ഒരു “നല്ല ജീവിതം” നയിച്ചാൽ പോരേ?
ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരും യഥാർത്ഥത്തിൽ നല്ലവരായിരുന്നെങ്കിൽ ഈ ലോകം എത്ര മനോജ്ഞമായിരിക്കുമായിരുന്നു! ലിംഗ, പ്രായ വ്യത്യാസമൊന്നും കണക്കാക്കാതെ ആർക്കും താൻ കൊള്ള ചെയ്യപ്പെടുമെന്നോ ബലാൽസംഗം ചെയ്യപ്പെടുമെന്നോ ദ്രോഹിക്കപ്പെടുമെന്നോ ഭയപ്പെടേണ്ടതില്ലായിരുന്നു. ജയിലറകൾ ഉണ്ടായിരിക്കുമായിരുന്നില്ല, പോലീസോ പട്ടാളമോ ഉണ്ടായിരിക്കേണ്ടതില്ലായിരുന്നു. അതെ, അത് എത്രയോ സുന്ദരമായ ഒരു ലോകമായിരിക്കുമായിരുന്നു!
ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെയൊരു ലോകം പ്രതീക്ഷിക്കുന്നത് തികച്ചും അയഥാർത്ഥമാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നിരുന്നാലും നല്ല ജീവിതം നയിക്കാൻ ശ്രമിക്കുന്നവർ അഭിനന്ദനാർഹരാണ്. ഒരു മെച്ചപ്പെട്ട ലോകം സൃഷ്ടിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ ഒട്ടുംതന്നെ ഫലമാണിയുന്നില്ല എന്ന് തോന്നിയേക്കാം. എന്നാൽ അത് കൂടുതൽ മോശമാക്കുന്ന കാര്യത്തിൽ അവർ ഏതായാലും സംഭാവന ചെയ്യുന്നില്ല.
എന്നാൽ ഒരു “നല്ല ജീവിതം” നയിച്ചാൽ മാത്രം മതിയോ? ഒരു പക്ഷേ അത് നമ്മുടെ സുഹൃത്തുക്കളെയും അയൽക്കാരെയും പ്രസാദിപ്പിച്ചേക്കാം. എന്നാൽ നമ്മുടെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കാൻ അതു മാത്രം മതിയോ? ദൈവത്തിന്റെ അംഗീകാരം നേടാൻ ആഗ്രഹിക്കുന്നവർ അത് അറിയാൻ താല്പര്യപ്പെടും.
ഒരു “നല്ല ജീവിതം നയിക്കുക” എന്നതിന്റെ അർത്ഥമെന്താണ്?
“അവൻ ഒരു നല്ല കുട്ടിയാണ്” എന്ന് പറഞ്ഞാൽ മിക്കപ്പോഴും അവൻ ഒരു ചീത്തക്കുട്ടി അല്ല എന്നു മാത്രമേ അർത്ഥമുള്ളു, അതായത് അവൻ മറ്റുള്ളവർ ശ്രദ്ധിക്കാൻ തക്കവണ്ണം ചീത്തക്കാര്യങ്ങളൊന്നും ചെയ്യുന്നില്ല എന്ന്. എന്നാൽ ആദ്ധ്യാത്മികമായ ഒരർത്ഥത്തിൽ ഉപയോഗിക്കപ്പെടുമ്പോൾ നല്ലവനായിരിക്കുക എന്നതിൽ അതിൽ കൂടുതൽ ഉൾപ്പെട്ടിരിക്കണം. എന്തുകൊണ്ട്?
അനേകം നിരീശ്വരരും അജ്ഞേയവാദികളും മതമില്ലാത്തവരും ധാർമ്മികമായി നല്ലവരാണെന്നത് നിഷേധിക്കാനാവില്ല. അവർ ശ്രദ്ധേയമായ രീതിയിൽ ചീത്തക്കാര്യങ്ങളൊന്നും ചെയ്യാറില്ല. എന്നാൽ സ്രഷ്ടാവിനെ പ്രസാദിപ്പിക്കുന്നതിന് ഈ അർത്ഥത്തിൽ നല്ലവരായിരുന്നാൽ മതിയോ? അവർ അവന്റെ ആസ്തിക്യത്തെത്തന്നെ നിഷേധിക്കുകയോ സംശയിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന സ്ഥിതിക്ക് തീർച്ചയായും അത് മതിയാവുകയില്ല.
അതുകൊണ്ട് “ദൈവത്തിന്റെ നീതി അറിയാതിരിക്കുക വഴി നാം (നമ്മുടെ) സ്വന്തം നീതി സ്ഥാപിക്കാൻ” ശ്രമിക്കാതിരിക്കുന്നതിന് ദൈവം എന്താണ് നല്ലതായി കണക്കാക്കുന്നതെന്ന് നമ്മൾ കൃത്യമായി അറിയേണ്ട ആവശ്യമുണ്ട്. (റോമർ 10:1-3) അല്ലാഞ്ഞാൽ ഇതൊരു പിശകായിരിക്കും, കാരണം നീതി സംബന്ധിച്ച മാനുഷനിലവാരങ്ങൾ—നാം നൻമ എന്ന് വിചാരിക്കുന്നത്—ദിവ്യനിലവാരത്തിന് വളരെ പിന്നിലാണ്.
നൻമയെ സംബന്ധിച്ച ദിവ്യനിലവാരം എന്താണെന്ന് തന്റെ ഭൗമിക ശുശ്രൂഷയുടെ കാലത്ത് ദൈവപുത്രനായ യേശുക്രിസ്തു സൂചിപ്പിച്ചു. ധനവാനായ ഒരു യുവാവ് അദ്ദേഹത്തോട് ചോദിച്ചു: “നിത്യജീവൻ സമ്പാദിക്കുന്നതിന് ഞാൻ എന്ത് നൻമയാണ് ചെയ്യേണ്ടത്? അവരുടെ സംഭാഷണത്തിന്റെ റിപ്പോർട്ട് വളരെക്കാര്യങ്ങൾ വെളിപ്പെടുത്തുന്നു. നാം ഇങ്ങനെ വായിക്കുന്നു: “ ‘കല്പനകൾ അനുസരിച്ചുകൊണ്ടിരിക്കുക’. അയാൾ ചോദിച്ചു: ‘ഏതു കല്പനകൾ?’ യേശു പറഞ്ഞു: ‘എന്തിനധികം, നീ കൊല ചെയ്യരുത്, നീ വ്യഭിചാരം ചെയ്യരുത്, നീ മോഷ്ടിക്കരുത്, നീ കള്ളസാക്ഷ്യം പറയരുത്, നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.’ ആ യുവാവ് യേശുവിനോട് പറഞ്ഞു: ‘ഞാൻ ഇതെല്ലാം അനുസരിച്ചുപോരുന്നു; ഇനിയും എനിക്ക് എന്താണ് കുറവുള്ളത്?’ യേശു അവനോട് പറഞ്ഞു: ‘നീ പൂർണ്ണനായിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക; നിനക്ക് സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും, പിന്നീട് വന്ന് എന്റെ അനുഗാമിയായിരിക്കുക.’ ആ യുവാവ് ഈ വാക്ക് കേട്ടപ്പോൾ ദു:ഖിതനായി യേശുവിനെ വിട്ടുപോയി, കാരണം അയാൾക്ക് വളരെ സമ്പത്തുണ്ടായിരുന്നു.”—മത്തായി 19:16-22.
വിശേഷിച്ച് ഇന്നത്തെ അയഞ്ഞ ധാർമ്മിക നടത്തയുടെയും സാമൂഹിക പെരുമാറ്റത്തിന്റെയും വീക്ഷണത്തിൽ ഈ മനുഷ്യൻ നല്ല ഒരളായിരുന്നു എന്ന് നിങ്ങൾ കരുതുന്നില്ലേ? അയാൾ കൊലപാതകം നടത്തിയിട്ടില്ലായിരുന്നു, വ്യഭിചാരം ചെയ്തിട്ടില്ലായിരുന്നു, മോഷ്ടിച്ചിട്ടില്ലായിരുന്നു, മാതാപിതാക്കളെ ബഹുമാനിക്കുന്നതിലോ അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുന്നതിലോ പരാജയപ്പെട്ടിട്ടില്ലായിരുന്നു.
എന്നാൽ ഈ മനുഷ്യൻ നല്ലവൻ ആയിരിക്കുന്നതുമാത്രം മതിയാകുകയില്ലായിരുന്നു എന്ന് യേശു സൂചിപ്പിച്ചു. അപ്പോഴും എന്തോ കുറവുണ്ടായിരുന്നു, നല്ലവനായിരുന്ന അയാളെ തികഞ്ഞവനോ പൂർണ്ണനോ ആയിരിക്കുന്നതിൽനിന്ന് തടഞ്ഞ എന്തോ ഒന്ന്. അതെന്തായിരുന്നു? ക്രിസ്തുവിന്റെ ഒരു അനുയായിയായിത്തീരുവാൻ അയാളെ പ്രേരിപ്പിക്കുന്ന ദൈവത്തോടുള്ള ആത്മത്യാഗപരമായ സ്നേഹം. യേശു തന്റെ അനുയായികളെ എന്തിനുവേണ്ടി പരിശീലിപ്പിച്ചോ ആ ദൈവരാജ്യപ്രസംഗവേലയിൽ സജീവമായി പങ്കുപറ്റാൻ ഇടയാക്കുന്ന ആത്മത്യാഗപരമായ സ്നേഹം. ഈ മനുഷ്യന് “വളരെ സമ്പത്തുണ്ടായിരുന്നു” എന്ന് തിരുവെഴുത്തുകൾ പറയുന്നതിൽനിന്ന് അവ അയാളുടെ സമയത്തിൽ ഏറിയപങ്ക് അപഹരിച്ചിരിക്കാൻ ഇടയുണ്ട്. ദരിദ്രർക്ക് ദാനം ചെയ്യുകവഴി ഈ ഭൗതിക സമ്പത്ത് ഉപേക്ഷിച്ചുകളയാനുള്ള യേശുവിന്റെ പ്രായോഗിക നിർദ്ദേശം അനുസരിക്കുന്നതിനാൽ അയാൾ ഭൗതിക താല്പര്യങ്ങളെ പ്രാധാന്യം കുറഞ്ഞതെന്ന നിലയിൽ ആത്മീയ താല്പര്യങ്ങൾക്ക് പിന്നിലേക്ക് തള്ളിക്കളയുമായിരുന്നു. ഇത് അന്യചിന്തകൾ അധികമില്ലാതെ “ഒന്നാമത് രാജ്യം അന്വേഷി”ച്ചുകൊണ്ടിരിക്കുന്നതിന് അയാളെ അനുവദിക്കുമായിരുന്നു.—മത്തായി 6:33.
അതുകൊണ്ട് ദൈവദൃഷ്ടിയിൽ നല്ലവാനായിരിക്കുക എന്നു പറഞ്ഞാൽ അതിന് തിൻമ ചെയ്യാതിരിക്കുന്നതിലും അധികം ആവശ്യമാണ്. അതിന്റെ അർത്ഥം ക്രിസ്തുവിന്റെ ഒരു അനുയായിയായിരുന്നുകൊണ്ട് സജീവമായി നൻമചെയ്തുകൊണ്ടിരിക്കുക എന്നാണ്. അതിൽ യേശു ചെയ്തതുപേലെ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ചുള്ള “സത്യത്തിന് സാക്ഷ്യം” വഹിക്കുന്നതും മറ്റുള്ളവർക്ക് അവന്റെ ‘നാമം വെളിപ്പെടുത്തി’ക്കൊടുക്കുന്നതും വ്യാജ ആരോപണങ്ങളുടെയും നുണകളുടെയും മുൻപിൽ ദൈവത്തിന്റെ പക്ഷം വാദിക്കുന്നതും ഉൾപ്പെടുന്നു. (യോഹന്നാൻ 17:4, 6; 18:37) “കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കു”ന്നതിനെയും അത് അർത്ഥമാക്കുന്നു.—എബ്രായർ 13:15, 16.
വെറുതെ നല്ലവരായിരിക്കുന്നതിനേക്കാൾ മെച്ചപ്പെട്ടവരായിരിക്കാൻ കഴിയുന്നവിധം
വെറുതെ നല്ലവരായിരിക്കുന്നത് മതിയാകാത്തതുകൊണ്ട് അതിലും മെച്ചപ്പെട്ടവരായിരിക്കുന്നതിന് നാം എന്തു ചെയ്യണം? ലൂക്കോസ് 10:38-42 നമുക്ക് ഒരു സൂചന നല്കുന്നു. അവിടെ നാം വായിക്കുന്നു: “മാർത്താ എന്നു പേരായ ഒരു സ്ത്രീ അവനെ (യേശുവിനെ) തന്റെ വീട്ടിൽ അതിഥിയായി സ്വീകരിച്ചു. അവൾക്ക് മറിയ എന്നു പേരായ ഒരു സഹോദരി ഉണ്ടായിരുന്നു. അവൾ കർത്താവിന്റെ കാൽക്കൽ ഇരുന്ന് അവിടെത്തെ വചനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മറിച്ച്, മാർത്തയാകട്ടെ വളരെയധികം ജോലികളിൽ വ്യാപൃതയായിരുന്നു. അതുകൊണ്ട്, അവൾ അടുത്തുവന്ന് പറഞ്ഞു: ‘കർത്താവേ, എന്റെ സഹോദരി ഈ ജോലിയെല്ലാം ചെയ്യാൻ എന്നെ തനിയെ വിട്ടിരിക്കുന്നതിൽ അങ്ങേക്ക് വിചാരമില്ലയോ? അതുകൊണ്ട്, എന്നെ സഹായിപ്പാൻ അവളോട് പറഞ്ഞാലും.’ അതിന് ഉത്തരമായി കർത്താവ് അവളോട് പറഞ്ഞു: ‘മാർത്താ, മാർത്താ, നീ നിരവധി കാര്യങ്ങളെപ്പറ്റി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ ചുരുക്കം കാര്യങ്ങളേ വേണ്ടു; അല്ലെങ്കിൽ ഒന്നു മതി. മറിയയാകട്ടെ നല്ല അംശം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽ നിന്ന് എടുത്തുകളയപ്പെടുകയുമില്ല.‘”.
ഈ സംഭാഷണം എന്താണ് വെളിപ്പെടുത്തുന്നത്? ശാരീരികമായ ഒരു വിധത്തിൽ യേശുവിന് ശുശ്രൂഷ ചെയ്തത് പ്രശംസാർഹമായ ഒരു സംഗതിയായിരുന്നെങ്കിലും തന്റെ ഉപദേശങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ആത്മീയ കാര്യങ്ങളോട് ഉചിതമായ വിലമതിപ്പ് പ്രകടമാക്കിയത് അതിലും നല്ല സംഗതിയായിരുന്നു. മാർത്താ ചെയ്തത് നല്ല കാര്യമായിരുന്നു. എന്നാൽ ആ പ്രത്യേക സന്ദർഭത്തിൽ അത് വേണ്ടത്ര നല്ലതായിരുന്നില്ല. അതുകൊണ്ട് മറിയ ചെയ്തതായിരുന്നു കുറെകൂടി നല്ല കാര്യം.
ശാരീരികമോ ഭൗതികമോ ആയ കാര്യങ്ങൾക്കെന്നതിനേക്കാൾ ആത്മീയ മൂല്യങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതിന്റെ പ്രാധാന്യം യേശു തന്റെ ഗിരിപ്രഭാഷണത്തിലും എടുത്തുപറഞ്ഞു. അവൻ ഇപ്രകാരം പറഞ്ഞു: “തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ച് ബോധമുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു.”—മത്തായി 5:3.
നല്ലവരായിരിക്കെത്തന്നെ “തങ്ങളുടെ ആത്മീയാവശ്യത്തെക്കുറിച്ച്” പ്രത്യേകാൽ “ബോധ”മില്ലാത്തവരെ നിങ്ങൾക്കറിയാമോ? നിങ്ങൾക്കറിയാമായിരിക്കാം. വാസ്തവത്തിൽ, നിങ്ങൾതന്നെ അങ്ങിനെയുള്ള ഒരാളാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. അങ്ങനെയാണെങ്കിൽ, ആത്മീയ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുത്തുകൊണ്ട് നൻമ സംബന്ധിച്ച ദൈവത്തിന്റെ നിലവാരം എന്താണ് എന്ന് പഠിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ ഭാഗത്ത് ജ്ഞാനമായിരിക്കും.
അങ്ങനെ ചെയ്യുക വഴി വേഗത്തിൽ ഭൂവിസ്തൃതമായി സ്ഥാപിതമാകാൻ പോകുന്നു ദൈവത്തിന്റെ പുതിയ വ്യവസ്ഥിതി കാണാൻ ജീവിച്ചിരിക്കുന്നതിനുള്ള ഭാവി പ്രത്യാശ നിങ്ങൾക്കുണ്ടായിരിക്കാൻ കഴിയും. അവിടെ മേലാൽ കൊള്ളയടിക്കപ്പെടുന്നതിന്റെയോ ബലാൽസംഗം ചെയ്യുപ്പെടുന്നതിന്റെയോ ദ്രോഹിക്കപ്പെടുന്നതിന്റെയോ അപകടത്തെ ആർക്കും നേരിടേണ്ടിവരികയില്ല. മേലാൽ ജയിലുകൾ ഉണ്ടായിരിക്കുകയില്ല. അവിടെ പോലീസുകാരും പട്ടാളക്കാരും ഉണ്ടായിരിക്കുകയില്ല—കാരണം ഇവർ കൂടുതൽ പ്രതിഫലദായകമായ മറ്റു തൊഴിലുകൾ കണ്ടുപിടിച്ചിരിക്കും. (g85 9/22)