ദൈവവചനം—ഉത്തമപ്രതിരോധം!
നിങ്ങളെ കൊള്ളയടിക്കാൻ ആരെങ്കിലും ശ്രമിച്ചുവെങ്കിൽ നിങ്ങൾ എന്തുചെയ്യും? ഉടനെ കയ്യിലുള്ള വക വിട്ടുകൊടുക്കുമോ അതോ നിങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള ശ്രമത്തിൽ തിരിഞ്ഞെതിർക്കുമോ? ഇന്നത്തെ അക്രമാസക്തമായ ലോകത്തിൽ അവനവന്റെ വസ്തുവകകൾ സംരക്ഷിക്കുന്നതിന് ബലപ്രയോഗം നടത്തുക എന്നത്, ന്യായീകരിക്കത്തക്കതാണ് എന്ന് അനേകമാളുകൾ കരുതുന്നു. സ്വന്തമായി ഒരു തോക്കു കരുതുന്നതും ചില അഭ്യാസമുറകൾ പരിശീലിക്കുന്നതും ആക്രമത്തിൽ നിന്നുള്ള സംരക്ഷണമായി വീക്ഷിക്കപ്പെടുന്നു. പക്ഷേ അവ ഉത്തമഫലങ്ങൾ കൈവരുത്തുമോ? പലപ്പോഴും ആയുധമുപയോഗിച്ചെതിർത്തിട്ടുള്ള ആളുകൾ പിന്നീടിരുന്ന് വിലപിച്ചിട്ടുണ്ട്. ഇതിന് വിപരീതമായി ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ പറഞ്ഞു: “‘ഞാൻ തിൻമ പകരം ചെയ്യും എന്ന് പറയരുത്!’ യഹോവയിൽ ആശ്രയിക്കുക. അവൻ നിന്നെ രക്ഷിക്കും.”—സദൃശവാക്യങ്ങൾ 20:22.
അടുത്ത സമയത്ത്, യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ലോക ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു സ്റ്റാഫംഗം ബ്രൂക്ലിനിൽ തന്നെയുള്ള തന്റെ ചില സുഹൃത്തുക്കളുടെ ഭവനങ്ങൾ സന്ദർശിക്കാൻ പോയി. “ഞാൻ ആ കെട്ടിടത്തോടടുത്തപ്പോൾ ഒരു പട്ടാള ജാക്കറ്റു ധരിച്ചിരുന്ന മനുഷ്യൻ ഒരു കത്തിയുമായി എന്റെ മുന്നിലേക്ക് ചാടിവീണുകൊണ്ട് ഇങ്ങനെ ആവശ്യപ്പെട്ടു: “എനിക്ക് നിന്റെ പണം വേണം! നിന്റെ പണം മുഴുവൻ തരിക!”
അയാളുടെ ആക്രമണത്തിൽ ഞാൻ പതറിയില്ല എന്ന് കണ്ട് അയാൾ ഇങ്ങനെ ആജ്ഞാപിച്ചു: ‘കെട്ടിടത്തിനുള്ളിൽ കടക്ക്! ആരും കേൾക്കുന്നത് എനിക്കിഷ്ടമല്ല! കടക്കകത്തേക്ക്!’ അകത്ത് കടന്ന് കഴിഞ്ഞപ്പോൾ അയാൾ എന്റെ പണസഞ്ചി ആവശ്യപ്പെട്ടു. അതിൽ നിന്ന് വെറും 2 ഡോളറെ അയാൾക്ക് കിട്ടിയുള്ളു. അതിലുണ്ടായിരുന്ന ബാക്കി വസ്തുക്കൾ അയാൾ പരതിക്കൊണ്ടിരുന്നപ്പോൾ ഞാൻ ഒരു യഹോവയുടെ സാക്ഷിയാണ് എന്ന് ഞാൻ വിശദമാക്കി.
“കേൾക്കുന്നില്ലെന്ന് ഭാവിച്ചുകൊണ്ട് കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. തുടർന്ന്, ഒരു കൈയ്യിൽ കത്തി പിടിച്ചുകൊണ്ട് സ്വതന്ത്രമായ കൈ എന്റെ കാൽചട്ടയുടെ കീശയിലേക്ക് ഇട്ടപ്പോൾ ഞാൻ അവിടെ സൂക്ഷിച്ചിരുന്ന ഒരു 20 ഡോളർ നോട്ട് അയാൾ കണ്ടെത്തി. എന്റെ കീശയിൽ നിന്ന് കിട്ടിയതെല്ലാം നിലത്ത് തൂകിയിട്ടുകൊണ്ട്, അധികം കിട്ടാനുള്ള ലക്ഷ്യത്തിൽ അയാൾ അന്വേഷണം തുടർന്നു. ‘നിങ്ങൾ എന്തിനാണ് പണം ഉപയോഗിക്കുന്നത്?’ എന്നു ഞാൻ ചോദിച്ചു. ‘മയക്കുമരുന്നിനാണോ?’ ‘അതെ’ എന്നയാൾ മറുപടി നൽകി.” അനന്തരം ഞാൻ ഇങ്ങനെ വിശദീകരിച്ചു. “ഞാനൊരു യഹോവയുടെ സാക്ഷി ആയിരുന്നില്ലെങ്കിൽ ഇതോടെ നിങ്ങളുടെ ജീവൻ ഒടുങ്ങിയേനെ എന്ന് നിങ്ങൾക്കറിയാമോ? ഞാൻ കരാട്ടെ പരിശീലനം ലഭിച്ച ആളാണ്. ഒന്നിലേറെ പ്രാവശ്യം നിങ്ങൾ ആ കത്തി അലസമായിട്ടായിരുന്നു പിടിച്ചിരുന്നത്.”
ഒരു യഹോവയുടെ സാക്ഷി എന്നനിലയിലുള്ള എന്റെ നിലപാട് വ്യക്തമാക്കാൻ ഞാൻ ബൈബിൾ പരാമർശനം നടത്തിയപ്പോൾ, അയാൾ തന്റെ മുൻപിലുള്ള കീശയിലേക്ക് കൈയ്യിറക്കി ഒരു ചെറിയ പുസ്തകം വലിച്ചെടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു ‘നോക്ക്, എന്റെ കൈയിലുണ്ടൊരു ബൈബിൾ!’ അതൊരു പോക്കറ്റ് വലിപ്പത്തിലുള്ള ചെറു ബൈബിളായിരുന്നു.
“‘അത് നിങ്ങൾക്കൊരു ഉത്തമ സഹായിയാണ്’ എന്ന് ഞാൻ പറഞ്ഞു. ‘അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിങ്ങൾ ബാധകമാക്കുന്നുപോലുമില്ല.’ ഞാൻ അയാളുടെ ബൈബിളെടുത്ത് മത്തായി 6:33-ഉം യോഹന്നാൻ 17:3-ഉം അയാളെ വായിച്ചുകേൾപ്പിക്കുകയും ബൈബിൾ പരിജ്ഞാനം ഉൾക്കൊള്ളുക മാത്രമല്ല അത് ജീവിതത്തിൽ ബാധകമാക്കുകകൂടി ചെയ്യേണ്ടതിന്റെ പ്രാധാന്യം ഞാൻ ഊന്നിപ്പറയുകയും ചെയ്തു.”
“താൻ രണ്ടു മാസങ്ങൾക്കു മുമ്പ് തടവിൽ നിന്ന് പുറത്തിറങ്ങിയതാണ് എന്നയാൾ ഏറ്റുപറഞ്ഞു. തൊഴിലൊന്നുമില്ലാതെയും പണത്തിനാവശ്യമായും വന്നപ്പോൾ ആയിരുന്നു മോഷണം തുടങ്ങിയത്. ഞാൻ 1 കൊരിന്ത്യർ 6:9, 10 വായിച്ചുകൊണ്ട് മോഷ്ടാക്കൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു കാണിച്ചുകൊടുത്തു. ഞാൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: ‘ഒരുനാൾ നിങ്ങൾ തന്റെ പണത്തിനുവേണ്ടി മല്ലടിക്കാനൊരുങ്ങുന്ന ഒരു ബുദ്ധിഹീനനെ നേരിട്ടേക്കാം, ഒടുവിൽ നിങ്ങളയാളെ കൊല്ലുകയും ചെയ്തേക്കാം, അല്ലെങ്കിൽ അയാൾ നിങ്ങളെ കെന്നേക്കാം, അതുമല്ലെങ്കിൽ, നിങ്ങളൊടുവിൽ പിടിക്കപ്പെടുകയും തടവിൽ അടക്കപ്പെടുകയും ചെയ്തേക്കാം!’ ‘അതു പറയരുത്!’ അയാൾ ഭയത്തോടെ പറഞ്ഞു. ‘വാളാൽ ജീവിക്കുന്നവർ വാളാൽ നശിക്കും.’”—മത്തായി 26:52.
‘തിരുവെഴുത്തുകൾ അയാളെ സ്പർശിച്ചെന്നു കരുതത്തക്കവണ്ണം അയാൾ ക്ഷമാപണം ചെയ്തു. തല കുനിച്ചുകൊണ്ട്, എന്റെ കീശ കാലിയാക്കിയപ്പോൾ അയാൾ എന്തെല്ലാം താഴെ എറിഞ്ഞു എന്ന് നോക്കി. ലജ്ജയോടെ എല്ലാം പെറുക്കിയെടുത്ത് എന്റെ കയ്യിൽ തന്നു, പക്ഷെ പണം അയാൾ കൈക്കലാക്കി. വാതിൽക്കലേക്ക് അടുത്തുകൊണ്ട്, ഞാനയാൾക്കുവേണ്ടി പ്രാർത്ഥിക്കുമോ എന്ന് ചോദിച്ചു.’ ‘നിങ്ങളെന്നോട് ചെയ്തത് തെറ്റാണ്, പക്ഷേ എല്ലാറ്റിലും അധികമായി നിങ്ങൾ യഹോവയ്ക്കെതിരെ പാപം ചെയ്തിരിക്കുന്നു. ഇത് നിങ്ങൾക്കും അവനും മദ്ധ്യേയുള്ള കാര്യമാണ്.’
“വിട്ടുപോകുമ്പോൾ, ഞാനയാൾക്ക് ഒരു ഉപകാരം ചെയ്യുമോ എന്നു ചോദിച്ചു. കത്തി പിടിച്ചിരുന്ന കൈ നിവർത്തിപ്പിടിച്ചുകൊണ്ട് അയാൾ ചോദിച്ചു, ‘എനിക്കുവേണ്ടി, നിങ്ങൾ ഇത് വലിച്ചെറിഞ്ഞു കളഞ്ഞേക്കാമോ? ഞാൻ ആളുകളെ കൊള്ളയടിക്കുന്നത് നിർത്തിയിരിക്കുന്നു.’ ഞാൻ ആ കത്തി കൈയിലെടുത്ത് പകരം ഒരു ഉണരുക! മാസിക വച്ചുകൊടുത്തു.”—റിക്കി ഹാനാഗാമി റിപ്പോർട്ട് ചെയ്തപ്രകാരം.