ആവശ്യമുണ്ട്—4,000 സഹായ പയനിയർമാരെ
നിങ്ങൾക്കു സഹായ പയനിയറിങ് ചെയ്യാനാകുമോ, മാർച്ചിൽ? ഏപ്രിലിൽ? മേയിൽ?
1 “1,000 പ്രസംഗകരെ ആവശ്യമുണ്ട്.” 1881 ഏപ്രിൽ ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ശീർഷകമായിരുന്നു അത്. “കർത്താവു തന്റെ സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം ഭരമേൽപ്പിച്ചിരുന്ന” സകല സമർപ്പിത സ്ത്രീപുരുഷൻമാരോടും തങ്ങൾക്കാവുന്നത്ര സമയം ബൈബിൾ സത്യം പ്രചരിപ്പിക്കുന്നതിൽ പങ്കെടുക്കാനുള്ള അഭ്യർഥന അതിൽ ഉൾപ്പെട്ടിരുന്നു. തങ്ങളുടെ സമയത്തിന്റെ പകുതിയോ അതിലധികമോ കർത്താവിന്റെ വേലയ്ക്കായി മാറ്റിവെക്കാൻ കഴിയുന്ന എല്ലാവരെയും കോൽപോർട്ടർ സുവിശേഷകരായി—ഇന്നത്തെ പയനിയർമാരുടെ മുന്നോടികൾ—സ്വമേധയാ സേവിക്കാൻ പ്രോത്സാഹിപ്പിച്ചു.
2 1800-കളിൽനിന്നു കാലത്തിനു മാറ്റംവന്നെങ്കിലും ഒരു യാഥാർഥ്യം മാറ്റമില്ലാതെ തുടരുന്നു—സുവാർത്ത പ്രചരിപ്പിക്കുന്നതിൽ കഴിയുന്നത്ര സമയം ചെലവഴിക്കാൻ ദൈവത്തിന്റെ സമർപ്പിത ദാസൻമാർ ആഗ്രഹിക്കുന്നു. രാജ്യശുശ്രൂഷയിൽ കൂടുതലായ സമയം ചെലവഴിക്കേണ്ടിവരുന്നതിനാൽ, സഹായ പയനിയർമാരായി സേവിക്കുന്നത് തങ്ങളുടെ ഫലപ്രദത്വം മെച്ചപ്പെടുത്താൻ സഭാപ്രസാധകരെ സഹായിക്കുന്നു.—കൊലൊ. 4:17; 2 തിമൊ. 4:5.
3 സഹായ പയനിയറിങ് ആരംഭിച്ചകാലം മുതൽ ലോകവ്യാപകമായി ശതസഹസ്രക്കണക്കിനു സഹോദരീസഹോദരൻമാർ അത് ആസ്വദിച്ചിരിക്കുന്നു. കേവലം 14,000 പ്രസാധകർ ഉണ്ടായിരുന്ന 1994 ഏപ്രിലിൽ, സഹായ പയനിയർമാരുടെ അത്യുച്ചം ഏകദേശം 2,000-ത്തിൽ എത്തിച്ചേരുന്ന അളവോളം പയനിയർ ശുശ്രൂഷയുടെ ഈ വശത്തോടുള്ള ഉത്സാഹം ഇന്ത്യയിൽ വളർന്നു! അന്നോളം, ഇന്ത്യയിൽ ഏറ്റവുമധികം പ്രവർത്തനംനടന്ന മാസമായിരുന്നു അത്. അന്നു ശുശ്രൂഷയുടെ ഓരോ വശങ്ങളും പുതിയ അത്യുച്ചങ്ങളിൽ എത്തിച്ചേർന്നു. ശുശ്രൂഷയിൽ ചെലവഴിച്ച 3,33,489 മണിക്കൂർ, സമർപ്പിക്കപ്പെട്ട 71,998 ചെറുപുസ്തകങ്ങൾ, 3,235 വരിസംഖ്യകൾ എന്നിവ ആ അത്യുച്ചങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഈ മൂന്ന് അത്യുച്ചങ്ങൾ അന്നുമുതലുള്ള രണ്ടു വർഷത്തിൽ മെച്ചപ്പെട്ടിട്ടില്ല. ഇപ്പോൾ ഈ രാജ്യത്ത് 17,000 പ്രസാധകരുണ്ട്. അതുകൊണ്ട് 1994-ലെ നല്ല പ്രവർത്തനത്തെ വെല്ലാനുള്ള—ഇരുമടങ്ങായ പ്രവർത്തനത്തിനു പോലുമുള്ള—സാധ്യത തീർച്ചയായും നിലനിൽക്കുന്നു.
4 മാർച്ച്, ഏപ്രിൽ, മേയ് എന്നിവയിൽ ഒന്നോ അതിലധികമോ മാസങ്ങളിൽ സഹായ പയനിയറിങ് ലക്ഷ്യംവെക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. എന്തുകൊണ്ട് മാർച്ചുമാസം ഉൾപ്പെടുത്തണം? കാരണം ഈ വർഷം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം മാർച്ച് 23 ഞായറാഴ്ചയാണ്. സ്മാരകത്തിനു മുമ്പുള്ള വാരങ്ങളിൽ നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും മെച്ചമായ സംഗതി നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തു ഏർപ്പെടുത്തിയ രാജ്യപ്രസംഗ വേലയിൽ ഉത്സാഹപൂർവം പങ്കെടുക്കുന്നതാണ്. മാർച്ചിൽ ഒരു വലിയ സാക്ഷ്യക്കൂമ്പാരം പടുത്തുയർത്തുന്നതോടൊപ്പം, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കുന്നതിനു നമ്മോടൊത്തു കൂടിവരാൻ ഒട്ടനവധി താത്പര്യക്കാരെ നമുക്കു ക്ഷണിക്കാവുന്നതുമാണ്. കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുതിയ പുസ്തകം നാം ആദ്യമായി വിശേഷവത്കരിക്കുന്നതു മാർച്ചിലായിരിക്കും, ആ വിധത്തിലും മാർച്ചുമാസം പ്രത്യേകതയർഹിക്കുന്നു. അതിനും പുറമെ, മാർച്ചുമാസത്തിൽ അഞ്ചു ശനിയാഴ്ചയും അഞ്ചു ഞായറാഴ്ചയുമുള്ളതിനാൽ വയൽസേവനത്തിൽ തീവ്രമായ വാരാന്ത്യപ്രവർത്തനത്തിന് അവസരമുണ്ട്. തീർച്ചയായും, കണ്ടെത്തിയ താത്പര്യത്തെ പിന്തുടർന്ന്, ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് ഏപ്രിലിലും മേയിലും പുതിയ ഭവനബൈബിളധ്യയനങ്ങൾ തുടങ്ങാൻ ശുശ്രൂഷയിലെ തുടർച്ചയായ ഒരു തീക്ഷ്ണശ്രമം നമ്മെ സഹായിക്കും. നാം നമ്മുടെ പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കുകയും ചെയ്യും, വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും നിലവിലുള്ള കാലോചിത ലക്കങ്ങൾ ഉപയോഗിച്ചുകൊണ്ടു വാരാന്ത്യങ്ങളിൽ പ്രത്യേകിച്ചും.
5 സഹായ പയനിയറിങ്ങിനു യോഗ്യതയുള്ളത് ആർക്ക്?: നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 118-ാം പേജ് വിശദീകരിക്കുന്നു: “നിങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ എന്തായിരുന്നാലും, നിങ്ങൾ സ്നാപനപ്പെട്ടയാളാണെങ്കിൽ, നല്ല ധാർമ്മികനില ഉണ്ടെങ്കിൽ, വയൽശുശ്രൂഷയിൽ ഒരു മാസം 60 മണിക്കൂർ ചെലവഴിക്കുകയെന്ന വ്യവസ്ഥ പാലിക്കുന്നതിന് ക്രമീകരിക്കാൻ കഴിയുമെങ്കിൽ, ഒരു സഹായ പയനിയറെന്ന നിലയിൽ ഒന്നോ അധികമോ മാസങ്ങളിൽ സേവിക്കാൻ കഴിയുമെന്നു വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിൽ, ഈ സേവനപദവിക്കു വേണ്ടിയുള്ള നിങ്ങളുടെ അപേക്ഷ പരിഗണിക്കാൻ സഭാമൂപ്പൻമാർക്കു സന്തോഷമുണ്ടായിരിക്കും.” ഏപ്രിലിൽ ഈ പദവി ആസ്വദിക്കുന്നതിനായി നിങ്ങൾക്കു ക്രമീകരണം ചെയ്യാനാകുമോ? ഒരുപക്ഷേ മാർച്ചിലും? മേയിലും? മൂന്നുമാസം സഹായ പയനിയറിങ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ഏപ്രിലിലെങ്കിലും അപ്രകാരം ചെയ്യുന്നതിന് ഒരു പ്രത്യേക ശ്രമം നടത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
6 മൂപ്പൻമാരുടെ സംഘങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരു ക്രിയാത്മക മനോഭാവവും ശേഷം പ്രസാധകരുടെ മുഴു ഹൃദയത്തോടുകൂടിയ പിന്തുണയും, 4,000 സഹായ പയനിയർമാർക്കായുള്ള ഈ ക്ഷണത്തോടുള്ള പ്രതികരണത്തെ ഒരു വൻ വിജയമാക്കിത്തീർക്കേണ്ടതാണ്. ഏപ്രിൽ മാസത്തിൽ ഏറ്റവും കുറഞ്ഞത് 25 മുതൽ 30 വരെ ശതമാനം പ്രസാധകർ സഹായ പയനിയർമാരായി പേർചാർത്തുന്നതിന് ഓരോ സഭയ്ക്കും ലക്ഷ്യം വെക്കാവുന്നതാണ്. ചില സഭകളിൽ അതിലും ഉയർന്ന ശതമാനത്തിന് ഈ പദവിയിൽ പങ്കുപറ്റാൻ കഴിഞ്ഞേക്കും. ആദ്യം പേർചാർത്തുന്നവരിൽ ഉൾപ്പെട്ടുകൊണ്ട് മൂപ്പൻമാർക്കും ശുശ്രൂഷാദാസൻമാർക്കും ഒരു നല്ല ദൃഷ്ടാന്തം വെക്കാവുന്നതാണ്. (എബ്രാ. 13:7) തങ്ങളുടെ കുടുംബത്തിൽ എത്രപേർക്ക് ഏപ്രിലിലോ വരും മാസങ്ങളിലോ സഹായ പയനിയർമാരുടെ അണിയിൽ ചേരാനാകുമെന്ന് ഉറപ്പുവരുത്താൻ എല്ലാ കുടുംബത്തലവൻമാരെയും പ്രോത്സാഹിപ്പിക്കുന്നു.—സങ്കീ. 148:12, 13; പ്രവൃ. 21:8, 9 താരതമ്യം ചെയ്യുക.
7 മുഴുസമയ ലൗകിക ജോലിയോ സ്കൂൾ പട്ടികയോ കുടുംബ ഉത്തരവാദിത്വങ്ങളോ തിരുവെഴുത്തുപരമായ മറ്റു കടപ്പാടുകളോ നിമിത്തം സഹായ പയനിയറിങ് നിങ്ങളുടെ എത്തുപാടിന് അതീതമാണെന്നു നിഗമനം ചെയ്യാൻ തിടുക്കം കൂട്ടരുത്. പങ്കുപറ്റുന്നതു ചിലർക്ക് എളുപ്പമല്ലായിരിക്കാം; എന്നാൽ, നല്ല ക്രമീകരണത്താലും യഹോവയുടെ സഹായത്താലും അവർക്കു വിജയിക്കാനാകും. (സങ്കീ. 37:5; സദൃ. 16:3) പയനിയർ സേവനത്തിൽ പങ്കുപറ്റാനുള്ള നിങ്ങളുടെ ആഗ്രഹം സാഹചര്യങ്ങളെ നിയന്ത്രിക്കട്ടെ; സാഹചര്യങ്ങൾ പയനിയറിങ്ങിനുള്ള നിങ്ങളുടെ ആഗ്രഹത്തെ നിയന്ത്രിക്കാൻ അനുവദിക്കരുത്. (സദൃ. 13:19എ) അങ്ങനെ, യഹോവയോടും സഹമനുഷ്യരോടുമുള്ള ശക്തമായ സ്നേഹം നിമിത്തം, ഇടയ്ക്കിടെ ഓരോ മാസം തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാൻ കഴിയത്തക്കവിധം തങ്ങളുടെ പ്രതിവാര ജീവിതചര്യ ക്രമപ്പെടുത്താൻ അനേകർ പ്രാപ്തരാണ്. (ലൂക്കൊ. 10:27, 28) രാജ്യസേവനത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്കായി നിരവധി അനുഗ്രഹങ്ങൾ കരുതിവെച്ചിരിക്കുന്നു.—1 തിമൊ. 4:10.
8 സഹായ പയനിയറിങ്ങിനാൽ നിർവഹിക്കപ്പെടുന്നത്: സഹായ പയനിയറിങ് നടത്തുന്നതിന് ആയിരക്കണക്കിനു ദൈവദാസൻമാർ നടത്തുന്ന മുഴു ദേഹിയോടെയുള്ള ശ്രമം യഹോവയ്ക്കുള്ള സ്തുതിയുടെ ഒരു മഹത്തായ ആരവത്തിൽ കലാശിക്കുന്നു. കൂടുതൽ ആളുകളിലേക്കു സുവാർത്ത പ്രചരിപ്പിക്കാൻ ഈ രാജ്യപ്രഘോഷകർ കഠിനാധ്വാനം ചെയ്യവെ അവർ വ്യക്തിപരമായി യഹോവയോട് അടുത്തുവരുന്നു, എന്തെന്നാൽ അവന്റെ ആത്മാവിനും അനുഗ്രഹത്തിനുമായി അവനിൽ കൂടുതൽ ആശ്രയിക്കാൻ അവർ പഠിക്കുന്നു.
9 സഹായ, നിരന്തര, പ്രത്യേക പയനിയർമാർ നമ്മുടെ ഇടയിൽ സജീവരായുള്ളത് സഭയിൽ ഉന്മേഷത്തിന്റെ ഒരു ശുദ്ധമായ ആത്മാവ് ഉളവാക്കുന്നു. അവർ വയലിലെ തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചു പറയുമ്പോൾ അവരുടെ ഉത്സാഹം മറ്റുള്ളവരിലേക്കു വ്യാപിക്കുന്നു. ശുശ്രൂഷയിലെ സർവപ്രധാന വേലയിൽ ഒരു വർധിച്ച പങ്കുണ്ടായിരിക്കാൻവേണ്ടി സ്വന്തം മുൻഗണനകളും സാധ്യതകളും പുനഃപരിശോധിക്കാൻ ഇതു മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. 70-ാം വയസ്സിൽ സ്നാപനമേറ്റ ഒരു സഹോദരി ഉടൻതന്നെ തുടർച്ചയായ അടിസ്ഥാനത്തിൽ സഹായ പയനിയറിങ് ആരംഭിച്ചു. ഓരോ മാസവും സഹായ പയനിയറായി സേവിച്ചുകൊണ്ട്, ആ പ്രായത്തിൽ പോലും ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്യുന്നതെന്തുകൊണ്ടാണെന്ന് ഏതാനും വർഷത്തിനുശേഷം ചോദിച്ചപ്പോൾ, ആദ്യത്തെ 70 വർഷങ്ങൾ പാഴായിപ്പോയതുപോലെ തനിക്കു തോന്നുന്നുവെന്ന് അവർ പറഞ്ഞു, ശേഷിക്കുന്ന വർഷങ്ങളൊന്നും പാഴാക്കാൻ അവർ ആഗ്രഹിച്ചില്ല!
10 സഹായ പയനിയർ വേലയിൽ പങ്കെടുക്കുന്ന ഓരോരുത്തരും ശുശ്രൂഷയിൽ മെച്ചപ്പെട്ട വൈദഗ്ധ്യം വളർത്തിയെടുക്കുന്നു. ഒരു യുവ സാക്ഷി ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: ‘കുട്ടിയായിരുന്നപ്പോൾ, മാതാപിതാക്കൾ പ്രസംഗപ്രവർത്തനത്തിനു പോകുന്ന സമയത്ത് ഞാനും അവരോടുകൂടെ പോകുമായിരുന്നു. വയൽസേവനം യഥാർഥത്തിൽ രസകരമായിരുന്നു. എന്നാൽ, സ്കൂളിൽ ഞാൻ മറ്റു കുട്ടികളിൽനിന്നു വ്യത്യസ്തനാണെന്ന് എനിക്കു കാലക്രമേണ മനസ്സിലായി. സഹപാഠികളോടു സത്യത്തെക്കുറിച്ചു സംസാരിക്കാൻ എനിക്കു വൈക്ലബ്യം തോന്നി. വീടുതോറും പ്രസംഗിക്കുമ്പോൾ, സ്കൂളിൽവെച്ച് ഞാൻ അറിയുന്ന ആരെയെങ്കിലും കണ്ടുമുട്ടുമോയെന്ന ചിന്ത എന്നെ അലട്ടിത്തുടങ്ങി. എന്റെ കാര്യത്തിൽ പ്രശ്നം മാനുഷ ഭയമായിരുന്നുവെന്നു ഞാൻ വിചാരിക്കുന്നു. [സദൃ. 29:25] സ്കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ ഒരു താത്കാലിക അടിസ്ഥാനത്തിൽ പയനിയറിങ് പരീക്ഷിച്ചുനോക്കാൻ ഞാൻ തീരുമാനിച്ചു. തത്ഫലമായി പ്രസംഗം എനിക്കു മുമ്പെന്നത്തെക്കാളും ആകർഷകമായിത്തീർന്നു. ഞാൻ അതിനെ മേലാൽ ഒരു തമാശയായോ ഒരു കഠിന ഭാരമായോ വീക്ഷിച്ചില്ല. എന്റെ ബൈബിൾ വിദ്യാർഥികൾ സത്യത്തിൽ പുരോഗമിക്കുന്നതു കണ്ടപ്പോൾ, യഹോവയാം ദൈവം എന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ തെളിവിൽ ഞാൻ ആഴമായ സംതൃപ്തി ആസ്വദിച്ചു.’ ഈ ചെറുപ്പക്കാരൻ നിരന്തരപയനിയർ സേവനത്തിൽ ഏർപ്പെട്ടു.
11 ഒരു പ്രായോഗിക വീക്ഷണത്തിൽ, സഭയിൽ അനേകർ സഹായ പയനിയർമാരായി സേവിക്കുമ്പോൾ, പ്രദേശം പൂർണമായി പ്രവർത്തിച്ചുതീർക്കുന്നതിൽ കലാശിക്കുന്നു. പ്രദേശങ്ങൾ നിയമിച്ചുകൊടുക്കുന്ന ഉത്തരവാദിത്വമുള്ള സഹോദരന്, അപൂർവമായി പ്രവർത്തിച്ചിട്ടുള്ള ഭാഗങ്ങൾ തീർക്കാൻ സഹായ പയനിയർമാരുടെ സഹായം അഭ്യർഥിക്കാവുന്നതാണ്. ഉച്ചഭക്ഷണം കരുതിക്കൊണ്ട് ഒരു ദിവസം മുഴുവനും സേവനത്തിൽ ചെലവഴിക്കുന്നതിനാൽ പ്രദേശത്തിന്റെ വിദൂര കോണുകളിൽപോലും പ്രവർത്തിക്കാൻ കഴിയും.
12 മൂപ്പൻമാർ കാലേകൂട്ടി തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്: സാധ്യമാകുന്നത്ര പ്രസാധകർക്കു പങ്കെടുക്കാൻ കഴിയേണ്ടതിന്, അടുത്ത മൂന്നുമാസങ്ങളിലുടനീളം, വ്യത്യസ്ത തരത്തിലുള്ള സാക്ഷീകരണ പ്രവർത്തനങ്ങൾ, അപരാഹ്നവും സായാഹ്നവും ഉൾപ്പെടെ വാരത്തിലെ വ്യത്യസ്ത സമയങ്ങളിൽ, പട്ടികപ്പെടുത്താൻ ക്രമീകരണങ്ങൾ ചെയ്യണം. വീടുതോറുമുള്ള പതിവായ പ്രവർത്തനത്തിനു പുറമേ, തെരുവുസാക്ഷീകരണം, വ്യാപാരപ്രദേശത്തെ പ്രവർത്തനം, ആളില്ലാ-ഭവനങ്ങൾ സന്ദർശിക്കൽ എന്നിവയ്ക്കും സമയം ഉൾപ്പെടുത്തണം. അപ്രകാരം ചെയ്തുകൊണ്ട്, തങ്ങൾക്ക് ഏറ്റവും പ്രായോഗികവും സൗകര്യപ്രദവുമായ ഒരു സമയത്തു സഭയോടൊപ്പം സേവനത്തിൽ പങ്കെടുക്കാൻ പയനിയർമാരെ മൂപ്പൻമാർ സഹായിക്കുന്നു. എല്ലാ വയൽസേവന ക്രമീകരണങ്ങളും സഭയെ കൃത്യമായി അറിയിക്കണം. സേവനത്തിനായുള്ള യോഗങ്ങൾ നന്നായി സംഘടിപ്പിക്കണം. കൂടാതെ, വേണ്ടത്ര പ്രദേശം ലഭ്യമായിരിക്കണം. വേണ്ടുവോളം മാസികകളും മറ്റു സാഹിത്യങ്ങളും താമസംവിനാ ഓർഡർ ചെയ്യുകയും വേണം.
13 നിങ്ങളുടെ വ്യക്തിഗത സേവന പട്ടിക തയ്യാറാക്കുക: സഹായ പയനിയറിങ്ങിനെക്കുറിച്ച് തുടക്കത്തിൽ ആശങ്കാകുലനായിരുന്ന ഒരു സഹോദരൻ എഴുതി: “ഇത് യഥാർഥത്തിൽ ഞാൻ വിചാരിച്ചതിനെക്കാൾ വളരെ എളുപ്പമാണ്. ഒരു നല്ല പട്ടികമാത്രമേ ആവശ്യമുള്ളൂ.” നിങ്ങൾക്കു പ്രായോഗികമായിരിക്കുന്ന ഒരു സാമ്പിൾ സഹായ പയനിയർ പട്ടിക ഈ അനുബന്ധത്തിന്റെ പിൻപേജിൽ നിങ്ങൾ കാണുന്നുവോ? ഓരോ വാരവും പതിനഞ്ചു മണിക്കൂർ ശുശ്രൂഷ മാത്രമാണ് ഒരു സഹായ പയനിയറിൽനിന്നു സമയത്തിന്റെ സംഗതിയിൽ ആവശ്യമായിരിക്കുന്നത്.
14 സഹായ പയനിയർമാരായി സേവിക്കുന്നതിന്, ഗൃഹനാഥകൾക്കും രണ്ടാമത്തെ ഷിഫ്റ്റിൽ ജോലിചെയ്യുന്നവർക്കും മിക്കപ്പോഴും രാവിലെ സമയം വയൽസേവനത്തിനായി പട്ടികപ്പെടുത്താൻ കഴിയും. സ്കൂൾ കുട്ടികൾക്കും മൂന്നാമത്തെ ഷിഫ്റ്റിൽ ജോലിചെയ്യുന്നവർക്കും സാധാരണമായി അപരാഹ്ന സമയം പ്രസംഗവേലയ്ക്കായി മാറ്റിവെക്കാൻ കഴിയും. സായാഹ്ന സാക്ഷീകരണം നടത്തുന്നതിനു പുറമേ, വാരത്തിൽ ഒരു ദിവസം ജോലിയിൽനിന്ന് അവധിയെടുക്കുകയോ മുഴു വാരാന്ത്യങ്ങളും ശുശ്രൂഷയ്ക്കായി മാറ്റിവെക്കുകയോ ചെയ്യുന്നതു സാധ്യമാണെന്നു മുഴുസമയ ലൗകിക ജോലിക്കാർ കണ്ടെത്തിയിരിക്കുന്നു. തങ്ങളുടെ വയൽസേവനം കൂടുതലായും വാരാന്ത്യ പ്രവർത്തനത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നവർ, അഞ്ച് പൂർണ വാരാന്ത്യങ്ങളുള്ള മാസങ്ങൾ തിരഞ്ഞെടുക്കുന്നു. ഈ വർഷം, മാർച്ചിലും അതുപോലെതന്നെ ആഗസ്റ്റിലും നവംബറിലും അതു യാഥാർഥ്യമാണ്. ഒരു വഴികാട്ടിയെന്ന നിലയിൽ 6-ാം പേജിൽ കൊടുത്തിരിക്കുന്ന ശൂന്യമായ പട്ടിക ഉപയോഗിച്ചുകൊണ്ട്, നിങ്ങളുടെ വ്യക്തിപരമായ സാഹചര്യത്തിനു പ്രായോഗികമായ വ്യക്തിഗത സേവന പട്ടിക എന്തായിരിക്കുമെന്നു ശ്രദ്ധാപൂർവവും പ്രാർഥനാപൂർവവും പരിചിന്തിക്കുക.
15 സഹായ പയനിയറിങ് ക്രമീകരണത്തിന്റെ ഒരു നേട്ടം അതിന്റെ വഴക്കമാണ്. പയനിയറിങ് ചെയ്യാനുള്ള മാസങ്ങൾ നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്നതാണ്, നിങ്ങളുടെ ആഗ്രഹമനുസരിച്ച് കൂടെക്കൂടെ നിങ്ങൾക്കു സേവിക്കാവുന്നതുമാണ്. ഒരു തുടർച്ചയായ അടിസ്ഥാനത്തിൽ സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുകയും എന്നാൽ അതിനു കഴിയാതിരിക്കുകയുമാണെങ്കിൽ, വർഷത്തിലുടനീളം ഒന്നിടവിട്ടുള്ള മാസങ്ങളിൽ പേർചാർത്തുന്നതിനെക്കുറിച്ചു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? അതേസമയം, ദീർഘ കാലഘട്ടത്തേക്ക് തുടർച്ചയായി സഹായ പയനിയർമാരായി സേവിക്കാൻ ചിലർക്കു കഴിയുന്നുണ്ട്.
16 മുഴുസമയ പയനിയറിങ്ങിനുവേണ്ടിയുള്ള ഒരുക്കം: പയനിയർ ആത്മാവുള്ള അനേകർ നിരന്തരപയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ തങ്ങൾക്ക് അതിനു സമയവും സാഹചര്യവും ഓജസ്സും ഉണ്ടോയെന്നു ചിന്തിക്കുന്നു. ഇപ്പോൾ നിരന്തരപയനിയറിങ് ചെയ്യുന്ന മിക്കവരും നിസ്സംശയമായും ആദ്യം സഹായ പയനിയർ സേവനത്തെ മുഴുസമയ വേലയ്ക്കുള്ള ഒരുക്കമെന്നനിലയിൽ ഉപയോഗിച്ചു. ഒരുവന്റെ സഹായ പയനിയർ പട്ടികയിൽ ഓരോ ദിവസവും ഒരു മണിക്കൂർ അല്ലെങ്കിൽ ഓരോ വാരവും ഒരു മുഴുദിവസം വർധിപ്പിക്കുന്നതിനാൽ നിരന്തപയനിയർ പട്ടിക നിറവേറ്റാൻ കഴിയും. അതു നിങ്ങൾക്കു സാധിക്കുമോയെന്നു കണ്ടെത്താൻ, സഹായ പയനിയറിങ് നടത്തുന്ന ഒന്നോ അതിലധികമോ മാസങ്ങളിൽ ശുശ്രൂഷയിൽ 90 മണിക്കൂർ ചെലവഴിക്കാൻ ശ്രമിക്കരുതോ? അതേസമയം, നിങ്ങൾ മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും വികസിപ്പിച്ചെടുക്കും. വൈവിധ്യമാർന്നതും സന്തുലിതവുമായ പയനിയർ ശുശ്രൂഷ ആസ്വദിക്കാൻ അതു നിങ്ങളെ സഹായിക്കും.
17 ഒരു സഹോദരി ആറു വർഷം തുടർച്ചയായി സഹായ പയനിയറിങ് ആസ്വദിച്ചു. ആ സമയമെല്ലാം അവരുടെ ലക്ഷ്യം നിരന്തരപയനിയർ സേവനത്തിൽ പ്രവേശിക്കുകയെന്നതായിരുന്നു. ആ ലക്ഷ്യത്തിൽ, നിരന്തരപയനിയർമാർക്കുള്ള 90 മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരാൻ പറ്റിയ ഒരു സാഹചര്യം സൃഷ്ടിക്കാനാകുമെന്നു പ്രത്യാശിച്ച് അവർ നാലു വ്യത്യസ്ത ലൗകിക ജോലികൾ പരീക്ഷിച്ചുനോക്കി. അതു സാധ്യമാണോയെന്നു നിർണയിക്കാൻ ഓരോ മാസവും അവർ ഒന്നോ രണ്ടോ പട്ടികകൾ വീതം തയ്യാറാക്കി. എന്നാൽ അവ പരിശോധിച്ചപ്പോൾ, മുഴുസമയ ശുശ്രൂഷ തന്റെ എത്തുപാടിന് അതീതമാണെന്ന് അവർക്കു തോന്നി. എന്നിട്ടും സഹായത്തിനായി അവർ യഹോവയോടു യാചിച്ചുകൊണ്ടിരുന്നു. ഒരിക്കൽ, സേവനയോഗത്തിനായി തയ്യാറായിക്കൊണ്ടിരുന്നപ്പോൾ അവർ 1991 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയിലെ ഒരു ലേഖനം വായിച്ചു. അത് ഇപ്രകാരം പ്രസ്താവിച്ചു: “മണിക്കൂർ വ്യവസ്ഥയ്ക്ക് അനുചിതമായ ഊന്നൽ കൊടുക്കാതെ കൂട്ടിച്ചേർക്കൽവേലയിൽ പങ്കെടുക്കുന്നതിനുള്ള വർധിച്ച അവസരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതോ? (യോഹ. 4:35, 36)” അവർ പറയുന്നു: “ഞാൻ ആ വാചകം അഞ്ചോ ആറോ പ്രാവശ്യം വായിച്ചു, അത് യഹോവയിൽനിന്നുള്ള ഉത്തരമായിരുന്നുവെന്ന് എനിക്കു ശരിക്കും ഉറപ്പായിരുന്നു. നിരന്തരപയനിയർ സേവനത്തിൽ പ്രവേശിക്കാൻ ഞാൻ ആ നിമിഷംതന്നെ തീരുമാനിച്ചു.” അംശകാല ലൗകിക ജോലിയുടെ പട്ടിക അത്ര മെച്ചമായിരുന്നില്ലെങ്കിലും, അവർ നിരന്തരപയനിയറിങ്ങിനുള്ള അപേക്ഷ സമർപ്പിച്ചു. ഒരാഴ്ചയ്ക്കുശേഷം, പ്രസംഗപ്രവർത്തനത്തിന് അനുയോജ്യമാംവിധം അവരുടെ പട്ടികയിൽ മാറ്റം വന്നു. അവർ ഉപസംഹരിച്ചു, “ഇത് യഹോവയുടെ കയ്യല്ലേ?” അവൾ കൂട്ടിച്ചേർക്കുന്നു: “മാർഗനിർദേശത്തിനായി നിങ്ങൾ യഹോവയോടു യാചിക്കുമ്പോൾ നിങ്ങൾക്കതു ലഭിക്കുന്നു. അതിൽനിന്ന് ഓടിയൊളിക്കരുത്, അതു സ്വീകരിക്കുക.” നിരന്തരപയനിയറിങ് നടത്തുക എന്നതു നിങ്ങളുടെ ഉത്കടമായ ആഗ്രഹമാണെങ്കിൽ, ഈ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സഹായ പയനിയറിങ് ചെയ്തുകഴിയുമ്പോൾ, മുഴുസമയ ശുശ്രൂഷയിൽ നിങ്ങൾക്കും വിജയിക്കാനാകുമെന്നു നിങ്ങൾക്കു ബോധ്യപ്പെട്ടിരിക്കും.
18 വസന്തകാലത്തെ ഈ പ്രത്യേക പ്രവർത്തനത്തിന്റെ സമയത്ത് യഹോവയുടെ ജനം രക്ഷയുടെ സുവാർത്ത പ്രസിദ്ധപ്പെടുത്തുമ്പോൾ, അവൻ അവരുടെ ഉത്സാഹത്തെ അനുഗ്രഹിക്കുകയും ശ്രമങ്ങളെ പിന്താങ്ങുകയും ചെയ്യുമെന്നു നമുക്ക് ഉറപ്പുണ്ട്. (യെശ. 52:7; റോമ. 10:15) ഏപ്രിലിൽ സഹായ പയനിയറിങ് ചെയ്തുകൊണ്ട് 4,000 സഹായ പയനിയർമാർക്കായുള്ള അഭ്യർഥനയ്ക്കു നിങ്ങൾ ഉത്തരം നൽകുമോ? ഒരുപക്ഷേ മാർച്ചിലും മേയിലും കൂടെ അതു ചെയ്തുകൊണ്ട്?
[3-ാം പേജിലെ ചതുരം]
ഒരു സഹായ പയനിയർ എന്നനിലയിൽ വിജയിക്കാവുന്ന വിധം
■ വിജയസാധ്യതകൾ സംബന്ധിച്ചു ക്രിയാത്മക മനോഭാവം ഉണ്ടായിരിക്കുക
■ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കാൻ യഹോവയോടു പ്രാർഥിക്കുക
■ നിങ്ങളോടൊപ്പം പയനിയറിങ് ചെയ്യാൻ മറ്റൊരു പ്രസാധകനെ ക്ഷണിക്കുക
■ പ്രായോഗികമായ ഒരു സേവന പട്ടിക തയ്യാറാക്കുക
■ വേണ്ടുവോളം മാസികകൾ ഓർഡർ ചെയ്യുക
■ സേവനത്തിനുവേണ്ടിയുള്ള സഭയുടെ ക്രമീകരണങ്ങളെ പിന്താങ്ങുക
■ അനൗപചാരികമായി സാക്ഷീകരിക്കാനുള്ള അവസരങ്ങൾ തേടുക