നാം യഹോവയുടെ അധികാരത്തെ ആദരിക്കണം
കോരഹ്, ദാഥാൻ, അബീരാം. ഈ പുരാതന പേരുകൾ കേൾക്കുമ്പോൾ നിങ്ങളുടെ ഓർമയിൽ ഓടിയെത്തുന്നത് എന്താണ്? മത്സരം! എന്തിനോട്? ദൈവിക അധികാരത്തോടുതന്നെ. അവരുടെ ദുരന്തപൂർണമായ ഗതി സംബന്ധിച്ച വിശദാംശങ്ങൾ സംഖ്യാപുസ്തകം 16-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 2002 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിലെ “ദൈവിക അധികാരത്തിനു വിശ്വസ്തതയോടെ കീഴ്പെടുക” എന്ന ലേഖനത്തിൽ ആ സംഭവത്തിന്റെ സംഗ്രഹം കാണാൻ കഴിയും. ആ ലേഖനം വായിക്കുന്നതും, തുടർന്ന് യഹോവയുടെ അധികാരത്തെ ആദരിക്കുക എന്ന ചിന്തോദ്ദീപകമായ വീഡിയോ കാണുന്നതും പ്രയോജനകരം ആണെന്ന് നിങ്ങൾ കണ്ടെത്തും. അഖിലാണ്ഡ പരമാധികാരിയായ യഹോവയാം ദൈവവുമായി ഏറ്റുമുട്ടാൻ നിശ്ചയിച്ചുറച്ച മത്സരിയായ കോരഹിനും വിശ്വസ്തരായ അവന്റെ മക്കൾക്കും ഇടയിൽ ഉരുത്തിരിഞ്ഞ ആശയസംഘട്ടനം നിങ്ങൾക്ക് അതിൽ നിരീക്ഷിക്കാൻ കഴിയും. (സംഖ്യാ. 26:9-11) യഹോവയോടുള്ള നമ്മുടെ വിശ്വസ്തത പൂർവാധികം ശക്തമാക്കാൻ ഈ ചരിത്ര നാടകം നമ്മെ പ്രചോദിപ്പിക്കണം.
വീഡിയോ കാണുമ്പോൾ, കോരഹും മത്സരികളായ അവന്റെ കൂട്ടാളികളും വിശ്വസ്തതയുടെ പരിശോധനയിൽ നിർണായകമായ ആറു മേഖലകളിൽ പരാജയപ്പെട്ടതിന്റെ തെളിവുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുക: (1) ദൈവിക അധികാരത്തോട് അവർ എങ്ങനെയാണ് അനാദരവു പ്രകടമാക്കിയത്? (2) അഹങ്കാരത്തിനും അധികാരമോഹത്തിനും അസൂയയ്ക്കും വശംവദരാകാൻ അവർ തങ്ങളെത്തന്നെ അനുവദിച്ചത് എപ്രകാരം? (3) യഹോവയാൽ നിയമിക്കപ്പെട്ടവരുടെ കുറവുകളിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചത് എങ്ങനെ? (4) പരാതി പറയുന്നതിൽ അവർ ഏതു മനോഭാവം വളർത്തിയെടുത്തിരുന്നു? (5) തങ്ങളുടെ സേവനപദവിയിൽ അവർ അസംതൃപ്തർ ആയിത്തീർന്നിരുന്നത് എന്തുകൊണ്ട്? (6) ദൈവത്തോടുള്ള വിശ്വസ്തതയെ കാറ്റിൽ പറത്തിക്കൊണ്ട് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും അവർ കൂറു പുലർത്തിയത് എങ്ങനെ?
ഈ ബൈബിൾനാടകം പഠിപ്പിക്കുന്ന പാഠങ്ങൾ, ഇന്ന് ദൈവിക അധികാരത്തോടുള്ള നമ്മുടെ വീക്ഷണത്തിനു ബാധകമാകുന്നത് എങ്ങനെ എന്നു പരിചിന്തിക്കുക: (1) സഭാമൂപ്പന്മാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോടു നാം എപ്രകാരം പ്രതികരിക്കണം, എന്തുകൊണ്ട്? (2) നമ്മുടെ ഉള്ളിൽ മുളപൊട്ടുന്ന ഏതൊരു അനുചിത ആന്തരത്തെയും നമുക്ക് എങ്ങനെ അമർച്ച ചെയ്യാൻ കഴിയും? (3) നേതൃത്വം വഹിക്കാൻ നിയമിക്കപ്പെട്ടിരിക്കുന്നവരുടെ അപൂർണതകളോടു നാം ഏതു വിധത്തിൽ പ്രതികരിക്കണം? (4) നമ്മുടെ ഹൃദയത്തിൽ പരാതിയുടെ ആത്മാവ് വികാസം പ്രാപിക്കാൻ തുടങ്ങിയാൽ നാം എന്തു ചെയ്യണം? (5) നമ്മെ ഭരമേൽപ്പിച്ചിട്ടുള്ള ഏതൊരു പദവി സംബന്ധിച്ചും നമുക്ക് എന്തു തോന്നണം? (6) ഒരിക്കലും നാം ആരോട് ദൈവത്തെക്കാൾ അധികം ‘വിശ്വസ്തത’ പുലർത്തരുത്, ഇതു നമുക്ക് ഒരു കടുത്ത പരിശോധന ആയിത്തീർന്നേക്കാവുന്നത് എപ്പോൾ?
ഈ വിവരങ്ങൾ സഭയിൽ ചർച്ച ചെയ്തശേഷം, ആ വീഡിയോ ഒരിക്കൽക്കൂടി കാണരുതോ? യഹോവയുടെ അധികാരത്തെ നാം എല്ലായ്പോഴും ആദരിക്കേണ്ടതിന്റെ കാരണങ്ങൾ മനസ്സിൽ ആഴത്തിൽ പതിയാൻ അത് ഇടയാക്കട്ടെ!—സങ്കീ. 18:25, NW; 37:28, NW.