യഹോവയുടെ സാക്ഷികളുടെ 2006-ലെ “വിടുതൽ സമീപം” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
1. പുരാതന കാലത്ത് ദൈവജനം സത്യാരാധനയോടുള്ള തങ്ങളുടെ വിലമതിപ്പ് പ്രകടിപ്പിച്ചത് എങ്ങനെ, സമാനമായ എന്ത് അവസരമാണ് ഇന്നു നമുക്കുള്ളത്?
1 ആളുകൾ യെരൂശലേമിൽ കൂടിവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അവരുടെ പക്കൽ എത്തിക്കുന്നതിന് പുരാതന യഹൂദയിലെ രാജാവായ ഹിസ്കീയാവ് ഓട്ടാളരെ അഥവാ ഓട്ടക്കാരെ ഉപയോഗിച്ചു. (2 ദിന. 30:6, 13) ജനങ്ങളുടെ പ്രതികരണം സത്യാരാധനയോടുള്ള അവരുടെ മനോഭാവം വെളിപ്പെടുത്തി. (2 ദിന. 30:10-12) സമാനമായി, വരും മാസങ്ങളിൽ യഹോവയുടെ ഇന്നത്തെ ദാസന്മാർക്കും അവനെ ആരാധിക്കുന്നതിനായി കൂടിവരുന്നതിനുള്ള പദവിയോട് ഹൃദയംഗമമായ വിലമതിപ്പു പ്രകടിപ്പിക്കാൻ അവസരമുണ്ട്. “വിടുതൽ സമീപം” ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകുന്നതിനു നിങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്ത് നിങ്ങളുടെ സഭയ്ക്ക് അയച്ചിരിക്കുന്നു. ആ ക്ഷണത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കും? മുൻ വർഷങ്ങളിൽ നിരവധി ചെറിയ കൺവെൻഷനുകൾ നടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുകയുണ്ടായി. പുതിയവരായ അനേകർക്ക് കൺവെൻഷനുകളിൽ അനായാസം സംബന്ധിക്കാനും പല ചെറുനഗരങ്ങളിലെ ആളുകൾക്ക് യഹോവയുടെ സാക്ഷികളെ അടുത്തു നിരീക്ഷിക്കാനും കഴിയേണ്ടതിനാണ് അങ്ങനെ ചെയ്തത്. എന്നാൽ ഈ വർഷം വലിയ കൺവെൻഷനുകളാകും നടത്തപ്പെടുക. അത് അനവധി സ്ഥലങ്ങളിൽനിന്നുള്ള സാക്ഷികളുമായി സഹവസിക്കുന്നതിനുള്ള അവസരം പ്രദാനംചെയ്യും.
2. കൺവെൻഷനിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന് നമുക്ക് ഇപ്പോൾ എന്തു ചെയ്യാം?
2 ഇപ്പോൾത്തന്നെ ക്രമീകരണങ്ങൾ ചെയ്യുക: സ്നേഹപൂർവം തയ്യാറാക്കിയിരിക്കുന്ന ആത്മീയ പരിപാടിയിൽനിന്നു പൂർണ പ്രയോജനം നേടുന്നതിന് നാം മുഴു പരിപാടിക്കും ഹാജരാകേണ്ടതുണ്ട്. നിങ്ങൾക്കും കുടുംബത്തിനും മൂന്നു ദിവസവും ഹാജരാകാൻ കഴിയേണ്ടതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജ്ഞാനപൂർവം ഇപ്പോൾത്തന്നെ ചെയ്തുതുടങ്ങുക. (സദൃ. 21:5, NW) അത്തരം ഒരുക്കങ്ങളിൽ തൊഴിലുടമയോട് അവധിക്ക് അപേക്ഷിക്കുന്നതും അവിശ്വാസിയായ ഇണയോട് ഇതേക്കുറിച്ചു ചർച്ചചെയ്യുന്നതും താമസസൗകര്യം ക്രമീകരിക്കുന്നതും എല്ലാ ദിവസവും ഹാജരാകുന്നതിന് ബൈബിൾ വിദ്യാർഥികളെ സഹായിക്കുന്നതും മറ്റും ഉൾപ്പെട്ടേക്കാം. ഈ സുപ്രധാന കാര്യങ്ങൾ അവസാന നിമിഷത്തേക്കു മാറ്റിവെക്കരുത്. പകരം, യഹോവതന്നെ “അതു നിർവ്വഹിക്കും” എന്ന ഉറച്ച ബോധ്യത്തോടെ അക്കാര്യങ്ങൾ പ്രാർഥനയിൽ ഉൾപ്പെടുത്തുക. (സങ്കീ. 37:5) കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തുകൊണ്ട് സാമ്പത്തിക സമ്മർദം ഒഴിവാക്കാനാകും. ഇപ്പോൾമുതൽ കൺവെൻഷൻവരെ ആഴ്ചതോറും ഒരു മിതമായ തുക സൂക്ഷിച്ചുവെക്കാൻ കഴിഞ്ഞാൽ മുഴു കുടുംബാംഗങ്ങൾക്കും യാത്രയ്ക്കും താമസത്തിനുമുള്ള ചെലവു വഹിക്കാൻ അതു മതിയായേക്കുമെന്ന് നാം കണ്ടെത്തിയേക്കാം.—1 കൊരിന്ത്യർ 16:2 താരതമ്യം ചെയ്യുക.
3. നമ്മുടെ താമസസൗകര്യത്തിനായി ചെയ്തിരിക്കുന്ന ക്രമീകരണങ്ങളോടു നാം സഹകരിക്കേണ്ടത് എന്തുകൊണ്ട്?
3 ഓരോ കൺവെൻഷൻ നഗരത്തിലും വേണ്ടത്ര താമസസൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ യഹോവയുടെ സംഘടന വളരെയധികം ശ്രമം ചെയ്തിരിക്കുന്നു. ഈ ക്രമീകരണങ്ങൾ ചെയ്യുന്നതിനു സഹായിച്ച കഠിനാധ്വാനികളായ സഹോദരങ്ങളുടെ ആത്മത്യാഗ ശ്രമങ്ങളോടുള്ള വിലമതിപ്പും സഹ കൺവെൻഷൻ പ്രതിനിധികളോടുള്ള പരിഗണനയും ദിവ്യാധിപത്യ ക്രമത്തോടുള്ള ആദരവും ഈ ലേഖനത്തിൽ പ്രദാനം ചെയ്തിരിക്കുന്ന മാർഗനിർദേശത്തോടു പൂർണമായി സഹകരിക്കാൻ നമ്മെ പ്രേരിപ്പിക്കണം.—1 കൊരി. 13:5; 1 തെസ്സ. 5:12, 13, NW; എബ്രാ. 13:17.
4-6. ഹോട്ടൽ ബുക്കുചെയ്യുന്നതിനോടുള്ള ബന്ധത്തിൽ ഏതെല്ലാം സുപ്രധാന ആശയങ്ങൾ മനസ്സിൽപ്പിടിക്കണം, എന്തുകൊണ്ട്? (4-ാം പേജിലെ ചതുരം ഉൾപ്പെടുത്തുക.)
4 ഹോട്ടൽ ബുക്കിങ്ങുകൾ: താമസിക്കാൻ ശുപാർശ ചെയ്യുന്ന, ലഭ്യമായ ഹോട്ടലുകളുടെ പട്ടിക കൺവെൻഷൻ തീയതിക്ക് വളരെ മുമ്പേതന്നെ നോട്ടീസ് ബോർഡിൽ ഇടുന്നതാണ്. നിങ്ങളുടെ സഹകരണം ഓരോ വർഷവും കൺവെൻഷൻ സ്ഥലത്തിന് അടുത്തുതന്നെ കുറഞ്ഞ നിരക്കിൽ നല്ല മുറികൾ ക്രമീകരിക്കുക എന്ന ലക്ഷ്യം നേടുന്നതിനു സഹായിക്കും.—1 കൊരി. 14:39ബി.
5 കൺവെൻഷൻ സമയത്തു നിങ്ങൾക്ക് യഥാർഥത്തിൽ ആവശ്യമായ അത്രയും മുറികൾ മാത്രം ബുക്കുചെയ്യുന്നതു പ്രധാനമാണ്. മറ്റാർക്കെങ്കിലും വേണ്ടി മുറി ബുക്കുചെയ്തേക്കാമെന്നു നിങ്ങൾ നേരത്തേതന്നെ സമ്മതിക്കുകയോ മുറി വേണമെന്നുള്ളവരുടെ പേരുകൾ നൽകുകയോ ചെയ്യാത്തപക്ഷം മറ്റു കൺവെൻഷൻ പ്രതിനിധികൾക്കുവേണ്ടി മുറി ബുക്കുചെയ്യരുത്. കാരണം ഇത് കൺവെൻഷനുവേണ്ടി കൂടുതൽ മുറികൾ ബുക്കുചെയ്തിരിക്കുന്നുവെന്ന ധാരണ ഉളവാക്കുകയും മറ്റുള്ളവർക്കു മുറി ബുക്കുചെയ്യുന്നത് ബുദ്ധിമുട്ടാക്കിത്തീർക്കുകയും ചെയ്യും. ഓരോ മുറിയും അവിടെ താമസിക്കാൻപോകുന്ന ആരുടെയെങ്കിലും പേരിൽവേണം ബുക്കുചെയ്യാൻ.
6 നിങ്ങളുടെ ബുക്കിങ് ഉറപ്പാക്കുന്നതിന്, ബുക്കുചെയ്തിരിക്കുന്ന ഓരോ മുറിക്കും ഉള്ള അഡ്വാൻസ് തുക നൽകേണ്ടതാണ്. അല്ലാത്തപക്ഷം ഹോട്ടലുകാർ ആ മുറി മറ്റാർക്കെങ്കിലും നൽകിയേക്കാം. ലിസ്റ്റിൽ കൊടുത്തിരിക്കുന്ന എല്ലാ ഹോട്ടലുകളിലേക്കും വിളിച്ചു നോക്കിയിട്ടും മുറിയൊന്നും ലഭിക്കുന്നില്ലെങ്കിലോ ഏതെങ്കിലും ഹോട്ടലുകാരുമായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിലോ നിങ്ങളുടെ സഭാ സെക്രട്ടറിയെ വിവരം അറിയിക്കുക. അദ്ദേഹം ലിസ്റ്റിന്റെ മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെടേണ്ടതാണ്, ബ്രാഞ്ച് ഓഫീസുമായിട്ടല്ല. ലിസ്റ്റിൽ ഇല്ലാത്ത ഒരു ഹോട്ടലിലേക്കു വിളിക്കുന്നതിനു പകരം നിങ്ങളുടെ കൺവെൻഷനു വേണ്ടിയുള്ള പുതുക്കിയ ലിസ്റ്റിനായി കാത്തിരിക്കുക.
7, 8. പ്രത്യേക ആവശ്യമുള്ളവർക്കുവേണ്ടി എങ്ങനെ കരുതാവുന്നതാണ്?
7 പ്രത്യേക ആവശ്യങ്ങൾ: സദൃശവാക്യങ്ങൾ 3:27 പറയുന്നു: “നന്മ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുത്.” കൺവെൻഷനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എങ്ങനെ മറ്റുള്ളവർക്കു നന്മ ചെയ്യാൻ കഴിയും? പ്രായമായ പ്രസാധകർ, രോഗികൾ, മുഴുസമയ സേവനത്തിലുള്ളവർ തുടങ്ങിയ പലർക്കും യാത്രയോടോ താമസസൗകര്യത്തോടോ ബന്ധപ്പെട്ട് സഹായം ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ളവരെ സഹായിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സ്വന്തക്കാർക്കാണ്. (1 തിമൊ. 5:4) എന്നാൽ അവർക്ക് അതു ചെയ്യാനാകുന്നില്ലെങ്കിൽ സഹവിശ്വാസികൾക്കു സഹായിക്കാൻ കഴിഞ്ഞേക്കും. (ഗലാ. 6:10) പുസ്തകാധ്യയന മേൽവിചാരകന്മാർ തങ്ങളുടെ കൂട്ടത്തിൽ പ്രത്യേക ആവശ്യമുള്ളവർ ആരാണെന്നു കണ്ടുപിടിച്ച് അവർക്ക് ആവശ്യമായ സഹായം ലഭിക്കുന്നുവെന്ന് എത്രയും നേരത്തേതന്നെ ഉറപ്പാക്കണം.
8 താമസസൗകര്യ ക്രമീകരണങ്ങൾ ചെയ്തുകൊടുക്കാൻ കുടുംബാംഗങ്ങൾക്കോ സഭയ്ക്കോ കഴിയാത്ത പ്രസാധകർക്കുവേണ്ടി മാത്രമേ, പ്രത്യേക ആവശ്യ മുറി അപേക്ഷ ഫാറങ്ങൾ ലഭ്യമായിരിക്കുകയുള്ളൂ. ഫാറത്തിലെയോ എല്ലാ മൂപ്പന്മാരുടെ സംഘങ്ങൾക്കും വേണ്ടിയുള്ള 2005 ഡിസംബർ 14-ലെ കത്തിലെയോ മാർഗനിർദേശം ഉപയോഗിച്ച് സഭാ സേവനക്കമ്മിറ്റി പ്രസാധകരുടെ യോഗ്യത വിലയിരുത്തണം. സഭയിൽ നല്ല നിലയിലുള്ള പ്രസാധകർക്കും അവരുടെ അച്ചടക്കമുള്ള മക്കൾക്കും മാത്രമുള്ളതാണ് ഈ കരുതൽ.
9. (എ) നാം നമ്മുടെ നിയമിത കൺവെൻഷനു ഹാജരാകേണ്ടത് എന്തുകൊണ്ട്? (ബി) നിങ്ങൾ മറ്റൊരു കൺവെൻഷനു ഹാജരാകേണ്ട സാഹചര്യം സംജാതമാകുന്നെങ്കിൽ എന്തു നടപടി പിൻപറ്റണം?
9 മറ്റൊരു കൺവെൻഷനു ഹാജരാകൽ: ഇരിപ്പിടം, സാഹിത്യം, താമസസൗകര്യം തുടങ്ങിയവ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പുവരുത്താൻ സാധിക്കേണ്ടതിന് നിങ്ങളുടെ സഭയുടെ നിയമിത കൺവെൻഷനു ഹാജരാകാൻ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ മറ്റൊരു കൺവെൻഷനു ഹാജരാകേണ്ട സാഹചര്യം സംജാതമാകുന്നെങ്കിൽ ആവശ്യമായ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ സഭാ സെക്രട്ടറിയെ കാണുക. ശുപാർശ ചെയ്തിരിക്കുന്ന താമസസൗകര്യ ക്രമീകരണത്തെക്കുറിച്ചോ മറ്റെന്തിനെക്കുറിച്ചെങ്കിലുമോ അറിയണമെന്നുണ്ടെങ്കിൽ അക്കാര്യം സൂചിപ്പിച്ചുകൊണ്ട്, നിങ്ങളുടെ മേൽവിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം കൺവെൻഷൻ മേൽവിലാസത്തിൽ കത്ത് അയയ്ക്കുക. ഒരേ നഗരത്തിൽത്തന്നെ ഒന്നിലധികം കൺവെൻഷൻ നടക്കുന്നപക്ഷം, നിങ്ങൾ ഹാജരാകുന്ന കൺവെൻഷന്റെ തീയതി കാണിച്ചിരിക്കണം.
10. വരാൻപോകുന്ന കൺവെൻഷനിൽ സന്തോഷത്തിനു സംഭാവനചെയ്യാൻ നമുക്കു കഴിയുന്ന ഒരു വിധമേത്?
10 മനസ്സൊരുക്കമുള്ള സ്വമേധയാ സേവകർ: കൺവെൻഷനു ഹാജരാകുകയും ആത്മീയ ആഹാരത്തിൽനിന്നും കെട്ടുപണി ചെയ്യുന്ന സഹവാസത്തിനുള്ള അവസരത്തിൽനിന്നും പ്രയോജനം നേടുകയും ചെയ്യുന്ന എല്ലാവർക്കും അത് ഏറെ സന്തോഷം കൈവരുത്തും എന്നതിനു സംശയമില്ല. കൺവെൻഷൻ ഒരു വിജയം ആക്കിത്തീർക്കാൻ ആവശ്യമായ വേലയിൽ സഹായിക്കുന്നതിന് നാം സ്വമേധയാ അർപ്പിക്കുന്നെങ്കിൽ നമ്മുടെ സന്തോഷം ഇനിയും വർധിക്കും. (പ്രവൃ. 20:35) ഈ വേലയിൽ പങ്കെടുക്കുന്നതിന് പ്രാദേശിക കൺവെൻഷൻ കമ്മിറ്റികൾ താമസിയാതെതന്നെ നിങ്ങളെ ക്ഷണിക്കുന്നതായിരിക്കും. നിങ്ങൾക്ക് അതിൽ പങ്കുപറ്റാനാകുമോ?—സങ്കീ. 110:3.
11. വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ കാര്യത്തിൽ നിങ്ങൾ ഏറ്റവും വിലമതിക്കുന്നത് എന്ത്, നിങ്ങളുടെ ഉറച്ച തീരുമാനം എന്തായിരിക്കണം?
11 ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകവേ ഒരു അഞ്ചു വയസ്സുകാരൻ പറഞ്ഞു: “യഹോവയുടെ ആരാധനയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഡിസ്ട്രിക്റ്റ് കൺവെൻഷനാണ്.” വാർഷിക ഡിസ്ട്രിക്റ്റ് കൺവെൻഷനു ഹാജരാകുന്നത് നാം എത്രമാത്രം ആസ്വദിക്കുന്നുവെന്നു തിരിച്ചറിയാൻ ഹൃദയംഗമമായ ആ അഭിപ്രായം നമ്മെയെല്ലാം സഹായിക്കുന്നു. അത് ശരിക്കും സങ്കീർത്തനക്കാരൻ പാടിയതുപോലെയാണ്: “നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ.” (സങ്കീ. 84:10) ‘യഹോവയുടെ മന്ദിരത്തിൽ ധ്യാനിപ്പാൻ തന്റെ ആയുഷ്കാലമൊക്കെയും യഹോവയുടെ ആലയത്തിൽ പാർക്കാനുള്ള’ ആഗ്രഹം ദാവീദ് തന്റെ ഗീതത്തിൽ പ്രകടിപ്പിച്ചു. (സങ്കീ. 27:4) യഹോവയുടെ ആരാധകരോടൊപ്പം ആയിരിക്കുന്നത് ദാവീദിന് അത്യന്തം സന്തോഷമുള്ള കാര്യമായിരുന്നു. “വിടുതൽ സമീപം” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ മൂന്നു ദിവസവും ഹാജരായിക്കൊണ്ട് സത്യാരാധനയോടുള്ള അവന്റെ വിലമതിപ്പ് നമുക്ക് അനുകരിക്കാം.
[3-ാം പേജിലെ ചതുരം]
പരിപാടിയുടെ സമയം
വെള്ളിയും ശനിയും
9:30 a.m. – 5:05 p.m.
ഞായർ
9:30 a.m. – 4:10 p.m.
[4-ാം പേജിലെ ചതുരം]
ഹോട്ടൽ മുറി ബുക്കുചെയ്യുന്നതിനുള്ള മാർഗം
1. ശുപാർശ ചെയ്തിരിക്കുന്ന ഹോട്ടലുകളുടെ പട്ടികയിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് സാധാരണ ജോലിസമയത്ത് ഹോട്ടലിൽ വിളിക്കുക.
2. യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സംബന്ധിക്കാനാണ് മുറി ബുക്കുചെയ്യുന്നതെന്ന് ഹോട്ടലുകാരോടു പറയുക.
3. നിങ്ങൾ അവിടെ എത്തുന്ന തീയതിയും തിരിച്ചു പോകുന്ന തീയതിയും കൃത്യമായി അറിയിക്കുക.
4. അവിടെ മുറി ഇല്ലാത്തപക്ഷം ലിസ്റ്റിൽ കാണിച്ചിരിക്കുന്ന മറ്റൊരു ഹോട്ടലിൽ വിളിക്കുക.
5. പട്ടികപ്പെടുത്തിയിരിക്കുന്നതിനെക്കാൾ ഉയർന്ന നിരക്കിൽ മുറി എടുക്കാൻ സമ്മതിക്കരുത്.
6. മുറി ബുക്കുചെയ്യുക; പത്തു ദിവസത്തിനകം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ, ചെക്കോ മണി ഓർഡറോ അയച്ചുകൊണ്ടോ ഡിപ്പോസിറ്റ് തുക നൽകുക. തുക പണമായി ഒരിക്കലും അയയ്ക്കരുത്. ഡിപ്പോസിറ്റ് അയയ്ക്കുന്നത് ചെക്കോ മണി ഓർഡറോ ആയിട്ടാണെങ്കിൽ മുറി ബുക്കുചെയ്തു എന്നതു സംബന്ധിച്ച വിശദാംശങ്ങളും കവറിൽ കാണിക്കണം.
7. ബുക്കിങ്ങിന്റെ രസീതോ ലിഖിത രേഖയോ ചോദിക്കുക.
ദയവായി
◼ നിങ്ങൾക്ക് ആവശ്യമുള്ള മുറികൾ മാത്രം ബുക്കുചെയ്യുക.
◼ നിങ്ങളുടെ ആദ്യ ബുക്കിങ്ങിനോടു പറ്റിനിൽക്കുക.—മത്താ. 5:37.
◼ ഹോട്ടലുകാർ അനുവദിക്കുന്നതിൽ കൂടുതൽ ആളുകളെ ഒരു മുറിയിൽ താമസിപ്പിക്കരുത്.