പഠനലേഖനം 23
“യാഹിന്റെ ജ്വാല” അണയാതെ സൂക്ഷിക്കുക
“(പ്രേമത്തിന്റെ) ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്, യാഹിന്റെ ജ്വാലയാണ്.”—ഉത്ത. 8:6.
ഗീതം 131 ‘ദൈവം കൂട്ടിച്ചേർത്തത്’
ചുരുക്കംa
1. യഥാർഥസ്നേഹത്തെ ബൈബിൾ വർണിച്ചിരിക്കുന്നത് എങ്ങനെയാണ്?
പ്രേമത്തിന്റെ “ജ്വാലകൾ ആളിക്കത്തുന്ന തീനാളങ്ങളാണ്, യാഹിന്റെ ജ്വാലയാണ്. ആർത്തലച്ചുവരുന്ന വെള്ളത്തിനു പ്രേമത്തെ കെടുത്തിക്കളയാനാകില്ല. നദികൾക്ക് അതിനെ ഒഴുക്കിക്കളയാനാകില്ല.”b (ഉത്ത. 8:6, 7) യഥാർഥസ്നേഹത്തെക്കുറിച്ചുള്ള എത്ര മനോഹരമായ വർണന! ഈ വാക്കുകൾ ദമ്പതികൾക്ക് ഇങ്ങനെയൊരു ഉറപ്പുതരുന്നു: നിങ്ങൾക്കു തമ്മിൽ ശക്തമായൊരു സ്നേഹബന്ധം നിലനിറുത്താനാകും.
2. നിങ്ങൾക്കിടയിലെ സ്നേഹബന്ധം തണുത്തുപോകാതിരിക്കാൻ ദമ്പതികൾ എന്തു ചെയ്യണം?
2 ദമ്പതികൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർക്കിടയിലെ സ്നേഹബന്ധം നിലനിറുത്താൻ നല്ല ശ്രമം ആവശ്യമാണ്. ഉദാഹരണത്തിന്, നമ്മൾ വെളിയിൽ തീ കൂട്ടുന്നെന്നിരിക്കട്ടെ. ഇടയ്ക്കിടെ വിറകു വെച്ചുകൊടുത്താൽ അതു കെടാതെ കത്തിക്കൊണ്ടിരിക്കും. ഇല്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ തീ അണഞ്ഞുപോകും. ഇതുപോലെ ഭാര്യാഭർത്താക്കന്മാർക്കിടയിലെ സ്നേഹബന്ധം കെടാതെ ശക്തമാക്കി നിലനിറുത്താനാകും. പക്ഷേ അവർ അതിനുവേണ്ടി ശ്രമിക്കേണ്ടതുണ്ട്. സാമ്പത്തികബുദ്ധിമുട്ടോ ആരോഗ്യപ്രശ്നങ്ങളോ കുട്ടികളെ വളർത്തുന്നതിന്റെ സമ്മർദമോ കാരണം ചില ദമ്പതികൾക്ക് അവർക്കിടയിലെ സ്നേഹം തണുത്തുപോകുന്നതായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ വിവാഹജീവിതത്തിൽ “യാഹിന്റെ ജ്വാല” അണയാതിരിക്കാൻ ദമ്പതികളെന്ന നിലയിൽ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ കഴിയും? നിങ്ങൾക്കിടയിലെ സ്നേഹബന്ധം ശക്തമാക്കിനിറുത്തിക്കൊണ്ട് സന്തോഷമുള്ള വിവാഹജീവിതം നയിക്കാൻ സഹായിക്കുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ ചർച്ച ചെയ്യും.c
യഹോവയുമായുള്ള ബന്ധം ശക്തമാക്കുന്നതിൽ തുടരുക
യോസേഫിനെയും മറിയയെയും പോലെ ഭാര്യാഭർത്താക്കന്മാർക്ക് യഹോവയുമായി ശക്തമായൊരു ബന്ധമുണ്ടായിരിക്കണം (3-ാം ഖണ്ഡിക കാണുക)
3. യഹോവയുമായുള്ള ശക്തമായ ബന്ധം എങ്ങനെയാണു ദമ്പതികൾക്കിടയിലെ സ്നേഹബന്ധം ജ്വലിപ്പിച്ചുനിറുത്താൻ സഹായിക്കുന്നത്? (സഭാപ്രസംഗകൻ 4:12) (ചിത്രവും കാണുക.)
3 “യാഹിന്റെ ജ്വാല” അണയാതിരിക്കാൻ ഭാര്യയും ഭർത്താവും യഹോവയുമായുള്ള അവരുടെ ബന്ധം ശക്തമാക്കി നിറുത്തേണ്ടതുണ്ട്. ഇത് എങ്ങനെയാണ് അവരുടെ വിവാഹജീവിതത്തെ സഹായിക്കുന്നത്? ദമ്പതികൾ സ്വർഗീയപിതാവുമായുള്ള സൗഹൃദത്തിനു പ്രാധാന്യം കൊടുക്കുമ്പോൾ ദൈവം പറയുന്ന കാര്യങ്ങൾ മനസ്സോടെ അനുസരിക്കാൻ അവർ തയ്യാറാകും. അങ്ങനെ ചെയ്യുന്നത് അവർക്കിടയിലെ സ്നേഹബന്ധം തണുത്തുപോകാൻ ഇടയാക്കിയേക്കാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ഒഴിവാക്കാനും അവരെ സഹായിക്കും. (സഭാപ്രസംഗകൻ 4:12 വായിക്കുക.) ഇനി, ആത്മീയചിന്തയുള്ള ആളുകൾ യഹോവയെ അനുകരിക്കാനും യഹോവയുടെ ഗുണങ്ങൾ വളർത്തിയെടുക്കാനും ശ്രമിക്കും. ഉദാഹരണത്തിന്, തെറ്റുകൾ ക്ഷമിക്കാനും ദയ കാണിക്കാനും ക്ഷമയോടെ ഇടപെടാനും ഒക്കെ. (എഫെ. 4:32–5:1) ഇതുപോലുള്ള ഗുണങ്ങൾ ദമ്പതികൾ കാണിക്കുമ്പോൾ അവർക്കിടയിലെ സ്നേഹബന്ധം തഴച്ചുവളരാനിടയാകും. വിവാഹം കഴിഞ്ഞ് 25-ലേറെ വർഷം പിന്നിട്ട ലെന സഹോദരി പറയുന്നു: “ആത്മീയതയുള്ള ഒരാളെ സ്നേഹിക്കാനും ബഹുമാനിക്കാനും എളുപ്പമാണ്.”
4. ഭാവി മിശിഹയുടെ മാതാപിതാക്കളായിരിക്കാൻ യഹോവ യോസേഫിനെയും മറിയയെയും തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
4 ബൈബിളിലെ ഒരു ഉദാഹരണം നോക്കാം. ഭാവി മിശിഹയുടെ മാതാപിതാക്കളാകാൻ ഒരു ദമ്പതികളെ കണ്ടെത്തേണ്ടിവന്നപ്പോൾ യഹോവ യോസേഫിനെയും മറിയയെയും ആണ് തിരഞ്ഞെടുത്തത്. ദാവീദിന്റെ വംശജരിൽ അനേകം സ്ത്രീപുരുഷന്മാരുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് യഹോവ ഇവരെ അതിനുവേണ്ടി ഉപയോഗിച്ചത്? അവർക്കു രണ്ടു പേർക്കും യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് അവർ തങ്ങളുടെ വിവാഹജീവിതത്തിൽ യഹോവയ്ക്ക് ഒന്നാം സ്ഥാനം കൊടുക്കുമെന്നു ദൈവത്തിന് അറിയാമായിരുന്നു. ദമ്പതികളേ, യോസേഫിന്റെയും മറിയയുടെയും മാതൃകയിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
5. ഭർത്താക്കന്മാർക്ക് യോസേഫിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
5 യഹോവ നൽകിയ നിർദേശങ്ങൾ യോസേഫ് മനസ്സോടെ അനുസരിച്ചു. അതാണ് അദ്ദേഹത്തെ നല്ലൊരു ഭർത്താവാക്കിയത്. കുടുംബത്തോടുള്ള ബന്ധത്തിൽ അദ്ദേഹത്തിനു കുറഞ്ഞത് മൂന്ന് തവണയെങ്കിലും ദൈവത്തിൽനിന്നുള്ള നിർദേശങ്ങൾ കിട്ടി. അവ അനുസരിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നെങ്കിലും ഓരോ തവണയും അദ്ദേഹം കിട്ടിയ നിർദേശംപോലെ പെട്ടെന്നു പ്രവർത്തിച്ചു. (മത്താ. 1:20, 24; 2:13-15, 19-21) ദൈവം പറഞ്ഞതനുസരിച്ച് യോസേഫ് മറിയയെ സംരക്ഷിച്ചു, പിന്തുണച്ചു, അവൾക്കായി കരുതുകയും ചെയ്തു. യോസേഫ് ഇങ്ങനെയൊക്കെ ചെയ്തത് മറിയയ്ക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ കൂടാൻ എത്രയധികം സഹായിച്ചിരിക്കുമെന്ന് ചിന്തിക്കുക. ഭർത്താക്കന്മാരേ, യോസേഫിനെ അനുകരിച്ചുകൊണ്ട് കുടുംബത്തെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് ബൈബിൾ നൽകുന്ന നിർദേശങ്ങൾ എന്തൊക്കെയാണെന്നു കണ്ടെത്തുക.d അവ അനുസരിക്കുക. അത് എപ്പോഴും അത്ര എളുപ്പമായിരിക്കണമെന്നില്ല. പക്ഷേ, നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ ഭാര്യയോടുള്ള നിങ്ങളുടെ സ്നേഹം തെളിയിക്കുകയായിരിക്കും. അതോടൊപ്പം നിങ്ങളുടെ വിവാഹബന്ധം ശക്തമാകുകയും ചെയ്യും. വിവാഹം കഴിഞ്ഞിട്ട് 20-ലേറെ വർഷമായ, വന്വാട്ടുവിലുള്ള ഒരു സഹോദരി പറയുന്നു: “എന്റെ ഭർത്താവ് യഹോവ തരുന്ന നിർദേശങ്ങൾക്കുവേണ്ടി അന്വേഷിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതു കാണുമ്പോൾ എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് കൂടും. അദ്ദേഹത്തിന്റെ തീരുമാനത്തിൽ വിശ്വാസമർപ്പിക്കാനും സുരക്ഷിതത്വം തോന്നാനും അത് എന്നെ സഹായിക്കുന്നു.”
6. ഭാര്യമാർക്കു മറിയയിൽനിന്ന് എന്തൊക്കെ പഠിക്കാം?
6 മറിയയ്ക്ക് യഹോവയുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടായിരുന്നു. യോസേഫിനെ ആശ്രയിച്ചായിരുന്നില്ല മറിയയുടെ വിശ്വാസം. തിരുവെഴുത്തുകളെക്കുറിച്ച് മറിയയ്ക്കു നല്ല അറിവുണ്ടായിരുന്നു. (ലൂക്കോ. 1:46-ന്റെ പഠനക്കുറിപ്പു കാണുക.) അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും സമയമെടുത്തിരുന്നു. (ലൂക്കോ. 2:19, 51) യഹോവയുമായുണ്ടായിരുന്ന ആ ബന്ധമാണു മറിയയെ ഒരു ഉത്തമഭാര്യയാക്കിയത്. ഇന്നു പല ഭാര്യമാരും മറിയയുടെ ആ മാതൃക പകർത്താൻ നന്നായി ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന്, എമിക്കോ എന്നു പേരുള്ള ഒരു സഹോദരി പറയുന്നു: “വിവാഹത്തിനു മുമ്പ് എനിക്കു വ്യക്തിപരമായ പ്രാർഥനയ്ക്കും പഠനത്തിനും ഒക്കെ നല്ലൊരു പട്ടികയുണ്ടായിരുന്നു. എന്നാൽ, കല്യാണം കഴിയുന്നതോടെ ഭർത്താവാണല്ലോ പ്രാർഥനയ്ക്കും കുടുംബാരാധനയ്ക്കും ഒക്കെ നേതൃത്വമെടുക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്കുവേണ്ടി ഞാൻ എപ്പോഴും അദ്ദേഹത്തെ ആശ്രയിക്കുന്നതായി തോന്നി. പക്ഷേ യഹോവയുമായുള്ള എന്റെ ബന്ധം ശക്തമാക്കണമെങ്കിൽ പ്രാർഥനയും പഠനവും പോലുള്ള കാര്യങ്ങൾ ഞാൻ സ്വന്തമായും ചെയ്യേണ്ടതുണ്ടെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് ഇപ്പോൾ സ്വന്തമായി പ്രാർഥിക്കുകയും ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ഒക്കെ ചെയ്തുകൊണ്ട് എന്റെ ദൈവത്തോടൊപ്പമായിരിക്കാൻ ഞാൻ സമയം മാറ്റിവെച്ചിട്ടുണ്ട്.” (ഗലാ. 6:5) ഭാര്യമാരേ, യഹോവയുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധം ശക്തമാക്കുന്നതിൽ തുടരുക. അപ്പോൾ നിങ്ങളുടെ ഭർത്താക്കന്മാർക്കു നിങ്ങളെ പ്രശംസിക്കാനും സ്നേഹിക്കാനും ഉള്ള കൂടുതൽ കാരണങ്ങൾ കിട്ടും.—സുഭാ. 31:30.
7. ഒരുമിച്ച് യഹോവയെ ആരാധിക്കുന്ന കാര്യത്തിൽ ദമ്പതികൾക്ക് യോസേഫിൽനിന്നും മറിയയിൽനിന്നും എന്തു പഠിക്കാം?
7 യഹോവയുമായുള്ള ബന്ധം ശക്തമാക്കിനിറുത്താൻ യോസേഫും മറിയയും ഒരുമിച്ചും പ്രവർത്തിച്ചു. ഒരു കുടുംബമെന്ന നിലയിൽ യഹോവയെ ആരാധിക്കുന്നതിന്റെ പ്രാധാന്യം അവർ തിരിച്ചറിഞ്ഞു. (ലൂക്കോ. 2:22-24, 41; 4:16) കുട്ടികളൊക്കെ ഉണ്ടായപ്പോൾ ഒരുപക്ഷേ അങ്ങനെ ചെയ്യുന്നത് അവർക്കു ബുദ്ധിമുട്ടായിരുന്നിരിക്കാം. എന്നിട്ടും അവർ അതൊക്കെ ചെയ്തു. ഇന്നത്തെ ദമ്പതികൾക്ക് എത്ര നല്ലൊരു മാതൃക. യോസേഫിനെയും മറിയയെയും പോലെ നിങ്ങൾക്കു കുട്ടികളുണ്ടെങ്കിൽ ഒരുപക്ഷേ മീറ്റിങ്ങിനു പോകുന്നതും കുടുംബാരാധനയ്ക്കു സമയം കണ്ടെത്തുന്നതും എപ്പോഴും അത്ര എളുപ്പമായിരിക്കില്ല. ഇനി, ദമ്പതികളെന്ന നിലയിൽ ഒരുമിച്ച് പഠിക്കാനും പ്രാർഥിക്കാനും ഒക്കെ സമയം കണ്ടെത്തുന്നത് അതിലേറെ ബുദ്ധിമുട്ടായിരിക്കാം. എങ്കിലും ഒരു കാര്യം ഓർക്കുക: ഒരുമിച്ച് യഹോവയെ ആരാധിക്കുമ്പോൾ നിങ്ങൾ യഹോവയോടു കൂടുതൽ അടുക്കും. കൂടാതെ നിങ്ങൾ തമ്മിലുള്ള ബന്ധവും ശക്തമാകും. അതുകൊണ്ട്, ആരാധനയ്ക്കു നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുക.
8. വിവാഹജീവിതത്തിൽ പ്രശ്നങ്ങളുള്ള ദമ്പതികൾക്ക് കുടുംബാരാധനയിൽനിന്ന് കൂടുതൽ പ്രയോജനം നേടാൻ എന്തു ചെയ്യാം?
8 നിങ്ങളുടെ വിവാഹബന്ധത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിലോ? കുടുംബാരാധനയ്ക്കുവേണ്ടി ഒരുമിച്ചായിരിക്കുന്നത് അത്ര സുഖമായിരിക്കണമെന്നില്ല. എങ്കിൽ, നിങ്ങൾക്കു രണ്ടു പേർക്കും ഇഷ്ടമുള്ള, യോജിക്കാൻ കഴിയുന്ന ഒരു വിഷയത്തെക്കുറിച്ച് അൽപ്പസമയം ചർച്ച ചെയ്തുകൊണ്ട് ഒരു തുടക്കമിടാവുന്നതാണ്. അങ്ങനെ ചെയ്യുന്നതു നിങ്ങൾക്കിടയിലെ സ്നേഹവും യഹോവയെ ഒരുമിച്ച് ആരാധിക്കാനുള്ള ആഗ്രഹവും കൂടുതൽ ശക്തമാക്കും.
ഒരുമിച്ച് സമയം ചെലവഴിക്കുക
9. ഭർത്താവും ഭാര്യയും ഒരുമിച്ച് സമയം ചെലവഴിക്കേണ്ടത് എന്തുകൊണ്ട്?
9 ദമ്പതികളേ, ഒരുമിച്ച് സമയം ചെലവഴിച്ചുകൊണ്ടും നിങ്ങൾക്കിടയിലെ സ്നേഹം ജ്വലിപ്പിച്ചുനിറുത്താനാകും. അങ്ങനെ ചെയ്യുന്നെങ്കിൽ ഇണയുടെ ചിന്തകളും വികാരങ്ങളും ഒക്കെ മനസ്സിലാക്കാൻ എളുപ്പമായിരിക്കും. (ഉൽപ. 2:24) ലിലിയയുടെയും റസ്ലന്റെയും വിവാഹം കഴിഞ്ഞിട്ട് 15-ലേറെ വർഷമായി. കല്യാണം കഴിഞ്ഞ് ഉടനെതന്നെ അവർ മനസ്സിലാക്കിയ ഒരു കാര്യത്തെക്കുറിച്ച് ലിലിയ പറയുന്നു: “വിചാരിച്ച അത്രയും സമയം ഒരുമിച്ച് ചെലവഴിക്കാൻ കഴിയില്ലെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു. ഞങ്ങളുടെ സമയം മുഴുവൻ ജോലിക്കും വീട്ടുപണികൾക്കും പിന്നീടു മക്കൾക്കും ഒക്കെയായി മാറ്റിവെക്കേണ്ടിവന്നു. ദമ്പതികളെന്ന നിലയിൽ ഒരുമിച്ച് സമയം ചെലവഴിക്കുന്നില്ലെങ്കിൽ ഞങ്ങൾ തമ്മിൽ അകന്നുപോയേക്കാമെന്നു ഞങ്ങൾക്കു മനസ്സിലായി.”
10. എഫെസ്യർ 5:15, 16-ലെ തത്ത്വത്തിനു ചേർച്ചയിൽ ദമ്പതികൾക്ക് എങ്ങനെ പ്രവർത്തിക്കാൻ കഴിയും?
10 ഒരുമിച്ച് സമയം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദമ്പതികൾക്ക് എന്തു ചെയ്യാം? അതിനുവേണ്ടി പ്രത്യേകം സമയം മാറ്റിവെക്കേണ്ടതുണ്ടായിരിക്കാം. (എഫെസ്യർ 5:15, 16 വായിക്കുക.) നൈജീരിയയിലുള്ള ഉസോണ്ട്യു സഹോദരൻ പറയുന്നു: “ഓരോ കാര്യവും ചെയ്യുന്നതിനു സമയം പട്ടികപ്പെടുത്തുമ്പോൾ എനിക്കും ഭാര്യക്കും ഒരുമിച്ചായിരിക്കാനുള്ള സമയവും ഞാൻ വേർതിരിക്കാറുണ്ട്. (ഫിലി. 1:10) എന്തൊക്കെ സംഭവിച്ചാലും അതിനു മുടക്കം വരുത്താതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും.” സമയം ഏറ്റവും നന്നായി ഉപയോഗിക്കുന്നതിനെക്കുറിച്ച് മൊൾഡോവയിലെ ഒരു സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ അനസ്താസീയ പറയുന്നത് ഇങ്ങനെയാണ്: “ഭർത്താവ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ചെയ്യുന്ന സമയത്ത് എനിക്കു സ്വന്തമായി ചെയ്യാനുള്ള കാര്യങ്ങൾ ഞാൻ ചെയ്തുതീർക്കും. അങ്ങനെ ചെയ്യുന്നതുകൊണ്ട് പിന്നീടു ഞങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനാകുന്നു.” എന്നാൽ ഒരുമിച്ചായിരിക്കാൻ നിങ്ങൾക്ക് ഒട്ടും സമയം മാറ്റിവെക്കാൻ കഴിയുന്നില്ലെങ്കിലോ?
ദമ്പതികൾക്ക് ഒരുമിച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം? (11-12 ഖണ്ഡികകൾ കാണുക)
11. എന്തൊക്കെ കാര്യങ്ങളാണ് അക്വിലയും പ്രിസ്കില്ലയും ഒരുമിച്ച് ചെയ്തത്?
11 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ വളരെ ബഹുമാനിച്ചിരുന്ന ദമ്പതികളാണ് അക്വിലയും പ്രിസ്കില്ലയും. ഇന്നത്തെ ദമ്പതികൾക്കും അവരുടെ മാതൃകയിൽനിന്ന് പഠിക്കാൻ കഴിയും. (റോമ. 16:3, 4) അവരുടെ വിവാഹജീവിതത്തെക്കുറിച്ച് ബൈബിൾ കൂടുതൽ വിശദീകരണങ്ങളൊന്നും നൽകുന്നില്ലെങ്കിലും അവർ ഒരുമിച്ച് ജോലി ചെയ്തതായും സന്തോഷവാർത്ത പ്രസംഗിച്ചതായും മറ്റുള്ളവരെ സഹായിച്ചതായും തിരുവെഴുത്തുകൾ പറയുന്നുണ്ട്. (പ്രവൃ. 18:2, 3, 24-26) ബൈബിളിൽ അവരെക്കുറിച്ച് പറയുന്നിടത്തെല്ലാം രണ്ടു പേരുടെയും പേരുകൾ ഒരുമിച്ച് കാണാം.
12. ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനുവേണ്ടി ഭാര്യാഭർത്താക്കന്മാർക്ക് എന്തു ചെയ്യാം? (ചിത്രവും കാണുക.)
12 ഭാര്യാഭർത്താക്കന്മാർക്ക് എങ്ങനെ അക്വിലയെയും പ്രിസ്കില്ലയെയും അനുകരിക്കാം? നിങ്ങൾക്കും ഇണയ്ക്കും ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. അതൊക്കെ ഒറ്റയ്ക്കൊറ്റയ്ക്കു ചെയ്യുന്നതിനു പകരം ഒരുമിച്ച് ചെയ്യാനാകുമോ? ഉദാഹരണത്തിന്, അക്വിലയും പ്രിസ്കില്ലയും ഒരുമിച്ച് പ്രസംഗപ്രവർത്തനം ചെയ്തു. പതിവായി അങ്ങനെ ചെയ്യാൻ നിങ്ങളും ശ്രമിക്കാറുണ്ടോ? ഇനി, അവർ ഒരുമിച്ച് ജോലി ചെയ്തു. നിങ്ങളുടെ കാര്യത്തിൽ ഒരുപക്ഷേ ജോലി രണ്ടു സ്ഥലത്തായിരിക്കാം. എന്നാൽ, വീട്ടിലെ പണികൾ ഒരുമിച്ച് ചെയ്യാനാകുമോ? (സഭാ. 4:9) ഒരു കാര്യം ഒരുമിച്ച് ചെയ്യുമ്പോൾ നിങ്ങൾ ഒറ്റക്കെട്ടാണെന്ന ഒരു തോന്നലുണ്ടാകും. സംസാരിക്കാൻ ഒരുപാടു സമയം കിട്ടുകയും ചെയ്യും. റോബർട്ടിന്റെയും ലിൻഡയുടെയും വിവാഹം കഴിഞ്ഞിട്ട് 50-ലധികം വർഷമായി. അദ്ദേഹം പറയുന്നു: “സത്യം പറഞ്ഞാൽ, ഒരുമിച്ച് വിനോദത്തിലേർപ്പെടാനൊന്നും ഞങ്ങൾക്ക് അധികം സമയം കിട്ടാറില്ല. എന്നാൽ ഞാൻ പാത്രം കഴുകുമ്പോൾ ഭാര്യ അതു തുടച്ചുവെക്കും. ഞാൻ മുറ്റത്ത് പുല്ലു പറിക്കാൻ ഇറങ്ങുമ്പോൾ അവളും ഒപ്പം കൂടും. അത് എനിക്ക് എത്ര സന്തോഷമാണെന്നോ! ഇങ്ങനെ ഒരുമിച്ച് കാര്യങ്ങൾ ചെയ്യുന്നതു ഞങ്ങൾ തമ്മിൽ കൂടുതൽ അടുക്കാൻ സഹായിക്കുന്നു. ഞങ്ങളുടെ സ്നേഹം കൂടുതൽ ശക്തമാകുകയും ചെയ്യുന്നു.”
13. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ശരിക്കും അടുപ്പം വളരാൻ അവർ എന്തു ചെയ്യണം?
13 എന്നാൽ ഒന്ന് ഓർക്കുക: ഭാര്യയും ഭർത്താവും ഒരുമിച്ചായിരിക്കുന്നതുകൊണ്ട് മാത്രം അവർക്കിടയിലെ അടുപ്പം കൂടണമെന്നില്ല. ബ്രസീലിൽനിന്നുള്ള ഒരു ഭാര്യ പറയുന്നു: “ഒരേ വീട്ടിൽ താമസിക്കുന്നതുകൊണ്ട് ഒരുമിച്ച് സമയം ചെലവഴിക്കുന്നുണ്ടല്ലോ എന്നു ഭാര്യാഭർത്താക്കന്മാർ ചിലപ്പോൾ ചിന്തിച്ചുപോയേക്കാം. ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ അങ്ങനെ ചിന്തിക്കാൻ സാധ്യത കൂടുതലാണ്. എന്നാൽ ഒരുമിച്ച് ഒരു സ്ഥലത്തായിരിക്കുന്നതുകൊണ്ട് മാത്രം മതിയാകുന്നില്ല. ഭർത്താവിനു വേണ്ട ശ്രദ്ധ കൊടുക്കേണ്ടതും പ്രധാനമാണെന്നു ഞാൻ മനസ്സിലാക്കി.” പരസ്പരം ശ്രദ്ധ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻവേണ്ടി ബ്രൂണോയും ഭാര്യ ടെയ്സും ചെയ്തത് എന്താണെന്നു നോക്കുക. അദ്ദേഹം പറയുന്നു: “ഞങ്ങൾ ഒരുമിച്ചായിരിക്കുന്ന സമയം നന്നായി ആസ്വദിക്കുന്നതിനുവേണ്ടി ഫോൺപോലും മാറ്റിവെക്കും.”
14. ഒരുമിച്ച് സമയം ചെലവഴിക്കാൻ അത്ര ഇഷ്ടമില്ലാത്ത ദമ്പതികൾക്ക് ആ പ്രശ്നം പരിഹരിക്കാൻ എന്തു ചെയ്യാം?
14 എന്നാൽ നിങ്ങൾക്ക് ഇണയോടൊപ്പം സമയം ചെലവഴിക്കാൻ അത്ര ഇഷ്ടമില്ലെങ്കിലോ? ഒരുപക്ഷേ നിങ്ങളുടെ താത്പര്യങ്ങൾ വ്യത്യസ്തമായിരിക്കാം. അല്ലെങ്കിൽ ഒരുമിച്ചായിരിക്കുമ്പോൾ മറ്റേയാളെ ദേഷ്യംപിടിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ഒക്കെ ചെയ്തേക്കാം. അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാം? പുറത്ത് തീ കൂട്ടുന്നതിനെക്കുറിച്ച് നേരത്തേ പറഞ്ഞ ഉദാഹരണം നമുക്കു വീണ്ടും ചിന്തിക്കാം. ആദ്യം അത്ര വലിയ തീയൊന്നും കാണില്ല. എന്നാൽ, പതിയെപ്പതിയെ വലിയ വിറകുകഷണങ്ങൾ വെച്ചുകൊടുക്കുമ്പോഴാണു തീ ആളിക്കത്തുന്നത്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ സ്നേഹം വളരാനും അതുതന്നെ ചെയ്യാം. ഓരോ ദിവസവും അൽപ്പസമയം ഒരുമിച്ച് ചെലവഴിച്ചുകൊണ്ട് ഒരു തുടക്കമിടാം. ആ സമയത്ത് വഴക്കിലേക്കു നയിച്ചേക്കാവുന്ന കാര്യങ്ങളൊന്നും ചെയ്യാതെ രണ്ടു പേർക്കും ഇഷ്ടമുള്ള എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാം. (യാക്കോ. 3:18) അങ്ങനെ പതിയെപ്പതിയെ നിങ്ങൾക്കിടയിലുള്ള സ്നേഹം വീണ്ടും ആളിക്കത്താൻ ഇടയാകും.
പരസ്പരം ബഹുമാനത്തോടെ ഇടപെടുക
15. ദമ്പതികൾക്കിടയിലെ സ്നേഹം ജ്വലിപ്പിച്ചുനിറുത്താൻ പരസ്പരമുള്ള ബഹുമാനം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
15 വിവാഹബന്ധത്തിൽ പരസ്പരമുള്ള ബഹുമാനം വളരെ പ്രധാനമാണ്. തീ ആളിക്കത്താൻ സഹായിക്കുന്ന ഓക്സിജൻപോലെയാണ് അതെന്നു പറയാം. ഓക്സിജൻ ഇല്ലെങ്കിൽ തീ പെട്ടെന്നു കെട്ടുപോകും. അതുപോലെ പരസ്പരം ബഹുമാനമില്ലെങ്കിൽ ദമ്പതികൾക്കിടയിലെ സ്നേഹം പെട്ടെന്നു തണുത്തുപോകും. എന്നാൽ, ഭാര്യാഭർത്താക്കന്മാർ പരസ്പരം ബഹുമാനം കാണിക്കുമ്പോൾ അവർക്കിടയിലെ സ്നേഹം ജ്വലിപ്പിച്ചുനിറുത്താൻ ശ്രമിക്കുകയായിരിക്കും. എന്നാൽ മനസ്സിൽപ്പിടിക്കേണ്ട ഒരു കാര്യം ഇണയെ ബഹുമാനിക്കുന്നുണ്ടെന്നു നിങ്ങൾക്കു മാത്രം തോന്നിയാൽ പോരാ, ഇണയ്ക്കുംകൂടെ തോന്നണം. പെനിയുടെയും അരേറ്റിന്റെയും വിവാഹം കഴിഞ്ഞിട്ട് 25-ലധികം വർഷമായി. പെനി പറയുന്നു: “ഞങ്ങൾ പരസ്പരം ബഹുമാനം കാണിക്കുന്നതുകൊണ്ട് കുടുംബത്തിൽ നല്ല സ്നേഹവും സമാധാനവും ഉണ്ട്. മനസ്സിലുള്ളതെല്ലാം തുറന്നുപറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. കാരണം, മറ്റേയാൾ അതിനു വിലകല്പിക്കുന്നുണ്ടെന്നു ഞങ്ങൾക്ക് അറിയാം.” അതുകൊണ്ട് നിങ്ങൾ ഇണയെ ശരിക്കും ബഹുമാനിക്കുന്നുണ്ടെന്ന് ഇണയ്ക്കു തോന്നാൻ എന്തു ചെയ്യാം? നമുക്ക് ഇപ്പോൾ അബ്രാഹാമിന്റെയും സാറയുടെയും മാതൃക നോക്കാം.
ഭാര്യ പറയുന്നതു ഭർത്താവ് ശ്രദ്ധിച്ചുകേൾക്കണം. അങ്ങനെ അവളെ ആദരിക്കുന്നെന്നു കാണിക്കുക (16-ാം ഖണ്ഡിക കാണുക)
16. അബ്രാഹാമിന്റെ മാതൃകയിൽനിന്ന് ഭർത്താക്കന്മാർക്ക് എന്തു പഠിക്കാം? (1 പത്രോസ് 3:7) (ചിത്രവും കാണുക.)
16 അബ്രാഹാം വളരെ ആദരവോടെയാണു സാറയോട് ഇടപെട്ടത്. അദ്ദേഹം സാറയുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും വികാരങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്തു. ഒരു അവസരത്തിൽ സാറ ആകെ അസ്വസ്ഥയായിട്ട് അബ്രാഹാമിനോടു ദേഷ്യപ്പെട്ടു. അദ്ദേഹത്തെ കുറ്റപ്പെടുത്തുകപോലും ചെയ്തു. അബ്രാഹാം തിരിച്ചു ദയയില്ലാതെ ദേഷ്യപ്പെട്ടോ? ഇല്ല. സാറ എപ്പോഴും കീഴ്പെട്ടിരിക്കുന്നവളും തന്റെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നവളും ആണെന്ന് അബ്രാഹാമിന് അറിയാമായിരുന്നു. അതുകൊണ്ട് അദ്ദേഹം സാറ പറഞ്ഞതെല്ലാം ശ്രദ്ധിച്ചുകേട്ടു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. (ഉൽപ. 16:5, 6) അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? ഭർത്താക്കന്മാരേ, കുടുംബത്തിനുവേണ്ടി തീരുമാനങ്ങളെടുക്കാനുള്ള അധികാരം നിങ്ങൾക്കുണ്ട് എന്നതു ശരിയാണ്. (1 കൊരി. 11:3) എങ്കിലും തീരുമാനമെടുക്കുന്നതിനു മുമ്പ് ഭാര്യയുടെ അഭിപ്രായവും ചോദിക്കുക, പ്രത്യേകിച്ച് ഭാര്യയുംകൂടി ഉൾപ്പെട്ട ഒരു കാര്യമാണെങ്കിൽ. (1 കൊരി. 13:4, 5) ഇനി, മറ്റു ചിലപ്പോൾ വല്ലാതെ ടെൻഷൻ തോന്നിയിട്ടു ഭാര്യ മനസ്സുതുറന്ന് സംസാരിക്കാൻ ആഗ്രഹിച്ചേക്കാം. അപ്പോൾ അവൾക്കു പറയാനുള്ളതു ശ്രദ്ധിച്ചുകേട്ടുകൊണ്ട് നിങ്ങൾ ബഹുമാനം കാണിക്കുമോ? (1 പത്രോസ് 3:7 വായിക്കുക.) ആഞ്ചലയുടെയും ഡിമിട്രിയുടെയും വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് 30 വർഷമായി. ഭർത്താവ് തന്നോട് ആദരവ് കാണിക്കുന്നതിനെക്കുറിച്ച് സഹോദരി പറയുന്നത് ഇങ്ങനെയാണ്: “ഞാൻ വിഷമിച്ചിരിക്കുമ്പോഴോ എനിക്ക് ഒന്നു സംസാരിക്കാൻ തോന്നുമ്പോഴോ പറയുന്നതെല്ലാം കേൾക്കാൻ ഡിമിട്രി എപ്പോഴും തയ്യാറാണ്. ഞാൻ ദേഷ്യപ്പെട്ട് എന്തെങ്കിലും പറഞ്ഞാൽപ്പോലും അദ്ദേഹം ക്ഷമയോടെ കേട്ടിരിക്കും.”
17. സാറയുടെ മാതൃകയിൽനിന്ന് ഭാര്യമാർക്ക് എന്തു പഠിക്കാം? (1 പത്രോസ് 3:5, 6)
17 അബ്രാഹാമിന്റെ തീരുമാനങ്ങളെ പിന്തുണച്ചുകൊണ്ട് സാറ അദ്ദേഹത്തോടു ബഹുമാനം കാണിച്ചു. (ഉൽപ. 12:5) ഒരു അവസരത്തിൽ അപ്രതീക്ഷിതമായി വന്ന അതിഥികൾക്കു ഭക്ഷണം കൊടുക്കാൻ അബ്രാഹാം തീരുമാനിച്ചു. അതിനുവേണ്ടി, ചെയ്തുകൊണ്ടിരിക്കുന്ന പണി നിറുത്തിയിട്ടു കുറെയധികം അപ്പം ഉണ്ടാക്കാൻ അദ്ദേഹം സാറയോട് ആവശ്യപ്പെട്ടു. (ഉൽപ. 18:6) സാറ പെട്ടെന്നുതന്നെ അദ്ദേഹം പറഞ്ഞതുപോലെ ചെയ്തു. ഭാര്യമാരേ, ഭർത്താക്കന്മാരുടെ തീരുമാനങ്ങളെ പിന്തുണച്ചുകൊണ്ട് നിങ്ങൾക്കു സാറയെ അനുകരിക്കാനാകും. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ വിവാഹബന്ധം കൂടുതൽ ശക്തമാകും. (1 പത്രോസ് 3:5, 6 വായിക്കുക.) തന്നെ ഭാര്യ എങ്ങനെയാണു ബഹുമാനിക്കുന്നതെന്നു കഴിഞ്ഞ ഖണ്ഡികയിൽ കണ്ട ഡിമിട്രി പറയുന്നു: “ചിലപ്പോൾ ഞങ്ങൾക്കു രണ്ടു പേർക്കും രണ്ട് അഭിപ്രായങ്ങളായിരിക്കും. എങ്കിലും ഞാൻ എടുക്കുന്ന തീരുമാനത്തോട് ആഞ്ചല പൂർണമായും യോജിക്കുന്നതു കാണുമ്പോൾ ഒരുപാടു സന്തോഷം തോന്നുന്നു. തീരുമാനങ്ങൾ തെറ്റിപ്പോയാലും അവൾ എന്നെ കുറ്റപ്പെടുത്താറില്ല.” നിങ്ങളെ ബഹുമാനിക്കുന്ന ഒരാളെ സ്നേഹിക്കാൻ എന്ത് എളുപ്പമായിരിക്കും!
18. പരസ്പരമുള്ള സ്നേഹബന്ധം ജ്വലിപ്പിച്ചുനിറുത്താൻ ദമ്പതികൾ ശ്രമിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
18 ക്രിസ്തീയ ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള സ്നേഹം അണഞ്ഞുപോകുന്നതു കാണാനാണു സാത്താൻ ഇന്ന് ആഗ്രഹിക്കുന്നത്. പരസ്പരമുള്ള സ്നേഹം നഷ്ടമായാൽ യഹോവയിൽനിന്ന് അവർ അകന്നുപോയേക്കാമെന്ന് അവന് അറിയാം. എന്നാൽ, യഥാർഥസ്നേഹം പെട്ടെന്നൊന്നും കെടുത്തിക്കളയാനാകില്ല. അതുകൊണ്ട് ഉത്തമഗീതത്തിൽ വിവരിച്ചിരിക്കുന്ന സ്നേഹംപോലെയായിരിക്കട്ടെ നിങ്ങളുടെ വിവാഹജീവിതത്തിലെ സ്നേഹവും. യഹോവയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇണയ്ക്കുവേണ്ടി സമയം മാറ്റിവെക്കുക. ഇണയുടെ വികാരങ്ങളും ആവശ്യങ്ങളും പരിഗണിക്കുക. അങ്ങനെയൊക്കെ ചെയ്താൽ നിങ്ങളുടെ വിവാഹജീവിതത്തിലൂടെ യഥാർഥസ്നേഹത്തിന്റെ ഉറവായ യഹോവയെ മഹത്ത്വപ്പെടുത്താനാകും. ജ്വലിച്ചുകൊണ്ടിരിക്കുന്ന തീപോലെ നിങ്ങളുടെ സ്നേഹം എന്നെന്നും ജ്വലിച്ചുനിൽക്കുകയും ചെയ്യും.
ഗീതം 132 ഇപ്പോൾ നമ്മൾ ഒന്നാണ്
a യഹോവ മനുഷ്യർക്കു നൽകിയ നല്ലൊരു സമ്മാനമാണു വിവാഹബന്ധം. അതിലൂടെ ഭാര്യാഭർത്താക്കന്മാർക്ക് ഒരു പ്രത്യേക സ്നേഹബന്ധത്തിലേക്കു വരാൻ കഴിയുന്നു. എന്നാൽ, ചിലപ്പോൾ ആ സ്നേഹം തണുത്തുപോയേക്കാം. നിങ്ങൾ വിവാഹിതരാണെങ്കിൽ, നിങ്ങൾക്കിടയിലെ സ്നേഹം നിലനിറുത്താനും സന്തോഷമുള്ള വിവാഹജീവിതം നയിക്കാനും സഹായിക്കുന്ന വിവരങ്ങൾ ഈ ലേഖനത്തിൽനിന്ന് പഠിക്കും.
b മാറ്റമില്ലാതെ എന്നും നിലനിൽക്കുന്ന യഥാർഥസ്നേഹത്തെ “യാഹിന്റെ ജ്വാല” എന്നു വിളിച്ചിരിക്കുന്നു. കാരണം, അത്തരം സ്നേഹത്തിന്റെ ഉറവിടം യഹോവയാണ്.
c നിങ്ങളുടെ ഇണ യഹോവയുടെ സാക്ഷി അല്ലെങ്കിൽപ്പോലും ഇതിലെ നിർദേശങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്യും.—1 കൊരി. 7:12-14; 1 പത്രോ. 3:1, 2.
d ഉദാഹരണത്തിന്, jw.org-ലും JW ലൈബ്രറിയിലും ഉള്ള “കുടുംബങ്ങൾക്കുവേണ്ടി” എന്ന ലേഖനപരമ്പരയിൽ പ്രയോജനപ്രദമായ ധാരാളം നിർദേശങ്ങൾ കാണാം.