ജിപ്സികൾ—അവർ തെറ്റിദ്ധരിക്കപ്പെടുകയാണോ?
ബ്രിട്ടനിലെ “ഉണരുക!” ലേഖകൻ
“ജിപ്സികൾ ഇവിടെ എത്തിയിരിക്കുന്നു!” അത്തരം വാർത്ത ചുരുക്കം ചില അയൽക്കാരേ സ്വാഗതം ചെയ്യുകയുള്ളു. അനേകരും ജിപ്സികളെ കള്ളൻമാർ, സാമൂഹ്യവിരുദ്ധർ ആയി വീക്ഷിക്കുന്നു.a അവർ അടുക്കും ചിട്ടയുമില്ലാത്തതും മലിനമായതുമായ കൂടാരങ്ങളിൽ താമസിച്ചുകൊണ്ട് അയൽവാസികളിൽ നേത്രരോഗം പരത്തുന്നതായി കുറ്റം ചുമത്തപ്പെടുന്നു. എന്നിരുന്നാലും, വെറുപ്പിന്റെ ഈ വികാരം തികച്ചും രണ്ടു കൂട്ടരിലുമുണ്ട്. തീർച്ചയായും ജിപ്സികൾ മറ്റുള്ളവരെ ജാജി അഥവാ ജോർജിയോസ് എന്നു വിളിക്കുന്നു. ഈ വാക്കുകളും അവയുടെ വ്യത്യസ്ത രൂപഭേദങ്ങളും “കിരാതൻമാർ” എന്നു അർത്ഥമാക്കുന്നു.
എന്നിരുന്നാലും ജിപ്സികൾ ആരാണ്? അവർക്ക് സ്ഥിരതാമസക്കാരുടെ സമൂഹവുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതിനു ഇത്ര പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? അവർ യഥാർത്ഥത്തിൽ സാമൂഹ്യവിരുദ്ധർ ആണോ?, അഥവാ, ഒരു പക്ഷെ, കേവലം തെറ്റിദ്ധരിക്കപ്പെടുകയാണോ?
അവരുടെ ദുർജ്ഞേയമായ ചരിത്രം
പൊതുവായ അർത്ഥത്തിൽ “ജിപ്സി” എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം “അലഞ്ഞു തിരിയുന്ന സ്വഭാവമോ ഉത്ഭവമോ ഉള്ള ഒരു വ്യക്തി” എന്നാണ്. എന്നിരുന്നാലും യഥാർത്ഥ ജിപ്സികൾ തങ്ങൾക്കു സ്വന്തമായി ഒരു ഭാഷയുള്ള ജനങ്ങളുടെ ഒരു വർഗ്ഗമാണ്. അവർ തങ്ങളെത്തന്നെ “മനുഷ്യൻ” എന്നു തങ്ങളുടെ ഭാഷയിൽ അർത്ഥം വരുന്ന റോം എന്നു വിളിക്കുന്നു. ഇതിൽനിന്നു നമുക്കു ജിപ്സിയുടെ മറ്റൊരു പേരായ “റൊമാനി” എന്ന പദം ലഭിക്കുന്നു. എന്നിരുന്നാലും ജിപ്സികളുടെ ഉത്ഭവം വളരെ നാളുകളോളം ഒരു വിഷമ പ്രശ്നമായിരുന്നു.
“ജിപ്സി” എന്ന പദം തന്നെ “ഈജിപ്ഷ്യൻ” എന്ന വാക്കിൽ നിന്നാണ് ഉണ്ടായത്. എന്നാൽ ഒരിക്കൽ അവർ അപ്രകാരം അവകാശപ്പെട്ടെങ്കിലും അവർ ഈജിപ്റ്റിൽ ഉത്ഭവിച്ചു എന്നത് അങ്ങേയറ്റം അസംഭവ്യമാണ്. 1780-കളോടടുത്ത് ഭാഷാതത്വ ശാസ്ത്രജ്ഞനായിരുന്ന ഗ്രിൽമാൻ ജിപ്സികളുടെ റൊമാനി ഭാഷയും വടക്കെ ഇൻഡ്യയിലെ ഇൻഡോ—ആര്യൻ ഭാഷകളും തമ്മിലുള്ള അതിശയകരമായ സാമ്യം കുറിക്കൊണ്ടു. അദ്ദേഹത്തിന്റെ പഠനങ്ങൾ ജിപ്സിയുടെ മാതൃരാജ്യം ഇൻഡ്യ ആയിരുന്നു എന്ന നിഗമനത്തിൽ അദ്ദേഹത്തെ എത്തിച്ചു. ഇന്നു ഇതു പൊതുവെ യാഥാർത്ഥ്യമായി സ്വീകരിച്ചിരിക്കുന്നു. എന്നിരുന്നാലും, എപ്പോൾ എന്തിനു തങ്ങളുടെ പാശ്ചാത്യ കുടിയേറ്റം ആരംഭിച്ചു എന്നതു ദുർജ്ഞേയമായിത്തന്നെ സ്ഥിതിചെയ്യുന്നു. ജിപ്സികൾ തന്നെ ഒരിക്കലും എഴുതപ്പെട്ട രേഖകൾ സൂക്ഷിക്കുന്നവരായിരുന്നിട്ടില്ലാത്തതിനാൽ അവർ പ്രവാസികളായിരുന്ന രാഷ്ട്രങ്ങളിലെ ചരിത്രാഖ്യാനങ്ങളിൽ മാത്രമാണ് അവരുടെ ചരിത്രപരമായ രേഖകൾ കണ്ടെത്തുന്നത്.
അത്തരം രേഖകൾ ജിപ്സികളെ അതിഥികളായി സ്വാഗതം ചെയ്തിരുന്നില്ല എന്നു വെളിപ്പെടുത്തുന്നു. തീർച്ചയായും, അവരുടെ അല്ലലില്ലാത്ത ജീവിത രീതിയും—ചിലപ്പോഴെല്ലാമുള്ള അത്ത്യാർത്തിയും—മിക്കപ്പോഴും പ്രകടമായ പീഡനത്തിനു കാഞ്ചി വലിച്ചിരുന്നു. 16-ാം നൂറ്റാണ്ടിൽ, ഇംഗ്ലണ്ട് അവരോടു പുറത്തുപോകാൻ കല്പിച്ചു, ആരെങ്കിലും അവശേഷിച്ചാൽ അവർ വധിക്കപ്പെടുമെന്നും പ്രഖ്യാപിച്ചു! ഇപ്പോൾ റൊമാനിയാ ആയിരുന്നിടത്തും ജിപ്സികൾ അതുപോലെതന്നെ മോശമായി കഴിഞ്ഞുകൂടി. അവിടെ അവരെ 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ അടിമകളെപ്പോലെ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. 1726-ൽ ജർമ്മനിയിലെ ചാൾസ് VI-ാമൻ ചക്രവർത്തി ജിപ്സി പുരുഷൻമാരെ തൂക്കിക്കൊല്ലാൻ കൽപ്പിച്ചു. അവരുടെ സ്ത്രീകളും കുട്ടികളും മടങ്ങിവരാൻ തുനിയുന്നെങ്കിൽ എളുപ്പം തിരിച്ചറിയത്തക്കവണ്ണം അവരുടെ കാതുകൾ അറുത്തുകളയുകയും വേണം എന്നും കൽപ്പിച്ചു. ഫ്രാൻസിലും ജർമ്മനിയിലും ഡെൻമാർക്കിലും സ്വീഡനിലും ജിപ്സികളെ പട്ടികളെ വിട്ട് ഓടിക്കയും “വിനോദത്തിനു” വേണ്ടി മാനുകളെപ്പോലെ വേട്ടയാടുകയും ചെയ്തു.
ആധുനിക നാളിൽ എന്ത്? നാസി ഭരണകൂടം ജിപ്സികളെ “ജനങ്ങളുടെ ശത്രുക്കൾ” എന്നു മുദ്രകുത്തുകയും അവരെ ഉൻമൂലനാശം ചെയ്യുകയും ചെയ്തു. 4,00,000 ത്തിൽപരം പേർ നശിപ്പിക്കപ്പെട്ടു.
ഇന്ന് അവരുടെ ജീവിതം
അതിഘോരമായ പീഡനത്തിന്റെ ഈ ചരിത്രമുണ്ടെങ്കിലും ജിപ്സികൾ ഇന്ന് യൂറോപ്പിലും ഐക്യനാടുകളിലും തെക്കെ അമേരിക്കയിലും ആസ്ട്രലിയയിലും തഴച്ചു വളരുന്നു. വ്യത്യസ്തരും ചിതറിക്കിടക്കുന്നവരുമായ ഈ ആളുകളുടെ ഒരു പൊതുഭാഷയും മാറിമാറിത്താമസിക്കുന്നതിനുള്ള ഒടുങ്ങാത്ത പ്രേരണയും കൂടാരത്തിനു ചുറ്റുമായി കാത്തു സൂക്ഷിക്കപ്പെടുന്ന ഒരു അലിഖിത സംസ്കാരവും തങ്ങൾ ഒരു ഉന്നത ജനതയാണെന്നുള്ള വിശ്വാസവും അവരുടെ തിരിച്ചറിയിക്കൽ നിലനിർത്തുന്നതിനു സഹായിച്ചിരിക്കുന്നു. എന്നിരുന്നാലും കാലം ചില മാറ്റങ്ങൾ പ്രാവർത്തികമാക്കിയിരിക്കുന്നു.
അവരിൽ ചിലർക്ക് സ്ഥിരതാമസമാക്കുന്നതിനുള്ള ചായ്വ് വളർന്നു വരുന്നുണ്ടെങ്കിലും ഇപ്പോഴും ആയിരങ്ങൾ റോഡിൽകൂടെ സഞ്ചരിക്കുന്നു. എങ്കിലും കുതിരകൾ വലിക്കുന്ന തങ്ങളുടെ വർണ്ണപകിട്ടാർന്ന വാർഡോകളിൽ അപ്രകാരം സഞ്ചരിക്കുന്നവർ കുറഞ്ഞു കുറഞ്ഞു വരുന്നു. പശ്ചിമ യൂറോപ്പിൽ മിക്ക ജിപ്സികളും മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നു; അതിന്റെ ഫലമായി അവരുടെ കാവ്യാത്മകമായ മുൻ പ്രതിച്ഛായ മിക്കവാറും നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും കിഴക്കൻ യൂറോപ്പിലും സ്പെയിനിലും പുരാതന സംസ്ക്കാരം തങ്ങിനിൽക്കുന്നു. നൃത്തം, സംഗീതം, ഭാഗ്യംപറച്ചിൽ, കരടി വളർത്തൽ, കുതിരക്കച്ചവടം, ജിപ്സികളുടെ സ്വന്തം അതുല്യമായ വിധത്തിൽ ഒരു ജീവിതം നയിക്കൽ മുതലായവ. അങ്ങനെ ഇപ്പോഴും ആയിരക്കണക്കിനു കാഴ്ചക്കാർക്ക് സ്പാനിഷ് ജിപ്സികളുടെ പ്രസരിപ്പുള്ള ഫ്ളാമെൻകൊ നൃത്തത്തിലും അയാളുടെ ഹങ്കേറിയൻ സഹോദരന്റെ ഹൃദയഹാരിയായ സംഗീതത്തിലും പുളകം കൊള്ളാൻ കഴിയും!
അതിരറ്റ പീഡനം അവസാനിച്ചെങ്കിലും, ജിപ്സി മിക്കപ്പോഴും ക്ലേശം അനുഭവിക്കുന്നു. ദൃഷ്ടാന്തത്തിനു, ബ്രിട്ടീഷ് ഗവൺമെൻറിന്റെ 1982-ലെ റിപ്പോർട്ടനുസരിച്ചു, “ഇംഗ്ലണ്ടിലും വെയ്ൽസിലും 8-9,000 ത്തോളം ജിപ്സി കുടുംബങ്ങൾ ഉണ്ട്, അവയിൽ ഏകദേശം പകുതി സ്ഥിരമായി അവകാശപ്പെടുത്തപ്പെട്ട സ്ഥാനങ്ങളിലാണ് വസിക്കുന്നത്. ശേഷിച്ചവർ തങ്ങളുടെ വാഹനങ്ങൾ അവകാശമില്ലാത്ത സ്ഥാനങ്ങളിലാണ് ഇടുന്നത്, നിരന്തരമായ കുടിയിറക്കു ഭീഷണിയും അടുത്തു താമസിക്കുന്നവരുടെ കൂടെക്കൂടെയുള്ള ഉപദ്രവവും സഹിതം.”
ആധുനികവൽക്കരണം, ജിപ്സികളെ ലൗകിക വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള അവരുടെ വികാരങ്ങൾ പുനഃപരിചിന്തനം ചെയ്യാൻ നിർബ്ബന്ധിതരാക്കിയിരിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ ഇതു പൊതുവെ ഒരു സമയ ദുർവിനിയോഗമായി കണക്കാക്കിയിരുന്നു. എന്നിരുന്നാലും ‘നമ്മുടെ കുട്ടികൾക്ക് സ്ഥിരവാസികളായ സമൂഹത്തിലെ കുട്ടികളുമായി ഇണങ്ങുന്നതിനും ഒരു സമാധാനപരമായ സഹവർത്തിത്വം ഉറപ്പു വരുത്തുന്നതിനും അവർക്ക് വിദ്യാഭ്യാസം ആവശ്യമാണ്’ എന്ന് ദി നാഷനൽ ജിപ്സി കൗൺസിൽ പ്രസ്താവിക്കുന്നു.
ഘടനയിൽ മാറ്റങ്ങൾ
ആധുനികവൽക്കരണം ജിപ്സികൾ ജീവിതം നയിക്കുന്ന വിധങ്ങളിലും ചില മാറ്റങ്ങൾ നിർബ്ബന്ധിതമാക്കിത്തീർത്തു. മുൻകാലങ്ങളിൽ കാലാകാലത്തെ കൃഷിപ്പണി ജിപ്സികളുടെ ഇടയിൽ വളരെ പ്രചുരമായിരുന്നു. അവർ ജോലി ചെയ്യുമ്പോൾ സാധാരണയായി, കൃഷിക്കാർ തങ്ങളുടെ സ്ഥലത്ത് അവർ പാർക്കുന്നതിനു അനുവദിച്ചിരുന്നു. എന്നാൽ, യന്ത്രവൽക്കരണം അത്തരം ജോലിക്കുള്ള അവസരങ്ങൾ അതിയായി കുറച്ചുകളഞ്ഞു. മേലാൽ അവരുടെ വേല ആവശ്യമില്ലത്തതിനാൽ കൃഷിക്കാർ പൊതുവെ ജിപ്സികളെ തങ്ങളുടെ സ്ഥലത്തു പാർക്കാൻ അനുവദിക്കുന്നതിനു മനസ്സൊരുക്കമില്ലാത്തവരാണ്. അങ്ങനെ ജിപ്സികൾ ലോഹക്കഷണങ്ങളുടെ ഇടപാടുകളും കെട്ടിടവ്യാപാരവും ജോലിക്കുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്ന നഗരങ്ങളിലേക്കു നീങ്ങുന്നതിനു നിർബ്ബന്ധിതരായിത്തീർന്നു.
ജിപ്സികൾക്കു മൃഗങ്ങളോടു അടുപ്പമുള്ളതിനാൽ ചിലർ, അതിനുപകരം നടന്നുള്ള വില്പനയും സർക്കസ്സുകളും തിരഞ്ഞെടുത്തിരിക്കുന്നു. അവർ സംഗീത പ്രേമികളാകയാൽ ചിലർ വിനോദം പകരുന്നതിൽ വിജയിക്കുന്നു. മാനുഷ പ്രകൃതത്തെ നന്നായി നിരീക്ഷിക്കുന്നവരായ സ്ത്രീകൾ “ഭാഗ്യം” പറഞ്ഞ് നല്ലവരുമാനമുണ്ടാക്കുന്നു. (അടുത്ത ലേഖനം കാണുക) ജിപ്സികൾ അത്തരം ജോലികൾക്ക് നന്നായി യോജിച്ചവരാണ്. അവ അവരെ ഒരു സ്ഥലത്തു വളരെക്കാലം കടിച്ചുതൂങ്ങുന്നതിനെ ഒഴിവാക്കാൻ അനുവദിക്കുന്നു. അവർക്ക് ഭൗതിക സമ്പത്തുകൾ നേടുന്നതിനെക്കാൾ ചുറ്റിനടക്കുന്നതിനുള്ള സ്വാതന്ത്ര്യം വളരെയധികം വിലയേറിയതാണ്.
പിൻവരുന്ന ആത്മകഥ ഒരു ജിപ്സി ഒരു പുതിയ ജീവിതമാർഗ്ഗം, എല്ലാറ്റിലും വെച്ച് ഏറ്റവും മെച്ചപ്പെട്ട ഒന്ന് കണ്ടെത്തിയ വിധം കാണിക്കുന്നു. (g86 5/22)
[അടിക്കുറിപ്പുകൾ]
a ചില സ്ഥലങ്ങളിൽ ജിപ്സികൾ തന്നെ സഞ്ചാരികൾ എന്നു വിളിക്കപ്പെടാൻ ഇഷ്ടപ്പെടത്തക്കവണ്ണം “ജിപ്സി” എന്ന പദം നിശ്ചയമായും, ദുഷ്കീർത്തി വഹിക്കുന്നു.