ഒരു ജിപ്സി “മാർഗ്ഗം” കണ്ടെത്തുന്നു
ഞാൻ 1929-ൽ ഉത്തര വെയ്ൽസിലെ ഒരു കൂടാരത്തിൽ റൊമാനികളുടെ അഥവാ അനേകരും ഞങ്ങളെ വിളിക്കുന്നതുപോലെ ജിപ്സികളുടെ ഒരു കുടുംബത്തിൽ ജനിച്ചു. അതിനുശേഷം ഞാൻ വെയ്ൽസിന്റെ എല്ലാ ഭാഗങ്ങളിലും തെക്കു പടിഞ്ഞാറെ ഇംഗ്ലണ്ടിലും സഞ്ചരിച്ചുകൊണ്ട് ജിപ്സികളുടെ മാർഗ്ഗത്തിൽ അനേകവർഷക്കാലം ജീവിച്ചു. അതൊരു ലളിതമായ ജീവിതരീതിയായിരുന്നു, ഓരോ വാരത്തിലും അഥവാ ഓരോ രണ്ടാം വാരത്തിലും സ്ഥലം മാറുന്നതിനു ഞങ്ങൾ നിർബ്ബന്ധിതരായിരുന്നതുകൊണ്ടുള്ള ശല്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്റെ മാതാപിതാക്കൾ ഞങ്ങൾ നാലു കുട്ടികളോടൊത്ത് രണ്ടു കുതിരവണ്ടികളിൽ സഞ്ചരിച്ചു. ഞങ്ങൾ, കുട്ടികൾ, ഞങ്ങളുടെ വീട്ടുപകരണങ്ങൾ വഹിച്ചിരുന്ന നാലു ചക്രങ്ങളുള്ള “വീപ്പ” വണ്ടിയിൽ ഉറങ്ങിയിരുന്നു. (ഒരു കച്ചിക്കൂനയോ കളപ്പുരയോ സൗകര്യപ്രദമെങ്കിൽ ഞങ്ങളെല്ലാം അതിൽ ഉറങ്ങിയിരുന്നു.) രണ്ടു ചക്രങ്ങളുള്ള ഒരു “തീപ്പെട്ടി” വണ്ടി ഞങ്ങളുടെ കൂടാരത്തിന്റെ ഉപകരണങ്ങളും പണിക്കോപ്പുകളും വഹിച്ചിരന്നു. ഞങ്ങളുടെ കുതിരകളുടെ ഭാരം ലഘൂകരിക്കുന്നതിനു ഞങ്ങൾ കുട്ടികൾ സാധാരണ നടക്കുകയായിരുന്നു പതിവ്.
സാദ്ധ്യതയുള്ളപ്പോഴെല്ലാം ഭവനങ്ങളിൽ താമസിക്കുന്നവരുടെ കാഴ്ചയിൽ നിന്നു തികച്ചും മറവിലായി കാടുകളിൽ ഞങ്ങൾ താവളം കണ്ടെത്തിയിരുന്നു. ഇത് അവരുടെ വിദ്വേഷം ഒഴിവാക്കാൻ ഞങ്ങളെ സഹായിച്ചു. പിതാവ് ഞങ്ങളെക്കൊണ്ട് ചിതറിക്കിടക്കുന്ന നിസ്സാരവസ്തുക്കൾ പെറുക്കി എടുപ്പിക്കയും പുല്ല് തൂത്തുവാരിക്കയും ചെയ്തിരുന്നു. ഞങ്ങൾ എല്ലായിടവും വൃത്തിയാക്കിയിട്ടിട്ടു പോകുമായിരുന്നു.
ജിപ്സിയുടെ മാർഗ്ഗം
ഞങ്ങൾ ജീവിതം നയിച്ചിരുന്നതെങ്ങനെയായിരുന്നു? വിൽറ്റ് ഷൈറിലും ഹിയർ ഫോർഡ് ഷൈറിലും ഹോപ് (ഒരിനം പടർപ്പു ചെടി) പിഴുതു ശേഖരിക്കൽ ആയിരുന്നു ഞങ്ങളുടെ കാലികമായ തൊഴിൽ. ഇത് എല്ലായ്പ്പോഴും സന്തോഷത്തിന്റെ ഒരു സമയമായിരുന്നു. ജിപ്സി കുടുംബങ്ങൾ പരസ്പരം വേറിട്ട് പാർത്തിരുന്നെങ്കിലും വൈകുന്നേരങ്ങളിൽ ഒരു കൂടാരത്തിൽ ഒരുമിച്ചുകൂടി സംഗീതം ആലപിക്കയും കഥകൾ പറകയും ചെയ്യുമായിരുന്നു. ഞങ്ങൾ സാധുക്കളായിരുന്നെങ്കിലും ഭൗതിക വസ്തുക്കൾ സംബ്ബന്ധിച്ചുള്ള ഉൽക്കണ്ഠകളിൽ നിന്നു സ്വതന്ത്രരായിരുന്നു.
വർഷത്തിന്റെ മറ്റവസരങ്ങളിൽ പിതാവ് ബുൾറഷസ് (ചതുപ്പു പ്രദേശങ്ങളിൽ വളരുന്ന ചെടികൾ) കൊണ്ട് പായ്കളും കൊട്ടകളും ഉണ്ടാക്കിയിരുന്നു. കൊട്ടയുടെ ചട്ടക്കൂടുകൾക്കാവശ്യമായ കോരപ്പുല്ലും അരളിച്ചെടിയുടെ ശിഖരങ്ങളും ഞങ്ങൾ ശേഖരിച്ചിരുന്നു. ഞങ്ങൾ അവ പുഴുങ്ങുകയും കോര പുല്ല് ബ്ലീച്ച് ചെയ്യുകയും അരളി ചെടിയുടെ പട്ട നീക്കുകയും ചെയ്തിരുന്നു. എന്റെ പിതാവ് ചെടികളിൽ നിന്നുണ്ടാക്കിയിരുന്ന ചായങ്ങൾകൊണ്ട് പൂർത്തിയാക്കിയ ഉപകരണങ്ങളിൽ വന്യമൃഗങ്ങളുടെയും പക്ഷികളുടെയും പെയ്ൻറിംഗ് കൊണ്ട് അലങ്കരിച്ചിരുന്നു. എന്നാൽ യഥാർത്ഥ വില്പനയിൽ ജിപ്സി പുരുഷൻമാർ ഒരിക്കലും പങ്കെടുത്തിരുന്നില്ല. അതുകൊണ്ടു ശേഷിച്ച ഞങ്ങൾ അവ വീടുതോറും നല്ല വിലക്കു വിറ്റിരുന്നു.
അത്തരം വസ്തുക്കൾ ഞങ്ങൾ തന്നെ ഉണ്ടാക്കുന്നവിധം പിതാവു ഞങ്ങളെ കാണിച്ചു തന്നിരുന്നു. ഞങ്ങൾ കടലാസ്സിൽ നിന്നും മരത്തിൽനിന്നും പൂക്കൾ നിർമ്മിക്കുന്നതിനും കുതിരകളെ തെളിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിനും കാട്ടു ചെടികൾ തിരിച്ചറിയുകയും അവ മരുന്നായി ഉപയോഗിക്കുകയും ചെയ്യുന്നതിനും പഠിച്ചു. അദ്ദേഹം ഞങ്ങളെ ചവറ്റുകൂനയിലേക്കു കൊണ്ടു പോകുകയും ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ ഉപയോഗമുള്ള എന്തും എടുക്കുന്ന വിധം കാണിച്ചു തരികയും ചെയ്തു. എന്നാൽ മുയലുകളെയും ഒരിനം കീടഭോജിമൃഗമായ ഹെഡ്ജ് ഹോഗുകളെയും ആഹാരത്തിനുള്ള മറ്റു വന്യ ജീവികളെയും പിടിക്കുന്നവിധവും ഞങ്ങൾ അറിഞ്ഞിരുന്നു. ഇവ കുറവായിരിക്കുമ്പോൾ ഒരു കൃഷിക്കാരന്റെ ഒന്നോ രണ്ടോ കോഴിയെയോ കുറെ പച്ചക്കറിയോ എടുക്കുന്നതിൽ ഞങ്ങൾ തെറ്റൊന്നും കണ്ടിരുന്നില്ല. അയാൾക്കു അതിനു പ്രാപ്തിയുണ്ടെന്നും എന്തായാലും ഞങ്ങൾക്കു വിശക്കുന്നു എന്നും ഞങ്ങൾ കണക്കാക്കിയിരുന്നു. ഞങ്ങൾ നെറ്റിലുകളും (ഒരിനം കാട്ടു ചെടി) റോസ് തണ്ടുകളും തേനുള്ള പൂക്കളും എല്ലായിനം കാട്ടു ചെടികളും ഒരു പ്രത്യേക രുചിയോടെ ഒച്ചുകളെയും പാകം ചെയ്യാനും പഠിച്ചിരുന്നു. എന്നാൽ പല ദിവസങ്ങളിലും ഞങ്ങൾക്കു ആഹാരം ഉണ്ടായിരുന്നില്ല.
എനിക്കു നാലു വയസ്സുള്ളപ്പോൾ എന്റെ അമ്മ എന്നെ ഭിക്ഷയാചിക്കുന്നതിനും വിൽപന നടത്തുന്നതിനും മോഷ്ടിക്കുന്നതിനും പഠിപ്പിച്ചു. ആദ്യമായി ഞാൻ മോശമായ വസ്ത്രം ധരിച്ചിരിക്കുന്നു എന്നും ഷൂസ് ധരിച്ചിട്ടില്ലെന്നും ഉറപ്പു വരുത്തിയിരുന്നു. അതിനുശേഷം അവൾ എന്നെ ഒരു വീട്ടിലേക്ക് ഒറ്റക്കു വിടുകയും വാതിൽക്കൽ നിന്നുകരയാൻ കൽപ്പിക്കയും ചെയ്തിരുന്നു. ഞാൻ കരയുന്നതായി തോന്നിയിരുന്നില്ലെങ്കിൽ അവൾ എന്റെ കാലിൽ അടിക്കുമായിരുന്നു. അപ്രകാരം, ഏതുവിധേനയും എന്റെ കണ്ണുകളിൽനിന്നു കണ്ണുനീർ വീഴുമായിരുന്നു! ഞാൻ വീട്ടുകാരനോട് എനിക്കു ഭക്ഷിക്കാൻ ഒന്നുമില്ല എന്നു പറഞ്ഞിരുന്നു. മോശമായ വസ്ത്രം ധരിച്ച്, കരയുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ അപേക്ഷ ചുരുക്കം പേർക്കെ തിരസ്കരിക്കാനായിരുന്നുള്ളു.
ജിപ്സികളുടെ ഇടയിൽ സാധാരണമായിരുന്ന മറ്റൊരു തൊഴിലും ഞാൻ പഠിച്ചു: ഭാഗ്യം പറച്ചിൽ. യഥാർത്ഥത്തിൽ, ഞങ്ങളുടെ “ഭാഗ്യം പറച്ചിൽ” സാധാരണയായി ആളുകളെ നിരീക്ഷിക്കയും അവർ കേൾക്കാൻ ഇഷ്ടപ്പെടുന്നതെന്തെന്നു വിവേചിക്കയും ചെയ്യുന്നതിനെക്കാൾ ഉപരി മറ്റൊന്നുമായിരുന്നില്ല. എന്നാൽ ഈ തൊഴിലിന് പ്രകൃതാതീത ശക്തിക്കും ഉൾപ്പെടാൻ കഴിയുമെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. എങ്കിലും എന്നെ സംബ്ബന്ധിച്ച്, കാർഡുകളുടെയും തേയിലകളുടെയും കൈപ്പത്തിയിലെ വരകളുടെയും ഉപയോഗം വെറുമൊരു സൂത്രമായിരുന്നു. സഹകരിക്കാൻ ആഗ്രഹിച്ചിരുന്ന ആളുകളുടെ അടുക്കൽ മാത്രമെ ഞാൻ വിജയിച്ചിരുന്നുള്ളു.
നരകത്തെക്കുറിച്ചുള്ള ഭയങ്ങൾ
മിക്ക റൊമാനികളെയുംപോലെ എന്റെ പിതാവും വലിയ മത ഭക്തനായിരുന്നു. അദ്ദേഹം പള്ളിയിൽ പോയിരുന്നു എന്നല്ല ഞാൻ അർത്ഥമാക്കുന്നത്. വളരെ വിഭിന്നം. പള്ളികളിലെ ആഡംബരവും ആഘോഷങ്ങളും “വൃദ്ധന്” (അദ്ദേഹം പിശാചിനെ സാധാരണ വിളിച്ചിരുന്നത് അങ്ങനെയാണ്) ഉള്ളതാണെന്നു കാണിക്കുന്നു എന്നു അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു. എല്ലാ ദിവസവും പ്രഭാതത്തിൽ, മഴയോ തെളിവോ എന്തായിരുന്നാലും എന്റെ പിതാവ് വെളിയിൽ പോയി മുട്ടുകുത്തിനിന്ന് ഉച്ചത്തിൽ ദൈവത്തോടു പ്രാർത്ഥിച്ചിരുന്നു. ചിലപ്പോൾ അദ്ദേഹത്തിന്റെ പ്രാർത്ഥന ഞങ്ങളെ ഉണർത്തിയിരുന്നു. അദ്ദേഹം ഉച്ചത്തിൽ പ്രാർത്ഥിക്കുന്നതെന്തിനെന്നു ഞാൻ ചോദിച്ചപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: “ദൈവം എനിക്കു ശബ്ദം നൽകി, അതുകൊണ്ടു ഞാൻ അവനോടു സംസാരിക്കുമ്പോൾ അതുപയോഗിക്കണം.”
അങ്ങനെ ഞാൻ എന്റെ പിതാവിൽനിന്നു ദൈവത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചും അല്പമായി ഗ്രഹിച്ചു. ഒരിക്കൽ ഞങ്ങൾ ചുണ്ണാമ്പു കല്ലു ചുട്ടു കുമ്മായം നിർമ്മിക്കുന്ന ഒരു ചൂളയുടെ സമീപത്തുള്ള ഒരു ചുണ്ണാമ്പുകല്ലു വെട്ടുന്ന കുഴിയിൽ കൂടാരമടിച്ചിരിക്കയായിരുന്നു. ഞങ്ങൾ സാധാരണ ആ ചൂളയുടെ ചൂട് കായാൻ വേണ്ടി അതിൽ കയറുമായിരുന്നു. നരകം, രാവും പകലും എരിയുന്ന ആ ചൂളപോലെയാണെന്നു പിതാവു ഞങ്ങളോടു പറഞ്ഞു. ഞാൻ ഒരു ചീത്ത പെൺകുട്ടിയായിരുന്നാൽ ഞാൻ പോകുന്നത് അങ്ങോട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആ ചിന്ത എന്നെ ഭയപ്പെടുത്തിയിരുന്നു!
എന്റെ മാതാപിതാക്കൾ അങ്ങനെ കർശനമായ ശിക്ഷണം പാലിച്ചു. ഞങ്ങളെ അലങ്കാര വസ്തുക്കൾ ധരിക്കുന്നതിനോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിനോ പുകവലിക്കുന്നതിനോ അനുവദിച്ചിരുന്നില്ല. 25 വയസ്സു പ്രായമുണ്ടായിരുന്ന വിവാഹിതനായ എന്റെ സഹോദരൻ ഞങ്ങളെ സന്ദർശിച്ച ഒരു സന്ദർഭം ഞാൻ ഓർമ്മിക്കുന്നു. പിശകായി അവൻ പിതാവിന്റെ മുമ്പിൽ വെച്ച് ഒരു സിഗറ്ററു കത്തിച്ചു, അവന്റെ കൈയിൽനിന്നു ഒരു തീക്കൊള്ളികൊണ്ടു അതു അടിച്ചു തെറിപ്പിക്കുന്നതിനുമാത്രം!
കുടംബപ്രശ്നങ്ങൾ
എനിക്കു 11 വയസ്സുണ്ടായിരുന്നപ്പോൾ എന്റെ മാതാപിതാക്കളുടെ വിവാഹം തകർന്നു, അവർ രണ്ടാം പ്രാവശ്യവും എന്നേക്കുമായും വേർപിരിഞ്ഞു. ഞാൻ പിതാവിന്റെ കൂടെ താമസിച്ചു. എനിക്കു 19 വയസ്സായപ്പോൾ ഞാൻ ഒരു പട്ടാളക്കാരനെ വിവാഹം ചെയ്യുന്നതുവരെ ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചിരുന്നു. അയാൾ ഒരു റൊമാനി ആയിരുന്നില്ല. പിതാവ് വളരെയധികം സ്തബ്ധനാകയും 15 വർഷത്തേക്ക് എന്റെ അടുക്കൽ വരുന്നതിനു വിസമ്മതിക്കയും ചെയ്തു.
ജിപ്സി ജീവിത രീതി വിട്ടത് ഞാൻ ഒരിക്കലും സങ്കല്പിക്കാത്തതിനെക്കാൾ വളരെയധികം പ്രയാസകരമായിരുന്നു. എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു വീട്ടിൽ താമസിച്ചു. എന്നാൽ എനിക്കു ഒരു വീടു സൂക്ഷിക്കുന്ന വിധം സംബ്ബന്ധിച്ചോ ഒരു സ്റ്റൗവിൽ പാചകം ചെയ്യുന്നവിധം സംബന്ധിച്ചു പോലുമോ ഒരു ഗ്രാഹ്യവും ഇല്ലായിരുന്നു.
അപ്പോൾ എന്റെ അമ്മയ്ക്ക് ക്ഷയരോഗം ബാധിക്കയും എന്റെ സഹായം തേടുകയും ചെയ്തു. ഞാൻ അവളെ പരിചരിക്കവെ ആ രോഗം എന്നിലേക്കും പകർന്നു. ഒരു ആശുപത്രിയിൽ അഞ്ചുവർഷം ചികിത്സിച്ചശേഷം ഒറ്റ വൃക്കയും നാലിൽ മൂന്നുഭാഗം കരളുമായി ഞാൻ വിട്ടുപോന്നു. അതിനിടയിൽ എന്റെ ഭർത്താവ് വിവാഹമോചനം നേടുകയും പുനർവിവാഹം ചെയ്യുകയും ചെയ്തു. ക്രമേണ ഞാനും പുനർവിവാഹിതയായി, എന്നാൽ കുഴപ്പം നിറഞ്ഞ—ചിലപ്പോൾ അക്രമവും—പത്തു വർഷത്തിനുശേഷം ആ വിവാഹവും മോചനത്തിൽ കലാശിച്ചു.
“മാർഗ്ഗം” കണ്ടെത്തുന്നു
ആയിരത്തിതൊള്ളായിരത്തി അൻപത്തൊൻപത് എന്ന വർഷം എന്റെ ജീവിതരീതിയിൽ ഏറ്റവും നാടകീയമായ മാറ്റം കൈവരുത്തി. യഹോവയുടെ സാക്ഷികളായിരുന്ന രണ്ടു സ്ത്രീകൾ സന്ദർശിച്ചു. ഞാൻ ശ്രദ്ധിക്കുകയും, എനിക്കു വായിക്കാൻ കഴിവില്ലെന്നു വെളിപ്പെടുത്താതെ അവരുടെ രണ്ടു ബൈബിൾ മാസികകൾ സ്വീകരിക്കയും ചെയ്തു. അവരിൽ ഒരാൾ, മാരിനൈറ്റിംഗെയിൽ എന്നെ കാണാൻ വീണ്ടും വന്നു. ഉൾപ്പെടാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ലെങ്കിലും, മടങ്ങി വരുന്നതിനുള്ള അവളുടെ വാഗ്ദാനം ഞാൻ സ്വീകരിച്ചുകൊണ്ടിരുന്നു. അവൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം വീതം വന്നിരുന്നു, ചിലപ്പോൾ മാസികയും ഇട്ടിരുന്നു. അവൾ പോയശേഷം, അവ വായിക്കുന്നതിനു എനിക്കു അസാദ്ധ്യമായിരുന്നതിനാൽ വളരെ നിരാശിതയായി ഞാൻ ആ മാസികകൾ തുണ്ടുതുണ്ടായി കീറിക്കളഞ്ഞിരുന്നു.
എന്നാൽ അവൾ എന്നോടു പറഞ്ഞുകൊണ്ടിരുന്ന ക്രിസ്തീയ മാർഗ്ഗം, പ്രത്യേകിച്ച് യഹോവ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും ഒരു ദൈവമാണെന്നുള്ള ആശയം ഞാൻ ഇഷ്ടപ്പെടുക തന്നെ ചെയ്തു. (പ്രവൃത്തികൾ 9:2) എന്റെ പിതാവു വിശ്വസിച്ചിരുന്നതുപോലെ അവൻ മനുഷ്യരെ ഒരു തീ നരകത്തിൽ ശിക്ഷിക്കുകയില്ല. എന്തിന്, ഞാൻ ഗ്രഹിച്ച ബൈബിൾ നരകം കേവലം ശവക്കുഴിയായിരുന്നു! (സങ്കീർത്തനം 37:28) ആ ഭൗമിക പരദീസായെ സംബന്ധിച്ച ദൈവത്തിന്റെ അത്ഭുതകരമായ വാഗ്ദാനം സംബന്ധിച്ചും ഞാൻ മനസ്സിലാക്കി.
അതുകൊണ്ട് മൂന്നുമാസങ്ങൾക്കുശേഷം എനിക്കു വായിക്കുകയോ എഴുതുകയോ ചെയ്യാൻ കഴിവില്ലെന്നു ഞാൻ സമ്മതിച്ചു. എങ്കിലും മാരി പഠിക്കുന്നതിനു എന്നെ പ്രേരിപ്പിക്കയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്റെ മാതൃഭാഷ റൊമാനിയും എന്റെ ഇംഗ്ലീഷ് വളരെ മോശവും, മിക്കവാറും അപകൃഷടഭാഷ ഉൾപ്പെട്ടത്, ആയിരുന്നതിനാൽ അതു ക്ലേശകരമായ ഒരു ജോലിയായിരുന്നു. എന്റെ കുട്ടികൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അവർ വായനയും എഴുത്തും വശമാക്കി, എന്നെ സഹായിക്കാൻ അവർ സന്തുഷ്ടരുമായിരുന്നു. നാലു വർഷങ്ങൾക്കുശേഷം 1963-ൽ ഞാൻ സ്നാനമേറ്റു. ഞാൻ “മാർഗ്ഗം” കണ്ടെത്തിയിരുന്നു. മാരി അഞ്ചു വർഷത്തേക്കുകൂടി ആഴ്ച്ചയിൽ രണ്ടു ദിവസം വീതം എന്നെ സഹായിച്ചിരുന്നു. അവളുടെ സ്ഥിരത എന്നെ കീഴ്പ്പെടുത്തി. ഒരു വിദ്യാഭ്യാസമില്ലാത്ത ജിപ്സി എന്ന നിലയിൽ അവൾ എന്നോടു അവജ്ഞ കാണിക്കയോ എന്നെ പഠിപ്പിക്കുന്നതിലുൾപ്പെട്ടിരുന്ന വലിയ പ്രയത്നം മൂലം എന്നെ ഉപേക്ഷിക്കയോ ചെയ്തിരുന്നില്ല.
ഇപ്പോൾ എന്നെ വളരെയധികം ആശ്വസിപ്പിക്കയും സന്തോഷിപ്പിക്കയും ചെയ്തിരുന്നു സുവാർത്ത പറയുന്നതിന്റെ വ്യഗ്രതയോടെ ഞാൻ ഒരു പയനിയർ, മുഴുസമയ പ്രസംഗക, ആയി 1972-ൽ പേർചാർത്തി. ഞാൻ ഇപ്പോഴും മറ്റുള്ളവരെ “മാർഗ്ഗം” പഠിക്കാൻ സഹായിക്കുന്ന ദേഹിക്കു ആശ്വാസകരമായ വേല ആസ്വദിക്കുന്നു. എന്റെ മകൾ ഡെന്നീസും മുഴു സമയ ശുശ്രൂഷയിൽ എന്നോടു ചേർന്നിരിക്കുന്നത് എത്ര സന്തോഷകരമാണ്! എന്റെ മകൻ സ്റ്റീഫനും അഞ്ചുവർഷത്തേക്കു ഒരു പയനിയറായിരുന്നു, അതു സഭയിലും ഒരു പിതാവെന്ന നിലയിലും ഉള്ള അവന്റെ ഇപ്പോഴത്തെ ഉത്തരവാദിത്തം നിർവ്വഹിക്കുന്നതിനു ഒരു നല്ല അടിസ്ഥാനമിട്ടു.
ഞാനും എന്റെ പിതാവും യോജിപ്പിലെത്തിയിരുന്നു എന്നു പറയുന്നതിനും എനിക്കു സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അന്ത്യവർഷങ്ങളിൽ പലപ്പോഴും എന്റെ കൂടെ താമസിക്കയും പ്രത്യേകിച്ചു ചടങ്ങുകൾ കുറവുള്ള, ബൈബിളിനു ഊന്നൽ നൽകുന്ന സാക്ഷികളുടെ മീറ്റിംഗുകൾ ആസ്വദിച്ചുകൊണ്ട് അവയിൽ സംബന്ധിക്കയും ചെയ്തിരുന്നു. അദ്ദേഹം 87-ാമത്തെ വയസ്സിൽ മരിച്ചു. അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ചും റൊമാനി ആചാരപ്രകാരവും അപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ എന്റെ പിതാവിന്റെ കുടിലും എല്ലാ സമ്പാദ്യങ്ങളും ദഹിപ്പിച്ചു കളഞ്ഞു.
ഇപ്പോൾ യാത്രയും കൂടാര ജീവിതവും സംഗീതവും സഹിതമുള്ള ജിപ്സി ജീവിതരീതി എനിക്കു ഒരു അകന്ന സ്മരണയാണ്. നിരക്ഷരതയുടെയും ആത്മീയമായ അജ്ഞതയുടെയും ഇരുട്ടിൽനിന്ന് എന്നെ സ്വതന്ത്രയാക്കിയതിൽ ഞാൻ അനുദിനം നന്ദി നൽകുന്നു. യഹോവയുടെ സഹായത്താൽ ഞാൻ വളരെ മെച്ചമായ ഒരു “മാർഗ്ഗം” കണ്ടെത്തിയിരിക്കുന്നു.—ബെറിൽ ടക്ക് പറഞ്ഞപ്രകാരം. (g86 5/22)
[18-ാം പേജിലെ ചിത്രം]
ബെറിൽ ടക്ക്, ഇടത്തേയറ്റം, തന്റെ ഏറ്റം അടുത്ത കുടുംബത്തോടൊത്ത്