ജ്യോതിഷം തിരിച്ചുവരുന്നു!
രാജാവിന്റെ പ്രണയിനി മരിച്ചുപോയി. ദുഃഖിതനായ രാജാവ് ഈ ദുരന്തത്തെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞ ജ്യോൽസ്യനെ വിളിച്ചുവരുത്തി. അയാളെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ രാജാവു പറഞ്ഞു: “നീ വളരെ സമർത്ഥനും വിജ്ഞാനിയുമായി നടിക്കുകയാണ്, നിന്റെ വിധി എന്താകുമെന്ന് എന്നോടു പറയൂ?”
പ്രഭോ, തിരുമനസ്സുകൊണ്ട് മരിക്കുന്നതിന് മൂന്നു ദിവസം മുമ്പ് ഞാൻ മരിക്കുമെന്ന് ഞാൻ മുൻകൂട്ടി കാണുന്നു” എന്ന് അയാൾ മറുപടി പറഞ്ഞു. പെട്ടെന്നുള്ള ചിന്ത ഈ ജ്യോൽസ്യന്റെ ജീവനെ രക്ഷിച്ചു!
ഈ കഥ സത്യമാണെങ്കിലും അല്ലെങ്കിലും മുൻനൂറ്റാണ്ടുകളിൽ ജ്യോൽസ്യരെ ഭരണാധികാരികൾപോലും ഗൗരവത്തോടെ കരുതിയിരുന്നുവെന്ന് ഇതു ചിത്രീകരിക്കുന്നു. ഫ്രാൻസിലെ ലൂയി XI-മനെക്കുറിച്ച് ഒരു ചരിത്രകാരൻ ഇങ്ങനെ എഴുതി: “ജ്യോൽസ്യൻമാരുടെ ഒരു ഗണം അദ്ദേഹത്തിന്റെ ഭയങ്ങളെ മുതലെടുത്തു—അദ്ദേഹത്തിന്റെ പണസഞ്ചിയെയും.” 15-ഉം 16-ഉം നൂറ്റാണ്ടുകളിൽ ജ്യോതിഷക്കാരുടെ പ്രശസ്തി യൂറോപ്പിൽ പാരമ്യത്തിലെത്തി. പ്രമുഖ ശാസ്ത്രജ്ഞൻമാർപോലും അതിൽ വിശ്വസിച്ചിരുന്നു.
എന്നിരുന്നാലും, ജ്യോതിഷത്തിന്റെ കീർത്തി പെട്ടെന്ന് താഴാൻ തുടങ്ങി. “ജ്യോതിഷം—സ്വർഗ്ഗീയദർപ്പണം” എന്ന പുസ്തകം “ദൂരദർശിനിയിലൂടെയുള്ള ഒരു എത്തിനോട്ടംകൊണ്ട് മുഴു പ്രപഞ്ചഘടനാശാസ്ത്രവും പൊടിയായി . . . ശാസ്ത്രീയന്യായവാദത്തിന്റെ ഉയർന്നുവന്ന പ്രാമാണ്യം ജ്യോതിഷത്തെ പുറന്തള്ളി.” യൂറോപ്പിലെ സർവ്വകലാശാലകൾ അതിനെ നിരോധിച്ചു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാശ്ചാത്യ ജ്യോതിഷത്തെ “തീർച്ചയായും മൃതം” എന്ന് ചരിത്രകാരനായ ബൗഷി ലാക്രെർക്ക് വർണ്ണിക്കുകയുണ്ടായി.
മുപ്പതിൽപരം വർഷം മുമ്പ് ഇംഗ്ലണ്ടിലെ ഒരു അഭിപ്രായവോട്ടെടുപ്പ് അഭിപ്രായം പറഞ്ഞവരുടെ 6 ശതമാനം മാത്രമേ ജ്യോതിഷത്തിൽ വിശ്വസിക്കുന്നുള്ളുവെന്ന് വെളിപ്പെടുത്തി. ഇപ്പോൾ, റിപ്പോർട്ടനുസരിച്ച് 80 ശതമാന വിശ്വസിക്കുന്നുണ്ട്! മറ്റു രാജ്യങ്ങളിൽ മാസികകളും റ്റി. വി. പരിപാടികളും വർത്തമാനപ്പത്ര റിപ്പോർട്ടുകളും പൊതുജനങ്ങൾക്ക് ജ്യോതിഷത്തിൽ വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെക്കുറിച്ച് റിപ്പോർട്ടുചെയ്യുന്നു. “വർത്തമാനപ്പത്രം കിട്ടിയാലുടനെ ഞാൻ ചെയ്യുന്ന ആദ്യസംഗതി നക്ഷത്രഫലം വായിക്കുകയാണ്” എന്ന് ഒരു ദക്ഷിണാഫ്രിക്കക്കാരൻ ഉണരുക! ലേഖകനോടു പറയുകയുണ്ടായി.
അങ്ങനെയുള്ള പുനർജ്ജനനം എന്തുകൊണ്ട്? എന്തുകൊണ്ടാണ് ജ്യോതിഷക്കാരോട് ആലോചന ചോദിക്കുന്നതെന്ന് ഒരു ഇറ്റലിക്കാരിയോടും മറ്റു ചിലരോടും ചോദിച്ചപ്പോൾ “ഈ ലോകത്തിൽ അനേകം കാര്യങ്ങൾ പിശകിപ്പോയിരിക്കുന്നു” എന്ന് സ്ത്രീ ഉത്തരം പറഞ്ഞു. അതെ, നാം “ഇടപെടാൻ പ്രയാസമുള്ള ദുർഘടകാലങ്ങളി”ലാണ് ജീവിക്കുന്നത്. (2 തിമൊഥെയോസ് 3:1) ജ്യോതിഷം തങ്ങൾക്കാവശ്യമുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നുവെന്ന് ചിലർ വിചാരിക്കുന്നു. അങ്ങനെ ജ്യോതിഷക്കാരന്റെ നക്ഷത്രം വീണ്ടും ഉയർന്നു. ഈ വിഷയം സംബന്ധിച്ച പുസ്തകങ്ങൾ പെരുകി. “നിങ്ങളുടെ ചിഹ്നം അഥവാ രാശി ഏതാണ്?” എന്ന ചോദ്യം പരക്കെ സംഭാഷണത്തിന് തുടക്കമിടുന്ന രീതി ആയിത്തീർന്നു. ചില വ്യക്തികൾ “രാശി”പ്പൊരുത്തമില്ലെങ്കിൽ പ്രേമാഭ്യർത്ഥന നടത്താൻ പോലും വിസമ്മതിക്കുന്നു.a
ഈ പ്രചാരമെല്ലാമുണ്ടെങ്കിലും ജ്യോതിഷപ്രവചനങ്ങൾ ഇപ്പോഴും സംശയകരമായ ഒരു സങ്കൽപ്പത്തിൽ അധിഷ്ഠിതമാണ്. ഒരുവന്റെ ജനനസമയത്തെ സൂര്യന്റെയും ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും നില അയാളുടെ വ്യക്തിത്വത്തെയും ഭാവിയെയും വെളിപ്പെടുത്തുന്നുവെന്നതുതന്നെ. എന്നിരുന്നാലും, ഒരുവൻ എത്രമാത്രം കൊടുക്കാൻ സന്നദ്ധനാണെന്നുള്ളതിനെ ആശ്രയിച്ച് ജ്യോതിഷക്കാർ ഏതാനും വരികൾ തുടങ്ങി അനേകം പേജുകളോളം ജാതകങ്ങൾ കുറിക്കാൻ മടിക്കുന്നില്ല. സൈക്കോളജി റ്റുഡേ എന്ന മാസിക പറയുന്നതനുസരിച്ച് “ജാതകമെഴുത്തിന് കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു.” തീർച്ചയായും അടുത്ത കാലത്ത് “തന്റെ രാജ്യത്തിന് 20000 ജ്യോതിഷക്കാരെ വഹിക്കാം, എന്നാൽ 2000 ജ്യോതിശാസ്ത്രജ്ഞൻമാരെ മാത്രമേ വഹിക്കാവൂ” എന്ന് അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ വീലർ വിലപിക്കുകയുണ്ടായി.
പാശ്ചാത്യ രാഷ്ട്രങ്ങളിലേക്കുള്ള ജ്യോതിഷത്തിന്റെ തിരിച്ചുവരവ് വളരെ ശക്തമായതുകൊണ്ട് പരേതനായ സ്വീസ് മനോരോഗവിദഗ്ദ്ധൻ ഇങ്ങനെ എഴുതി: “അത് 300 വർഷം മുമ്പ് അതിനെ ബഹിഷ്ക്കരിച്ച സർവ്വകലാശാലകളുടെ വാതിലുകളിൽ മുട്ടുകയാണ്.” യഥാർത്ഥത്തിൽ നിരവധി പാശ്ചാത്യ യൂണിവേഴ്സിറ്റികൾ ഇപ്പോൾ ജ്യോതിഷം സംബന്ധിച്ച കോഴ്സുകൾ പ്രദാനം ചെയ്യുന്നുണ്ട്. ‘ജ്യോതിഷത്തിൽ എന്തെങ്കിലും സത്യം ഉണ്ടായിരിക്കാമോ’ എന്ന് ഒരു വ്യക്തി ചോദിച്ചേക്കാം. (g86 5/8)
[അടിക്കുറിപ്പുകൾ]
a ഓരോ വർഷവും രാശി മണ്ഡലത്തിലെ നക്ഷത്ര സമൂഹങ്ങൾ എന്നു വിളിക്കപ്പെടുന്ന 12 നക്ഷത്രക്കൂട്ടങ്ങളിലൂടെ സൂര്യൻ കടന്നുപോകുന്നുവെന്ന് വിചാരിക്കപ്പെടുന്നു. ഓരോ നക്ഷത്ര സമൂഹത്തിനും അതിന്റെ “ചിഹ്ന”മുണ്ട്. നിങ്ങൾ ജനിച്ചപ്പോൾ സൂര്യൻ കടന്നുപോകാനിടയായ ചിഹ്നം നിങ്ങളുടെ ചിഹ്നമായി കണക്കാക്കപ്പെടുന്നുവെന്ന് ജ്യോൽസ്യൻമാർ പറയുന്നു.