മസ്തിഷ്കം—സങ്കീർണതയുടെ ഒരു വിസ്മയാവഹമായ ദൃഷ്ടാന്തം
“മനുഷ്യമസ്തിഷ്കം ഏറ്റവും വലിയ കടങ്കഥയാണ്: ഒരു പച്ചമുട്ടയുടെ പരുവത്തിലുള്ള കലാസഞ്ചയത്തിന് എങ്ങനെയാണ് നിങ്ങളുടെ ‘മനസ്സ്,’ ചിന്തകൾ, വ്യക്തിത്വം, ഓർമകൾ, വികാരങ്ങൾ എന്തിന്, യഥാർഥ ബോധപ്രാപ്തിക്കു പോലും കാരണമായിരിക്കാൻ കഴിയുക?”—പ്രൊഫസർ സൂസൻ എ. ഗ്രിൻഫിൽഡ്, മനുഷ്യമനസ്സ് വിശദീകരിക്കപ്പെട്ടിരിക്കുന്നു (ഇംഗ്ലീഷ്).
നിങ്ങളുടെ ശരീരപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതു മസ്തിഷ്കമാണ്. പുതിയ ആശയങ്ങൾ, പുതിയ ഭാഷകൾ പോലും പഠിച്ചെടുക്കാൻ അതു നിങ്ങളെ പ്രാപ്തനാക്കുന്നു. അത് ഒരുവന്റെ ആയുഷ്കാലത്തുള്ള വിവരങ്ങളുടെയും സംഭവങ്ങളുടെയും ഓർമകൾ സംഭരിക്കുകയും അവ സ്മൃതിപഥത്തിൽ വീണ്ടും കൊണ്ടുവരുകയും ചെയ്യുന്നു. എന്നിട്ടും, നാഡീജീവശാസ്ത്രജ്ഞനായ ജെയിംസ് ബൗവർ ഇങ്ങനെ സമ്മതിക്കുന്നു: “മസ്തിഷ്കം ഏതു തരം യന്ത്രമാണ് എന്ന് വാസ്തവത്തിൽ ഞങ്ങൾക്ക് അറിയില്ല.” നാഡീശാസ്ത്രജ്ഞനായ റിച്ചാർഡ് എഫ്. തോംപ്സൺ ഇതിനോടു യോജിക്കുന്നു: “നമുക്ക് ഇപ്പോൾ അറിയാവുന്നതിനെക്കാളും വളരെയേറെ ഇനിയും മനസ്സിലാക്കാനുണ്ട്.” മസ്തിഷ്കത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുടെ കുരുക്കഴിക്കാനുള്ള വർധിച്ച താത്പര്യം നിമിത്തം യുഎസ് കോൺഗ്രസ്സ് 90-കളെ മസ്തിഷ്കത്തിന്റെ ദശാബ്ദമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
നിങ്ങളുടെ തലയ്ക്കുള്ളിലേക്ക് ഒരു എത്തിനോട്ടം
സെറിബ്രൽ കോർട്ടക്സിന്റെ ചുളിവുകളോടു കൂടിയ അർധഗോളങ്ങൾ അഥവാ മസ്തിഷ്കത്തിന്റെ ബാഹ്യപാളിയാണ് അതിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. (4-ാം പേജിലെ ചിത്രവും 8-ാം പേജിലെ ചതുരവും കാണുക.) പിങ്ക് കലർന്ന ചാര വർണവും പല മില്ലിമീറ്റർ കനവുമുള്ള മടക്കുകളോടു കൂടിയ ഈ പാളിയിലാണ് മസ്തിഷ്കത്തിലെ മൊത്തം ന്യൂറോണുകളുടെ (നാഡീ കോശങ്ങളുടെ) ഏകദേശം 75 ശതമാനവും അടങ്ങിയിരിക്കുന്നത്. മസ്തിഷ്കത്തിൽ 1,000 കോടി മുതൽ 10,000 കോടി വരെ ന്യൂറോണുകളാണുള്ളത്. പക്ഷേ ചില ശാസ്ത്രജ്ഞന്മാർ പറയുന്നത് ന്യൂറോണുകളുടെ ഇത്ര വലിയ സഞ്ചയം പോലും മസ്തിഷ്കത്തിന്റെ സങ്കീർണതയ്ക്ക് ഒരു വിശദീകരണമാവില്ല എന്നാണ്.
പല ന്യൂറോണുകൾക്കും ആക്സോൺ എന്നു വിളിക്കപ്പെടുന്ന നീണ്ട്, വാലു പോലിരിക്കുന്ന ഭാഗം ഉണ്ട്. ഇതു കൂടാതെ, ന്യൂറോണുകളിൽ നിന്നു തള്ളി നിൽക്കുന്ന വേറെയും തന്തുക്കളുണ്ട്. അവയാണ് ഡെൻഡ്രൈറ്റുകൾ. തീരെ ചെറിയ ഈ തന്തുക്കൾ, തളിർത്തുനിൽക്കുന്ന ഒരു മരത്തിന്റെ ശാഖോപശാഖകളോടു സമാനമാണ്. ഇവ ഒരു ന്യൂറോണിനെ മറ്റു ന്യൂറോണുകളുമായി ബന്ധിപ്പിക്കുന്ന ആയിരക്കണക്കിനു കണ്ണികളായി വർത്തിക്കുന്നു. വാസ്തവത്തിൽ, ഈ ന്യൂറോണുകൾ തമ്മിൽ സ്പർശിക്കുന്നില്ല. അവയ്ക്ക് ഇടയിലുള്ള സിനാപ്സ് എന്ന വിടവിലൂടെ തീരെ ചെറിയ അളവിൽ രാസവസ്തുക്കൾ പ്രവഹിക്കുന്നു. ഇതു മുഴുഘടനയുടെയും സങ്കീർണതയ്ക്ക് ഒരു പുതിയ മാനം നൽകുന്നു.
മസ്തിഷ്കത്തിലെ “സിനാപ്റ്റിക് ബന്ധങ്ങളുടെ സാധ്യമായ എണ്ണം” “അറിയപ്പെടുന്ന പ്രപഞ്ചത്തിലുള്ള അറ്റോമിക കണങ്ങളുടെ മൊത്തം എണ്ണത്തെക്കാൾ കൂടുതലാണ്” എന്ന് ഒരു വിദഗ്ധൻ കണക്കാക്കുന്നു.
മസ്തിഷ്കത്തിന്റെ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഭാഗം ന്യൂറോണുകൾ നിറഞ്ഞിരിക്കുന്ന സെറിബ്രൽ കോർട്ടക്സ് ആയിരിക്കാമെങ്കിലും അതിന്റെ അടിയിലുള്ള ഭാഗങ്ങളെ സംബന്ധിച്ചെന്ത്? ഉദാഹരണത്തിന്, സെറിബ്രത്തിന്റെ ഇടത് അർധഗോളത്തെയും വലത് അർധഗോളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ജീവത്പ്രധാനമായ കണ്ണിയാണ് കോർപസ് കാലോസം. അതിന്റെ സമീപമാണ് തലാമസിന്റെ (ഉള്ളറ എന്ന് അർഥം വരുന്ന ഗ്രീക്കു വാക്കിൽ നിന്നാണ് ഇതു വരുന്നത്) സ്ഥാനം, നിങ്ങളുടെ മസ്തിഷ്കത്തിൽ എത്തുന്ന മിക്ക വിവരങ്ങളും കടന്നു പോകുന്നത് ഇതിലൂടെ ആണ്. തലാമസിനോട് അനുബന്ധിച്ചുള്ള ഹൈപോതലാമസ് (ഉള്ളറയുടെ അടിഭാഗത്ത് എന്ന് അർഥം വരുന്ന ഗ്രീക്കു വാക്കിൽ നിന്നാണ് ഇതു വരുന്നത്) നിങ്ങളുടെ രക്തസമ്മർദവും ശരീര ഊഷ്മാവും നിയന്ത്രിക്കുന്നതിൽ സഹായിക്കുന്നു. ഇനി, അതിൽ നിന്നു തള്ളി നിൽക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥിയുമുണ്ട്. ഹോർമോണുകൾ എന്നു വിളിക്കപ്പെടുന്ന രാസവസ്തുക്കളെ സ്രവിപ്പിച്ചു കൊണ്ട് ഈ മാസ്റ്റർ ഗ്രന്ഥി ശരീരത്തിലെ അന്തഃസ്രാവ വ്യവസ്ഥയെ നിയന്ത്രിക്കുന്നു. അങ്ങനെ, ഈ ഹോർമോണുകൾ മറ്റെല്ലാ ഗ്രന്ഥികളുടെയും ഉത്പാദനത്തിന്മേൽ സ്വാധീനം ചെലുത്തുന്നു. അടുത്തത്, നിങ്ങളുടെ ചലനങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളെയും അപഗ്രഥിക്കുന്ന പോൺസുകളാണ്. ശ്വസനം, രക്തചംക്രമണം, ഹൃദയസ്പന്ദനം, ദഹനം എന്നിവയെ നിയന്ത്രിക്കുന്ന മെഡുലയുമുണ്ട്. ഇവ തങ്ങളുടെ ധർമങ്ങളെല്ലാം നിർവഹിക്കവെ ഇവയുടെ സാന്നിധ്യംപോലും നിങ്ങൾ തിരിച്ചറിയുകയില്ല!
ഇത്രയധികം വൈവിധ്യമാർന്ന ഭാഗങ്ങൾ ഉള്ള മസ്തിഷ്കം പക്ഷേ എങ്ങനെയാണു പ്രവർത്തിക്കുന്നത്? അത് അത്യുത്തമമായ വിധത്തിൽ എങ്ങനെ ഉപയോഗിക്കാൻ കഴിയും? പിൻവരുന്ന രണ്ടു ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്ക് സാധ്യമായ ചില ഉത്തരങ്ങൾ നൽകുന്നതായിരിക്കും.
[4-ാം പേജിലെ ചതുരം]
നമുക്ക് ആവശ്യമില്ലാത്തതിന്റെ കാരണം
“മനുഷ്യമസ്തിഷ്കത്തിന്റെ സെറിബ്രൽ കോർട്ടക്സ് ചുളിവുകൾ ഉള്ളത് ആയിരിക്കുന്നതിനു പകരം മിനുസ്സമുള്ളത് ആയിരുന്നെങ്കിൽ, മസ്തിഷ്കത്തിന് ഏതാണ്ട് ഒരു ബാസ്കറ്റ്ബോളിന്റെ അത്ര വലിപ്പം വേണ്ടി വരുമായിരുന്നു. എന്നാൽ ഇപ്പോൾ അതിന് ഏതാണ്ട്, മുഷ്ടികൾ ചുരുട്ടി അടുത്തടുത്തു പിടിച്ചാൽ ഉള്ളത്ര വലിപ്പമേ ഉള്ളൂ.”—പ്രൊഫസർ സൂസൻ എ. ഗ്രിൻഫിൽഡ്
[4, 5 പേജുകളിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മസ്തിഷ്കത്തിന്റെ ചില ഘടകങ്ങൾ
കൂടുതൽ വലിപ്പമുള്ള തല
യഥാർഥ വലിപ്പത്തിൽ ചിത്രീകരിച്ചിരിക്കുന്നു
സെറിബ്രൽ കോർട്ടക്സ്
ഓരോ സെറിബ്രൽ അർധഗോളത്തിന്റെയും താരതമ്യേന കട്ടികുറഞ്ഞ ബാഹ്യപാളി
പുറകുവശത്ത് അടിയിലായി ഈ ഭാഗം കാണപ്പെടുന്നു
സെറിബ്രം
മസ്തിഷ്കത്തിന്റെ വലിയ ഉരുണ്ട ഭാഗം. തലയോട്ടിയുടെ ഭൂരിഭാഗം സ്ഥലവും കൈയടക്കിയിരിക്കുന്നത് ഇതാണ്
ദൃശ്യ കോർട്ടക്സ്
സെറിബെല്ലം
“ചെറിയ മസ്തിഷ്കം” എന്നാണ് ഇതിന്റെ അക്ഷരാർഥം. മുഴുമസ്തിഷ്കത്തിന്റെയും പോൺസ്
മെഡുല
ഉൾക്കാമ്പ്
കോർപസ് കാലോസം
സെറിബ്രൽ അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡിതന്തുക്കളുടെ ഒരു സഞ്ചയം
തലാമസ്
ഹൈപോതലാമസ്
ശരീരത്തിന്റെ ചില അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു
പിറ്റ്യൂട്ടറി ഗ്രന്ഥി
[കടപ്പാട]
1996-ൽ പ്രസിദ്ധീകരിച്ച പ്രൊഫസർ സൂസൻ എ. ഗ്രിൻഫിൽഡിന്റെ മനുഷ്യമനസ്സ് വിശദീകരിക്കപ്പെട്ടിരിക്കുന്നു എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളത്