ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഡിസംബർ 7-13
ദൈവവചനത്തിലെ നിധികൾ | ലേവ്യ 10–11
“കുടുംബാംഗങ്ങളോടുള്ള സ്നേഹത്തെക്കാൾ ശക്തമായിരിക്കണം യഹോവയോടുള്ള സ്നേഹം”
it-1-E 1174
നിയമവിരുദ്ധം
നിയമവിരുദ്ധമായ അഗ്നിയും സുഗന്ധക്കൂട്ടും. ലേവ്യ 10:1-ൽ സേർ (സ്ത്രീലിംഗം, സേറാ, വിചിത്രം എന്ന് അക്ഷരാർഥം) എന്ന എബ്രായപദമാണ് ഉപയോഗിച്ചിരിക്കുന്നത്. നാദാബും അബീഹുവും യഹോവയുടെ മുമ്പാകെ അർപ്പിച്ച ‘നിഷിദ്ധമായ അഗ്നിയെ’ കുറിക്കാൻ ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നു. “അവരോടു ചെയ്യാൻ കല്പിക്കാത്ത” ഈ കാര്യം ചെയ്തതിന് യഹോവ അവരെ തീ അയച്ച് കൊന്നുകളഞ്ഞു. (ലേവ 10:2; സംഖ 3:4; 26:61) അതിനു ശേഷം യഹോവ അഹരോനോട് ഇങ്ങനെ പറഞ്ഞു: “സാന്നിധ്യകൂടാരത്തിൽ വരുമ്പോൾ നീയും നിന്റെകൂടെയുള്ള നിന്റെ പുത്രന്മാരും വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്. എങ്കിൽ നിങ്ങൾ മരിക്കില്ല. ഇതു നിങ്ങൾക്കു തലമുറതലമുറയായുള്ള സ്ഥിരനിയമമായിരിക്കും. വിശുദ്ധമായതും വിശുദ്ധമല്ലാത്തതും തമ്മിലും അശുദ്ധമായതും ശുദ്ധമായതും തമ്മിലും നിങ്ങൾക്കു വേർതിരിക്കാൻ പറ്റേണ്ടതിനും മോശയിലൂടെ യഹോവ ഇസ്രായേല്യരോടു സംസാരിച്ച എല്ലാ ചട്ടങ്ങളും നിങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയേണ്ടതിനും ആണ് ഈ നിയമം തരുന്നത്.” (ലേവ 10:8-11) നാദാബും അബീഹുവും മദ്യലഹരിയിലായിരുന്നെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു, അതുകൊണ്ടാണ് അവരോടു നിർദേശിക്കാതിരുന്ന അഗ്നി അർപ്പിക്കാൻ അവർ മുന്നിട്ടിറങ്ങിയത്. ഒന്നുകിൽ, ഈ അഗ്നി അർപ്പിച്ച സമയമോ സ്ഥലമോ അർപ്പിച്ച രീതിയോ തെറ്റായിരുന്നിരിക്കാം. അല്ലെങ്കിൽ പുറപ്പാട് 30:34, 35-ൽ നിർദേശിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായ കൂട്ട് ഉപയോഗിച്ച് തയ്യാറാക്കിയ സുഗന്ധദ്രവ്യം ആയിരിക്കാം അവർ അർപ്പിച്ചത്. അവർ ലക്കുകെട്ട അവസ്ഥയിലായിരുന്നു എന്നത്, അവരുടെ പാപത്തിന് ഒഴികഴിവല്ലായിരുന്നു.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 111 ¶5
മൃഗങ്ങൾ
ഭക്ഷണത്തോടു ബന്ധപ്പെട്ട ഈ നിയന്ത്രണങ്ങൾ മോശയുടെ നിയമത്തിനു കീഴിലുള്ളവർക്കു മാത്രമേ ബാധകമായിരുന്നുള്ളൂ. കാരണം, ലേവ്യ 11:8-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: “അവ നിങ്ങൾക്ക് (അതായത് ഇസ്രായേല്യർക്ക്) അശുദ്ധമാണ്.” യേശുക്രിസ്തുവിന്റെ ബലിമരണത്തിന്റെ അടിസ്ഥാനത്തിൽ മോശയുടെ നിയമം നീക്കം ചെയ്യപ്പെട്ടതോടെ, ആ നിയന്ത്രണങ്ങളും ഇല്ലാതായി. പ്രളയത്തിനു ശേഷം ദൈവം നോഹയോടു പറഞ്ഞതുപോലെ ജീവനുള്ള ജന്തുക്കളെയെല്ലാം എല്ലാ മനുഷ്യർക്കും വീണ്ടും കഴിക്കാം എന്നായി.—കൊലോ 2:13-17; ഉൽ 9:3, 4.
ഡിസംബർ 14-20
ദൈവവചനത്തിലെ നിധികൾ | ലേവ്യ 12–13
“കുഷ്ഠരോഗത്തെക്കുറിച്ചുള്ള നിയമങ്ങളിൽനിന്ന് പഠിക്കുക”
it-2-E 238 ¶3
കുഷ്ഠം
വസ്ത്രങ്ങളിലും വീടുകളിലും. കമ്പിളിവസ്ത്രങ്ങളിലോ ലിനൻവസ്ത്രങ്ങളിലോ തോൽകൊണ്ടുള്ള വസ്തുക്കളിലോ കുഷ്ഠം പിടിക്കാമായിരുന്നു. കഴുകുമ്പോൾ ആ പാടുകൾ പോയിരുന്നെങ്കിൽ മറ്റൊന്നുമായി സമ്പർക്കത്തിൽ വരാതെ അതു മാറ്റിവെച്ചിരുന്നു. എന്നാൽ “മഞ്ഞ കലർന്ന പച്ച നിറത്തിലുള്ളതോ ഇളഞ്ചുവപ്പു നിറത്തിലുള്ളതോ” ആയ രോഗബാധ അവിടെത്തന്നെയുണ്ടെങ്കിൽ കഠിനമായ കുഷ്ഠം അതിനെ ബാധിച്ചിട്ടുണ്ടെന്ന് അർഥം, അതു കത്തിച്ചുകളയണമായിരുന്നു. (ലേവ 13:47-59) ഒരു വീടിന്റെ ചുവരിൽ, “മഞ്ഞ കലർന്ന പച്ച നിറത്തിലുള്ളതോ ഇളഞ്ചുവപ്പു നിറത്തിലുള്ളതോ” ആയ കുഴിഞ്ഞ പാടുകൾ കാണുന്നെങ്കിൽ പുരോഹിതൻ വീട് അടച്ചിടുമായിരുന്നു. അങ്ങനെ കാണുന്ന കല്ലുകൾ ഇളക്കിയെടുക്കുകയും വീടിന്റെ ഉൾഭാഗം പൂർണമായും ചുരണ്ടിക്കളയുകയും വേണമായിരുന്നു. അങ്ങനെ നീക്കം ചെയ്ത കല്ലുകളും ചാന്തും നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്ത് കളയണം. എന്നാൽ ആ ലക്ഷണങ്ങൾ വീണ്ടും കണ്ടാൽ, വീട് അശുദ്ധമാണെന്നു പ്രഖ്യാപിക്കുകയും അതു പൊളിച്ച് അതിന്റെ വസ്തുക്കൾ നഗരത്തിനു വെളിയിൽ അശുദ്ധമായ ഒരു സ്ഥലത്ത് കളയുകയും ചെയ്യണമായിരുന്നു. എന്നാൽ ശുദ്ധിയുള്ളതായി പ്രഖ്യാപിക്കുന്ന വീടുകളുടെ കാര്യത്തിൽ, ആചാരപരമായി ശുദ്ധീകരിക്കാനുള്ള ഒരു ക്രമീകരണമുണ്ടായിരുന്നു. (ലേവ 14:33-57) വസ്ത്രങ്ങളെയും വീടുകളെയും ബാധിച്ചിരുന്ന കുഷ്ഠം എന്താണെന്നു തീർത്തുപറയാൻ കഴിയില്ല, എങ്കിലും അത് ഏതെങ്കിലും തരം പൂപ്പലായിരിക്കാം എന്നു ചിലർ അഭിപ്രായപ്പെടുന്നു.
ഡിസംബർ 21-27
ദൈവവചനത്തിലെ നിധികൾ | ലേവ്യ 14–15
“ശുദ്ധിയോടെ വേണം ശുദ്ധാരാധന അർപ്പിക്കാൻ”
it-1-E 263
കുളിക്കുന്നത്
വ്യത്യസ്തസാഹചര്യങ്ങളിൽ ആചാരപ്രകാരം കുളിക്കണമെന്ന് ഇസ്രായേല്യരോടു കല്പിച്ചിരുന്നു. കുഷ്ഠം മാറിക്കിട്ടിയവരും ‘സ്രാവമുള്ളവർ’ തൊട്ട സാധനങ്ങളുമായി സമ്പർക്കത്തിൽ വരുന്നവരും ബീജസ്ഖലനം ഉണ്ടായ ഒരു പുരുഷനും ആർത്തവമോ രക്തസ്രാവമോ ഉണ്ടായ ഒരു സ്ത്രീയും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവരും ‘അശുദ്ധരായിരുന്നു,’ അവർ കുളിക്കണമായിരുന്നു. (ലേവ 14:8, 9; 15:4-27) അതുപോലെ കൂടാരത്തിൽ ഒരാളുടെ ശവശരീരത്തോടൊപ്പമുള്ളവരും അതു തൊടുന്നവരും ‘അശുദ്ധരായിരുന്നു,’ അവരെ ജലംകൊണ്ട് ശുദ്ധീകരിക്കണമായിരുന്നു. ആരെങ്കിലും ഈ വ്യവസ്ഥ അനുസരിക്കാതിരുന്നാൽ, “അവനെ സഭയിൽനിന്നു ഛേദിച്ചുകളയേണം.” കാരണം, “അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി.” (സംഖ 19:20) അതുകൊണ്ടുതന്നെ കഴുകുന്നത്, യഹോവയുടെ മുമ്പാകെ ശുദ്ധമായ ഒരു നിലയുണ്ടായിരിക്കുന്നതിനെ കുറിക്കാൻ ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നു. (സങ്ക 26:6; 73:13; യശ 1:16; യഹ 16:9) ജലത്താൽ പ്രതീകപ്പെടുത്തുന്ന യഹോവയുടെ സത്യവചനത്തിന് ശുദ്ധീകരിക്കാനുള്ള ശക്തിയുണ്ട്.—എഫ 5:26.
it-2-E 372 ¶2
ആർത്തവം
ഒരു സ്ത്രീക്കു ആർത്തവസമയത്തല്ലാതെ കുറെ ദിവസത്തേക്കു രക്തസ്രാവം ഉണ്ടാകുകയോ “തന്റെ ആർത്തവം പതിവിലും നീണ്ടുനിൽക്കുകയോ” ചെയ്യുമ്പോഴും അവളെ അശുദ്ധയായി കണക്കാക്കിയിരുന്നു. ആ സമയത്ത് അവൾ കിടക്കാനും ഇരിക്കാനും ഉപയോഗിച്ച വസ്തുക്കളും ആ വസ്തുക്കളെ തൊടുന്നവരും അശുദ്ധമായതായി കണക്കാക്കിയിരുന്നു. പതിവല്ലാതെയുള്ള രക്തസ്രാവം നിന്നശേഷം അവൾ ഏഴു ദിവസം എണ്ണണമായിരുന്നു. അതിനു ശേഷം അവൾ ശുദ്ധയാകും. എട്ടാം ദിവസം അവൾ രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്ത് പുരോഹിതന്റെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ അവയിലൊന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും അർപ്പിക്കും. അങ്ങനെ പുരോഹിതൻ യഹോവയുടെ സന്നിധിയിൽവെച്ച് അവൾക്കു പാപപരിഹാരം വരുത്തും.—ലേവ 15:19-30.
it-1-E 1133
വിശുദ്ധസ്ഥലം
സാന്നിധ്യകൂടാരം, പിന്നീട് ദേവാലയം. വിശുദ്ധകൂടാരത്തിന്റെ മുറ്റവും പിന്നീടു നിർമിച്ച ദേവാലയത്തിന്റെ മുറ്റവും അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും വിശുദ്ധമായിരുന്നു. (പുറ 38:24; 2ദിന 29:5; പ്രവൃ 21:28) യാഗപീഠവും ചെമ്പുപാത്രവും ആയിരുന്നു മുറ്റത്തുണ്ടായിരുന്ന പ്രധാന വസ്തുക്കൾ. അവയും വിശുദ്ധമായിരുന്നു. ആചാരപ്രകാരം ശുദ്ധനായ ഒരു വ്യക്തിക്കു മാത്രമേ വിശുദ്ധകൂടാരത്തിന്റെ മുറ്റത്ത് പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. അതുപോലെ അശുദ്ധനായ ഒരു വ്യക്തിക്കു ദേവാലയത്തിന്റെ മുറ്റത്തും പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. ഉദാഹരണത്തിന്, അശുദ്ധയായ ഒരു സ്ത്രീ വിശുദ്ധവസ്തുക്കളൊന്നും തൊടാനോ വിശുദ്ധമായ സ്ഥലത്ത് പ്രവേശിക്കാനോ പാടില്ലായിരുന്നു. (ലേവ 12:2-4) ഇസ്രായേല്യർ അവരുടെ അശുദ്ധിയിൽ തുടർന്നാൽ, അവർ വിശുദ്ധകൂടാരത്തെ അശുദ്ധമാക്കിയതായി കണക്കാക്കുമായിരുന്നു. (ലേവ 15:31) കുഷ്ഠരോഗം മാറിയ ഒരു വ്യക്തിക്ക് ശുദ്ധി പ്രാപിക്കാൻ യാഗവസ്തുക്കളുമായി സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽവരെ മാത്രമേ വരാൻ കഴിയുമായിരുന്നുള്ളൂ. (ലേവ 14:11) അശുദ്ധനായ ഒരു വ്യക്തി, സാന്നിധ്യകൂടാരത്തിലോ ദേവാലയത്തിലോ അർപ്പിക്കുന്ന സഹഭോജനബലിയിൽ പങ്കുപറ്റാൻ പാടില്ലായിരുന്നു. അങ്ങനെ ചെയ്താൽ ആ വ്യക്തിക്കു മരണശിക്ഷ ലഭിക്കുമായിരുന്നു.—ലേവ 7:20, 21.
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 665 ¶5
ചെവി
ഇസ്രായേലിൽ പൗരോഹിത്യം സ്ഥാപിച്ചപ്പോൾ, സ്ഥാനാരോഹണത്തിന്റെ ആടിന്റെ രക്തത്തിൽ കുറച്ച് എടുത്ത് അഹരോന്റെയും പുത്രന്മാരുടെയും വലത്തെ കീഴ്ക്കാതിലും വലങ്കൈയിലും വലങ്കാലിലും പുരട്ടാൻ മോശയ്ക്കു നിർദേശം കിട്ടിയിരുന്നു. അവർ എപ്പോഴും ദൈവത്തെ കേട്ട് അനുസരിക്കണമെന്നും അവരുടെ സേവനവും പെരുമാറ്റവും എല്ലാം എപ്പോഴും ദൈവേഷ്ടത്തിനു ചേർച്ചയിലായിരിക്കണമെന്നും അവരെ ഓർമിപ്പിച്ചു. (ലേവ 8:22-24) സമാനമായി, കുഷ്ഠം മാറി ശുദ്ധനായ ഒരു വ്യക്തി യാഗം അർപ്പിക്കാൻ വരുമ്പോൾ പുരോഹിതൻ അപരാധയാഗമായി അർപ്പിച്ച ആൺചെമ്മരിയാട്ടിൻകുട്ടിയുടെ രക്തത്തിൽ കുറച്ചും എണ്ണയിൽ കുറച്ചും എടുത്ത് ആ വ്യക്തിയുടെ വലത്തെ കീഴ്ക്കാതിൽ പുരട്ടണമായിരുന്നു. (ലേവ 14:14, 17, 25, 28) തന്റെ യജമാനനെ അനിശ്ചിതകാലത്തോളം സേവിക്കാൻ ആഗ്രഹിക്കുന്ന ഒരു അടിമയുടെ കാര്യത്തിലും ഇതിനു സമാനമായ ഒരു ക്രമീകരണമുണ്ടായിരുന്നു. ആ അടിമയെ കട്ടിളക്കാലിനോടു ചേർത്തുനിറുത്തി, യജമാനൻ അവന്റെ കാത് ഒരു തോലുളികൊണ്ട് തുളയ്ക്കണമായിരുന്നു. ചെവിയിൽ വരുത്തുന്ന ഈ അടയാളം, യജമാനനെ കേട്ടനുസരിക്കാനുള്ള അടിമയുടെ ആഗ്രഹത്തിന്റെ ഒരു തെളിവായിരുന്നു.—പുറ 21:5, 6.
ഡിസംബർ 28–ജനുവരി 3
ദൈവവചനത്തിലെ നിധികൾ | ലേവ്യ 16–17
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
it-1-E 226 ¶3
അസസേൽ
യേശു തന്റെ പൂർണതയുള്ള ശരീരം മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടി യാഗമായി അർപ്പിച്ചു. ‘കാളകളുടെയും കോലാടുകളുടെയും രക്തംകൊണ്ടുള്ള’ ബലിയെക്കാൾ മൂല്യമുള്ളതായിരുന്നു അതെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (എബ്ര 10:4, 11, 12) അങ്ങനെ യേശു ബലിയാടായും ‘രോഗങ്ങൾ ചുമക്കുന്നവനായും’ സേവിച്ചു. ‘നമ്മുടെ ലംഘനങ്ങൾ നിമിത്തം യേശുവിനു കുത്തേൽക്കേണ്ടിയും’ വന്നു. (യശ 53:4, 5; മത്ത 8:17; 1പത്ര 2:24) തന്റെ യാഗത്തിന്റെ മൂല്യത്തിൽ വിശ്വാസം അർപ്പിക്കുന്നവരുടെ പാപങ്ങൾ യേശു ‘ചുമന്നു.’ നമ്മുടെ പാപങ്ങൾ പൂർണമായും നീക്കിക്കളയാൻ യേശുവിന്റെ യാഗത്തിനു കഴിയും, ഇനി ആ പാപങ്ങൾ ഓർക്കേണ്ടാ എന്ന് യഹോവ വെക്കും. ഈ വിധങ്ങളിൽ ‘അസസേലിനുള്ള കോലാട്’ യേശുവിന്റെ യാഗത്തെ പ്രതീകപ്പെടുത്തി.