ജ്യോതിഷം—അത് നിരുപദ്രവകരമായ വിനോദമോ?
അടുത്ത കാലത്ത്, ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ പാട്രിക് മൂർ ഇങ്ങനെ പറയുകയുണ്ടായി: “ജീവിതങ്ങളും ഭാവികളും നക്ഷത്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്നുവെന്നു ചിന്തിക്കുന്നത് തികച്ചും വിഡ്ഢിത്തമാണ് . . . [ജ്യോതിഷം] മുഴുവനായി തീർത്തും നിരുപദ്രവകരമായ വിഷയമാണ്, ഏതെങ്കിലും തരം ശാസ്ത്രമെന്ന നിലയിൽ അത് വെറും അടിസ്ഥാനരഹിതമാണ്.”
തികച്ചും പ്രായോഗികമായ വീക്ഷണഗതിയിൽ നോക്കുമ്പോൾ, ജോതിഷം അശേഷം നിരുപദ്രവകരമല്ലെന്ന് നിഗമനം ചെയ്യാൻ ഒരുവൻ നിർബ്ബന്ധിതനായിത്തീരുന്നു.
‘നക്ഷത്രങ്ങളെ കുറ്റപ്പെടുത്തുന്നു!’
ജ്യോതിഷം തങ്ങളുടെ പ്രവൃത്തികൾക്കുള്ള ഉത്തരവാദിത്തം വഹിക്കുന്നതിന് ആളുകളെ നിരുത്സാഹപ്പെടുത്തുന്നുവെന്ന വസ്തുതയാണ് ഏറ്റം പ്രകടമായ അപകടങ്ങളിലൊന്ന്. ദൃഷ്ടാന്തമായി വിവാഹത്തിന്റെ സംഗതി എടുക്കുക. ജാതകപ്പൊരുത്തമില്ലാത്ത ഇണകളെ സംബന്ധിച്ച് ഒരു സൗത്താഫ്രിക്കൻ ജ്യോൽസ്യൻ ഇങ്ങനെ പ്രസ്താവിച്ചു: “തങ്ങളുടെ വിവാഹബന്ധങ്ങൾക്ക് വിജയ സാദ്ധ്യതയില്ലെന്നും തന്നിമിത്തം വിവാഹമോചനം നേടണമെന്നും ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്.”
എന്നാൽ ഇതു പരിചിന്തിക്കുക: നക്ഷത്രങ്ങളും ഗ്രഹങ്ങളും പൊരുത്തത്തിലല്ലെന്നുള്ളതുകൊണ്ട് ഒരു ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നത് യുക്തിയുക്തമാണോ? പ്രശ്നങ്ങളുള്ള ഇണകൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം വഹിക്കുന്നതും സഹായം തേടുന്നതും മെച്ചമായിരിക്കുകയില്ലേ? ബൈബിളിൽ ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒട്ടേറെ പ്രായോഗികബുദ്ധിയുപദേശം അടങ്ങിയിട്ടുണ്ട്. (ദൃഷ്ടാന്തമായി, എഫേസ്യർ 5:22-25 കാണുക) അതു പ്രായോഗികമാക്കിയിട്ടുള്ള അനേകർ അതു ഉചിതമായ സഹായമാണെന്നു കണ്ടെത്തുകയും തങ്ങളുടെ ദാമ്പത്യബന്ധങ്ങളെ രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇതു തീർച്ചയായും ഒരുവന്റെ പ്രശ്നങ്ങൾക്ക് നക്ഷത്രങ്ങളുടെ മേൽ പഴിചാരുന്നതിലും മെച്ചമാണ്!
നാം ജീവിതത്തിൽ വരുത്തുന്ന നിരവധി തെറ്റുകൾ സംബന്ധിച്ചെന്ത്? ന്യായീകരണത്തിനുവേണ്ടി ജ്യോതിഷത്തിലേക്കു തിരിയുന്നത് ആരോഗ്യപ്രദമാണോ? കുറെ വർഷങ്ങൾക്കു മുമ്പ് ഫ്ളോറിഡാ, മിയാമി (യൂ. എസ്. എ) യിലെ ഒരു മനുഷ്യൻ കവർച്ച, ബലാൽസംഗം, കയ്യേറ്റം എന്നിവയിലേർപ്പെട്ടതായി കുറ്റമാരോപിക്കപ്പെട്ടു. അയാളുടെ പ്രതിവാദമെന്തായിരുന്നു? “ഗ്രഹങ്ങളുടെ വിരുദ്ധനില” നിമിത്തം അയാൾക്ക് പ്രശ്നങ്ങളെ നേരിടാൻ കഴികയില്ലെന്നു വാദിച്ച മൂന്ന് ജ്യോതിഷക്കാരെ അയാൾ വളഞ്ഞുപിടിച്ചു. ഇത്തരം ന്യായവാദം ഒരുവനെ ദുഷ്പ്രവൃത്തിയുടെ ഗതിയിൽ കഠിനപ്പെടുത്തുകയേയുള്ളു.
കൂടാതെ, ദേശീയനേതാക്കളെപ്പോലെ ഉത്തരവാദിത്തമുള്ളവർ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി നക്ഷത്രങ്ങളിലേക്കു നോക്കിത്തുടങ്ങിയാലത്തെ അവസ്ഥ ചിന്തിക്കുക. മാനുഷ ഭാവി—ജ്യോതിഷത്തിന്റെ മനഃശാസ്ത്രം എന്ന പുസ്തകത്തിൽ ഗ്വൈൻ റ്റേണർ ഈ മരവിപ്പിക്കുന്ന ഓർമ്മിപ്പിക്കൽ നൽകുന്നു: “കഴിഞ്ഞ കാലത്തെ രാജാക്കൻമാർക്കും ഭരണാധിപൻമാർക്കും ജ്യോതിഷക്കാർ സമീപേ ഉണ്ടായിരുന്നു, ഈയിടെ രണ്ടാം ലോക മഹായുദ്ധകാലത്തുപോലും ബ്രിട്ടീഷ് യുദ്ധയാപ്പീസ് ഒരു ഹംഗറിക്കാരൻ ജ്യോതിഷക്കാരനായ ലൂയിസ് ഡീ വൂളിനെ രഹസ്യമായി നിയമിക്കുകയുണ്ടായി.” അയാൾ ചില ഓഫീസർമാരുടെ വിജയത്തെയും ചില യുദ്ധങ്ങളിലെ വിജയത്തെയും ബ്രിട്ടീഷ്കാർക്കുവേണ്ടി മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഹിറ്റ്ലറിന്റെ ജാതകമനുസരിച്ച് അയാളുടെ ജ്യോൽസ്യൻമാരിൽനിന്ന് അയാൾക്ക് എന്ത് ആലോചന ലഭിക്കുന്നുണ്ടെന്നും ഈ ജ്യോൽസ്യന് ബ്രിട്ടീഷ് യുദ്ധയാപ്പീസിൽ പറയാൻ കഴിയുമായിരുന്നു. ഇക്കാലത്തെ നിരവധി രാജ്യതന്ത്രജ്ഞൻമാരും മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി നക്ഷത്രഫലം നോക്കുന്നുണ്ടെന്ന് ചിലർ അവകാശപ്പെടുന്നു.
ജീവൻമരണ തീരുമാനങ്ങൾ ഗ്രഹനിലയിൽ ചുറ്റിത്തിരിയുന്നത് നിരുപദ്രവകരമാണെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?
പ്രവചനശക്തിക്കു പിമ്പിൽ
ചിലപ്പോൾ ജ്യോതിഷപ്രവചനങ്ങൾ സത്യമായി ഭവിക്കുകതന്നെ ചെയ്യുന്നു. എന്നാൽ അത് യഥാർത്ഥത്തിൽ നക്ഷത്രങ്ങളെ നിരീക്ഷിക്കുന്നതുകൊണ്ടാണോ? ഏതാനും ചില വർഷങ്ങൾക്കു മുമ്പ് പരേതനായ മനഃശാസ്ത്രജ്ഞൻ വേർനോൺ ക്ലാർക്ക് ചില ജ്യോൽസ്യൻമാരുടെ പ്രാപ്തി പരീക്ഷിച്ചു. അയാൾ അവർക്ക് പത്ത് വ്യക്തിത്വ ചരിത്രങ്ങൾ കൊടുക്കുകയും ഒരു ജോടി ജാതകങ്ങളിലൊന്നിനോട് യോജിപ്പിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. ജ്യോൽസ്യൻമാർ ശ്രദ്ധേയമായി വിജയിച്ചു! മൂന്നുപേർക്ക് അവയെല്ലാംതന്നെ ശരിയായി യോജിപ്പിക്കാൻ കഴിഞ്ഞു!
അമേരിക്കൻ ജ്യോൽസ്യനായ ഡാൽലീക്ക് പത്തിൽ ഏഴും ശരിയായി. എന്നാൽ അയാളുടെ വിജയത്തിന്റെ കാരണമെന്തായിരുന്നു? പ്രത്യക്ഷത്തിൽ നക്ഷത്രങ്ങളുടെ പഠനത്തെക്കാളുപരി ഉൾപ്പെട്ടിരുന്നു. “ഓരോ വിഷയവും വിലയിരുത്തുന്നതിന് ഒരു ജ്യോൽസ്യൻ കുറഞ്ഞത് അരമണിക്കൂർ, അതായത് മൊത്തം പത്തു മണിക്കൂർ എടുക്കേണ്ടിയിരുന്നു”വെന്ന് ലീ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. എന്നാൽ അയാൾക്ക് ആ സമയത്ത് തിരക്കായിരുന്നതുകൊണ്ട് ലീ “ഓരോ വിഷയത്തിനും ഒരു മിനിറ്റേ എടുത്തുള്ളു.” അപ്പോൾ അയാളുടെ വിജയം “തികച്ചും ജ്യോതിഷപരമായിരുന്നില്ല” എന്ന് സമ്മതിക്കപ്പെടുന്നു. “അത് ‘അതീന്ദ്രിയ ഗ്രഹണത്തിന്റെ’ സംഗതിയായിരുന്നു”വെന്ന് ലീ ഏറ്റുപറഞ്ഞു.
നിരവധി ജ്യോൽസ്യൻമാർ, അതുപോലെ ഗുപ്തശക്തികൾ എന്നു പറയാവുന്നവ ഉപയോഗിക്കുന്നതായി സമ്മതിച്ചിട്ടുണ്ടെന്നുള്ളതു കൗതുകകരമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ തൽപ്പരരായവർക്ക് ഇത് ആശങ്കാജനകമാണ്. എന്തുകൊണ്ടെന്നാൽ യെശയ്യാവ് 1:13-ൽ ദൈവം കർശനമായി ഇങ്ങനെ പറഞ്ഞു: “എനിക്ക് നിഗൂഢശക്തിയുടെ ഉപയോഗം പൊറുക്കാവതല്ല.” എന്തുകൊണ്ട്? മുൻകൂട്ടിപ്പറയാനുള്ള ശക്തികൾ പ്രത്യക്ഷമാക്കുന്ന ആളുകൾ മിക്കപ്പോഴും ഭൂതാത്മശക്തികളുടെ നിയന്ത്രണത്തിലോ സ്വാധീനത്തിലോ ആണെന്ന് ബൈബിൾ പ്രകടമാക്കുന്നു. (പ്രവൃത്തികൾ 16:16-18 താരതമ്യപ്പെടുത്തുക.) തന്നിമിത്തം, ജ്യോതിഷപ്രവചനങ്ങൾ ചിലപ്പോൾ ഭൂതപ്രസ്താവനകളല്ലാതെ മറ്റൊന്നുമല്ല—അവരാണെങ്കിൽ ദൈവത്തിന്റെയും അവനെ സേവിക്കുന്നവരുടെയും ബദ്ധശത്രുക്കളും! ഭൂതമാർഗ്ഗനിർദ്ദേശം തേടുന്നവർക്ക് ദോഷമേ ഭവിക്കുകയുള്ളു!
ജ്യോതിഷം—ഒരു മതം?
എന്നിരുന്നാലും, ജ്യോതിഷത്തിലുള്ള തങ്ങളുടെ താത്പര്യം ആകസ്മികം മാത്രമാണെന്ന് ചിലർ അവകാശപ്പെടുന്നു. എന്നാൽ, മിക്കപ്പോഴും ആകസ്മിക താത്പര്യമായി തുടക്കമിടുന്നതിന് മതഭക്തിയോടു ബന്ധപ്പെട്ട ഒന്നായി വികാസം പ്രാപിക്കാൻ കഴിയും. നേരത്തെ പറഞ്ഞ ജ്യോതിഷത്തിനെതിരായ പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഒരു ശാസ്ത്രജ്ഞൻ ഇങ്ങനെ പറയുകയുണ്ടായി: “ചിലർക്ക് ജ്യോതിഷം ഒരുതരം ഒഴിഞ്ഞുമാറലാണെന്നുള്ളതിനു സംശയമില്ല . . . മറ്റുചിലർക്ക് ജ്യോതിഷം, ദിവ്യ വെളിപ്പാട് ശുദ്ധസത്യം, അതായത് യഥാർത്ഥമതം ആയിത്തീർന്നിരിക്കുന്നു.” ജാതകപ്രവചനങ്ങൾ സ്വയം നിവർത്തിക്കുന്ന പ്രവചനങ്ങളായിത്തീരാൻ അനുവദിക്കുന്ന പ്രവണത ചിലർക്കുണ്ടെന്ന് പ്രാമാണികൻമാർ പറയുന്നു. ജ്യോതിഷം ഒരു വ്യക്തിയെ ഇത്രത്തോളം സ്വാധീനിക്കുമ്പോൾ അത് തീർച്ചയായും ഒരു മതംപോലെ ആയിത്തീർന്നിരിക്കുകയാണ്.
ജ്യോതിഷം യഥാർത്ഥമായി പുരാതന ബാബിലോന്യമതത്തിന്റെ ഒരു ഔദ്യോഗിക ഭാഗമായിത്തീർന്നു. എന്നാൽ ഈ മതം അവൾക്കു പ്രയോജനം ചെയ്തോ? മറിച്ച്, ബൈബിളിൽ പുരാതന ബാബിലോനിനെതിരായ ഈ പ്രഖ്യാപനം അടങ്ങിയിരിക്കുന്നു. “നീ നിന്റെ ആലോചനക്കാരുടെ ബാഹുല്യത്താൽ വലഞ്ഞിരിക്കുന്നു. ഇപ്പോൾ അവർ, ആകാശത്തിന്റെ ആരാധകർ, നിന്റെ മേൽ വരാനിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് അമാവാസികളിൽ അറിവുനൽകുന്ന ജ്യോതിഷക്കാർ, എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.” (യെശയ്യാവ് 47:13, റെഫ. ബൈ. അടിക്കുറിപ്പ്) ബാബിലോന്യ ജ്യോതിഷക്കാരുടെ പ്രവചനങ്ങൾക്ക് ആ നഗരത്തെ സ്ഥിരമായ നാശത്തിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞില്ല.—യെശയ്യാവ് 13:19, 20.
എന്നാൽ ബാബിലോനിന്റെ മതസ്വാധീനം അവൾക്കുശേഷവും നിലനിന്നത് താൽപര്യജനകമാണ്. “ബാബിലോണിയായിൽനിന്ന് കൽദയർ ജ്യോതിഷത്തെ ജൗജീപ്റ്റിലേക്കും, ഏറെ പ്രധാനമായി ഗ്രീസിലേക്കും എത്തിച്ചു”വെന്ന് ജ്യോതിഷത്തിന്റെ ഒരു ചരിത്രം എന്ന പുസ്തകം പ്രസ്താവിക്കുന്നു.
അങ്ങനെ, ജ്യോതിഷമതം പിന്തുടരുന്നത് അപകടമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ബൈബിളനുസരിച്ച്, ബാബിലോന്യ വിശ്വാസങ്ങളിലധിഷ്ഠിതമായ സകല മതങ്ങളും നാശത്തിന് വിധിക്കപ്പെട്ടിരിക്കുകയാണ്. തീർച്ചയായും, പുരാതനബാബിലോനിന്റെ വീഴ്ച ഈ ഭാവി വിനാശത്തിലേക്കു വിരൽ ചൂണ്ടുന്നു. വെളിപ്പാട് 18:4-ൽ നമുക്ക് ഈ മുന്നറിയിപ്പു നൽകപ്പെട്ടിരിക്കുന്നു: “എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ പങ്കുപറ്റാനാഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളുടെ ബാധകളുടെ പങ്കു ലഭിക്കാനാഗ്രഹിക്കുന്നില്ലെങ്കിൽ അവളെ [ബാബിലോന്യ സ്ഥാപനത്തെ] വിട്ടു പുറത്തുപോരിക.”
തന്നിമിത്തം, ജ്യോതിഷത്തെ ‘നിരുപദ്രവകരമായ വിനോദം’ എന്ന് അശേഷം വിളിക്കാവതല്ല. (ആവർത്തനം 18:10-12 താരതമ്യപ്പെടുത്തുക.) അതിന്റെ ആചരിക്കൽ അപകടകരമായ ഭൂതസ്വാധീനത്തിലേക്ക് വീഴുന്നതിന്റെയും ദൈവവുമായുള്ള ഒരുവന്റെ സഖിത്വം നഷ്ടപ്പെടുത്തുന്നതിന്റെയും ആദ്യപടി ആയിരിക്കാൻ കഴിയും! (2 കൊരിന്ത്യർ 6:17, 18) നമുക്കെല്ലാം മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്നുള്ളതു സത്യംതന്നെ. എന്നാൽ മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി ബൈബിളിലേക്കു തിരിയുന്നത് എത്രയേറെ സുരക്ഷിതവും മെച്ചവുമാണ്! (സങ്കീർത്തനം 119:105) ദൈവവചനത്തിന് ശ്രദ്ധകൊടുക്കുന്നവർ ജീവിതപ്രശ്നങ്ങളെ നേരിടുന്നതിൽ പ്രായോഗികസഹായം നേടുന്നു, അത് ജ്യോതിഷം നൽകാത്ത ഒന്നാണ്. (g86 5/8)
[8-ാം പേജിലെ ചിത്രം]
ഒരു സൗത്താഫ്രിക്കൻ ജ്യോൽസ്യൻ ഇങ്ങനെ പ്രസ്താവിച്ചു: “തങ്ങളുടെ വിവാഹബന്ധങ്ങൾക്ക് വിജയസാദ്ധ്യതയില്ലെന്നും തന്നിമിത്തം വിവാഹമോചനം നേടണമെന്നും ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്”
[9-ാം പേജിലെ ചിത്രം]
ജ്യോതിഷത്തിലുള്ള പുരാതനബാബിലോന്റെ ആശ്രയം അവളുടെ നാശത്തെ തടഞ്ഞില്ല