അന്യോന്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരം
1. സഞ്ചാരമേൽവിചാരകന്മാരുടെ സന്ദർശനങ്ങൾ എന്തിന് വേദിയൊരുക്കുന്നു?
1 അപ്പൊസ്തലനായ പൗലൊസ് റോമിലെ സഭയ്ക്ക് എഴുതി: “നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം [നമുക്കു പരസ്പരം പ്രോത്സാഹനം, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ചിക്കുന്നു.” (റോമർ 1:11, 12) സമാനമായി ഇന്നും സഞ്ചാരമേൽവിചാരകന്മാരുടെ സന്ദർശനങ്ങൾ അന്യോന്യമുള്ള പ്രോത്സാഹനത്തിനു വേദിയൊരുക്കുന്നു.
2. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം കാലേകൂട്ടി സഭയെ അറിയിക്കുന്നത് എന്തുകൊണ്ട്?
2 സഭ: സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം സാധാരണഗതിയിൽ മൂന്ന് മാസംമുമ്പേ സഭയെ അറിയിക്കുന്നു. പരമാവധി പ്രയോജനം നേടാൻ തക്കവിധം കാര്യങ്ങൾ ക്രമീകരിക്കാൻ അതുമൂലം നമുക്ക് സാധിക്കുന്നു. (എഫെ. 5:15, 16) ലൗകിക തൊഴിൽ ചെയ്യുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ അവധിയെടുത്തുകൊണ്ട് വാരത്തിലെ വയൽസേവന പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. സന്ദർശന മാസത്തിൽ സഹായപയനിയറായി സേവിക്കാൻ ചിലർ ക്രമീകരണങ്ങൾ ചെയ്യുന്നു. ആ വാരത്തിൽ മറ്റെവിടെയെങ്കിലും പോകാൻ പദ്ധതിയിട്ടിരിക്കുന്നപക്ഷം കാര്യാദികളിൽ കുറച്ചു മാറ്റങ്ങളൊക്കെ വരുത്തി സഭയിൽ ഉണ്ടായിരിക്കുന്നതിന് നിങ്ങൾ ക്രമീകരണം ചെയ്യുമോ?
3. സന്ദർശനവാരത്തിൽ പ്രോത്സാഹനം ലഭിക്കാൻവേണ്ടി നമുക്ക് വ്യക്തിപരമായി എന്തു ചെയ്യാനാകും?
3 വയൽ ശുശ്രൂഷയിൽ പരിശീലനവും വ്യക്തിപരമായ പ്രോത്സാഹനവും നൽകുക എന്നതാണ് സർക്കിട്ട് മേൽവിചാരകന്റെ സന്ദർശത്തിന്റെ ഒരു മുഖ്യ ഉദ്ദേശ്യം. അദ്ദേഹത്തോടൊപ്പമോ, വിവാഹിതനെങ്കിൽ ഭാര്യയോടൊപ്പമോ പ്രവർത്തിക്കാൻ നിങ്ങൾ സന്നദ്ധത കാണിക്കുമോ? ശുശ്രൂഷയിൽ അനുഭവം കുറഞ്ഞവരും അത്ര നിപുണതയില്ലാത്തവരും ഉൾപ്പെടെയുള്ള വ്യത്യസ്ത പ്രസാധകരുമൊത്ത് പ്രവർത്തിക്കുന്നതിന് സർക്കിട്ട് മേൽവിചാരകനു സന്തോഷമേയുള്ളൂ. അദ്ദേഹത്തിന്റെ അവതരണത്തിൽനിന്ന് നമുക്കെല്ലാം പഠിക്കാൻ കഴിയും, ഒപ്പം ദയാപുരസ്സരം നൽകുന്ന നിർദേശങ്ങൾ ബാധകമാക്കുന്നതിൽനിന്നും. (1 കൊരി. 4:16, 17) ഒരുനേരത്തെ ഭക്ഷണത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത് പ്രോത്സാഹജനകമായ സഹവാസത്തിനുള്ള കൂടുതലായ അവസരങ്ങൾ പ്രദാനം ചെയ്യും. (എബ്രാ. 13:1, 2) സഭയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി തയ്യാർചെയ്ത പ്രസംഗങ്ങൾ ആയതിനാൽ അവയ്ക്ക് അടുത്ത ശ്രദ്ധനൽകുക.
4. സർക്കിട്ട് മേൽവിചാരകനെ നമുക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാനാകും?
4 സർക്കിട്ട് മേൽവിചാരകൻ: സഭയിലെ മറ്റു സഹോദരങ്ങളെപ്പോലെതന്നെ ആയിരുന്നു അപ്പൊസ്തലനായ പൗലൊസും. പല വെല്ലുവിളികളും പ്രശ്നങ്ങളും നേരിട്ട അദ്ദേഹത്തിനും പ്രോത്സാഹനം ആവശ്യമായിരുന്നു. അത് അദ്ദേഹം അങ്ങേയറ്റം വിലമതിക്കുകയും ചെയ്തിരുന്നു. (2 കൊരി. 11:26-28) തടവിലായിരുന്ന പൗലൊസ് അവിടെ വരുന്നവിവരം റോമിലെ സഭ അറിഞ്ഞപ്പോൾ അദ്ദേഹത്തെ കാണാനായി ചിലർ 74 കിലോമീറ്ററോളം യാത്രചെയ്ത് അപ്യപുരത്തെ ചന്തസ്ഥലത്തു ചെന്നു. “അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.” (പ്രവൃ. 28:15) സമാനമായി, സർക്കിട്ട് മേൽവിചാരകനെ പ്രോത്സാഹിപ്പിക്കുന്നതിനു നിങ്ങൾക്കും കഴിയും. സന്ദർശനവാരത്തിലെ പ്രവർത്തനങ്ങൾക്ക് ഉത്സുകമായ പിന്തുണ നൽകിക്കൊണ്ട് അദ്ദേഹത്തിന് ‘ഇരട്ടി മാനം’ നൽകുക. (1 തിമൊ. 5:17) അദ്ദേഹത്തിന്റെ ശ്രമങ്ങളോടുള്ള ആത്മാർഥമായ വിലമതിപ്പ് വാക്കുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കാണിക്കുക. നിങ്ങളുടെ വിശ്വാസം, സ്നേഹം, സഹിഷ്ണുത എന്നിവ നിരീക്ഷിക്കുന്നത് അദ്ദേഹത്തിനും ഭാര്യക്കും സന്തോഷത്തിന് വകനൽകും.—2 തെസ്സ. 1:3, 4.
5. നമുക്കെല്ലാം ഇന്നു പ്രോത്സാഹനം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
5 ‘അന്ത്യകാലത്തെ ഈ ദുർഘടസമയങ്ങളിൽ’ പ്രോത്സാഹനം ആവശ്യമില്ലാത്തവരായി ആരാണുള്ളത്? (2 തിമൊ. 3:1) സന്ദർശനവാരത്തിലെ പ്രവർത്തനങ്ങളിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ നമുക്ക് ഇപ്പോഴേ ഒരുങ്ങാം. സഞ്ചാരമേൽവിചാരകന്മാരും പ്രസാധകരും ഉൾപ്പെടെ നമുക്കെല്ലാവർക്കും അന്യോന്യമുള്ള പ്രോത്സാഹനത്തിനായി അണിനിരക്കാം. അങ്ങനെ, ‘അന്യോന്യം പ്രബോധിപ്പിക്കുന്നതിലും തമ്മിൽ ആത്മികവർദ്ധന വരുത്തുന്നതിലും’ നമുക്കു തുടരാം.—1 തെസ്സ. 5:11.