പഠനലേഖനം 19
ഗീതം 6 ആകാശം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു
വിശ്വസ്തരായ ദൂതന്മാരെ അനുകരിക്കുക
“ദൂതന്മാരേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ.”—സങ്കീ. 103:20.
ഉദ്ദേശ്യം
വിശ്വസ്തരായ ദൂതന്മാരുടെ മാതൃകയിൽനിന്ന് നമുക്കു പഠിക്കാനാകുന്ന പാഠങ്ങൾ.
1-2. (എ) ദൂതന്മാരിൽനിന്ന് നമ്മൾ വ്യത്യസ്തരായിരിക്കുന്നത് എങ്ങനെ? (ബി) ദൂതന്മാരുമായി നമുക്ക് എന്തൊക്കെ സമാനതകളുണ്ട്?
യഹോവ നമ്മളെ സത്യത്തിലേക്ക് ആകർഷിച്ചപ്പോൾ സ്നേഹമുള്ള വലിയൊരു കുടുംബത്തിലേക്കാണു നമ്മളെ ക്ഷണിച്ചത്. ആ കുടുംബത്തിൽ വിശ്വസ്തരായ ലക്ഷക്കണക്കിനു ദൂതന്മാരുമുണ്ട്. (ദാനി. 7:9, 10) ദൂതന്മാരെക്കുറിച്ച് ഓർക്കുമ്പോൾ അവർ നമ്മളിൽനിന്ന് എത്ര വ്യത്യസ്തരാണെന്നു മിക്കപ്പോഴും നമ്മൾ ചിന്തിച്ചേക്കാം. ഉദാഹരണത്തിന്, മനുഷ്യരോടുള്ള താരതമ്യത്തിൽ ഒരുപാടു കാലം മുമ്പു സൃഷ്ടിക്കപ്പെട്ടവരാണ് ദൂതന്മാർ. (ഇയ്യോ. 38:4, 6) അവർ നമ്മളെക്കാൾ വളരെ ശക്തരുമാണ്. ഇനി, നമ്മൾ അപൂർണരായതുകൊണ്ടുതന്നെ അവർ നമ്മളെക്കാൾ വിശുദ്ധരും നീതിമാന്മാരും ആണ്.—ലൂക്കോ. 9:26.
2 ഇങ്ങനെ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും ദൂതന്മാരുമായി പല സമാനതകളും നമുക്കുണ്ട്. ഉദാഹരണത്തിന്, ദൂതന്മാരെപ്പോലെതന്നെ നമുക്കും യഹോവയുടെ ഗുണങ്ങൾ അനുകരിക്കാൻ കഴിയും. അവരെപ്പോലെ സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്കു നൽകിയിരിക്കുന്നു. ഇനി, ദൂതന്മാർക്കുള്ളതുപോലെ നമുക്കും വ്യക്തിപരമായ പേരുകളും വേറിട്ട വ്യക്തിത്വങ്ങളും വ്യത്യസ്തനിയമനങ്ങളും ഒക്കെയുണ്ട്. അതുപോലെ ദൂതന്മാർക്കും മനുഷ്യർക്കും ആത്മീയാവശ്യവുമുണ്ട്; അതായത് സ്രഷ്ടാവിനെ ആരാധിക്കേണ്ട ആവശ്യമുണ്ട്.—1 പത്രോ. 1:12.
3. വിശ്വസ്തരായ ദൂതന്മാരിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
3 ദൂതന്മാർക്കും നമുക്കും പല സമാനതകളും ഉള്ളതുകൊണ്ട് അവരുടെ മാതൃകയ്ക്കു നമ്മളെ പ്രോത്സാഹിപ്പിക്കാനും പല പാഠങ്ങൾ പഠിപ്പിക്കാനും കഴിയും. ഈ ലേഖനത്തിൽ അവരുടെ താഴ്മയും, ആളുകളോടുള്ള സ്നേഹവും, സഹനശക്തിയും, സഭയെ ശുദ്ധിയുള്ളതായി നിലനിറുത്താൻ അവർ ചെയ്യുന്ന ശ്രമങ്ങളും നമുക്ക് എങ്ങനെ അനുകരിക്കാമെന്നു പഠിക്കും.
ദൂതന്മാർ താഴ്മയുള്ളവരാണ്
4. (എ) ദൂതന്മാർ താഴ്മ കാണിക്കുന്നത് എങ്ങനെയാണ്? (ബി) ദൂതന്മാർ താഴ്മയുള്ളവരായിരിക്കുന്നത് എന്തുകൊണ്ടാണ്? (സങ്കീർത്തനം 89:7)
4 വിശ്വസ്തരായ ദൂതന്മാർ താഴ്മയുള്ളവരാണ്. അവർ അനുഭവപരിചയമുള്ളവരും അതിശക്തരും ജ്ഞാനികളും ഒക്കെയാണെങ്കിലും അവർ യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുന്നു. (സങ്കീ. 103:20) നിയമനങ്ങൾ ചെയ്യുമ്പോൾ, തങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർ പൊങ്ങച്ചം പറയുകയോ അമാനുഷികശക്തി കാണിച്ചുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഒരു കാര്യം ചെയ്യുമ്പോൾ തങ്ങളുടെ പേര് ആരും അറിഞ്ഞില്ലെങ്കിൽപ്പോലും അവർ സന്തോഷത്തോടെ യഹോവയുടെ ഇഷ്ടം ചെയ്യുന്നു.a (ഉൽപ. 32:24, 29; 2 രാജാ. 19:35) യഹോവയ്ക്ക് ലഭിക്കേണ്ട മഹത്ത്വം ഒരിക്കലും അവർ സ്വീകരിക്കില്ല. എന്തുകൊണ്ടാണ് ദൂതന്മാർ ഇങ്ങനെ താഴ്മയുള്ളവരായിരിക്കുന്നത്? കാരണം, അവർ യഹോവയെ ഒരുപാട് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 89:7 വായിക്കുക.
5. അപ്പോസ്തലനായ യോഹന്നാനെ തിരുത്തിയപ്പോൾ ഒരു ദൂതൻ എങ്ങനെയാണു താഴ്മ കാണിച്ചത്? (ചിത്രവും കാണുക.)
5 ദൂതന്മാരുടെ താഴ്മയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സംഭവം നോക്കുക. ഏകദേശം എ.ഡി. 96-ൽ, പേര് പറഞ്ഞിട്ടില്ലാത്ത ഒരു ദൂതൻ അത്ഭുതകരമായ ഒരു ദർശനം അപ്പോസ്തലനായ യോഹന്നാനെ കാണിച്ചു. (വെളി. 1:1) അതു കണ്ടപ്പോൾ യോഹന്നാൻ എന്താണു ചെയ്തത്? അദ്ദേഹം ദൂതനെ ആരാധിക്കാൻ ശ്രമിച്ചു. എന്നാൽ വിശ്വസ്തനായ ആ ആത്മവ്യക്തി പെട്ടെന്നുതന്നെ യോഹന്നാനെ തടഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്താണ് ഈ ചെയ്യുന്നത്? അരുത്! ദൈവത്തെയാണ് ആരാധിക്കേണ്ടത്. നിന്നോടും . . . നിന്റെ സഹോദരന്മാരോടും ഒപ്പം പ്രവർത്തിക്കുന്ന ഒരു അടിമ മാത്രമാണു ഞാൻ.” (വെളി. 19:10) എത്ര താഴ്മയുള്ള വാക്കുകൾ അല്ലേ! സ്തുതിയും മഹത്ത്വവും ഒന്നും കിട്ടാൻ ആ ദൂതൻ ആഗ്രഹിച്ചില്ല. അദ്ദേഹം അപ്പോൾത്തന്നെ യോഹന്നാന്റെ ശ്രദ്ധ യഹോവയിലേക്കു തിരിച്ചുവിട്ടു. അതേസമയം ദൂതൻ യോഹന്നാനെ വില കുറഞ്ഞയാളായി കണ്ടുമില്ല. യോഹന്നാനെക്കാൾ അനേകം വർഷം കൂടുതൽ യഹോവയെ സേവിച്ചയാളായിട്ടും വളരെയേറെ ശക്തിയുണ്ടായിട്ടും ദൂതൻ അദ്ദേഹത്തെ ഒപ്പം പ്രവർത്തിക്കുന്ന അടിമ എന്നാണു വിളിച്ചത്. ഇനി, തിരുത്തൽ കൊടുക്കേണ്ടിവന്നപ്പോഴും ദൂതൻ പ്രായമുള്ള ഈ അപ്പോസ്തലനെ വഴക്കു പറഞ്ഞില്ല. പകരം ദയയോടെ സംസാരിച്ചു. യോഹന്നാൻ തന്നെ ആരാധിക്കാൻ ശ്രമിച്ചത് ദർശനം കണ്ട് അതിശയിച്ചുപോയതുകൊണ്ടാണെന്ന് അദ്ദേഹം മനസ്സിലാക്കി.
യോഹന്നാനോടു സംസാരിക്കുകയും അദ്ദേഹത്തെ തിരുത്തുകയും ചെയ്തപ്പോൾ ദൂതൻ താഴ്മ കാണിച്ചു (5-ാം ഖണ്ഡിക കാണുക)
6. ദൂതന്മാരുടെ താഴ്മ നമുക്ക് എങ്ങനെ അനുകരിക്കാം?
6 ദൂതന്മാരുടെ താഴ്മ നമുക്ക് എങ്ങനെ അനുകരിക്കാം? നമ്മൾ നിയമനങ്ങൾ ചെയ്യുമ്പോൾ പൊങ്ങച്ചം പറയുകയോ നമ്മുടെ കഴിവുകൊണ്ടാണ് ചില കാര്യങ്ങൾ നേടിയത് എന്ന രീതിയിൽ പെരുമാറുകയോ ഇല്ല. (1 കൊരി. 4:7) ഇനി, കൂടുതൽ കാലം യഹോവയെ സേവിച്ചതുകൊണ്ടോ ചില പ്രത്യേകനിയമനങ്ങൾ ഉള്ളതുകൊണ്ടോ നമ്മൾ മറ്റുള്ളവരെക്കാൾ വലിയവരാണെന്നു ചിന്തിക്കുകയുമരുത്. ശരിക്കുംപറഞ്ഞാൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ കിട്ടുമ്പോൾ നമ്മൾ നമ്മളെത്തന്നെ കൂടുതൽ ചെറുതായി കാണുകയാണ് വേണ്ടത്. (ലൂക്കോ. 9:48) ദൂതന്മാരെപ്പോലെ നമ്മുടെ ആഗ്രഹവും മറ്റുള്ളവരെ സേവിക്കുക എന്നതാണ്; അല്ലാതെ അവരുടെ ശ്രദ്ധ നമ്മളിലേക്കു കൊണ്ടുവരുക എന്നതല്ല.
7. ഒരാളെ തിരുത്തേണ്ടിവരുമ്പോൾ നമുക്ക് എങ്ങനെ താഴ്മ കാണിക്കാം?
7 ഒരാളെ തിരുത്തേണ്ടിവരുമ്പോഴും നമ്മൾ താഴ്മ കാണിക്കണം. അങ്ങനെ തിരുത്തേണ്ടിവരുന്നത് ഒരു സഹവിശ്വാസിയെയോ നമ്മുടെ കുട്ടിയെയോ ആയിരിക്കാം; കൊടുക്കാനുള്ളതു ശക്തമായ തിരുത്തലും ആയിരുന്നേക്കാം. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ യോഹന്നാനെ ദയയോടെ തിരുത്തിയ ദൂതനെപ്പോലെ നമുക്കും, ആ വ്യക്തി തകർന്നുപോകാത്ത വിധത്തിൽ പറയാനുള്ളതു പറയാനാകും. നമ്മൾ അവരെക്കാൾ വലിയവരാണെന്നു ചിന്തിക്കാതിരുന്നാൽ ബൈബിളിൽനിന്നുള്ള തിരുത്തൽ ആദരവോടെയും സ്നേഹത്തോടെയും കൊടുക്കാൻ എളുപ്പമായിരിക്കും.—കൊലോ. 4:6.
ദൂതന്മാർ ആളുകളെ സ്നേഹിക്കുന്നു
8. (എ) ലൂക്കോസ് 15:10-ൽനിന്ന് ദൂതന്മാർ ആളുകളെ സ്നേഹിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാം? (ബി) പ്രസംഗപ്രവർത്തനത്തിൽ ദൂതന്മാർ എന്തു പങ്കുവഹിക്കുന്നു? (ചിത്രവും കാണുക.)
8 മനുഷ്യരിൽനിന്ന് അകന്നുനിൽക്കുന്നവരല്ല ദൂതന്മാർ. അവർ ആളുകളെ സ്നേഹിക്കുന്നു. ഒരു പാപി പശ്ചാത്തപിക്കുമ്പോൾ, അതായത് നഷ്ടപ്പെട്ട ഒരു ആട് യഹോവയിലേക്കു തിരികെവരുമ്പോഴും ഒരു വ്യക്തി സത്യം പഠിച്ച് ജീവിതത്തിൽ മാറ്റംവരുത്തുമ്പോഴും ദൂതന്മാർ സന്തോഷിക്കുന്നു. (ലൂക്കോസ് 15:10 വായിക്കുക.) പ്രസംഗപ്രവർത്തനത്തിലും ദൂതന്മാർ ഉത്സാഹത്തോടെ ഉൾപ്പെടുന്നുണ്ട്. (വെളി. 14:6) അവർ ആളുകളോടു നേരിട്ട് സംസാരിക്കുന്നില്ലെങ്കിലും യഹോവയെക്കുറിച്ച് അറിയാൻ താത്പര്യമുള്ള ഒരാളുടെ അടുത്തേക്കു അവർ നമ്മളെ നയിച്ചേക്കാം. പക്ഷേ, ഏതെങ്കിലും ഒരു വ്യക്തിയുടെ അടുത്തേക്കു ദൂതന്മാരാണു നമ്മളെ നയിച്ചതെന്നു തറപ്പിച്ച് പറയാനാകില്ല. കാരണം, ആളുകളെ സഹായിക്കാനോ തന്റെ ദാസരെ വഴിനയിക്കാനോ പരിശുദ്ധാത്മാവുപോലുള്ള ഏതൊരു മാർഗവും യഹോവയ്ക്ക് ഉപയോഗിക്കാൻ കഴിയും. (പ്രവൃ. 16:6, 7) എങ്കിലും യഹോവ, ദൂതന്മാരെ വലിയൊരു അളവിൽ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് നമ്മൾ സന്തോഷവാർത്ത അറിയിക്കുമ്പോൾ ദൂതന്മാർ നമ്മളെ സഹായിക്കാനായി ഒപ്പമുണ്ടെന്ന് ഉറപ്പോടെ വിശ്വസിക്കാനാകും.—“അവരുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചു” എന്ന ചതുരം കാണുക.b
ഒരു ദമ്പതികൾ പരസ്യസാക്ഷീകരണം ഇപ്പോൾ നിറുത്തിയതേ ഉള്ളൂ. അവർ തിരിച്ചുപോകുന്ന വഴിക്ക് സഹോദരി, വിഷമിച്ചിരിക്കുന്ന ഒരു സ്ത്രീയെ കാണുന്നു. ആത്മീയസഹായം ആവശ്യമുള്ള ഒരാളുടെ അടുത്തേക്കു ദൂതന്മാർക്കു നമ്മളെ വഴി നയിക്കാനാകുമെന്നു സഹോദരി ഓർത്തു. ആ സ്ത്രീയെ ആശ്വസിപ്പിക്കാൻ അപ്പോൾ സഹോദരിക്കു തോന്നുന്നു (8-ാം ഖണ്ഡിക കാണുക)
9. ദൂതന്മാർക്ക് ആളുകളോടുള്ള സ്നേഹം അനുകരിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം?
9 ആളുകളോടുള്ള ദൂതന്മാരുടെ സ്നേഹം നമുക്ക് എങ്ങനെ അനുകരിക്കാം? ഒരാളെ സഭയിലേക്കു പുനഃസ്ഥിതീകരിച്ചു എന്നൊരു അറിയിപ്പു കേൾക്കുമ്പോൾ നമുക്കും ദൂതന്മാരെപ്പോലെ സന്തോഷിക്കാം. അവർ യഹോവയുടെ അടുത്തേക്കു മടങ്ങിവന്നതിൽ ഒരുപാടു സന്തോഷമുണ്ടെന്നും നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെന്നും അവരോടു പറയാം. (ലൂക്കോ. 15:4-7; 2 കൊരി. 2:6-8) അതുപോലെ പ്രസംഗപ്രവർത്തനത്തിൽ നമുക്കു ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്തുകൊണ്ടും ദൂതന്മാരെ അനുകരിക്കാം. (സഭാ. 11:6) കൂടാതെ സന്തോഷവാർത്ത അറിയിക്കുമ്പോൾ ദൂതന്മാർ നമ്മളെ പിന്തുണയ്ക്കുന്നതുപോലെ നമുക്കും സഹോദരങ്ങളെ ശുശ്രൂഷയിൽ പിന്തുണയ്ക്കാം. ഉദാഹരണത്തിന്, അനുഭവപരിചയം കുറഞ്ഞ പ്രചാരകരോടൊപ്പം ശുശ്രൂഷയിൽ പ്രവർത്തിക്കാനുള്ള ക്രമീകരണം നിങ്ങൾക്കു ചെയ്യാനാകുമോ? ശുശ്രൂഷയിൽ ഏർപ്പെടാൻ പ്രായമുള്ളവരെയോ ആരോഗ്യപ്രശ്നമുള്ളവരെയോ സഹായിക്കാൻ നിങ്ങൾക്കു കഴിയുമോ?
10. സാറ സഹോദരിയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 നമ്മുടെ സാഹചര്യം കാരണം, ആഗ്രഹിക്കുന്ന അത്രയും ദൈവസേവനത്തിൽ ഏർപ്പെടാൻ പറ്റുന്നില്ലെങ്കിലോ? അപ്പോഴും പ്രസംഗപ്രവർത്തനത്തിൽ ദൂതന്മാരോടൊപ്പം പ്രവർത്തിക്കാൻ നമുക്കു പലതും ചെയ്യാനാകും. ഇന്ത്യയിൽനിന്നുള്ള സാറc സഹോദരിയുടെ അനുഭവം നോക്കുക. മുൻനിരസേവനം തുടങ്ങി ഏതാണ്ട് 20 വർഷം കഴിഞ്ഞപ്പോൾ സാറയ്ക്ക് ഗുരുതരമായ ഒരു രോഗം ബാധിച്ചു; സഹോദരി പൂർണമായും കിടപ്പിലായിപ്പോയി. സാറ ആകെ നിരാശയിലായി. എന്നാൽ, സഭയിലെ സഹോദരങ്ങളുടെ സഹായംകൊണ്ടും ദിവസവും ബൈബിൾ വായിച്ചതുകൊണ്ടും സാറയ്ക്ക് പതിയെ സന്തോഷം വീണ്ടെടുക്കാൻ കഴിഞ്ഞു. പക്ഷേ ശുശ്രൂഷയിൽ ഏർപ്പെടാൻ പുതിയ മാർഗങ്ങൾ കണ്ടെത്തണമായിരുന്നു. കത്തുകൾ എഴുതാനായി എഴുന്നേറ്റിരിക്കാൻപോലും പറ്റാത്തതുകൊണ്ട് ഫോണിലൂടെയുള്ള സാക്ഷീകരണം മാത്രമായിരുന്നു സഹോദരിയുടെ മുമ്പിലുണ്ടായിരുന്ന ഏക മാർഗം. അങ്ങനെ സാറ മടക്കസന്ദർശനത്തിലുള്ളവരെ ഫോൺ വിളിക്കാൻതുടങ്ങി. അവർ സഹോദരിയോടു സംസാരിക്കാൻ താത്പര്യം കാണിച്ചേക്കാവുന്ന മറ്റുള്ളവരെക്കുറിച്ച് പറഞ്ഞു. പിന്നെ എന്തുണ്ടായി? ഏതാനും മാസങ്ങൾകൊണ്ട് സാറയ്ക്ക് 70 ബൈബിൾപഠനങ്ങൾ ലഭിച്ചു. എല്ലാംകൂടെ ഒറ്റയ്ക്കു നടത്താൻ കഴിയാത്തതുകൊണ്ട് അവയിൽ ചിലതു സഹോദരി സഭയിലെ മറ്റുള്ളവരെ ഏൽപ്പിച്ചു. അതിൽ പല വിദ്യാർഥികളും ഇപ്പോൾ മീറ്റിങ്ങിനു വരുന്നുണ്ട്. സാറ സഹോദരിയെപ്പോലെ ശുശ്രൂഷയിൽ പരമാവധി ചെയ്യുന്ന സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കുമ്പോൾ ദൂതന്മാർക്ക് എത്ര സന്തോഷം തോന്നുന്നുണ്ടാകും!
ദൂതന്മാരുടെ സഹനശക്തി
11. വിശ്വസ്തരായ ദൂതന്മാർ ശ്രദ്ധേയമായ രീതിയിൽ സഹനശക്തി കാണിച്ചിരിക്കുന്നത് എങ്ങനെ?
11 സഹിച്ചുനിൽക്കുന്ന കാര്യത്തിൽ ദൂതന്മാർ വളരെ നല്ല മാതൃക വെക്കുന്നു. ആയിരക്കണക്കിനു വർഷങ്ങളായി അനീതിയും ദുഷ്ടതയും ഒക്കെ അവർ സഹിക്കുകയാണ്. ഒരിക്കൽ അവരോടൊപ്പം ദൈവത്തെ സേവിച്ചിരുന്ന സാത്താനും മറ്റനേകം ദൂതന്മാരും യഹോവയെ എതിർക്കുന്നത് അവർക്കു കാണേണ്ടിവന്നു. (ഉൽപ. 3:1; 6:1, 2; യൂദ 6) ഒരു വിശ്വസ്തനായ ദൂതനു ശക്തനായ ഒരു ഭൂതത്തിൽനിന്ന് ദിവസങ്ങളോളം എതിർപ്പു നേരിടേണ്ടിവന്നതിനെക്കുറിച്ച് ബൈബിൾ പറയുന്നു. (ദാനി. 10:13) ഇനി മനുഷ്യചരിത്രത്തിൽ ഇന്നുവരെ, ചുരുക്കം ചില ആളുകൾ മാത്രമേ സത്യാരാധനയെ പിന്തുണയ്ക്കുന്നതായി ദൂതന്മാർ കണ്ടിട്ടുള്ളൂ. ഇത്രയൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും വിശ്വസ്തരായ ഈ ദൂതന്മാർ സന്തോഷത്തോടെയും ഉത്സാഹത്തോടെയും യഹോവയെ സേവിക്കുന്നു. കൃത്യസമയത്ത് ദൈവം എല്ലാ അനീതിയും നീക്കം ചെയ്യുമെന്ന് അവർക്ക് അറിയാം.
12. സഹിച്ചുനിൽക്കാൻ നമ്മളെ എന്താണ് സഹായിക്കുന്നത്?
12 ദൂതന്മാരുടെ സഹനശക്തി നമുക്ക് എങ്ങനെ അനുകരിക്കാം? ദൂതന്മാരെപ്പോലെ ചിലപ്പോൾ നമുക്കും അനീതി നേരിട്ടേക്കാം. എന്നാൽ, യഹോവ കൃത്യസമയത്തുതന്നെ എല്ലാ ദുഷ്ടതയും നീക്കം ചെയ്യുമെന്നു നമ്മളും ഉറപ്പോടെ വിശ്വസിക്കുന്നു. അതുകൊണ്ടാണ് വിശ്വസ്തരായ ദൂതന്മാരെപ്പോലെ നമ്മളും ‘നന്മ ചെയ്യുന്നതു നിറുത്തിക്കളയാത്തത്.’ (ഗലാ. 6:9) അതുപോലെ, സഹിച്ചുനിൽക്കാൻ ദൈവം നമ്മളെ സഹായിക്കുമെന്നും ഉറപ്പുതന്നിട്ടുണ്ട്. (1 കൊരി. 10:13) അതുകൊണ്ട് ക്ഷമയോടെയും സന്തോഷത്തോടെയും ഇരിക്കാൻ നമ്മളെ സഹായിക്കുന്ന പരിശുദ്ധാത്മാവിനുവേണ്ടി നമുക്ക് യഹോവയോടു പ്രാർഥിക്കാം. (ഗലാ. 5:22; കൊലോ. 1:11) ഇനി, നമുക്ക് എതിർപ്പ് നേരിടുന്നെങ്കിലോ? അപ്പോൾ ഭയപ്പെടാതെ പൂർണമായും യഹോവയിൽ ആശ്രയിക്കുക. യഹോവ നിങ്ങളെ എപ്പോഴും സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.—എബ്രാ. 13:6.
സഭയെ ശുദ്ധിയുള്ളതായി നിലനിറുത്താൻ ദൂതന്മാർ സഹായിക്കുന്നു
13. ഈ അവസാനനാളുകളിൽ ദൂതന്മാർക്ക് ഏതു പ്രത്യേകനിയമനമുണ്ട്? (മത്തായി 13:47-49)
13 ഈ അവസാനനാളുകളിൽ ദൂതന്മാർക്ക് യഹോവ ഒരു പ്രത്യേകനിയമനം കൊടുത്തിരിക്കുന്നു. (മത്തായി 13:47-49 വായിക്കുക.) ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ആളുകൾ സന്തോഷവാർത്തയോടു താത്പര്യം കാണിക്കുന്നുണ്ട്. അവരിൽ ചിലർ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തി യഥാർഥ ക്രിസ്ത്യാനികളായിത്തീരുന്നു; എന്നാൽ ചിലർ അങ്ങനെ ചെയ്യുന്നില്ല. ദൂതന്മാർക്കു കൊടുത്തിരിക്കുന്ന നിയമനം ‘നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കുക’ എന്നതാണ്. സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കുന്നതിൽ അവർക്കൊരു പങ്കുണ്ടെന്നാണ് അതു കാണിക്കുന്നത്. പക്ഷേ, സാക്ഷികളോടൊപ്പം സഹവസിക്കുന്നതു നിറുത്തിപ്പോയവർക്ക് ഇനിയൊരിക്കലും തിരിച്ചുവരാൻ പറ്റില്ലെന്നോ സഭയിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നോ അല്ല ഇതിന്റെ അർഥം. എങ്കിലും, സഭയെ ശുദ്ധിയുള്ളതായി കാത്തുസൂക്ഷിക്കുന്നതിനു ദൂതന്മാർ കഠിനശ്രമം ചെയ്യുന്നുണ്ടെന്നു നമുക്ക് ഉറപ്പാണ്.
14-15. ദൂതന്മാരെ അനുകരിച്ചുകൊണ്ട് സഭ ശുദ്ധയുള്ളതായിരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നെന്ന് എങ്ങനെ തെളിയിക്കാം? (ചിത്രങ്ങളും കാണുക.)
14 സഭയെ ശുദ്ധമാക്കി നിറുത്താനുള്ള ദൂതന്മാരുടെ ഉത്സാഹം നമുക്ക് എങ്ങനെ അനുകരിക്കാം? സഭയെ ശുദ്ധമാക്കി നിറുത്തുന്നതിൽ നമുക്കു നമ്മുടെ പങ്കുവഹിക്കാനാകും. അതിന് യഹോവയുമായുള്ള നമ്മുടെ ബന്ധം സംരക്ഷിക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം. യഹോവയെ സ്നേഹിക്കുന്ന കൂട്ടുകാരെ തിരഞ്ഞെടുക്കുകയും ദൈവവുമായുള്ള സൗഹൃദം തകർക്കുന്ന കാര്യങ്ങളിൽനിന്ന് അകന്നുനിൽക്കുകയും വേണം. (സങ്കീ. 101:3) ഇനി, യഹോവയോടു വിശ്വസ്തരായി നിൽക്കാൻ നമുക്കു നമ്മുടെ സഹാരാധകരെയും സഹായിക്കാം. ഉദാഹരണത്തിന്, സഹോദരങ്ങളിൽ ആരെങ്കിലും ഗുരുതരമായ ഒരു തെറ്റു ചെയ്തെന്ന് അറിഞ്ഞാൽ നമ്മൾ എന്തു ചെയ്യണം? നമുക്ക് അവരോടു സ്നേഹമുള്ളതുകൊണ്ട് മൂപ്പന്മാരോട് ഇതെക്കുറിച്ച് സംസാരിക്കാൻ നമ്മൾ അവരോടു പറയും. അവർ അതു ചെയ്യുന്നില്ലെങ്കിൽ നമ്മൾതന്നെ ആ കാര്യം മൂപ്പന്മാരെ അറിയിക്കും. ആത്മീയമായി ദുർബലനായ ആ സഹോദരനു പെട്ടെന്നുതന്നെ സഹായം കിട്ടണമെന്നാണു നമ്മുടെ ആഗ്രഹം.—യാക്കോ. 5:14, 15.
15 എന്നാൽ ഗുരുതരമായ തെറ്റു ചെയ്ത ഒരാളെ ചിലപ്പോൾ സഭയിൽനിന്ന് നീക്കം ചെയ്തേക്കാം. അങ്ങനെയൊരു സാഹചര്യത്തിൽ നമ്മൾ അവരുമായുള്ള ‘കൂട്ടുകെട്ട് ഉപേക്ഷിക്കണം.’d (1 കൊരി. 5:9-13) ഈ ക്രമീകരണം സഭയുടെ ശുദ്ധി കാത്തുസൂക്ഷിക്കാൻ സഹായിക്കുന്നു. അതുപോലെ സഭയിൽനിന്ന് നീക്കം ചെയ്തവരോടു സഹവസിക്കാതിരിക്കുമ്പോൾ നമ്മൾ ശരിക്കും അവരോടു ദയ കാണിക്കുകയാണ്. നമ്മുടെ ഉറച്ച നിലപാട് യഹോവയിലേക്കു തിരിച്ചുവരേണ്ടതിന്റെ ആവശ്യം അവരെ ഓർമിപ്പിച്ചേക്കാം. അവർ തിരിച്ചുവന്നാൽ യഹോവയുടെയും ദൂതന്മാരുടെയും ഒപ്പം നമുക്കും സന്തോഷിക്കാനാകും.—ലൂക്കോ. 15:7.
നമ്മുടെ സഹോദരങ്ങളിൽ ഒരാൾ ഗുരുതരമായ തെറ്റു ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞാൽ നമ്മൾ എന്തു ചെയ്യണം? (14-ാം ഖണ്ഡിക കാണുക)e
16. ദൂതന്മാരെ നിങ്ങൾ എങ്ങനെയെല്ലാം അനുകരിക്കാൻ ശ്രമിക്കും?
16 സ്വർഗത്തിലുള്ള ദൂതന്മാരെക്കുറിച്ച് പഠിക്കാനും അവരോടൊപ്പം പ്രവർത്തിക്കാനും ആകുന്നത് നമുക്കു കിട്ടിയിരിക്കുന്ന എത്ര വലിയൊരു പദവിയാണ്! അവരുടെ താഴ്മയും ആളുകളോടുള്ള സ്നേഹവും സഹനശക്തിയും സഭയെ ശുദ്ധിയുള്ളതാക്കി നിലനിറുത്താനുള്ള ഉത്സാഹവും നമുക്ക് അനുകരിക്കാം. വിശ്വസ്തരായ ദൂതന്മാരെ അനുകരിക്കുന്നെങ്കിൽ, നമുക്ക് എന്നെന്നും യഹോവയുടെ വലിയ കുടുംബത്തിന്റെ ഭാഗമായിരിക്കാനാകും.
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
a കോടിക്കണക്കിനു ദൂതന്മാരിൽ രണ്ടു ദൂതന്മാരുടെ പേരുകൾ മാത്രമേ ബൈബിളിൽ പറയുന്നുള്ളൂ—മീഖായേലും ഗബ്രിയേലും.—ദാനി. 12:1; ലൂക്കോ. 1:19.
b 2017 നമ്പർ 5 ലക്കം വീക്ഷാഗോപുരത്തിന്റെ പേ. 3-ലും “ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക! എന്ന പുസ്തകത്തിന്റെ അധ്യാ. 7 ഖ. 17-ലും കൊടുത്തിരിക്കുന്ന അനുഭവങ്ങൾ വായിക്കുക. ഇതുപോലുള്ള മറ്റ് അനുഭവങ്ങളും നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് വായിക്കാനാകും.
c പേരിനു മാറ്റംവരുത്തിയിരിക്കുന്നു.
d 2024 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #2-ൽ വിശദീകരിച്ചിരിക്കുന്നപോലെ, സഭയിൽനിന്ന് നീക്കം ചെയ്യപ്പെട്ട ഒരു വ്യക്തി മീറ്റിങ്ങിനു വന്നാൽ അദ്ദേഹത്തെ ഹ്രസ്വമായി അഭിവാദനം ചെയ്തുകൊണ്ട് സ്വാഗതം ചെയ്യണോ എന്നതു പ്രചാരകർക്കു സ്വന്തം ബൈബിൾപരിശീലിത മനസ്സാക്ഷിയനുസരിച്ച് തീരുമാനിക്കാം.
e ചിത്രങ്ങളുടെ വിവരണം: തന്റെ കൂട്ടുകാരിയോട് ചെയ്ത തെറ്റിനെക്കുറിച്ച് മൂപ്പന്മാരോടു സംസാരിക്കാൻ ഒരു സഹോദരി ആവശ്യപ്പെടുന്നു. എന്നാൽ കുറച്ച് കഴിഞ്ഞും അവൾ അങ്ങനെ ചെയ്യാത്തതു കാണുമ്പോൾ സഹോദരിതന്നെ മൂപ്പന്മാരോട് അതെക്കുറിച്ച് പറയുന്നു.