ഒരു ദൈവമുണ്ടെന്ന് നമുക്കറിയാൻ കഴിയുമോ?
ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തിന് ഒരു പ്രമുഖ സൂചനയുണ്ട്, അത് നമ്മളെല്ലാം കൊണ്ടുനടക്കുന്ന ഒന്നാണ്. നമ്മൾ അത് അനുദിനം കുറഞ്ഞതോ ഏറിയതോ ആയ അളവിൽ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും നാം അതിനെ നിസ്സാരമായി എടുക്കാനാണ് പ്രവണതകാട്ടുന്നത്. അതിന് ഏതാണ്ട് മൂന്നു റാത്താൽ (1.4 കി. ഗ്രാം) തൂക്കം വരും, ഒരു മുന്തിരിക്കുലയുടെ വലിപ്പമുണ്ട്. കണ്ടാൽ തോടുനീക്കിയ ഒരു വാൽനട്ടുപോലിരിക്കും. അത് തലയോട്ടിക്കുള്ളിൽ സംരക്ഷിക്കപ്പെടുന്നു. അതേ, അതു മനുഷ്യന്റെ തലച്ചോറാണ്.
എന്നിരുന്നാലും, ആ ലളിതമായ വർണ്ണന യാതൊരു വിധത്തിലും ഈ രൂപകല്പനയുടെ അത്ഭുതത്തോട് നീതിപുലർത്തുന്നില്ല. ഫ്രഞ്ച് സിരാജീവശാസ്ത്രജ്ഞനായ ഡോ. ജീൻ പിയറി ചാംഗെ അതിനെ ഇങ്ങനെ വർണ്ണിച്ചു: “മനുഷ്യമസ്തിഷ്ക്കം പരസ്പരം പിണെച്ചു നെയ്തിരിക്കുന്ന സഹസ്രകോടിക്കണക്കിനു നാഡീകോശ ചിലന്തിവലകളുടെ ഒരു വമ്പിച്ച കൂട്ടത്തെക്കുറിച്ച് ഒരുവൻ ചിന്തിക്കാനിടയാക്കുന്നു, അവയിൽ പതിനായിരക്കണക്കിന് വൈദ്യുത ചോദനകൾ മിന്നിമറയുന്നു. അവ സമയാസമയങ്ങളിൽ രാസസംജ്ഞകളുടെ ഒരു ശ്രേണി പുന:പ്രക്ഷേപണം ചെയ്യുന്നവയാണ്. ഈ യന്ത്രത്തിന്റെ ശരീരശാസ്ത്രപരവും രാസപരവുമായ സംഘടന അതിഗംഭീരമായി സങ്കീർണ്ണമാണ്.”—ന്യൂറോണൽ മേൻ.
സിരാശാസ്ത്രപഠിതാവായ ഡോ. റിച്ചാർഡ് റസ്റ്റാക്ക് പറയുന്ന പ്രകാരം തലച്ചോറിലെ 1000 കോടി ന്യൂറോൺസിലെ അഥവാ നാഡീകോശങ്ങളിലെ ഓരോന്നിനും ആയിരത്തിലധികം സിനാപ്സസ്—നാഡീകോശങ്ങൾ തമ്മിലുള്ള സന്ധികൾ—ഉണ്ടായിരിക്കും. മസ്തിഷ്ക്കാവരണത്തിനുള്ളിലെ ചില കോശങ്ങളിൽ അവയുടെ എണ്ണം രണ്ടു ലക്ഷത്തോടടുത്തായിരിക്കാം.”
“ഓരോ ഘനമില്ലീമീറ്ററിലും ഏതാണ്ട് 60 കോടി കോശസന്ധികൾ” ഉണ്ടെന്ന് ഡോ. ചാംഗെ കണക്കു കൂട്ടുന്നു. ഒരു ഘന മില്ലീമീറ്ററിന്റെ വലിപ്പം ഒരു ചെറിയ സൂചിമൊട്ടിനോളമാണ്! അപ്പോൾ ഒരു തലച്ചോറിൽ എത്ര സിനാപ്സിസ് അഥവാ ബന്ധവിടവുകൾ ഉണ്ടായിരിക്കും? ഡോ. റസ്റ്റാക്ക് ഉത്തരം നൽകുന്നു: “തലച്ചോറിൽ ലക്ഷം കോടി മുതൽ പത്തുലക്ഷം കോടിവരെ സിനാപ്സിസ് ഉണ്ടായിരിക്കാം, ഓരോന്നും വൈദ്യുത ചോദനകളായി വന്നെത്തുന്ന സംജ്ഞകളെ പൊരുത്തപ്പെടുത്തുന്ന ഒരു ചെറിയ കാൽക്കുലേറ്റർ പോലെ പ്രവർത്തിക്കുന്നു.” എന്താണിതിന്റെ അർത്ഥം? റസ്റ്റാക്ക് പറയുന്ന പ്രകാരം “തലച്ചോറിന്റെ നാഡീകോശവ്യൂഹത്തിന്റെ വിസ്തൃതമായ ശ്രേണിക്കുള്ളിലെ ബന്ധങ്ങളുടെ മൊത്തം എണ്ണം യഥാർത്ഥത്തിൽ വളരെ വലുതാണ്.”
വിവരങ്ങൾ സംപ്രേഷണം ചെയ്യപ്പെടുന്നതെങ്ങനെ?
എന്നാൽ കഥ ഇവിടെ അവസാനിക്കുന്നില്ല. തലച്ചോറിലെ നാഡീകോശങ്ങൾ നാഡീശാഖകൾ എന്നു വിളിക്കപ്പെടുന്ന ശീഖരനാരുകൾ കൊണ്ട് ബന്ധങ്ങൾ ഉണ്ടാക്കുന്നു. ഡോ. റസ്റ്റാക്ക് ഇങ്ങനെ പ്രസ്താവിക്കുന്നു: “മനുഷ്യമസ്തിഷ്ക്കത്തിനുള്ളിലെ നാഡീശാഖകളുടെ മൊത്തം നീളം പല ലക്ഷം മൈലുകൾ കവിയുന്നു.” ഇതെല്ലാം നിങ്ങളുടെ തലയോട്ടിക്കകത്തെ സാന്ദ്രമായ മസ്തിഷ്ക്ക പിണ്ഡത്തിനുള്ളിൽത്തന്നെ!
എന്നാൽ മനം കവരുന്ന മസ്തിഷ്ക്ക പ്രപഞ്ചത്തിനുള്ളിൽ വിവരങ്ങൾ സംപ്രേഷണം ചെയ്യപ്പെടുന്നതെങ്ങനെയാണ്? കോശങ്ങൾ തമ്മിൽ ഒരു ഇഞ്ചിന്റെ പത്തു ലക്ഷത്തിലൊന്ന് (0.000025 മി. മി.) ദൈർഘ്യമുള്ള കോശസന്ധിയിലെ വിള്ളൽ നികത്തപ്പെടുന്നതെങ്ങനെയാണ്? ഒരു വൈദ്യുത ചോദനയുടെ ഒരു രാസസംജ്ഞയായുള്ള “ലളിത” പരിവർത്തനത്താൽ. അത് ഒരു ന്യൂറോട്രാൻസ്മീറ്റർ എന്ന നിലയിൽ വിടവുനികത്തുന്നു. ന്യൂറോ ട്രാൻസ്മീറ്ററുകളായി പ്രവർത്തിക്കുന്ന ഡസൻകണക്കിനു വ്യത്യസ്ത രാസവസ്തുക്കളുണ്ട്, അവയിൽ പലതും “ഈ ശരീരാവയവത്തിനുള്ളിൽ മറ്റുസ്ഥലങ്ങളിൽ തികച്ചും വ്യത്യസ്തമായ ധർമ്മങ്ങൾ നിറവേറ്റുന്നു.”—ന്യൂറോൺ മേൻ.
ഇപ്പോൾ നിങ്ങൾ വായിച്ചുകഴിഞ്ഞതിനെക്കുറിച്ച് സമയമെടുത്തു വിചിന്തനം ചെയ്യുക. തലയോട്ടിക്കുള്ളിൽ ഇത്ര ചെറിയ ഒരു സ്ഥലത്ത് ഒതുക്കിയിരിക്കുന്ന ഇത്ര വിപുലമായ സങ്കീർണ്ണതയ്ക്കു യഥാർത്ഥത്തിൽ വെറും അന്ധമായ പ്രകൃതിയുടെ ഫലമായിരിക്കാനോ പരീക്ഷണനിരീക്തണങ്ങളുടെ ഒരു അനിയന്ത്രിതപ്രക്രിയയുടെ ഫലമായിരിക്കാനോ കഴിയുമോ? അതോ അത് ഒരു സ്രഷ്ടാവിന്റെ വിദഗ്ദ്ധമായ രൂപകല്പനയാണോ?
“അതിശ്രദ്ധേയമായ പ്രതിഭാസം”
ഏറ്റവും ബുദ്ധിശക്തിയുള്ള മൃഗവും ഒരു ശരാശരി മനുഷ്യനും തമ്മിൽ സ്ഥിതിചെയ്യുന്ന അഗാധഗർത്തത്തിന് മനുഷ്യമസ്തിഷ്ക്കമാണ് ഉത്തരവാദിത്തം വഹിക്കുന്നത്. നരജീവശാസ്ത്ര പ്രൊഫസർമാർ എന്ന നിലയിൽ ഡോക്ടർമാരായ ഓൺസ്റ്റീനും തോംസണും വിസ്മയാവഹമായ മസ്തിഷ്ക്കം എന്ന പുസ്തകത്തിൽ ഇങ്ങനെ എഴുതി: “മനുഷ്യമനസ്സിന്റെ പഠനപ്രാപ്തി—വിവരങ്ങൾ ശേഖരിക്കുന്നതിനും അനുസ്മരിക്കുന്നതിനുമുള്ള പ്രാപ്തി—ജീവശാസ്ത്രപ്രപഞ്ചത്തിലെ അതിശ്രദ്ധേയമായ പ്രതിഭാസമാണ്. നമ്മെ മനുഷ്യരാക്കുന്ന സകലവും—ഭാഷയും ചിന്തയും അറിവും സംസ്ക്കാരവും—അസാധാരണമായ ഈ പ്രാപ്തിയുടെ ഫലമാണ്.”
ഇപ്പോൾ, തലച്ചോറു സംബന്ധിച്ച ഈ ഉൾക്കാഴ്ച നിങ്ങളിൽ വാസ്തവമായി മതിപ്പുളവാക്കിയിരിക്കുന്നുവെങ്കിൽ ഈ സങ്കീർണ്ണമായ അവയവത്തിന് ബുദ്ധിശക്തിയുള്ള ഒരു രൂപസംവിധായകനും സ്രഷ്ടാവും ഉത്തരവാദിയായിരിക്കാനുള്ള സാദ്ധ്യതയെക്കുറിച്ച് നിങ്ങൾ പരിചിന്തിക്കുകയെങ്കിലും വേണ്ടേ? ബൈബിളെഴുത്തുകാരനും നിയമജ്ഞനുമായിരുന്ന പൗലോസ് ഇങ്ങനെ ന്യായവാദം ചെയ്തു: “എന്തെന്നാൽ മനുഷ്യർക്ക് ദൈവത്തെക്കുറിച്ച് അറിയാവുന്നതെല്ലാം അവരുടെ കൺമുമ്പിൽ വ്യക്തമായി കിടക്കുന്നു . . . അവന്റെ അദൃശഗുണവിശേഷങ്ങൾ, അതായത് അവന്റെ നിത്യശക്തിയും ദിവ്യത്വവും അവൻ നിർമ്മിച്ചിരിക്കുന്ന വസ്തുക്കളിൽ, ലോകം തുടങ്ങിയപ്പോൾ മുതൽ യുക്തിയുടെ കണ്ണിന് ദൃശ്യമായിരിക്കുന്നു.”—റോമർ 1:19, 20, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
ഗർഭാശയത്തിലെ അത്ഭുതം
ഒരുപക്ഷേ ഇതിലും അമ്പരപ്പിക്കുന്നതായ ഒരു ചോദ്യം നമുക്കു പരിചിന്തിക്കാം. ഒരു മാതാവിന്റെ ഗർഭാശയത്തിലെ ഒരൊറ്റ സമ്പുഷ്ട കോശത്തിൽനിന്ന് സങ്കീർണ്ണമായ തലച്ചോർ എങ്ങനെ വികാസം പ്രാപിച്ചു? പരിണാമവാദിയായ ഡോ. റസ്റ്റാക്ക് പറയുന്നു: “അതെല്ലാം ജനതികമായി പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ചിലർ ചപലമായി മറുപടി പറയുന്നു, ഒരു പ്രോഗ്രാമർ ഇല്ലാതെ പ്രോഗ്രാമിംഗ് നിരർത്ഥകമായ ഒരു പദമാണെന്ന് അവർ ആ നിമിഷത്തിൽ മറക്കുകയാണ്.” എന്നിരുന്നാലും, പരിണാമവാദികൾ പൊതുവേ ഒരു ഉയർന്ന “പ്രോഗ്രാമർ” ഉണ്ടെന്നു വിശ്വസിക്കുന്നില്ലാത്തതിനാൽ അവർ മറ്റൊരു വിശദീകരണം തേടുന്നു. ശരി, ഒരു മാതാവിന്റെ ഗർഭാശയത്തിൽ ഉൾനട്ടിരിക്കുന്ന ചെറിയ സമ്പുഷ്ട അണ്ഡകോശത്തിൽനിന്ന് തലച്ചോർ വികാസം പ്രാപിക്കുന്ന വിധം നാം പഠിക്കുമ്പോൾ നാം എന്താണു കണ്ടെത്തുക?
ഡോ. റസ്റ്റാക്ക് പറയുന്നു: “മൂന്നാഴ്ച പ്രായമാകുന്നതു വരെ മാനുഷ ഭ്രൂണത്തിൽ ഏറെയും തലച്ചോറുപോലെയുള്ള യാതൊന്നും കാണാൻ കഴികയില്ല. [ആ ഘട്ടത്തിൽ ഭ്രൂണത്തിന് ഒരിഞ്ചിന്റെ നാലിലൊന്നിൽ കുറഞ്ഞ (6 മി. മീ.) അളവേയുള്ളു] അതിനുശേഷം കേന്ദ്രനാഡീവ്യൂഹത്തിന്റെ ശേഷിച്ച ഭാഗത്തോടൊപ്പം തലച്ചോറ് ഭ്രൂണത്തെ ചുറ്റിയുള്ള കോശങ്ങളുടെ ഒരു പാളിയിൽ നിന്ന് അനാവരണം ചെയ്തുതുടങ്ങുന്നു.” അതു പ്രസ്താവിക്കുക എളുപ്പമാണ്, എന്നാൽ നാം ഒരു ഒറ്റ സമ്പുഷ്ടകോശത്തിലാണ് തുടക്കമിട്ടതെന്നോർക്കുക. പിന്നീട് ആ കോശം പുനരുല്പാദനങ്ങളുടെ ഒരു അവിശ്വസനീയ പരമ്പര തൊടുത്തുവിടുകയാണ്, അത് മിനിറ്റിൽ 2,50,000 പുതിയ ന്യൂറോണുകൾ എന്ന നിരക്കിൽ ഒൻപതു മാസം തുടരും. ഒടുവിൽ 10,000 കോടി കോശങ്ങളോടുകൂടിയ പൂർണ്ണ രൂപം പ്രാപിച്ച മാനുഷ മസ്തിഷ്ക്കം ഉളവാക്കപ്പെടുന്നു!
തലച്ചോറിനെക്കുറിച്ചു പഠിക്കുമ്പോൾ ചില ശാസ്ത്രജ്ഞൻമാർ ഒരു വിനീതമായ നില സ്വീകരിക്കുന്നത് ഒട്ടും അതിശയമല്ല! ഒരു സിരാശാസ്ത്രജ്ഞനായ ഡോ. മൈൻസ് ഹെർക്കൻഹാം ഇങ്ങനെ പറയുന്നു: “നമ്മെ വിസ്മയിപ്പിക്കാൻ, നമ്മെ അത്ഭുതപ്പെടുത്താൻ, നമ്മെ വിനീതരാക്കാൻ എല്ലാഴ്പ്പോഴും എന്തെങ്കിലും ഉണ്ടായിരിക്കും . . . മാനുഷമസ്തിഷ്ക്കം അറിയപ്പെടുന്ന പ്രപഞ്ചത്തിലെ അത്യന്തം അത്ഭുതകരമായ അവയവം തന്നെയാണ്.”
അങ്ങനെയുള്ള വിനയം മാനുഷമസ്തിഷ്ക്കത്തിന്റെ പിന്നിലെ അതിശ്രേഷ്ഠബുദ്ധിശക്തിയെ, മനുഷ്യമനസ്സിന്റെ പിമ്പിലെ അതുല്യ മനസ്സിനെ തിരിച്ചറിയുന്നതിലേക്ക് നമ്മെ നയിക്കേണ്ടതാണ്. സ്രഷ്ടാവുതന്നെ പ്രസ്താവിച്ചതുപോലെ: ജനങ്ങളായ നിങ്ങളുടെ വിചാരങ്ങളല്ല എന്റെ വിചാരങ്ങൾ, എന്റെ വഴികൾ നിങ്ങളുടെ വഴികളുമല്ല . . . എന്തുകൊണ്ടെന്നാൽ ആകാശങ്ങൾ ഭൂമിക്കു മീതെ ഉന്നതമായിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളെക്കാളും ഉന്നതമാണ്.”—യെശയ്യാവ് 55:8, 9.
ആയിരക്കണക്കിനു സൂചനകൾ
ഭൂമിയിലെ ജീവന്റെ നിരവധിയായ വൈവിധ്യത്തിനും സങ്കീർണ്ണതക്കും ഉത്തരവാദിത്തം വഹിക്കുന്നത് അന്ധമായ ആകസ്മിക സംഭവത്തെക്കാൾ മഹത്തരമായ എന്തോ ആണെന്നുള്ളതിന് അസംഖ്യം സൂചനകൾ കൂടെയുണ്ട്. ദൃഷ്ടാന്തമായി, പക്ഷികളുടെയും മത്സ്യത്തിന്റെയും അന്തർനിർമ്മിത ദേശാന്തരഗമന വാസന ശാസ്ത്രജ്ഞൻമാരെ അമ്പരപ്പിക്കുകയാണ്. ആ സഹജ പ്രാപ്തി എങ്ങനെ ഉത്ഭവിച്ചു?
ന്യൂയോർക്ക് റ്റൈംസ് അടുത്തകാലത്ത് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “ഓരോ വസന്തത്തിലും ശരൽക്കാലത്തും ദശലക്ഷക്കണക്കിനു കൊക്കുകളും പെലിക്കനുകളും (ഞാറപ്പക്തി) ശവം തീനിപ്പരുന്തുകളും മറ്റു വലിയ പക്ഷികളും മെഡിറ്ററേനിയനെ ചുറ്റിയുള്ള ഏറ്റവും ഹ്രസ്വമായ വഴി തേടിക്കൊണ്ട് യൂറോപ്പിനും പശ്ചിമേഷ്യക്കും ആഫ്രിക്കക്കുമിടയിൽ ദേശാന്തര പറക്കൽ നടത്തുമ്പോൾ യിസ്രായേലിനു മീതെ പറക്കുന്നു.” അവ ആ സമുദ്രത്തിനു കുറുകെ പറക്കാത്തതെന്തുകൊണ്ട്? റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “ഒരു ദിവസം കൊണ്ട് വെള്ളത്തിൻമീതെ കുറുകെ പറക്കാൻ കഴിയുന്ന ചെറിയ പക്ഷികളിൽ നിന്ന് വ്യത്യസ്തമായി വലിപ്പവും ഭാരവുമേറിയ പക്ഷികൾ പറന്നുയർന്ന് കരയിൽ നിന്നു പൊങ്ങുന്ന ചൂടു വായൂ സ്തംഭങ്ങളിൻമേൽ തെന്നി നീങ്ങേണ്ടിയിരിക്കുന്നു . . . പക്ഷികൾ ഒരു താപ സ്തംഭത്തിന്റെ മുകളിൽ നിന്ന് അടുത്തതിന്റെ ചുവട്ടിലേക്ക് തെന്നിയിറങ്ങുകയും ആഫ്രിക്കാവരെയും തിരിച്ചും വഴിനീളെ ഇതേ പ്രക്രിയ തുടരുകയും ചെയ്യുന്നു.” ഇത് യാതൊരു ഭൂപടവും ദിഗ് നിർണ്ണയയന്ത്രവും കൂടാതെയാണ്, മിക്കപ്പോഴും മുൻ പരിചയമില്ലാതെയും!
ദേശാന്തര പറക്കലിന്റെ സമയനിർണ്ണയവും മതിപ്പുളവാക്കുന്നതാണ്. ഇതേ കേന്ദ്രം ഇങ്ങനെ പ്രസ്താവിച്ചു: “ഓരോ പക്ഷി ഗണവും ഓരോ വർഷവും മിക്കവാറും ഒരേ സമയത്ത് ഒരേ വായൂ മാർഗ്ഗത്തിലൂടെ വരുന്നു. ഉദാഹരണത്തിന്, 1984 സെപ്റ്റംബർ 4-നും 1985 സെപ്റ്റംബർ 5-നും ഹണി ബസാർഡ്സ് എന്നു പേരുള്ള പരുന്തുകൾ യിസ്രായേലിനുമീതേയുള്ള അവയുടെ അഭിഗമനം തുടങ്ങി, കണക്കാക്കപ്പെട്ട പ്രകാരം രണ്ടു ദിവസംകൊണ്ട് 2,20,000 എണ്ണം.” ഈ പക്ഷികളുടെ ജീനുകളിൽ ഈ സഹജ പ്രാപ്തി പ്രവേശിപ്പിച്ചത് ആരാണ്? ആരുമല്ലേ? അതോ ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവായിരുന്നോ?a
ദൈവത്തിൽ വിശ്വസിക്കുന്നതിനുള്ള ഒരു മുഖ്യ വിലങ്ങുതടി
ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവിന്റെ അസ്തിത്വം സംബന്ധിച്ച സാഹചര്യത്തെളിവുണ്ടായിട്ടും ആത്മാർത്ഥതയും വിദ്യാഭ്യാസവുമുള്ള അനേകർ ഇപ്പോഴും ദൈവത്തിൽ വിശ്വസിക്കാത്തതെന്തുകൊണ്ട്? അനേകം വസ്തുതകൾ അവരുടെ ചിന്തയെ സ്വാധീനിച്ചിരിക്കാവുന്നതാണ്.
ദൃഷ്ടാന്തമായി, ഒരു തീനരകത്തിലെ നിത്യദണ്ഡനത്തിന് ദേഹികളെ വിധിച്ചുവിടുന്ന ദുർഗ്രഹമായ ഒരു ത്രിയേകത്രിത്വമായിട്ടാണ് മതം യുഗങ്ങളായി ദൈവത്തെ വരച്ചുകാട്ടിയിരിക്കുന്നത്. കൂടാതെ, സ്വർഗ്ഗത്തിൽ പാർപ്പിക്കാൻ കഴിയത്തക്കവണ്ണം പ്രിയപ്പെട്ടവർ മരിക്കാനനുവദിക്കുന്ന ഒരു സ്വാർത്ഥ ദൈവത്തിന്റെ വികട പ്രതിച്ഛായയെ മതം മുന്നോട്ടുവെച്ചിരിക്കുന്നു. മതം മിക്കപ്പോഴും ഒന്നു പ്രസംഗിക്കുകയും മറ്റൊന്നു ചെയ്യുകയും ചെയ്യുന്നതായി മറ്റുള്ളവർ കണ്ടിരിക്കുന്നു. അനേകർ ദൈവത്തിൽ നിന്ന് അകന്നു പോയിരിക്കുന്നത് ഒട്ടും അതിശയമല്ല.
അനേകർ ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുന്നതിന്റെ മറ്റൊരു കാരണം മാനുഷദുരിതമാണ്. നീതിമാനായ ഒരു ദൈവത്തിന് രേഖപ്പെടുത്തപ്പെട്ട മനുഷ്യചരിത്രത്തിൽ ഇത്രയധികം കഷ്ടപ്പാട് എങ്ങനെ അനുവദിക്കാൻ കഴിയും? അവൻ സർവ്വശക്തനാണെങ്കിൽ അവൻ യുദ്ധത്തിനും കഷ്ടപ്പാടിനും അറുതി വരുത്താത്തതെന്തുകൊണ്ട്? (g86 2/22)
[അടിക്കുറിപ്പുകൾ]
a ജീവന്റെ ഉത്ഭവത്തെ സംബന്ധിച്ച കൂടുതലായ വിശദവിവരങ്ങൾക്ക്, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന 256 പേജുള്ള സചിത്ര പുസ്തകം കാണുക, 1985-ൽ വാച്ച്റ്റവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക് ഇൻക്, കാണുക
[5-ാം പേജിലെ ചിത്രം/രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
തലച്ചോറിന് ആയിരക്കണക്കിന് മൈൽ നീളം വരുന്ന നാഡീശാഖകളും ദശലക്ഷകോടിക്കണക്കിന് നാഡീകോശസന്ധികളും സഹിതം 1000 കോടിയോളം ന്യൂറോണുകളുണ്ട്
ഡെൻഡ്രൈറ്റ്
സിനാപ്സ്
ആക്സോൺ
“മനുഷ്യമനസ്സിന്റെ പഠനപ്രാപ്തി . . . ജീവശാസ്ത്ര പ്രപഞ്ചത്തിലെ അതിശ്രദ്ധേയമായ പ്രതിഭാസമാണ്.”—വിസ്മയാവഹമായ മസ്തിഷ്ക്കം
[6-ാം പേജിലെ ചിത്രം]
ഒൻപതു മാസം കൊണ്ട് ഒരു സമ്പുഷ്ടകോശം 10000 കോടിയോളം കോശങ്ങളുള്ള തലച്ചോറോടുകൂടിയ ഒരു ശിശു ആയിത്തീരുന്നു
[7-ാം പേജിലെ ചിത്രം]
ദേശാന്തരപറക്കൽ വാസന സൃഷ്ടിക്കു പിമ്പിലെ ഒരു ഉയർന്ന ബുദ്ധിശക്തിയുടെ മറ്റൊരു തെളിവാണ്
[കടപ്പാട്]
European white stork