ലൈംഗികതയും വിവാഹവും സംബന്ധിച്ച് സഭയുടെ വീക്ഷണം
ലൈംഗികതയും വിവാഹവും വാസ്തവത്തിൽ ലോകത്തെവിടെയും താല്പര്യമുള്ള വിഷയങ്ങളാണ്. ഒരുപക്ഷെ, ആളുകൾ വളരെ സാധാരണമായി ആലോചനയും മാർഗ്ഗനിർദ്ദേശവും തേടുന്ന മറ്റു വിഷയങ്ങൾ ഇല്ലതന്നെ. ലൈംഗികകാര്യങ്ങൾ സംബന്ധിച്ച് ബൈബിളിന് വളരെയധികം പറയാനുണ്ട്, ഒരു പക്ഷെ മിക്കയാളുകളും തിരിച്ചറിയുന്നതിനേക്കാളധികം തന്നെ. പാശ്ചാത്യലോകത്തിലെ പ്രധാന മതമായ റോമൻ കത്തോലിക്കാ സഭയുടെ കാര്യവും അങ്ങനെതന്നെ.
ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച് അത് പഠിപ്പിച്ചിട്ടുള്ള കാര്യങ്ങളാൽ കത്തോലിക്കാ സഭ അതിലെ ദശലക്ഷക്കണക്കിന് വിശ്വാസികളുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. വിശേഷിച്ചും, പുരോഹിതൻമാരുടെയും കന്യാസ്ത്രീകളുടെയും ജീവിതത്തെ ബാധിച്ചിരിക്കുന്നു. സഭയുടെ പഠിപ്പിക്കലിന് നല്ലതും പ്രയോജനപ്രദവുമായ ഒരു ഫലമുണ്ടായോ അതോ ഒരു ഹീനഫലമുണ്ടായോ? ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച കത്തോലിക്കാസഭയുടെ വീക്ഷണം ബൈബിൾ പഠിപ്പിക്കുന്നതിനോട് എങ്ങനെ പൊരുത്തപ്പെടുന്നു? ഈ ലേഖന പരമ്പര ഈ വിഷയങ്ങൾ സൂക്ഷ്മാവലോകനം നടത്തും.
ലൈംഗികതയും വിവാഹവും സംബന്ധിച്ച റോമൻകത്തോലിക്കാസഭയുടെ മനോഭാവം ഒരു കത്തോലിക്കാ നിഘണ്ടുവിൽ സൂചിപ്പിച്ചിട്ടുണ്ട്, അത് ഇപ്രകാരം പറയുന്നു: “അൾത്താരയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് അവർ വിവാഹത്തേക്കാൾ വിശുദ്ധമായ ജിതേന്ദ്രീയ ജീവിതം [ലൈംഗിക സംഭോഗത്തിൽനിന്നുള്ള സംയമം] ഉള്ളവരായിരിക്കണം . . . എന്നിവയാണ് പുരോഹിതൻമാരുടെമേൽ ബ്രഹ്മചര്യം അടിച്ചേൽപ്പിക്കാൻ സഭയെ പ്രേരിപ്പിച്ചിട്ടുള്ള തത്വങ്ങൾ.”
കത്തോലിക്കാ ഉപദേശമനുസരിച്ച് ലൈംഗിക സംഭോഗത്തിൽനിന്നുള്ള വിട്ടുനില്ക്കൽ “കൂടുതൽ വിശുദ്ധമാണെങ്കിൽ, ഇത് വിവാഹത്തെ എവിടെ നിർത്തും? ഇത് ദീർഘകാലമായി ചരിത്രകാരൻമാരെ കുഴച്ചിട്ടുള്ള ഒരു ചോദ്യമാണ്. അതുകൊണ്ട്, പോൾ ജോൺസൻ എഴുതിയ ക്രിസ്ത്യാനിത്വത്തിന്റെ ഒരു ചരിത്രം ഇപ്രകാരം ചോദിക്കുന്നു: “അതുകൊണ്ട്, ബ്രഹ്മചര്യം മേത്തരവും വിവാഹം നിയമാനുസൃതമെങ്കിലും കീഴ്ത്തരവുമാണെങ്കിൽ, ലൈംഗികത യഥാർത്ഥത്തിൽ തിൻമയാണെന്നും വിവാഹത്തിൽപോലും അത് ലൈസൻസുള്ള ഒരുതരം പാപം ആണെന്നും സൂചിപ്പിക്കുന്നില്ലേ?”
കന്യകാമറിയത്തോട് വർദ്ധിച്ച ഭക്തി കാണിക്കാനുള്ള ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നിർബ്ബന്ധം, വിവാഹം യഥാർത്ഥത്തിൽ പാപമല്ലെങ്കിലും അത് അശുദ്ധമാണെന്ന ധാരണ ലഘൂകരിച്ചിട്ടില്ല. മറിയയുടെ നിത്യകന്യകാത്വം സംബന്ധിച്ച ഉപദേശം ലൈംഗിക ബന്ധങ്ങൾ അശുദ്ധമാണെന്ന ആശയഗതി ചിരകാലം നിലനിർത്തുന്നു. യേശുവിന്റെ ജനനശേഷം പോലും വിവാഹനടപടി ഒരു വിശുദ്ധ സ്ത്രീയെന്ന നിലയിലുള്ള മറിയയുടെ കീർത്തി മലീമസമാകാൻ ഇടയാക്കുമെന്ന് ആ ഉപദേശം സൂചിപ്പിക്കുന്നു.
“ആദിമ പാപത്തിന്റെ രഹസ്യവും” “മറിയയുടെ നിത്യകന്യകാത്വവും” ആത്മാർത്ഥരായ കത്തോലിക്കരെ അലട്ടുന്ന വലിയ പ്രശ്നങ്ങളായി പട്ടികപ്പെടുത്തുന്നതിൽ അധികം അതിശയിക്കാനില്ല. “വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്ന പാപ്പയുടെ അപ്രമാദിത്വവും അവയോടുകൂട്ടാൻ കഴിയും,” എന്ന് കത്തോലിക്കാ എഴുത്തുകാരനായ ജാക്വസ് ഡ്യൂക്കേൻ പ്രസ്താവിക്കുന്നു.
നിസ്സംശയമായും, പാപ്പായുടെ അപ്രമാദിത്വത്തിൽ കത്തോലിക്കർക്കുള്ള വിശ്വാസത്തെ ഏറ്റവും അധികം തുരങ്കം വെച്ച പേപ്പൽ ഉത്തരവ് ഹ്യൂമാനെ വിറ്റെ എന്ന ചാക്രികലേഖനമാണ്. പോൾ VI-ാമൻ 1968-ൽ പുറപ്പെടുവിച്ച ഈ കല്പന, ജനനനിയന്ത്രണത്തിന് കൃത്രിമമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനെ നിരോധിക്കുന്ന ഔദ്യോഗിക കത്തോലിക്കാ ഉപദേശത്തെ വീണ്ടും സ്ഥിരീകരിച്ചു. “ഈ ചാക്രികലേഖനം [കത്തോലിക്കരുടെയിടയിൽ] പ്രതികൂലമായ പ്രത്യാഘാതം സൃഷ്ടിച്ചു, ആധുനിക കാലത്ത് പാപ്പായുടെ പഠിപ്പിക്കലിന്റെ ആധികാരികത്വം സംബന്ധിച് നടന്ന ഏറ്റവും ഉഗ്രമായ ആക്രമണങ്ങൾ എന്ന് വർണ്ണിക്കാവുന്നവതന്നെ. അതുപോലെതന്നെ പുരോഹിതൻമാരുടെ ബ്രഹ്മചര്യം നിലനിർത്താനുള്ള അദ്ദേഹത്തിന്റെ [പോൾ VI-ാമന്റെ] ഉറച്ച നിലപാട് . . . വളരെ പരുഷമായ വിമർശനം ഇളക്കിവിട്ടു,” എന്ന് ബ്രിട്ടാനിക്കാ സർവ്വവിജ്ഞാനകോശം പറയുന്നു.
വിവാഹവും പുരോഹിതൻമാരുടെ ബ്രഹ്മചര്യവും സംബന്ധിച്ച റോമൻ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങൾ കത്തോലിക്കർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നുവെന്നുള്ളത് സ്പഷ്ടമാണ്. സഭ സ്വയം ഈ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുന്നതെന്തുകൊണ്ട്? പുരോഹിതൻമാരുടേയും കന്യാസ്ത്രികളുടേയും മേൽ ബ്രഹ്മചര്യം അടിച്ചേൽപ്പിക്കുന്നതിലേക്കും മറിയയുടെ നിത്യകന്യകാത്വം മുറുകെ പിടിക്കുന്നതിലേക്കും അതിനെ നയിച്ചതെന്ത്? (g85 11/8)