ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഡിസംബർ 25-31
ദൈവവചനത്തിലെ നിധികൾ | മലാഖി 1-4
jd-E 125-126 ¶4-5
“നിങ്ങളുടെ വിവാഹജീവിതം ദൈവത്തെ പ്രസാദിപ്പിക്കുന്നതാണോ?”
ദൈവത്തെ പ്രസാദിപ്പിക്കുന്ന കുടുംബജീവിതം നയിക്കുന്നതിനു നിങ്ങളുടെ പങ്ക് നിർവഹിക്കുക
മലാഖി ജീവിച്ചിരുന്ന ബി.സി. 5-ാം നൂറ്റാണ്ടിൽ ജൂതന്മാർക്കിടയിൽ വിവാഹമോചനം സർവസാധാരണമായിരുന്നു. മലാഖി അവരോടു പറഞ്ഞു: “നിന്റെ യൗവനത്തിലെ ഭാര്യയെ നീ വഞ്ചിച്ചിരിക്കുന്നു എന്നതിന് യഹോവയാണു സാക്ഷി.” ഭർത്താക്കന്മാർ അവരുടെ ഭാര്യമാരെ വഞ്ചിച്ചിരുന്നതിനാൽ യഹോവയുടെ യാഗപീഠം ‘തേങ്ങിക്കരയുന്ന ആ ഭാര്യമാരുടെ കണ്ണീരുകൊണ്ട്’ നിറഞ്ഞു. ദുഷിച്ച പുരോഹിതന്മാർ അത്തരം ക്രൂരത അനുവദിച്ചുകൊടുത്തു.—മലാഖി 2:13, 14.
മലാഖിയുടെ കാലത്ത് ആളുകൾക്കു വിവാഹത്തോടുണ്ടായിരുന്ന മോശമായ മനോഭാവത്തെ യഹോവ എങ്ങനെയാണു വീക്ഷിച്ചത്? “‘വിവാഹമോചനം ഞാൻ വെറുക്കുന്നു’ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു” എന്നു മലാഖി എഴുതി. യഹോവ ‘മാറ്റമില്ലാത്തവനാണെന്നും’ മലാഖി പറഞ്ഞു. (മലാഖി 2:16; 3:6) ആശയം വ്യക്തമല്ലേ? വിവാഹമോചനം തനിക്ക് ഇഷ്ടമല്ലെന്ന് യഹോവ മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. (ഉൽപത്തി 2:18, 24) മലാഖിയുടെ നാളിലും യഹോവയുടെ വീക്ഷണത്തിനു മാറ്റം വന്നില്ല. ഇക്കാലത്തും യഹോവ വിവാഹമോചനത്തെ വെറുക്കുന്നു. ചില ആളുകൾ ഇണയോടുള്ള താത്പര്യം കുറഞ്ഞു എന്നതിന്റെ പേരിൽ വിവാഹമോചനം നേടുന്നു. ഹൃദയം അവരെ വഞ്ചിക്കുന്നെങ്കിലും യഹോവ അവരുടെ ഹൃദയത്തിനുള്ളിലേക്കു നോക്കുന്നു. (യിരെമ്യ 17:9, 10) അവർ വിവാഹമോചനത്തെ ന്യായീകരിച്ചേക്കാമെങ്കിലും, അതിനു പിന്നിൽ എന്തെങ്കിലും ചതിയോ നിഗൂഢമായ പദ്ധതികളോ ഉണ്ടെങ്കിൽ യഹോവയ്ക്ക് അത് അറിയാം. അതെ, “എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്.”—എബ്രായർ 4:13.