ഇബോള്യ ബർത്ത | ജീവിതകഥ
“ഒരു വാക്കും കൂടാതെ” എന്റെ ഭർത്താവിനെ നേടി
എന്നെ യഹോവയിലേക്ക് അടുപ്പിച്ച മനോഹരമായ ഒരുപാടു കാര്യങ്ങളുണ്ട്. സഹോദരങ്ങളുടെ സ്നേഹവും കരുതലും അവർ ബൈബിൾ പഠിപ്പിച്ച വിധവും എല്ലാം എന്റെ ഹൃദയത്തെ സ്പർശിച്ചു. ദൈവം മനുഷ്യർക്കുവേണ്ടി കരുതുന്നുണ്ടെന്നും അവർക്കുവേണ്ടി മനോഹരമായ ഒരു ഭാവി കരുതിവെച്ചിട്ടുണ്ടെന്നും പഠിച്ചത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. എന്നാൽ, എനിക്കു തോന്നിയ ആ സന്തോഷവും ആവേശവും ഒന്നും എന്റെ ഭർത്താവിനു തോന്നിയില്ല. അതു ഞങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കി.
എന്റെ വിവാഹദിനം
1952-ൽ റൊമാനിയയിലാണു ഞാൻ ജനിച്ചത്. എന്റെ അമ്മ സ്നാനമേറ്റ ഒരു സാക്ഷിയായിരുന്നെങ്കിലും അത്ര തീക്ഷ്ണതയുള്ള ഒരാളായിരുന്നില്ല. അതുകൊണ്ട് ഞാൻ മീറ്റിങ്ങുകൾക്കു പോയിട്ടില്ല. ഇനി, റൊമാനിയയിൽ അന്നു കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നു. സാക്ഷികളുടെ അച്ചടിയും പ്രസംഗപ്രവർത്തനവും ഒക്കെ അവിടെ നിരോധിച്ചിരുന്നു. അതുകൊണ്ട് എന്റെ ജീവിതത്തിന്റെ ആദ്യത്തെ 36 വർഷവും ഞാൻ, യഹോവ ആരാണെന്നോ ബൈബിൾ എന്താണു പഠിപ്പിക്കുന്നതെന്നോ അറിഞ്ഞിട്ടില്ല. എന്നാൽ 1988-ൽ എന്റെ ഭർത്താവായ ഇസ്ത്വാനോടൊപ്പം സാറ്റു-മറേയിൽ താമസിച്ചപ്പോഴാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവമുണ്ടായത്.
ആ ക്ഷണം എനിക്കു വേണ്ടെന്നുവെക്കാൻ പറ്റിയില്ല
ഒരു ദിവസം എന്റെ അമ്മ എന്നെ കാണാൻ വന്നു. അമ്മ പറഞ്ഞു: “ഞാൻ നിന്റെ ആന്റിയെ കാണാൻ പോകുവാ. നീ വരുന്നോ? അതു കഴിഞ്ഞ് നമുക്ക് ഒരുമിച്ച് ഷോപ്പിങ്ങിനു പോകാം.” ആ സമയത്ത് എനിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ സമ്മതിച്ചു.
ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തിയപ്പോൾ അവിടെ യഹോവയുടെ സാക്ഷികളുടെ മീറ്റിങ്ങ് നടക്കുന്നുണ്ടായിരുന്നു. അവർ ഒമ്പതു പേർ. അമ്മ വീണ്ടും തീക്ഷ്ണതയുള്ള ഒരു സാക്ഷിയായി മാറിയെന്ന് എനിക്കു മനസ്സിലായി. അന്നു രാവിലെ കേട്ട കാര്യങ്ങൾ എന്റെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു.
മീറ്റിങ്ങ് കഴിഞ്ഞപ്പോൾ മീറ്റിങ്ങ് നടത്തിയ സഹോദരൻ എന്റെ അടുത്ത് വന്ന് അദ്ദേഹത്തിന്റെ പേര് ജാനസ് എന്നാണെന്നു പറഞ്ഞു. “മീറ്റിങ്ങ് നന്നായി ശ്രദ്ധിച്ചിരിക്കുന്നതു കണ്ടല്ലോ. ഇന്നു കേട്ട കാര്യങ്ങളൊക്കെ ഇഷ്ടപ്പെട്ടോ” എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. “ഇതുപോലുള്ള മീറ്റിങ്ങ് ഇതുവരെ കൂടിയിട്ടേ ഇല്ല. ഇനിയും വരണമെന്ന് ആഗ്രഹമുണ്ട്” എന്നു ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു: “ബൈബിൾ പഠിക്കാൻ ഇഷ്ടമാണോ?” ആ ക്ഷണം എനിക്കു വേണ്ടെന്നുവെക്കാനായില്ല. യഹോവയാണ് ഈ ആളുകളിലേക്ക് എന്നെ ആകർഷിച്ചതെന്ന് എനിക്കു മനസ്സിലായി.
അടുത്ത ദിവസം ജാനസ് എനിക്ക് ഐഡയെ പരിചയപ്പെടുത്തിത്തന്നു. ഐഡയുടെ ഒപ്പം ഞാൻ ബൈബിൾ പഠിക്കാൻതുടങ്ങി. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നതു കണ്ടാൽ ഇസ്ത്വാൻ എങ്ങനെ പ്രതികരിക്കുമെന്ന് ഓർത്ത് എനിക്കു പേടിയുണ്ടായിരുന്നു. ഞാൻ പല തവണ ഇതെക്കുറിച്ച് ഇസ്ത്വാനോടു പറയാൻ ശ്രമിച്ചു. പക്ഷേ, ഞാൻ പഠിക്കുന്നതൊന്നും ഇസ്ത്വാന് ഇഷ്ടമല്ലെന്ന് എനിക്ക് അറിയാമായിരുന്നു.
എന്നിട്ടും ഞാൻ ബൈബിൾ പഠിക്കുന്നതു നിറുത്തിയില്ല. അങ്ങനെ 1989 ആഗസ്റ്റിൽ സ്നാനമേറ്റു. നാലു മാസം കഴിഞ്ഞപ്പോൾ റൊമാനിയയിലെ കമ്യൂണിസ്റ്റ് ഭരണം തകരുകയും അതിന്റെ നേതാവ് കൊല്ലപ്പെടുകയും ചെയ്തു.
എതിർപ്പുകൾ കൂടിക്കൂടി വരുന്നു
ആ ഗവൺമെന്റ് വീണതോടെ കൂടുതൽ സ്വാതന്ത്ര്യം കിട്ടി. യഹോവയുടെ സാക്ഷികൾക്കു കൂടിവരാനും പരസ്യമായി പ്രസംഗിക്കാനും കഴിഞ്ഞു. എന്നാൽ എന്റെ കാര്യത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുകയാണു ചെയ്തത്. ഇസ്ത്വാൻ എന്നോടു പറഞ്ഞു, “നീ എന്തു വിശ്വസിച്ചാലും കൊള്ളാം, വീടുതോറും കയറിയിറങ്ങി പ്രസംഗിക്കാൻ നടക്കരുത്.”
എന്നുവെച്ച് ഞാൻ പ്രസംഗപ്രവർത്തനത്തിനു പോകാതിരുന്നില്ല. (പ്രവൃത്തികൾ 4:20) ഞാൻ വളരെ ശ്രദ്ധിച്ച് വിവേകത്തോടെയാണു പോയിരുന്നത്. ഒരു ദിവസം ഞാൻ വീടുതോറും പോയപ്പോൾ ഇസ്ത്വാന്റെ കൂട്ടുകാർ എന്നെ കണ്ടു. അവർ അതു ചെന്ന് ഇസ്ത്വാനോടു പറഞ്ഞു. ഞാൻ തിരിച്ച് വീട്ടിൽ ചെന്നപ്പോൾ എന്നോട് ഇസ്ത്വാൻ ഒരുപാടു ദേഷ്യപ്പെട്ടു. “നീ എനിക്കും എന്റെ കുടുംബത്തിനും നാണക്കേടു വരുത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണോ” എന്നു ചോദിച്ചു. ഇസ്ത്വാൻ എന്റെ കഴുത്തിൽ കത്തി വെച്ചിട്ട്, ഇനി പോയാൽ കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഞാൻ ഇസ്ത്വാനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഞാൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ കുറച്ചുകാലത്തേക്ക് അദ്ദേഹം ഒന്നു ശാന്തനായി. എങ്കിലും ഒരു അടുത്ത ബന്ധുവിന്റെ കല്യാണത്തോടു ബന്ധപ്പെട്ട മതപരമായ ചടങ്ങിനു പങ്കെടുക്കാൻ പറ്റില്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും എന്റെ നേരെ തട്ടിക്കയറി. വളരെ മോശമായി എന്നോടു സംസാരിക്കാൻതുടങ്ങി.
ഇസ്ത്വാന്റെ ആ ദേഷ്യം എനിക്ക് 13 വർഷത്തോളം സഹിക്കേണ്ടിവന്നു. ആ സമയത്തെല്ലാം വിവാഹമോചനം ചെയ്യും എന്നു പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തി. ഇടയ്ക്കൊക്കെ എന്നെ വീട്ടിൽ കയറ്റാതെ വാതിൽ പൂട്ടിയിടുമായിരുന്നു. ചിലപ്പോഴൊക്കെ ബാഗും കെട്ടിപ്പെറുക്കി ഇവിടെനിന്ന് ഇറങ്ങി പോയ്ക്കൊള്ളാൻ പറയും.
ബുദ്ധിമുട്ടുള്ള ആ സാഹചര്യങ്ങളിലെല്ലാം പിടിച്ചുനിൽക്കാൻ എന്നെ എന്താണു സഹായിച്ചതെന്നോ? തുടർന്നും ശാന്തമായി നിൽക്കാനുള്ള സഹായം എനിക്കു തരണേ എന്നു ഞാൻ യഹോവയോടു പ്രാർഥിച്ചു. യഹോവ എന്നെ പുലർത്തുന്നത് എനിക്കു ശരിക്കും അനുഭവിച്ചറിയാനായി. (സങ്കീർത്തനം 55:22) അതുപോലെ സഭയിലെ സഹോദരങ്ങളുടെ പിന്തുണയും എനിക്കുണ്ടായിരുന്നു. യഹോവയെ സേവിക്കുന്നതിൽനിന്ന് ഒരിക്കലും മടുത്തുപിന്മാറരുതെന്നു പറഞ്ഞ് സഭയിലെ മൂപ്പന്മാരും അനുഭവപരിചയമുള്ള ചില സഹോദരിന്മാരും എന്നെ പ്രോത്സാഹിപ്പിച്ചു. പിടിച്ചുനിന്നുകൊണ്ടും യഹോവയെ സേവിക്കുന്നതിൽ തുടർന്നുകൊണ്ടും “ഒരു വാക്കും കൂടാതെ” ഭാര്യമാർക്കു ഭർത്താക്കന്മാരെ നേടാനാകുമെന്നു ബൈബിൾ പറയുന്നുണ്ടെന്ന് അവർ എന്നെ ഓർമിപ്പിച്ചു. (1 പത്രോസ് 3:1) കാലം കഴിഞ്ഞപ്പോൾ ആ വാക്കുകൾ സത്യമായെന്ന് എന്റെ ജീവിതത്തിലൂടെ തെളിഞ്ഞു.
ഒരു വഴിത്തിരിവ്
2001-ൽ ഇസ്ത്വാന് സ്ട്രോക്കു വന്നു. പിന്നീടു നടക്കാൻ പറ്റുമായിരുന്നില്ല. ചികിത്സയ്ക്കായി മാസങ്ങളോളം ആശുപത്രിയിലൊക്കെയായിരുന്നു. ആ സമയത്ത് ഞാൻ അദ്ദേഹത്തിന്റെ കൂടെത്തന്നെ നിന്നു. അദ്ദേഹത്തിനു ഭക്ഷണം കൊടുക്കുകയും സംസാരിക്കുകയും വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു.
സഭയിലെ സഹോദരങ്ങൾ ഇസ്ത്വാനെ കാണാൻ വന്നു. സഹോദരങ്ങളുടെ സ്നേഹവും കരുതലും എല്ലാം ഇസ്ത്വാൻ നേരിട്ട് കണ്ടു. വീട്ടുജോലികളിലൊക്കെ സഹായിക്കാമെന്ന് അവർ ഞങ്ങളോടു പറഞ്ഞു. അതുപോലെ ഞങ്ങളെ ആശ്വസിപ്പിക്കാനും ഞങ്ങൾക്കുവേണ്ട സഹായം ചെയ്തുതരാനും മൂപ്പന്മാർ എപ്പോഴും കൂടെയുണ്ടായിരുന്നു.
ഇതെല്ലാം കണ്ടപ്പോൾ ഇസ്ത്വാന്റെ മനസ്സുമാറി. ഭാര്യയോട് ഇങ്ങനെയൊക്കെ പെരുമാറിയല്ലോ എന്ന് ഓർത്തപ്പോൾ അദ്ദേഹത്തിന് ആകെ വിഷമമായിരുന്നു. കൂട്ടുകാർ ആരും തന്നെ കാണാൻ വന്നില്ലല്ലോ എന്നും അദ്ദേഹം ചിന്തിച്ചു. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ ഇസ്ത്വാൻ എന്താണ് പറഞ്ഞതെന്നോ, “എനിക്കും ബൈബിൾ പഠിക്കണം. ഒരു യഹോവയുടെ സാക്ഷിയാകണം.” എനിക്കു സന്തോഷം അടക്കാനായില്ല!
2005 മേയിൽ ഇസ്ത്വാൻ സ്നാനമേറ്റു. അദ്ദേഹത്തിനു നടക്കാൻ പറ്റാത്തതുകൊണ്ട് സഹോദരങ്ങൾ വീൽച്ചെയറിലാണു സ്നാനക്കുളത്തിന്റെ അവിടെവരെ കൊണ്ടുപോയത്. പിന്നെ അദ്ദേഹത്തെ എടുത്തുകൊണ്ടുപോയി സ്നാനപ്പെടുത്തി. അങ്ങനെ ഇസ്ത്വാൻ തീക്ഷ്ണതയോടെ സന്തോഷവാർത്ത അറിയിക്കാൻതുടങ്ങി. ഞങ്ങൾ ഒരുമിച്ച് വയൽസേവനം ചെയ്തതിന്റെ ഒരുപാടു നല്ല ഓർമകൾ എന്റെ മനസ്സിലുണ്ട്. എത്ര വലിയ മാറ്റമായിരുന്നെന്നോ! ഒരിക്കൽ സന്തോഷവാർത്ത പ്രസംഗിക്കുന്നതിന് എന്നെ എതിർത്തിരുന്ന ആ വ്യക്തി, ഇപ്പോൾ ഇതാ എന്റെ കൂടെനിന്ന് സന്തോഷത്തോടെ മറ്റുള്ളവരോടു സന്തോഷവാർത്ത പങ്കുവെക്കുന്നു!
ഇസ്ത്വാൻ യഹോവയെ ആഴമായി സ്നേഹിച്ചു. ബൈബിൾവാക്യങ്ങൾ പഠിക്കാനും മനഃപാഠമാക്കാനും ഇസ്ത്വാൻ തന്റെ സമയം ഉപയോഗിച്ചു. സഭയിലെ മറ്റു സഹോദരങ്ങളുമായി ആ വാക്യങ്ങൾ ചർച്ച ചെയ്യുന്നത് അദ്ദേഹത്തിനു വളരെ ഇഷ്ടമായിരുന്നു. അങ്ങനെ സഹോദരങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
മേഖലാ കൺവെൻഷനു സുഹൃത്തുക്കളോടൊപ്പം
ഇസ്ത്വാന്റെ ആരോഗ്യനില പതിയെപ്പതിയെ മോശമാകാൻതുടങ്ങി. പിന്നെ ചെറിയചെറിയ സ്ട്രോക്കുകൾ ഒക്കെ വന്നു. അങ്ങനെ അദ്ദേഹത്തിനു സംസാരിക്കാനുള്ള പ്രാപ്തി നഷ്ടപ്പെട്ടു, പതിയെ കിടപ്പിലായി. എന്നാൽ ഇതെല്ലാം അദ്ദേഹത്തെ ആത്മീയമായി തളർത്തിക്കളഞ്ഞോ? ഒരിക്കലുമില്ല. തന്നെക്കൊണ്ടാകുന്ന വിധം അദ്ദേഹം വായിക്കുകയും പഠിക്കുകയും ചെയ്തു. സുഹൃത്തുക്കൾ കാണാൻ വരുമ്പോൾ ചെറിയൊരു സ്ക്രീനുള്ള ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് അദ്ദേഹം അവരുമായി ആശയവിനിമയം നടത്തും, അങ്ങനെ അവരുടെ വിശ്വാസം ശക്തമാക്കും. ഒരു സഹോദരൻ പറഞ്ഞു: “എനിക്ക് ഇസ്ത്വാനെ കാണാൻ പോകുന്നത് ഒത്തിരി ഇഷ്ടമാണ്. നല്ല ഉന്മേഷത്തോടെയായിരിക്കും ഞാൻ എപ്പോഴും തിരിച്ച് വീട്ടിലേക്കു പോകുന്നത്.”
2015 ഡിസംബറിൽ ഇസ്ത്വാൻ മരിച്ചു. അത് എനിക്കൊരു തീരാനഷ്ടമാണ്. എന്നാൽ ചില കാര്യങ്ങൾ ഓർക്കുമ്പോൾ എനിക്ക് സമാധാനമുണ്ട്. മരിക്കുന്നതിനു വളരെക്കാലം മുമ്പുതന്നെ ഇസ്ത്വാൻ യഹോവയുടെ ഒരു സുഹൃത്തായി മാറിയിരുന്നു. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇസ്ത്വാനും എന്റെ അമ്മയും ഇപ്പോൾ യഹോവയുടെ ഓർമയിലുണ്ട്. ദൈവത്തിന്റെ പുതിയ ലോകം വരുമ്പോൾ അവരെ സ്വീകരിക്കാനും കെട്ടിപ്പിടിക്കാനും ആയി ഞാൻ കാത്തിരിക്കുകയാണ്.
ഞാനും അമ്മയും കൂടെ ആന്റിയെ കാണാൻ പോയിട്ട് 35-ലധികം വർഷമായി. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഇപ്പോൾ എനിക്ക് 70 വയസ്സ് കഴിഞ്ഞു. ഞാൻ ഒരു മുൻനിരസേവികയായി പ്രവർത്തിക്കുന്നു. യഹോവ എനിക്കുവേണ്ടി ചെയ്തുതന്ന കാര്യങ്ങൾക്കു നന്ദി പറയാൻ ഇതിലും നല്ലൊരു വഴിയില്ല. (സങ്കീർത്തനം 116:12) എതിർപ്പുകൾ ഉണ്ടായപ്പോൾ വിശ്വസ്തമായി നിൽക്കാനും ശാന്തത കൈവിടാതിരിക്കാനും യഹോവ എന്നെ സഹായിച്ചു. പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും അത് എപ്പോഴും അങ്ങനെയായിരിക്കില്ല, സാഹചര്യങ്ങൾക്കൊക്കെ മാറ്റം വരും എന്നു ഞാൻ മനസ്സിലാക്കി. ഒട്ടും പ്രതീക്ഷിക്കാതെയാണെങ്കിലും ഒരു വാക്കും കൂടാതെ എനിക്ക് എന്റെ ഭർത്താവിനെ നേടാനായി.