ജീവിതകഥ
യഹോവയിലുള്ള ആശ്രയം സുരക്ഷിതത്വം തന്നു
എന്റെ ജീവിതത്തെക്കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ ഞാൻ പറയും, “ഞാൻ യഹോവയുടെ കൈയിൽ യാത്രയ്ക്കു കൊണ്ടുപോകുന്ന ഒരു ബാഗുപോലെയാണ്” എന്ന്. എന്റെ ബാഗ് എങ്ങോട്ടു കൊണ്ടുപോകണമെന്നു ഞാൻ തീരുമാനിക്കുന്നതുപോലെ എന്നെ എപ്പോൾ, എങ്ങോട്ടു കൊണ്ടുപോകണമെന്ന് യഹോവയും യഹോവയുടെ സംഘടനയും തീരുമാനിക്കാൻ ഞാൻ ആഗ്രഹിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ നിയമനങ്ങൾ ഞാൻ സ്വീകരിച്ചിട്ടുണ്ട്. അതിൽ പലതും അപകടംപിടിച്ചതുമായിരുന്നു. പക്ഷേ, യഹോവയിൽ ആശ്രയിക്കുന്നതാണ് യഥാർഥസുരക്ഷിതത്വം നൽകുന്നതെന്നു ഞാൻ പഠിച്ചു.
യഹോവയിൽ ആശ്രയിച്ചുകൊണ്ടുള്ള ജീവിതയാത്ര തുടങ്ങുന്നു
1948-ൽ നൈജീരിയയുടെ തെക്കുപടിഞ്ഞാറുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. ആ സമയത്ത് എന്റെ അപ്പന്റെ അനിയൻ മുസ്തഫയും എന്റെ ഏറ്റവും മൂത്ത ചേട്ടൻ വഹാബിയും യഹോവയുടെ സാക്ഷികളായിത്തീർന്നു. എനിക്ക് ഒൻപതു വയസ്സുള്ളപ്പോൾ എന്റെ അപ്പൻ മരിച്ചു. ഞാനാകെ തകർന്നുപോയി. പുനരുത്ഥാനത്തിൽ അപ്പനെ വീണ്ടും കാണാൻ കഴിയുമെന്ന് അപ്പോൾ വഹാബി എന്നോടു പറഞ്ഞു. അതു കേട്ടപ്പോൾ ആശ്വാസം തോന്നി. അങ്ങനെയാണ് ഞാൻ ബൈബിൾ പഠിച്ചുതുടങ്ങിയത്. 1963-ൽ ഞാൻ സ്നാനമേറ്റു. എന്റെ മറ്റു മൂന്നു സഹോദരന്മാരും ബൈബിൾ പഠിച്ച് സ്നാനപ്പെട്ടു.
1965-ൽ ലാഗോസിലുള്ള എന്റെ ചേട്ടൻ വിൽസന്റെ അടുത്തേക്കു ഞാൻ പോയി. അവിടെ ഇഗ്ബോബി സഭയിലുണ്ടായിരുന്ന മുൻനിരസേവകരോടൊപ്പം ഞാൻ സമയം ചെലവഴിച്ചു. അവരുടെ സന്തോഷവും തീക്ഷ്ണതയും ഒരു മുൻനിരസേവകനാകാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെ 1968 ജനുവരിയിൽ ഞാനും ഒരു മുൻനിരസേവകനായി.
ബഥേലിൽ സേവിക്കുന്ന ആൽബർട്ട് ഒലുഗ്ബേബി എന്ന സഹോദരൻ, ഞങ്ങൾ ചെറുപ്പക്കാരുമൊത്ത് ഒരു പ്രത്യേകയോഗം നടത്തിയതു ഞാൻ ഓർക്കുന്നുണ്ട്. വടക്കേ നൈജീരിയയിൽ പ്രത്യേക മുൻനിരസേവകരെ ആവശ്യമുണ്ടായിരുന്നു. സഹോദരൻ അന്ന് ആവേശത്തോടെ നൽകിയ ക്ഷണം ഞാൻ ഇപ്പോഴും ഓർക്കുന്നു: “നിങ്ങൾ ചെറുപ്പമാണ്. നിങ്ങളുടെ സമയവും ഊർജവും യഹോവയ്ക്കുവേണ്ടി ഉപയോഗിക്കാം. അവസരത്തിന്റെ വാതിൽ നിങ്ങൾക്കു മുമ്പിൽ തുറന്നുകിടപ്പുണ്ട്.” യശയ്യ പ്രവാചകനെപ്പോലെ യഹോവ അയയ്ക്കുന്നിടത്ത് പോകാൻ ഞാനും ആഗ്രഹിച്ചു. അങ്ങനെ പ്രത്യേക മുൻനിരസേവകർക്കുള്ള അപേക്ഷ ഞാൻ കൊടുത്തു.—യശ. 6:8.
1968 മേയിൽ വടക്കേ നൈജീരിയയിലെ കാനോ എന്ന നഗരത്തിൽ എന്നെ ഒരു പ്രത്യേക മുൻനിരസേവകനായി നിയമിച്ചു. ബിയാഫ്രൻ യുദ്ധം (1967-1970) നടക്കുന്ന സമയമായിരുന്നു അത്. അതു വടക്കൻ നൈജീരിയയെ മുഴുവൻ തകർത്തുകളഞ്ഞിരുന്നു. അതിനു ശേഷമാണ് ആ യുദ്ധം കിഴക്കൻ നൈജീരിയയിലേക്കു നീങ്ങിയത്. എനിക്ക് അവിടേക്കു നിയമനം കിട്ടിയപ്പോൾ എനിക്കൊന്നും പറ്റരുതെന്നു വിചാരിച്ച് എന്നോടു പോകേണ്ടെന്ന് ഒരു സഹോദരൻ പറഞ്ഞു. പക്ഷേ ഞാൻ പറഞ്ഞു: “സ്നേഹംകൊണ്ടാണ് സഹോദരൻ ഇതു പറഞ്ഞതെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അവിടെ സേവിക്കാനാണ് യഹോവ ആഗ്രഹിക്കുന്നതെങ്കിൽ യഹോവ എന്റെ കൂടെയുണ്ടായിരിക്കും, അത് ഉറപ്പാണ്.”
യുദ്ധബാധിത പ്രദേശത്ത് യഹോവയിൽ ആശ്രയിക്കുന്നു
യുദ്ധം കഴിഞ്ഞ കാനോ നഗരം കണ്ടുനിൽക്കാൻ ആകില്ലായിരുന്നു. ആഭ്യന്തരയുദ്ധം ആ വലിയ നഗരത്തെ മുഴുവൻ തകർത്ത് തരിപ്പണമാക്കി. ഞങ്ങൾ ശുശ്രൂഷയ്ക്കു പോകുമ്പോൾ യുദ്ധത്തിൽ കൊല്ലപ്പെട്ട ആളുകളുടെ ശവശരീരങ്ങൾ ചിലപ്പോഴൊക്കെ വഴിയിൽ കാണുമായിരുന്നു. കാനോയിൽ മുമ്പ് ഒരുപാടു സഭകളുണ്ടായിരുന്നെങ്കിലും യുദ്ധസമയത്ത് മിക്ക സഹോദരങ്ങളും അവിടം വിട്ടുപോയി. 15-ൽ താഴെ പ്രചാരകരെ പിന്നെ അവിടെ ഉണ്ടായിരുന്നുള്ളൂ. അവരാണെങ്കിൽ പേടിച്ച് തളർന്നിരിക്കുകയായിരുന്നു. ഞങ്ങൾ ആറു പ്രത്യേക മുൻനിരസേവകർ അവിടെ എത്തിയപ്പോൾ ആ സഹോദരങ്ങൾക്കു വളരെ സന്തോഷമായി. ഞങ്ങൾക്ക് അവരെ ബലപ്പെടുത്താനായി. മീറ്റിങ്ങും വയൽസേവനവും വീണ്ടും തുടങ്ങാൻ ഞങ്ങൾ അവരെ സഹായിച്ചു. ബ്രാഞ്ചിലേക്കു വയൽസേവന റിപ്പോർട്ടും പ്രസിദ്ധീകരണങ്ങൾക്കുള്ള ഓർഡറും അങ്ങനെ അവർ അയയ്ക്കാൻതുടങ്ങി.
ഞങ്ങൾ പ്രത്യേക മുൻനിരസേവകർ ഹൗസ ഭാഷ പഠിക്കാൻ ശ്രമിച്ചു. അവിടെയുള്ള പലർക്കും സ്വന്തം ഭാഷയിൽ രാജ്യസന്ദേശം കേട്ടപ്പോൾ താത്പര്യം തോന്നി. എന്നാൽ അവിടത്തെ പ്രമുഖമതത്തിലെ ആളുകൾക്കു നമ്മുടെ പ്രസംഗപ്രവർത്തനം ഒട്ടും ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ വളരെ ശ്രദ്ധിച്ചാണ് പ്രവർത്തിച്ചത്. ഒരു ദിവസം ഞാനും ഒരു സഹോദരനും വയൽസേവനത്തിനു പോയപ്പോൾ ഒരാൾ കത്തിയുമായി പിന്നാലെ വന്നു. വേഗത്തിൽ ഓടിയതുകൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു. ഇത്തരം അപകടങ്ങളൊക്കെ ഉണ്ടായെങ്കിലും ഞങ്ങൾ ‘സുരക്ഷിതരായി’ കഴിയാൻ യഹോവ ഇടയാക്കി. (സങ്കീ. 4:8) അവിടെ പ്രചാരകരുടെ എണ്ണം വർധിച്ചു. ഇന്ന് കാനോയിൽ 11 സഭകളിലായി 500-ലധികം പ്രചാരകരുണ്ട്.
നൈജറിൽ എതിർപ്പു നേരിടുന്നു
നൈജറിലെ നിയാമിയിൽ പ്രത്യേകമുൻനിരസേവകനായി പ്രവർത്തിക്കുമ്പോൾ
കാനോയിൽ ഞാൻ കുറച്ച് മാസങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1968 ആഗസ്റ്റിൽ നൈജർ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ നിയാമിയിലേക്ക് എന്നെ അയച്ചു. എന്റെകൂടെ വേറെ രണ്ടു പ്രത്യേക മുൻനിരസേവകരും ഉണ്ടായിരുന്നു. പശ്ചിമ ആഫ്രിക്കയിലെ ഈ നൈജർ ഭൂമിയിലെതന്നെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിൽ ഒന്നാണെന്നു ഞങ്ങൾക്കു പെട്ടെന്നുതന്നെ മനസ്സിലായി. ചൂടിനെ അതിജീവിക്കാൻ പഠിക്കുന്നതോടൊപ്പം അവിടത്തെ ഔദ്യോഗിക ഭാഷയായ ഫ്രഞ്ചും പഠിക്കണമായിരുന്നു. ഇത്തരം പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും ഞങ്ങൾ യഹോവയിൽ ആശ്രയിച്ച്, അവിടെയുണ്ടായിരുന്ന ഏതാനും പ്രചാരകരോടൊപ്പം പ്രസംഗപ്രവർത്തനം ആരംഭിച്ചു. കുറച്ച് സമയംകൊണ്ടുതന്നെ നിയാമിയിൽ വായിക്കാൻ അറിയാവുന്ന ഒട്ടുമിക്കവർക്കും നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം ലഭിച്ചു. ഇനി കിട്ടാത്തവർ ഈ പുസ്തകത്തിനുവേണ്ടി ഞങ്ങളെ അന്വേഷിച്ച് വരുമായിരുന്നു!
അധികാരികൾ യഹോവയുടെ സാക്ഷികൾക്ക് എതിരാണെന്ന് അധികം വൈകാതെ ഞങ്ങൾ മനസ്സിലാക്കി. 1969 ജൂലൈയിൽ ആ രാജ്യത്തെ ആദ്യത്തെ സർക്കിട്ട് സമ്മേളനത്തിനു ഞങ്ങൾ ഒരുമിച്ചുകൂടി. ഏതാണ്ട് 20 പേരായിരുന്നു ഹാജർ. അന്ന് പുതിയ രണ്ടു പേർ സ്നാനപ്പെടുന്നുമുണ്ടായിരുന്നു. എന്നാൽ, സമ്മേളനത്തിന്റെ ആദ്യദിവസംതന്നെ പോലീസ് വന്ന് പരിപാടി നിറുത്തിച്ചു. പ്രത്യേക മുൻനിരസേവകരെയും സർക്കിട്ട് മേൽവിചാരകനെയും അവർ സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടുപോയി. ഞങ്ങളെ ചോദ്യം ചെയ്തശേഷം പിറ്റേ ദിവസം വരാൻ പറഞ്ഞ് വിട്ടയച്ചു. ഇനിയും പ്രശ്നങ്ങളുണ്ടായേക്കാമെന്നു മനസ്സിലായതുകൊണ്ട് സ്നാനപ്രസംഗം ഒരാളുടെ വീട്ടിൽവെച്ചും പിന്നീട് സ്നാനം വളരെ രഹസ്യമായി ഒരു പുഴയിൽവെച്ചും നടത്തി.
കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ എന്നെയും വേറെ അഞ്ചു പ്രത്യേക മുൻനിരസേവകരെയും ഗവൺമെന്റ് ആ രാജ്യത്തുനിന്നുതന്നെ പുറത്താക്കി. നൈജർ വിട്ടുപോകാൻ 48 മണിക്കൂറാണ് അവർ തന്നത്. പോകാനുള്ള മാർഗം ഞങ്ങൾതന്നെ കണ്ടെത്തണമായിരുന്നു. ഞങ്ങൾ അവരെ അനുസരിച്ചു; നേരെ നൈജീരിയ ബ്രാഞ്ചോഫീസിലേക്കു പോയി. അവിടെനിന്ന് ഞങ്ങൾക്കു പുതിയ നിയമനങ്ങൾ കിട്ടി.
എന്നെ നിയമിച്ചത് നൈജീരിയയിലെ ഒറിസൺബാറി എന്ന ഗ്രാമത്തിലേക്കാണ്. അവിടെ കുറച്ച് പ്രചാരകരേ ഉണ്ടായിരുന്നുള്ളൂ. അവരോടൊപ്പമുള്ള ശുശ്രൂഷ നല്ല രസമായിരുന്നു. പക്ഷേ, ആറു മാസം കഴിഞ്ഞപ്പോൾ എന്നോട് ഒറ്റയ്ക്കു നൈജറിലേക്കു തിരികെ പോകാമോ എന്നു ബ്രാഞ്ചോഫീസ് ചോദിച്ചു. ആദ്യം അത്ഭുതവും പേടിയും ഒക്കെ തോന്നിയെങ്കിലും അവിടെയുള്ള സഹോദരങ്ങളെ വീണ്ടും കാണാൻ എനിക്ക് ആകാംക്ഷയായിരുന്നു!
ഞാൻ നിയാമിയിലേക്കു തിരികെ പോയി. ചെന്ന് പിറ്റേ ദിവസം നൈജീരിയയിൽനിന്നുള്ള ഒരു ബിസിനെസ്സുകാരനെ കണ്ടു. ഞാൻ സാക്ഷിയാണെന്നു മനസ്സിലാക്കിയിട്ട് അദ്ദേഹം എന്നോടു ബൈബിളിൽനിന്ന് ഒരുപാടു ചോദ്യങ്ങൾ ചോദിച്ചു. ഞങ്ങൾ ഒരുമിച്ച് ബൈബിൾ പഠിച്ചു. പിന്നീട് അദ്ദേഹം പുകവലിയും അമിതകുടിയും ഒക്കെ നിറുത്തി, സ്നാനമേറ്റു. നൈജറിന്റെ പല ഭാഗങ്ങളിൽ എനിക്കു സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കാനായി. വർഷങ്ങൾകൊണ്ട് അവിടെയുണ്ടായ വളർച്ചയും എനിക്കു കാണാൻ കഴിഞ്ഞു. ഞാൻ ആദ്യം ചെന്നപ്പോൾ 31 സാക്ഷികളാണ് ആ രാജ്യത്തുണ്ടായിരുന്നത്. എന്നാൽ, നൈജർ വിട്ടുപോരുമ്പോൾ അത് 69 ആയിരുന്നു.
“ഗിനിയിലെ പ്രവർത്തനത്തെക്കുറിച്ച് ഞങ്ങൾക്ക് അധികമൊന്നും അറിയില്ല”
1977 ഡിസംബറിൽ, മൂന്ന് ആഴ്ചത്തെ ഒരു കോഴ്സ് കൂടുന്നതിനുവേണ്ടി ഞാൻ നൈജീരിയയിലേക്കു പോയി. ആ പരിശീലനത്തിന്റെ അവസാനം ബ്രാഞ്ച് കമ്മിറ്റി ഏകോപകനായ മാൽക്കം വിഗോ സഹോദരൻ സിയറ ലിയോൺ ബ്രാഞ്ചിൽനിന്നുള്ള ഒരു കത്ത് എനിക്കു തന്നു. ഇംഗ്ലീഷും ഫ്രഞ്ചും അറിയാവുന്ന, ആരോഗ്യമുള്ള, ഏകാകിയായ ഒരു മുൻനിരസേവകനെ അവർക്ക് ആവശ്യമുണ്ടായിരുന്നു. ഗിനിയിൽ സർക്കിട്ട് മേൽവിചാരകനായി സേവിക്കുന്നതിനുവേണ്ടി. ഈ നിയമനത്തിനായി എന്നെ പരിശീലിപ്പിക്കുകയായിരുന്നെന്നു വിഗോ സഹോദരൻ പറഞ്ഞു. എന്നാൽ ഈ നിയമനം ഒട്ടും എളുപ്പമല്ലെന്നും “നന്നായി ചിന്തിച്ചിട്ടു തീരുമാനമെടുത്താൽ മതി” എന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഞാൻ അപ്പോൾത്തന്നെ പറഞ്ഞു: “യഹോവയാണല്ലോ എന്നെ അയയ്ക്കുന്നത്. അതുകൊണ്ട് ഞാൻ പോകാം.”
ഞാൻ അങ്ങനെ സിയറ ലിയോണിലേക്കു പോയി. അവിടെ ചെന്ന് ബ്രാഞ്ചോഫീസിലെ സഹോദരങ്ങളെ കണ്ടു. ഒരു ബ്രാഞ്ച് കമ്മിറ്റി അംഗം എന്നോടു പറഞ്ഞു: “ഗിനിയിലെ പ്രസംഗപ്രവർത്തനത്തെക്കുറിച്ച് ഞങ്ങൾക്ക് അധികമൊന്നും അറിയില്ല.” ആ രാജ്യത്തെ പ്രസംഗപ്രവർത്തനത്തിന്റെ ഉത്തരവാദിത്വം ഈ ബ്രാഞ്ചിനായിരുന്നെങ്കിലും അവിടത്തെ രാഷ്ട്രീയപ്രശ്നങ്ങൾ കാരണം ആ പ്രചാരകരുമായി ബന്ധപ്പെടാൻ ഒരു മാർഗവുമില്ലായിരുന്നു. അവിടേക്ക് ഒരു പ്രതിനിധിയെ അയയ്ക്കാൻ പല തവണ ശ്രമിച്ചെങ്കിലും അവർക്കു സാധിച്ചില്ല. അതുകൊണ്ട് ഗിനിയുടെ തലസ്ഥാനമായ കൊണാക്രിയിലേക്കു ചെന്ന് ആ രാജ്യത്ത് താമസിക്കുന്നതിനുള്ള അനുവാദം മേടിക്കാൻ ബ്രാഞ്ച് എന്നോടു പറഞ്ഞു.
“യഹോവയാണല്ലോ എന്നെ അയയ്ക്കുന്നത്. അതുകൊണ്ട് ഞാൻ പോകാം”
ഞാൻ കൊണാക്രിയിൽ എത്തിയ ഉടനെ നൈജീരിയൻ എംബസിയിലെ അംബാസഡറെ പോയിക്കണ്ടു. ഗിനിയിൽ പ്രസംഗിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ അവിടെ നിന്നാൽ അറസ്റ്റ് ചെയ്യപ്പെടാനോ ഉപദ്രവിക്കപ്പെടാനോ സാധ്യതയുള്ളതുകൊണ്ട് തിരിച്ചുപോകാൻ അദ്ദേഹം എന്നെ നിർബന്ധിച്ചു; “നൈജീരിയയിലേക്കു തിരികെ പോയി അവിടെ പ്രസംഗിക്ക്” എന്നു പറഞ്ഞു. പക്ഷേ ഞാൻ പറഞ്ഞു, “എനിക്ക് ഇവിടെത്തന്നെ നിൽക്കണം.” അങ്ങനെ അദ്ദേഹം ഗിനിയിലെ ആഭ്യന്തരമന്ത്രിക്ക് ഒരു കത്ത് എഴുതി, ആ മന്ത്രി എന്നെ സഹായിച്ചു.
പെട്ടെന്നുതന്നെ സിയറ ലിയോണിലെ ബ്രാഞ്ചിലേക്കു തിരികെ ചെന്ന് മന്ത്രിയുടെ തീരുമാനത്തെക്കുറിച്ച് ഞാൻ അവരെ അറിയിച്ചു. യഹോവ എന്റെ യാത്രയെ അനുഗ്രഹിച്ചതിനെക്കുറിച്ച് കേട്ടപ്പോൾ അവർ ശരിക്കും സന്തോഷംകൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അങ്ങനെ ഗിനിയിൽ താമസിക്കാനുള്ള അനുവാദം ഗവൺമെന്റ് എനിക്കു തന്നു!
സിയറ ലിയോണിൽ സർക്കിട്ട് വേല ചെയ്യുന്നു
1978 മുതൽ 1989 വരെ ഞാൻ ഗിനിയിലും സിയറ ലിയോണിലും സർക്കിട്ട് മേൽവിചാരകനായും ലൈബീരിയയിൽ പകരം സർക്കിട്ട് മേൽവിചാരകനായും സേവിച്ചു. ആദ്യമൊക്കെ എനിക്ക് ഇടയ്ക്കിടയ്ക്ക് അസുഖങ്ങൾ വരുമായിരുന്നു. ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽവെച്ച് എനിക്ക് ഇങ്ങനെ അസുഖങ്ങൾ വന്നപ്പോൾ നല്ല ശ്രമം ചെയ്താണു സഹോദരങ്ങൾ എന്നെ ആശുപത്രിയിൽ എത്തിച്ചത്.
ഒരിക്കൽ മലേറിയ വന്ന് എന്റെ ആരോഗ്യം വളരെ മോശമായി. ഒപ്പം കുടലിൽ വിരകളും ബാധിച്ചു. പിന്നെ രോഗമൊക്കെ ഭേദപ്പെട്ട് വന്നപ്പോഴാണു ഞാൻ അറിഞ്ഞത്, എന്നെ എവിടെ അടക്കണം എന്നുവരെ സഹോദരങ്ങൾക്കു ചിന്തിക്കേണ്ടിവന്നെന്ന്! ജീവൻ പോകാവുന്ന ഇത്തരം സാഹചര്യങ്ങളൊക്കെ ഉണ്ടായെങ്കിലും എന്റെ നിയമനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. ദൈവത്തിനു മാത്രമാണ് നിലനിൽക്കുന്ന, യഥാർഥസുരക്ഷിതത്വം തരാൻ കഴിയുന്നതെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. കാരണം, നമ്മൾ മരിച്ചുപോയാലും ജീവനിലേക്കു കൊണ്ടുവരാൻ ദൈവത്തിനു കഴിയും.
ദമ്പതികളെന്ന നിലയിൽ യഹോവയിൽ ആശ്രയിക്കുന്നു
1988-ലെ ഞങ്ങളുടെ വിവാഹദിനം
1988-ൽ ഞാൻ ഡോർക്കസിനെ കണ്ടുമുട്ടി. വളരെ താഴ്മയുള്ള, ആത്മീയതയുള്ള ഒരു മുൻനിരസേവിക. ഞങ്ങൾ വിവാഹം കഴിച്ചു. സർക്കിട്ട് വേലയിൽ ഡോർക്കസും എന്നോടൊപ്പം വരാൻതുടങ്ങി. അവൾ കഠിനാധ്വാനം ചെയ്തു; യഹോവയ്ക്കുവേണ്ടി ഒരുപാടു ത്യാഗങ്ങളും! ബാഗുകളൊക്കെ പിടിച്ച് 25 കിലോമീറ്റർവരെ ഞങ്ങൾ നടന്നിട്ടുണ്ട്. സഭകൾ തമ്മിൽ അതിലും ദൂരമുണ്ടെങ്കിൽ മറ്റു യാത്രാമാർഗങ്ങൾ കണ്ടെത്തും. ചെളി നിറഞ്ഞ, കുണ്ടുംകുഴിയും ഉള്ള റോഡിലൂടെയാണു യാത്ര.
ഡോർക്കസിനു നല്ല ധൈര്യമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ മുതലകളുള്ള വെള്ളത്തിലൂടെയൊക്കെ ഞങ്ങൾക്കു പോകേണ്ടിവന്നിട്ടുണ്ട്. ഞാൻ ഓർക്കുന്ന ഒരു സംഭവം പറയാം. അഞ്ചു ദിവസത്തെ ഒരു യാത്രയിലായിരുന്നു ഞങ്ങൾ. ഒരു നദി കുറുകെ കടക്കണം. അവിടത്തെ തടിപ്പാലം പൊളിഞ്ഞ് കിടക്കുകയാണ്. അതുകൊണ്ട് ഞങ്ങൾ ചെറിയൊരു വഞ്ചിയിലാണ് അക്കരെ കടന്നത്. ഈ വഞ്ചിയിൽനിന്ന് ഇറങ്ങാനായി എഴുന്നേറ്റപ്പോൾ ഡോർക്കസ് വെള്ളത്തിലേക്കു വീണു. ആഴത്തിലേക്കു പോയി. ഞങ്ങൾ വല്ലാതെ പേടിച്ചു. കാരണം ഞങ്ങൾക്കു രണ്ടു പേർക്കും നീന്തൽ അറിയില്ലായിരുന്നു. ആ നദിയിലാണെങ്കിൽ മുതലകളുമുണ്ട്. ഭാഗ്യത്തിനു ചില ചെറുപ്പക്കാർ വന്ന് വെള്ളത്തിലേക്കു ചാടി അവളെ രക്ഷിച്ചു. കുറച്ച് കാലത്തേക്ക് ഈ സംഭവം സ്വപ്നം കണ്ട് ഞങ്ങൾ ഞെട്ടിയെഴുന്നേൽക്കുമായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങൾ നിയമനത്തിൽത്തന്നെ തുടർന്നു.
ഞങ്ങളുടെ മക്കളായ ജാഗിഫ്റ്റും എറിക്കും ഞങ്ങൾക്കു കിട്ടിയ ആത്മീയസമ്മാനങ്ങളാണ്
1992-ന്റെ തുടക്കത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സംഭവമുണ്ടായി. ഡോർക്കസ് ഗർഭിണിയായി. ആ സമയത്ത് മുഴുസമയസേവനം നിറുത്തണോ വേണ്ടയോ എന്നു ഞങ്ങൾക്കു ചിന്തിക്കേണ്ടിവന്നു. എന്തായാലും ഇത് യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണെന്നു ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് ഞങ്ങളുടെ മകൾക്കു ഞങ്ങൾ ജാഹ്ഗിഫ്റ്റ് (ഇംഗ്ലീഷിൽ “യഹോവയിൽനിന്നുള്ള സമ്മാനം” എന്ന് അർഥം വരുന്നു.) എന്ന പേരിട്ടു. നാലു വർഷം കഴിഞ്ഞപ്പോൾ അവൾക്ക് ഒരു അനിയനുമുണ്ടായി, എറിക്ക്. ഞങ്ങളുടെ മക്കൾ രണ്ടുപേരും ശരിക്കും ആത്മീയസമ്മാനങ്ങൾതന്നെയാണ്. ജാഹ്ഗിഫ്റ്റ് കുറച്ചുനാൾ കൊണാക്രിയിലെ പരിഭാഷാകേന്ദ്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. എറിക്ക് ഇപ്പോൾ ഒരു ശുശ്രൂഷാദാസനാണ്.
ഡോർക്കസിനു പ്രത്യേക മുൻനിരസേവനം പതിയെ നിറുത്തേണ്ടിവന്നെങ്കിലും മക്കളെ വളർത്തുന്നതോടൊപ്പം അവൾ സാധാരണ മുൻനിരസേവനം ചെയ്തിരുന്നു. യഹോവയുടെ സഹായത്താൽ എനിക്കു പ്രത്യേക മുൻനിരസേവനം തുടരാനായി. മക്കളൊക്കെ വളർന്നുകഴിഞ്ഞപ്പോൾ ഡോർക്കസ് വീണ്ടും പ്രത്യേക മുൻനിരസേവനത്തിലേക്കുവന്നു. ഇപ്പോൾ ഞങ്ങൾ രണ്ടു പേരും കൊണാക്രിയിൽ വയൽമിഷനറിമാരായി സേവിക്കുന്നു.
യഥാർഥസുരക്ഷിതത്വത്തിന്റെ ഉറവ്
യഹോവ എന്നെ കൊണ്ടുപോയിടത്തൊക്കെ ഞാൻ പോയി. എനിക്കും ഭാര്യക്കും യഹോവയുടെ സംരക്ഷണവും അനുഗ്രഹവും പലപ്പോഴും അനുഭവിച്ചറിയാനായിട്ടുണ്ട്. ഭൗതികവസ്തുക്കളിൽ ആശ്രയം വെക്കുമ്പോഴുണ്ടാകുന്ന ടെൻഷനും ഉത്കണ്ഠയും ഞങ്ങൾക്കുണ്ടായിട്ടില്ല. കാരണം ഞങ്ങൾ യഹോവയിലാണ് ആശ്രയിച്ചത്. ‘രക്ഷയുടെ ദൈവമായ’ യഹോവയാണ് യഥാർഥസുരക്ഷിതത്വത്തിന്റെ ഉറവിടമെന്ന് അനുഭവത്തിലൂടെ ഞങ്ങൾക്കു മനസ്സിലായി. (1 ദിന. 16:35) യഹോവയിൽ ആശ്രയംവെക്കുന്ന എല്ലാവരുടെയും ജീവൻ “യഹോവയുടെ പക്കലുള്ള ജീവഭാണ്ഡത്തിൽ ഭദ്രമായിരിക്കും” എന്ന് എനിക്ക് ഉറപ്പുണ്ട്.—1 ശമു. 25:29.