ബൈബിളിനു കൂടുതൽ പ്രാധാന്യം നൽകുന്നു!
1 ആദ്യമായി സുവർണയുഗം എന്ന മാസിക ഇംഗ്ലീഷിൽ 1919 ഒക്ടോബർ 1-ന് പ്രസിദ്ധീകരിച്ചു. അത് പ്രസംഗവേലയിൽ അമൂല്യമായ ഒരു ഉപകരണമാണെന്നു തെളിഞ്ഞു. എന്തുകൊണ്ട്? കാരണം അത് വിശേഷാൽ പൊതുജനങ്ങളെ മനസ്സിൽക്കണ്ട് തയ്യാറാക്കിയ ഒന്നായിരുന്നു. എന്നാൽ വീക്ഷാഗോപുരത്തിന്റെ സ്ഥിതി അതായിരുന്നില്ല. മുഖ്യമായും “ചെറിയ ആട്ടിൻകൂട്ട”ത്തിനുവേണ്ടിയുള്ള മാസികയായി അത് വർഷങ്ങളോളം വീക്ഷിക്കപ്പെട്ടു. (ലൂക്കൊ. 12:32) രാജ്യപ്രസാധകർ അത്യുത്സാഹത്തോടെയാണ് പുതിയ പ്രസിദ്ധീകരണം സ്വീകരിച്ചത്, വർഷങ്ങളോളം വീക്ഷാഗോപുരത്തെക്കാൾ കൂടുതലായി വിതരണം ചെയ്യപ്പെട്ടിരുന്നത് സുവർണയുഗത്തിന്റെ പ്രതികളായിരുന്നു എന്നത് അതിനു തെളിവാണ്.
2 സുവർണയുഗം പ്രസിദ്ധീകരിച്ചത്, മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള യഥാർഥ പരിഹാരം ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയാണെന്നും ആ ഭരണം തീർച്ചയായും ഒരു സുവർണയുഗം ആനയിക്കുമെന്നും ആളുകൾക്കു വ്യക്തമാക്കിക്കൊടുക്കുന്നതിനായിരുന്നു. തുടർന്നുവന്ന ദശാബ്ദങ്ങളിൽ കാലാനുസൃതമായ ആവശ്യങ്ങൾക്കു ചേർച്ചയിൽ സുവർണയുഗത്തിന് പല ഭേദഗതികളും വരുത്തുകയുണ്ടായി. 1937-ൽ അതിന്റെ പേര് ആശ്വാസം എന്നു മാറ്റി. 1946-ൽ അത് ഉണരുക! എന്നാക്കി, അതായത് ഇന്നുള്ള പേര്.
3 പ്രഥമ ലക്കം മുതൽ, മഹത്തായ സാക്ഷ്യം നൽകുന്നതിൽ ഈ മാസിക വലിയ പങ്കുവഹിച്ചിട്ടുണ്ട്. (മത്താ. 24:14) എന്നിരുന്നാലും, നാം ജീവിക്കുന്ന കാലത്തിന്റെ അടിയന്തിരത കണക്കിലെടുത്തുകൊണ്ട് ഉണരുക!യുടെ കാര്യത്തിൽ കൂടുതലായ ചില മാറ്റങ്ങൾ വരുത്തുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു.
4 ദശലക്ഷങ്ങൾ ഉണരുക! വായിക്കുന്നത് ആസ്വദിക്കുന്നു. വളരെയധികം വ്യത്യസ്തങ്ങളായ മതേതര വിഷയങ്ങൾ രസകരമായി അതിൽ അവതരിപ്പിക്കുന്നു എന്നതാണ് അതിനു കാരണം. ഓരോ വർഷവും സ്മാരകത്തിനു ഹാജരാകുന്നവരിൽ ബഹുഭൂരിപക്ഷവും ഉണരുക!യുടെ സ്ഥിര വായനക്കാരാണ് എന്നതിൽ അതിശയമില്ല. എന്നിരുന്നാലും “യഹോവയുടെ കോപദിവസത്തിൽ മറ”യ്ക്കപ്പെടാൻ പ്രത്യാശിക്കുന്ന ഏതൊരാളും നമ്മുടെ പ്രസിദ്ധീകരണങ്ങൾ ക്രമമായി വായിക്കുക എന്നതിലുപരി മറ്റു ചിലതുകൂടെ ചെയ്യേണ്ടതുണ്ട്, അതിന് അവർക്കു സഹായം ആവശ്യമാണുതാനും.—സെഫ. 2:3; വെളി. 14:6, 7.
5 അതുകൊണ്ട് 2006 ജനുവരി മുതൽ ഉണരുക! ദൈവരാജ്യത്തിന് കൂടുതൽ ഊന്നൽ നൽകും. തങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ബൈബിളിലേക്കു നോക്കാൻ അത് വായനക്കാരെ വളച്ചുകെട്ടില്ലാതെ പ്രോത്സാഹിപ്പിക്കും. കൂടാതെ ആനുകാലിക സംഭവങ്ങളെ സംബന്ധിച്ച ബൈബിളിന്റെ വിശദീകരണം കൂടുതൽ ശ്രദ്ധേയമായ വിധത്തിൽ വിശേഷവത്കരിക്കുകയും ചെയ്യും. ആ വിധത്തിൽ ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള മെച്ചമായ ഗ്രാഹ്യം വായനക്കാർക്കു ലഭിക്കും, ഒരുപക്ഷേ അവർ വായിക്കുന്ന ആ കാര്യങ്ങൾ യഹോവയെക്കുറിച്ചു കൂടുതലായി പഠിക്കുന്നതിന് അവരെ പ്രേരിപ്പിച്ചേക്കാം.—സെഖ. 8:23.
6 പൊതുജന താത്പര്യമുള്ള വിഷയങ്ങൾ ഉണരുക!യിൽ തുടർന്നും പ്രസിദ്ധീകരിക്കുന്നതാണ്. എന്നിരുന്നാലും ബൈബിളിനു കൂടുതൽ പ്രാധാന്യം നൽകുന്നതായിരിക്കും. (1 തെസ്സ. 2:13) വീക്ഷാഗോപുരത്തിൽ ആഴമായ ബൈബിൾ വിഷയങ്ങൾ അടങ്ങിയിരിക്കുകയും ഉണരുക!യിൽ ബൈബിളധിഷ്ഠിത വിവരങ്ങൾ കൂടുതലായി പ്രസിദ്ധീകരിക്കാൻ പോകുകയും ചെയ്യുന്ന സ്ഥിതിക്ക്, ഓരോ മാസവും ഇംഗ്ലീഷ് ഉണരുക!യുടെ രണ്ടു ലക്കങ്ങൾ വീതം പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യം ഉള്ളതായി തോന്നുന്നില്ല. അതുകൊണ്ട് 2006 ജനുവരി ലക്കം മുതൽ ഇംഗ്ലീഷ് ഉണരുക! പ്രതിമാസ പതിപ്പ് ആയിരിക്കും. അങ്ങനെ, അതു തയ്യാറാക്കുകയും പരിഭാഷ ചെയ്യുകയും അയയ്ക്കുകയും ചെയ്യുന്നതിനോടുള്ള ബന്ധത്തിൽ വളരെയേറെ ജോലി കുറയ്ക്കാനാകും.
7 ഈ മാറ്റം ഉണരുക! പ്രസിദ്ധീകരിക്കപ്പെടുന്ന ഏതാണ്ട് 40 ശതമാനത്തോളം ഭാഷകളെ ബാധിക്കും. മിക്ക ഭാഷകളിലും ഉണരുക! ഇപ്പോൾത്തന്നെ പ്രതിമാസ പതിപ്പോ ത്രൈമാസ പതിപ്പോ ആണ്. വീക്ഷാഗോപുരം പ്രസിദ്ധീകരിക്കുന്നതിനോടുള്ള ബന്ധത്തിൽ യാതൊരു മാറ്റവും ഇല്ല.
8 അതുകൊണ്ട് ഇംഗ്ലീഷിലുള്ള ഉണരുക! മാസിക സമർപ്പിക്കുന്ന പ്രസാധകർക്ക്, ഓരോ മാസത്തെയും രണ്ടു വീക്ഷാഗോപുര ലക്കങ്ങളിൽ ഏതിന്റെ കൂടെ വേണമെങ്കിലും അതു സമർപ്പിക്കാവുന്നതാണ്. അവതരണം മാറ്റാതെ, മാസത്തിൽ ഉടനീളം അവർക്ക് ഒരേ ലക്കംതന്നെ ഉപയോഗിക്കാം.
9 സുവർണയുഗം, ആശ്വാസം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നതും ഇപ്പോൾ ഉണരുക! എന്ന പേരിൽ അറിയപ്പെടുന്നതുമായ ഈ മാസിക, 1919-ലെ അതിന്റെ ആദ്യ ലക്കം മുതൽ പ്രസംഗവേലയിൽ ഒരു പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. ഉള്ളടക്കത്തിൽ ഭേദഗതിവരുത്തിയ ശേഷവും ഈ മാസികയുടെ വിതരണത്തിൽ യഹോവയുടെ അനുഗ്രഹം ഉണ്ടാകുമെന്നും ഇത് “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു” നിരവധി ആളുകളെ കൂടെ തങ്ങളുടെ ഏക പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തിലേക്കു തിരിയുന്നതിനു സഹായിക്കുമെന്നും ഞങ്ങൾ പ്രത്യാശിക്കുന്നു.—വെളി. 7:9.
[അധ്യയന ചോദ്യങ്ങൾ]
1. ആദ്യകാലത്ത് വീക്ഷാഗോപുരവും സുവർണയുഗവും പ്രാഥമികമായി ആർക്കുവേണ്ടിയാണ് പ്രസിദ്ധീകരിച്ചിരുന്നത്?
2. സുവർണയുഗത്തിന്റെ ഇന്നത്തെ പേര് എന്ത്, തുടക്കംമുതൽ അതിന്റെ ഉദ്ദേശ്യം എന്തായിരുന്നു?
3. ഏതു പ്രവചന നിവൃത്തിയോടുള്ള ബന്ധത്തിൽ ഉണരുക! ശക്തമായ ഒരു ഉപകരണമായിരുന്നിട്ടുണ്ട്?
4. (എ) “യഹോവയുടെ കോപദിവസത്തിൽ മറ”യ്ക്കപ്പെടുന്നതിന് ഒരാൾ എന്തു ചെയ്യണം? (ബി) വെളിപ്പാടു 14:6, 7 പറയുന്നതനുസരിച്ച് ‘ആകാശമദ്ധ്യേ പറക്കുന്ന ദൂതൻ’ എല്ലാവരോടും എന്തു ചെയ്യാനാണ് ഉദ്ഘോഷിക്കുന്നത്?
5. (എ) 2006 ജനുവരി മുതലുള്ള ഉണരുക!യിൽ മുഖ്യമായി എന്തു വിശേഷവത്കരിക്കുന്നതാണ്? (ബി) അനേകരും എന്തു ചെയ്യാൻ പ്രേരിതരായേക്കാം, ഏതു പ്രവചനത്തിന്റെ നിവൃത്തിയായി?
6, 7. (എ) 1 തെസ്സലൊനീക്യർ 2:13 ബാധകമാക്കാൻ അനേകരെ സഹായിക്കുംവിധം ഉണരുക!യിൽ എന്തു ഭേദഗതി വരുത്തും? (ബി) ഉണരുക! എത്ര കൂടെക്കൂടെ പ്രസിദ്ധീകരിക്കും, ഈ മാറ്റം എത്ര ഭാഷകളെ ബാധിക്കും?
8. വീക്ഷാഗോപുരത്തോടൊപ്പം പ്രസാധകർ ഉണരുക! എങ്ങനെ ഉപയോഗിച്ചേക്കാം?
9. ഉണരുക! തുടർന്നും എന്തു പങ്കു വഹിക്കും?