യുവജനങ്ങൾ ചോദിക്കുന്നു. . .
ഞാൻ ആത്മരക്ഷാമാർഗങ്ങൾ അഭ്യസിക്കേണ്ടതുണ്ടോ?
ജെസേ പറയുന്നു “സ്കൂളിൽ തികച്ചും മോശമായ ഒരു തസ്കരസംഘമുണ്ട്. നിങ്ങളെ സ്കൂളിന്റെ ഇടനാഴിയിൽ കാണുമ്പോൾ അവർക്കു നിങ്ങളുടെ ഷൂസുകളോ മേലുടുപ്പോ നിങ്ങളുടെ പാൻറ്സു പോലുമോ വേണമെന്നു തോന്നിയാൽ അവരതെടുക്കുന്നു. അധികാരികളെ വിവരമറിയിച്ചാൽ അവർ വീണ്ടും നിങ്ങളെ ആക്രമിക്കും.”
അക്രമത്തെ ചെറുത്തുനിൽക്കുക എന്നതു മിക്ക ചെറുപ്പക്കാരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നിട്ടുണ്ട്. “ഹൈസ്കൂൾ വിദ്യാർഥികളിൽ അഞ്ചിൽ ഒരാളെങ്കിലും ഒരു തോക്കോ കത്തിയോ ബ്ലെയ്ഡോ വടിയോ മറ്റെന്തെങ്കിലും ആയുധമോ പതിവായി കൊണ്ടുനടക്കാറുണ്ട്. പലരും അവ സ്കൂളിൽ കൊണ്ടുപോകുന്നു.” യുഎസ്എ റ്റുഡേ എന്ന മാസിക പറഞ്ഞു. ഹൈറോ എന്നു പേരുള്ള ഒരു കൗമാരപ്രായക്കാരന് ഇതു നേരിട്ടറിയാം. അവന്റെ വാക്കുകൾ ഇതാണ്: “ന്യൂയോർക്ക് നഗരത്തിൽ മെറ്റൽ ഡിറ്റക്ടറുകൾ ഉള്ള ആദ്യ സ്കൂളാണു ഞങ്ങളുടേത്, എങ്കിലും കുട്ടികൾ കത്തികളും തോക്കുകളും കൈവശം വയ്ക്കുന്നതു തടയാൻ കഴിയുന്നില്ല. എങ്ങനെയാണവർ അവ അകത്തു കടത്തുന്നതെന്നെനിക്കറിയില്ല, പക്ഷേ അവരതു ചെയ്യുന്നു എന്നതാണു വസ്തുത.”
ആക്രമണ ഭീഷണി മൂലം സ്വയം എങ്ങനെ സംരക്ഷിക്കാം എന്നു ചിന്തിക്കുന്നവരാണു ചെറുപ്പക്കാരിലനേകരും എന്നു മനസ്സിലാക്കാവുന്നതാണ്. ലോല എന്ന കൊച്ചു പെൺകുട്ടി പറയുന്നതു ശ്രദ്ധിക്കൂ: “എന്റെ സ്കൂളിലെ ഒരു പെൺകുട്ടിയെ അവളുടെ കമ്മലുകൾ തട്ടിയെടുക്കാൻ വേണ്ടി കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം സ്കൂളിൽ ആത്മരക്ഷാമാർഗങ്ങൾ പഠിപ്പിക്കുന്ന കോഴ്സുകൾ തുടങ്ങി. ഏതാണ്ട് എല്ലാവരുംതന്നെ അതിൽ ചേർന്നു.” മറ്റു ചില യുവാക്കൾ രാസവസ്തുക്കളടങ്ങിയ സ്പ്രേകളും മറ്റായുധങ്ങളും കൊണ്ടുനടക്കുക എന്ന മാർഗം അവലംബിച്ചിരിക്കുന്നു. എന്നാൽ ചോദ്യമിതാണ്, ആത്മരക്ഷാമാർഗങ്ങൾ നിങ്ങളെ സംരക്ഷിക്കുമെന്നുറപ്പാണോ?
ആയോധനകലകൾ
ആയോധനകലയിൽ നിപുണരായ ആളുകൾ ഒരു നർത്തകന്റെ ലാഘവത്തോടെ തൊഴിക്കുകയും ഇടിക്കുകയും ചെയ്തുകൊണ്ടു വായുവിലൂടെ കരണം മറിയുന്നതു മിക്കവാറും ടിവി-യിൽ പ്രദർശിപ്പിക്കാറുണ്ട്. നിമിഷങ്ങൾക്കകം അക്രമികൾ ചലനമറ്റു തറയിൽ കിടക്കുന്നതു കാണാം. അതിശയകരം തന്നെ! ആയോധനകലകൾ ആത്യന്തികമായ സംരക്ഷണമാണെന്നു തോന്നിപ്പോകുന്നു. പക്ഷേ യഥാർഥ ജീവിതം ചലച്ചിത്രങ്ങൾ പോലെയല്ലല്ലോ. കരാട്ടേയിൽ വളരെവർഷത്തെ പരിചയമുള്ള ഒരാൾ പറഞ്ഞതിങ്ങനെയാണ്: “വെറുമൊരു വെടിയുണ്ടയുടെ മുന്നിൽ പോലും അതു വിലപ്പോകാതെ വരും. കുറച്ചു ദൂരെ നിൽക്കുന്ന ഒരാളുടെ കൈയിൽ തോക്കുണ്ടായാൽ മതി, നിങ്ങൾക്കു യാതൊന്നും ചെയ്യാൻ അവസരം കിട്ടുകയില്ല. അനങ്ങാൻ യാതൊരു പഴുതുമില്ലാത്ത വിധം അകപ്പെട്ടുപോയാൽ അതു പറയപ്പെടുന്നതു പോലെ അത്ര ഫലപ്രദവുമല്ല.”
ആയോധനകലകളിൽ പ്രാവീണ്യം നേടുന്നതിനു ധാരാളം പണം ചെലവഴിക്കുകയും വർഷങ്ങളോളം കഠിനപരിശീലനം നടത്തുകയും വേണമെന്നുകൂടി മനസ്സിലാക്കുക. പരിശീലനം തുടരുന്നില്ലെങ്കിൽ വിദഗ്ധമായ ആ നീക്കങ്ങൾ നടത്താനുള്ള നിങ്ങളുടെ പ്രാപ്തിക്കു വളരെ വേഗം തീർത്തും മങ്ങലേൽക്കാൻ സാധ്യതയുണ്ട്. ബോക്സിങ് പോലെയുള്ള മറ്റ് ആത്മരക്ഷാമാർഗങ്ങളുടെ കാര്യത്തിലും സംഗതി ഇതു തന്നെ. എതിർത്തുനിൽക്കാനറിയാമെന്നുള്ള ബഹുമതി അനാവശ്യ ശ്രദ്ധ ക്ഷണിച്ചു വരുത്താനിടയുണ്ട്. പ്രശ്നക്കാർ നിങ്ങളോടു മല്ലിടുന്നത് ഒരു വെല്ലുവിളിയായി എടുത്തേക്കാം.
ആയോധനകലകൾ അഭ്യസിക്കുന്നതിൽ ഇതിലൊക്കെ വലിയ മറ്റൊരപകടമുണ്ട്. അടുത്തകാലത്ത് ദി ഇക്കണോമിസ്റ്റ് മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “എല്ലാത്തിനുമില്ലെങ്കിലും, മിക്ക ആയോധനകലകൾക്കും, ബുദ്ധമതം, താവോമതം, കൺഫ്യൂഷ്യസ് മതം എന്നീ മൂന്നു പ്രമുഖ പൂർവേഷ്യൻ മതങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്.” മറ്റൊരുറവിടം പറയുന്നതിതാണ്: “കരാട്ടേയിൽ ചെയ്യുന്ന എന്തിനെയും—ഓരോ ചലനങ്ങളെയും, ഓരോ വികാരങ്ങളെയും—സെന്നിന്റെ ചില തത്ത്വങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയും.” മതപരമായ ധ്യാനത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു ബുദ്ധമത വിഭാഗമാണ് സെൻ. “‘അവരുടെ [വ്യാജാരാധകരുടെ, NW] നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു’” എന്ന 2 കൊരിന്ത്യർ 6:17-ലെ ബൈബിളിന്റെ വാക്കുകളുടെ വീക്ഷണത്തിൽ, അവയ്ക്കു മതത്തിലുള്ള വേരുകൾ ക്രിസ്ത്യാനികൾക്കു ഗൗരവതരമായ ഒരു പ്രശ്നം സംജാതമാക്കുന്നു.
ആയുധങ്ങളുടെ ഉപയോഗം
എന്നാൽ ഒരു തോക്കോ കത്തിയോ കൊണ്ടുനടന്നാലോ? അങ്ങനെ ചെയ്യുന്നതു നിങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കിയേക്കാമെന്നതു വാസ്തവമാണ്. പക്ഷേ നിങ്ങൾ അനാവശ്യമായി സാഹസത്തിനു മുതിരുകയോ കുഴപ്പം ക്ഷണിച്ചു വരുത്തും വിധം പെരുമാറുകയോ ചെയ്താൽ ആ ആത്മവിശ്വാസം ആപത്കരമാകാൻ സാധ്യതയുണ്ട്. “തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 11:27) അപ്രതീക്ഷിതമായ കുഴപ്പങ്ങളെ നേരിടേണ്ടിവന്നാൽ, എന്തെങ്കിലുമൊരായുധം വലിച്ചെടുക്കുന്നതു സംഘർഷത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ. നിങ്ങൾ കൊല്ലപ്പെടാം—അല്ലെങ്കിൽ അതു നിങ്ങൾ ഒരു കൊല ചെയ്യുന്നതിൽ കലാശിച്ചേക്കാം. നിങ്ങൾക്ക് അക്രമം ഒഴിവാക്കാമായിരുന്നതാണെങ്കിൽ, ജീവന്റെ ഉറവായ ദൈവം നിങ്ങളുടെ പ്രവർത്തനങ്ങളെ എങ്ങനെയായിരുന്നിരിക്കും വീക്ഷിക്കുമായിരുന്നത്?—സങ്കീർത്തനം 11:5; 36:9.
ചിലർക്ക് അപായകരമായ ബലപ്രയോഗം നടത്താൻ ഉദ്ദേശ്യമില്ലെന്നതു സത്യം തന്നെ. തങ്ങൾ ആയുധം കൊണ്ടുനടക്കുന്നത് ഉപദ്രവകാരികളായ ആളുകളെ വെറുതെയൊന്നു വിരട്ടാൻ വേണ്ടി മാത്രമാണെന്നവർ പറഞ്ഞേക്കാം. എന്നാൽ ആരോഗ്യം (ഇംഗ്ലീഷ്) എന്ന മാസിക ഇങ്ങനെ പറയുന്നു: “വെടിക്കോപ്പുകളെ സംബന്ധിച്ചു നിർദേശങ്ങൾ തരുന്നവർ ഇങ്ങനെ സമ്മതിക്കുന്നു: ഉപയോഗിക്കാനുദ്ദേശ്യമില്ലെങ്കിൽ തോക്ക് എടുക്കരുത്. വെറുതെ ഭയപ്പെടുത്താൻ വേണ്ടി തോക്കു ചലിപ്പിച്ചാൽ ചില അക്രമികളെ ഭയപ്പെടുത്താൻ കഴിഞ്ഞേക്കാമെങ്കിലും, മറ്റുള്ളവരെ അതു ചൊടിപ്പിക്കുകയേയുള്ളു.”
രാസവസ്തുക്കളടങ്ങിയ സ്പ്രേകൾ പോലെയുള്ള “കൂടുതൽ സുരക്ഷിതമായ” ആയുധങ്ങളുടെ കാര്യമോ? ചില സ്ഥലങ്ങളിൽ നിയമവിരുദ്ധമാണെന്നതിനു പുറമേ ഇത്തരം ആയുധങ്ങൾക്കു ഗുരുതരമായ ന്യൂനതകളുമുണ്ട്. മയക്കുമരുന്നാസക്തനായ ഒരു അക്രമിയെ പ്രവർത്തനരഹിതനാക്കുന്നതിനു പകരം രോഷാകുലനാക്കുകയായിരിക്കാം അതു ചെയ്യുന്നത്. നിങ്ങൾക്ക് ആദ്യം തന്നെ സ്പ്രേ പുറത്തെടുക്കാൻ സാധിച്ചാൽപോലും, രാസവസ്തു അക്രമിയുടെ മുഖത്തടിക്കുന്നതിനു പകരം കാറ്റുവന്ന് അതു നിങ്ങളുടെ മുഖത്തേക്കു തന്നെ അടിപ്പിക്കാൻ പോലും സാധ്യതയുണ്ട്. നിങ്ങൾ കീശയിലോ പേഴ്സിലോ പരതുന്നതു കണ്ടു നിങ്ങൾ തോക്കെടുക്കുകയാവുമെന്നു കരുതി അയാൾ എന്തെങ്കിലും അതിക്രമം പ്രവർത്തിച്ചേക്കാം. അതുകൊണ്ട് ഒരു പൊലീസ് കുറ്റാന്വേഷക ഇങ്ങനെ അഭിപ്രായപ്പെടുന്നു: മേസോ [രാസവസ്തുക്കളടങ്ങിയ ഒരു സ്പ്രേ] മറ്റേതെങ്കിലും ആയുധമോ ഫലപ്രദമാണെന്നതിനോ അല്ലെങ്കിൽ തക്കസമയത്തു നിങ്ങൾക്കതു പുറത്തെടുക്കാൻ കഴിയുമെന്നതിനോ യാതൊരു ഉറപ്പുമില്ല. ആയുധങ്ങൾ ഒരു സാഹചര്യത്തിലും സഹായകരമല്ല. ആളുകൾ അമിതമായി അവയിലാശ്രയിക്കുന്നു.”
ആയുധങ്ങൾ—ദൈവിക വീക്ഷണം
അക്രമ ഭീഷണി യേശുവിന്റെ കാലത്തുമുണ്ടായിരുന്നു. നല്ല ശമര്യാക്കാരന്റെ ഉപമ എന്നറിയപ്പെടുന്ന യേശുവിന്റെ സുപ്രസിദ്ധമായ ഉപമകളിലൊന്നിൽ ആക്രമിച്ചു കൊള്ളചെയ്ത ഒരു സംഭവം വിവരിക്കുന്നു. (ലൂക്കൊസ് 10:30-35) യേശു തന്റെ ശിഷ്യന്മാരോടു വാളെടുത്തു സജ്ജരായിരിക്കുവാൻ പറഞ്ഞതു സംരക്ഷണത്തിനുവേണ്ടിയായിരുന്നില്ല. വാസ്തവത്തിൽ അത് അവൻ “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്ന തത്ത്വം പ്രസ്താവിക്കുന്നതിലേക്കു നയിച്ചു.—മത്തായി 26:51, 52; ലൂക്കൊസ് 22:36-38.
അതുകൊണ്ട്, യഥാർഥ ക്രിസ്ത്യാനികൾ സഹമനുഷ്യരെ ദ്രോഹിക്കാൻ വേണ്ടി ആയുധങ്ങൾ കൈവശം വയ്ക്കരുത്. (യെശയ്യാവു 2:4 താരതമ്യം ചെയ്യുക.) “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ” എന്ന റോമർ 12:18-ലെ ബൈബിളിന്റെ ബുദ്ധ്യുപദേശം അവർ അനുസരിക്കുന്നു. യാതൊരു പ്രതിരോധവും ഇല്ലാത്തവരായിരിക്കണമെന്നാണോ അതിന്റെ അർഥം? ഒരിക്കലുമല്ല!
ജ്ഞാനം—ആയുധങ്ങളെക്കാൾ മെച്ചം
എന്തിനും ഉപകരണങ്ങളുള്ള ഒരു യുഗത്തിൽ ഏതു മനുഷ്യ നിർമിത ഉപകരണത്തെക്കാളും ഏറ്റവും ഫലപ്രദമായ ഒരു സുരക്ഷാമാർഗം നിങ്ങൾക്കു നിങ്ങളുടെ അധീനതയിൽ തന്നെ ഉണ്ടായിരിക്കാൻ കഴിയുമെന്നറിയുന്നതു നിങ്ങളെ അതിശയിപ്പിച്ചേക്കാം. സഭാപ്രസംഗി 9:18-ൽ നാമിങ്ങനെ വായിക്കുന്നു: “യുദ്ധായുധങ്ങളേക്കാളും ജ്ഞാനം നല്ലതു.” ഈ ജ്ഞാനം ചിലർ “അങ്ങാടിവിരുത്” എന്നു വിളിക്കുന്നതിനെക്കാൾ വലിയ ഒന്നാണ്. അതു ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതാണ്, മിക്കപ്പോഴും അക്രമസ്വഭാവമുള്ള സാഹചര്യങ്ങളെ മുൻകൂട്ടി ഒഴിവാക്കാൻ നിങ്ങളെ സഹായിക്കാൻ അതിനു കഴിയും.
ഉദാഹരണത്തിന്, ആദ്യഭാഗത്ത് അക്രമാസക്തമായ തന്റെ സ്കൂളിനെക്കുറിച്ചു വിവരിച്ച ഹൈറോ പ്രശ്നങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കുന്നത് ബൈബിളിൽ 1 തെസ്സലൊനീക്യർ 4:11, 12-ലെ “പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും . . . അടങ്ങിപ്പാർപ്പാനും സ്വന്തകാര്യം നോക്കുവാനും . . . നിങ്ങളെ പ്രബോധിപ്പിക്കുന്നു” എന്ന വാക്കുകൾ ബാധകമാക്കിക്കൊണ്ടാണ്. “ഒരു സംഘട്ടനം ഉണ്ടായേക്കാമെന്നു തോന്നിയാൽ നിങ്ങളുടെ കാര്യം നോക്കി വീട്ടിൽ പോകണം. ചിലർ അവിടെ തങ്ങിനിൽക്കുന്നു, അതുകൊണ്ടാണ് അവർ കുഴപ്പത്തിലകപ്പെടുന്നത്,” ഹൈറോ പറയുന്നു.
“ഞാൻ യഹോവയുടെ സാക്ഷികളിലൊരാളാണെന്ന് എല്ലാവരെയും അറിയിക്കുന്നതാണ് എനിക്കുള്ള ഏറ്റവും വലിയ സംരക്ഷണം,” എന്നു കൊച്ചു ലോല പറയുന്നു. “അവർക്കു ഞാനൊരു ഭീഷണിയാകാൻ പോകുന്നില്ലെന്നറിയാവുന്നതുകൊണ്ട് അവരെന്നെ വെറുതെ വിടുന്നു.” “നിങ്ങളൊരു സാക്ഷിയാണ് എന്നു വെറുതെ പറഞ്ഞാൽ മാത്രം പോരാ, നിങ്ങൾ വ്യത്യസ്തനാണെന്ന് അവർക്കു മനസ്സിലാകണം,” എലീയൂവിന്റെ വാക്കുകൾ. ക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗ”മായിരിക്കരുത്. (യോഹന്നാൻ 15:19, NW) എന്നാൽ നിങ്ങൾക്കൊരു ഉന്നതഭാവമുണ്ടെന്ന തോന്നലുണ്ടാക്കാതെ ശ്രദ്ധിക്കുക. (സദൃശവാക്യങ്ങൾ 11:2) ഒരു ചെറുപ്പക്കാരൻ അതിങ്ങനെ വിശദീകരിച്ചു: “ഇടനാഴിയിൽകൂടി അതു നിങ്ങളുടെ സ്വന്തമാണെന്ന ഭാവത്തിൽ നടക്കരുത്.” അത് അമർഷത്തിനു തിരികൊളുത്തിയേക്കാം. ലൂച്ചി എന്ന ഒരു ക്രിസ്തീയ യുവതി പറയുന്നു: “ഞാൻ സൗഹൃദപൂർവം പെരുമാറുന്നു, എന്റെ സഹപാഠികളോടു സംസാരിക്കുന്നു; എന്നാൽ അവരെപ്പോലെ പെരുമാറുക മാത്രം ചെയ്യുന്നില്ല.”
നിങ്ങളുടെ വസ്ത്രധാരണ ശൈലിയും പ്രധാനമാണ്. ഒരു ചെറുപ്പക്കാരൻ പറയുന്നതിങ്ങനെയാണ്: “ശ്രദ്ധയാകർഷിക്കുന്നവ ധരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. ആകർഷകമായിരിക്കാൻ ഏറ്റവും മുന്തിയ തരം വസ്ത്രങ്ങളൊന്നും ധരിക്കേണ്ടതില്ലെന്നു ഞാൻ ഭാവിക്കുന്നു.” ലളിതമായി വസ്ത്രധാരണം ചെയ്യുക എന്ന ബൈബിളിന്റെ ബുദ്ധ്യുപദേശം അനുസരിക്കുന്നത് പൊതുജനശ്രദ്ധയാകർഷിക്കാതിരിക്കാനും കുഴപ്പങ്ങൾ ഒഴിവാക്കാനും നിങ്ങളെ സഹായിച്ചേക്കാം.—1 തിമൊഥെയൊസ് 2:9.
നിങ്ങൾ അക്രമത്തെ അഭിമുഖീകരിക്കേണ്ടി വന്നാൽ
അപകടത്തിന്റെ മാർഗത്തിൽനിന്നു മാറിനിൽക്കാൻ നിങ്ങൾ ശ്രമിച്ചിട്ടും അക്രമഭീഷണിയുണ്ടായാലോ? ആദ്യം “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു” എന്ന സദൃശവാക്യങ്ങൾ 15:1-ലെ തത്ത്വം ബാധകമാക്കാൻ ശ്രമിക്കുക. എലീയൂ എന്ന കുട്ടി സ്കൂളിലായിരുന്നപ്പോൾ അങ്ങനെ ചെയ്തു. “ചിലപ്പോഴൊക്ക പ്രകോപനപരമായ വാക്കുകളെ അത്ര കാര്യമാക്കാതിരുന്നാൽ മാത്രം മതി. മിക്ക കേസുകളിലും നിങ്ങൾ പ്രതികരിക്കുന്ന വിധമാണു കുഴപ്പം സൃഷ്ടിക്കുന്നത്” എന്നവൻ പറയുന്നു. “തിന്മെക്കു പകരം തിന്മ” ചെയ്യാതിരുന്നാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നതു തടയാൻ നിങ്ങൾക്കു കഴിയും.—റോമർ 12:17.
എങ്കിലും നിങ്ങളുടെ നയചാതുര്യം വിജയിക്കാത്ത അവസരങ്ങളിൽ സ്വയരക്ഷക്കുള്ള നടപടികൾ സ്വീകരിക്കണം. ഒരു സംഘം യുവാക്കൾ നിങ്ങളുടെ ഷൂസുകളോ വിലകൂടിയ മറ്റെന്തെങ്കിലും വസ്തുക്കളോ ആവശ്യപ്പെട്ടാൽ, അവ വിട്ടുകൊടുത്തേക്കുക! നിങ്ങളുടെ കൈവശമുള്ള സാധനങ്ങളെക്കാൾ വളരെ വളരെ വിലപ്പെട്ടതാണു നിങ്ങളുടെ ജീവൻ. (ലൂക്കൊസ് 12:15) അക്രമം ആസന്നമാണെന്നു തോന്നുന്നെങ്കിൽ അവിടെനിന്നു പോവുക—ഓടിപ്പോവുക എന്നു പറയുന്നതാവും കൂടുതൽ മെച്ചം! “കലഹം തുടങ്ങുംമുമ്പേ ഒഴിഞ്ഞുപോകൂ” എന്നു സുഭാഷിതങ്ങൾ 17:14 [ഓശാന ബൈബിൾ] പറയുന്നു. (ലൂക്കൊസ് 4:29, 30-ഉം യോഹന്നാൻ 8:59-ഉം താരതമ്യം ചെയ്യുക.) രക്ഷപ്പെടുക അസാധ്യമാണെങ്കിൽ ആവുന്നത്ര അക്രമം ഒഴിവാക്കുകയേ നിവൃത്തിയുള്ളു. പിന്നീട്, സംഭവിച്ചതെന്താണെന്നു നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കുക. ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ അവർക്കു കഴിഞ്ഞേക്കും.
ബൈബിൾ പ്രവചിച്ചതുപോലെ തന്നെ, അക്രമാസക്തമായ കാലഘട്ടത്തിലാണു നമ്മൾ ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1-5) ഒരു തോക്കു സമ്പാദിക്കുന്നതോ കരാട്ടേയിലെ ചലനങ്ങളഭ്യസിക്കുന്നതോ നിങ്ങളെ അൽപ്പംപോലും കൂടുതൽ സുരക്ഷിതരാക്കുന്നില്ല. ശ്രദ്ധയുള്ളവരായിരിക്കുക. കുഴപ്പം നേരിടുമ്പോൾ ദൈവിക ജ്ഞാനം ഉപയോഗിക്കുക. എല്ലാറ്റിനുമുപരി, യഹോവയിൽ വിശ്വാസവും ആശ്രയവും ഉള്ളവരായിരിക്കുക. സങ്കീർത്തനക്കാരനെപ്പോലെ നിങ്ങൾക്കും “സാഹസക്കാരന്റെ കയ്യിൽനിന്നു നീ എന്നെ വിടുവിക്കുന്നു” എന്ന് ആത്മവിശ്വാസത്തോടെ പ്രാർഥിക്കാൻ കഴിയും.—സങ്കീർത്തനം 18:48.
[13-ാം പേജിലെ ചിത്രം]
ആയോധനകലകളല്ല ക്രിസ്ത്യാനികൾക്കുള്ള പരിഹാരമാർഗം