യുദ്ധങ്ങൾ ഒഴിച്ചുകൂടാനാവാത്തവയോ?
വാർത്തയിലെ ദുഃഖമുളവാക്കുന്ന ഒരു ഭാഗമാണു യുദ്ധം. കൊടുംക്രൂരതയെക്കുറിച്ചുള്ള ആ വാർത്താബുള്ളററിനുകൾ നിങ്ങളെ നിസ്സംശയമായും അമ്പരപ്പിക്കുന്നു. ആയുധങ്ങൾ എന്തിന് ഒട്ടനവധി തർക്കങ്ങളുടെ മാധ്യസ്ഥരായിരിക്കണം എന്നു സംശയിക്കാൻ ഒരുപക്ഷേ ആ ബുള്ളററിനുകൾ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. സമാധാനത്തോടെ ജീവിക്കാൻ മനുഷ്യർ ഒരിക്കലും പഠിക്കുകയില്ലേ?
യുദ്ധമെന്ന മഹാമാരിക്കുള്ള മരുന്ന് എയ്ഡ്സിനുള്ള പ്രതിവിധിയെക്കാൾ കണ്ടുപിടിക്കുക അസാധ്യമാണെന്നു തോന്നുന്നു. ഇരുപതാം നൂററാണ്ടിൽ രാഷ്ട്രങ്ങളെല്ലാം യുദ്ധസന്നാഹമൊരുക്കി, ലക്ഷക്കണക്കിനു പുരുഷൻമാർ യുദ്ധത്തിനായി അയയ്ക്കപ്പെട്ടു, നൂറുകണക്കിനു നഗരങ്ങൾ കൽക്കൂമ്പാരങ്ങളായി മാറി. ഈ കൂട്ടസംഹാരത്തിന് ഒരറുതി ഉണ്ടെന്നു തോന്നുന്നില്ല. ആദായകരമായ ആയുധവ്യാപാരം, ലോകത്തിലെ സൈന്യങ്ങളും—ഒളിപ്പോരാളികളും—തുടർന്നും ഉഗ്രമായി പൊരുതിക്കൊണ്ടിരിക്കുമെന്ന് ഉറപ്പുവരുത്തുന്നു.
യുദ്ധായുധങ്ങൾ കൂടുതൽ മാരകമായിത്തീർന്നതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം കുതിച്ചുയർന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ പടപൊരുതിയ 6 കോടി 50 ലക്ഷം പട്ടാളക്കാരിൽ പകുതിയിലേറെപ്പേർ കൊല്ലപ്പെടുകയോ മുറിവേൽപ്പിക്കപ്പെടുകയോ ചെയ്തു. ഏതാണ്ട് 30 വർഷം കഴിഞ്ഞപ്പോൾ കേവലം രണ്ട് ആററംബോംബുകൾ 1,50,000-ത്തിലേറെ ജപ്പാൻകാരുടെ ജീവനൊടുക്കി. രണ്ടാം ലോകമഹായുദ്ധംമുതൽ പോരാട്ടങ്ങൾ കൂടുതലും പ്രാദേശികമായാണു നടന്നിരിക്കുന്നത്. എന്നിരുന്നാലും അവ മാരകമാണ്, പ്രത്യേകിച്ചും സാധാരണക്കാർക്ക്. കാരണം കൊല്ലപ്പെടുന്നവരിൽ 80 ശതമാനം പേരും സാധാരണ ജനങ്ങളാണ്.
വിരോധാഭാസമെന്നോണം രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള ഒരു മാർഗമായി യുദ്ധം ചെയ്യുന്നതു തടയാൻ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ശ്രമങ്ങൾ നടന്നിട്ടുള്ള ഒരു കാലഘട്ടത്തിലാണ് ഈ കൂട്ടക്കശാപ്പു നടന്നിരിക്കുന്നത്. അടുത്ത കാലത്തു ശീതസമരം അവസാനിച്ചപ്പോൾ സമാധാനമുള്ള ഒരു പുതിയ ലോകക്രമം ഉദയം ചെയ്തേക്കാമെന്നുള്ള പ്രതീക്ഷകൾ വലുതായിരുന്നു. എന്നാൽ ആഗോള സമാധാനം എന്നത്തെയും പോലെ ഒരു വ്യാമോഹമായി മാത്രം നിലകൊള്ളുന്നു. എന്തുകൊണ്ട്?
ജീവശാസ്ത്രപരമായ ഒരു ആവശ്യകത?
യുദ്ധങ്ങൾ അതിജീവനത്തിനു വേണ്ടിയുള്ള പരിണാമപരമായ ഒരു പോരാട്ടത്തിന്റെ ഭാഗമായതുകൊണ്ടു മാത്രം അവ ഒഴിച്ചുകൂടാനാവാത്തതാണെന്ന്—ആവശ്യമാണെന്നുപോലും—ചില ചരിത്രകാരൻമാരും നരവംശശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അത്തരം ചിന്താഗതിയാൽ സ്വാധീനിക്കപ്പെട്ട്, “ജീവശാസ്ത്രപരവും സാമൂഹികവും ധാർമികവുമായ പുരോഗതിക്കു വേണ്ടിയാണ്” യുദ്ധം ചെയ്യുന്നതെന്ന് 1914-ൽ സൈനിക വിശകലനവിദഗ്ധനായ ഫ്രെഡറിക് വോൺ ബർണാർഡി വാദിച്ചു. ഏററവും അനുയോജ്യമായവയെ അവശേഷിപ്പിക്കുമ്പോൾ ദുർബലമായ വ്യക്തികളെയോ രാഷ്ട്രങ്ങളെയോ പിഴുതുകളയാനുള്ള ഒരു മാർഗമാണു യുദ്ധം എന്നതായിരുന്നു ഈ സിദ്ധാന്തം.
അത്തരമൊരു വാദഗതി, യുദ്ധത്തിന്റെ ഫലമായി വിധവകളും അനാഥരുമായിത്തീർന്ന ലക്ഷക്കണക്കിന് ആളുകളെ ആശ്വസിപ്പിക്കുകയില്ല. ധാർമികമായി അറപ്പുളവാക്കുന്നു എന്നതു കൂടാതെ, ഈ ചിന്താഗതി ആധുനിക യുദ്ധത്തിന്റെ കഠോരയാഥാർഥ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. യന്ത്രത്തോക്ക് ഏററവും അനുയോജ്യമായവരെ ആദരിക്കുന്നില്ല, ബോംബാണെങ്കിൽ ദുർബലരോടൊപ്പം ശക്തരെയും ഉൻമൂലനം ചെയ്യുന്നു.
ഒന്നാം ലോകമഹായുദ്ധം വെച്ചുനീട്ടുന്ന ചിന്തിപ്പിക്കുന്ന പാഠങ്ങളെ അവഗണിച്ചുകൊണ്ട്, സൈനിക ജയിച്ചടക്കലിലൂടെ ഒരു യജമാനവർഗത്തിനു രൂപം കൊടുക്കുന്നതിനെക്കുറിച്ച് അഡോൾഫ് ഹിററ്ലർ കിനാവു കണ്ടു. മീൻ കാംഫ് എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: “മനുഷ്യവർഗം ശ്രേഷ്ഠത പ്രാപിച്ചിട്ടുള്ളതു നിത്യപോരാട്ടത്തിലാണ്, അതു നശിക്കുന്നതോ നിത്യസമാധാനത്തിൽ മാത്രം. . . . കരുത്തുററവർ ആധിപത്യം നടത്തണം, അവർ ദുർബലരോട് ഇടകലരരുത്.” മനുഷ്യവർഗത്തെ ഉന്നമിപ്പിക്കുന്നതിനു പകരം, ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ബലി കൊടുക്കുകയും ഒരു ഭൂഖണ്ഡത്തെയാകെ നശിപ്പിക്കുകയുമാണു ഹിററ്ലർ ചെയ്തത്.
യുദ്ധം ജീവശാസ്ത്രപരമായ ഒരു ആവശ്യമല്ലെങ്കിൽ, സ്വവിനാശത്തിലേക്കു മനുഷ്യവർഗത്തെ തള്ളിവിടുന്നത് എന്താണ്? “അപരിഷ്കൃതരുടെ ഈ തൊഴിലി”ലേക്ക്a മനുഷ്യവർഗത്തെ നിർദയമായി തള്ളിവിടുന്ന പ്രേരകഘടകങ്ങൾ ഏവയാണ്? സമാധാനം ഉണ്ടാക്കുന്നവരുടെ അത്യുത്തമ ശ്രമങ്ങൾക്കു വിഘാതമായി നിലകൊള്ളുന്ന ചില അടിസ്ഥാന ഘടകങ്ങളുടെ ഒരു പട്ടികയാണു പിൻവരുന്നത്.
യുദ്ധകാരണങ്ങൾ
ദേശീയവാദം. യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏററവും ശക്തമായ പ്രേരകശക്തികളിൽ ഒന്നാണ് രാഷ്ട്രീയക്കാരും പട്ടാളമേധാവികളും മിക്കപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ദേശീയവാദം. അനവധി യുദ്ധങ്ങൾ നടന്നിട്ടുള്ളത് “ദേശീയ താത്പര്യങ്ങ”ളെ സംരക്ഷിക്കാനോ “ദേശത്തിന്റെ ബഹുമതി” കാത്തുരക്ഷിക്കാനോ ആണ്. ശരിയാണെങ്കിലും കൊള്ളാം തെററാണെങ്കിലും കൊള്ളാം എന്റെ രാജ്യം എന്ന മനോഭാവം നിലനിൽക്കുമ്പോൾ ആഭാസമായ അതിക്രമിച്ചുകയററത്തെപ്പോലും, ശത്രുവിന്റെ ആയുധങ്ങളെ നിഷ്ഫലമാക്കാനുള്ള ഒരു പ്രഹരമായി ന്യായീകരിക്കാവുന്നതാണ്.
വംശീയവൈരം. വർഗങ്ങളും വംശീയകൂട്ടങ്ങളും ഗോത്രങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന വിദ്വേഷമാണ് ഒട്ടനവധി പ്രാദേശിക പോരാട്ടങ്ങൾ തുടങ്ങാനും തുടരാനും ഇടയാക്കുന്നത്. മുൻ യൂഗോസ്ലാവിയയിലെയും, ലൈബീരിയയിലെയും സൊമാലിയയിലെയും ദാരുണമായ യുദ്ധങ്ങൾ അടുത്ത കാലത്തെ ഉദാഹരണങ്ങളാണ്.
സാമ്പത്തിക-സൈനിക കിടമത്സരം. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ്, പുറമേ സമാധാനപരമെന്നു തോന്നിയ ദിനങ്ങളിൽ യൂറോപ്യൻ ശക്തികൾ യഥാർഥത്തിൽ കൂററൻ സൈന്യങ്ങളെ പടുത്തുയർത്തി. ജർമനിയും ഗ്രേററ് ബ്രിട്ടനും യുദ്ധക്കപ്പൽ നിർമാണത്തിൽ പരസ്പരം മത്സരിച്ചു. യുദ്ധം രാഷ്ട്രത്തിന്റെ ശക്തി വർധിപ്പിക്കുമെന്നും അപ്രതീക്ഷിത സാമ്പത്തിക പ്രയോജനങ്ങൾ കൈവരുത്തുമെന്നും അന്തിമമായി പോരാട്ടത്തിൽ പങ്കെടുത്ത ഓരോ പ്രമുഖ രാഷ്ട്രവും വിശ്വസിച്ചതുമുതൽ അവസ്ഥകൾ പോരാട്ടത്തിനു പാകമായിരുന്നു.
മതപരമായ കുടിപ്പകകൾ. വർഗീയ ഭിന്നതകളാൽ മതപരമായ ഭിന്നതകൾക്കു ബലം വർധിക്കുമ്പോൾ ഒരു സ്ഫോടനാത്മക വർഗസങ്കരത്തെ ഉളവാക്കാൻ അവയ്ക്കു കഴിയും. ലെബനനിലെയും വടക്കൻ അയർലണ്ടിലെയും പോരാട്ടങ്ങളും അതുപോലെതന്നെ ഇൻഡ്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധങ്ങളും മതവൈരത്തിൽ വേരൂന്നിയതായിരുന്നു.
അദൃശ്യ യുദ്ധക്കൊതിയൻ. “ഈ വ്യവസ്ഥിതിയുടെ ദൈവ”മായ പിശാചായ സാത്താൻ, മുമ്പെന്നത്തെക്കാളും ഇപ്പോൾ പ്രവർത്തനനിരതനാണെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (2 കൊരിന്ത്യർ 4:4, NW) അവന് “അല്പകാലം” മാത്രം ഉള്ളതിനാലും മഹാക്രോധം നിറഞ്ഞിരിക്കുന്നതിനാലും ഭൂമിയുടെ കഷ്ടതരമായ അവസ്ഥയെ വഷളാക്കുന്ന യുദ്ധങ്ങൾ ഉൾപ്പെടെയുള്ള അവസ്ഥകളെ അവൻ ഇളക്കിവിട്ടുകൊണ്ടിരിക്കുകയാണ്.—വെളിപ്പാടു 12:12.
യുദ്ധത്തിന്റെ ഈ അടിസ്ഥാന കാരണങ്ങൾ നിർമൂലനം ചെയ്യുക എളുപ്പമല്ല. “മരിച്ചവരേ യുദ്ധാന്ത്യം കണ്ടിട്ടുള്ളൂ” എന്ന് 2,000 വർഷങ്ങൾക്കു മുമ്പു പ്ലേറേറാ പറഞ്ഞു. അദ്ദേഹത്തിന്റെ വിഷണ്ണമായ ഈ നിഗമനം നാം അംഗീകരിക്കാൻ പഠിക്കേണ്ട കയ്പേറിയ ഒരു സത്യമാണോ? അതോ യുദ്ധമില്ലാത്ത ഒരു ലോകം ഒരുനാൾ വരുമെന്നു പ്രത്യാശിക്കാനുള്ള അടിസ്ഥാനം നമുക്കുണ്ടോ?
[അടിക്കുറിപ്പ്]
a യുദ്ധത്തെ “അപരിഷ്കൃതരുടെ തൊഴിൽ” എന്നു വിശേഷിപ്പിച്ചതു നെപ്പോളിയനാണ്. തന്റെ ഓജസ്സുററ ജീവിതത്തിന്റെ സിംഹഭാഗം സൈന്യത്തിലും ഇരുപതു വർഷത്തോളം പരമോന്നത പട്ടാളമേധാവി എന്നനിലയിലും ചെലവഴിച്ച അദ്ദേഹം യുദ്ധത്തിന്റെ കൊടുംക്രൂരതകൾ നേരിട്ട് അനുഭവിച്ചറിഞ്ഞു.
[മുഖചിത്രത്തിനു കടപ്പാട്]
Cover: John Singer Sargent’s painting Gassed (detail), Imperial War Museum, London
[3-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Instituto Municipal de Historia, Barcelona