ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
© 2023 Watch Tower Bible and Tract Society of Pennsylvania
ജനുവരി 1-7
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 32-33
ഉത്കണ്ഠകൾ ഉള്ളവരെ ആശ്വസിപ്പിക്കുക
it-1-E 710
എലീഹു
എലീഹു പക്ഷപാതം കാണിച്ചില്ല, അർഹിക്കാത്ത പ്രശംസ ആർക്കും കൊടുത്തില്ല. ഇയ്യോബിനെപ്പോലെ തന്നെയും കളിമണ്ണുകൊണ്ടാണ് ഉണ്ടാക്കിയതെന്നും സർവശക്തനാണ് തങ്ങളുടെയെല്ലാം സ്രഷ്ടാവെന്നും എലീഹു തിരിച്ചറിഞ്ഞു. ഇയ്യോബിനെ പേടിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. പകരം കൂടെനിൽക്കുന്ന ഒരു സുഹൃത്തായിരിക്കാനാണ് ആഗ്രഹിച്ചത്. എലീഫസും ബിൽദാദും സോഫറും ഇയ്യോബിനെ പേര് പറഞ്ഞ് വിളിക്കാതിരുന്നപ്പോൾ എലീഹു അങ്ങനെ ചെയ്തു.—ഇയ്യ 32:21, 22; 33:1,6.
മാനുഷികബലഹീനതയെ യഹോവയുടെ കണ്ണിലൂടെ നോക്കിക്കാണുക
8 പ്രതികൂല സാഹചര്യങ്ങൾനിമിത്തം നമ്മുടെ പ്രിയപ്പെട്ട ചില സഹോദരീസഹോദരന്മാരുടെ ശക്തി ചോർന്നുപോയിട്ടുണ്ടാകാം എന്ന് ഓർക്കുന്നെങ്കിൽ നാം അവരോട് കൂടുതൽ സമാനുഭാവത്തോടെ ഇടപെടാൻ സാധ്യതയുണ്ട്. മോശമായ ആരോഗ്യം, വിഭജിതകുടുംബത്തിലെ ജീവിതം, വിഷാദം എന്നിങ്ങനെ പലവിധ പ്രാതികൂല്യങ്ങളുമായി മല്ലിട്ടുകൊണ്ടാണ് പലരും മുന്നോട്ടുനീങ്ങുന്നതെന്ന് നാം മറന്നുപോകരുത്. ഒരുനാൾ അത്തരമൊരു സാഹചര്യത്തിലൂടെ നമ്മളും കടന്നുപോയേക്കാം. ഒരുകാലത്ത് ഈജിപ്റ്റിൽ ദരിദ്രരും ദുർബലരുമായി ജീവിച്ചവരായ ഇസ്രായേല്യർ, കഷ്ടത അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങളോട് ഒരിക്കലും “ഹൃദയം കഠിനമാ”ക്കരുതെന്ന് വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിനു മുമ്പ് യഹോവ അവരെ ഓർമിപ്പിച്ചു. ദരിദ്രരായവർക്ക് അവർ മനസ്സോടെ കൈ തുറന്നു കൊടുക്കാൻ യഹോവ പ്രതീക്ഷിച്ചു.—ആവ. 15:7, 11; ലേവ്യ. 25:35-38.
9 ക്ലേശപൂർണമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ കുറ്റംവിധിക്കുകയോ സംശയദൃഷ്ട്യാ വീക്ഷിക്കുകയോ ചെയ്യുന്നതിനു പകരം അവർക്ക് നമ്മൾ ആത്മീയമായി ആശ്വാസം പ്രദാനം ചെയ്യുകയാണ് വേണ്ടത്. (ഇയ്യോ. 33:6, 7; മത്താ. 7:1) ദൃഷ്ടാന്തത്തിന്, വാഹനാപകടത്തിൽപ്പെട്ട ഒരു ബൈക്കുയാത്രക്കാരനെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുന്നെന്ന് കരുതുക. അപകടത്തിന് കാരണക്കാരൻ അയാളായിരുന്നോ എന്ന് തിട്ടപ്പെടുത്താനായിരിക്കുമോ അങ്ങനെയൊരു സാഹചര്യത്തിൽ അവിടത്തെ ഡോക്ടർമാരും നഴ്സുമാരും തുനിയുക? ഒരിക്കലുമല്ല, മറിച്ച് അയാൾക്ക് അടിയന്തിര വൈദ്യസഹായം നൽകാനായിരിക്കും അവർ ശ്രമിക്കുന്നത്. സമാനമായി, ഒരു സഹവിശ്വാസി വ്യക്തിപരമായ പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുകയാണെങ്കിൽ അദ്ദേഹത്തിന് ആവശ്യമായ ആത്മീയപിന്തുണ നൽകുന്നതിനായിരിക്കണം നാം മുൻഗണന കൊടുക്കേണ്ടത്.—1 തെസ്സലോനിക്യർ 5:14 വായിക്കുക.
10 നമ്മുടെ സഹോദരങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ നാം സമയമെടുക്കുന്നെങ്കിൽ ബാഹ്യമായി അവരിൽ കാണപ്പെടുന്ന ദുർബലാവസ്ഥ വാസ്തവത്തിൽ ഒരു ബലഹീനതയേയല്ലെന്ന് തിരിച്ചറിയാൻ നമുക്കായേക്കും. കാലങ്ങളായി കുടുംബത്തിൽനിന്നുള്ള എതിർപ്പ് സഹിച്ചുനിൽക്കുന്ന സഹോദരിമാരുടെ കാര്യമെടുക്കുക. അവരിൽ ചിലർ എളിയവരോ ദുർബലരോ ആയി കാണപ്പെട്ടേക്കാമെങ്കിലും അന്യാദൃശമായ വിശ്വാസവും ആന്തരികകരുത്തും അല്ലേ അവർ പ്രകടമാക്കുന്നത്? ഒറ്റയ്ക്കുള്ള ഒരു മാതാവ് കൊച്ചുകുഞ്ഞുമായോ കുട്ടികളുമായോ ഒരു മുടക്കവുംകൂടാതെ യോഗങ്ങൾക്ക് വരുന്നത് കാണുമ്പോൾ അവരുടെ വിശ്വാസവും നിശ്ചയദാർഢ്യവും നിങ്ങളിൽ മതിപ്പുളവാക്കുന്നില്ലേ? സ്കൂളിലെ മോശമായ സ്വാധീനങ്ങളെ ചെറുത്ത് സത്യത്തോട് പറ്റിനിൽക്കുന്ന കൗമാരപ്രായക്കാരെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു? ബലഹീനരെന്ന് തോന്നിപ്പോയേക്കാവുന്ന ഇവരെല്ലാം നമുക്കിടയിൽ ഏറെ അനുകൂലമായ സാഹചര്യങ്ങൾ ഉള്ളവരെപ്പോലെതന്നെ “വിശ്വാസത്തിൽ സമ്പന്ന”രാണെന്ന് എളിമയോടെ നമ്മൾ അംഗീകരിക്കുന്നു.—യാക്കോ. 2:5.
സംസാരിക്കാനുള്ള ഉചിതമായ സമയം ഏതാണ്?
17 ഇയ്യോബിനെ കാണാൻ വന്നവരിൽ നാലാമത്തെയാൾ അബ്രാഹാമിന്റെ ഒരു ബന്ധുവായ എലീഹുവായിരുന്നു. ഇയ്യോബും മറ്റു മൂന്നു പുരുഷന്മാരും സംസാരിച്ചപ്പോൾ എലീഹു കേട്ടിരുന്നു. എലീഹു നല്ല ശ്രദ്ധ കൊടുത്തിട്ടുണ്ടാകണം. അതുകൊണ്ടാണ് ഇയ്യോബിന്റെ ചിന്തയെ തിരുത്താൻ ദയയോടെ, വ്യക്തമായ ഉപദേശം കൊടുക്കാൻ എലീഹുവിനു കഴിഞ്ഞത്. (ഇയ്യോ. 33:1, 6, 17) സ്വയം പേരെടുക്കാനോ മറ്റുള്ളവരെ പുകഴ്ത്താനോ അല്ല എലീഹു ശ്രമിച്ചത്, പകരം യഹോവയെ വാഴ്ത്തുക എന്നതായിരുന്നു എലീഹുവിന് ഏറ്റവും പ്രധാനം. (ഇയ്യോ. 32:21, 22; 37:23, 24) മൗനമായിരുന്ന് ശ്രദ്ധിക്കാൻ ഒരു സമയമുണ്ടെന്ന് എലീഹുവിന്റെ മാതൃക നമ്മളെ പഠിപ്പിക്കുന്നു. (യാക്കോ. 1:19) അതുപോലെ, ബുദ്ധിയുപദേശം കൊടുക്കുമ്പോൾ, നമ്മളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനു പകരം യഹോവയെ മഹത്ത്വപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ പ്രധാനലക്ഷ്യം.
18 എപ്പോൾ സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്നതിനെക്കുറിച്ചുള്ള ബൈബിളിന്റെ ഉപദേശം അനുസരിച്ചുകൊണ്ട് സംസാരപ്രാപ്തി എന്ന സമ്മാനം വിലപ്പെട്ടതായി കാണുന്നെന്നു നമുക്കു കാണിക്കാം. ജ്ഞാനിയായ ശലോമോൻ രാജാവ് ദൈവപ്രചോദിതനായി ഇങ്ങനെ എഴുതി: “തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിപ്പാത്രത്തിലെ സ്വർണ ആപ്പിളുകൾപോലെ.” (സുഭാ. 25:11) നമ്മുടെ ഓരോ വാക്കിനെയും ആ സ്വർണ ആപ്പിളുകൾപോലെ വിലയുള്ളതും മനോഹരവും ആക്കാൻ കഴിയും. അതിനു നമ്മൾ എന്തു ചെയ്യണം? മറ്റുള്ളവർ സംസാരിക്കുമ്പോൾ ശ്രദ്ധിച്ച് കേൾക്കണം, എന്തെങ്കിലും പറയുന്നതിനു മുമ്പ് നമ്മൾ ചിന്തിക്കുകയും വേണം. അങ്ങനെയാണെങ്കിൽ നമ്മൾ അധികം സംസാരിച്ചാലും അൽപ്പം സംസാരിച്ചാലും നമ്മുടെ വാക്കുകൾ മറ്റുള്ളവരെ ബലപ്പെടുത്തും. നമ്മളെക്കുറിച്ച് ഓർക്കുമ്പോൾ യഹോവയ്ക്ക് അഭിമാനം തോന്നുകയും ചെയ്യും. (സുഭാ. 23:15; എഫെ. 4:29) ഈ സമ്മാനം തന്നതിനു ദൈവത്തോടു നന്ദിയുണ്ടെന്നു കാണിക്കാൻ ഇതിലും മെച്ചമായ മറ്റൊരു മാർഗമില്ല!
ആത്മീയരത്നങ്ങൾ
യഹോവയോട് അടുത്തുചെല്ലുക
10 നമ്മുടെ ആകാരത്തെയും സൗന്ദര്യത്തെയും കുറിച്ച് ചിന്തയുള്ളവരായിരിക്കുന്നത് ഉചിതമാണ്. എന്നാൽ പ്രായമാകുന്നതിന്റെ എല്ലാ അടയാളങ്ങളും മായ്ച്ചുകളയാൻ വ്യഗ്രത കാണിക്കേണ്ടതില്ല. ആ അടയാളങ്ങൾക്ക് പക്വതയും അന്തസ്സും ആന്തരികസൗന്ദര്യവും വിളിച്ചോതാനാകും. ഉദാഹരണത്തിന് ബൈബിൾ ഇങ്ങനെ പറയുന്നു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.” (സദൃ. 16:31) യഹോവ നമ്മെ വീക്ഷിക്കുന്ന വിധമാണ് ഈ വാക്കുകളിൽ പ്രതിഫലിക്കുന്നത്. നമ്മളും സ്വയം അങ്ങനെ വീക്ഷിക്കാൻ പഠിക്കണം. (1 പത്രോസ് 3:3, 4 വായിക്കുക.) അങ്ങനെയാണെങ്കിൽ, ശാരീരികസൗന്ദര്യം വർധിപ്പിക്കാൻ മാത്രമായി അനാവശ്യവും അപകടസാധ്യതയുള്ളതും ആയ ശസ്ത്രക്രിയകൾക്കും ചികിത്സാരീതികൾക്കും വിധേയരാകുന്നത് ബുദ്ധിയായിരിക്കുമോ? ‘യഹോവയിങ്കലെ സന്തോഷമാണ്’ യഥാർഥ സൗന്ദര്യത്തിന്റെ ഉറവിടം. അത് ഉള്ളിൽനിന്നു സ്ഫുരിക്കുന്നതാണ്. പ്രായമോ ആരോഗ്യസ്ഥിതിയോ അതിനൊരു തടസ്സമല്ല. (നെഹെ. 8:10) പുതിയ ലോകത്തിൽ മാത്രമേ പൂർണമായ ആരോഗ്യം ആസ്വദിക്കാനും യൗവനചൈതന്യം വീണ്ടെടുക്കാനും സാധിക്കൂ. (ഇയ്യോ. 33:25; യെശ. 33:24) ആ കാലം വരുന്നതുവരെ, ജ്ഞാനത്തോടെയുള്ള തീരുമാനങ്ങളെടുക്കുകയും യഹോവയുടെ വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുക. ഇപ്പോഴത്തെ ജീവിതം ആസ്വദിക്കാനും ആരോഗ്യകാര്യങ്ങളെക്കുറിച്ച് പരിധിവിട്ട് ആകുലപ്പെടാതിരിക്കാനും അതു സഹായിക്കും.—1 തിമൊ. 4:8.
ജനുവരി 8-14
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 34-35
നല്ല ആളുകൾക്ക് അനീതി സഹിക്കേണ്ടിവരുമ്പോൾ
ദൈവം എങ്ങനെയുള്ളവനാണ്?
ദൈവം എപ്പോഴും ശരിയായതു ചെയ്യും. സത്യത്തിൽ, “ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് ദൈവത്തിനു ചിന്തിക്കാനേ കഴിയില്ല; തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.” (ഇയ്യോബ് 34:10) ദൈവം നീതിയോടെയേ ന്യായം വിധിക്കൂ. യഹോവയെക്കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “അങ്ങ് ജനതകളെ നീതിയോടെ വിധിക്കുമല്ലോ.” (സങ്കീർത്തനം 67:4) “ഹൃദയത്തിന് ഉള്ളിലുള്ളതു” കാണാൻ കഴിയുന്നതുകൊണ്ട് യഹോവയെ കബളിപ്പിക്കാൻ കഴിയില്ല. സത്യാവസ്ഥ മനസ്സിലാക്കാനും കൃത്യമായി ന്യായം വിധിക്കാനും ദൈവത്തിന് എപ്പോഴും കഴിയും. (1 ശമുവേൽ 16:7) കൂടാതെ, ഭൂമിയിൽ നടക്കുന്ന എല്ലാ അഴിമതിയും അനീതിയും ദൈവത്തിന് അറിയാം. പെട്ടെന്നുതന്നെ “ദുഷ്ടന്മാരെ ഭൂമിയിൽനിന്ന് ഇല്ലാതാക്കും” എന്നു ദൈവം പ്രതിജ്ഞ ചെയ്തിരിക്കുന്നു.—സുഭാഷിതങ്ങൾ 2:22.
ദൈവരാജ്യം വരുമ്പോൾ എന്തെല്ലാം പൊയ്പോകും?
5 യഹോവ ഇതു സംബന്ധിച്ച് എന്തു ചെയ്യും? ഇന്നു ദുഷ്ടമനുഷ്യർക്കു മാറ്റം വരുത്താനുള്ള അവസരം യഹോവ കൊടുത്തിരിക്കുകയാണ്. (യശ. 55:7) യഹോവ നാശത്തിനു വിധിച്ചിരിക്കുന്നത് ഈ വ്യവസ്ഥിതിയെയാണ്, ഇപ്പോൾ ദുഷ്ടത പ്രവർത്തിക്കുന്ന ഓരോരുത്തരെയുമല്ല. മഹാകഷ്ടതയ്ക്കു മുമ്പ് എപ്പോൾ വേണമെങ്കിലും അവർക്കു മാറ്റങ്ങൾ വരുത്താം. എന്നാൽ മാറ്റം വരുത്താൻ മനസ്സു കാണിക്കാതെ, ഈ വ്യവസ്ഥിതിയെ പിന്തുണച്ചുകൊണ്ടിരിക്കുന്നവർക്ക് എന്തു സംഭവിക്കും? ഈ ഭൂമിയിൽനിന്ന് ദുഷ്ടമനുഷ്യരെ എന്നേക്കുമായി ഇല്ലാതാക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. (സങ്കീർത്തനം 37:10 വായിക്കുക.) അങ്ങനെയൊരു ശിക്ഷയൊന്നും വരില്ല എന്നായിരിക്കാം ദുഷ്ടമനുഷ്യർ ചിന്തിക്കുന്നത്. തങ്ങളുടെ ദുഷ്പ്രവൃത്തികൾ മൂടിവെക്കാൻ ചിലർക്ക് അറിയാം. അതുകൊണ്ട് പലപ്പോഴും അവർ പിടിക്കപ്പെടാറില്ല, ശിക്ഷിക്കപ്പെടാറുമില്ല. (ഇയ്യോ. 21:7, 9) എന്നാൽ ബൈബിൾ പറയുന്നു: “ദൈവത്തിന്റെ കണ്ണു മനുഷ്യന്റെ വഴികളെല്ലാം നിരീക്ഷിക്കുന്നു; ദൈവം അവന്റെ ഓരോ കാൽവെപ്പും കാണുന്നു. തെറ്റു ചെയ്യുന്നവർക്കു മറഞ്ഞിരിക്കാൻ കൂരിരുട്ടോ അന്ധകാരമോ ഒരിടത്തുമില്ല.” (ഇയ്യോ. 34:21, 22) യഹോവയുടെ കണ്ണുവെട്ടിക്കാൻ ആർക്കും കഴിയില്ല. ഒരു തട്ടിപ്പുകാരനും ദൈവത്തെ കബളിപ്പിക്കാനാകില്ല. ദൈവത്തിന്റെ കണ്ണുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഒരു ഇരുട്ടുമില്ല, ആഴവുമില്ല. എല്ലാം യഹോവയ്ക്കു ഗ്രഹിക്കാനാകും. ആ സ്ഥിതിക്ക്, അർമഗെദോനു ശേഷം ദുഷ്ടരെ അവർ ഉണ്ടായിരുന്നിടത്ത് നോക്കിയാൽ കാണാനാകുമോ? ഇല്ല, അവർ എന്നെന്നേക്കുമായി ഇല്ലാതായിരിക്കും!—സങ്കീ. 37:12-15.
യേശുവിന്റെ അനുഗാമിയാകുന്നതിൽനിന്ന് നിങ്ങളെ തടയുന്നത് എന്താണ്?
19 ഇന്നും അങ്ങനെയൊരു പ്രശ്നമുണ്ടോ? ഉണ്ട്. രാഷ്ട്രീയകാര്യങ്ങളിൽ നമ്മൾ നിഷ്പക്ഷരായി നിൽക്കുന്നതു പലർക്കും ഉൾക്കൊള്ളാനാകുന്നില്ല. നമ്മൾ ഏതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കാനും വോട്ടു ചെയ്യാനും ഒക്കെയാണ് അവർ പ്രതീക്ഷിക്കുന്നത്. എന്നാൽ നമ്മൾ ഏതെങ്കിലും ഒരു മനുഷ്യനെ ഭരണാധികാരിയായി തെരഞ്ഞെടുക്കുമ്പോൾ യഹോവയെ തള്ളിക്കളയുകയായിരിക്കും. (1 ശമു. 8:4-7) ഇനി ജനങ്ങളുടെ നന്മയ്ക്കുവേണ്ടി നമ്മൾ സ്കൂളുകളും ആശുപത്രികളും ഒക്കെ പണിയാനും ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യാനും ആളുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം പ്രസംഗപ്രവർത്തനത്തിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതു പലർക്കും അംഗീകരിക്കാനാകുന്നില്ല.
20 യേശുവിന്റെ അനുഗാമിയായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (മത്തായി 7:21-23 വായിക്കുക.) അതിനായി യേശു ആവശ്യപ്പെട്ട പ്രവർത്തനത്തിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം. (മത്താ. 28:19, 20) അല്ലാതെ ലോകത്തിലെ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മൾ ശ്രമിക്കരുത്. നമുക്ക് ആളുകളോടു സ്നേഹമുണ്ട്, അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തയുണ്ട്. എന്നാൽ അവരെ സഹായിക്കാനുള്ള ഏറ്റവും നല്ല മാർഗം ദൈവരാജ്യത്തെക്കുറിച്ച് അവരെ പഠിപ്പിക്കുന്നതും യഹോവയുമായി ഒരു സ്നേഹബന്ധത്തിലേക്കു വരാൻ അവരെ സഹായിക്കുന്നതും ആണെന്നു നമുക്ക് അറിയാം.
ആത്മീയരത്നങ്ങൾ
സ്വമനസ്സാലെയുള്ള നിങ്ങളുടെ സേവനം യഹോവയ്ക്കു സ്തുതി കരേറ്റട്ടെ!
3 “ഇയ്യോബ് നീതിമാനാണെങ്കിൽ ദൈവത്തിന് എന്തു നേട്ടം? ഇയ്യോബിൽനിന്ന് ദൈവത്തിന് എന്തെങ്കിലും കിട്ടുമോ” എന്ന് എലീഹു ചോദിച്ചു. (ഇയ്യോ. 35:7) ഇങ്ങനെയൊരു ചോദ്യം ചോദിച്ചതിന് യഹോവ എലീഹുവിനെ തിരുത്തിയില്ല എന്നതു ശ്രദ്ധിക്കുക. കാരണം നമ്മുടെ ദൈവസേവനംകൊണ്ട് ഒരു ഗുണവുമില്ലെന്നല്ല എലീഹു ഉദ്ദേശിച്ചത്. നമ്മുടെ ആരാധനയെ ആശ്രയിച്ചല്ല യഹോവ കാര്യങ്ങൾ ചെയ്യുന്നത് എന്നാണ് എലീഹു പറഞ്ഞതിന്റെ അർഥം. യഹോവ പരിപൂർണനാണ്. അതുകൊണ്ടുതന്നെ, നമുക്കു ദൈവത്തെ കൂടുതൽ സമ്പന്നനോ ശക്തനോ ആക്കാൻ കഴിയില്ല. നേരെ മറിച്ച്, നമുക്കുള്ള നന്മയും കഴിവും ശക്തിയും എല്ലാം ദൈവത്തിൽനിന്നാണ്. നമ്മൾ അത് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് യഹോവ ശ്രദ്ധിക്കുന്നുണ്ട്.
ജനുവരി 15-21
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 36-37
ദൈവം തന്നിരിക്കുന്ന നിത്യജീവന്റെ വാഗ്ദാനത്തിൽ നിങ്ങൾക്കു വിശ്വസിക്കാം
നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയുമോ?
സ്രഷ്ടാവിന്റെ നിത്യത: ദൈവം “അനാദിയായും ശാശ്വതമായും” സ്ഥിതിചെയ്യുന്നവനാണ് എന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 90:2) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിന് ആരംഭമോ അവസാനമോ ഇല്ല. മനുഷ്യരുടെ കാഴ്ചപ്പാടിൽ ദൈവത്തിന്റെ “വത്സരങ്ങൾ എണ്ണിയാലൊടുങ്ങാത്തവയാണ്.”—ഇയ്യോബ് 36:26, ഓശാന ബൈബിൾ.
പ്രയോജനം: ദൈവത്തെക്കുറിച്ചുള്ള അറിവ് സമ്പാദിക്കുന്നതിലൂടെ നിത്യജീവൻ ലഭിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. (യോഹന്നാൻ 17:3) ദൈവം നിത്യമായി ജീവിക്കുന്ന ഒരു വ്യക്തിയല്ലെങ്കിൽ ആ വാഗ്ദാനം എങ്ങനെ വിശ്വസിക്കാനാകും? ‘നിത്യരാജാവിനു’ മാത്രമെ അങ്ങനെയൊരു വാഗ്ദാനം നിവർത്തിക്കാൻ കഴിയൂ.—1 തിമൊഥെയൊസ് 1:17.
ദൈവം തന്ന സമ്മാനങ്ങൾ നിങ്ങൾ വിലമതിക്കുന്നുണ്ടോ?
6 സൂര്യനിൽനിന്ന് കൃത്യമായ അകലത്തിൽ ഭൂമി നിൽക്കുന്നതുകൊണ്ടാണു ദ്രാവകരൂപത്തിൽ ഭൂമിയിൽ വെള്ളം ഉള്ളത്. ഭൂമി സൂര്യനോട് അൽപ്പംകൂടി അടുത്തായിരുന്നെങ്കിൽ ഭൂമിയിലെ വെള്ളം മുഴുവൻ ആവിയായിപ്പോകുകയും യാതൊരു ജീവജാലങ്ങളുമില്ലാതെ ചുട്ടുപഴുത്ത ഒരു പാറക്കെട്ടായിത്തീരുകയും ചെയ്തേനേ. ഭൂമി അൽപ്പംകൂടി അകലെയായിരുന്നെങ്കിൽ അതിലെ വെള്ളം തണുത്തുറഞ്ഞ് ഒരു മഞ്ഞുഗോളമായി മാറുമായിരുന്നു. യഹോവ ഭൂമിയെ കൃത്യമായ സ്ഥാനത്ത് ഉറപ്പിച്ചിരിക്കുന്നതുകൊണ്ട്, ഭൂമിയിലെ ജലപരിവൃത്തിക്ക് ഇവിടെ ജീവൻ നിലനിറുത്താൻ കഴിയുന്നു. സൂര്യപ്രകാശത്തിന്റെ ചൂടുകൊണ്ട് സമുദ്രങ്ങളിലെയും ഭൂമിയുടെ ഉപരിതലത്തിലെയും വെള്ളം ബാഷ്പീകരിക്കപ്പെട്ട് മേഘങ്ങളുണ്ടാകുന്നു. ലോകത്ത് എല്ലായിടത്തുമുള്ള തടാകങ്ങളിലെ വെള്ളത്തെക്കാൾ കൂടുതൽ വെള്ളമാണ് ഓരോ വർഷവും സൂര്യപ്രകാശമേറ്റ് നീരാവിയായി പോകുന്നത്. ബാഷ്പീകരിക്കപ്പെട്ട ഈ വെള്ളം ഏകദേശം പത്തു ദിവസത്തോളം അന്തരീക്ഷത്തിൽ തങ്ങിനിന്നതിനു ശേഷമാണ് മഴയായോ മഞ്ഞായോ പെയ്യുന്നത്. അങ്ങനെ സമുദ്രങ്ങളിലും മറ്റു ജലാശയങ്ങളിലും തിരികെ വെള്ളം എത്തുന്നു. ഭൂമിയിൽ എന്നും വെള്ളം കിട്ടത്തക്ക രീതിയിൽ യഹോവ ഈ ജലപരിവൃത്തി ക്രമീകരിച്ചു. അത് യഹോവയുടെ ജ്ഞാനവും ശക്തിയും തെളിയിക്കുന്നു.—ഇയ്യോ. 36:27, 28; സഭാ. 1:7.
നിങ്ങളുടെ പ്രത്യാശ ശക്തമാക്കിനിറുത്തുക
16 നമുക്കുള്ള നിത്യജീവന്റെ പ്രത്യാശ ദൈവത്തിൽനിന്നുള്ള വിലയേറിയ ഒരു സമ്മാനമാണ്. ആ നല്ല ഭാവിക്കായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതു വരുമെന്ന് ഉറപ്പാണ്. ഈ പ്രത്യാശ നമുക്ക് ഒരു നങ്കൂരമാണ്. പരീക്ഷണങ്ങളും ഉപദ്രവങ്ങളും ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാനും മരണത്തെപ്പോലും നേരിടാനും അതു നമ്മളെ സഹായിക്കുന്നു. കൂടാതെ ഈ പ്രത്യാശ ഒരു പടത്തൊപ്പിയുമാണ്. അതു നമ്മുടെ ചിന്തകളെ സംരക്ഷിക്കുന്നു. അതുകൊണ്ട് തെറ്റായ കാര്യങ്ങളെ തള്ളിക്കളഞ്ഞ് ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്കു കഴിയുന്നു. ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ ഈ പ്രത്യാശ യഹോവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. ദൈവം നമ്മളെ എത്രമാത്രം സ്നേഹിക്കുന്നെന്ന് അതു കാണിച്ചുതരുന്നു. പ്രത്യാശ ശക്തമാക്കി നിറുത്തുകയാണെങ്കിൽ നമുക്ക് അത് ഒരുപാടു പ്രയോജനം ചെയ്യും.
ആത്മീയരത്നങ്ങൾ
it-1-E 492
ആശയവിനിമയം
പണ്ടുകാലത്ത് ബൈബിൾദേശങ്ങളിൽ വിവരങ്ങളും വാർത്തകളും പല രീതിയിൽ കൈമാറിയിരുന്നു. ഓരോരോ നാട്ടിലെയും മറ്റു ദേശങ്ങളിലെയും വാർത്തകൾ പ്രധാനമായും വാമൊഴിയായിട്ടാണ് ആളുകൾ കേട്ടിരുന്നത്. (2ശമു 3:17, 19; ഇയ്യ 37:20) സഞ്ചാരികൾ ദൂരദേശത്തുനിന്നുള്ള വാർത്തകൾ എത്തിക്കുമായിരുന്നു. മിക്കപ്പോഴും കച്ചവടസംഘങ്ങളുടെ ഭാഗമായിരുന്ന ഇവർ, വെള്ളത്തിനും ഭക്ഷണത്തിനും ഒക്കെ നഗരങ്ങളിലും മറ്റും നിറുത്തുമ്പോൾ ദൂരദേശത്തുനിന്നുള്ള വാർത്തകൾ നാട്ടുകാരെ അറിയിക്കുമായിരുന്നു. ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും യൂറോപ്പിൽനിന്നും വരുന്ന കൂടുതൽപ്പേരും പലസ്തീനിലൂടെയാണ് പോയിരുന്നത്. അതുകൊണ്ട് അവിടെയുണ്ടായിരുന്നവർക്ക് ദൂരദേശങ്ങളിൽ നടക്കുന്ന വാർത്തകൾ പെട്ടെന്ന് കിട്ടുമായിരുന്നു. പ്രാദേശികവാർത്തകളും മറ്റു ദേശങ്ങളിലെ വാർത്തകളും മുഖ്യമായും ചന്തസ്ഥലത്തുനിന്നാണ് ലഭിച്ചിരുന്നത്.
ജനുവരി 22-28
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 38-39
സൃഷ്ടികൾ നിരീക്ഷിക്കാൻ നിങ്ങൾ സമയം എടുക്കാറുണ്ടോ?
യഹോവയ്ക്കായി കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ?
7 യഹോവ ഭൂമിയെ സൃഷ്ടിച്ചതിനെക്കുറിച്ച് വിവരിക്കുമ്പോൾ ദൈവം അതിന് ‘അളവുകൾ നിശ്ചയിച്ചെന്നും’ അതിന്റെ ‘അടിസ്ഥാനം ഉറപ്പിച്ചു’ എന്നും അതിനു ‘മൂലക്കല്ല് ഇട്ടു’ എന്നും ബൈബിൾ പറയുന്നു. (ഇയ്യോ. 38:5, 7) കൂടാതെ താൻ ചെയ്തതൊക്കെ എങ്ങനെയുണ്ടെന്നു നോക്കാനും ദൈവം സമയമെടുത്തു. (ഉൽപ. 1:10, 12) യഹോവ പടിപടിയായി ഓരോന്നും സൃഷ്ടിക്കുന്നതു കണ്ടപ്പോൾ ദൈവദൂതന്മാർക്ക് എത്ര സന്തോഷം തോന്നിക്കാണും! ഒരു ഘട്ടത്തിൽ അവർ ‘ആനന്ദഘോഷം മുഴക്കി’ എന്നു നമ്മൾ വായിക്കുന്നു. (ഇയ്യോ. 38:6) ഇതിൽനിന്നെല്ലാം യഹോവയെക്കുറിച്ച് നമ്മൾ എന്താണു പഠിക്കുന്നത്? ആയിരക്കണക്കിനു വർഷങ്ങൾകൊണ്ടാണ് യഹോവ നക്ഷത്രങ്ങളെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ഒക്കെ സൃഷ്ടിച്ചത്. അതുകൊണ്ട് പ്രയോജനമുണ്ടായി. അവസാനം താൻ ശ്രദ്ധയോടെ ഉണ്ടാക്കിയതെല്ലാം വിലയിരുത്തിയിട്ട് ‘വളരെ നല്ലത്’ എന്നാണു ദൈവം പറഞ്ഞത്.—ഉൽപ. 1:31.
പുനരുത്ഥാനം ദൈവത്തിന്റെ സ്നേഹവും ജ്ഞാനവും ക്ഷമയും വെളിപ്പെടുത്തുന്നു
2 ആദ്യമായി യഹോവ തനിക്ക് ഒരു സഹപ്രവർത്തകനെ സൃഷ്ടിച്ചു. എന്നിട്ട് തന്റെ ഈ ആദ്യജാതനിലൂടെ ദൈവം ദശലക്ഷക്കണക്കിനു വരുന്ന ആത്മജീവികൾ ഉൾപ്പെടെ ‘മറ്റെല്ലാം സൃഷ്ടിച്ചു.’ (കൊലോ. 1:16) പിതാവിനോടൊപ്പം ജോലി ചെയ്യാൻ അവസരം കിട്ടിയതിൽ യേശു സന്തോഷിച്ചു. (സുഭാ. 8:30) ദൈവത്തിന്റെ ദൂതപുത്രന്മാർക്കും സന്തോഷിക്കാനുള്ള കാരണമുണ്ടായിരുന്നു. യഹോവയും യഹോവയുടെ വിദഗ്ധജോലിക്കാരനായ യേശുവും ആകാശവും ഭൂമിയും ഉണ്ടാക്കിയപ്പോൾ അതു നേരിട്ട് കാണാനുള്ള അവസരം ഈ ദൂതന്മാർക്കു കിട്ടി. അവർ അപ്പോൾ എന്തു ചെയ്തു? ഭൂമി ഉണ്ടാക്കിയപ്പോൾ അവർ ‘ആനന്ദഘോഷം മുഴക്കി.’ പിന്നീട് യഹോവ ഓരോന്നും സൃഷ്ടിച്ചപ്പോഴും, ഒടുവിൽ മനുഷ്യനെ ഉണ്ടാക്കിയപ്പോഴും, ദൂതന്മാർ ഇങ്ങനെതന്നെ ചെയ്തു എന്നതിനു സംശയമില്ല. (ഇയ്യോ. 38:6; സുഭാ. 8:31, അടിക്കുറിപ്പ്) ഈ സൃഷ്ടികളിൽ ഓരോന്നും യഹോവയുടെ സ്നേഹവും ജ്ഞാനവും വെളിപ്പെടുത്തുന്നു.—സങ്കീ. 104:24; റോമ. 1:20.
സൃഷ്ടികളിൽനിന്ന് യഹോവയെക്കുറിച്ച് കൂടുതൽ പഠിക്കുക
8 യഹോവയെ നമുക്കു പൂർണമായി ആശ്രയിക്കാം. തന്നെ കൂടുതൽ ആശ്രയിക്കാൻ യഹോവ ഇയ്യോബിനെ സഹായിച്ചു. (ഇയ്യോ. 32:2; 40:6-8) നക്ഷത്രങ്ങൾ, മേഘങ്ങൾ, മിന്നൽപ്പിണരുകൾ എന്നിവപോലുള്ള അനേകം സൃഷ്ടികളെക്കുറിച്ച് യഹോവ ഇയ്യോബിനോടു സംസാരിച്ചു. കാട്ടുപോത്ത്, കുതിര തുടങ്ങിയ മൃഗങ്ങളെക്കുറിച്ചും സംസാരിച്ചു. (ഇയ്യോ. 38:32-35; 39:9, 19, 20) അവയെല്ലാം ദൈവത്തിന്റെ വലിയ ശക്തിയെക്കുറിച്ച് മാത്രമല്ല സ്നേഹത്തെയും ജ്ഞാനത്തെയും കുറിച്ചും മനസ്സിലാക്കാൻ ഇയ്യോബിനെ സഹായിച്ചു. അങ്ങനെ ഇയ്യോബ് മുമ്പത്തെക്കാൾ അധികമായി യഹോവയിൽ ആശ്രയിക്കാൻതുടങ്ങി. (ഇയ്യോ. 42:1-6) അതുപോലെ, സൃഷ്ടികളെക്കുറിച്ച് പഠിക്കുമ്പോൾ യഹോവ മറ്റാരെക്കാളും ജ്ഞാനിയും ശക്തനും ആണെന്ന കാര്യം നമുക്കും ബോധ്യമാകും. കൂടാതെ നമ്മുടെ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിക്കാൻ ദൈവത്തിനാകും, ഉറപ്പായും ദൈവം അങ്ങനെ ചെയ്യും എന്നും അതു പഠിപ്പിക്കുന്നു. ഈ ബോധ്യം യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ നമ്മളെ സഹായിക്കും.
ആത്മീയരത്നങ്ങൾ
it-2-E 222
നിയമദാതാവ്
യഹോവയാണ് പ്രപഞ്ചത്തിലെ ഏറ്റവും നല്ല നിയമദാതാവ്. ജീവനില്ലാത്തതിനും (ഇയ്യ 38:4-38; സങ്ക 104:5-19) ജീവനുള്ളതിനും (ഇയ്യ 39:1-30) എല്ലാം യഹോവ പ്രകൃതിനിയമങ്ങൾ വെച്ചിരിക്കുന്നു. യഹോവ സൃഷ്ടിച്ച മനുഷ്യരും ദൈവത്തിന്റെ പ്രകൃതിനിയമങ്ങൾക്കും ധാർമികനിയമങ്ങൾക്കും കീഴ്പ്പെട്ടിരിക്കുന്നു. (റോമ 12:1; 1കൊ 2:14-16) ആത്മവ്യക്തികളായ ദൂതന്മാർപോലും യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നു.—സങ്ക 103:20; 2പത്ര 2:4, 11.
യഹോവ വെച്ചിരിക്കുന്ന പ്രകൃതിനിയമങ്ങൾ മാറ്റാൻ പറ്റാത്തതാണ്. (യിര 33:20, 21) ആ നിയമങ്ങൾ സ്ഥിരതയുള്ളതും കൃത്യതയുള്ളതും ആണ്. അതുകൊണ്ടുതന്നെ ശാസ്ത്രജ്ഞന്മാർക്ക് ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും മറ്റ് ആകാശഗോളങ്ങളുടെയും ചലനങ്ങൾ കൃത്യമായി കണക്കു കൂട്ടാൻ കഴിയുന്നു. ഈ നിയമങ്ങൾക്ക് എതിരായി പ്രവർത്തിച്ചാൽ പെട്ടെന്നുതന്നെ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും. അതുപോലെതന്നെയാണ് ദൈവത്തിന്റെ ധാർമികനിയമങ്ങളും. അത് ഒരിക്കലും മാറുന്നില്ല. പ്രകൃതിനിയമങ്ങൾപോലെതന്നെ ഈ നിയമങ്ങളും നമ്മൾ അനുസരിക്കേണ്ടതാണ്. ഇത് ലംഘിച്ചാലുള്ള ശിക്ഷ നമ്മൾ അനുഭവിക്കേണ്ടിവരും. അതിനുള്ള ശിക്ഷ പെട്ടെന്നായിരിക്കണമെന്നില്ല. “ദൈവത്തെ പറ്റിക്കാനാകില്ല. ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗല 6:7; 1തിമ 5:24.
ജനുവരി 29–ഫെബ്രുവരി 4
ദൈവവചനത്തിലെ നിധികൾ | ഇയ്യോബ് 40-42
ഇയ്യോബിന്റെ അനുഭവത്തിൽനിന്ന് നമുക്കുള്ള പാഠങ്ങൾ
‘യഹോവയുടെ മനസ്സ് അറിഞ്ഞവൻ ആർ?’
4 യഹോവയുടെ പ്രവൃത്തികളെക്കുറിച്ചു ധ്യാനിക്കുമ്പോൾ ഒരു കാര്യം മനസ്സിൽപ്പിടിക്കണം: മനുഷ്യന്റെ നിലവാരങ്ങൾവെച്ച് ദൈവത്തെ വിധിക്കാനുള്ള പ്രവണത നാം ഒഴിവാക്കേണ്ടതുണ്ട്. “ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു” എന്നു പറഞ്ഞപ്പോൾ ഈ പ്രവണതയെയാണ് യഹോവ പരാമർശിച്ചത്. (സങ്കീ. 50:21) ഒരു ബൈബിൾ പണ്ഡിതൻ 175 വർഷങ്ങൾക്കുമുമ്പ് ഇതേക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ നിലവാരങ്ങളനുസരിച്ച് ദൈവത്തെ വിധിക്കാനാണ് മനുഷ്യന്റെ ചായ്വ്; മനുഷ്യർ പിൻപറ്റണമെന്ന് അവർ വിചാരിക്കുന്ന നിയമങ്ങളുടെ പരിധിക്കുള്ളിൽനിന്നാണ് ദൈവവും പ്രവർത്തിക്കുന്നതെന്ന് അവർ കരുതുന്നു.”
5 യഹോവയെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പം സ്വന്തം നിലവാരങ്ങളെയും ആഗ്രഹങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കരുത്. നാം ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ്? നമ്മുടെ അപൂർണവും പരിമിതവുമായ വീക്ഷണകോണിലൂടെ നോക്കുമ്പോൾ യഹോവയുടെ ചില പ്രവൃത്തികൾ അത്ര ശരിയായില്ലെന്നു തോന്നാനിടയുണ്ട്. പണ്ട് ഇസ്രായേല്യർക്ക് ഈ തെറ്റുപറ്റി. അതുകൊണ്ടുതന്നെ തങ്ങളോട് യഹോവ ഇടപെട്ട വിധം ശരിയായില്ലെന്ന് അവർക്കുതോന്നി. അവരോട് യഹോവ എന്താണ് പറഞ്ഞതെന്നു നോക്കൂ: “എന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേൾപ്പിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?”—യെഹെ. 18:25.
6 നമ്മുടേതായ അളവുകോലുകൾവെച്ച് യഹോവയെ അളക്കുന്നത് ഒഴിവാക്കാൻ നമുക്കെങ്ങനെ കഴിയും? നാം കാര്യങ്ങളെ വീക്ഷിക്കുന്നത് പരിമിതമായ അറിവുവെച്ചാണെന്നും അത് ചിലപ്പോൾ തെറ്റിപ്പോകുമെന്നും നാം മനസ്സിൽപ്പിടിക്കണം. ഈ പാഠം ഇയ്യോബും പഠിക്കേണ്ടിയിരുന്നു. കഷ്ടപ്പാടുകളിലൂടെ കടന്നുപോകവെ ഇയ്യോബ് നിരാശിതനായി. അവൻ തന്നെക്കുറിച്ചാണ് അധികവും ചിന്തിച്ചത്; പ്രാധാന്യമേറിയ വിഷയങ്ങൾ അവന് കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് വിശാലമായി ചിന്തിക്കാൻ സ്നേഹപുരസ്സരം യഹോവ അവനെ സഹായിച്ചു. ഇയ്യോബിന് ഉത്തരം അറിയില്ലാത്ത 70-ലേറെ ചോദ്യങ്ങൾ ചോദിച്ച് അവന്റെ അറിവ് എത്ര പരിമിതമാണെന്ന് യഹോവ കാണിച്ചുകൊടുത്തു. ഇയ്യോബ് വിനയാനതനായി; അവൻ തന്റെ വീക്ഷണഗതിയിൽ മാറ്റം വരുത്തി.—ഇയ്യോബ് 42:1-6 വായിക്കുക.
സുപ്രധാനവിഷയത്തിൽനിന്ന് നിങ്ങളുടെ ദൃഷ്ടി മാറരുത്
12 ഇത്രയധികം കഷ്ടപ്പാടുകൾ അനുഭവിച്ച ഇയ്യോബിനെ ദൈവം ശക്തമായി തിരുത്തിയത് അൽപ്പം കടന്നുപോയോ? ഇല്ല. ഇയ്യോബിനും അങ്ങനെ തോന്നിയില്ല. അത്രയൊക്കെ യാതനകൾ സഹിക്കേണ്ടിവന്നിട്ടും ഇയ്യോബ് ഒടുവിൽ യഹോവയോടു വിലമതിപ്പോടെ സംസാരിക്കാൻ തുടങ്ങി. ഇയ്യോബ് ഇങ്ങനെപോലും പറഞ്ഞു: “പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു; ഞാൻ പൊടിയിലും ചാരത്തിലും ഇരുന്ന് പശ്ചാത്തപിക്കുന്നു.” കുറിക്കുകൊള്ളുന്നതും അതേസമയം ഉണർവേകുന്നതും ആയ യഹോവയുടെ വാക്കുകൾ അത്രകണ്ട് ഫലം ചെയ്തു. (ഇയ്യോ. 42:1-6) ഇതിനു മുമ്പ് യുവാവായ എലീഹുവും ഇയ്യോബിനു തിരുത്തൽ കൊടുത്തിരുന്നു. (ഇയ്യോ. 32:5-10) ഇയ്യോബ് തനിക്കു ലഭിച്ച തിരുത്തൽ സ്വീകരിച്ച് വീക്ഷണത്തിനു മാറ്റം വരുത്തിക്കഴിഞ്ഞപ്പോൾ, ഇയ്യോബിന്റെ വിശ്വസ്തത തന്നെ പ്രീതിപ്പെടുത്തിയെന്ന് യഹോവ മറ്റുള്ളവരോടു പറഞ്ഞു.—ഇയ്യോ. 42:7, 8.
“യഹോവയിൽ പ്രത്യാശ വെക്കൂ!”
17 കടുത്ത പരീക്ഷണങ്ങളും പ്രയാസങ്ങളും ഒക്കെ നേരിട്ടപ്പോഴും ധൈര്യത്തോടും മനക്കരുത്തോടും കൂടെ യഹോവയെ സേവിച്ച ദൈവദാസന്മാരിൽ ഒരാൾ മാത്രമാണ് ഇയ്യോബ്. അപ്പോസ്തലനായ പൗലോസ് എബ്രായർക്ക് എഴുതിയ കത്തിൽ അതുപോലുള്ള ധാരാളം പേരെക്കുറിച്ച് പറയുന്നുണ്ട്. ‘സാക്ഷികളുടെ വലിയൊരു കൂട്ടം’ എന്നാണു പൗലോസ് അവരെ വിളിച്ചത്. (എബ്രാ. 12:1) അവർക്കെല്ലാം വിശ്വാസത്തിന്റെ പേരിൽ പല കഷ്ടതകളും സഹിക്കേണ്ടിവന്നിട്ടുണ്ട്. എന്നിട്ടും അവർ യഹോവയോടു വിശ്വസ്തരായി തുടർന്നു. (എബ്രാ. 11:36-40) അവർ സഹിച്ചുനിന്നതും കഠിനാധ്വാനം ചെയ്തതും ഒക്കെ വെറുതേയായോ? ഒരിക്കലുമില്ല! ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങൾ ജീവിച്ചിരുന്ന സമയത്ത് അവർക്കു കാണാൻ കഴിഞ്ഞില്ലെങ്കിലും യഹോവയിൽ പ്രത്യാശ വെക്കുന്നതിൽ അവർ തുടർന്നു. ദൈവത്തിന്റെ അംഗീകാരം തങ്ങൾക്കുള്ളതുകൊണ്ട് യഹോവയുടെ വാഗ്ദാനങ്ങളെല്ലാം നിറവേറുന്നതു കാണാനാകുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു. (എബ്രാ. 11:4, 5) ആ വിശ്വസ്തദാസരുടെ മാതൃക യഹോവയിൽ തുടർന്നും പ്രത്യാശ വെക്കാൻ നമ്മളെയും പ്രോത്സാഹിപ്പിക്കുന്നു.
18 ഈ ലോകം ഓരോ ദിവസവും കൂടുതൽക്കൂടുതൽ മോശമായിക്കൊണ്ടിരിക്കുകയാണ്. (2 തിമൊ. 3:13) ഇന്നും സാത്താൻ ദൈവജനത്തെ പരീക്ഷിക്കുന്നുണ്ട്. ഭാവിയിൽ നമുക്ക് എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാമെങ്കിലും യഹോവയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുമെന്ന് നമുക്ക് ഉറച്ച തീരുമാനമെടുക്കാം. കാരണം “നമ്മൾ പ്രത്യാശ വെച്ചിരിക്കുന്നത്” ജീവനുള്ള ദൈവത്തിലാണ്. (1 തിമൊ. 4:10) യഹോവ ഇയ്യോബിനു ചെയ്തുകൊടുത്ത കാര്യങ്ങളിൽനിന്ന് മനസ്സിലാക്കാനാകുന്നത് നമ്മുടെ പിതാവ് “വാത്സല്യവും കരുണയും നിറഞ്ഞ” ദൈവമാണെന്നാണ്. (യാക്കോ. 5:11) നമുക്കും യഹോവയോട് എപ്പോഴും വിശ്വസ്തരായിരിക്കാം. ‘തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകും’ എന്ന് ഉറപ്പാണ്.—എബ്രായർ 11:6 വായിക്കുക.
ആത്മീയരത്നങ്ങൾ
it-2-E 808
പരിഹാസം
വലിയ പരിഹാസം നേരിട്ടിട്ടും ഇയ്യോബ് വിശ്വസ്തനായിത്തന്നെ നിന്നു. ഇയ്യോബിന് ഒരു തെറ്റായ വീക്ഷണമുണ്ടായിരുന്നു. പിന്നീട് അതിനു തിരുത്തൽ ലഭിക്കുകയും ചെയ്തു. എലീഹു പറഞ്ഞു: “ഇയ്യോബിനെപ്പോലെ മറ്റാരുണ്ട്? ഇയ്യോബ് പരിഹാസം വെള്ളംപോലെ കുടിക്കുന്നു.” (ഇയ്യ 34:7) തന്നെത്തന്നെ ന്യായീകരിക്കാനും ദൈവത്തെക്കാൾ നീതിമാനാണു താനെന്നു തെളിയിക്കാനും ആണ് ഇയ്യോബ് ശ്രമിച്ചത്. (ഇയ്യ 35:2; 36:24) ‘കൂട്ടുകാരിൽനിന്നുള്ള’ പരിഹാസം ദൈവത്തിന് എതിരെയുള്ളതാണെന്ന് ഇയ്യോബ് മനസ്സിലാക്കിയില്ല. പകരം തനിക്ക് എതിരെയുള്ള പരിഹാസമായിട്ടാണ് ഇയ്യോബ് അതിനെ കണ്ടത്. ഇവിടെ ശരിക്കും, താഴ്ത്തിക്കെട്ടിയുള്ള പരിഹാസവും കളിയാക്കലും ഏറ്റുവാങ്ങാൻ തന്നെത്തന്നെ വിട്ടുകൊടുക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന ഒരാളെപ്പോലെയാണ് ഇയ്യോബ് സംസാരിക്കുന്നത്. ആസ്വദിച്ച് വെള്ളം കുടിക്കുന്നതുപോലെയാണ് ഇയ്യോബിന് അത് അനുഭവപ്പെട്ടത്. ആ മൂന്നു പേരും ശരിക്കും തനിക്ക് എതിരെയാണ് സംസാരിക്കുന്നതെന്നു ദൈവം പിന്നീട് പറഞ്ഞു. (ഇയ്യ 42:7; 1ശമു 8:7-ഉം മത്ത 24:9-ഉം കൂടെ കാണുക.) ഇത് ഓർക്കുന്നതു പരിഹാസം നേരിടുമ്പോൾ ശരിയായ മനോഭാവം ഉണ്ടായിരിക്കാൻ ക്രിസ്ത്യാനികളെ സഹായിക്കുന്നു. അവർക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും.—ലൂക്ക 6:22, 23.
ഫെബ്രുവരി 5-11
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 1–4
ദൈവരാജ്യത്തിന്റെ പക്ഷത്ത് നിൽക്കുക
“സകല ജനതകളെയും ഞാൻ കുലുക്കും”
8 ഈ സന്ദേശത്തെ ആളുകൾ എങ്ങനെയാണു കണ്ടത്? മിക്കവരും അതു സ്വീകരിക്കാൻ തയ്യാറായില്ല. (സങ്കീർത്തനം 2:1-3 വായിക്കുക.) ജനതകൾ ക്ഷോഭിച്ചു. യഹോവയുടെ നിയമിതരാജാവിനെ സ്വീകരിക്കാൻ അവർ തയ്യാറല്ല. നമ്മൾ പ്രസംഗിക്കുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള വാർത്ത അവർക്ക് ഒരു സന്തോഷവാർത്തയല്ല. ചില ഗവൺമെന്റുകളാണെങ്കിൽ നമ്മുടെ പ്രസംഗപ്രവർത്തനത്തെ നിരോധിക്കുകപോലും ചെയ്തു! ഇന്നത്തെ പല ഭരണാധികാരികളും ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും തങ്ങളുടെ അധികാരം നഷ്ടപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ദൈവം നിയമിച്ചിരിക്കുന്ന ഭരണാധികാരിയെ അവർ എതിർക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ആളുകൾ ചെയ്തതുപോലെതന്നെ യേശുവിന്റെ അനുഗാമികളെ ഉപദ്രവിച്ചുകൊണ്ടാണ് അവർ അതു ചെയ്യുന്നത്.—പ്രവൃ. 4:25-28.
ഭിന്നിച്ച ലോകത്തിൽ നിഷ്പക്ഷത കാത്തുസൂക്ഷിക്കുക
11 പണവും വസ്തുവകകളും. നമുക്കുള്ള പണത്തിനും മറ്റു വസ്തുവകകൾക്കും നമ്മൾ കണക്കിലധികം പ്രാധാന്യം കല്പിക്കുമ്പോൾ നിഷ്പക്ഷത പാലിക്കുക വളരെ ബുദ്ധിമുട്ടായിരുന്നേക്കാം. 1970-നു ശേഷം, രാഷ്ട്രീയ പാർട്ടിയിൽ ചേരാത്തതിനാൽ മലാവിയിലുള്ള യഹോവയുടെ സാക്ഷികളിൽ അനേകർക്കും തങ്ങൾക്ക് ഉണ്ടായിരുന്ന എല്ലാം ഉപേക്ഷിക്കേണ്ടിവന്നു. എന്നാൽ സങ്കടകരമായ കാര്യം ചിലർ തങ്ങളുടെ സുഖലോലുപ ജീവിതം ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു എന്നതാണ്. രൂത്ത് സഹോദരി ഇങ്ങനെ ഓർക്കുന്നു: “ഞങ്ങളെ നാടുകടത്തിയപ്പോൾ പലരും ഞങ്ങളുടെകൂടെ വന്നെങ്കിലും ചിലർ തടങ്കൽപ്പാളയത്തിലെ ദുരിതങ്ങൾ സഹിക്കാൻ വയ്യാഞ്ഞതുകൊണ്ട് രാഷ്ട്രീയ പാർട്ടിയിൽ ചേരുകയും വീട്ടിലേക്ക് പോകുകയും ചെയ്തു.” എങ്കിലും, ദൈവജനത്തിൽ ഭൂരിപക്ഷം പേരും സാമ്പത്തികക്ലേശങ്ങൾ ഉണ്ടായിരുന്നിട്ടും, എല്ലാംതന്നെ നഷ്ടമായിട്ടും, നിഷ്പക്ഷരായി നിലനിന്നിട്ടുണ്ട്.—എബ്രാ. 10:34.
ആത്മീയരത്നങ്ങൾ
it-1-E 425
പതിര്
ബാർലിയും ഗോതമ്പും പോലുള്ള ധാന്യങ്ങളുടെ ഉമി അഥവാ ആവരണമാണ് പതിര്. ബൈബിളിൽ ഈ വാക്ക് ആലങ്കാരിക അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. പുരാതനകാലത്ത് ധാന്യങ്ങൾ മെതിക്കുകയും പാറ്റുകയും ചെയ്തിരുന്നു. പാറ്റിക്കളയുന്ന പതിരുകൊണ്ട് ഒരു ഉപയോഗവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ആർക്കും വേണ്ടാത്തതും ഒന്നിനും കൊള്ളാത്തതും ആയ എന്തിനെയെങ്കിലും പ്രതീകപ്പെടുത്താൻ പതിര് ഒരു ആലങ്കാരിക പ്രയോഗമായി ഉപയോഗിക്കുന്നു.
മെതിക്കുന്ന സമയത്ത് ധാന്യമണികളിൽനിന്ന് പതിര് വേർതിരിച്ച് എടുക്കുന്നു. പാറ്റുമ്പോൾ പതിർ കാറ്റത്ത് പറന്നുപോകുന്നു. യഹോവ എങ്ങനെയാണ് വിശ്വാസത്യാഗികളെ തന്റെ ജനത്തിൽനിന്ന് വേർതിരിക്കുന്നതെന്നും ദുഷ്ടന്മാരെയും ശത്രു രാജ്യങ്ങളെയും നശിപ്പിക്കുന്നതെന്നും മനസ്സിലാക്കാൻ ഇത് ഒരു ദൃഷ്ടാന്തമായി ഉപയോഗിക്കാറുണ്ട്. (ഇയ്യ 21:18; സങ്ക 1:4; 35:5; യശ 17:13; 29:5; 41:15; ഹോശ 13:3) ദൈവരാജ്യം അതിന്റെ ശത്രുക്കളെ എല്ലാം തകർത്ത് തരിപ്പണമാക്കും. പതിരുപോലെ അവർ പാറിപ്പോകും.—ദാനി 2:35.
ഉപകാരമില്ലാത്ത ഈ പതിരുകൾ കാറ്റത്ത് പറന്നുവന്ന് കൂട്ടിയിട്ടിരിക്കുന്ന ഗോതമ്പിലേക്കു വീഴാതിരിക്കാൻ പതിര് കത്തിച്ചുകളയുമായിരുന്നു. അതുപോലെ, ദുഷ്ടരായ മതവിശ്വാസികളെ തീകൊണ്ട് നശിപ്പിക്കുമെന്നു യോഹന്നാൻ സ്നാപകൻ പറഞ്ഞു. മെതിക്കുന്ന ആളായ യേശു ഗോതമ്പ് എല്ലാം ഒരുമിച്ചുകൂട്ടും, “പതിരാകട്ടെ കെടുത്താൻ പറ്റാത്ത തീയിലിട്ട് ചുട്ടുകളയും.”—മത്ത 3:7-12; ലൂക്ക 3:17.
ഫെബ്രുവരി 12-18
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 5-7
മറ്റുള്ളവർ മോശമായി പെരുമാറിയാലും വിശ്വസ്തരായിരിക്കുക
തിരുവെഴുത്തുകളിൽനിന്ന് നമുക്ക് എങ്ങനെ ശക്തി നേടാം?
7 ഒരു സുഹൃത്തോ കുടുംബാംഗമോ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ ദാവീദ് രാജാവും മകനായ അബ്ശാലോമും ഉൾപ്പെട്ട ഈ വിവരണം പഠിക്കുന്നത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. അബ്ശാലോം തന്റെ അപ്പനായ ദാവീദിനെ വഞ്ചിച്ച് ആ രാജസ്ഥാനം കൈക്കലാക്കാൻ ശ്രമിച്ചു.—2 ശമു. 15:5-14, 31; 18:6-14.
8 (1) പ്രാർഥിക്കുക. ഒരു ഭാഗം വായിക്കുന്നതിനു മുമ്പ് നിങ്ങൾക്കുണ്ടായ വിഷമം യഹോവയോടു പറയുക. (സങ്കീ. 6:6-9) നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം തുറന്ന് പറയണം. എന്നിട്ട് ഈ പ്രശ്നത്തെ നേരിടാൻ ആവശ്യമായ തത്ത്വങ്ങൾ കണ്ടെത്താൻ സഹായിക്കണേ എന്ന് യഹോവയോട് അപേക്ഷിക്കുക.
നമ്മുടെ പക്കലുള്ളത് സത്യമാണെന്ന് ഉറപ്പു വരുത്തുക
3 നമ്മുടെ വിശ്വാസം ദൈവജനം പരസ്പരം കാണിക്കുന്ന ക്രിസ്തീയ സ്നേഹത്തിൽ മാത്രം അടിസ്ഥാനമാക്കിയുള്ളതായാൽ പോരാ. എന്തുകൊണ്ട്? ഇങ്ങനെയൊന്നു സങ്കൽപ്പിക്കുക: നമ്മുടെ ഒരു സഹവിശ്വാസി, അതു ചിലപ്പോൾ ഒരു മൂപ്പനോ ഒരു മുൻനിരസേവകനോ ആകാം, ഗുരുതരമായ ഒരു പാപം ചെയ്യുന്നു. അല്ലെങ്കിൽ ഒരു സഹോദരനോ സഹോദരിയോ ഏതെങ്കിലും തരത്തിൽ നിങ്ങളെ വേദനിപ്പിക്കുന്നു. അതുമല്ലെങ്കിൽ, നമ്മൾ വിശ്വസിക്കുന്നതൊന്നുമല്ല സത്യം എന്നു പറഞ്ഞുകൊണ്ട് ഒരാൾ വിശ്വാസത്യാഗിയായി മാറുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ വിശ്വാസത്തിന് ഇളക്കം തട്ടുകയും നിങ്ങൾ യഹോവയെ സേവിക്കുന്നത് നിറുത്തുകയും ചെയ്യുമോ? നമ്മൾ പഠിക്കേണ്ട പാഠം ഇതാണ്: ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം പണിതുയർത്തേണ്ടത് യഹോവയുമായി നിങ്ങൾക്കുള്ള വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അതിനു പകരം, മറ്റുള്ളവരുടെ സ്നേഹപ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് വിശ്വാസം കെട്ടിപ്പടുക്കുന്നതെങ്കിൽ നിങ്ങളുടെ വിശ്വാസം അത്ര ബലിഷ്ഠമായിരിക്കില്ല. നിങ്ങളുടെ വിശ്വാസമാകുന്ന വീട് പണിയുമ്പോൾ സഹോദരങ്ങളോടു തോന്നുന്ന സ്നേഹംപോലുള്ള മൃദുലമായ വസ്തുക്കൾ മാത്രം പോരാ. ദൈവവചനം വായിക്കുകയും പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത് ലഭിക്കുന്ന കട്ടിയുള്ള വസ്തുക്കളും ആവശ്യമാണ്. അങ്ങനെ യഹോവയെക്കുറിച്ച് ബൈബിളിലുള്ള കാര്യങ്ങൾ സത്യമാണെന്നു നിങ്ങൾ നിങ്ങളെത്തന്നെ ബോധ്യപ്പെടുത്തണം.—റോമ. 12:2.
4 ചിലർ “സന്തോഷത്തോടെ” സത്യം സ്വീകരിക്കുമെങ്കിലും പരിശോധനകളുണ്ടാകുമ്പോൾ അവരുടെ വിശ്വാസം വാടിപ്പോകുമെന്നു യേശു പറഞ്ഞു. (മത്തായി 13:3-6, 20, 21 വായിക്കുക.) യേശുവിനെ അനുഗമിക്കുന്നതിൽ പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരുപക്ഷേ അവർക്ക് അറിയില്ലായിരിക്കും. (മത്താ. 16:24) അല്ലെങ്കിൽ, ഒരു ക്രിസ്ത്യാനിയായാൽ തങ്ങൾക്കു പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും ഇനി, ഉണ്ടായാൽത്തന്നെ ദൈവം അതെല്ലാം നീക്കിക്കളയുമെന്നും ആയിരിക്കാം അവർ കരുതുന്നത്. പക്ഷേ, ഇന്നത്തെ ഈ ലോകത്ത് പ്രശ്നങ്ങളുണ്ടാകും എന്ന് ഉറപ്പാണ്. സാഹചര്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം വരാം. അതു നമ്മുടെ സന്തോഷം മങ്ങിപ്പോകാനും ഇടയാക്കിയേക്കാം.—സങ്കീ. 6:6; സഭാ. 9:11.
ആത്മീയരത്നങ്ങൾ
it-1-E 995
ശവക്കുഴി
റോമർ 3:13-ൽ പൗലോസ് അപ്പോസ്തലൻ സങ്കീർത്തനം 5:9-ലെ വാക്കുകൾ ഉദ്ധരിച്ചു. ദുഷ്ടരായ, വഞ്ചകരായ മനുഷ്യരുടെ തൊണ്ടയെ ‘തുറന്ന ശവക്കുഴിയോടാണ്’ താരതമ്യം ചെയ്തത്. തുറന്ന ഒരു ശവക്കുഴി നോക്കിയാൽ ജീർണിച്ച കുറെ ശവങ്ങൾ മാത്രമേ കാണൂ, അതുപോലെ ദുഷ്ടന്മാരുടെ തൊണ്ടയിൽനിന്ന് വരുന്ന വാക്കുകൾ കൊള്ളരുതാത്തതും ജീർണിച്ചതും ആണ്.—മത്ത 15:18-20 താരതമ്യം ചെയ്യുക.
ഫെബ്രുവരി 19-25
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 8-10
‘യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കും!’
യഹോവയുടെ കുടുംബത്തിൽ നിങ്ങൾക്കുള്ള സ്ഥാനം വിലപ്പെട്ടതായി കാണുക
6 നമുക്കുവേണ്ടി നല്ലൊരു വീട് ഒരുക്കിത്തന്നുകൊണ്ട് യഹോവ നമ്മളെ ആദരിച്ചിരിക്കുന്നു. ആദ്യമനുഷ്യനെ സൃഷ്ടിക്കുന്നതിനു വളരെ മുമ്പുതന്നെ യഹോവ മനുഷ്യനുവേണ്ടി ഭൂമിയെ ഒരുക്കി. (ഇയ്യോ. 38:4-6; യിരെ. 10:12) നമ്മളെക്കുറിച്ച് ചിന്തയുള്ള ഉദാരനായ ദൈവമായതുകൊണ്ട് നമ്മുടെ സന്തോഷത്തിനുവേണ്ടി ധാരാളം കാര്യങ്ങൾ യഹോവ ഇവിടെ സൃഷ്ടിച്ചു. (സങ്കീ. 104:14, 15, 24) ഓരോന്നും സൃഷ്ടിച്ചശേഷം ദൈവം അതൊക്കെ ഒന്നു വിലയിരുത്തി. എല്ലാം ‘നല്ലതെന്നു കണ്ടു.’ (ഉൽപ. 1:10, 12, 31) ഭൂമിയിൽ താൻ സൃഷ്ടിച്ചവയുടെ മേൽ എല്ലാം മനുഷ്യന് “അധികാരം” കൊടുത്തുകൊണ്ട് ദൈവം അവരെ ആദരിച്ചു. (സങ്കീ. 8:6) പൂർണതയുള്ള മനുഷ്യൻ ദൈവത്തിന്റെ മനോഹരമായ ഈ സൃഷ്ടികളെയൊക്കെ പരിപാലിച്ച് എന്നെന്നും സന്തോഷത്തോടെ കഴിയാനാണു ദൈവം ഉദ്ദേശിക്കുന്നത്. നമുക്കു ലഭിക്കാൻപോകുന്ന ആ വലിയ അനുഗ്രഹത്തെ ഓർത്ത് നിങ്ങൾ പതിവായി യഹോവയ്ക്കു നന്ദി പറയാറുണ്ടോ?
ദൈവം തന്ന സമ്മാനങ്ങൾ നിങ്ങൾ വിലമതിക്കുന്നുണ്ടോ?
10 നമ്മൾ സംസാരപ്രാപ്തി വിലമതിക്കുന്നെന്നു കാണിക്കാനുള്ള ഒരു വിധം ഏതാണ്? പരിണാമത്തിൽ വിശ്വസിക്കുന്നവരോട്, എല്ലാം ദൈവം ഉണ്ടാക്കിയതാണെന്നു നമ്മൾ വിശ്വസിക്കുന്നതിന്റെ കാരണം നമുക്കു പറഞ്ഞുകൊടുക്കാം. (സങ്കീ. 9:1; 1 പത്രോ. 3:15) ഭൂമിയും അതിലുള്ളതും യാദൃച്ഛികമായി ഉണ്ടായതാണെന്നു നമ്മൾ വിശ്വസിക്കാനാണു പരിണാമവാദത്തിന്റെ വക്താക്കൾ ആഗ്രഹിക്കുന്നത്. ബൈബിളും ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്ത ചില ആശയങ്ങളും ഉപയോഗിച്ച് നമ്മുടെ സ്വർഗീയപിതാവിനുവേണ്ടി നമുക്കു സംസാരിക്കാം. അതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നവരോട്, യഹോവയാണ് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവെന്നു നമുക്ക് ഇത്ര ഉറപ്പുള്ളത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാം.—സങ്കീ. 102:25; യശ. 40:25, 26.
നിങ്ങളുടെ ‘സംസാരരീതി മറ്റുള്ളവർക്കു നല്ലൊരു മാതൃകയാണോ?’
13 ഉത്സാഹത്തോടെ പാടുക. മീറ്റിങ്ങുകളിൽ നമ്മൾ പാട്ടു പാടുന്നതിന്റെ പ്രധാന ഉദ്ദേശ്യം യഹോവയെ സ്തുതിക്കുക എന്നതാണ്. യഹോവയെ പാടി സ്തുതിക്കാൻ വളരെയധികം ആഗ്രഹിക്കുന്ന ഒരു സഹോദരിയാണു സാറ. തനിക്ക് അത്ര നന്നായി പാടാനൊന്നും അറിയില്ലെന്നു സഹോദരിക്ക് അറിയാം. അതുകൊണ്ട് സഹോദരി എന്താണു ചെയ്യുന്നത്? മീറ്റിങ്ങിന്റെ മറ്റു പരിപാടികൾക്കു തയ്യാറാകുന്നതുപോലെതന്നെ വീട്ടിൽവെച്ച് പാട്ടും പാടി പഠിക്കും. കൂടാതെ ഓരോ പാട്ടിലെയും വരികൾ അന്നത്തെ മീറ്റിങ്ങിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നെന്നു മനസ്സിലാക്കാനും ശ്രമിക്കുന്നു. “അങ്ങനെ ചെയ്യുന്നതുകൊണ്ട് പാട്ടു പാടാനുള്ള എന്റെ കഴിവിൽ അധികം ശ്രദ്ധിക്കാതെ അതിലെ വരികൾക്കു ശ്രദ്ധകൊടുക്കാൻ എനിക്കു കഴിയുന്നു” എന്നു സഹോദരി പറയുന്നു.
ആത്മീയരത്നങ്ങൾ
it-1-E 832
വിരൽ
പല കാര്യങ്ങൾ ചെയ്യാൻ ദൈവം തന്റെ “വിരൽ” (വിരലുകൾ) ഉപയോഗിക്കുന്നു എന്ന് ആലങ്കാരികമായി പറയാറുണ്ട്. പത്തു കൽപ്പനകൾ എഴുതിയതും (പുറ 31:18; ആവ 9:10) അത്ഭുതങ്ങൾ പ്രവർത്തിച്ചതും (പുറ 8:18, 19) ആകാശത്തെ സൃഷ്ടിച്ചതും (സങ്ക 8:3) എല്ലാം ഇതിൽ ഉൾപ്പെടുന്നു. സൃഷ്ടിക്കുന്നതിനു വേണ്ടി ദൈവം തന്റെ “വിരലുകൾ” ഉപയോഗിച്ചു എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നതു ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു എന്നാണ്. ഉൽപത്തിയിലെ സൃഷ്ടിയുടെ വിവരണം നോക്കിയാൽ അതു മനസ്സിലാക്കാം. അവിടെ ദൈവത്തിന്റെ ചലനാത്മകശക്തി (റുവാക്ക്, “ആത്മാവ്”) വെള്ളത്തിന്റെ മുകളിലൂടെ ചലിച്ചുകൊണ്ടിരുന്നു എന്നു നമ്മൾ വായിക്കുന്നു. (ഉൽ 1:2) വിരലുകൾ എന്നത് ഈ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കാൻ ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ സഹായിക്കുന്നു. യേശു ഭൂതങ്ങളെ പുറത്താക്കിയത് ‘ദൈവാത്മാവിന്റെ’ സഹായത്തോടെയാണ് എന്നു മത്തായിയുടെ വിവരണത്തിൽ പറയുന്നു, അതു ‘ദൈവത്തിന്റെ വിരലിനാലാണെന്ന്’ ലൂക്കോസിന്റെ വിവരണം പറയുന്നു.—മത്ത 12:28; ലൂക്ക 11:20, അടിക്കുറിപ്പ്.
ഫെബ്രുവരി 26–മാർച്ച് 3
ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനം 11-15
സമാധാനം നിറഞ്ഞ പുതിയ ലോകത്തിൽ നിങ്ങളെ ഭാവനയിൽ കാണുക
സങ്കീർത്തനങ്ങൾ ഒന്നാം പുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
11:3—മറിഞ്ഞുപോകുന്ന അടിസ്ഥാനങ്ങൾ എന്തെല്ലാമാണ്? അവ നിയമവ്യവസ്ഥ, ക്രമസമാധാനനില, നീതിന്യായവ്യവസ്ഥ എന്നിങ്ങനെ മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് ആധാരമായിരിക്കുന്ന സംഗതികളാണ്. ഇവ തകിടംമറിയുമ്പോൾ സമൂഹത്തിലെ ക്രമസമാധാനം തകരുകയും നീതി നടപ്പാകാതെവരുകയും ചെയ്യുന്നു. ഇത്തരം സാഹചര്യത്തിൽ “നീതിമാൻ” പൂർണമായി യഹോവയിൽ ആശ്രയിക്കണം.—സങ്കീർത്തനം 11:4-7.
ഈ ലോകത്തുനിന്ന് അക്രമം ഇല്ലാതാകുമോ?
ഈ ഭൂമിയിൽനിന്ന് ദൈവം അക്രമം തുടച്ചുമാറ്റുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. ഇന്നത്തെ അക്രമാസക്തലോകത്തെ കാത്തിരിക്കുന്നത്, ദൈവത്തിന്റെ ‘ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസമാണ്.’ (2 പത്രോസ് 3:5-7) മറ്റുള്ളവരെ ഉപദ്രവിക്കുന്നവർ പിന്നീട് ഒരിക്കലുമുണ്ടായിരിക്കില്ല. അക്രമത്തെ ഇല്ലായ്മ ചെയ്യാൻ ദൈവത്തിന് ആഗ്രഹമുണ്ടെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
“അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 11:5, പി.ഒ.സി.) സ്രഷ്ടാവ് ഇഷ്ടപ്പെടുന്നതു സമാധാനവും നീതിയും ആണ്. (സങ്കീർത്തനം 33:5; 37:28) അതുകൊണ്ട് അക്രമികളെ ദൈവം എന്നെന്നേക്കും വെച്ചുപൊറുപ്പിക്കുകയില്ല.
ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ?
15 ക്ഷമയോടെ കാത്തിരിക്കാൻ ദാവീദ് തയ്യാറായിരുന്നത് എന്തുകൊണ്ട്? “എത്ര നാൾ,” “എത്ര കാലം” എന്നീ ചോദ്യങ്ങൾ നാലു പ്രാവശ്യം ചോദിച്ച അതേ സങ്കീർത്തനത്തിൽത്തന്നെ ദാവീദ് അതിനുള്ള ഉത്തരം നൽകുന്നുണ്ട്. ദാവീദ് പറയുന്നു: “ഞാനോ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുന്നു. അങ്ങയുടെ രക്ഷാപ്രവൃത്തികളിൽ എന്റെ ഹൃദയം സന്തോഷിക്കും. എന്നോടു കാണിച്ച അളവറ്റ നന്മയെപ്രതി ഞാൻ യഹോവയ്ക്കു പാട്ടു പാടും.” (സങ്കീ. 13:5, 6) ദാവീദ് യഹോവയുടെ അചഞ്ചലസ്നേഹത്തിൽ ആശ്രയിച്ചു, തന്നെ യഹോവ ദുരിതങ്ങളിൽനിന്ന് വിടുവിക്കുന്ന കാലത്തിനായി സന്തോഷത്തോടെ നോക്കിയിരുന്നു, മുൻകാലങ്ങളിൽ യഹോവ ചെയ്തുതന്ന നന്മകളെക്കുറിച്ച് ഓർക്കുകയും ചെയ്തു. അതെ, തന്റെ കാത്തിരിപ്പു വെറുതെയാകില്ലെന്നും അതിനു മൂല്യമുണ്ടെന്നും ദാവീദ് തിരിച്ചറിഞ്ഞു.
ദൈവരാജ്യം ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കുന്നു
16 സുരക്ഷിതത്വം. ഒടുവിൽ, യശയ്യ 11:6-9-ൽ വർണിച്ചിരിക്കുന്ന ആ മനോഹരചിത്രം അക്ഷരാർഥത്തിൽത്തന്നെ മുഴുവനായും നിറവേറുന്ന സമയം വന്നെത്തും. ഭൂമിയിൽ എവിടെ പോയാലും സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും സുരക്ഷിതമായി നടക്കാവുന്ന ഒരു സമയം! മനുഷ്യരാകട്ടെ മൃഗങ്ങളാകട്ടെ ആരും ആർക്കും ഒരു ഭീഷണിയാകാത്ത കാലം! ഭൂമി മുഴുവൻ നിങ്ങളുടെ സ്വന്തം വീടായി കാണാനാകുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! യാതൊരു പേടിയുംകൂടാതെ നദികളിലും തടാകങ്ങളിലും കടലിലും നീന്തിത്തുടിക്കാം, പർവതനിരകൾ കീഴടക്കാം, വിശാലമായ പുൽപ്പുറങ്ങളിലൂടെ മതിവരുവോളം സഞ്ചരിക്കാം. ഇരുട്ടു പരന്നാലും നിങ്ങൾക്ക് ഒരു ഭയവും തോന്നില്ല. തീർന്നില്ല, യഹസ്കേൽ 34:25-ലെ വാക്കുകൾ നിറവേറുന്ന അക്കാലത്ത് ദൈവജനം “വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.”
ആത്മീയരത്നങ്ങൾ
നിങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ടോ?
12 ഖേദകരമെന്നു പറയട്ടെ, പൗലോസ് വിവരിച്ചതരം ആളുകളാണ് ഇന്നു ലോകത്തിൽ നമുക്കു ചുറ്റുമുള്ളത്. നിലവാരങ്ങളും തത്ത്വങ്ങളും മുറുകെപ്പിടിക്കുന്നത് പഴഞ്ചൻ രീതിയാണെന്നോ അസഹിഷ്ണുതയുടെ ലക്ഷണമാണെന്നോ അവർ കരുതിയേക്കാം. പല അധ്യാപകരും രക്ഷിതാക്കളും ഒരു അനുവാദാത്മകസമീപനം അഥവാ എന്തും അനുവദിച്ചുകൊടുക്കുന്ന ഒരു രീതി സ്വീകരിക്കുകയും സ്വതന്ത്രചിന്താഗതി ഉന്നമിപ്പിക്കുകയും ചെയ്യുന്നു. അവരെ സംബന്ധിച്ചിടത്തോളം ഒന്നിനും നിശ്ചിതമായ ശരിതെറ്റുകൾ ഇല്ല; എല്ലാം ആപേക്ഷികമാണ്. ശരിയെന്ന് തങ്ങൾക്കു തോന്നുന്നത് ചെയ്യാൻ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് മതഭക്തരെന്ന് അവകാശപ്പെടുന്നവരിൽപോലും പലരും കരുതുന്നത്. ദൈവത്തോടോ അവന്റെ കൽപ്പനകളോടോ അവർക്ക് ഒരു കടപ്പാടും തോന്നുന്നില്ല. (സങ്കീ. 14:1) ഈ മനോഭാവം സത്യക്രിസ്ത്യാനികൾക്ക് ശരിക്കും ഒരു ഭീഷണിയായേക്കാം. ശ്രദ്ധിച്ചില്ലെങ്കിൽ ചിലരെങ്കിലും ദിവ്യാധിപത്യക്രമീകരണങ്ങളോട് ഇതേ കാഴ്ചപ്പാടുതന്നെ വെച്ചുപുലർത്തിയേക്കാം. ഇങ്ങനെയുള്ളവർ സഭയിലെ നടപടിക്രമങ്ങളോടു സഹകരിച്ചുപോകാൻ മടിക്കുകയും വ്യക്തിപരമായി ഇഷ്ടമില്ലാത്ത എന്തിനെക്കുറിച്ചും പരാതി പറയുകയും ചെയ്തേക്കാം. അതുപോലെ വിനോദം, ഇന്റർനെറ്റിന്റെ ഉപയോഗം, ഉന്നതവിദ്യാഭ്യാസം എന്നിവയെപ്പറ്റി നൽകപ്പെടുന്ന ബൈബിളധിഷ്ഠിത ബുദ്ധിയുപദേശങ്ങളെ സംശയിക്കുകയും അവ മുഴുവനായി സ്വീകരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്തേക്കാം.