ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ആഗസ്റ്റ് 6-12
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 17-18
“നന്ദിയുള്ളവരായിരിക്കുക”
ലൂക്ക 17:12, 14-ന്റെ പഠനക്കുറിപ്പുകൾ, nwtsty
കുഷ്ഠരോഗികളായ പത്തു പുരുഷന്മാർ: സാധ്യതയനുസരിച്ച്, ബൈബിൾക്കാലങ്ങളിൽ കുഷ്ഠരോഗികൾ എവിടെയെങ്കിലും ഒരുമിച്ചുകൂടിയിരിക്കുന്ന പതിവുണ്ടായിരുന്നു; അവരുടെ താമസവും ഒരുമിച്ചായിരുന്നിരിക്കാം. അതുകൊണ്ടുതന്നെ അവർക്കു പരസ്പരം സഹായിക്കാനാകുമായിരുന്നു. (2രാജ 7:3-5) കുഷ്ഠരോഗികൾ മറ്റുള്ളവരിൽനിന്ന് അകന്നുകഴിയണമെന്നാണു ദൈവനിയമത്തിൽ പറഞ്ഞിരുന്നത്. താൻ വരുന്നുണ്ടെന്ന് അറിയിക്കാൻ ഒരു കുഷ്ഠരോഗി “അശുദ്ധൻ! അശുദ്ധൻ!” എന്നു വിളിച്ചുപറയുകയും വേണമായിരുന്നു. (ലേവ 13:45, 46) കുഷ്ഠരോഗികൾ യേശുവിന്റെ അടുത്ത് വരാതെ ദൂരത്തുതന്നെ നിന്നത് നിയമം അത് ആവശ്യപ്പെട്ടിരുന്നതുകൊണ്ടാണ്.—മത്ത 8:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കുഷ്ഠം; കുഷ്ഠരോഗി” എന്നതും കാണുക.
പുരോഹിതന്മാരുടെ അടുത്ത് ചെന്ന് നിങ്ങളെ കാണിക്കൂ: ഭൂമിയിലായിരുന്നപ്പോൾ മോശയുടെ നിയമത്തിൻകീഴിലായിരുന്ന യേശുക്രിസ്തു, അഹരോന്യപൗരോഹിത്യം അപ്പോഴും പ്രാബല്യത്തിലുണ്ടായിരുന്നെന്ന് അംഗീകരിച്ചു. അതുകൊണ്ടാണു കുഷ്ഠരോഗം മാറ്റിക്കൊടുത്തവരെ യേശു പുരോഹിതന്റെ അടുത്തേക്കു പറഞ്ഞയച്ചത്. (മത്ത 8:4; മർ 1:44) മോശയുടെ നിയമമനുസരിച്ച്, ഒരു കുഷ്ഠരോഗി സുഖപ്പെട്ടോ എന്നു സ്ഥിരീകരിക്കേണ്ടതു പുരോഹിതനായിരുന്നു. രോഗം മാറിയ കുഷ്ഠരോഗി ദേവാലയത്തിലേക്കു പോകുമ്പോൾ കാഴ്ചയായി അർപ്പിക്കാൻ ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവ കൊണ്ടുപോകണമായിരുന്നു.—ലേവ 14:2-32.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 17:10-ന്റെ പഠനക്കുറിപ്പ്, nwtsty
ഒന്നിനും കൊള്ളാത്ത: അക്ഷ. “പ്രയോജനമില്ലാത്ത; വിലയില്ലാത്ത.” തങ്ങളെക്കൊണ്ട് ഒരു പ്രയോജനവുമില്ലെന്നോ തങ്ങൾ വിലയില്ലാത്തവരാണെന്നോ അടിമകൾ (അതായത്, യേശുവിന്റെ ശിഷ്യന്മാർ) ചിന്തിക്കണമെന്നല്ല യേശു ഈ ദൃഷ്ടാന്തത്തിലൂടെ പറഞ്ഞത്. “ഒന്നിനും കൊള്ളാത്ത” എന്ന പദപ്രയോഗം ഇവിടെ അർഥമാക്കുന്നത്, തങ്ങൾ ഏതെങ്കിലും പ്രത്യേക ബഹുമതിക്കോ പ്രശംസയ്ക്കോ അർഹരാണെന്നു ചിന്തിക്കാതെ അടിമകൾ എളിമയുള്ളവരായിരിക്കണം എന്നാണെന്നു സന്ദർഭം സൂചിപ്പിക്കുന്നു. “ഞങ്ങൾ പ്രത്യേകപരിഗണനയൊന്നും അർഹിക്കാത്ത വെറും അടിമകളാണ്” എന്ന അർഥത്തിലുള്ള ഒരു അതിശയോക്തി അലങ്കാരമായാണ് ഇത് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
ലൂക്ക 18:8-ന്റെ പഠനക്കുറിപ്പ്, nwtsty
ഇത്തരം വിശ്വാസം: അഥവാ “ഈ വിശ്വാസം.” “വിശ്വാസം” എന്ന പദത്തിനു മുമ്പ് ഇവിടെ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം കാണുന്നുണ്ട്. അതു സൂചിപ്പിക്കുന്നത്, യേശു ഇവിടെ വിശ്വാസം എന്ന ഗുണത്തെക്കുറിച്ച് പൊതുവായ ഒരർഥത്തിൽ സംസാരിക്കുകയായിരുന്നില്ല, മറിച്ച് ഒരു പ്രത്യേകതരം വിശ്വാസത്തെക്കുറിച്ച് പറയുകയായിരുന്നു എന്നാണ്. യേശുവിന്റെ ദൃഷ്ടാന്തകഥയിലെ ആ വിധവയ്ക്ക് ഉണ്ടായിരുന്നതുപോലുള്ള ഒരു വിശ്വാസമാണു യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. (ലൂക്ക 18:1-8) ഇത്തരം വിശ്വാസമുള്ള ഒരാൾക്കു പ്രാർഥനയുടെ ശക്തിയിലും അതുപോലെ, ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവർക്കു നീതി നടത്തിക്കൊടുക്കും എന്ന കാര്യത്തിലും വിശ്വാസമുണ്ടായിരിക്കും. സാധ്യതയനുസരിച്ച്, വിശ്വാസത്തെക്കുറിച്ചുള്ള ചോദ്യത്തിനു യേശു ഉത്തരം കൊടുക്കാതെ വിട്ടത്, വിശ്വാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഒരു ആത്മപരിശോധന നടത്താൻ ശിഷ്യന്മാരെ പ്രേരിപ്പിക്കാനാണ്. പ്രാർഥനയെയും വിശ്വാസത്തെയും കുറിച്ചുള്ള ദൃഷ്ടാന്തം ഈ അവസരത്തിൽ എന്തുകൊണ്ടും യോജിക്കുമായിരുന്നു. കാരണം തന്റെ ശിഷ്യന്മാർ നേരിടാൻപോകുന്ന പരിശോധനകളെക്കുറിച്ചാണു യേശു തൊട്ടുമുമ്പ് സംസാരിച്ചത്.—ലൂക്ക 17:22-37.
ആഗസ്റ്റ് 13-19
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 19-20
“പത്തു മിനയുടെ ദൃഷ്ടാന്തത്തിൽനിന്ന് പഠിക്കുക”
jy –E 232 ¶2-4
പത്ത് മിനയെക്കുറിച്ചുള്ള ദൃഷ്ടാന്തം
“കുലീനനായ ഒരു മനുഷ്യൻ രാജാധികാരം നേടിയിട്ട് വരാൻ ഒരു ദൂരദേശത്തേക്കു യാത്രയായി.” (ലൂക്കോസ് 19:12) അത്തരമൊരു യാത്രയ്ക്ക് ധാരാളം സമയമെടുക്കും. ദൃഷ്ടാന്തത്തിലെ “കുലീനനായ ഒരു മനുഷ്യൻ” യേശുവാണ്. ‘ദൂരദേശം’ സ്വർഗവും. സ്വർഗത്തിൽ പിതാവ് യേശുവിന് രാജാധികാരം കൊടുക്കും.
ഈ ദൃഷ്ടാന്തത്തിലെ “കുലീനനായ ഒരു മനുഷ്യൻ” യാത്ര പോകുന്നതിനു മുമ്പ് അടിമകളിൽ പത്തു പേരെ വിളിച്ച് അവർക്ക് ഓരോരുത്തർക്കും ഓരോ വെള്ളി മിന കൊടുത്തിട്ട് “ഞാൻ തിരിച്ചെത്തുന്നതുവരെ ഇതുകൊണ്ട് വ്യാപാരം ചെയ്യുക” എന്നു പറഞ്ഞു. (ലൂക്കോസ് 19:13) വെള്ളി മിനകൾ മൂല്യമുള്ള നാണയങ്ങളാണ്. മൂന്നു മാസത്തിലധികം ഒരു കർഷകന് പണിയെടുത്തു ലഭിക്കുന്ന വേതനത്തിനു തുല്യമാണ് ഒരു മിന.
ദൃഷ്ടാന്തത്തിലെ പത്ത് അടിമകളെപ്പോലെയാണ് തങ്ങളെന്ന് ശിഷ്യന്മാർ മനസ്സിലാക്കിക്കാണും. കാരണം, യേശു അവരെ ഇതിനു മുമ്പ് വിളവെടുപ്പിനുള്ള പണിക്കാരോട് ഉപമിച്ചിട്ടുണ്ട്. (മത്തായി 9:35-38) ദൈവരാജ്യത്തിൽ ഭരിക്കാനായി മറ്റു ശിഷ്യന്മാരെ കൂട്ടിച്ചേർക്കുന്നതിനെയാണു യേശു ഉദ്ദേശിച്ചത്, അല്ലാതെ അക്ഷരീയ വിളവെടുപ്പിനെയല്ല. അതിനായി യേശുവിന്റെ ശിഷ്യന്മാർ അവരുടെ സമയവും ഊർജവും ആസ്തികളും ഉപയോഗിക്കണമായിരുന്നു.
jy–E 232 ¶7
പത്ത് മിനയെക്കുറിച്ചുള്ള ദൃഷ്ടാന്തം
തങ്ങളുടെ ആസ്തികൾ മുഴുവനായി ഉപയോഗപ്പെടുത്തിയ അടിമകളെപ്പോലെ ശിഷ്യന്മാർ പ്രവർത്തിക്കുന്നെങ്കിൽ യേശു അവരിൽ സംപ്രീതനായിരിക്കും എന്ന കാര്യം അവർക്ക് ഉറപ്പിക്കാനാകും. കൂടാതെ തങ്ങളുടെ പരിശ്രമത്തിനു തക്ക പ്രതിഫലവും യേശു നൽകുമെന്ന് അവർക്ക് വിശ്വസിക്കാം. എന്നാൽ, യേശുവിന്റെ എല്ലാ ശിഷ്യന്മാരുടെയും സാഹചര്യങ്ങൾ ഒരേപോലെയല്ല, അവർക്കുള്ള അവസരങ്ങളും കഴിവുകളും വ്യത്യസ്തവും ആണ്. എന്തൊക്കെയാണെങ്കിലും ആളുകളെ ശിഷ്യരാക്കുന്നതിന് അവർ വിശ്വസ്തതയോടെ ചെയ്ത എല്ലാ ശ്രമത്തിനും തക്ക അനുഗ്രഹം “രാജാധികാര”ത്തിൽ വരുന്ന യേശു അവർക്കു നൽകും.—മത്തായി 28:19, 20.
jy–E 233 ¶1
പത്ത് മിനയെക്കുറിച്ചുള്ള ദൃഷ്ടാന്തം
യജമാനന്റെ രാജ്യത്തിലെ സമ്പത്ത് വർധിപ്പിക്കാൻ പരാജയപ്പെട്ട ഈ അടിമയ്ക്കു വലിയ നഷ്ടം അനുഭവിക്കേണ്ടിവരുന്നു. പെട്ടെന്നുതന്നെ യേശു ദൈവരാജ്യത്തിന്റെ രാജാവായി വാഴുമെന്ന് അപ്പോസ്തലന്മാർ പ്രതീക്ഷിക്കുന്നു. എന്നാൽ അവർ ശ്രദ്ധിച്ചില്ലെങ്കിൽ ആ രാജ്യത്തിൽ അവർക്ക് ഒരു സ്ഥാനം ലഭിക്കാതെ പോകും എന്ന കാര്യം അവസാനത്തെ അടിമയെക്കുറിച്ച് യേശു പറഞ്ഞതിൽനിന്ന് ശിഷ്യന്മാർ ഇപ്പോൾ മനസ്സിലാക്കിയിരിക്കണം.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 19:43-ന്റെ പഠനക്കുറിപ്പ്, nwtsty
കൂർത്ത മരത്തൂണുകൾകൊണ്ട് കോട്ട കെട്ടി: അഥവാ “കൂർത്ത മരക്കുറ്റികൾകൊണ്ട് വേലി കെട്ടി.” ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ ഖാരക്സ് എന്ന ഗ്രീക്കുപദം കാണുന്നുള്ളൂ. “ഒരു പ്രദേശത്തിനു ചുറ്റും വേലി തീർക്കാനായി ഉപയോഗിക്കുന്ന കൂർത്ത വടി അഥവാ തൂണ്; സ്തംഭം” എന്നും “സൈന്യം സ്തംഭങ്ങൾ നാട്ടി ഉണ്ടാക്കുന്ന നിർമിതി; കൂർത്ത മരക്കുറ്റികൾകൊണ്ടുള്ള വേലി” എന്നും ഇതിനെ നിർവചിച്ചിട്ടുണ്ട്. എ.ഡി. 70-ൽ റോമാക്കാർ ടൈറ്റസിന്റെ നേതൃത്വത്തിൽ യരുശലേമിനു ചുറ്റും കൂർത്ത മരക്കുറ്റികൾക്കൊണ്ട് ഒരു ഉപരോധമതിൽ ഉണ്ടാക്കിയപ്പോൾ യേശുവിന്റെ വാക്കുകൾ നിറവേറി. ടൈറ്റസിനു മൂന്നു ലക്ഷ്യങ്ങളായിരുന്നു: ജൂതന്മാർ രക്ഷപ്പെടുന്നതു തടയുക, കീഴടങ്ങാൻ അവരെ നിർബന്ധിതരാക്കുക, പട്ടിണിക്കിട്ട് അതിലെ നിവാസികളെ അടിയറവ് പറയിക്കുക. യരുശലേമിനു ചുറ്റും ഈ കോട്ട കെട്ടുന്നതിനുവേണ്ടി റോമൻ പട്ടാളക്കാർ നാട്ടിൻപുറങ്ങളിലുള്ള മരങ്ങൾ മുഴുവൻ വെട്ടിവെളുപ്പിച്ചു.
ലൂക്ക 20:38-ന്റെ പഠനക്കുറിപ്പ്, nwtsty
ദൈവമുമ്പാകെ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്: അഥവാ “ദൈവത്തിന്റെ വീക്ഷണത്തിൽ അവരെല്ലാം ജീവിച്ചിരിക്കുന്നവരാണ്.” ജീവിച്ചിരിക്കുന്നവർപോലും, ദൈവത്തിൽനിന്ന് അകന്നവരാണെങ്കിൽ ദൈവത്തിന്റെ വീക്ഷണത്തിൽ മരിച്ചവരാണെന്നു ബൈബിൾ പറയുന്നു. (എഫ 2:1; 1തിമ 5:6) അതുപോലെതന്നെ, ദൈവാംഗീകാരമുള്ള ദൈവദാസന്മാർ മരിച്ചാലും ദൈവത്തിന്റെ വീക്ഷണത്തിൽ ജീവനുള്ളവരാണ്. കാരണം അവരെ പുനരുത്ഥാനപ്പെടുത്തണമെന്ന ദൈവോദ്ദേശ്യം നടപ്പാകുമെന്ന് അത്രയ്ക്ക് ഉറപ്പാണ്.—റോമ 4:16, 17.
ആഗസ്റ്റ് 20-26
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 21-22
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 21:33-ന്റെ പഠനക്കുറിപ്പുകൾ, nwtsty
ആകാശവും ഭൂമിയും നീങ്ങിപ്പോകും: ആകാശവും ഭൂമിയും എന്നും നിലനിൽക്കുമെന്നാണു മറ്റു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത്. (ഉൽ 9:16; സങ്ക 104:5; സഭ 1:4) അതിൽനിന്ന്, യേശുവിന്റെ ഈ വാക്കുകൾ അതിശയോക്തിയായിരുന്നെന്ന് അനുമാനിക്കാം. ആകാശവും ഭൂമിയും നീങ്ങിപ്പോകുക എന്ന അസംഭവ്യമായ കാര്യം ഒരുപക്ഷേ സംഭവിച്ചാൽപ്പോലും യേശുവിന്റെ വാക്കുകൾ നിറവേറും എന്നായിരിക്കാം അതിന്റെ അർഥം. (മത്ത 5:18 താരതമ്യം ചെയ്യുക.) ഇനി ഇത്, വെളി 21:1-ൽ “പഴയ ആകാശവും പഴയ ഭൂമിയും” എന്നു വിളിച്ചിരിക്കുന്ന ആലങ്കാരികാർഥത്തിലുള്ള ആകാശവും ഭൂമിയും ആയിരിക്കാനും സാധ്യതയുണ്ട്.
എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല: ഗ്രീക്കുപാഠത്തിൽ ഇവിടെ ക്രിയയോടൊപ്പം നിഷേധാർഥത്തിലുള്ള രണ്ടു വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. ഒരു കാര്യം ഒരിക്കലും സംഭവിക്കില്ലെന്ന വസ്തുത ഊന്നിപ്പറയുന്നതിനുള്ള ഒരു രീതിയാണ് അത്. യേശുവിന്റെ വാക്കുകൾക്ക് ഒരിക്കലും മാറ്റം വരില്ലെന്നാണ് അതു സൂചിപ്പിക്കുന്നത്.
ആഗസ്റ്റ് 27–സെപ്റ്റംബർ 2
ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 23-24
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
ലൂക്ക 23:31-ന്റെ പഠനക്കുറിപ്പ്, nwtsty
മരം പച്ചയായിരിക്കുമ്പോൾ . . . അത് ഉണങ്ങിക്കഴിയുമ്പോൾ: തെളിവനുസരിച്ച്, യേശു ഇവിടെ ജൂതജനതയെക്കുറിച്ചാണു പറഞ്ഞത്. ഉണങ്ങിക്കൊണ്ടിരിക്കുന്ന ഒരു മരംപോലെയായിരുന്നു അത്. എന്നാൽ യേശുവും യേശുവിൽ വിശ്വസിച്ച അനേകം ജൂതന്മാരും അവരുടെ ഇടയിൽ അപ്പോഴും ഉണ്ടായിരുന്നതുകൊണ്ട്, ആ മരത്തിൽ അൽപ്പം പച്ചപ്പ് അവശേഷിച്ചിരുന്നെന്നു പറയാം. പക്ഷേ യേശു പെട്ടെന്നുതന്നെ വധിക്കപ്പെടുകയും വിശ്വസ്തരായ ജൂതന്മാർ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ച് ആത്മീയ ഇസ്രായേലിന്റെ ഭാഗമായിത്തീരുകയും ചെയ്യുമായിരുന്നു. (റോമ 2:28, 29; ഗല 6:16) അതോടെ, അക്ഷരീയ ഇസ്രായേൽജനത ആത്മീയമായി മരിച്ച്, ഉണങ്ങിയ ഒരു മരംപോലെ ആയിത്തീരുമായിരുന്നു.—മത്ത 21:43.
ചിത്രം, nwtsty
ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി
മനുഷ്യന്റെ ഉപ്പൂറ്റിയിലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാണി അടിച്ചുകയറ്റിയിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ് ഇത്. ഈ അസ്ഥിയും ആണിയും യഥാർഥത്തിലുള്ളതിന്റെ ഒരു പകർപ്പു മാത്രമാണ്. യഥാർഥത്തിലുള്ളതു കണ്ടെത്തിയത് 1968-ൽ വടക്കേ യരുശലേമിൽ പുരാവസ്തുശാസ്ത്രജ്ഞർ ഉത്ഖനനം നടത്തിയപ്പോഴാണ്. ഇതിനു റോമൻ ഭരണകാലത്തോളം പഴക്കമുണ്ട്. തടികൊണ്ടുള്ള സ്തംഭത്തിൽ ഒരാളെ ബന്ധിക്കുന്നതിന് ആണികൾ ഉപയോഗിച്ചിരിക്കാം എന്നതിനെ പുരാവസ്തുശാസ്ത്രം പിന്താങ്ങുന്നതിന്റെ തെളിവാണ് ഇത്. ഇതുപോലുള്ള ആണികളായിരിക്കാം റോമൻ പടയാളികൾ യേശുക്രിസ്തുവിനെ സ്തംഭത്തിൽ തറയ്ക്കാൻ ഉപയോഗിച്ചത്. ഗവേഷകർക്ക് ഇതു കിട്ടിയത്, ശവശരീരം ജീർണിച്ചശേഷം ബാക്കിയാകുന്ന അസ്ഥികൾ സൂക്ഷിക്കുന്ന കല്ലുകൊണ്ടുള്ള ഒരു പെട്ടിയിൽനിന്നാണ്. സ്തംഭത്തിൽ വധിക്കുന്ന ആളുകൾക്കു ശവസംസ്കാരം ലഭിച്ചിരിക്കാം എന്നാണ് ഇതു സൂചിപ്പിക്കുന്നത്.