പ്രവൃത്തികൾ
പഠനക്കുറിപ്പുകൾ—അധ്യായം 13
ജില്ലാഭരണാധികാരിയായ ഹെരോദ്: മത്ത 14:1-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന: ഇവിടെ കാണുന്ന ലെയറ്റുർഗീയോ (ശുശ്രൂഷ ചെയ്യുക; സേവിക്കുക) എന്ന ഗ്രീക്കുപദം സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മൂലപാഠത്തിൽ ദൈവനാമം കാണുന്ന എബ്രായ തിരുവെഴുത്തുഭാഗങ്ങളിലാണ്. അതിന് ഒരു ഉദാഹരണമാണ് 2ദിന 13:10. അവിടെ “യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്ന” എന്നാണു കാണുന്നത്. ഇനി, സെപ്റ്റുവജിന്റ് 2ദിന 35:3-ൽ ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നതും “യഹോവയെ . . . സേവിക്കുക” എന്ന പദപ്രയോഗം വരുന്നിടത്താണ്.—1ശമു 2:11; 3:1; യഹ 45:4; യോവ 2:17; അനു. സി കാണുക.
ശുശ്രൂഷ ചെയ്യുന്ന: അഥവാ “പരസ്യമായി ശുശ്രൂഷ ചെയ്യുന്ന.” ഇവിടെ കാണുന്ന ലെയറ്റുർഗീയോ എന്ന ഗ്രീക്കുപദവും അതിനോടു ബന്ധമുള്ള ലെയറ്റുർഗീയ (പൊതുജനസേവനം അഥവാ പൊതുജനത്തിനുവേണ്ടിയുള്ള ശുശ്രൂഷ), ലെയറ്റുർഗൊസ് (പൊതുജനസേവകൻ, പൊതുപ്രവർത്തകൻ) എന്നീ പദങ്ങളും പുരാതന ഗ്രീക്കുകാർ ഉപയോഗിച്ചിരുന്നത്, ഗവൺമെന്റിനോ ഗവൺമെന്റ് അധികാരികൾക്കോ വേണ്ടി പൊതുജനതാത്പര്യാർഥം ചെയ്യുന്ന സേവനങ്ങളെയോ ജോലികളെയോ കുറിക്കാനാണ്. ഉദാഹരണത്തിന്, റോമ 13:6-ൽ ലൗകികാധികാരികളെ, ദൈവത്തിനുവേണ്ടി ‘പൊതുജനസേവനം ചെയ്യുന്നവർ’ (ലെയറ്റുർഗൊസ് എന്നതിന്റെ ബഹുവചനരൂപം) എന്നു വിളിച്ചിരിക്കുന്നത് അവർ ജനങ്ങൾക്ക് ഉപകാരപ്രദമായ സേവനങ്ങൾ ചെയ്യുന്നു എന്ന അർഥത്തിലാണ്. ഇനി, ലൂക്ക 1:23-ൽ (പഠനക്കുറിപ്പു കാണുക.) സ്നാപകയോഹന്നാന്റെ അപ്പനായ സെഖര്യ ചെയ്തിരുന്ന ശുശ്രൂഷയെക്കുറിച്ച് പറയുന്നിടത്ത് ലെയറ്റുർഗീയ എന്ന പദം പരിഭാഷപ്പെടുത്തിയിരിക്കുന്നതു ‘വിശുദ്ധസേവനം’ (അഥവാ “പൊതുജനസേവനം.”) എന്നാണ്. പുരോഹിതന്മാരും ലേവ്യരും വിശുദ്ധകൂടാരത്തിലും (പുറ 28:35; സംഖ 1:50; 3:31; 8:22) ദേവാലയത്തിലും (2ദിന 31:2; 35:3; യോവ 1:9, 13; 2:17) ചെയ്തിരുന്ന സേവനങ്ങളെ കുറിക്കാൻ സെപ്റ്റുവജിന്റിലെ ചില വാക്യങ്ങളിൽ ലെയറ്റുർഗീയ എന്ന പദവും അതിനോടു ബന്ധമുള്ള പദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. അതേ അർഥത്തിലാണ് ലെയറ്റുർഗീയ എന്ന പദം ലൂക്ക 1:23-ലും ഉപയോഗിച്ചിരിക്കുന്നത്. അത്തരം സേവനങ്ങളും പൊതുജനതാത്പര്യാർഥം ചെയ്യുന്ന ശുശ്രൂഷയായിരുന്നു. എന്നാൽ അതിൽ പലപ്പോഴും “വിശുദ്ധി” എന്നൊരു ആശയവുംകൂടെ അടങ്ങിയിരുന്നെന്നു മാത്രം. കാരണം ആ ലേവ്യപുരോഹിതന്മാർ ദൈവത്തിന്റെ നിയമം പഠിപ്പിക്കുകയും (2ദിന 15:3; മല 2:7) ആളുകളുടെ പാപങ്ങളെ മറയ്ക്കുന്ന ബലികൾ അർപ്പിക്കുകയും (ലേവ 1:3-5; ആവ 18:1-5) ചെയ്തിരുന്നു. എന്നാൽ പ്രവൃ 13:2-ൽ ലെയറ്റുർഗീയോ എന്ന പദം ഉപയോഗിച്ചിരിക്കുന്നതു കുറെക്കൂടെ വിശാലമായ അർഥത്തിലാണ്. കാരണം സിറിയയിലെ അന്ത്യോക്യയിലുള്ള ക്രിസ്തീയസഭയിലെ പ്രവാചകന്മാരും അധ്യാപകരും ചെയ്തിരുന്ന ശുശ്രൂഷയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവരുടെ ശുശ്രൂഷയിൽ പ്രാർഥന, പഠിപ്പിക്കൽ എന്നിങ്ങനെ ദൈവഭക്തിക്കു തെളിവേകുന്ന, ദൈവസേവനത്തിന്റെ പല വശങ്ങളും ഉൾപ്പെട്ടിരുന്നു. പൊതുജനങ്ങളോടു പ്രസംഗിക്കുന്നതും അതിന്റെ ഭാഗമായിരുന്നെന്നു വ്യക്തം.—പ്രവൃ 13:3.
സെലൂക്യ: കോട്ടമതിലുള്ള ഒരു മെഡിറ്ററേനിയൻ തുറമുഖനഗരം. സിറിയയിലെ അന്ത്യോക്യയുടെ നിയന്ത്രണത്തിലായിരുന്ന ഈ നഗരം അതിന് ഏതാണ്ട് 20 കി.മീ. തെക്കുപടിഞ്ഞാറായാണു സ്ഥിതി ചെയ്തിരുന്നത്. ഈ രണ്ടു സ്ഥലങ്ങളും തമ്മിൽ റോഡുമാർഗം ബന്ധിപ്പിച്ചിരുന്നു. ഇനി അന്ത്യോക്യക്കു സമീപത്തുകൂടെ ഒഴുകി സെലൂക്യക്ക് അൽപ്പം തെക്കായി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്ന ഓറന്റീസ് നദിയും ഈ രണ്ടു നഗരങ്ങൾക്കിടയിലുള്ള ഒരു സഞ്ചാരമാർഗമായിരുന്നു. മഹാനായ അലക്സാണ്ടറുടെ സൈനികജനറൽമാരിൽ ഒരാളായിരുന്ന സെല്യൂക്കസ് ഒന്നാമൻ (നൈക്കേറ്റർ) ആണ് ഈ നഗരം സ്ഥാപിച്ച് അതിനു തന്റെ പേര് നൽകിയത്. ഏതാണ്ട് എ.ഡി. 47-ൽ പൗലോസ് ബർന്നബാസിനോടൊപ്പം തന്റെ ആദ്യ മിഷനറിപര്യടനത്തിനായി യാത്ര പുറപ്പെട്ടതു സെലൂക്യയിലെ തുറമുഖത്തുനിന്നാണ്. ഇന്നത്തെ തുർക്കിയിലെ സൂവേഡിയേ (അഥവാ സമാൻഡാഗ്) എന്ന സ്ഥലത്തിനു തൊട്ട് വടക്കായിരുന്നു സെലൂക്യ. ആ പുരാതനതുറമുഖം ഓറന്റീസ് നദിയിൽനിന്നുള്ള എക്കൽ അടിഞ്ഞ് ഇപ്പോൾ ഒരു ചതുപ്പുനിലമായി മാറിയിരിക്കുന്നു.—അനു. ബി13 കാണുക.
കപ്പൽ കയറി അവർ സൈപ്രസിലേക്കു പോയി: ഏതാണ്ട് 200 കി.മീ. വരുന്ന ഒരു യാത്രയായിരുന്നു ഇത്. കാറ്റ് അനുകൂലമായിരുന്നെങ്കിൽ ഒന്നാം നൂറ്റാണ്ടിലെ ഒരു കപ്പൽ ഒറ്റ ദിവസംകൊണ്ട് ഏതാണ്ട് 150 കി.മീ. പിന്നിടുമായിരുന്നു. എന്നാൽ പ്രതികൂലകാലാവസ്ഥയിൽ ഈ ദൂരം പിന്നിടാൻ അതിലും വളരെയധികം സമയം എടുത്തിരുന്നു. ബർന്നബാസിന്റെ ജന്മനാടായിരുന്നു സൈപ്രസ്.
സലമീസ്: സൈപ്രസ് ദ്വീപിന്റെ കിഴക്കുവശത്ത് സ്ഥിതി ചെയ്തിരുന്ന ഒരു സ്ഥലമാണ് ഇത്. ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുണ്ടായിരുന്ന പാഫൊസായിരുന്നു റോമൻ തലസ്ഥാനമെങ്കിലും അവർ സൈപ്രസിലെ പ്രസംഗപര്യടനം ആരംഭിച്ചത് സലമീസിൽനിന്നാണ്. അതൊരു നല്ല തീരുമാനമായിരുന്നു. കാരണം, സിറിയയിലെ അന്ത്യോക്യക്ക് അടുത്തുനിന്ന് യാത്ര തുടങ്ങിയ ആ മിഷനറിമാർക്കു സൈപ്രസിൽ വന്നെത്താവുന്ന ഏറ്റവും അടുത്ത സ്ഥലമായിരുന്നു സലമീസ്. അത് ആ ദ്വീപിന്റെ സാംസ്കാരിക-വിദ്യാഭ്യാസ-വാണിജ്യ കേന്ദ്രവുമായിരുന്നു. ഇനി, ഒന്നിൽക്കൂടുതൽ സിനഗോഗുണ്ടായിരുന്ന ആ നഗരത്തിൽ ധാരാളം ജൂതന്മാരുമുണ്ടായിരുന്നു. സൈപ്രസിൽ ജനിച്ച ബർന്നബാസ് അവിടെ നല്ലൊരു വഴികാട്ടിയായിരുന്നിരിക്കണം. അവർ സഞ്ചരിച്ചിരിക്കാൻ സാധ്യതയുള്ള വഴികൾ കണക്കിലെടുക്കുമ്പോൾ ആ ദ്വീപ് മുഴുവൻ പ്രസംഗിക്കാൻ അവർ കുറഞ്ഞതു 150 കിലോമീറ്ററെങ്കിലും കാൽനടയായി യാത്ര ചെയ്തിട്ടുണ്ടാകും.
യോഹന്നാൻ: അതായത് യേശുവിന്റെ ഒരു ശിഷ്യനായ യോഹന്നാൻ മർക്കോസ്. ഇദ്ദേഹം ‘ബർന്നബാസിന്റെ ഒരു ബന്ധുവും’ (കൊലോ 4:10) മർക്കോസിന്റെ സുവിശേഷം എഴുതിയയാളും ആണ്. (മർക്കോസ് തലക്കെട്ടിന്റെ പഠനക്കുറിപ്പു കാണുക.) പ്രവൃ 13:13-ലും അദ്ദേഹത്തെ യോഹന്നാൻ എന്നുതന്നെയാണു വിളിച്ചിരിക്കുന്നത്. എന്നാൽ പ്രവൃത്തികളുടെ പുസ്തകത്തിൽ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന മറ്റു മൂന്നു വാക്യങ്ങളിലും യോഹന്നാൻ എന്ന പേരിനൊപ്പം ‘മർക്കോസ് എന്നും അറിയപ്പെട്ട’ എന്നുകൂടെ ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ റോമൻ പേരായിരുന്നു മർക്കോസ്. (പ്രവൃ 12:12, 25; 15:37) “യഹോവ പ്രീതി കാണിച്ചിരിക്കുന്നു; യഹോവ കൃപ കാണിച്ചിരിക്കുന്നു” എന്നൊക്കെ അർഥമുള്ള യഹോഹാനാൻ അഥവാ യോഹാനാൻ എന്ന എബ്രായപേരിനു തത്തുല്യമായ പേരാണു യോഹന്നാൻ. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മറ്റെല്ലായിടത്തും അദ്ദേഹത്തെ ‘മർക്കോസ്’ എന്നു മാത്രമേ വിളിച്ചിട്ടുള്ളൂ.—കൊലോ 4:10; 2തിമ 4:11; ഫിലേ 24; 1പത്ര 5:13.
നാടുവാഴി: റോമൻ ഭരണസമിതിയുടെ അധികാരപരിധിയിൽപ്പെട്ട സംസ്ഥാനങ്ങളുടെ ഗവർണർമാരെ കുറിക്കുന്ന പദം. എന്നാൽ യഹൂദ്യപോലുള്ള ചില റോമൻ സംസ്ഥാനങ്ങൾ ചക്രവർത്തിയുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു. അദ്ദേഹമാണ് അത്തരം സംസ്ഥാനങ്ങളിൽ ഗവർണർമാരെ നിയമിച്ചിരുന്നത്. ബി.സി. 22-ൽ സൈപ്രസ്, റോമൻ ഭരണസമിതിയുടെ അധികാരത്തിൻകീഴിലായതുമുതൽ നാടുവാഴികളാണ് അവിടം ഭരിച്ചിരുന്നത്. റോമൻ ചക്രവർത്തിയായിരുന്ന ക്ലൗദ്യൊസിന്റെ മുഖവും ലത്തീനിൽ അദ്ദേഹത്തിന്റെ പദവിനാമവും നൽകിയിരുന്ന ഒരു നാണയം സൈപ്രസിൽനിന്ന് കണ്ടെടുത്തു. അതിന്റെ മറുവശത്ത് ഗ്രീക്കിൽ, “സൈപ്രസുകാരുടെ നാടുവാഴിയായ കൊമീനിയസ് പ്രൊക്ലസിന്റെ ഭരണകാലത്ത്” എന്നൊരു എഴുത്തുമുണ്ടായിരുന്നു.—പദാവലി കാണുക.
പൗലോസ്: ഗ്രീക്കിലെ പൗലൊസ് എന്ന പേര് “ചെറിയ” എന്ന് അർഥമുള്ള പോളസ് എന്ന ലത്തീൻ പേരിൽനിന്ന് വന്നതാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ മലയാളപരിഭാഷയിൽ പൗലോസ് എന്ന പദം, അപ്പോസ്തലനായ പൗലോസിനെ കുറിക്കാൻ 300 പ്രാവശ്യവും സൈപ്രസിലെ നാടുവാഴിയായ സെർഗ്യൊസ് പൗലോസിനെ കുറിക്കാൻ രണ്ടു പ്രാവശ്യവും ഉപയോഗിച്ചിരിക്കുന്നു.—പ്രവൃ 13:7.
പൗലോസ് എന്നു പേരുള്ള ശൗൽ: ഇവിടംമുതൽ ശൗലിനെ പൗലോസ് എന്നാണു വിളിച്ചിരിക്കുന്നത്. ഒരു എബ്രായനായിരുന്ന ഈ അപ്പോസ്തലൻ ജനിച്ചതുതന്നെ റോമൻ പൗരനായിട്ടാണ്. (പ്രവൃ 22:27, 28; ഫിലി 3:5) അതുകൊണ്ടുതന്നെ കുട്ടിക്കാലംമുതലേ അദ്ദേഹത്തിനു ശൗൽ എന്ന എബ്രായപേരും പൗലോസ് എന്ന റോമൻപേരും ഉണ്ടായിരുന്നിരിക്കാം. അക്കാലത്ത് ജൂതന്മാർക്ക്, പ്രത്യേകിച്ച് ഇസ്രായേലിനു വെളിയിൽ താമസിച്ചിരുന്നവർക്ക്, രണ്ടു പേരുണ്ടായിരിക്കുന്നതു സർവസാധാരണമായിരുന്നു. (പ്രവൃ 12:12; 13:1) പൗലോസിന്റെ ചില ബന്ധുക്കൾക്കും എബ്രായപേരിനു പുറമേ റോമൻ, ഗ്രീക്കു പേരുകൾ ഉണ്ടായിരുന്നു. (റോമ 16:7, 21) ജൂതന്മാരല്ലാത്തവരോടു സന്തോഷവാർത്ത അറിയിക്കുക എന്നതായിരുന്നു ‘ജനതകളുടെ അപ്പോസ്തലനായ’ പൗലോസിന്റെ ദൗത്യം. (റോമ 11:13) തന്റെ റോമൻ പേര് ഉപയോഗിക്കാൻ പൗലോസുതന്നെ തീരുമാനിച്ചതായിരിക്കാം. അത് ആളുകൾക്കു കൂടുതൽ സ്വീകാര്യമായിരിക്കുമെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. (പ്രവൃ 9:15; ഗല 2:7, 8) അദ്ദേഹം റോമൻ പേര് സ്വീകരിച്ചതു സെർഗ്യൊസ് പൗലോസിനോടുള്ള ആദരസൂചകമായിട്ടാണെന്നു ചിലർ പറയുന്നു. പക്ഷേ അതിനു സാധ്യതയില്ല. കാരണം സൈപ്രസ് വിട്ടതിനു ശേഷവും പൗലോസ് ആ പേര് നിലനിറുത്തി. ഇനി പൗലോസിന്റെ എബ്രായപേരിന്റെ ഗ്രീക്ക് ഉച്ചാരണത്തിന്, മോശമായ ധ്വനിയുള്ള (മനുഷ്യരുടെയോ മൃഗങ്ങളുടെയോ ഒരു പ്രത്യേകതരം നടപ്പുമായി ബന്ധമുള്ള) ഒരു ഗ്രീക്കുപദത്തോടു സാമ്യമുള്ളതുകൊണ്ടാണു പൗലോസ് ആ പേര് ഉപയോഗിക്കാതിരുന്നതെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു.—പ്രവൃ 7:58-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ നേർവഴികൾ: ഒരു ജൂത ആഭിചാരകനായിരുന്ന ബർയേശുവിനോടു പൗലോസ് പറഞ്ഞ മറുപടിയിൽ കാണുന്ന (10-ഉം 11-ഉം വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.) പല പദപ്രയോഗങ്ങളും എബ്രായതിരുവെഴുത്തുകളിലെ പദപ്രയോഗങ്ങളിൽനിന്ന് ഉത്ഭവിച്ചതാണ്. ചില ഉദാഹരണങ്ങൾ നോക്കുക: ഇവിടെ ‘വഴികൾ വളച്ചൊടിക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദപ്രയോഗം സുഭ 10:9-ന്റെ (‘വളഞ്ഞ വഴികളിലൂടെ സഞ്ചരിക്കുക.’) സെപ്റ്റുവജിന്റ് പരിഭാഷയിൽ കാണുന്നുണ്ട്. അതുപോലെ, “യഹോവയുടെ നേർവഴികൾ” എന്ന പദപ്രയോഗത്തിൽ കാണുന്ന ഗ്രീക്കുവാക്കുകൾ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ ഹോശ 14:9-ലും കാണാം. ആ വാക്യത്തിന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട് (“യഹോവയുടെ വഴികൾ നേരുള്ളതല്ലോ.”).—അനു. സി കാണുക.
യഹോവയുടെ കൈ: പ്രവൃ 11:21-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ ഉപദേശം: ഇവിടെ കാണുന്ന ‘യഹോവയുടെ ഉപദേശം’ എന്ന പദപ്രയോഗത്തിനും പ്രവൃ 13:5-ൽ കാണുന്ന “ദൈവവചനം” എന്ന പദപ്രയോഗത്തിനും സമാനാർഥമാണുള്ളത്. ആ വാക്യം പറയുന്നതു പൗലോസും കൂടെയുള്ളവരും സൈപ്രസിൽ എത്തിയശേഷം “ജൂതന്മാരുടെ സിനഗോഗുകളിൽ ചെന്ന് ദൈവവചനം പ്രസംഗിച്ചു” എന്നാണ്. അതിന്റെ ഫലമായി, നാടുവാഴിയായിരുന്ന സെർഗ്യൊസ് പൗലോസ് ‘ദൈവവചനം കേൾക്കാൻ അതിയായി ആഗ്രഹിച്ചു.’ (പ്രവൃ 13:7) പൗലോസ് പറഞ്ഞതും ചെയ്തതും ആയ കാര്യങ്ങളിൽനിന്ന് ദൈവമായ യഹോവയെക്കുറിച്ചും ദൈവത്തിന്റെ ഉപദേശങ്ങളെക്കുറിച്ചും മനസ്സിലാക്കിയ അദ്ദേഹം വിസ്മയിച്ചുപോയി.—അനു. സി കാണുക.
പിസിദ്യയിലെ അന്ത്യോക്യ: ഗലാത്യ എന്ന റോമൻ സംസ്ഥാനത്തിലെ ഒരു നഗരം. ഫ്രുഗ്യയുടെയും പിസിദ്യയുടെയും അതിർത്തിയിലാണ് ഈ നഗരം സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിൽ പലപ്പോഴും ഇതിനെ ഫ്രുഗ്യയുടെ ഭാഗമായും പിസിദ്യയുടെ ഭാഗമായും മാറിമാറി കണക്കാക്കിയിട്ടുണ്ട്. ഇന്നത്തെ തുർക്കിയിലുള്ള യാൽവാക്കിന് അടുത്ത് ഈ നഗരത്തിന്റെ നാശാവശിഷ്ടങ്ങൾ കാണാം. പിസിദ്യയിലെ അന്ത്യോക്യയെക്കുറിച്ച് ഇവിടെയും പ്രവൃ 14:19, 21 വാക്യങ്ങളിലും പറഞ്ഞിട്ടുണ്ട്. മെഡിറ്ററേനിയൻ തീരത്തിന് അടുത്തുള്ള പെർഗ നഗരത്തിൽനിന്ന് പിസിദ്യയിലെ അന്ത്യോക്യയിലേക്കുള്ള യാത്ര വളരെ ദുർഘടമായിരുന്നു. കാരണം സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 1,100 മീ. (3,600 അടി) ഉയരത്തിലായിരുന്നു ഈ നഗരം. (അനു. ബി13 കാണുക.) പോരാത്തതിന് അവിടേക്കുള്ള അപകടം പിടിച്ച മലമ്പാതകൾ കൊള്ളക്കാരുടെ വിഹാരകേന്ദ്രവുമായിരുന്നു. ‘പിസിദ്യയിലെ അന്ത്യോക്യയും’ സിറിയയിലെ അന്ത്യോക്യയും രണ്ടും രണ്ടാണ്. (പ്രവൃ 6:5; 11:19; 13:1; 14:26; 15:22; 18:22) പ്രവൃത്തികളുടെ പുസ്തകത്തിൽ അന്ത്യോക്യ എന്നു പറഞ്ഞിരിക്കുന്നതു മിക്കപ്പോഴും സിറിയയിലെ അന്ത്യോക്യയെക്കുറിച്ചാണ്, അല്ലാതെ പിസിദ്യയിലെ അന്ത്യോക്യയെക്കുറിച്ചല്ല.
നിയമത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും ഉള്ള വായന: എ.ഡി. ഒന്നാം നൂറ്റാണ്ടിൽ “ശബത്തുതോറും” നടത്തിയിരുന്ന ഒരു പരസ്യവായനയായിരുന്നു ഇത്. (പ്രവൃ 15:21) ജൂതന്മാരുടെ വിശ്വാസപ്രമാണമായി കരുതപ്പെട്ടിരുന്ന ശേമ ചൊല്ലുന്നതു സിനഗോഗിലെ ആരാധനയുടെ ഒരു ഭാഗമായിരുന്നു. (ആവ 6:4-9; 11:13-21) “ഇസ്രായേലേ, കേൾക്കുക (ശേമ): യഹോവ, നമ്മുടെ ദൈവമായ യഹോവ, ഒരുവനേ ഉള്ളൂ” (ആവ 6:4) എന്നതാണ് അതിലെ ആദ്യവാക്യം. അതിന്റെ എബ്രായമൂലപാഠത്തിൽ ആദ്യം കാണുന്ന വാക്ക് “കേൾക്കുക” എന്ന് അർഥമുള്ള ശേമ ആയതുകൊണ്ടാണ് ആ വിശ്വാസപ്രമാണത്തിനു ശേമ എന്ന പേര് കിട്ടിയത്. തോറാ അഥവാ പഞ്ചഗ്രന്ഥി വായിക്കുന്നതായിരുന്നു സിനഗോഗിലെ ആരാധനയുടെ ഏറ്റവും പ്രധാനഭാഗം. പല സിനഗോഗുകളിലും ഒരു വർഷംകൊണ്ട് മോശയുടെ നിയമം മുഴുവനായി വായിച്ചുതീർക്കുന്ന രീതിയുണ്ടായിരുന്നു. മറ്റിടങ്ങളിൽ മൂന്നു വർഷംകൊണ്ടാണ് അതു ചെയ്തിരുന്നത്. പ്രവാചകപുസ്തകങ്ങളിലെ ഭാഗങ്ങളും വായിച്ച് വിശദീകരിച്ചിരുന്നു. പരസ്യവായനയുടെ അവസാനം ഒരു പ്രസംഗവും നടത്തുമായിരുന്നു. പിസിദ്യയിലെ അന്ത്യോക്യയിലുള്ള സിനഗോഗിൽവെച്ച് നടന്ന ഇത്തരമൊരു പരസ്യവായനയ്ക്കു ശേഷമാണ് അവിടെ കൂടിയിരുന്നവരോട് എന്തെങ്കിലും പ്രോത്സാഹനവാക്കുകൾ പറയാൻ പൗലോസിനെ ക്ഷണിച്ചത്.—ലൂക്ക 4:16-ന്റെ പഠനക്കുറിപ്പു കാണുക.
ഏകദേശം 450 വർഷം: ഇസ്രായേല്യരെക്കുറിച്ചുള്ള ചരിത്രം പൗലോസ് പറഞ്ഞുതുടങ്ങുന്നത്, ‘ദൈവം നമ്മുടെ പൂർവികരെ തിരഞ്ഞെടുത്ത’ സുപ്രധാനസംഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ്. (പ്രവൃ 13:17) വാഗ്ദാനം ചെയ്ത സന്തതിയായി യിസ്ഹാക്ക് ജനിച്ച സമയമായിരിക്കാം പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്. (ഉൽ 17:19; 21:1-3; 22:17, 18) സാറായി (സാറ) വന്ധ്യയായിരുന്നതുകൊണ്ട് വാഗ്ദത്തസന്തതിയായി ദൈവം ആരെ അംഗീകരിക്കുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നെങ്കിലും യിസ്ഹാക്കിന്റെ ജനനത്തോടെ അതു പൂർണമായും നീങ്ങി. (ഉൽ 11:30) ഈ സംഭവംമുതൽ ന്യായാധിപന്മാരുടെ സമയംവരെ ദൈവം തന്റെ ജനത്തിനുവേണ്ടി പ്രവർത്തിച്ചത് എങ്ങനെയെന്നാണു പൗലോസ് ഇവിടെ വിശദീകരിക്കുന്നത്. അതുകൊണ്ട് “ഏകദേശം 450 വർഷം” എന്നു പറഞ്ഞിരിക്കുന്ന കാലഘട്ടം സാധ്യതയനുസരിച്ച് തുടങ്ങുന്നതു യിസ്ഹാക്ക് ജനിച്ച ബി.സി. 1918-ലാണ്. അത് അവസാനിക്കുന്നതാകട്ടെ ബി.സി. 1467-ലും—അതായത്, ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ട ബി.സി. 1513-നു ശേഷം ഒരു 46 വർഷംകൂടെ കഴിഞ്ഞ്. ആ കണക്കു കൃത്യമാണുതാനും. കാരണം, വിജനഭൂമിയിൽ 40 വർഷം ചെലവഴിച്ച ഇസ്രായേല്യർ കനാൻ ദേശം കീഴടക്കിയത് പിന്നെയും ഒരു 6 വർഷംകൊണ്ടാണ്.—സംഖ 9:1; 13:1, 2, 6; ആവ 2:7; യോശ 14:6, 7, 10.
സന്തതി: അഥവാ “പിൻതലമുറക്കാർ.” അക്ഷ. “വിത്ത്.”
സ്തംഭത്തിൽനിന്ന്: അഥവാ “മരത്തിൽനിന്ന്.”—പ്രവൃ 5:30-ന്റെ പഠനക്കുറിപ്പു കാണുക.
കല്ലറ: അഥവാ “സ്മാരകക്കല്ലറ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
ദൈവത്തെ സേവിച്ച്: അഥവാ “ദൈവേഷ്ടം ചെയ്ത്; ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിച്ച്.”—പ്രവൃ 20:27-ന്റെ പഠനക്കുറിപ്പു കാണുക.
സത്യദൈവത്തെ ആരാധിച്ചിരുന്നവർ: ‘സത്യദൈവത്തെ ആരാധിച്ചിരുന്നവർ’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന സെബോമായി എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ആരാധിക്കുക; ഭക്ത്യാദരവ് കാട്ടുക; സംപൂജ്യനായി കാണുക” എന്നൊക്കെയാണ്. അതിനെ “ദൈവഭയമുള്ള; ഭക്തിയുള്ള” എന്നിങ്ങനെയും പരിഭാഷപ്പെടുത്താം. (പ്രവൃ 13:50-ന്റെ പഠനക്കുറിപ്പു കാണുക.) സുറിയാനി പ്ശീത്താ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ദൈവത്തെ ഭയപ്പെടുന്നവർ” എന്നാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ഒരു എബ്രായപരിഭാഷ (അനു. സി4-ൽ J18 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. അവിടെ കാണുന്നത് “യഹോവയെ ഭയപ്പെടുന്നവർ” എന്നാണ്.
ദൈവത്തിന്റെ അനർഹദയ: പൗലോസ് ഒരിക്കൽ യേശുവിനെയും യേശുവിന്റെ അനുഗാമികളെയും എതിർത്തിരുന്നതുകൊണ്ട് (പ്രവൃ 9:3-5) അദ്ദേഹം ദൈവത്തിന്റെ അനർഹദയയെക്കുറിച്ച് എടുത്തുപറഞ്ഞതിൽ ഒട്ടും അതിശയിക്കാനില്ല. (പദാവലിയിൽ “അനർഹദയ” കാണുക.) ശുശ്രൂഷ ചെയ്യാൻ തനിക്കു കഴിയുന്നത്, ദൈവത്തിന്റെ അനർഹദയകൊണ്ട് മാത്രമാണെന്നു പൗലോസിനു വ്യക്തമായി അറിയാമായിരുന്നു. (1കൊ 15:10; 1തിമ 1:13, 14) എഫെസൊസിൽനിന്നുള്ള മൂപ്പന്മാരോടു സംസാരിച്ചപ്പോൾ ഈ ഗുണത്തെക്കുറിച്ച് പൗലോസ് രണ്ടു പ്രാവശ്യം പറയുന്നുണ്ട്. (പ്രവൃ 20:24, 32) പൗലോസ് തന്റെ 14 കത്തുകളിൽ ഏതാണ്ട് 90 പ്രാവശ്യം “അനർഹദയ” എന്ന പദപ്രയോഗം ഉപയോഗിക്കുന്നതായി കാണാം. മറ്റൊരു ബൈബിളെഴുത്തുകാരനും ഈ പദപ്രയോഗം ഇത്രയധികം ഉപയോഗിച്ചിട്ടില്ല. എബ്രായർക്കുള്ള കത്തിലൊഴികെ ബാക്കിയുള്ളതിന്റെയെല്ലാം തുടക്കത്തിൽ പൗലോസ് ദൈവത്തിന്റെയോ യേശുവിന്റെയോ അനർഹദയയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. എല്ലാ കത്തുകളുടെയും ഉപസംഹാരത്തിലും അദ്ദേഹം ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നു.
യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
യഹോവ ഇങ്ങനെയൊരു കല്പന ഞങ്ങൾക്കു തന്നിരിക്കുന്നു: ഈ വാക്യത്തിൽ തുടർന്ന് വരുന്ന ഉദ്ധരണി യശ 49:6-ൽനിന്നുള്ളതാണ്. മൂല എബ്രായപാഠത്തിലെ യശ 49:6-ന്റെ പശ്ചാത്തലം വ്യക്തമാക്കുന്നത് അത് യഹോവയുടെ വാക്കുകളാണെന്നാണ്. (യശ 49:5; യശ 42:6 താരതമ്യം ചെയ്യുക.) യഹോവയുടെ ദാസനായ യേശുക്രിസ്തുവും യേശുവിന്റെ അനുഗാമികളും ചെയ്യുന്ന പ്രവർത്തനമാണ് ആ പ്രവചനത്തിന്റെ നിവൃത്തിയിൽ ഉൾപ്പെടുന്നത്.—യശ 42:1; ലൂക്ക 2:32-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
ഭൂമിയുടെ അറ്റംവരെ: അഥവാ “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ.” യശ 49:6-ൽനിന്നുള്ള ഉദ്ധരണിയാണ് ഇത്. അതിന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിലും ഇവിടെ കാണുന്ന അതേ ഗ്രീക്ക് പദപ്രയോഗമാണ് ഉപയോഗിച്ചിട്ടുള്ളത്. യഹോവയുടെ ദാസൻ ‘ജനതകൾക്ക് ഒരു വെളിച്ചമായിരിക്കുമെന്നും’ ദൈവത്തിൽനിന്നുള്ള രക്ഷ “ഭൂമിയുടെ അറ്റംവരെ” എത്തുമെന്നും യശയ്യ മുൻകൂട്ടിപ്പറഞ്ഞു. ക്രിസ്തുവിന്റെ അനുഗാമികൾ ജനതകൾക്ക് ഒരു വെളിച്ചമായിരിക്കണമെന്ന യഹോവയുടെ കല്പനയാണ് ഈ പ്രവചനത്തിൽ അടങ്ങിയിരിക്കുന്നതെന്നു പിസിദ്യയിലെ അന്ത്യോക്യയിൽവെച്ച് പൗലോസും ബർന്നബാസും സൂചിപ്പിച്ചു. ഇവിടെ “ഭൂമിയുടെ അറ്റംവരെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ഗ്രീക്കുപദപ്രയോഗം പ്രവൃ 1:8-ലും (പഠനക്കുറിപ്പു കാണുക.) കാണാം. യേശുവിന്റെ അനുഗാമികൾ എത്ര വിപുലമായ രീതിയിൽ യേശുവിന്റെ സാക്ഷികളായി പ്രവർത്തിക്കുമെന്നാണ് അവിടെ ആ വാക്കുകൾ സൂചിപ്പിക്കുന്നത്.
യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
യോഗ്യരാക്കുന്ന തരം മനോഭാവമുണ്ടായിരുന്നവർ: പൗലോസിന്റെയും ബർന്നബാസിന്റെയും പ്രസംഗം കേട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വിശ്വാസികളായിത്തീർന്ന ജനതകളിൽപ്പെട്ട ചിലരെക്കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ‘യോഗ്യരാക്കുന്ന തരം മനോഭാവമുണ്ടായിരുന്നവർ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു (റ്റസ്സോ എന്ന ക്രിയയുടെ ഒരു രൂപം.) “സ്ഥാപിക്കുക; ശരിയായ സ്ഥാനത്ത് വെക്കുക; ക്രമീകരിക്കുക; നിയമിക്കുക” എന്നിങ്ങനെ പലപല അർഥങ്ങളുണ്ട്. അതുകൊണ്ട് ഓരോ സ്ഥലത്തും ആ വാക്കിന്റെ അർഥം തീരുമാനിക്കുന്നത് അത് ഉപയോഗിച്ചിരിക്കുന്ന സന്ദർഭം നോക്കിയാണ്. പ്രവൃ 13:46-ൽ പിസിദ്യയിലെ അന്ത്യോക്യയിലുള്ള ചില ജൂതന്മാരെ ജനതകളിൽപ്പെട്ടവരുമായി താരതമ്യം ചെയ്തിരിക്കുന്നതായി കാണാം. ജനതകളിൽപ്പെട്ടവരെക്കുറിച്ചുതന്നെയാണ് ഇവിടെ 48-ാം വാക്യത്തിലും പറഞ്ഞിരിക്കുന്നത്. തലേ ശബത്തിൽ പൗലോസ് ആവേശം നിറഞ്ഞ ഒരു പ്രസംഗത്തിലൂടെ ഈ രണ്ടു കൂട്ടർക്കും നല്ലൊരു സാക്ഷ്യം നൽകിയതായിരുന്നു. (പ്രവൃ 13:16-41) എന്നാൽ പൗലോസിന്റെയും ബർന്നബാസിന്റെയും വാക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച്, അന്നു ജൂതന്മാർ ധിക്കാരത്തോടെ “ദൈവവചനം” തള്ളിക്കളയുകയും അവരുടെ മനോഭാവത്തിലൂടെയും പ്രവൃത്തിയിലൂടെയും ‘നിത്യജീവനു യോഗ്യരല്ലെന്നു തെളിയിക്കുകയും’ ചെയ്തു. (പ്രവൃ 13:46) പക്ഷേ ആ നഗരത്തിലെ ജനതകളിൽപ്പെട്ടവരുടെ മനോഭാവം വളരെ വ്യത്യസ്തമായിരുന്നു. അവർ വളരെയധികം സന്തോഷിച്ച് യഹോവയുടെ വചനത്തെ മഹത്ത്വപ്പെടുത്തി എന്നാണു വിവരണം പറയുന്നത്. അതുകൊണ്ട് ഇവിടെ റ്റസ്സോ എന്ന ഗ്രീക്കുക്രിയ സൂചിപ്പിക്കുന്നത് അന്ത്യോക്യയിലുള്ള ജനതകളിൽപ്പെട്ടവർ നിത്യജീവനു യോഗ്യരാക്കുന്ന മനോഭാവവും ചായ്വും കാണിച്ചുകൊണ്ട് നിത്യജീവൻ നേടാനുള്ള “സ്ഥാനത്ത് തങ്ങളെത്തന്നെ ആക്കിവെച്ചു” എന്നാണ്. അതുകൊണ്ടാണ് ആ ഗ്രീക്കുപദത്തെ, ‘യോഗ്യരാക്കുന്ന തരം മനോഭാവമുണ്ടായിരുന്നവർ’ എന്ന് ഈ വാക്യത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പല ബൈബിൾപരിഭാഷകളും പ്രവൃ 13:48-ൽ ഈ പദപ്രയോഗത്തെ “മുൻകൂട്ടി നിശ്ചയിച്ചവർ; നിയമിച്ചവർ” എന്നെല്ലാമാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പക്ഷേ അതു വായിച്ചാൽ അവർ ജീവൻ നേടണമെന്നു ദൈവം നേരത്തേതന്നെ നിശ്ചയിച്ചുവെച്ചിരുന്നു എന്നു തോന്നും. എന്നാൽ അന്ത്യോക്യയിലെ ജനതകളിൽപ്പെട്ടവർ ജീവൻ നേടണമെന്നു ദൈവം മുൻകൂട്ടി നിശ്ചയിച്ചുവെച്ചിരുന്നതായി ഈ വാക്യസന്ദർഭമോ മറ്റു ബൈബിൾഭാഗങ്ങളോ സൂചിപ്പിക്കുന്നില്ല. അതുപോലെതന്നെ അവിടെയുണ്ടായിരുന്ന ജൂതന്മാർ നിത്യജീവൻ നേടില്ലെന്നും ദൈവം മുൻകൂട്ടി നിശ്ചയിച്ചുവെച്ചിരുന്നില്ല. കാരണം, സന്തോഷവാർത്ത സ്വീകരിക്കാൻ പൗലോസ് ജൂതന്മാരെ ശരിക്കും പ്രോത്സാഹിപ്പിച്ചതാണ്. എന്നാൽ അവർ മനഃപൂർവം ആ സന്ദേശം തള്ളിക്കളയുകയായിരുന്നു. അവർ അങ്ങനെ ചെയ്യണമെന്നു മുൻകൂട്ടി നിശ്ചയിച്ചുവെച്ചതായിരുന്നില്ല. ചിലർ തങ്ങളുടെ പ്രവൃത്തികൾകൊണ്ട് ‘ദൈവരാജ്യത്തിനു യോജിച്ചവരല്ല’ എന്നു തെളിയിക്കുമെന്നു യേശു മുമ്പ് പറഞ്ഞിരുന്നു. (ലൂക്ക 9:62) എന്നാൽ ചിലർ തങ്ങളുടെ മനോഭാവത്തിലൂടെ സന്തോഷവാർത്തയ്ക്ക് ‘അർഹരാണെന്നു’ കാണിക്കുമെന്നും യേശു സൂചിപ്പിച്ചിരുന്നു. അത്തരത്തിലുള്ളവരായിരുന്നു അന്ത്യോക്യയിലെ ജനതകളിൽപ്പെട്ടവർ.—മത്ത 10:11, 13.
യഹോവയുടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
ദൈവഭക്തരായ: അഥവാ “ദൈവത്തെ ആരാധിച്ചിരുന്നവരായ.” ഇവിടെ കാണുന്ന സെബോമായി എന്ന ഗ്രീക്കുപദത്തെ “ദൈവഭയമുള്ളവരായ; ഭക്തിയുള്ളവരായ” എന്നൊക്കെ പരിഭാഷപ്പെടുത്താം. സുറിയാനി പ്ശീത്താ അതു പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ദൈവത്തെ ഭയപ്പെടുന്നവരായ” എന്നാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകൾ (അനു. സി4-ൽ J7, 8, 10, 18 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. അവിടെ കാണുന്നത് “യഹോവയെ ഭയപ്പെടുന്നവരായ” എന്നാണ്.
കാലിലെ പൊടി അവർക്കു നേരെ തട്ടിക്കളഞ്ഞിട്ട്: മത്ത 10:14; മർ 6:11; ലൂക്ക 9:5 എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ നിർദേശമനുസരിച്ച് പ്രവർത്തിക്കുകയായിരുന്നു പൗലോസും ബർന്നബാസും. മറ്റു ജനതകളിൽപ്പെട്ടവരുടെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചിട്ടു ജൂതന്മാരുടെ പ്രദേശത്തേക്കു വീണ്ടും കടക്കുന്നതിനു മുമ്പ് മതഭക്തരായ ജൂതന്മാർ ചെരിപ്പിലെ പൊടി തട്ടിക്കളയുമായിരുന്നു. എന്നാൽ ശിഷ്യന്മാർക്കു നിർദേശം കൊടുത്തപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായാലും ഇതല്ല. ദൈവം വരുത്താൻപോകുന്ന കാര്യങ്ങൾക്ക് ഇനി തങ്ങൾ ഉത്തരവാദികളല്ലെന്നു സൂചിപ്പിക്കാനാണു ശിഷ്യന്മാർ ഇങ്ങനെ ചെയ്തത്. കൊരിന്തിൽവെച്ച് പൗലോസ് തന്റെ ‘വസ്ത്രം കുടഞ്ഞതും’ ഇതിനോടു സമാനമായൊരു കാര്യമായിരുന്നു. “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാരനല്ല” എന്നൊരു വിശദീകരണവും പൗലോസ് അതോടൊപ്പം നൽകി.—പ്രവൃ 18:6-ന്റെ പഠനക്കുറിപ്പു കാണുക.