ്ങളിലും ഭാഷകളിലുംപെട്ട ആളുകൾക്കു രാജ്യസന്ദേശം ആർഷകമാണ്. അവരുമായി സുവാർത്ത പങ്കുവെക്കാനുള്ള അവസരങ്ങൾ നമുക്കു പ്രയോജനപ്പെടുത്താം.
-
-
മഴക്കാലത്തു ‘വചനം പ്രസംഗിക്കുക’രാജ്യ ശുശ്രൂഷ—2002 | ജൂലൈ
-
-
മഴക്കാലത്തു ‘വചനം പ്രസംഗിക്കുക’
1 “വചനം പ്രസംഗിക്കുക; സാഹചര്യങ്ങൾ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വർത്തിക്കുക” എന്നു പൗലൊസ് ഉദ്ബോധിപ്പിച്ചു. (2 തിമൊ. 4:2, പി.ഒ.സി. ബൈബിൾ) എന്നാൽ, നമ്മിൽ അനേകർക്കും മഴക്കാലം ‘അനുകൂലമായ ഒരു സാഹചര്യം’ അല്ലായിരിക്കാം. കാരണം, ഈർപ്പമുള്ള അന്തരീക്ഷം, വെള്ളത്തിനടിയിലായ റോഡുകൾ, സാധാരണ ജീവിതത്തെ താറുമാറാക്കുന്ന മഴക്കാല രോഗങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെയൊക്കെ നാം നേരിടുന്നു. അത്തരം സാഹചര്യങ്ങളിൽ, നിരന്തരം ‘വചനം പ്രസംഗിക്കുക’ എന്നതു നമ്മെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. എന്നിരുന്നാലും, നല്ല ആസൂത്രണവും ശുഷ്കാന്തിയോടെയുള്ള ശ്രമവും ഉണ്ടെങ്കിൽ മഴക്കാലത്തും നമ്മുടെ തീക്ഷ്ണത നിലനിറുത്താൻ സാധിക്കും.
2 നല്ല വിവേചനയും മുൻകൂട്ടിയുള്ള ചിന്തയും പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. നല്ല ഒരു കുടയും മഴക്കോട്ടും ബൈബിൾ, സാഹിത്യങ്ങൾ, മാസികകൾ എന്നിവ നനയാതെ കൊണ്ടുനടക്കാൻ പറ്റിയ ബാഗും ഓരോ കുടുംബാംഗത്തിനും ഉണ്ടായിരിക്കേണ്ടതാണ്. നിങ്ങൾ ഒരു ഇരുചക്രവാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ, നനഞ്ഞതോ ചെളിയുള്ളതോ ആയ വഴികളിലൂടെ ശ്രദ്ധിച്ച് ഓടിക്കുക. ജലദോഷവും വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളും പിടിപെടാതിരിക്കാൻ കൂടുതലായ മുൻകരുതലുകൾ സ്വീകരിക്കുക.
3 സാധ്യമെങ്കിൽ, നിങ്ങളെ വീടിനകത്തേക്കു ക്ഷണിക്കാൻ കൂടുതൽ ചായ്വുള്ള ആളുകൾ താമസിക്കുന്ന പ്രദേശം തിരഞ്ഞെടുക്കുക. കാലാവസ്ഥ മോശമാകുന്നപക്ഷം, ശ്രദ്ധിക്കുന്നവരുടെ അടുക്കൽ മടക്കസന്ദർശനം നടത്താൻ പ്ലാൻ ചെയ്യുക, അതിനായി നല്ല രേഖ സൂക്ഷിക്കുക. സാക്ഷീകരണത്തിൽ ഏർപ്പെടാൻ നിർവാഹമില്ലാത്ത വിധം വെള്ളം പൊങ്ങിക്കിടക്കുന്നെങ്കിലോ? ടെലിഫോൺ സാക്ഷീകരണം നടത്തുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? 2001 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയിൽ ഇതു സംബന്ധിച്ച ചില പ്രായോഗിക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്കു ഫോൺ ഇല്ലെങ്കിൽ കത്തു മുഖേന സാക്ഷീകരിക്കാൻ കഴിയുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക.
4 കനത്ത മഴ പെയ്യുമ്പോൾ പതിവുപോലെ ബൈബിൾ അധ്യയനങ്ങൾക്കു പോകാനോ താത്പര്യക്കാരെ സന്ദർശിക്കാനോ നമുക്കു മടി തോന്നിയേക്കാം. എന്നാൽ, നാം ചെയ്യുന്ന കൂടുതലായ ശ്രമത്തിന് ഉളവാക്കാൻ കഴിയുന്ന ക്രിയാത്മക ഫലത്തെ കുറിച്ചു ചിന്തിക്കുക. ഒരു വനിത ഇപ്രകാരം പറഞ്ഞു: “ആ സാക്ഷികളുടെ തീക്ഷ്ണതയും ആത്മാർഥതയും എന്നിലും എന്റെ ഭർത്താവിലും നല്ല മതിപ്പുളവാക്കി. അവർ ചെറിയൊരു മോട്ടോർസൈക്കിളിലാണു പ്രവർത്തനത്തിനു പോയിരുന്നത്. മഴക്കാലത്തെ കോരിച്ചൊരിയുന്ന പേമാരി പോലും അവർക്ക് ഒരു തടസ്സമായിരുന്നില്ല.” ആ വനിത പിന്നീട് സ്നാപനമേറ്റ ഒരു സഹോദരിയായിത്തീർന്നു. മഴക്കാലത്തു ചെയ്ത ത്യാഗത്തിന് എത്ര നല്ല പ്രതിഫലം!
5 മൂപ്പന്മാർക്ക്, പ്രത്യേകിച്ചു സേവനമേൽവിചാരകന്, വയൽപ്രവർത്തനം ഇപ്പോഴുള്ളതുപോലെതന്നെ മഴക്കാലത്തും തുടരുന്നതിനായി ഒരു പ്രായോഗിക പട്ടിക ഉണ്ടാക്കാവുന്നതാണ്. സഭയുടെ പ്രദേശത്ത് ബഹുനില അപ്പാർട്ടുമെന്റുകളോ സന്ദർശകർക്കു നനയാതെ കയറി നിൽക്കാൻ പറ്റിയ പാർപ്പിട സമുച്ചയങ്ങളോ ഉണ്ടോ? മഴക്കാലത്ത് എന്തുകൊണ്ട് ഈ പ്രദേശങ്ങളിൽ പ്രവർത്തിച്ചുകൂടാ? ശക്തമായ കാറ്റുള്ള സമയങ്ങളിൽ കോളെജുകളിലെയോ യൂണിവേഴ്സിറ്റികളിലെയോ ഹോസ്റ്റലുകൾ സാക്ഷീകരണത്തിനു യോജിച്ച മേഖലകളാണ്. മഴയാണ് എന്നതിന്റെ പേരിൽ തെരുവു സാക്ഷീകരണം നിറുത്തേണ്ടതില്ല. നല്ല സംഘാടനമുണ്ടെങ്കിൽ കച്ചവടസ്ഥലങ്ങൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും നനയാതെ നിൽക്കാൻ പറ്റിയ മറ്റു പൊതുസ്ഥലങ്ങളിലും ഇതു വിവേചനയോടെ ചെയ്യാൻ സാധിക്കും.
6 അക്ഷരീയമായ ജലം വരണ്ടുണങ്ങിയ ഒരു പ്രദേശത്തെ കുളിർമയുള്ളത് ആക്കുന്നതുപോലെ, സത്യത്തിന്റെ ജീവദായക ജലം കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷം നമുക്ക് ആസ്വദിക്കാം.—വെളി. 22:17.
-