യുദ്ധം എന്തുകൊണ്ട്?
രാഷ്ട്രങ്ങൾ യുദ്ധത്തിനുപോകുന്നതെന്തുകൊണ്ടെന്ന് നിങ്ങൾ എന്നെങ്കിലും അതിശയിച്ചിട്ടുണ്ടോ? നാം ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നെങ്കിൽ നാം സമാധാനത്തിന്റെ താക്കോലും കണ്ടെത്തിയേക്കാം.
ഒരുപക്ഷെ രാഷ്ട്രീയ ശാസ്ത്ര പ്രൊഫസ്സറായ ജോൺ റ്റോസിംഗറിനേപ്പോലെ നിങ്ങൾ പ്രതികരിച്ചേക്കാം: “യുദ്ധത്തിനിടയാക്കുന്നത് ദേശീയത്വമോ സൈനീക മനോഭാവമോ സഖ്യ വ്യവസ്ഥിതിയോ സാമ്പത്തിക ഘടകങ്ങളോ എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത മറ്റേതെങ്കിലും നിർദ്ദയ നിഗൂഢകാര്യങ്ങളോ ആണെന്ന് ഞാൻ കരുതുന്നു. . . . ഇത് സത്യമാണോയെന്ന് ഞാൻ അതിശയിച്ചിരുന്നു. . . . ഏതായാലും യുദ്ധം തുടങ്ങിയത് മനുഷ്യരാണ്. എങ്കിലും യുദ്ധം സംബന്ധിച്ച പരമ്പരാഗത ഗ്രന്ഥങ്ങളിൽ ഈ വ്യക്തിത്വ [മാനുഷ] വശത്തിന് അർഹമായ പ്രാധാന്യം നൽകിയിരുന്നില്ല. (ഇറ്റാലിക്സ് ഞങ്ങളുടേത്) സ്പഷ്ടമായും യുദ്ധത്തിലെ മനുഷ്യഘടകം അവഗണിക്കാവുന്നതല്ല.
യുദ്ധത്തിന്റെ പരിണാമം എന്ന തന്റെ ഗ്രന്ഥത്തിൽ പ്രൊഫസ്സർ ഔർബിൻ സമാനമായ ഒരു നിഗമനത്തിൽ എത്തുന്നു, “സൈനീക സംഘടനകളോ ഭരണ സംഘങ്ങളോ ആയിരുന്നാലും സംഘടനയിലെ അംഗങ്ങൾ എന്ന നിലയിൽ മനുഷ്യരുടെ തീരുമാനങ്ങൾ നിമിത്തമാണ് യുദ്ധം ഉണ്ടാകുന്നത്” എന്നു പറഞ്ഞുകൊണ്ടുതന്നെ. എന്നാൽ യുദ്ധത്തിന്റെ ആന്തരങ്ങൾ ഏവ? അയാളുടെ പഠനം അനുസരിച്ച് അവ അടിസ്ഥാനപരമായി രാഷ്ട്രീയ നിയന്ത്രണവും പ്രദേശവും പിടിച്ചുപറിയും അന്തസ്സും പ്രതിരോധവും പ്രതികാരവും, ആണ്.
യുദ്ധം—നമ്മുടെ ജീനുകളിലോ?
യുദ്ധത്തിന്റെ കാരണങ്ങൾ വിശദീകരിക്കുന്നതിന് പല സിദ്ധാന്തങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, പരിണാമത്തിൽ വിശ്വസിക്കുന്നവർ മനുഷ്യനെ മൃഗജീവന്റെ ഒരു ഉയർന്ന രൂപമായി മാത്രം കാണുന്നു, മൃഗത്തിലെ ആക്രമണ—പ്രതിരോധ ചേഷ്ടകൾ ഇപ്പോഴും നിലനിർത്തുന്ന ഒന്നായിട്ടുതന്നെ. ആക്രമണ സ്വഭാവം മനുഷ്യന്റെ സഹജ വാസനയാണെന്ന് അത് അവന്റെ ജീനുകളിൽ ഉണ്ടെന്ന് അവർ വാദിക്കുന്നു. ജന്തുശാസ്ത്രജ്ഞനായ ഇറേനിയസ് ഏബൽ—ഏബസ് ഫെൽഡ് യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ജീവശാസ്ത്രത്തിൽ ഇപ്രകാരം എഴുതി: “നമ്മുടെ അടുത്ത ബന്ധുക്കളായ വലിയ കുരങ്ങൻമാർക്ക് ഗണ്യമായ ആക്രമണ ശേഷിയുണ്ട്, പ്രാദേശിക സ്വഭാവം ഉള്ളവരും ആണ്. . . . നമ്മുടെ മാനുഷിക ആക്രമണസ്വഭാവം പ്രധാനമായും ഒരു പുരാതന പൈതൃകാവകാശം ആയിരിക്കാമെന്ന് ഇത് ശക്തിയായി സൂചിപ്പിക്കുന്നു.”
മനുഷ്യന് ആക്രമിക്കാനുള്ള ഒരു പ്രചോദനം ഉണ്ടെന്ന് “അവൻ യുദ്ധത്തിനുപോകാനിടയാക്കുന്ന പ്രചോദനം നൽകുന്ന ശക്തമായ സഹജ വാസന” അതാണെന്നും ആധുനിക സ്വഭാവശാസ്ത്രത്തിന്റെ ഓസ്ട്രിയൻ സ്ഥാപകനായ കോൺറാഡ് ലോറൻസ് ഉറപ്പിച്ചു പറയുന്നു—അതിലംഘനത്തിൽ
നേരേമറിച്ച് ഒരു ചരിത്ര പ്രൊഫസറായ സ്യൂ മാൻസ്ഫീൽഡ് ആ നിഗമനത്തെ വെല്ലുവിളിക്കുന്നു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “ചരിത്രകാലത്തെ മിക്ക സംസ്ക്കാരങ്ങളും യുദ്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യരിൽ ഭൂരിപക്ഷവും പങ്കാളികളായിരുന്നിട്ടില്ല.” ഗവൺമെൻറുകൾക്ക് നിർബ്ബന്ധിത സൈനീക സേവനം ആവശ്യപ്പെടേണ്ടിവന്നിട്ടുണ്ടെന്നുള്ള വസ്തുതയും ആളുകൾ പൊതുവിൽ ആക്രമണവും കൊലയും വലിയ ഉത്സാഹത്തോടെ കാണുന്നില്ലെന്ന് സൂചിപ്പിക്കുന്നു, അവ വെറും അബോധ പ്രവർത്തനങ്ങളായിട്ടും കാണാൻ കഴിയില്ല. പ്രൊഫസർ മാൻസ്ഫീൽഡ് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “യുദ്ധം സാധാരണയായി ന്യൂനപക്ഷത്തിന്റെ അനുഭവമായിരുന്നു എന്ന് ചരിത്രരേഖ സൂചിപ്പിക്കുന്നു.”
ഇക്കാലത്ത് ആ ന്യൂനപക്ഷം അങ്ങേയറ്റം പരിശീലിതരും യോഗ്യരും ആണ്. കൂടാതെ, പീരങ്കികളുടെയും ബോംബുകളുടെയും മിസൈലുകളുടെയും കണ്ടുപിടുത്തത്തോടെ യുദ്ധവും കൊലയും കൂടുതൽ പൊതുവെയുള്ളതായിത്തീർന്നിരിക്കുന്നു. ഭൂതകാലയുദ്ധങ്ങളിൽനിന്ന് വ്യത്യസ്തമായി വിദഗ്ദ്ധരായ ആ ന്യൂനപക്ഷത്തിന് തങ്ങളുടെ ഇരകളെ കാണാതെയും അറിയാതെയും കൊലനടത്താൻ കഴിയും. എന്നാൽ അവർക്ക് ശത്രുവിനെ അറിയില്ലെങ്കിൽ ആളുകൾ യുദ്ധം ചെയ്യാൻ എങ്ങനെ പ്രചോദിതരായിത്തീരും?
പ്രചരണത്തിന്റെ പങ്ക്
ചിലപ്പോൾ അയൽക്കാർ വഴക്കുകൂടുന്നു. എന്നാൽ വിരളമായേ അത് രക്തച്ചൊരിച്ചിലിലേക്ക് നയിക്കുന്നുള്ളു. ഒന്നാമതായി, ദേശത്തെ നിയമം സഹ പൗരനെ കയ്യേറ്റം ചെയ്യുന്നതിനെയും കൊല നടത്തുന്നതിനെയും നിരോധിക്കുന്നു. എന്നാൽ യുദ്ധ സമയത്ത് ആളുകൾ പൊതുവിൽ തങ്ങളുടെ “ശത്രുക്കളെ” അറിയുന്നില്ലെങ്കിൽ പോലും ആ വിലക്ക് ശത്രുരാജ്യത്തെ പൗരൻമാർക്ക് ബാധകമാകുന്നില്ല. ശത്രുവിനെ സംബന്ധിച്ച് അവർക്കറിയാവുന്നത് രാഷ്ട്രീയ നിയന്ത്രിത മാദ്ധ്യമങ്ങളിലൂടെ കോരിക്കൊടുത്ത് അവരെ വിശ്വസിപ്പിക്കുന്ന കാര്യങ്ങൾ മാത്രമാണ്.
ഇത് ഏതു രാഷ്ട്രത്തിലെയും ജീവിത യാഥാർത്ഥ്യമാണ്. ഇറേനിയസ് ഏബൽ—ഏബസ് ഫേൽഡ് എഴുതിയതുപോലെ: “വ്യാജവും ഏകപക്ഷീയവുമായ വിവരങ്ങൾ നൽകിക്കൊണ്ട് സമ്മതിദായകരെ വഞ്ചിക്കുന്ന സ്വാർത്ഥ സമൂഹങ്ങൾ (രാഷ്ട്രീയക്കാർ ആയുധ നിർമ്മാതാക്കൾ, സൈന്യം) ആണ് പൊതുജനാഭിപ്രായം രൂപീകരിക്കുന്നത്.” അതുപോലെ ചരിത്രകാരനായ എച്ച്. ഈ. ബാൺസ് ഇപ്രകാരം എഴുതി: “ഫ്രഞ്ച് വിപ്ലവത്തിലെ യുദ്ധങ്ങൾ മുതൽ . . . നിർബ്ബന്ധിതവും നിർലോഭവുമായ പ്രചാരണം തുടർന്നിരിക്കുന്നു, സർവ്വസാധാരണമായ വൈമനസ്യത്തിനും എതിർപ്പിനും പ്രശ്നങ്ങളുടെ വസ്തുനിഷ്ഠമായ വിചിന്തനത്തിനും എതിരായി യുദ്ധത്തെ സംരക്ഷിക്കുന്നതിന് വലിയ അളവിൽ വർദ്ധിക്കുകയും ചെയ്തിരിക്കുന്നു.”
തൽഫലമായി, “ഏതൊരുവനും കൊലചെയ്യുകയും ഒരുപക്ഷെ മരിക്കുകയും ചെയ്യുന്ന ഒരുവസ്ഥയിലേക്ക് മനസ്സോടെ പ്രവേശിക്കാൻ തക്കവണ്ണം അയാളെ വശീകരിക്കാനും പ്രവർത്തിപ്പിക്കാനും കഴിയും.” (ഗ്വിൻ ഡയറിനാലുള്ള, യുദ്ധം) അങ്ങനെ അവരുടെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനശക്തി ഉപയോഗിച്ച് രക്തപ്പുഴയൊഴുക്കാൻ സാമാന്യജനങ്ങളെ ഒരുക്കുന്നതിന് “പ്രമാണിമാർക്ക്” വാർത്താമാദ്ധ്യമങ്ങളെ നിയന്ത്രിക്കാൻ കഴിയും.
ഭരണം നടത്തുന്ന നാസി പ്രമാണിമാരുടെ നായകൻമാരായിരുന്ന അഡോൾഫ് ഹിറ്റ്ലറും, ജോസഫ് ഗോബൽസും മനസ്സുനിയന്ത്രിക്കുന്നതിന്റെയും സാമാന്യജനങ്ങളെ കബളിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം നന്നായി അറിയാവുന്നവരായിരുന്നു. ഹിറ്റ്ലർ 1939 ആഗസ്റ്റ് 24-ന് ഉയർന്ന ഓഫീസർമാരുടെ ഒരു സംഘത്തിൻ മുമ്പാകെ പോളണ്ടിനെ ആക്രമിക്കാനുള്ള തന്റെ പദ്ധതി വിവരിച്ചു: “ഞാൻ ഒരു പ്രചാരകന് യുദ്ധം തുടങ്ങുന്നതിന്റെ കാരണം നൽകാം. അത് ന്യായമാണോ അല്ലയോ എന്നത് പ്രശ്നമല്ല. . . . യുദ്ധം തുടങ്ങി നടത്തിക്കൊണ്ടുപോകുന്നതിൽ ഔചിത്യമല്ല പ്രശ്നം പിന്നെയോ വിജയമാണ്.”
അതുകൊണ്ട് ഒരു രാഷ്ട്രം മറ്റൊന്നിനെതിരെ എഴുന്നേൽക്കുന്നതിന് ഒരു പ്രചോദനം ജനിപ്പിക്കപ്പെടണമെന്നുള്ളത് വ്യക്തമാണ്. എന്നാൽ യുദ്ധപ്പനി ഉൽപ്പാദിപ്പിക്കുന്നതിലെ മുഖ്യഘടകം എന്താണ്?
തീരുമാനങ്ങൾ ചെയ്യുന്നതാര്?
ഓസ്ട്രിയൻ ധനകാര്യവിദഗ്ദ്ധനായ ഷുംപ്റ്റർ ഇപ്രകാരം എഴുതി: “ഭരിക്കുന്നവരുടെ സ്വാർത്ഥ താല്പര്യങ്ങളും ഒരു യുദ്ധനയത്തിൽ നിന്ന് വ്യക്തിപരമായി, സാമ്പത്തികമായോ സാമൂഹികമായോ, നേട്ടം അനുഭവിക്കുന്ന എല്ലാവരുടെയും സ്വാധീനവും ആണ് യുദ്ധത്തിനുള്ള ചൈതന്യത്തെ മുഖ്യമായും ഊട്ടിവളർത്തുന്നത്.” “അധികാരത്തിൽ കടിച്ചു തൂങ്ങുന്നതിന് ജനതതിയുടെ മറ്റു ഘടകങ്ങളെയോ പൊതുജന മനോഭാവത്തെയോ ചൂഷണം ചെയ്യാൻ എപ്പോഴും ശ്രമിക്കുന്ന പ്രമാണിമാർ” എന്ന് ഭരിക്കുന്ന ഈ വർഗ്ഗത്തെ നിർവ്വചിച്ചിരിക്കുന്നു.—യുദ്ധം എന്തിന്? പ്രൊഫസർമാരായ നെൽസനും ഓലിനും ചേർന്ന് എഴുതിയത്.
ഏതൊരു രാഷ്ട്രത്തിനും അതിന്റെ ഭരിക്കുന്ന വർഗ്ഗമുണ്ട്, ആ സംഘം വിഭിന്ന രാഷ്ട്രീയ ഘടകങ്ങളായി പിരിഞ്ഞിരിക്കുന്നെങ്കിൽ തന്നെയും. എന്നിരുന്നാലും ഓരോ രാഷ്ട്രത്തിലെയും സൈന്യശക്തിയെ വിലകുറച്ചുകാണരുതെന്ന് അനേകരും കരുതുന്നു. മുൻ യു. എൻ. സ്ഥാനപതിയായ ജോൺ. കെ. ഗാൾബ്രത് സൈനീക വ്യവസ്ഥാപനത്തെ “സ്വയം ഭരണാവകാശമുള്ള ഗവൺമെൻറുകളിൽ ഇതുവരെയുള്ളതിലുംവെച്ച് ഏറ്റവും ശക്തമായവ” എന്ന് വർണ്ണിക്കുന്നു. അയാൾ തുടരുന്നു: “സൈന്യത്തിന്റെ ശക്തിയിൽ ശക്തിയുടെ പ്രധാന ഉറവിടങ്ങൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്, പിന്നെയോ . . . അത് പ്രയോഗത്തിൽ വരുത്താനുള്ള എല്ലാ ഉപകരണങ്ങളും ഉൾപ്പെട്ടിരിക്കുന്നു. . . . ശക്തിയുടെ മറ്റേതു പ്രയോഗത്തേക്കാളും നമ്മുടെ കാലത്ത് അത് പൊതുജനങ്ങളിൽ വലിയ അസ്വസ്ഥത ഉളവാക്കുന്ന സംഗതിയാണ്.”
ഐക്യനാടുകളിലെ സൈനീക സ്ഥാപനത്തെ പരാമർശിച്ചുകൊണ്ട് ഗൾബ്രത് തന്റെ ആശയം തെളിയിക്കുന്നു. “സമാനമായ മറ്റേത് ശക്തിയേക്കാൾ കവിഞ്ഞ” സമ്പത്ത് അതിനുണ്ട്. “അതിൽ സായുധ സൈന്യത്തിനും പൗരജനങ്ങളുടെ സൈനീക പ്രസ്ഥാനത്തിനും ലഭ്യമായവ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്, പിന്നെയോ ആയുധ വ്യവസായികളിലേക്ക് ഒഴുക്കുന്നതും ഉൾപ്പെടുന്നു.” സോവ്യറ്റ് യൂണിയനിലും മറ്റ് പല രാജ്യങ്ങളിലും സമാനമായ ഒരവസ്ഥ സ്ഥിതിചെയ്യുന്നുണ്ടെന്നുള്ളതിന് സംശയമില്ല. അന്യോന്യമുള്ള സംഹാരത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു യുദ്ധത്തിന്റെ അപകടവും സ്ഥിതിചെയ്യുന്നു. സൈനീക സ്ഥാപനത്തിന്റെ സ്വാധീനശക്തി രാഷ്ട്രീയ സ്ഥാപനത്തിന്റേതിനേക്കാൾ വർദ്ധിച്ചിരിക്കുന്നു.
മതം യുദ്ധത്തെ സ്വാധീനിക്കുന്നതെങ്ങനെ?
മതം പല രാജ്യങ്ങളിലും ക്ഷയിക്കുകയാണെങ്കിലും തീരുമാനമെടുക്കുന്ന പ്രമാണി സംഘത്തിൽ പുരോഹിതൻമാരെയും ഉൾപ്പെടുത്താൻ കഴിയും. അതിലുപരി, ചില യുദ്ധങ്ങളുടെ പിന്നിലുള്ള പ്രചോദനശക്തി മതമായിരുന്നിട്ടുണ്ട്, ഇപ്പോഴും അങ്ങനെയാണ്. സുന്നി മുസ്ലിം ഇറാക്കിനെതിരെ യുദ്ധം ചെയ്യുന്ന ഷിയ മുസ്ലീം ഇറാൻ വ്യക്തമായ ഒരു ദൃഷ്ടാന്തമാണ്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിലും സമാനമായ ഒരു അവസ്ഥ സ്ഥിതി ചെയ്യുന്നു. പ്രൊഫസർ റ്റോസിംഗർ ഇപ്രകാരം പ്രസ്താവിക്കുന്നു: “ചരിത്രത്തിൽ ഏറ്റവും അധികം മ്ലേച്ഛമായ മതയുദ്ധം ഇസ്ലാമിനെതിരെയുള്ള ക്രിസ്ത്യൻ കുരിശുയുദ്ധങ്ങളോ പ്രൊട്ടസ്റ്റൻറുകാർക്കെതിരെ പടവെട്ടിയ കത്തോലിക്കരുടെ മുപ്പതുവർഷത്തെ യുദ്ധമോ അല്ല. അത് ഹിന്ദുക്കളും മുസ്ലീംകളും തമ്മിലുള്ള 20-ാം നൂറ്റാണ്ടിലെ യുദ്ധമായിരുന്നു. ആ ശത്രുത ഇളക്കിവിട്ടത് എന്തായിരുന്നു? അത് 1947-ൽ നടന്ന ഇന്ത്യാ പാക്കിസ്ഥാൻ വിഭജനമായിരുന്നു. അതിന്റെ ആദ്യത്തെ ഫലം “ബൃഹത്തായ ഒരു ജനസംഖ്യാ കൈമാറ്റം ആയിരുന്നു, ഒരു പക്ഷെ ചരിത്രത്തിൽ ഏറ്റവും ബൃഹത്തായതു തന്നെ.” എഴുപത് ലക്ഷത്തിലധികം ഹിന്ദുക്കൾ പാക്കിസ്ഥാനിലെ പീഡനം ഭയപ്പെട്ട് സംഭ്രാന്തരായി ഇന്ത്യയിൽ അഭയം തേടി. പാക്കിസ്ഥാനി മണ്ണിലെ സുരക്ഷിതത്വം തേടി അത്രത്തോളം മുസ്ലീംകൾ ഇന്ത്യയിൽ നിന്നും പലായനം ചെയ്തു. ഈ ജനസംഖ്യാ കൈമാറ്റത്തോടൊപ്പം മതവിദ്വേഷം നിമിത്തം വളരെയധികം അക്രമവും രക്തച്ചൊരിച്ചിലും ഉണ്ടായി.”—രാഷ്ട്രങ്ങൾ യുദ്ധത്തിനുപോകുന്നത് എന്തുകൊണ്ട്?
ചരിത്രത്തിലുടനീളം പുരോഹിതവർഗ്ഗം ഭരിക്കുന്ന പ്രമാണി വർഗ്ഗത്തിന്റെ കൂട്ടാളികളായിരുന്നിട്ടുണ്ട്. യുദ്ധകാലത്ത് മതനേതാക്കൻമാർ ദൈവ നാമത്തിൽ ഇരുപക്ഷത്തുമുള്ള ആയുധങ്ങളെയും സൈന്യങ്ങളെയും ഭക്തിപൂർവ്വം അനുഗ്രഹിച്ചിട്ടുണ്ട്, ഒരേ മതത്തിൽ പെട്ടവരാണെങ്കിൽ പോലും. ഈ നിന്ദ അനേകം ആളുകളെ മതത്തിൽ നിന്നും ദൈവത്തിൽനിന്നും പിന്തിരിപ്പിച്ചിരിക്കുന്നു.
ദേശീയത്വം—ഭിന്നിപ്പിക്കുന്ന “വിശുദ്ധ അഹന്ത”
ചിലപ്പോൾ ജനം ഒരു യുദ്ധത്തിന് അനുകൂലമല്ല. അപ്പോൾ തങ്ങളുടെ ലക്ഷ്യങ്ങളെ പിന്താങ്ങുന്നതിന് ഭരണാധികാരികൾക്ക് ജനതതിയെ ഏറ്റവും എളുപ്പം വശീകരിക്കാൻ കഴിയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഐക്യനാടുകൾ വിയറ്റ്നാമിൽ അഭിമുഖീകരിച്ച പ്രശ്നം അതായിരുന്നു. അതുകൊണ്ട് ഭരിക്കുന്ന പ്രമാണിമാർ എന്തു ചെയ്തു? ഗാൾബ്രത് ഇപ്രകാരം ഉത്തരം നൽകുന്നു: “വിയറ്റ്നാം യുദ്ധം ഐക്യനാടുകളിലെ ആധുനിക കാലത്തെ സാമുദായിക അവസ്ഥയിൽ [പൊതുജനാഭിപ്രായം ക്രമീകരിക്കുന്നതിൽ] അത്യന്തം വ്യാപകമായ പരിശ്രമങ്ങൾ ഉളവാക്കി. അമേരിക്കൻ ജനതക്ക് യുദ്ധം ആവശ്യവും അംഗീകാരയോഗ്യവും ആണെന്ന് തോന്നിക്കാനുള്ള ശ്രമത്തിൽ യാതൊന്നും ഒഴിവാക്കപ്പെട്ടില്ല.” അത് ഒരു ജനതയെ യുദ്ധത്തിന് മയപ്പെടുത്തിയെടുക്കാൻ ഏറ്റവും എളുപ്പമുള്ള ആയുധം ചൂണ്ടിക്കാണിക്കുന്നു. അത് എന്താണ്?
പ്രൊഫസർ ഗാൾബ്രത് വീണ്ടും ഉത്തരം നൽകുന്നു: “എല്ലാരാജ്യങ്ങളിലെയും വിദ്യാലയങ്ങൾ ദേശഭക്തിയുടെ തത്വങ്ങൾ മനസ്സിൽ പതിപ്പിക്കുന്നു. . . . സൈനീക—വിദേശ നയങ്ങൾക്കുള്ള വിധേയത്വം നേടുന്നതിൽ എല്ലാവരും പതാകക്കുചുറ്റും അണിനിരക്കുന്നത് ആവശ്യമാക്കിത്തീർക്കുന്ന ക്രമപ്പെടുത്തൽ വിശേഷാൽ പ്രധാനമാണ്. ഈ ക്രമപ്പെടുത്തൽ പാശ്ചാത്യ രാഷ്ട്രങ്ങളേപ്പോലെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിലവിലിരിക്കുന്നു.
യു. എസ്. വിദേശസേവനത്തിലും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിലും അനുഭവസമ്പന്നനായ ചാൾസ് യോസ്റ്റ് ഇപ്രകാരം പ്രസ്താവിക്കുന്നു: “രാഷ്ട്രങ്ങളുടെ അരക്ഷിതത്വത്തിന്റെ പ്രാഥമീക കാരണം നിലനിൽക്കുന്നു, രാഷ്ട്രങ്ങൾ അത്യന്തം അഹങ്കരിക്കുന്ന ഗുണംതന്നെ—അതായത്, അവരുടെ പരമാധികാര സ്വാതന്ത്ര്യം, അവരുടെ വിശുദ്ധ അഹന്ത, അവരുടേതിനേക്കാൾ വിശാലമോ ഉയർന്നതോ ആയ മറ്റേതു താല്പര്യത്തിനും കീഴ്പ്പെടാതിരിക്കൽ എന്നിവതന്നെ.” “ഈ വിശുദ്ധ അഹന്ത” ഭിന്നതയുണ്ടാക്കുന്ന ദേശീയവാദത്തിൽ, ഏതെങ്കിലും ഒരു രാഷ്ട്രം മറ്റെല്ലാറ്റിനേക്കാളും ശ്രേഷ്ഠമാണെന്ന ഹാനികരമായ ഉപദേശത്തിൽ കൂട്ടുചേർന്നിരിക്കുന്നു.
ചരിത്രകാരനായ ആർനോൾഡ് ടോയിൻബി ഇപ്രകാരം എഴുതി: “ദേശീയത്വത്തിന്റെ ആത്മാവ് വർഗ്ഗമനസ്ഥിതിയാകുന്ന പഴയ കുപ്പികളിലെ പുതുവീഞ്ഞായ ജനാധിപത്യത്തിന്റെ ഒരു പുളിപ്പാണ്.” അധികാരവും അധാർമ്മികതയും എന്ന ഗ്രന്ഥത്തിൽ ഡോ. ലോപ്പസ്—റോയ്സ് ഇപ്രകാരം എഴുതി: “പരമാധികാരം ഇപ്പോഴത്തെ യുദ്ധങ്ങളിൽ ഒരു പ്രധാന കാരണമാണ്; . . . മാറ്റം വരുത്തുന്നില്ലെങ്കിൽ പരമാധികാര രാഷ്ട്രങ്ങളുടെ വ്യവസ്ഥിതി മൂന്നാം ലോകമഹായുദ്ധത്തിന് കാഞ്ചിവലിച്ചുവിടും.” ദേശീയത്വത്തിനും പരമാധികാരത്തിനും കൊടുക്കുന്ന ഊന്നൽ, ഭാഷാപരവും സാംസ്ക്കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽതന്നെയും നാമെല്ലാം ഒരു മാനുഷകുടുംബത്തിൽ ഉൾപ്പെടുന്നവരാണെന്നുള്ള അടിസ്ഥാന സങ്കൽപ്പത്തെ നിഷേധിക്കുന്നു. ആ നിഷേധം യുദ്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
കൊള്ളാം, മനുഷ്യൻ തന്റെ സ്വന്തം വർഗ്ഗത്തിൽ പെടുന്നവരെ നശിപ്പിക്കാൻ മുതിരുന്നതിന്റെ കാരണം സംബന്ധിച്ച് എല്ലാത്തരം വിശദീകരണങ്ങളും നൽകാൻ വിദഗ്ദ്ധർക്കു കഴിയും. എങ്കിലും മിക്ക നിരൂപകരും അവഗണിക്കുന്ന ഒരു പ്രധാന ഘടകം ഉണ്ട്.
യുദ്ധത്തിന്റെ മറഞ്ഞുകിടക്കുന്ന കാരണം
മനുഷ്യവർഗ്ഗത്തെ അഗാധമായി ബാധിക്കുന്ന വളരെ വലിയ ഒരു ഏറ്റുമുട്ടൽ സംബന്ധിച്ച വിവരണം പരിഗണിക്കാതെ യുദ്ധചരിത്രവും അതിന്റെ കാരണവും പരിചിന്തിച്ചുകൂടാത്തതാണ്. അത് ബൈബിളിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു. ശക്തനായ ഒരു ആത്മജീവി സ്വാർത്ഥ അഭിലാഷത്താൽ നയിക്കപ്പെട്ട് ദൈവത്തിനെതിരെ മത്സരിച്ചതയി ഈ പുരാതന പുസ്തകം നമ്മോടു പറയുന്നു. (ഇയ്യോബ് 1:6-12; 2:1-7) അവൻ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു മത്സരം തുടങ്ങിവെക്കുകയും അതോടുകൂടെ മനുഷ്യ കുടുംബത്തിലേക്ക് അനുസരണക്കേടും അപൂർണ്ണതയും പാപവും മരണവും ആനയിക്കുകയും ചെയ്തു. (ഉല്പത്തി 3:1-7) അതുകൊണ്ട് യേശു ഭൂമിയിലായിരുന്നപ്പോൾ ഇപ്രകാരം പറഞ്ഞുകൊണ്ട് തന്റെ മത എതിരാളികളെ തിരിച്ചറിയിക്കാൻ കഴിഞ്ഞു: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ് . . . അവൻ തുടക്കം മുതൽ ഒരു മാനുഷഘാതകനായിരുന്നു, അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിൽ ഉറച്ചു നിൽക്കുന്നില്ല. . . . അവൻ ഒരു നുണയനും ഭോഷ്ക്കിന്റെ പിതാവും ആകുന്നു.”—യോഹന്നാൻ 8:44.
മത്സരിയായ ഈ ആത്മജീവി പിശാചായ (ദൂഷകൻ, എന്നർത്ഥം) സാത്താൻ (എതിരാളി, എന്നർത്ഥം) ആയിരക്കണക്കിന് വർഷങ്ങളായി ജനതകളെ വിഭജിച്ച് ഭരിച്ചിരിക്കുന്നു. രാഷ്ട്രീയ അധികാരത്തിലൂടെ അവൻ രാഷ്ട്രങ്ങളുടെ മേൽ അദൃശ്യനിയന്ത്രണം നേടിയിരിക്കുന്നു. അത്തരത്തിലുള്ള ഒരു നിഗമനത്തിന് നമുക്ക് എന്തടിസ്ഥാനമാണുള്ളത്? അവൻ ക്രിസ്തുവിനെ പരീക്ഷിച്ചപ്പോൾ അവന് “ലോകത്തിലുള്ള സകല രാജ്യത്വങ്ങളും അവയുടെ മഹത്വവും” അവനെ കാണിച്ചുകൊടുക്കാനും ഇപ്രകാരം പറയാനും കഴിഞ്ഞുവെന്ന വസ്തുത തന്നെ: “നീ വീണ് എനിക്ക് ആരാധനയുടെ ഒരു ക്രിയ ചെയ്താൽ ഇതെല്ലാം ഞാൻ നിനക്കു നൽകാം. “ലോകത്തിലെ സകല രാജത്വങ്ങളുടേയും” മേലുള്ള സാത്താന്റെ നിയന്ത്രണത്തെ യേശു നിഷേധിച്ചില്ല. അവൻ ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രലോഭനത്തെ തള്ളിക്കളഞ്ഞു: നീ നിന്റെ ദൈവമായ യഹോവയെ ആരാധിക്കണം, അവനു മാത്രമാണ് നീ വിശുദ്ധ സേവനം അനുഷ്ഠിക്കേണ്ടത്.”—മത്തായി 4:1, 8-10.
സാദ്ധ്യമായ ഏത് രാഷ്ട്രീയ തന്ത്രവും തിരിവും ഉപയോഗിച്ച് സാത്താൻ സമാധാനത്തിനുള്ള ഏകയഥാർത്ഥമാർഗ്ഗത്തിൽ നിന്ന് മനുഷ്യവർഗ്ഗത്തെ പിന്തിരിപ്പിച്ചിരിക്കുന്നു. മനുഷ്യവർഗ്ഗത്തിൽ ബഹുഭൂരിപക്ഷവും പരസ്പര വിരുദ്ധമായ രാഷ്ട്രീയ വ്യവസ്ഥിതികളോട് കൂറുള്ളവരാണ്. അവർ മാനവരാശിക്ക് യഥാർത്ഥ സമാധാനം കൈവരുത്തുകയില്ല, അവർക്ക് അതിന് കഴിയുകയുമില്ല, കാരണം അവർ വ്യാജദൈവമായ—“മുഴു‘നിവസിത ഭൂമിയേയും വഴിതെറ്റിക്കുന്ന “ദൈവം—സാത്താന്റെ സ്വാധീനത്തിലാണ്. തൽഫലമായി, അവർ വ്യക്തമായ അഥവാ നിരുപാധികമായ സമാധാനത്തിനുള്ള ഏക യാഥാർത്ഥ്യമാർഗ്ഗത്തെ ത്യജിക്കുന്നു.—വെളിപ്പാട് 12:9; 2 കൊരിന്ത്യർ 4:4.
എന്നാൽ നിങ്ങൾ ഇപ്രകാരം ചോദിച്ചേക്കാം, ‘സമാധാനം ഒരു യാഥാർത്ഥ്യമാക്കിത്തീർക്കാനുള്ള യഥാർത്ഥ മാർഗ്ഗം ഏതാണ്? അത്തരത്തിലുള്ള ഒരു മാറ്റം കൈവരുത്തുന്നതെന്താണ്? ആ സമാധാനം അവകാശമാക്കുന്നതിന് ഞാൻ എന്തു ചെയ്യണം?’ അടുത്ത ലേഖനം ഈ ചോദ്യങ്ങൾ പരിചിന്തിക്കും. (g86 2/8)
[5-ാം പേജിലെ ചിത്രം]
പ്രചരണത്തിനും ദേശീയ ഉദ്ബോധനത്തിനുമുള്ള നാസി മന്ത്രിയായ ജോസഫ് ഗോബെൽസ്, “നാസി ഭരണത്തിന്റെ മുഖ്യ പ്രചാരകൻ”
[കടപ്പാട്]
U.S. Library of Congress
[6-ാം പേജിലെ ചിത്രം]
ഇറാൻ—ഇറാക്ക് യുദ്ധം തെളിയിക്കുന്നതുപോലെ മതം ഇപ്പോഴും യുദ്ധത്തിനിടയാക്കുന്നു
[കടപ്പാട്]
I. Shateri/Gamma-Liaison