ക്രിസ്ത്യാനികളായി ജീവിക്കാം
മുൻനിരസേവനം ചെയ്തുകൊണ്ട് യഹോവയെ സ്തുതിക്കുക
യഹോവയെ സ്തുതിക്കാൻ ഇസ്രായേല്യർക്കു പല കാരണങ്ങളുണ്ടായിരുന്നു. യഹോവ അവരെ ഈജിപ്തിൽനിന്ന് മോചിപ്പിക്കുകയും ഫറവോന്റെ സൈന്യത്തിൽനിന്ന് രക്ഷിക്കുകയും ചെയ്തു. (പുറ 15:1, 2) യഹോവ ഇപ്പോഴും തന്റെ ജനത്തിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു. നമുക്ക് എങ്ങനെ അതിനു നന്ദി കാണിക്കാം?—സങ്ക 116:12.
ഒരു സഹായ മുൻനിരസേവകനോ സാധാരണ മുൻനിരസേവകനോ ആയി പ്രവർത്തിക്കുന്നതാണ് ഒരു വിധം. മുൻനിരസേവനം ചെയ്യാനുള്ള ആഗ്രഹവും ശക്തിയും തരേണമേ എന്നു നിങ്ങൾക്കു പ്രാർഥിക്കാൻ കഴിയും. (ഫിലി 2:13) പലരും സഹായ മുൻനിരസേവനം ചെയ്തുകൊണ്ടാണ് തുടക്കമിടുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലും സർക്കിട്ട് മേൽവിചാരകൻ സഭ സന്ദർശിക്കുന്ന മാസത്തിലും ഒരു പ്രത്യേകതയുണ്ട്: ശുശ്രൂഷയിൽ 50 മണിക്കൂറോ 30 മണിക്കൂറോപോലും ചെലവഴിച്ചുകൊണ്ട് നിങ്ങൾക്ക് സഹായ മുൻനിരസേവനം ചെയ്യാം. സഹായ മുൻനിരസേവനം ചെയ്യുന്നത് എത്ര സന്തോഷം തരുന്നതാണ് എന്ന് കാണുമ്പോൾ ചിലപ്പോൾ നിങ്ങൾ സാധാരണ മുൻനിരസേവനം ചെയ്യാൻ ആഗ്രഹിച്ചേക്കും. മുഴുസമയ ജോലിയുള്ളവർക്കോ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കോ പോലും സാധാരണ മുൻനിരസേവനം ചെയ്യാൻ കഴിയുന്നുണ്ട്. (mwb16.07 8) എന്തുതന്നെയായാലും, യഹോവയെ സ്തുതിക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളൊന്നും അധികമാകില്ല, തീർച്ച!—1ദിന 16:25.
മംഗോളിയയിലെ മൂന്നു സഹോദരിമാർ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക:
മുൻനിരസേവനം തുടങ്ങാൻ ആ മൂന്നു സഹോദരിമാർ എന്തെല്ലാം പ്രതിബന്ധങ്ങളാണ് മറികടന്നത്?
അവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു?
മുൻനിരസേവകരായി പ്രവർത്തിച്ചതുകൊണ്ട് യഹോവയെ സേവിക്കാൻ ഏതെല്ലാം പുതിയ അവസരങ്ങൾ അവർക്ക് തുറന്നുകിട്ടി?
അവരുടെ നല്ല മാതൃക മറ്റുള്ളവരെ എങ്ങനെ സ്വാധീനിച്ചു?