മുന്നറിയിപ്പ് വ്യക്തം—നിങ്ങൾ ശ്രദ്ധിക്കുന്നുവോ?
“സൂക്ഷിക്കുക: സിഗറ്ററുവലി നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം.” സിഗററ്റ് നിർമ്മാതാക്കൾ ഈ വാക്കുകൾ അവരുടെ പാക്കറ്റുകളിൽ പ്രദർശിപ്പിക്കണം എന്ന് യു. എസ്. ഗവൺമെൻറ് 1965-ൽ പ്രഖ്യാപനം ചെയ്തു. അഞ്ചുവർഷങ്ങൾക്കുശേഷം ഈ മുന്നറിയിപ്പ് പിൻവരുന്ന വാക്കുകൾക്ക് വഴിമാറി: “താക്കീത്: സിഗറ്ററുവലി നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായിരിക്കുമെന്നു സർജൻ ജനറൽ നിശ്ചയപ്പെടുത്തിയിരിക്കുന്നു.” ഇപ്പോൾ ഇതാ, വർഷത്തിൽ നാലു പ്രാവശ്യം കുറെക്കൂടി സൂഷ്മസ്പർശിയായ നാലു വ്യത്യസ്ത മുന്നറിയിപ്പുകൾ മാറിമാറി എഴുതിവക്കുന്നതിന് നിയമം അനുശാസിക്കുന്നു. ഇത് നീതീകരിക്കാനാവുമോ? ലോകമെമ്പാടും നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് നിങ്ങൾ സ്വയം നിശ്ചയപ്പെടുത്തിക്കൊള്ളുക.
“സർജൻ ജനറലിന്റെ താക്കീത്: പുകവലി ശ്വാസകോശാർബുദവും ഹൃദ്രോഗവും എംഫീസെമായും ഉളവാക്കുന്നതുകൂടാതെ ഗർഭകാല സങ്കീർണ്ണതകൾക്കും കാരണമായേക്കാം”:
“ആരോഗ്യക്ഷേമവകുപ്പ് മന്ത്രികാര്യാലയം നടത്തിയ അർബുദ പഠനങ്ങൾ കാണിക്കുന്നത് . . . ജപ്പാനിൽ . . . ശ്വാസകോശാർബുദകേസുകളുടെ പകുതിയോ അതിലധികമോ പുകവലിമൂലം ആണെന്നാണ്.”—അസാഹി ഈവനിംഗ് ന്യൂസ്
“ശാസ്ത്രീയ സ്ഥിതിവിവരക്കണക്കുകൾ, പുകവലിയുമായി ശ്വാസകോശരോഗങ്ങൾക്കും രക്തക്കുഴൽ രോഗങ്ങൾക്കും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നതായി സിംബാബ്വേ സർവ്വകലാശാലയുടെ ശസ്ത്രക്രിയാവിഭാഗത്തിലെ ശ്വാസകോശ ശസ്ത്രക്രിയാവിദഗ്ദ്ധനായ ഡോ. ഡഗ്ലസ് തോംസൺ പറഞ്ഞു.”—ദ ഹെറാൾഡ്.
“എംഫീസെമാരോഗബാധിതരിൽ 2 ശതമാനത്തിന് രോഗം പരമ്പരാഗതമായി സിദ്ധിച്ചിട്ടുള്ളതും ഒരു ചെറിയ ശതമാനം ആളുകളിൽ അത് മറ്റു പ്രശ്നങ്ങളിൽ നിന്നുടലെടുക്കുന്ന ഒരു സങ്കീർണ്ണതയായി വികസിച്ചിട്ടുള്ളതും ആകുന്നു. പക്ഷേ [ബ്രിട്ടണിൽ രോഗബാധിതരിൽ] ഭൂരിപക്ഷത്തിനും . . . രോഗം ബാധിച്ചിരിക്കുന്നത് പുകവലി മുഖേന ആണ്.”—ദ ടൈംസ്.
“സർജൻ ജനറലിന്റെ താക്കീത്: സിഗററ്റ് പുകയിൽ കാർബൺ മോണോക്സൈഡ് അടങ്ങിയിരിക്കുന്നു”:
“സിഗറ്ററുവലിയുടെ അധികം ശ്രദ്ധിക്കപ്പെടാത്തതും എന്നാൽ ഏറെ അപകടകരവും ആയ ഫലം . . . കാർബൺ മോണോക്സൈഡിന്റെ ഉത്പാദനം ആണ് . . . ഗവേഷകർ . . . കാർബൺ മോണോക്സൈഡ് വർദ്ധിക്കുന്നതോടെ സമയവും അകലവും നിർണ്ണയിക്കുന്നതിനും റോഡിൽ മുമ്പേ പോകുന്ന ഒരു കാറിന്റെ വേഗതാനിരക്കിൽ വരുന്ന മാറ്റം കണക്കാക്കുന്നതിനും ഉള്ള ഒരു ഡ്രൈവറിന്റെ പ്രാപ്തിയെ അത് പ്രതികൂലമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു. സാധാരണ ഡ്രൈവിംഗിൽ നിന്ന് നേരിയ വ്യതിയാനവും ഉണ്ടാവും.”—ദ സയൻറിഫിക് കേസ് എഗൻസ്റ്റ് സ്മോക്കിംഗ്.
“സർജൻ ജനറലിന്റെ താക്കീത്: പുകവലി ഇപ്പോൾ ഉപേക്ഷിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എതിരെയുള്ള ഗുരുതരമായ അപകടങ്ങൾ ഗണ്യമായി കുറക്കുന്നു”:
“ഒരു വ്യക്തി പുകവലി നിർത്തുമ്പോൾതന്നെ ഹൃദയത്തിനും രക്തപര്യയന വ്യവസ്ഥക്കും പ്രയോജനങ്ങൾ ഉണ്ടായിത്തുടങ്ങുന്നു. ഹൃദ്രോഗബാധയുടെയും ഹൃദയസ്തംഭനങ്ങളുടെയും രക്തപര്യയനവുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങളുടെയും അപകടം കുറയുന്നു . . . പുകവലിയുമായി ബന്ധപ്പെട്ട അർബുദബാധയുടെ സാദ്ധ്യത താണുതുടങ്ങുകയും ഒരു പതിറ്റാണ്ടുകൊണ്ട് അപകടസാദ്ധ്യത പുകവലിക്കാത്ത ഒരാളുടെ നിലയോളം കുറഞ്ഞുവരുകയും ചെയ്യുന്നു.”—യു. എസ്. ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് ആൻറ് ഹ്യൂമൻ സെർവീസസ്.
“സർജൻ ജനറലിന്റെ താക്കീത്: ഗർഭിണികളുടെ പുകവലി ഭ്രൂണാഘാതത്തിലും മാസം തികയും മുമ്പുള്ള ജനനത്തിനും ശിശുവിന്റെ ഭാരക്കുറവിനും കാരണമായേക്കാം”:
“നിരവധി രാജ്യങ്ങളിൽ നിന്നും വംശങ്ങളിൽ നിന്നുമുള്ള 5 ലക്ഷത്തിലധികം ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ 50-ലധികം പഠനങ്ങൾ എല്ലാംതന്നെ മാതാക്കളുടെ പുകവലി ശിശുഭാരത്തെ പ്രതികൂലമായി ബാധിക്കും എന്ന് പ്രകടിപ്പിക്കുന്നതിൽ ഏകാഭിപ്രായം മുന്നോട്ട് വച്ചു. . . . ആകസ്മികമായ ഗർഭച്ഛിദ്ര അപകടം പുകവലിക്കുന്ന ഗർഭിണികളിൽ 30 മുതൽ 70 ശതമാനം വരെ പുകവലിക്കാത്തവരുടെ ഇടയിലേതിനേക്കാൾ കൂടുതലാണ്, അത് പുകവലിക്കുന്ന സിഗറ്ററുകളുടെ എണ്ണത്തോടൊപ്പം വർദ്ധിക്കുകയും ചെയ്യുന്നു. . . . ഗർഭകാലത്തും അതിനു ശേഷവും പുകവലിക്കുന്ന സ്ത്രീകളുടെ കുട്ടികൾ 5-ാം വയസ്സുവരെ ഉയർന്ന രോഗമരണനിരക്കുകൾക്ക് വിധേയരായിക്കാണുന്നു.”—ദ ഹെൽത്ത് കോൺസിക്വൻസസ് ഓഫ് സ്മോക്കിംഗ്: ദ ചെയിഞ്ചിംഗ് സിഗററ്റ—എ റിപ്പോർട്ട് ഓഫ് സർജൻ ജനറൽ.
ഈ മുന്നറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിൽ ഗവൺമെൻറുകളും വൈദ്യ ജോലിക്കാരും നല്ലവേലയാണ് ചെയ്യുന്നത്. പക്ഷേ അന്തിമഫലം വ്യക്തിയെ ആശ്രയിച്ചിരിക്കും. ബൈബിൾ പറയുന്നതുപോലെ: “ഭോഷന് തന്റെ ദൃഷ്ടിയിൽ സ്വന്തവഴി ചൊവ്വായ്ത്തോന്നുന്നു, പക്ഷേ ആലോചന ശ്രദ്ധിക്കുന്നവനോ ജ്ഞാനിയത്രെ.” (സദൃശവാക്യങ്ങൾ 12:15) നിങ്ങൾ ശ്രദ്ധിക്കുന്നുവോ? (g86 9/8)