പുരുഷന്മാരോടു സാക്ഷീകരിക്കുക
1. രാജ്യതാത്പര്യങ്ങൾക്കായി കരുതുന്നതിനോടുള്ള ബന്ധത്തിൽ എന്ത് അടിയന്തിര സാഹചര്യം നിലവിലിരിക്കുന്നു?
1 രാജ്യവേല പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ അന്ത്യകാലത്ത് നേതൃത്വംവഹിക്കാൻ ആത്മീയ യോഗ്യതയുള്ള പുരുഷന്മാരെ അടിയന്തിരമായി നമുക്കാവശ്യമുണ്ട്. (മർക്കോ. 4:30-32; പ്രവൃ. 20:28; 1 തിമൊ. 3:1-13) എന്നാൽ ചിലയിടങ്ങളിൽ രാജ്യസന്ദേശത്തിനു ചെവികൊടുക്കുന്നത് ഏറെയും സ്ത്രീകളാണ്. ചില സംസ്കാരങ്ങളിൽ ആത്മീയ കാര്യങ്ങളും മക്കൾക്ക് ആത്മീയ പ്രബോധനം നൽകാനുള്ള ഉത്തരവാദിത്വവും സ്ത്രീകൾക്കുള്ളതാണെന്നാണ് പുരുഷന്മാരുടെ ചിന്താഗതി. ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധവാന്മാരാകാനും സത്യാരാധനയിൽ നമ്മോടൊപ്പം ചേരാനും കൂടുതൽ പുരുഷന്മാരെ നമുക്കെങ്ങനെ സഹായിക്കാം?
2. പുരുഷന്മാരോടു സാക്ഷീകരിക്കാനുള്ള പൗലോസിന്റെയും പത്രോസിന്റെയും ഉദ്യമങ്ങൾക്കു നല്ല ഫലമുണ്ടായതെങ്ങനെ?
2 പുരുഷന്മാരെ അന്വേഷിക്കുക: ഒരു കുടുംബനാഥൻ സത്യം സ്വീകരിക്കുമ്പോൾ, തന്നോടൊപ്പം സത്യാരാധനയിൽ പങ്കുചേരാൻ ബാക്കി കുടുംബാംഗങ്ങളെയും സ്വാധീനിക്കുക അദ്ദേഹത്തിന് പൊതുവെ എളുപ്പമാണ്. ഉദാഹരണത്തിന് പ്രസംഗപ്രവർത്തനം നിമിത്തം കാരാഗൃഹത്തിലായപ്പോൾ പൗലോസും ശീലാസും അവിടത്തെ കാരാഗൃഹപ്രമാണിയോടു സാക്ഷീകരിച്ചു. തത്ഫലമായി അദ്ദേഹവും മുഴുകുടുംബവും സ്നാനമേറ്റു. (പ്രവൃ. 16:25-34) പൗലോസ് കൊരിന്തിൽ പ്രസംഗിച്ചതിന്റെ ഫലമായി “സിനഗോഗിലെ പ്രമാണിയായ ക്രിസ്പൊസും അവന്റെ ഭവനത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു.” (പ്രവൃ. 18:8) “ഭക്തിയും ദൈവഭയവും” ഉള്ള ഒരു ശതാധിപനായിരുന്ന കൊർന്നേല്യൊസിനോടു സാക്ഷീകരിക്കാൻ യഹോവ പത്രോസിനെ ഉപയോഗിച്ചു. ഫലമോ? അദ്ദേഹവും ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും സ്നാനമേറ്റു.—പ്രവൃ. 10:1-48.
3. ഫിലിപ്പോസ് ചെയ്തതുപോലെ “ഉന്നതസ്ഥാനീയരായ” ആരോട് നിങ്ങൾക്കു സാക്ഷീകരിക്കാനാകും?
3 “ഉന്നതസ്ഥാനീയരായ” പുരുഷന്മാരോടുള്ള സാക്ഷീകരണം ദൂരവ്യാപകമായ ഫലം ഉളവാക്കിയേക്കാം. (1 തിമൊ. 2:1, 2) ഉദാഹരണത്തിന് എത്യോപ്യ രാജ്ഞിയുടെ ധനകാര്യവിചാരകനായ ഒരു “അധികാരി”യോടു സംസാരിക്കാൻ യഹോവയുടെ ദൂതൻ ഫിലിപ്പോസിനോടു പറഞ്ഞു. “യെശയ്യാപ്രവാചകന്റെ പുസ്തകം ഉച്ചത്തിൽ വായിക്കുകയായിരുന്ന” അദ്ദേഹത്തിന് അവൻ യേശുവിനെക്കുറിച്ചുള്ള സുവിശേഷം വിവരിച്ചുകൊടുത്തു. ആ എത്യോപ്യക്കാരൻ ഒരു ശിഷ്യനായിത്തീരുകയും സാധ്യതയനുസരിച്ച് സ്വദേശത്തേക്കുള്ള മടക്കയാത്രയിൽ മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുകയും ചെയ്തു. രാജ്ഞിയോടും കൊട്ടാരത്തിലുള്ള മറ്റുള്ളവരോടും—മറ്റു തരത്തിൽ സുവാർത്ത കേൾക്കാനുള്ള അവസരം അവർക്കു നന്നേ കുറവായിരുന്നു—അദ്ദേഹം സാക്ഷീകരിച്ചിട്ടുണ്ടാകണം.—പ്രവൃ. 8:26-39.
4. സുവാർത്ത കേൾക്കാൻ പുരുഷന്മാർക്കു കൂടുതൽ അവസരങ്ങൾ നൽകാൻ നമുക്കെങ്ങനെ കഴിയും?
4 കൂടുതൽ പുരുഷന്മാരെ കണ്ടുമുട്ടാൻ ശ്രമിക്കുക: പകൽസമയത്ത് പുരുഷന്മാർ മിക്കവാറും ജോലിസ്ഥലത്തായിരിക്കുമെന്നതിനാൽ, വൈകുന്നേരങ്ങളിലോ വാരാന്തങ്ങളിലോ ഒഴിവുദിവസങ്ങളിലോ കൂടുതൽ സമയം ശുശ്രൂഷയിലേർപ്പെടാനായി കാര്യാദികൾ ക്രമീകരിക്കാൻ നിങ്ങൾക്കാകുമോ? ക്രമമായി വ്യാപാര മേഖലകളിൽ പ്രവർത്തിക്കുമ്പോൾ വീടുകളിൽ കണ്ടുമുട്ടാനാകാത്ത പുരുഷന്മാരോടു സാക്ഷീകരിക്കാൻ നിങ്ങൾക്ക് കൂടുതലായ അവസരം ലഭിക്കും. പുരുഷന്മാരായ സഹജോലിക്കാരോട് അനൗപചാരികമായി സാക്ഷീകരിക്കാനും സഹോദരന്മാർക്കു പ്രത്യേകം ശ്രമിക്കാവുന്നതാണ്. വീടുതോറും പ്രവർത്തിക്കുമ്പോൾ—വിശേഷിച്ചും കൂടെക്കൂടെ പ്രവർത്തിക്കാറുള്ള സ്ഥലങ്ങളിൽ—വീട്ടുകാരനെ ഒന്നു കാണാനാകുമോ എന്ന് ഇടയ്ക്കൊക്കെ സഹോദരന്മാർക്കു ചോദിക്കാവുന്നതാണ്.
5. ഒരു പുരുഷൻ രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുമ്പോൾ ഒരു സഹോദരി എന്തു ചെയ്യണം?
5 സത്യത്തോട് അനുകൂലമായി പ്രതികരിക്കുന്ന ഒരു പുരുഷന് ഒരു സഹോദരി തനിച്ച് മടക്കസന്ദർശനം നടത്തരുത്. ഭർത്താവിനെയോ മറ്റൊരു സഹോദരനെയോ സഹോദരിയെയോ കൂടെക്കൊണ്ടുപോകുക. അദ്ദേഹം പുരോഗതി പ്രാപിക്കുന്നപക്ഷം ആ ‘മടക്കസന്ദർശനം’ യോഗ്യതയുള്ള ഒരു സഹോദരനു കൈമാറുന്നതാണ് ഉത്തമം.
6. “അധികംപേരെ നേടേണ്ടതിന്” നമുക്കെങ്ങനെ പൗലോസ് അപ്പൊസ്തലനെ അനുകരിക്കാം?
6 പുരുഷന്മാർക്കു താത്പര്യമുള്ള വിഷയം തിരഞ്ഞെടുക്കുക: “അധികംപേരെ നേടേണ്ടതിന്” പൗലോസ് അപ്പൊസ്തലൻ തന്റെ സമീപനത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ശ്രോതാക്കളോടു പരിഗണന കാണിച്ചു. (1കൊരി 9:19-23) സമാനമായി നാം കണ്ടുമുട്ടുന്ന പുരുഷന്മാർക്കു താത്പര്യജനകമായിരുന്നേക്കാവുന്ന വിഷയങ്ങൾ കണ്ടെത്തി അതിനു ചേർച്ചയിൽ നാം തയ്യാറാകണം. ഉദാഹരണത്തിന് സാമ്പത്തിക പ്രശ്നങ്ങൾ, നല്ല ഭരണം, കുടുംബത്തിന്റെ ഭദ്രതയും സുരക്ഷയും എന്നിവയൊക്കെയാണ് സാധാരണഗതിയിൽ പുരുഷന്മാർക്കു താത്പര്യമുള്ള വിഷയങ്ങൾ. ജീവിതത്തിന്റെ ഉദ്ദേശ്യം, ഭൂഗ്രഹത്തിന്റെ ഭാവി, ദൈവം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണം എന്നീ വിഷയങ്ങളിലും അവർ തത്പരരായിരുന്നേക്കാം. നമ്മുടെ സമീപനത്തിൽ ഇവ്വിധം ഉൾക്കാഴ്ച പ്രകടമാക്കുന്നപക്ഷം അവർ രാജ്യസന്ദേശത്തിനു ചെവികൊടുക്കാൻ കൂടുതൽ സാധ്യതയുണ്ട്.—സദൃ. 16:23.
7. ഒരു ക്രിസ്തീയ യോഗത്തിനു ഹാജരാകുന്ന അവിശ്വാസികളായ ഭർത്താക്കന്മാരുടെമേൽ സഭയിലുള്ള മറ്റുള്ളവർ എങ്ങനെ ക്രിയാത്മകമായ സ്വാധീനംചെലുത്തിയേക്കാം?
7 വിശ്വാസികളല്ലാത്ത ഭർത്താക്കന്മാരെ സഹായിക്കാൻ മുൻകൈയെടുക്കുക: ക്രിസ്തീയ സഹോദരിമാരുടെ നല്ല പെരുമാറ്റം അവരുടെ അവിശ്വാസികളായ ഭർത്താക്കന്മാരെ മിക്കപ്പോഴും ആഴമായി സ്വാധീനിക്കാറുണ്ടെങ്കിലും, സഭയിലുള്ള മറ്റുള്ളവർക്കും അവരുടെമേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്താനാകും. (1 പത്രോ. 3:1-4) അത്തരമൊരാൾ ഭാര്യയോടൊപ്പം ഒരു യോഗത്തിനു വരുമ്പോൾ സഭാംഗങ്ങൾ നൽകുന്ന ഊഷ്മളമായ സ്വീകരണം അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചേക്കാം. അദ്ദേഹം അവിടെ വന്നതുതന്നെ സത്യത്തോടുള്ള താത്പര്യത്തിന്റെ ഒരു സൂചനയായിരിക്കാം, ഒരു ബൈബിളധ്യയനത്തിന് അദ്ദേഹം സമ്മതിക്കുകപോലും ചെയ്തേക്കാം.
8. സത്യത്തോട് ഒട്ടും താത്പര്യം കാണിക്കാത്ത അവിശ്വാസികളായ ഭർത്താക്കന്മാരെ സഹായിക്കാൻ സഹോദരന്മാർക്ക് എങ്ങനെ മുൻകൈയെടുക്കാം?
8 ചില ഭർത്താക്കന്മാരാകട്ടെ, ആദ്യമൊക്കെ ആത്മീയ കാര്യങ്ങളിൽ ഒട്ടുംതന്നെ താത്പര്യം ഇല്ലാത്തവരായിരുന്നേക്കാം. എന്നാൽ കാലക്രമത്തിൽ ഇഷ്ടമുള്ള ഒരു സഹോദരനോടൊപ്പം ബൈബിൾവിഷയങ്ങൾ ചർച്ചചെയ്യാൻ അവർ മനസ്സുകാണിച്ചേക്കാം. അവിശ്വാസിയായ ഭർത്താവുള്ള ഒരു കുടുംബത്തെ സന്ദർശിക്കുന്ന സന്ദർഭങ്ങളിൽ അദ്ദേഹത്തിനു താത്പര്യമുള്ള വിഷയങ്ങളെക്കുറിച്ചു സംസാരിക്കാൻ ഒരു സഭയിലെ സഹോദരന്മാർ തീരുമാനിച്ചു. അത് ആത്മീയ ചർച്ചകളിലേക്കു നയിക്കുകയും ഒടുവിൽ അദ്ദേഹം സ്നാനമേൽക്കുകയും ചെയ്തു. മറ്റൊരിടത്ത്, തന്റെ വീടിനുചുറ്റും വേലികെട്ടാൻ ഒരു സഹോദരിയുടെ സൗഹൃദമനസ്കനായ ഭർത്താവിനെ ഒരു സഹോദരൻ സഹായിച്ചു. ഇത്തരത്തിൽ വ്യക്തിഗത താത്പര്യം കാണിച്ചതിന്റെ ഫലമായി ഒരു ബൈബിളധ്യയനം ആരംഭിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. (ഗലാ. 6:10; ഫിലി. 2:4) നിങ്ങളൊരു ക്രിസ്തീയ സഹോദരനാണെങ്കിൽ അവിശ്വാസികളായ ഒന്നോ അതിലധികമോ ഭർത്താക്കന്മാരെ വ്യക്തിപരമായി സഹായിക്കരുതോ?
9. ക്രിസ്തീയ പുരുഷന്മാരുടെ പരിശീലനം എന്തു സത്ഫലം ഉളവാക്കിയേക്കാം?
9 ഭാവിക്കായി പരിശീലിപ്പിക്കുക: രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുകയും യഹോവയുടെ സേവനത്തിൽ പദവികൾ എത്തിപ്പിടിക്കുകയും ചെയ്യുന്ന പുരുഷന്മാർ ‘മനുഷ്യരാകുന്ന ദാനങ്ങൾ’—ദൈവജനത്തിന്റെ സഭകൾക്കായി തങ്ങളുടെ പ്രാപ്തികളും ഊർജവും ചെലവഴിക്കുന്ന ക്രിസ്തീയ മൂപ്പന്മാർ—എന്ന നിലയിൽ പുരോഗതി പ്രാപിച്ചേക്കാം. (എഫെ. 4:8; സങ്കീ. 68:18) അത്തരം മനുഷ്യർ മനസ്സോടെയും താത്പര്യത്തോടെയും സഭയെ മേയ്ക്കുന്നു. (1 പത്രോ. 5:2, 3) മുഴുസഹോദരവർഗത്തിനും അവർ എന്തൊരു അനുഗ്രഹമാണ്!
10. പൗലോസിനെ സഹായിക്കാനുള്ള അനന്യാസിന്റെ ശ്രമം അനേകരുടെ പ്രയോജനത്തിൽ കലാശിച്ചതെങ്ങനെ?
10 ഉദാഹരണത്തിന് ഒരിക്കൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന ശൗൽ “വിജാതീയരുടെ അപ്പൊസ്തലൻ” ആയിത്തീർന്നു. (റോമ. 11:13) എന്നാൽ ആദ്യം അവനോടു പ്രസംഗിക്കാൻ അനന്യാസിനു മടിയായിരുന്നു. എങ്കിലും കർത്താവിന്റെ മാർഗനിർദേശത്തിനു ചേർച്ചയിൽ അവൻ ശൗലിനോടു സംസാരിക്കുകയും ശൗൽ പിന്നീട് അപ്പൊസ്തലനായ പൗലോസായിത്തീരുകയും ചെയ്തു. പൗലോസിന്റെ ശുശ്രൂഷ അവന്റെ പ്രസംഗം കേട്ട ആയിരക്കണക്കിനാളുകൾക്കു പ്രയോജനംചെയ്തു. കൂടാതെ, ദൈവവചനത്തിലെ അവന്റെ നിശ്വസ്ത ലേഖനങ്ങളിലൂടെ ദശലക്ഷങ്ങൾ ഇന്നും പ്രയോജനം നേടിക്കൊണ്ടിരിക്കുന്നു.—പ്രവൃ. 9:3-19; 2 തിമൊ. 3:16, 17.
11. പുരുഷന്മാരോടു സാക്ഷീകരിക്കാൻ നാം ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടത് എന്തുകൊണ്ട്?
11 അതുകൊണ്ട് പുരുഷന്മാരോടു സാക്ഷീകരിക്കുന്നതിലുള്ള ഏതൊരു വെല്ലുവിളിയും നേരിടാൻ നമുക്ക് ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താം. ഈ ലക്ഷ്യത്തിൽ നാം പ്രവർത്തിക്കവെ, യഹോവയുടെ ഇഷ്ടം ചെയ്യാനും രാജ്യതാത്പര്യങ്ങൾക്കായി കരുതാനുമുള്ള നമ്മുടെ ആത്മാർഥ ശ്രമങ്ങളെ യഹോവ തീർച്ചയായും അനുഗ്രഹിക്കും.