യു. എൻ.—ഒരു മനുഷ്യന്റെ സ്വപ്നം
ആൽബെർട്ടീന, നാലു എഞ്ചിനുള്ള ഒരു DC-6B വിമാനം, ആഫ്രിക്കൻ കുറ്റിക്കാടുകൾക്കു മീതേകൂടി താഴ്ന്നു പറന്നു. വടക്കൻ റൊഡേഷ്യയിലെ (ഇപ്പോഴത്തെ സാംബിയ) ഇൻഡോള വിമാനത്താവളത്തിനു മുകളിലൂടെ അതു കടന്നു പോന്നതേയുണ്ടായിരുന്നുള്ളു. അതിലെ 16 യാത്രക്കാരിൽ അന്നു ലോകത്തിൽ ജീവിച്ചിരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളും ഉൾപ്പെട്ടിരുന്നു.
കൂരിരുട്ടിൽ വിമാനം നിലത്തിറക്കാൻവേണ്ടി വൈമാനികൻ അതു തിരിച്ചു. നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന്റെ പ്രൊപ്പല്ലർ മരച്ചില്ലകൾ അരിഞ്ഞുവീഴ്ത്തി . . . വിമാനത്തിന്റെ ചിറകിന്റെ അഗ്രം ചീന്തിപ്പോയി. അടുത്ത നിമിഷങ്ങളിൽ ചിറകിന്റെ കൂടുതൽ ഭാഗങ്ങൾ മുറിഞ്ഞുപോയി . . . മരക്കൊമ്പുകളിൽ തട്ടിയശേഷം ഭയാനകാംവിധം ഏതാണ്ട് എണ്ണൂറു അടി പറന്നു ആൽബെർട്ടീനായുടെ ഇടത്തേ ചിറകിന്റെ കുറ്റി ഒരു ചിതൽപ്പുറ്റിന്റെ ചുവട്ടിൽ ചെന്നിടിച്ചു. വിമാനം വെട്ടിത്തിരിഞ്ഞ് ഇടതുവശത്തേക്കു പാഞ്ഞു. അവസാനം വന്നവഴിയിലേക്കു തിരിഞ്ഞുനിന്ന് കത്തിച്ചാമ്പലായി.
അവസാനം രക്ഷാപ്രവർത്തകർ വിമാനത്തിനടുത്തെത്തിയപ്പോൾ കത്തിക്കരിഞ്ഞ 14 പേരുടെ ശവങ്ങളാണ് അവർ അതിനുള്ളിൽ കണ്ടത്. രക്ഷപെട്ട ഒരേ ഒരാൾ അഞ്ചുദിവസം ജീവിച്ചു. വിമാനത്തിൽ നിന്ന് ഏതാനും വാര അകലെയായി ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ ഡാഗ് ഹാമർഷോൾഡിന്റെ തകർന്ന ശരീരവും കിടന്നിരുന്നു. ലോകത്തിലെ ഏറ്റം ഉയർന്ന ഉദ്ദ്യോഗസ്ഥൻ, മിസ്റ്റർ യു. എൻ. എന്നു ചിലർ അദ്ദേഹത്തെ വിളിച്ചിരുന്നു. മരിച്ചു.—ഡാഗ് ഹാമർഷോഡിന്റെ നിഗൂഢ മരണം, ആർതർ എൽ ഗാവ്ഷനാലുള്ളത്.
യു. എൻ-ഉം സഭകളും
ഡാഗ് ഹാമർഷോൾഡിന്റെ മരണം ലോകത്തെ ഞെട്ടിച്ചു. സെക്രട്ടറി ജനറലിന്റെ സ്ഥാനത്തിന് തന്റേതായ ഒരു പ്രവർത്തനശൈലി വികസിപ്പിച്ചെടുത്ത, സകലരിൽനിന്നും അകന്നു ഒറ്റെക്കുനിന്ന ഈ ബുദ്ധിമാന്റെ നേതൃത്വമില്ലാതെ ഐക്യരാഷ്ട്ര സംഘനടക്ക് തുടർന്നു പ്രവർത്തിക്കാനാവുമോ എന്ന് പലരും സംശയിച്ചു.
ഹാമർഷോൾഡ് ഒരു ക്രിസ്തീയ ആദ്ധ്യാത്മ ദർശകൻ എന്നു വിളിക്കപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസംഘടനയിലെ തന്റെ പ്രത്യേക ദൗത്യത്തിനായി താൻ ദൈവത്താൽ വിളിക്കപ്പെട്ടതായി അദ്ദേഹം വിശ്വസിച്ചിരുന്നു. എന്ന് അദ്ദേഹത്തിന്റെ എഴുത്തുകൾ സൂചിപ്പിക്കുന്നു. ക്രിസ്തീയ സഭാക്കൂട്ടങ്ങളോട് സംസാരിക്കുകയിൽ ദൈവത്തിലും ഐക്യരാഷ്ട്രസംഘടനയിലുമുള്ള വിശ്വാസം സമാന്തരമായി പോകേണ്ടതാണെന്നു അദ്ദേഹം പറയുകയുണ്ടായി. ഒരു സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞു: “ഭൂമിയിൽ സമാധാനം സ്ഥാപിക്കാനുള്ള സൻമനസ്സുള്ള എല്ലാ ആളുകളുടെയും, അവരുടെ മതവിശ്വാസമോ ആരാധനാരീതികളോ ഗണ്യമാക്കാതെ, ശ്രമത്തിൽ (ഐക്യരാഷ്ട്ര) സംഘടനയും മതങ്ങളും പങ്കാളികളെന്ന നിലയിൽ ഒന്നിച്ചുനില്ക്കുന്നു.” അദ്ദേഹം ഇങ്ങനെയും കൂടി അവകാശപ്പെട്ടു: “സ്വഭാവത്തിലും ഉത്തരവാദിത്വങ്ങളിലും ഐക്യരാഷ്ട്രസംഘടനയും സഭകളും തമ്മിൽ വ്യത്യാസങ്ങളുണ്ടെങ്കിലും അവർക്ക് ഒത്തുചേർന്നു പ്രവർത്തിക്കാവുന്ന ഒരു പൊതു ലക്ഷ്യവും പ്രവർത്തനമണ്ഡലവും ഉണ്ട്.”
ഐക്യരാഷ്ട്രമന്ദിരത്തിലെ പൊതു ഇടനാഴിയിലുള്ള ധ്യാനമുറിയും ഹാമർഹോൾഡ് തന്നെ രൂപസംവിധാനം ചെയ്തതാണു. മുഹമ്മദീയരും യഹൂദരും കത്തോലിക്കരും പ്രോട്ടസ്റ്റൻറുകളും അടങ്ങുന്ന ഒരു മിശ്രസംഘത്തിൽ നിന്ന് ശേഖരിച്ച പണം കൊണ്ടാണ് അതു പണിതത്. അലങ്കാരപ്പണികളൊന്നുമില്ലാത്ത ആ മുറിയുടെ നടുവിൽ മിനുക്കിയെടുത്ത ഒരു ഇരുമ്പ് അയിരിന്റെ കട്ടി പ്രകാശധാരയിൽ മിന്നി നിൽക്കുന്നു. ആ ഇരുമ്പുകട്ടിയെ ഹാമർഷോൾഡ് എങ്ങനെയാണ് വീക്ഷിച്ചത്? അദ്ദേഹം എഴുതി: “അതിനെ ഒരു അൾത്താരയായി നമുക്കു വീക്ഷിക്കാം. അതു ശൂന്യമായിരിക്കുന്നത് ദൈവം അവിടെ ഇല്ലാത്തതുകൊണ്ടല്ല. അതു അറിയപ്പെടാത്ത ഒരു ദൈവത്തിന്റേതായതുകൊണ്ടുമല്ല. മറിച്ച് അതു മനുഷ്യൻ പലപേരിലും വിവധ രൂപങ്ങളിലും ആരാധിക്കുന്ന ദൈവത്തിന് സമർപ്പിക്കപ്പെട്ടതായതുകൊണ്ടാണ്.”
കോടിക്കണക്കിന് ആളുകൾ ദൈവത്തിൽ വിശ്വസിക്കുന്നു. ജോൺ XXIII, പോൾ VI, ജോൺ പോൾ II എന്നീ പാപ്പാമാരും പ്രോട്ടസ്റ്റൻറ് പുരോഹിതൻമാരും ഈ സമാധാനസംഘടനക്ക് പിന്തുണ കൊടുക്കുകയും അതിനെ അനുഗ്രഹിക്കുകയും ചെയ്യുന്നത് അവരിൽ അനേകർ കണ്ടിട്ടുണ്ട്. വത്തിക്കാന് യു. എന്നിൽ അതിന്റെ സ്ഥിരം നിരീക്ഷകൻ പോലും ഉണ്ട്. ഇത്തരം മതപരമായ പിന്തുണ ഉള്ളതുകൊണ്ട് യു. എൻ. ഭൂമിയിൽ സമാധാനവും സുരക്ഷിതത്വവും കൈവരുത്താനുള്ള ദൈവത്തിന്റെ മാർഗ്ഗമായിരിക്കാം എന്ന് ചിലർ വിശ്വസിക്കുന്നു. ഇപ്പോൾപോലും അവർ 1986നെ ഐക്യരാഷ്ട്രസംഘടനയുടെ “അന്തരാഷ്ട്ര സമാധാന വർഷമായി” വീക്ഷിക്കുന്നു.
യു. എൻ. വാസ്തവത്തിൽ ഭൂമിയിൽ സമാധാനം കൈവരുത്താനുള്ള ദൈവത്തിന്റെ വഴിയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? ഈ സ്ഥാപനത്തിന്റെ 40 വർഷത്തെ ചരിത്രം അതിൻമേലുള്ള ദൈവാനുഗ്രഹത്തിന്റെ തെളിവ് നല്കുന്നു എന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? യു. എൻ. വാസ്തവത്തിൽ രാഷ്ട്രങ്ങളെ സമാധാനത്തിൽ ഒന്നിപ്പിച്ചിട്ടുണ്ടോ? (g85 10/22)
[3-ാം പേജിലെ ചിത്രം]
ഡാഗ് ഹാമർഷോൾഡ് യു. എന്നിന് വേണ്ടി സഭകളുടെ പിന്തുണ തേടി
[കടപ്പാട്]
UN photo