ഭരണസംഘത്തിലെ പുതിയ രണ്ട് അംഗങ്ങൾ
2024 ഒക്ടോബർ 5-ന്, വാർഷികയോഗത്തിൽ ഒരു പ്രത്യേക അറിയിപ്പ് നടത്തി. ജോഡി ജെയ്ഡ്ലി, ജേക്കബ് റംഫ് എന്നീ സഹോദരന്മാരെ യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗങ്ങളായി നിയമിച്ചിരിക്കുന്നു എന്നതായിരുന്നു അത്. രണ്ടു സഹോദരന്മാരും വർഷങ്ങളായി യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരാണ്.
ജോഡി ജെയ്ഡ്ലിയും ഭാര്യ ഡമരിസും
ജെയ്ഡ്ലി സഹോദരൻ ജനിച്ചത് യു.എസ്.എ-യിലെ മിസൂറിയിലാണ്. അദ്ദേഹം സത്യത്തിലാണു വളർന്നുവന്നത്. അദ്ദേഹത്തിന്റെ കുടുംബം താമസിച്ചിരുന്നത് യഹോവയുടെ സാക്ഷികൾ അധികമില്ലാതിരുന്ന ഒരു സ്ഥലത്തായിരുന്നു. അതുകൊണ്ടുതന്നെ അവിടെ സന്തോഷവാർത്ത പ്രസംഗിക്കുന്നതിൽ സഹായിക്കാൻ പല പശ്ചാത്തലങ്ങളിൽനിന്നുള്ള സഹോദരങ്ങൾ വരുമായിരുന്നു. അവരുടെ സ്നേഹവും ഐക്യവും സഹോദരനെ വളരെയധികം സ്വാധീനിച്ചു. തന്റെ കൗമാരത്തിന്റെ തുടക്കത്തിൽ, 1983 ഒക്ടോബർ 15-ന് ജെയ്ഡ്ലി സ്നാനമേറ്റു. അദ്ദേഹത്തിനു ശുശ്രൂഷ വളരെ ഇഷ്ടമായിരുന്നു. അങ്ങനെ ഹൈസ്കൂൾ പഠനം കഴിഞ്ഞ് 1989 സെപ്റ്റംബറിൽ അദ്ദേഹം സാധാരണ മുൻനിരസേവനം തുടങ്ങി.
ചെറുപ്പത്തിൽ ജെയ്ഡ്ലി സഹോദരനെയും അനിയത്തിയെയും മാതാപിതാക്കൾ ബഥേൽ സന്ദർശിക്കാൻ കൊണ്ടുപോകുമായിരുന്നു. അത്തരം സന്ദർശനങ്ങൾ ബഥേലിൽ സേവിക്കാനുള്ള ആഗ്രഹം ആ രണ്ടു മക്കളിലും വളർത്തി. അവർ രണ്ടു പേരും ആ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്തു. ജെയ്ഡ്ലി സഹോദരൻ 1990 സെപ്റ്റംബറിൽ, വാൾക്കിൽ ബഥേലിൽ സേവിക്കാൻതുടങ്ങി. അദ്ദേഹം ആദ്യം ക്ലീനിങ് ഡിപ്പാർട്ടുമെന്റിലും പിന്നീട് വൈദ്യസഹായം നൽകുന്ന വിഭാഗത്തിലും പ്രവർത്തിച്ചു.
ആ സമയത്താണ് അവിടെ സ്പാനിഷ് സഭകൾ വളരാൻ തുടങ്ങിയത്. അവർക്കു കൂടുതൽ സഹോദരന്മാരെ ആവശ്യമുണ്ടായിരുന്നു. അങ്ങനെ ജെയ്ഡ്ലി സഹോദരൻ ഒരു സ്പാനിഷ് സഭയിൽ പോകാനും ആ ഭാഷ പഠിക്കാനും തുടങ്ങി. അധികം വൈകാതെ അതേ സർക്കിട്ടിൽ മുൻനിരസേവികയായി പ്രവർത്തിക്കുന്ന ഡമരിസ് സഹോദരിയെ അദ്ദേഹം കണ്ടുമുട്ടി. പിന്നീട് അവർ വിവാഹം കഴിച്ചു. അങ്ങനെ സഹോദരിയും ബഥേലിൽ സേവിക്കാൻതുടങ്ങി.
2005-ൽ തങ്ങളുടെ മാതാപിതാക്കളെ നോക്കാനായി അവർക്കു ബഥേലിൽനിന്നും പോരേണ്ടിവന്നു. ആ സമയത്ത് അവർ സാധാരണ മുൻനിരസേവനം ചെയ്തു. ജെയ്ഡ്ലി സഹോദരൻ മുൻനിരസേവന സ്കൂളുകളിൽ അധ്യാപകനായി സേവിച്ചു. അതുപോലെ പ്രാദേശിക ആശുപത്രി ഏകോപനസമിതിയിലും മേഖലാ നിർമാണ കമ്മിറ്റിയിലും അദ്ദേഹം പ്രവർത്തിച്ചു.
2013-ൽ ജെയ്ഡ്ലി സഹോദരനെയും സഹോദരിയെയും വാർവിക്ക് നിർമാണ പ്രോജക്ടിൽ സേവിക്കാനായി ബഥേലിലേക്കു തിരികെ വിളിച്ചു. പിന്നീട് അവർ പാറ്റേർസണിലും വാൾക്കിലിലും സേവിച്ചു. ജെയ്ഡ്ലി സഹോദരൻ പ്രാദേശിക ഡിസൈൻ/നിർമാണ വിഭാഗത്തിലും ആശുപത്രി വിവരദാനസേവനത്തിലും പ്രവർത്തിച്ചിട്ടുണ്ട്. 2023 മാർച്ചിൽ അദ്ദേഹത്തെ സർവീസ് കമ്മിറ്റിയുടെ സഹായിയായി നിയമിച്ചു. തനിക്കു കിട്ടിയ എല്ലാ നിയമനങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ സഹോദരൻ പറയുന്നത് ഇങ്ങനെയാണ്: “പുതിയ നിയമനങ്ങൾ കിട്ടുമ്പോൾ നമുക്കു പേടി തോന്നിയേക്കാം. പക്ഷേ, അപ്പോഴാണു നമ്മൾ യഹോവയിൽ ആശ്രയിക്കേണ്ടത്. കാരണം യഹോവ ആയിത്തീരാൻ ഇടയാക്കുന്നവനാണ്.”
ജേക്കബ് റംഫും ഭാര്യ ഇങ്കയും
റംഫ് സഹോദരൻ യു.എസ്.എ-യിലെ കാലിഫോർണിയയിലാണ് ജനിച്ചത്. സഹോദരന്റെ കുട്ടിക്കാലത്ത്, അമ്മ ഒരു നിഷ്ക്രിയ ആയിരുന്നെങ്കിലും സഹോദരനെ ബൈബിൾസത്യങ്ങൾ പഠിപ്പിക്കാൻ അമ്മ ശ്രമിച്ചിരുന്നു. അതുപോലെ ഓരോ വർഷവും സഹോദരൻ, ഒരു വിശ്വസ്തസാക്ഷി ആയിരുന്ന തന്റെ മുത്തശ്ശിയുടെ അടുത്ത് പോകുമായിരുന്നു. സഹോദരനിൽ സത്യത്തോടുള്ള താത്പര്യം വളർത്തിയത് മുത്തശ്ശിയാണ്. 13 വയസ്സുള്ളപ്പോൾ റംഫ് ഒരു ബൈബിൾപഠനം ആവശ്യപ്പെട്ടു. അങ്ങനെ 1992 സെപ്റ്റംബർ 27-നു കൗമാരത്തിൽത്തന്നെ സഹോദരൻ സ്നാനമേൽക്കുകയും ചെയ്തു. സന്തോഷമുള്ള ഒരു കാര്യം, അദ്ദേഹത്തിന്റെ അമ്മ വീണ്ടും ഒരു സജീവപ്രചാരകയാകുകയും അപ്പനും കൂടപ്പിറപ്പുകളും പുരോഗമിച്ച് സ്നാനമേൽക്കുകയും ചെയ്തു എന്നതാണ്.
ചെറുപ്പത്തിൽ റംഫ് സഹോദരന്, മുൻനിരസേവകർ എത്രത്തോളം സന്തോഷമുള്ളവരാണെന്നു കാണാനായി. അതുകൊണ്ട് ഹൈസ്കൂൾ പഠനത്തിനു ശേഷം 1995 സെപ്റ്റംബറിൽ അദ്ദേഹം മുൻനിരസേവനം തുടങ്ങി. 2000-ത്തിൽ ആവശ്യം അധികമുള്ള ഇക്വഡോറിലേക്ക് അദ്ദേഹം മാറി താമസിച്ചു. അവിടെവെച്ച് കാനഡയിൽനിന്നുള്ള ഇങ്ക എന്ന മുൻനിരസേവികയെ അദ്ദേഹം കണ്ടുമുട്ടി. പിന്നീട് അവർ വിവാഹം കഴിച്ചു. തുടർന്ന് അവർ ഇക്വഡോറിലെ ഒരു ടൗണിൽ കുറച്ച് പ്രചാരകർ മാത്രമുള്ള ഒരു ഗ്രൂപ്പിനോടൊപ്പം സേവിക്കാൻതുടങ്ങി. ഇന്ന് അത് കുറെ പ്രചാരകരുള്ള ഒരു വലിയ സഭയാണ്.
പിന്നീട് റംഫ് സഹോദരനെയും സഹോദരിയെയും പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. അതു കഴിഞ്ഞ് അവർ സർക്കിട്ട് വേലയിലും പ്രവർത്തിച്ചു. 2011-ൽ 132-ാമത്തെ ഗിലെയാദ് ക്ലാസിലേക്ക് അവർക്കു ക്ഷണം കിട്ടി. ബിരുദം നേടിക്കഴിഞ്ഞ് അവർ ലോകത്തിന്റെ പല ഭാഗങ്ങളിൽ പല നിയമനങ്ങളിൽ പ്രവർത്തിച്ചു. ഉദാഹരണത്തിന്, ബഥേൽസേവനം, മിഷനറി പ്രവർത്തനം, സർക്കിട്ട് വേല തുടങ്ങിയവ. റംഫ് സഹോദരനു രാജ്യസുവിശേഷകർക്കുള്ള സ്കൂളിന്റെ അധ്യാപകനായി പ്രവർത്തിക്കാനുള്ള അവസരവും കിട്ടി.
കോവിഡ്-19 മഹാമാരി കാരണം റംഫ് സഹോദരനും സഹോദരിക്കും ഐക്യനാടുകളിലേക്കു തിരിച്ച് പോകേണ്ടിവന്നു. അവർക്കു വാൾക്കിൽ ബഥേലിലേക്കു ക്ഷണം കിട്ടി. സർവീസ് ഡിപ്പാർട്ടുമെന്റിൽ സേവിക്കാനുള്ള പരിശീലനം അവിടെ റംഫ് സഹോദരനു ലഭിച്ചു. പിന്നീട് അവരെ ഇക്വഡോർ ബ്രാഞ്ചിലേക്കു തിരികെ നിയമിക്കുകയും റംഫ് സഹോദരൻ അവിടെയൊരു ബ്രാഞ്ച് കമ്മിറ്റി അംഗമായി സേവിക്കുകയും ചെയ്തു. 2023-ൽ അവർക്കു വീണ്ടും ഒരു മാറ്റമുണ്ടായി. ഇത്തവണ വാർവിക്കിലേക്കായിരുന്നു പോകേണ്ടത്. 2024 ജനുവരിയിൽ റംഫ് സഹോദരനെ സർവീസ് കമ്മിറ്റിയുടെ ഒരു സഹായിയായി നിയമിച്ചു. താൻ സേവിച്ച സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ സഹോദരൻ പറയുന്നത് ഇങ്ങനെയാണ്: “ഒരു നിയമനത്തെ പ്രത്യേകതയുള്ളതാക്കുന്നത് ആ സ്ഥലമല്ല. പകരം നമ്മളോടൊപ്പം അവിടെ സേവിക്കുന്ന ആളുകളാണ്.”
ഈ സഹോദരന്മാരുടെ കഠിനാധ്വാനത്തെ നമ്മൾ വിലമതിക്കുന്നു. നമ്മൾ ‘ഇങ്ങനെയുള്ളവരെ വളരെ വിലപ്പെട്ടവരായി കാണുന്നു.’—ഫിലി. 2:29.