ഇൻഡ്യാനയിലെ ഇൻഡ്യാനപോളിസിൽവെച്ച് നടന്ന കൺവെൻഷൻ, 1925
1925—നൂറു വർഷം മുമ്പ്
1925 ജനുവരി 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ഈ വർഷത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണു ക്രിസ്ത്യാനികൾക്കുള്ളത്. എന്നാൽ ഈ വർഷം എന്തു സംഭവിക്കും എന്നതിനെക്കുറിച്ച് അമിതമായി ചിന്തിക്കേണ്ടതില്ല. കാരണം അങ്ങനെ ചെയ്താൽ കർത്താവ് ഏൽപ്പിച്ച പ്രവർത്തനം സന്തോഷത്തോടെ ചെയ്യാൻ നമുക്കു പറ്റാതെ വരും.” 1925-ൽ എന്തു സംഭവിക്കും എന്നാണ് ബൈബിൾവിദ്യാർഥികൾ ചിന്തിച്ചത്? പ്രതീക്ഷിച്ചതുപോലെ ഒന്നും നടക്കാതെ വന്നപ്പോഴും അവർ കർത്താവിന്റെ വേലയിൽ തിരക്കുള്ളവരായിരുന്നത് എങ്ങനെയാണ്?
പ്രതീക്ഷകൾ നിറവേറാൻ വൈകുന്നു
1925-ൽ ഭൂമി ഒരു പറുദീസയായി മാറുമെന്നു പല ബൈബിൾവിദ്യാർഥികളും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഭരണസംഘാംഗമായി പ്രവർത്തിച്ച ആൽബർട്ട് ഷ്രോഡർ സഹോദരൻ അതെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “1925-ൽ ക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികളിൽ ബാക്കിയുള്ളവർ സ്വർഗത്തിലേക്കു പോകുമെന്നും അബ്രാഹാമിനെയും ദാവീദിനെയും പോലെയുള്ള മുൻകാല വിശ്വസ്തദാസന്മാർ ഭൂമിയിലേക്കു പുനരുത്ഥാനപ്പെട്ട് വന്ന് ഇവിടെ പ്രഭുക്കന്മാരായി നേതൃത്വമെടുക്കും എന്നും ഞങ്ങൾ വിശ്വസിച്ചിരുന്നു.” എന്നാൽ ആ വർഷം കടന്നുപോയപ്പോൾ അവർ പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. സ്വാഭാവികമായും അതു ചിലരെ നിരാശപ്പെടുത്തി.—സുഭാ. 13:12.
നിരാശയൊക്കെ തോന്നിയെങ്കിലും ബൈബിൾവിദ്യാർഥികളിൽ മിക്കവരും തുടർന്നും പ്രസംഗപ്രവർത്തനം ഉത്സാഹത്തോടെ ചെയ്തു. യഹോവയ്ക്കു സാക്ഷ്യം കൊടുക്കുക എന്ന തങ്ങളുടെ ഉത്തരവാദിത്വമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് അവർ തിരിച്ചറിയാൻതുടങ്ങി. ഉദാഹരണത്തിന്, അവർ റേഡിയോ പ്രക്ഷേപണത്തിലൂടെ അതിവിദൂര ഭാഗങ്ങൾവരെ സത്യം എത്തിക്കാൻ ശ്രമിച്ചത് എങ്ങനെയാണെന്നു നോക്കാം.
കൂടുതൽ റേഡിയോ നിലയങ്ങൾ
മുൻവർഷം ഡബ്ല്യുബിബിആർ റേഡിയോ നിലയം ഒരു വൻവിജയം ആയിരുന്നതുകൊണ്ട് 1925-ൽ ബൈബിൾവിദ്യാർഥികൾ മറ്റൊരു റേഡിയോ നിലയം പണിയാൻ തീരുമാനിച്ചു. ഇലിനോയിയിലെ ചിക്കാഗോയ്ക്ക് അടുത്ത് പണിത ആ നിലയത്തിന്റെ പേര് ഡബ്ല്യുഓആർഡി എന്നായിരുന്നു. ആ നിലയം പണിയാൻ സഹായിച്ച ഒരു റേഡിയോ എഞ്ചിനീയറായ റാൾഫ് ലെഫ്ലർ ഇങ്ങനെ പറയുന്നു: “തണുപ്പുള്ള രാത്രികളിൽ ഈ റേഡിയോ നിലയത്തിൽനിന്നുള്ള പ്രക്ഷേപണങ്ങൾ അങ്ങു വിദൂരങ്ങളിലുള്ളവർവരെ കേട്ടു.” ഉദാഹരണത്തിന്, ആ നിലയത്തിൽനിന്ന് 5,000 കിലോമീറ്റർ അകലെയുള്ള അലാസ്കയിലെ പൈലറ്റ് സ്റ്റേഷൻ എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു കുടുംബം, ആദ്യ പ്രക്ഷേപണങ്ങളിൽ ഒരെണ്ണം കേട്ടു. അതിനുശേഷം ആ കുടുംബം, ഇത്രയും നല്ല ആത്മീയപരിപാടി തന്നതിനു നന്ദി പറഞ്ഞുകൊണ്ട് നിലയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഒരു കത്ത് എഴുതി.
ഇടത്: ഇലിനോയിയിലെ ബട്ടാവിയായിലുള്ള ഡബ്ല്യുഓആർഡിയുടെ സംപ്രേഷണത്തിനുള്ള ടവറുകൾ
വലത്: റാൾഫ് ലെഫ്ലർ റേഡിയോ നിലയത്തിൽ ജോലി ചെയ്യുന്നു
ദൂരെയുള്ള സ്ഥലങ്ങളിൽവരെ പ്രക്ഷേപണം എത്തിക്കാൻ ഈ റേഡിയോ നിലയത്തിനു കഴിഞ്ഞത് എന്തുകൊണ്ടാണെന്നു 1925 ഡിസംബർ 1 വീക്ഷാഗോപുരം വിശദീകരിച്ചു: “ഡബ്ല്യുഓആർഡി ഐക്യനാടുകളിലെതന്നെ ശക്തമായൊരു റേഡിയോ സ്റ്റേഷനാണ്. 5,000 വാട്സിലാണ് അതു പ്രവർത്തിക്കുന്നത്. ഇതിന്റെ സിഗ്നലുകൾ ഐക്യനാടുകളുടെ കിഴക്കും പടിഞ്ഞാറും ഉള്ള തീരങ്ങൾ വരെയും അതുപോലെ ക്യൂബ മുതൽ അങ്ങ് വടക്കേ അറ്റത്തുള്ള അലാസ്ക വരെയും എത്തുന്നുണ്ട്. മുമ്പൊരിക്കലും സത്യം കേട്ടിട്ടില്ലാത്ത അനേകർ ഈ പ്രക്ഷേപണങ്ങൾ കേട്ടപ്പോൾ കൂടുതൽ അറിയാൻ താത്പര്യം കാണിച്ചിരിക്കുന്നു.”
ജോർജ് നെയ്ഷ്
ഇതേ കാലഘട്ടത്തിൽ കാനഡയിലും സന്തോഷവാർത്ത വ്യാപിപ്പിക്കുന്നതിനുവേണ്ടി റേഡിയോകൾ ഉപയോഗിക്കാൻ ബൈബിൾവിദ്യാർഥികൾ ആഗ്രഹിച്ചു. അതുകൊണ്ട് 1924-ൽ സസ്കാച്ചിവനിലെ സാസ്കറ്റൂണിൽ സിഎച്ച്യുസി എന്ന റേഡിയോ നിലയം അവർ പണിതു. മതപരമായ വിഷയങ്ങൾ പ്രക്ഷേപണം ചെയ്യുന്ന കാനഡയിലെ ആദ്യത്തെ റേഡിയോ നിലയങ്ങളിൽ ഒന്നായിരുന്നു അത്. എന്നാൽ വളരെ ചെറുതായിരുന്നതുകൊണ്ട് അതു 1925-ൽ മറ്റൊരിടത്തേക്കു മാറ്റേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് വാച്ച്ടവർ സൊസൈറ്റി ഈ നിലയത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും സാസ്കറ്റൂണിലെ മറ്റൊരു കെട്ടിടത്തിലേക്ക് അതിന്റെ സ്റ്റുഡിയോകൾ മാറ്റുകയും ചെയ്തു. പഴയൊരു തീയേറ്ററായിരുന്ന ആ കെട്ടിടം സംഘടന വാങ്ങി ഈ ആവശ്യത്തിനായി നവീകരിച്ചെടുക്കുകയായിരുന്നു.
ഈ റേഡിയോ സ്റ്റേഷൻ കാരണം സസ്കാച്ചിവനിലെ ഉൾപ്രദേശങ്ങളിലും ചെറിയ ടൗണുകളിലും എല്ലാം സന്തോഷവാർത്ത ആദ്യമായി എത്തി. ഉദാഹരണത്തിന്, ദൂരെയുള്ള ഒരു ടൗണിൽ താമസിക്കുന്ന ഒരു സ്ത്രീ പ്രക്ഷേപണം കേട്ടതിനു ശേഷം ബൈബിൾപ്രസിദ്ധീകരണങ്ങൾ ചോദിച്ചുകൊണ്ട് ഒരു കത്ത് എഴുതി. ഇതിനെക്കുറിച്ച് ജോർജ് നെയ്ഷ് സഹോദരൻ പറഞ്ഞത് ഇങ്ങനെയാണ്: “‘ഞങ്ങളെ പഠിപ്പിക്കൂ’ എന്ന അവരുടെ കരച്ചിൽ വളരെ ഉച്ചത്തിലുള്ളതും വ്യക്തവും ആയിരുന്നു. അതുകൊണ്ട് ഞങ്ങൾ വേദാദ്ധ്യയനങ്ങൾ എന്ന പുസ്തകത്തിന്റെ മുഴുവൻ വാല്യവും അവർക്ക് അയച്ചുകൊടുത്തു.” പെട്ടെന്നുതന്നെ ആ സ്ത്രീ താൻ പഠിച്ച കാര്യങ്ങൾ കൂടുതൽ ആളുകളോടു പറയാൻതുടങ്ങി. അങ്ങനെ രാജ്യസന്ദേശം ദൂരെസ്ഥലങ്ങളിലേക്കുവരെ എത്തി.
വിശ്വാസങ്ങൾക്കു വ്യക്തത വരുന്നു
1925 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിൽ “ജനതയുടെ ജനനം” എന്ന പ്രധാനപ്പെട്ട ഒരു ലേഖനം ഉണ്ടായിരുന്നു. എന്തായിരുന്നു അതിന്റെ പ്രാധാന്യം? സ്വർഗത്തിലെ ദുഷ്ടരായ ദൂതന്മാരും ഭൂമിയിലെ മതം, രാഷ്ട്രീയം, വാണിജ്യം എന്നിവയും ഉൾപ്പെടുന്ന ഒരു സംഘടന സാത്താനുണ്ടെന്നു ബൈബിൾവിദ്യാർഥികൾക്ക് അറിയാമായിരുന്നു. എന്നാൽ ഈ ലേഖനത്തിലൂടെ യഹോവയ്ക്കും ഒരു സംഘടനയുണ്ടെന്നും അതു സാത്താന്റെ സംഘടനയിൽനിന്ന് തികച്ചും വ്യത്യസ്തവും അതിന് എതിരും ആണെന്നും “വിശ്വസ്തനും വിവേകിയും ആയ അടിമ” വിശദീകരിച്ചു. (മത്താ. 24:45) അതോടൊപ്പം 1914-ൽ ദൈവരാജ്യം സ്ഥാപിതമായെന്നും അതേ വർഷംതന്നെ ‘സ്വർഗത്തിലുണ്ടായ യുദ്ധത്തിന്റെ’ ഫലമായി സാത്താനെയും അവന്റെ ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് പുറത്താക്കുകയും അവരുടെ പ്രവർത്തനം ഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തെന്നും അടിമ ആ ലേഖനത്തിൽ വ്യക്തമാക്കി.—വെളി. 12:7-9.
ഈ പുതിയ ഗ്രാഹ്യം അംഗീകരിക്കാൻ ചിലർക്കു ബുദ്ധിമുട്ട് തോന്നി. ഇതു മനസ്സിലാക്കിക്കൊണ്ട് ആ ലേഖനത്തിൽത്തന്നെ ഇങ്ങനെ പറഞ്ഞു: “വീക്ഷാഗോപുരത്തിന്റെ ഏതെങ്കിലും വായനക്കാർക്ക് ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അവർ ക്ഷമയോടെ കർത്താവിനായി കാത്തിരിക്കുക. ദൈവത്തെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരുക.”
എന്നാൽ ഈ ലേഖനത്തെക്കുറിച്ച് മിക്ക ബൈബിൾവിദ്യാർഥികൾക്കും എന്താണു തോന്നിയതെന്നു ബ്രിട്ടനിലെ ഒരു കോൽപോർട്ടറായിരുന്ന (ഇപ്പോഴത്തെ മുൻനിരസേവകൻ) ടോം എർ ഇങ്ങനെ പറയുന്നു: “വെളിപാട് 12-ാം അധ്യായത്തിന്റെ ഈ വിശദീകരണം സഹോദരങ്ങൾക്ക് ആവേശം പകർന്നു. ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായെന്നു മനസ്സിലാക്കിയപ്പോൾ ആ സന്തോഷവാർത്ത മറ്റുള്ളവരോടു പറയാൻ ഞങ്ങൾക്കു കൂടുതൽ ഉത്സാഹം തോന്നി. അതു പ്രസംഗപ്രവർത്തനം ഊർജിതമാക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. അതുപോലെ യഹോവ തന്റെ ജനത്തെ ഉപയോഗിച്ചുകൊണ്ട് വലിയ കാര്യങ്ങൾ ചെയ്യാൻപോകുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കാനും ഞങ്ങൾക്കു കഴിഞ്ഞു.”
യഹോവയ്ക്കുവേണ്ടി സാക്ഷ്യം പറയുന്നു
ഇന്ന് യഹോവയുടെ സാക്ഷികൾക്ക് യശയ്യ 43:10-ലെ ഈ വാക്കുകൾ വളരെ പരിചിതമാണ്: “‘നിങ്ങൾ എന്റെ സാക്ഷികൾ’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘അതെ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ!’” എന്നാൽ 1925-നു മുമ്പ് ഈ തിരുവെഴുത്ത് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. പക്ഷേ, അതിനു മാറ്റം വരാൻ പോകുകയായിരുന്നു. 1925-ൽ യശയ്യ 43:10, 12 വാക്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന 11 വീക്ഷാഗോപുരലേഖനങ്ങൾ പുറത്തിറങ്ങി.
1925 ആഗസ്റ്റ് അവസാനം ബൈബിൾവിദ്യാർഥികൾ ഇൻഡ്യാനയിലെ ഇൻഡ്യാനാപോളിസിൽ ഒരു കൺവെൻഷനായി കൂടിവന്നു. വരുന്നവരെ സ്വാഗതം ചെയ്യാനായി കൺവെൻഷന്റെ കാര്യപരിപാടിയിൽ ജോസഫ് എഫ്. റഥർഫോർഡ് സഹോദരന്റെ ഈ സന്ദേശമുണ്ടായിരുന്നു: “നമ്മൾ എല്ലാവരും ഈ കൺവെൻഷനു വന്നിരിക്കുന്നതു . . . കർത്താവിൽനിന്ന് ശക്തി നേടി കൂടുതൽ ആവേശത്തോടെ വയലിലേക്കു തിരിച്ച് പോകാനും അങ്ങനെ ദൈവത്തിന്റെ സാക്ഷികളായി പ്രവർത്തിക്കാനും ആണ്.” ആ എട്ടു ദിവസത്തെ കൺവെൻഷനിൽ ഉടനീളം, കിട്ടുന്ന എല്ലാ അവസരങ്ങളിലും യഹോവയ്ക്കുവേണ്ടി സാക്ഷ്യം പറയാൻ കൂടിവന്നവരെ പ്രോത്സാഹിപ്പിച്ചു.
ആഗസ്റ്റ് 29 ശനിയാഴ്ച “പ്രവർത്തനത്തിനുള്ള ഒരു ആഹ്വാനം” എന്ന വിഷയത്തിൽ റഥർഫോർഡ് സഹോദരന്റെ ഒരു പ്രസംഗമുണ്ടായിരുന്നു. അതിൽ പ്രസംഗപ്രവർത്തനത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് സഹോദരൻ ഇങ്ങനെ പറഞ്ഞു: “യഹോവ തന്റെ ജനത്തോടു പറയുന്നു . . . : ‘നിങ്ങൾ എന്റെ സാക്ഷികൾ, . . . ഞാനാണ് ദൈവം.’ അതിനു ശേഷം യഹോവ വ്യക്തമായും ശക്തമായും തന്റെ ജനത്തിന് ഈ കല്പന കൊടുത്തു: ‘ജനങ്ങൾക്കുവേണ്ടി ഒരു അടയാളം ഉയർത്തുക.’ ഇന്ന് ഭൂമിയിൽ ജനങ്ങൾക്കുവേണ്ടി ഒരു അടയാളം ഉയർത്താൻ, യഹോവയ്ക്കുവേണ്ടി സാക്ഷ്യം കൊടുക്കാൻ കഴിയുന്നതു കർത്താവിൽനിന്ന് ആത്മാവ് ലഭിച്ചിട്ടുള്ള ദൈവജനത്തിനു മാത്രമാണ്.”—യശ. 43:12; 62:10.
പ്രത്യാശാദൂത് എന്ന ലഘുലേഖ
റഥർഫോർഡ് സഹോദരന്റെ പ്രസംഗത്തിനു ശേഷം അദ്ദേഹം “പ്രത്യാശാദൂത്” (ഇംഗ്ലീഷ്) എന്ന വിഷയത്തിലുള്ള ഒരു പ്രമേയം വായിച്ചു. “സമാധാനവും സമൃദ്ധിയും ആരോഗ്യവും നിത്യജീവനും സ്വാതന്ത്ര്യവും നിലനിൽക്കുന്ന സന്തോഷവും ലഭിക്കുന്നതു ദൈവരാജ്യത്തിലൂടെ മാത്രമായിരിക്കും” എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. ആ സന്ദേശത്തോടു കൺവെൻഷനിൽ വന്ന എല്ലാവരും യോജിച്ചു. ഈ പ്രമേയം പിന്നീട് പല ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുകയും ലഘുലേഖയുടെ രൂപത്തിൽ അച്ചടിച്ച് പുറത്തിറക്കുകയും ചെയ്തു. അതിന്റെ ഏതാണ്ട് 4 കോടിയോളം കോപ്പികളാണു വിതരണം ചെയ്തത്.
യഹോവയ്ക്കുവേണ്ടി സാക്ഷ്യം പറയാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം ബൈബിൾവിദ്യാർഥികൾ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. എങ്കിലും അവർ പിന്നെയും കുറെ വർഷങ്ങൾ കഴിഞ്ഞാണ് യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീകരിക്കുന്നത്.
താത്പര്യമുള്ളവരെ വീണ്ടും ചെന്ന് കാണുന്നു
ലോകമെങ്ങുമുള്ള ബൈബിൾവിദ്യാർഥികളുടെ എണ്ണം വർധിച്ചതുകൊണ്ട് സന്തോഷവാർത്തയോടു താത്പര്യം കാണിക്കുന്നവരുടെ അടുത്ത് മടങ്ങിച്ചെല്ലാൻ സംഘടന പ്രോത്സാഹിപ്പിച്ചു. പ്രത്യാശാദൂത് എന്ന ലഘുലേഖയുടെ പ്രചാരണ പരിപാടിക്കു ശേഷം ബുള്ളറ്റിൻa ഇങ്ങനെ നിർദേശിച്ചു: “മറ്റ് പ്രസിദ്ധീകരണങ്ങൾ ഒന്നും കൊടുക്കാതെ പ്രത്യാശാദൂതിന്റെ ഒരു കോപ്പി മാത്രം കൊടുത്തിരിക്കുന്ന വീടുകളിൽ മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.”
1925 ജനുവരി ലക്കം ബുള്ളറ്റിനിൽ ടെക്സസിലെ പ്ലാനോയിൽനിന്നുള്ള ഒരു ബൈബിൾവിദ്യാർഥിയുടെ ഈ വാക്കുകൾ ഉണ്ടായിരുന്നു: “പുതിയ ഒരു പ്രദേശത്ത് പോകുന്നതിനെക്കാൾ പല തവണ പ്രവർത്തിച്ചിടത്ത് വീണ്ടും മടങ്ങിച്ചെല്ലുമ്പോൾ മിക്കപ്പോഴും കൂടുതൽ ഫലം ലഭിക്കുന്നതായി ഞങ്ങൾക്കു തോന്നുന്നു. അതു ശരിക്കും ഞങ്ങളെ അതിശയിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ചു തവണ പ്രവർത്തിച്ച ഒരു ചെറിയ ടൗൺ ഞങ്ങളുടെ പ്രദേശത്തുണ്ട്. . . . അടുത്തിടെ ഹെൻഡ്രിക്സ് സഹോദരിയും എന്റെ അമ്മയും വീണ്ടും ആ പ്രദേശത്ത് ചെന്നപ്പോൾ മുമ്പൊരിക്കലും കൊടുത്തിട്ടില്ലാത്തത്ര പുസ്തകങ്ങൾ അവർക്കു കൊടുക്കാനായി!”
പാനമയിൽനിന്നുള്ള ഒരു കോൽപോർട്ടർ ഇങ്ങനെ എഴുതി: “വീട്ടുവാതിൽക്കൽനിന്ന് എന്നെ ഓടിച്ചുവിട്ട പലരുടെയും അടുത്ത് ഞാൻ രണ്ടാമതോ മൂന്നാമതോ ചെന്നപ്പോൾ അവരുടെ മനോഭാവത്തിനു മാറ്റം വന്നതായി കണ്ടു. കഴിഞ്ഞ വർഷം ഞാൻ കൂടുതൽ സമയവും ചെലവഴിച്ചത് സന്ദർശിച്ച വീടുകളിൽ മടങ്ങിച്ചെല്ലുന്നതിലാണ്. എനിക്ക് അതിൽനിന്ന് നല്ല അനുഭവങ്ങളും കിട്ടിയിട്ടുണ്ട്.”
ഭാവിയിലേക്ക്
എല്ലാ കോൽപോർട്ടർമാർക്കും ഉള്ള തന്റെ വാർഷിക കത്തിൽ, ആ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചും മുന്നോട്ട് ഇനി എന്താണു ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും റഥർഫോർഡ് സഹോദരൻ ഇങ്ങനെ പറഞ്ഞു: “ഈ വർഷം, വിഷമിച്ചിരുന്ന അനേകരെ ആശ്വസിപ്പിക്കാൻ നിങ്ങൾക്കു കഴിഞ്ഞു. ഈ പ്രവർത്തനം നിങ്ങളുടെ ഹൃദയത്തിനു സന്തോഷം പകർന്നു. . . . ഇനി അടുത്ത വർഷവും ദൈവത്തിനും ദൈവരാജ്യത്തിനും വേണ്ടി സാക്ഷ്യം പറയാനും ജനങ്ങൾക്കുവേണ്ടി ഒരു അടയാളം ഉയർത്താനും നിങ്ങൾക്കു ധാരാളം അവസരങ്ങൾ ലഭിക്കും. . . . തുടർന്നും നമുക്ക് ഒരുമിച്ച് നമ്മുടെ ദൈവത്തെയും നമ്മുടെ രാജാവിനെയും സ്തുതിക്കുന്നതിനായി ശബ്ദം ഉയർത്താം.”
1925 അവസാനിക്കാറായപ്പോൾ ബ്രൂക്ലിൻ ബഥേൽ വലുതാക്കാൻ സഹോദരങ്ങൾ പദ്ധതിയിട്ടു. സംഘടനയ്ക്കുള്ളിൽ അന്നുവരെ നടന്നിട്ടുള്ളതിലേക്കും ഏറ്റവും വലിയ നിർമാണ പദ്ധതിക്ക് 1926 എന്ന വർഷം തുടക്കം കുറിക്കുമായിരുന്നു.
ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ആഡംസ് സ്ട്രീറ്റിൽ നടന്ന നിർമാണ പ്രവർത്തനം, 1926
a ഇപ്പോഴത്തെ നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി