യു. എൻ.—അതു രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നുവോ?
നില നില്ക്കുന്ന സമാധാനം ആരു സ്ഥാപിക്കും, എപ്പോൾ? 1942-ൽ പ്രസിദ്ധീകരിച്ച “സമാധാനം—അതു നിലനില്ക്കുമോ?” എന്ന ചെറുപുസ്തകത്തിൽ യഹോവയുടെ സാക്ഷികൾ ആ ചോദ്യങ്ങൾ ചോദിച്ചു. രണ്ടാം ലോകമഹായുദ്ധം നിമിത്തം സർവ്വരാജ്യസംഖ്യം മൃതപ്രായമായിരുന്നു. അല്ലെങ്കിൽ ബൈബിൾ പറയും പ്രകാരം ‘അഗാധത്തിലായിരുന്നു. (വെളിപ്പാട് 17:8) അങ്ങനെ സർവ്വരാജ്യസംഖ്യം നിഷ്ക്രിയത്വത്തിന്റെ കുഴിയിൽതന്നെ കഴിയുമോ? എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു.
അക്കാലത്തുപോലും സാക്ഷികൾ അതിനുള്ള ഉത്തരം ബൈബിളിൽ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധത്തിനിടക്ക് സമാധാനം എന്ന ചെറുപുസ്തകം മുൻകൂട്ടിപ്പറഞ്ഞു: “ലോകരാഷ്ട്രങ്ങളുടെ സംഘടന വീണ്ടും ഉയർത്തെഴുനേൽക്കും.” ഈ പ്രവചനം ശരിയാണെന്ന് തെളിഞ്ഞോ?
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തഞ്ച് ഏപ്രിലിൽ ഐക്യരാഷ്ട്രസംഘടനക്കുള്ള അധികാരാവകാശ പത്രിക തയ്യാറാക്കുന്നതിന് സാൻഫ്രാൻസിസ്ക്കോയിൽ ഒരു സമ്മേളനം വിളിച്ചുകൂട്ടപ്പെട്ടു. ദി ഗ്രെയിറ്റ് ഡിസൈൻ എന്ന തന്റെ പുസ്തകത്തിൽ ഈ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് എന്താണ് സംഭവിച്ചതെന്ന് കൊർണേലിയ മേജിസ് വർണ്ണിക്കുന്നു: “ഈ പുതിയ സംരംഭത്തിൽ ദൈവസഹായം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കാൻ വാഷിംങ്ടൺ കത്തീഡ്രലിൽ അതിമഹത്തും ഭക്തി നിർഭരവുമായ ഒരു ചടങ്ങു നടത്തപ്പെട്ടു . . . സമ്മേളനത്തിൽ തന്നെ പല പ്രമുഖ പ്രസംഗകരും അവരുടെ പ്രസംഗത്തിന്റെ ആരംഭത്തിലും അവസാനത്തിലും അവരുടെ കരങ്ങൾ തുടക്കമിടുന്ന കാര്യങ്ങളിൻമേൽ ദൈവാനുഗ്രഹം ഉണ്ടാകുന്നതിനുവേണ്ടി യാചിച്ചു എന്നതും ശ്രദ്ധേയമാണ്.”
അവകാശ പത്രികയിൽ ദൈവത്തെ പരാമർശിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. മറ്റു ചിലർ അതിഷ്ടപ്പെട്ടില്ല. രാഷ്ട്രങ്ങൾക്ക് ഒരു യോജിപ്പിലെത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ “ദൈവത്തെ” വിട്ടുകളഞ്ഞു. ആ അഭിപ്രായ ഭിന്നത പിന്നീട് സംഭവിക്കാനിരുന്നതിനെ സംബന്ധിച്ച ഒരു മുന്നറിയിപ്പ് ആയിരിക്കേണ്ടതായിരുന്നു. എന്നിരുന്നാലും 51 സ്ഥാപക രാഷ്ട്രങ്ങൾ യൂ. എൻ. ചാർട്ടർ ഒപ്പുവയ്ക്കുകയും മൃതാവസ്ഥയിലായിരുന്ന സർവ്വരാജ്യസംഖ്യം അതിന്റെ ചാരത്തിൽനിന്ന് ഉയർത്തെണീല്ക്കുകയും ചെയ്തു.
യു. എൻ. ഏതു വിധത്തിലായിരുന്നു സർവ്വരാജ്യസഖ്യത്തിൽനിന്ന് വ്യത്യസ്തമായിരുന്നത്? സമാധാനം കാത്തുസൂക്ഷിക്കുന്നതിൽ അതിന് കൂടുതൽ വിജയം നേടാൻ കഴിഞ്ഞിട്ടുണ്ടോ? അത് വാസ്തവത്തിൽ രാഷ്ട്രങ്ങളെ ഐക്യത്തിൽ കൊണ്ടുവന്നിട്ടുണ്ടോ?
സെക്രട്ടറി ജനറൽ
കൂടുതൽ ശക്തവും കാര്യക്ഷമവുമായ സംഘടനയ്ക്കു അടിസ്ഥാനമിട്ടത് ഫ്രാങ്ക്ലിൻ സി റൂസ്വെൽറ്റും വിൻസ്റ്റൺ ചർച്ചിലും ജോസഫ് സ്റ്റാലിനും അവരുടെ ഉപദേഷ്ടാക്കൻമാരും കൂടെയായിരുന്നു. അവരാണ് മോസ്ക്കോ, റ്റെഹറാൻ, യാൾട്ടാ, ഡംബാർട്ടൺ ഓക്സ് (വാഷിംഗ്ടൺ ഡി. സി.) എന്നിവിടങ്ങളിലെ സമ്മേളനങ്ങളിൽ അമേരിക്കൻ ഐക്യനാടുകൾ, യുണൈറ്റഡ് കിംഗ്ഡം, സോവിയറ്റ് യൂണിയൻ എന്നീ മൂന്നു വൻശക്തികളെ പ്രതിനിധാനം ചെയ്തത്. ഒടുവിൽ ഐക്യരാഷ്ട്രസംഘടന എന്ന പേര് തിരഞ്ഞെടുത്തതുതന്നെ പ്രസിഡൻറ് റൂസ്വെൽറ്റ് ആയിരുന്നു.
യു. എൻ. ജനറൽ അസംബ്ലി അതിന്റെ ആദ്യസമ്മേളനം 1946 ജാനുവരിയിൽ നടത്തി. ഫെബ്രുവരി ഒന്നാം തീയതിയോടുകൂടി യു. എൻ. നോർവ്വേക്കാരനായ ട്രൈഗ്വി ലിയെ അതിന്റെ ആദ്യത്തെ സെക്രട്ടറി ജനറലായി നിയമിച്ചിരുന്നു. തന്റെ ഈ നിയമനത്തെ അദ്ദേഹം എങ്ങനെയാണ് വീക്ഷിച്ചത്? അസ്വസ്ഥതയും ക്ഷാമവും വൻ ശക്തികൾ തമ്മിലുള്ള മത്സരവും നിറഞ്ഞ ഈ ലോകത്തിൽ സമാധാനം കാത്തു സൂക്ഷിക്കുന്നതിനും പുരോഗതി കൈവരുത്തുന്നതിനുമുള്ള ഈ പുതിയ അന്തരാഷ്ട്രസ്ഥാപനത്തിന്റെ സെക്രട്ടറി ജനറൽ എന്ന സ്ഥാനത്തേക്ക് ഞാൻ എടുത്തെറിയപ്പെടുകയായിരുന്നു. എനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഒരു വെല്ലുവിളിയായിരുന്നു അത്; എന്നാൽ അത് ഒരു പേടി സ്വപ്നവും കൂടി ആയിരുന്നു . . . ഈ ഭയാനകമായ ഉത്തരവാദിത്വം നോർവ്വേയിൽനിന്നുള്ള ഒരു തൊഴിൽക്കാര്യനിയമജ്ഞനായ എന്റെമേൽ തന്നെ വന്നത് എന്തുകൊണ്ടാണ് എന്ന് ഞാൻ എന്നോടുതന്നെ വീണ്ടും വീണ്ടും ചോദിച്ചു.
പഴയ ലീഗിന്റെ കാര്യത്തിലെന്നപോലെ ആദ്യം ഈ സംഘനയുടെ സെക്രട്ടറിയിൽ നിന്ന് അധികമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എഴുത്തുകാരനായ ആൻഡ്രൂ ബോയിഡ് പറയും പ്രകാരം സെക്രട്ടറി ജനറലിന്റെ അധികാരം എത്ര വ്യാപകമായിരിന്നുവെന്ന് യു. എന്നിന്റെ സ്ഥാപകർ മനസ്സിലാക്കിയിരുന്നില്ല. “ഒരു വെടിമരുന്നു വീപ്പയ്ക്കു മുകളിൽ പതിനഞ്ചുപേർ” എന്ന തന്റെ പുസ്തകത്തിൽ ബോയിഡ് പറയുന്നതുപോലെ: “ഈ പുതിയ ലോക സംഘടനയുടെ മുഖ്യഉദ്യോഗസ്ഥന് ഒരു അന്തരാഷ്ട്ര സൈന്യത്തെ നയിക്കേണ്ടി വരുമെന്നൊന്നും അവർ (മൂന്നു വൻശക്തികൾ) ഒരിക്കലും ഊഹിച്ചില്ല.” അദ്ദേഹം തുടർന്നു പറയുന്നു: “അവർ അദ്ദേഹത്തെ അവരുടെ ഒരു സൃഷ്ടിയായി, വിധേയത്വമുള്ള ഒരു സൃഷ്ടിയായി മാത്രം കണ്ടു.”
എന്നാൽ യു. എൻ. ചാർട്ടറിന്റെ 99-ാം വകുപ്പ് വ്യക്തമായി പറഞ്ഞിരുന്നു: “സെക്രട്ടറി ജനറലിന് തന്റെ അഭിപ്രായത്തിൽ അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയായേക്കാവുന്ന ഏതു സംഗതിയും രക്ഷാസമതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ അധികാരമുണ്ടായിരിക്കും.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്) ട്രൈഗ്വി ലി എഴുതിയ പ്രകാരം: “ലോകത്തിൽ ഒരു വ്യക്തിക്കോ ഒരു രാജ്യത്തിന്റെ പ്രതിനിധിക്കോ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്തതരം ആഗോള രാഷ്ട്രീയ ഉത്തരവാദിത്വം ഈ വകുപ്പ് ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറലിന് നല്കുന്നു.” അതുകൊണ്ട് അദ്ദേഹം കണക്കിലെടുക്കേണ്ട ഒരു ശക്തിയായിത്തീരാൻ പോവുകയായിരുന്നു.
ടൈഗ്വി ലി യുടെ പിൻഗാമിയായിരുന്ന ഡാഗ് ഹാമർഷോൾഡ് 1961 കോഗോ പ്രശ്നം പരിഹരിക്കുന്നതിന് 18 രാജ്യങ്ങളിൽനിന്നായി 20,000 പടയാളികളും സാങ്കേതിക വിദഗ്ദ്ധരും അടങ്ങുന്ന ഒരു സൈന്യത്തെ ശേഖരിക്കാൻ തക്കവണ്ണം ഒരു പ്രശ്നപരിഹാരകൻ എന്ന നിലയിലുള്ള സെക്രട്ടറി ജനറലിന്റെ സ്വാധീനം അത്ര കണ്ടു വളർന്നു. 1964-ൽ ആ സ്ഥാനം ഏറ്റെടുത്ത ഊതാണ്ട് ഒരേ സമയം മൂന്ന് യു. എൻ. സമാധാന സേനകളുടെ ഉത്തരവാദിത്വം വഹിക്കേണ്ടിവന്നു.
പെറുവിൽനിന്നുള്ള ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ജാവിയർ പേരസ് ഡി ക്വില്ലർ ഇപ്പോഴും സൈപ്രസ്സിലും മദ്ധ്യപൂർവ്വദ്ദേശത്തും പ്രവർത്തിക്കുന്ന യു. എൻ. സമാധാന സേനകളെ നയിക്കുന്നു. ന്യുയോർക്കിൽ യു. എൻ. ആസ്ഥാനത്തുള്ളതും 7,400 ഓളം ജീവനക്കാരുള്ളതുമായ സെക്രട്ടറിയേറ്റിന്റെ തലവനുംകൂടെയാണദ്ദേഹം. ഏകദേശം 19,000 പേർകൂടി യു. എന്നിന്റെ കീഴിൽ മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. എന്നാൽ ഈ മാനുഷ വിഭവ ശേഷി എല്ലാമുണ്ടായിരുന്നിട്ടും കഴിഞ്ഞ 40 വർഷങ്ങളിൽ യുദ്ധം തടയുന്നതിന് യു. എൻ. ഫലപ്രദമായിരുന്നിട്ടുണ്ടോ?
അതു കുരയ്ക്കും കടിക്കാൻ കഴിവില്ല
ഒടുവിൽ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഉവ്വ് എന്നും ഇല്ല എന്നും ആയിരിക്കേണ്ടതുണ്ട്. 1919ൽ സർവ്വരാജ്യസഖ്യം സ്ഥാപിതമായി 20 വർഷങ്ങൾക്കു ശേഷം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അതിന് മരണകരമായ മുറിവേറ്റു. സ്ഥാപിതമായി 40 വർഷങ്ങൾക്കുശേഷവും യു. എൻ. നിലനിലക്കുന്നു. ഒരു മൂന്നാം ലോകമഹായുദ്ധം ഇപ്പോഴും പൊട്ടിപ്പുറപ്പെട്ടിട്ടില്ലെങ്കിലും പല ഭയങ്കര യുദ്ധങ്ങൾ നടക്കുകയും ദശലക്ഷങ്ങൾ അതിന്റെ പരിണതഫലങ്ങൾ അനുഭവിക്കുകയും ചെയ്തിരിക്കുന്നു. കൊറിയ (1950-53) മദ്ധ്യപൂർവ്വദേശം (1948-49, 1967, 1973) ഇൻഡോചൈന/വിയറ്റ്നാം 1945-54, 1959-75) എന്നീ യുദ്ധങ്ങൾ പെട്ടെന്ന് ഓർമ്മയിലേക്കു വരുന്നു. യുക്തിയാനുസരണം ചോദ്യമിതാണ്, ആ യുദ്ധങ്ങൾ തടയാൻ യു. എന്നിന് കഴിയാതെ പോയത് എന്തുകൊണ്ടാണ്?
യു. എന്നിന് അതിലെ അംഗങ്ങൾ അനുവദിക്കുന്നിടത്തോളം മാത്രമേ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നതാണ് യു. എന്നിലെ ഉദ്യോഗസ്ഥൻമാർ നല്കുന്ന മറുപടി. 1985 മെയ് 9ലെ തന്റെ ഒരു കത്തിൽ പോളണ്ടിലെ വിദേശകാര്യമന്ത്രിയായ മി. സ്റ്റെഫാൻ ഓൾഡോവിസ്ക്കി ഇപ്രകാരം പ്രസ്താവിച്ചു: “അംഗരാഷ്ട്രങ്ങളുടെ മന:പൂർവ്വമായ പിന്തുണയും പ്രതികരണവും അനുകൂലമായിരിക്കുന്നില്ലെങ്കിൽ ഈ സംഘടനയുടെ ഏറ്റം നല്ല തീരുമാനങ്ങൾ പോലും പ്രതീക്ഷിക്കുന്ന പ്രായോഗിക ഫലങ്ങൾ കൈവരുത്തുകയില്ല. കിഴുക്കാം തൂക്കിൽനിന്നുള്ള പതനത്തിലേക്കുള്ള പ്രയാണം തടയുന്നതിലും പിന്തിരിപ്പിക്കുന്നതിലും മനുഷ്യവർഗ്ഗം വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” അതുകൊണ്ട് യു. എന്നിന് ഒരു പ്രേരക ശക്തിയായിരിക്കാമെന്നല്ലാതെ അറസ്റ്റു ചെയ്യാനധികാരമുള്ള ഒരു പോലീസ് ശക്തിയായിരിക്കാവുന്നതല്ല. അതു വാസ്തവത്തിൽ രാഷ്ട്രങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ തങ്ങളുടെ പരാതികൾ അവതിരപ്പിക്കുന്നതിനും അവ സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനും ഉള്ള ഒരു വേദി മാത്രമാണ്. മുൻ സെക്രട്ടറി ജനറൽ കുർട്ട് വാൾഡ്ഹൈം എഴുതിയപ്രകാരം: “ഒരു പ്രശ്നം രക്ഷാസമതിയുടെ മുമ്പാകെ കൊണ്ടുവരാൻ അവർ തയ്യാറാകുന്നില്ലെങ്കിൽ ഐക്യരാഷ്ട്രസംഘടനക്ക് അത് സംബന്ധിച്ച് ഒന്നുംതന്നെ ചെയ്യാൻ സാദ്ധ്യമല്ല . . . രക്ഷാസമതിയെ ഒഴിച്ചു നിറുത്തുന്നത് അല്ലെങ്കിൽ അവഗണിക്കുന്നത് അതിന്റെ സല്പ്പേരിന് പോറലേല്പ്പിക്കുകയും അതിന്റെ നില ബലഹീനമാക്കുകയും ചെയ്യുന്നു . . . ഇതു ഐക്യരാഷ്ട്രസംഘടനയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ പ്രവണതയായി ഞാൻ കണക്കാക്കുന്നു.”
എന്നാൽ രാഷ്ട്രങ്ങൾ അവരുടെ പ്രശ്നങ്ങൾ യു. എന്നിൽ കൊണ്ടുവരുന്നെങ്കിൽതന്നെ അതു അന്യോന്യം കുറ്റം ആരോപിക്കാൻ വേണ്ടി മാത്രമാണ്. യു. എൻ. രാഷ്ട്രീയ പ്രചരണത്തിനുള്ള ഒരു വേദിയായിത്തീരുന്നു. അതിനാൽ യു. എന്നിന് എങ്ങനെ സമാധാനത്തിനുവേണ്ടിയുള്ള ഒരു സ്വാധീനമായിരിക്കാൻ കഴിയും എന്ന് നിങ്ങൾ ചോദിച്ചേക്കാം.
യു. എൻ. പ്രശ്നങ്ങൾ ലോകശ്രദ്ധയിലേക്കുകൊണ്ടുവരികയും ലോകാഭിപ്രായത്തെ സ്വാധീനിക്കുകയും അതിനോട് ഗവൺമെൻറുകൾ പ്രതികരിക്കുകയും ചെയ്യുന്നു എന്നാണ് യു. എൻ ഉദ്യോഗസ്ഥൻ നല്കുന്ന ഉത്തരം. എന്നാൽ അതിനു ഏതെങ്കിലും, യുദ്ധം ഒഴിവാക്കുന്നതിനോ തടയുന്നതിനോ സായുധ നടപടി സ്വീകരിക്കാൻ സാദ്ധ്യമല്ല. എങ്കിൽ യു. എന്നിന്റെ തന്നെ സായുധ സേനയെ സംബന്ധിച്ചെന്ത്?
ഒരു യു. എൻ. പ്രസിദ്ധീകരണം ഇങ്ങനെ ഉത്തരം നല്കുന്നു: “ഈ സേനകൾ (രക്ഷാസമിതിയോ പൊതുസഭയോ അതിനെ അധികാരപ്പെടുത്തുന്നുവെങ്കിൽ) യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനും ക്രമസമാധാനം പുന:സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും സാധാരണ അവസ്ഥകളിലേക്കുള്ള തിരിച്ചുവരവ് സാദ്ധ്യമാക്കുന്നതിനും സഹായിക്കുന്നു. ഈ ലക്ഷ്യത്തിൽ കൂടിയാലോചനകളും സ്വാധീനശക്തിയും നിരീക്ഷണവും ഉപയോഗിക്കുന്നതിനും വസ്തുതകൾ ശേഖരിക്കുന്നതിനും സമാധാനസേനയെ അധികാരപ്പെടുത്തിയിരിക്കുന്നു . . . അവർ ആയുധം ധരിച്ചിരിക്കുന്നെങ്കിലും സ്വയരക്ഷക്കുവേണ്ടി മാത്രം അത് ഉപയോഗിക്കാനേ അവർക്ക് അനുവാദമുള്ളൂ.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്) അപ്പോൾ അവരുടെ ലക്ഷ്യം മറ്റുള്ളവരെ പോരാട്ടത്തിൽനിന്നു പിന്തിരിപ്പിക്കുക എന്നതും അവർതന്നെ അത് ഒഴിവാക്കുക എന്നതുമാണ്.
അതുകൊണ്ട് വാസ്തവത്തിൽ യു. എന്നിനെ അത് എന്താക്കിത്തീർക്കുന്നു? കുരയ്ക്കാൻ അനുവാദമുള്ളതും കടിക്കാൻ അനുവാദമില്ലാത്തതുമായ ഒരു കാവൽ നായ്. എന്നാൽ കുരയ്ക്കുന്ന ഒരു പട്ടി അപകടത്തെപ്പറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അപ്പോൾ പിന്നെ യു. എൻ. ഒട്ടുംതന്നെ കാര്യക്ഷമമല്ലാത്തതായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്?
യഥാർത്ഥ അധികാരം ഇരിക്കുന്നിടം
ആൻഡ്രു ബോയിഡിന്റെ അഭിപ്രായത്തിൽ യു.എന്നിന്റെ പ്രശ്നങ്ങൾ മൂന്നു വൻ ശക്തികൾ അതിന്റെ ചാർട്ടറിൽ തന്നെ എഴുതിച്ചേർത്തിരുന്നു. അദ്ദേഹം വിശദീകരിക്കുന്നു: “യു. എന്നിന്റെ രക്ഷാഘടന പൂർണ്ണമായും വൻശക്തികളാൽ നയിക്കപ്പെടുമെന്ന് അവർ കൊച്ചു രാഷ്ട്രങ്ങളോട് തുറന്നു പറയുകതന്നെ ചെയ്തു. നിർദ്ദിഷ്ട ഐക്യരാഷ്ട്രസംഘടന മൂന്നു വൻശക്തികൾ (അവരോടുകൂടെ പ്രത്യേക പദവി ലഭിച്ച സഹകാരികളായ ചൈനയും ഫ്രാൻസും) എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഒരു ഉപകരണമായിരിക്കണമെന്ന കാര്യത്തിൽ റൂസ്വെൽറ്റിന്റെയും ചർച്ചിലിന്റെയും സ്റ്റാലിന്റെയും ഇടയിൽ പൂർണ്ണ യോജിപ്പില്ലായിരുന്നു.
ബോയിഡ് തുടർന്നു പറയുന്നു: “വ്യക്തമായും ഈ മൂന്നു വൻശക്തികൾ തന്നെ രൂപം കൊടുത്ത വ്യവസ്ഥകൾ അവരുടെ വിപുലമായ സൈനീകശക്തി കൊച്ചു രാഷ്ട്രങ്ങളുടെ സംഘത്തിന്റെയോ സെക്രട്ടറി ജനറലിന്റെയൊ . . . അന്തരാഷ്ട്രകോടതിയുടെയോ മറ്റാരുടെയെങ്കിലുമോ നിയന്ത്രണത്തിന് വിട്ടുകൊടുക്കുന്നവയായിരുന്നില്ല.” അതുകൊണ്ട് അവരുടെ അധികാരകുത്തകയും നിയന്ത്രണവും അവർ എങ്ങനെയാണ് സംരക്ഷിച്ചത്?
ബോയിഡ് വിശദീകരിക്കുന്നു: “ഈ മൂന്നു വൻശക്തികൾക്ക് പരസ്പരം വിശ്വാസമില്ലായിരുന്നു. അവർക്ക് അന്യോന്യവും ചെറുരാജ്യങ്ങളുടെ ശക്തിക്കെതിരെയും ഉള്ള അവരുടെ സംരക്ഷണായുധമായിരുന്നു വീറ്റോ.” വീറ്റോ എന്നാൽ എന്താണ്? എതിർത്ത് വോട്ടു ചെയ്യുന്നതിനാൽ ഒരു തീരുമാനത്തെ തടയാനുള്ള അധികാരമാണത്. അത് 15 അംഗരക്ഷാസമിതിലെ അഞ്ചു സ്ഥിരാംഗങ്ങൾക്കു മാത്രമുള്ളതാണ്. (ചൈനാ ഫ്രാൻസ്, സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റെയിറ്റ്സ്) ഒരു പ്രധാന കൗൺസിൽ തീരുമാനം അംഗീകരിക്കപ്പെടണമെങ്കിൽ അതിന് അനുകൂലമായി അഞ്ചു വൻശക്തികളുടേതുൾപ്പെടെ ഒൻപതു വോട്ടുകളെങ്കിലും രേഖപ്പെടുത്തപ്പെടണം. എന്നാൽ അസാന്നിദ്ധ്യം വീറ്റോ ആയി എണ്ണപ്പെടുകയില്ല.
അപ്രകാരം വീറ്റോ അധികാരം ഉൾപ്പെടുത്തിയ യു. എൻ. ചാർട്ടർ “വൻശക്തികൾ തമ്മിൽ ശണ്ഠയിടും എന്നുള്ള പ്രതീക്ഷ പ്രതിഫലിപ്പിച്ചു.” ഇത് ഐക്യരാഷ്ട്രസംഘടനയ്ക്ക് ഒരു നല്ല തുടക്കം കുറിച്ചില്ല.
എന്നിരുന്നാലും നമ്മൾ ഇപ്പോൾ 1986ലാണ്. ഇന്നോളം ഒരു മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കാൻ കഴിഞ്ഞു. യു. എൻ. ഇപ്പോഴും ലോകകാര്യദികളിൽ പ്രവർത്തനനിരതമായിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ പോലും യു. എൻ. സമാധാനത്തിലേക്കുള്ള ദൈവത്തിന്റെ വഴി ആയിരിക്കാം എന്നു വിശ്വസിക്കുന്നത് ന്യായയുക്തമാണോ? (g85 10/22)
[6-ാം പേജിലെ ചതുരം]
യു. എൻ സെക്രട്ടറി ജനറലും അദ്ദേഹത്തിന്റെ ചില പ്രശ്നങ്ങളും
ട്രൈഗ്വി ലി (1946-53)____________ കൊറിയൻയുദ്ധം; മദ്ധ്യപൂർവ്വദേശം.; ബെർലിൻ ഉപരോധം
ഡാഗ് ഹാമർഷോൾഡ് (1953-61)____________ കോംഗോയുദ്ധം; ഹംഗറിയിൽ സോവ്യറ്റ് യൂണിയന്റെ ഇടപെടൽ; മദ്ധ്യപൂർവ്വദേശം
ഊതാണ്ട് (1961-71)__________________ വിയറ്റ്നാംയുദ്ധം; നൈജീറിയിൽ ആഭ്യന്തരയുദ്ധം;⁄ബിയാഫ്റാ; റൊഡേഷ്യൻ പ്രശ്നം. ഇൻഡ്യ⁄പാക്കിസ്ഥാൻ യുദ്ധം; ചെക്കോസ്ലൊവാക്യയിലെ സോവിയറ്റ് ഇടപെടൽ;മദ്ധ്യപൂർവ്വദേശം; സൈപ്രസ്; ക്യൂബൻപ്രശ്നം
കുർട്ട് വാൾഡ്ഹൈം (1972-81)______________ വിയറ്റ്നാം യുദ്ധം; കമ്പൂച്ചിയാ; അഫ്ഗാനിസ്റ്റാൻ; മദ്ധ്യപൂർവ്വദേശം
ജാവിയർ പേരെസ് ഡി ക്വില്ലർ (1982-)________________ ലെബാനോൻ യുദ്ധം; അഫ്ഗാനിസ്റ്റാൻ; ഇറാൻ ഇറാക്ക്
[4-ാം പേജിലെ ചിത്രം]
ട്രൈഗ്വി ലി ചോദിച്ചു: ‘ഈ ഭയാനകമായ ജോലി എന്റെമേൽ വന്നതെന്തുകൊണ്ടാണ്?’
[കടപ്പാട്]
UN photo
[5-ാം പേജിലെ ചിത്രം]
ഒരേ സമയം മൂന്നു സമാധാന സേനകളെ ഊതാണ്ട് നയിച്ചു
[കടപ്പാട്]
UN photo
[7-ാം പേജിലെ ചിത്രം]
കുർട്ട് വാൾഡ് ഹൈം “ഐക്യരാഷ്ട്രസംഘടനയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ പ്രവണതയെ”ക്കുറിച്ച് എഴുതി
[കടപ്പാട്]
UN photo
[7-ാം പേജിലെ ചിത്രം]
ജാവിയർ പേരെസ് ഡി ക്വില്ലർ 26,000 ജീവനക്കാരുടെ മേധാവിയാണ്
[കടപ്പാട്]
UN photo