ചെറുപ്പക്കാർ ചോദിക്കുന്നു . . .
‘സന്തോഷകരമായ സമയം ആസ്വദിക്കുന്നതിൽ തെറ്റെന്താണ്?’
എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം പോൾലിൻ (അവളുടെ യഥാർത്ഥ പേരല്ല) ക്രിസ്തീയ മീറ്റിംഗുകൾക്ക് പോകുമായിരുന്നു. അവിടെ നടന്ന ചർച്ചകൾ അവൾ എത്രമാത്രം ആസ്വദിച്ചോ അത്രമാത്രം സ്കൂളിലെ കുട്ടികളും പാർട്ടികളിൽനിന്നും ഡാൻസുകളിൽനിന്നും സന്തോഷം ആസ്വദിക്കുന്നുണ്ടെന്ന് അവൾ കരുതി.
മീറ്റിംഗ് കഴിഞ്ഞ് അവൾ വീട്ടിലേക്ക് മടങ്ങുന്നത് യുവാക്കളുടെ ഒരു തദ്ദേശ സമ്മേളന സ്ഥലത്തിന് സമീപത്തുകൂടെയാണെന്ന് പോൾലിൻ പറയുന്നു. അവൾ ഇപ്രകാരം വിവരിക്കുന്നു: “ഇടവിട്ടിടവിട്ട് മിന്നുന്ന ദീപങ്ങളും ശബ്ദായമാനമായ സംഗീതങ്ങളും എന്നെ ആകർഷിച്ചു. ഞാൻ കടന്നുപോകുമ്പോൾ ജനാലയോട് പറ്റിച്ചേർന്നുനിന്ന് അത് നിരീക്ഷിക്കുകയും അവർ ആസ്വദിക്കുന്ന രസം മനസ്സിൽ കാണുകയും ചെയ്യുമായിരുന്നു.” കാലക്രമത്തിൽ, അവളുടെ കൂട്ടുകാരോടൊപ്പം ജീവിതം ആസ്വദിക്കാനുള്ള അവളുടെ ആഗ്രഹം അവളുടെ ജീവിതത്തിൽ പ്രമുഖ സ്ഥാനം പിടിച്ചു.
‘ഞാൻ നഷ്ടപ്പെടുത്തുന്നുവോ?’
നിങ്ങളെ സംബന്ധിച്ചിടത്തോളം, സന്തോഷകരമായ സമയം ആസ്വദിക്കുന്നത് അത്ര കണ്ട് പ്രധാനമാണോ? അല്ലായിരിക്കാം, എന്നാൽ, ഒരുപക്ഷേ പോൾലിനെപ്പോലെ നിങ്ങളും എന്തോ നഷ്ടപ്പെടുത്തുന്നെന്ന് നിങ്ങൾക്കും വല്ലപ്പോഴും തോന്നിയേക്കാം. നിങ്ങളുടെ സഹപാഠികളും സുഹൃത്തുക്കളും അത്തരം നല്ല സമയം ആസ്വദിക്കുന്നതായി നിങ്ങൾ വിചാരിച്ചേക്കാം. പക്ഷേ നിങ്ങളോ? സ്കൂളിൽ പോക്കും ഗൃഹപാഠവും ഗൃഹജോലികളുമായി നിങ്ങൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾ ക്രിസ്ത്യാനികളും ബൈബിൾ തത്വങ്ങൾ പിൻപറ്റാൻ നിർബ്ബന്ധം പിടിക്കുന്നവരുമാണെങ്കിൽ ജീവിതം കൂടുതൽ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തിയേക്കാം.
മറ്റെല്ലാവരും ചർച്ച ചെയ്യുന്ന ആ പ്രത്യേക ടെലിവിഷൻ പരിപാടി നിങ്ങൾക്കും കാണണമെന്നുണ്ട്. എന്നാൽ അത് കൂടുതൽ അക്രമം നിറഞ്ഞതാണെന്ന് നിങ്ങളുടെ മാതാപിതാക്കൾ പറയുന്നു. നിങ്ങൾക്ക് നിങ്ങളുടെ ചില സഹപാഠികളോടൊപ്പം വെളിയിൽ പോകണമെന്നുണ്ട്. പക്ഷേ അവർ ചീത്ത സഹവാസമാണെന്ന് മാതാപിതാക്കൾ പറയുന്നു. (1 കൊരിന്ത്യർ 15:33) ഒരു സാമൂഹ്യകൂട്ടത്തിനുവേണ്ടി നിങ്ങൾക്ക് ചില സുഹൃത്തുക്കളെ കിട്ടിയാൽ കൊള്ളാമെന്നുണ്ട്. എന്നാൽ തങ്ങൾ അതിന് മേൽനോട്ടം വഹിക്കുമെന്ന് പപ്പായും മമ്മിയും നിർബ്ബന്ധിക്കുന്നു.
എന്നാൽ നിങ്ങളുടെ ചില സഹപാഠികൾക്ക് അത്തരം യാതൊരു നിയന്ത്രണവും ഇല്ലായിരിക്കാം. കഞ്ചാവ് വലിക്കുന്നതോ ചട്ടമ്പികളുടെ റോക്ക് സംഗീതക്കച്ചേരിക്ക് പോകുന്നതോ അധാർമ്മിക ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ അവരുടെ മാതാപിതാക്കൾ കണ്ണടച്ചേക്കാം, അല്ലെങ്കിൽ അനുവദിച്ചേക്കാം. എന്നാൽ ഇത്തരം മോശമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നല്ല. മറിച്ച്, അത്, തങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യാനുള്ള നിങ്ങളുടെ സുഹൃത്തുക്കളുടെ സ്വാതന്ത്ര്യത്തോടുള്ള നിങ്ങളുടെ അസൂയയായിരിക്കാം. ‘വല്ലപ്പോഴും സന്തോഷകരമായ സമയം ആസ്വദിക്കുന്നതിലെ തെറ്റെന്താണ്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം.
മനുഷ്യൻ—ജീവിതം ആസ്വദിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു!
മനുഷ്യൻ വല്ലപ്പോഴും സന്തോഷകരമായ സമയം ആസ്വദിക്കുന്നതിൽ സ്രഷ്ടാവായ ദൈവം യാതൊരു തെറ്റും കാണുന്നില്ല. ഇതിന്റെ തെളിവ് സൃഷ്ടികളിൽ ദൃശ്യമാണ്. ഉദാഹരണത്തിന്, മിന്നിത്തിളങ്ങുന്ന മിഴികളോടുകൂടിയ നീർനായ് ചെളികൊണ്ടുണ്ടാക്കിയ അതിന്റെ വീടിന്റെ മുകളിലേക്ക് പാഞ്ഞുകയറിയിട്ട് അതുപോലെതന്നെ കുത്തനെ ചാഞ്ഞിറങ്ങുന്നത് മനസ്സിൽ കാണുക. അത് വെള്ളത്തിലേക്ക് തല ആദ്യം തെന്നിച്ചുകൊണ്ട് വീണ്ടും വീണ്ടും അഴുക്കുചാൽ തെറ്റിത്തെറിപ്പിക്കുന്നു—ഇത് അതിന്റെ കളിയാണ്. ആ ചെറിയ ജീവി തന്റെ ഉല്ലാസകരമായ കളിയിൽ എന്നെങ്കിലും ക്ഷീണിക്കുന്നതായി കാണപ്പെടുന്നില്ല. എല്ലായ്പ്പോഴും കളിക്കുന്ന ഈ ജീവിയുടെ സ്രഷ്ടാവിന്റെ വ്യക്തിത്വത്തെക്കുറിച്ച് ഇത് നിങ്ങളെ എന്തെങ്കിലും വിളിച്ചറിയിക്കുന്നില്ലേ?
യഹോവ ഒരു “സന്തുഷ്ട ദൈവ”മാണ്. (1 തിമൊഥെയോസ് 1:11) അവന്റെ സൃഷ്ടികൾ വെറുതെ ആസ്തിക്യത്തിലുണ്ടായിരിക്കുന്നതിലധികം അവൻ ആഗ്രഹിക്കുന്നു. അവർ ജീവിതത്തിൽ യഥാർത്ഥ സന്തോഷം ആസ്വദിക്കണമെന്നും അവൻ ആഗ്രഹിക്കുന്നു. ഇത് ദൈവത്തിന്റെ സ്വന്ത പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരായ നമ്മെ സംബന്ധിച്ച് വിശേഷാൽ സത്യമാണ്.—ഉല്പത്തി 1:26, 27.
സ്വയം ആസ്വദിക്കുന്നതിനുള്ള പ്രാപ്തി ദൈവം ആദ്യമനുഷ്യനായ ആദാമിന് സമ്മാനിച്ചിരുന്നു. അവൻ ഒരിക്കലും ഒരു യന്ത്രമനുഷ്യനായിരുന്നില്ല. അല്ലെങ്കിൽ, പഠനം മാത്രമോ ജോലി മാത്രമോ ഉള്ള ഒരു അർത്ഥശൂന്യമായ വ്യക്തിത്വമായിരുന്നില്ല അവന്റേത്. അവന് ജീവിതത്തിൽ ഒരു യഥാർത്ഥ ആസ്വാദനമുണ്ടായിരുന്നു. ഈ ഉദ്ദേശ്യത്തിൽ, ദൈവം ആദാമിന് വൈവിദ്ധ്യമാർന്ന ദൃശ്യങ്ങളും സ്വാദുകളും ശബ്ദങ്ങളും ഗന്ധങ്ങളും അനുഭവിച്ചാസ്വദിക്കുന്നതിനുള്ള പ്രാപ്തി നൽകി. കൂടാതെ, സഹവാസത്തിനുള്ള അവന്റെ ആവശ്യം തിരിച്ചറിഞ്ഞ് ദൈവം ആദാമിന് പൂർണ്ണതയുള്ള ഒരു സഹകാരിയെ പ്രദാനം ചെയ്തു.—ഉല്പത്തി 2:18, 23.
അതുകൊണ്ട് ദൈവം യുവാക്കൾക്ക് ആസ്വാദ്യകരമായ സമയം നിഷേധിക്കുന്നില്ല. ജ്ഞാനിയായ ശലോമോനിലൂടെ അവൻ പറയുന്നു: “യുവാവേ, നിന്റെ യുവത്വം ആസ്വദിക്കുക. നീ യുവാവായിരിക്കുമ്പോൾത്തന്നെ സന്തുഷ്ടനായിരുന്ന് നിന്റെ ഹൃദയേച്ഛയെ പിൻതുടരുക.”—സഭാപ്രസംഗി 11:9, ഇന്നത്തെ ഇംഗീഷ് പരിഭാഷ.
എന്തും സ്വീകാര്യമോ?
വിനോദത്തിന്റെ സംഗതിയിൽ, എന്തും സ്വീകാര്യമാണെന്ന് ഇത് അർത്ഥമാക്കുന്നുണ്ടോ? ഇല്ല. എന്തുകൊണ്ടെന്നാൽ, മേൽപ്പറഞ്ഞ വാക്കുകൾ ഉച്ചരിച്ചശേഷം ശലോമോൻ മുന്നറിയിപ്പു നൽകുന്നു: “എന്നാൽ നിന്റെ പ്രവർത്തനം നിമിത്തം ദൈവം നിന്നെ ന്യായവിധിയിലേക്ക് വരുത്തുമെന്ന് അറിയുക.” അതെ, ജീവിതം പൂർണ്ണമായി ആസ്വദിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാൽ അതേസമയം, അവൻ നിങ്ങളുടെ പ്രവർത്തനത്തിനുത്തരവാദിത്വം നിങ്ങളിൽതന്നെ ഒതുക്കിനിർത്തുന്നു. “നിന്റെ ഹൃദയത്തിൽനിന്ന് ശല്യം നീക്കുകയും നിന്റെ ജഡത്തിൽനിന്ന് വിപത്ത് ഒഴിവാക്കുകയും ചെയ്യുക, എന്തെന്നാൽ ബാല്യവും നവയൗവനവും വ്യർത്ഥമത്രെ” എന്ന് ശലോമോൻ തുടർന്നു പറയുന്നു.—സഭാപ്രസംഗി 11:10.
അതുകൊണ്ട് കേവലം സന്തോഷകരമായ സമയത്തിനുവേണ്ടി ബൈബിൾ തത്വങ്ങൾ ബലികഴിക്കുരുത്. ഇന്ന് “രസം” പകരുന്നത് നാളെ പലപ്പോഴും ശല്യമായിരിക്കാം. ഉദാഹരണത്തിന് കഞ്ചാവ് വലിക്കുന്നത് രസമാണെന്ന് ചില യുവാക്കൾ പറയുന്നു. എന്നാൽ ശ്വാസകോശ ക്യാൻസറോ മനസ്സിന്റെയും ശരീരത്തിന്റെയും നാശമോ ഒരു രസമല്ല. ലൈംഗിക ദുർമ്മാർഗ്ഗത്തിന്റെ പരിണത ഫലങ്ങളും—ഗർഭധാരണവും ലൈംഗിക പകർച്ച വ്യാധികളും—ഒരു രസമല്ല.a എന്നിരുന്നാലും, ഈ വസ്തുതകൾ മറന്ന് നിങ്ങൾ മറ്റ് യുവാക്കൾ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തോട് അസൂയ പ്രകടിപ്പിച്ചേക്കാം.
ഒരിക്കൽ സങ്കീർത്തനക്കാരന് ആ വിധത്തിൽ തോന്നി. “ദുഷ്ടൻമാരുടെ സൗഖ്യം കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി” എന്ന് അവൻ സമ്മതിച്ചു പറഞ്ഞു. അവൻ നീതിയുള്ള തത്വങ്ങളനുസരിച്ച് ജീവിക്കുന്നതിന്റെ മൂല്യം സംശയിച്ചു തുടങ്ങുകപോലും ചെയ്തു. “ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ” എന്ന് അവൻ പറഞ്ഞു. എന്നാൽ അതിനുശേഷം അവന് ആഴമായ ഉൾക്കാഴ്ച ലഭിച്ചു: ദുഷ്ടൻമാർ യഥാർത്ഥത്തിൽ “തെന്നുന്ന തറയിലാണ്”—നാശത്തിൻമേൽ കളിക്കുന്നതുപോലെയാണ്! (സങ്കീർത്തനം 73:3, 13, 18) നിശ്ചയമായും അവർ ദൈവികതത്വങ്ങൾ ലംഘിക്കുന്നതിന്റെ വിലയൊടുക്കണം.
പോൾലിനും ഈ വിഷമം പിടിച്ചമാർഗ്ഗം തിരിച്ചറിഞ്ഞു. നല്ല സമയം ആസ്വദിക്കുന്നതിനുള്ള അവളുടെ ആഗ്രഹം അവളെ ഗ്രസിച്ചു. അതുകൊണ്ട് അവൾ ഉല്ലാസപ്രിയരായ ചെറുപ്പക്കാരുമായി സൗഹൃദം കൂടുകയും ക്രിസ്തീയ മീറ്റിംഗുകൾ ഉപേക്ഷിക്കുകയും ചെയ്തു. അവിടം മുതൽ സകലതും അധഃപതിച്ചു തുടങ്ങി. “എനിക്ക് മുന്നറിയിപ്പു ലഭിച്ച സകലതും ഞാൻ പ്രവർത്തിക്കുന്നതായി സ്വയം കണ്ടെത്തി.” അവളുടെ വഴിപിഴച്ച ഗതി നിമിത്തം അവൾ അറസ്റ്റ് ചെയ്യപ്പെടുകയും വഴിപിഴച്ച പെൺകുട്ടികൾക്കുവേണ്ടിയുള്ള സ്കൂളിലേക്ക് അയയ്ക്കപ്പെടുകയും ചെയ്തു! എന്നാൽ “വിപത്ത് ഒഴിവാക്കാ”നുള്ള ശലോമോന്റെ മുന്നറിയിപ്പിന് അവൾ ചെവികൊടുത്തിരുന്നെങ്കിൽ ഈ തലവേദനകളെല്ലാം അവൾക്ക് ഒഴിവാക്കാമായിരുന്നു.
സമനില കണ്ടെത്തൽ
അതുകൊണ്ടാണ് നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെമേൽ നിയന്ത്രണം വെക്കുന്നത്. നിങ്ങളിൽനിന്ന് നല്ല സമയം കവർന്നുകളയാൻ അവർ ശ്രദ്ധിക്കുന്നില്ല. പകരം, ‘നിങ്ങളുടെ ഹൃദയത്തിൽനിന്ന് ശല്യം അകറ്റി’ നിങ്ങളെ ഗുരുതരമായ പ്രശ്നങ്ങളിൽനിന്ന് രക്ഷിക്കാൻ അവൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും “ശല്യം അകറ്റു”ന്നതിൽ കേവലം ദുഷ്ചെയ്തികൾ ഒഴിവാക്കുന്നതിലധികം ഉൾപ്പെടുന്നു. നിങ്ങളുടെ പ്രാമുഖ്യതകൾ ക്രമത്തിൽ നിർത്തുന്നതും അതിൽ ഉൾപ്പെടുന്നു. ശലോമോൻ ഇപ്രകാരം പറഞ്ഞു: “എല്ലാറ്റിനും ഒരു നിയമിത സമയമുണ്ട് . . . കരയാൻ ഒരു കാലം, ചിരിക്കാൻ ഒരു കാലം, വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം.”—സഭാപ്രസംഗി 3:1, 4.
ഉല്ലാസങ്ങൾക്ക് പ്രാമുഖ്യത നൽകുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. കച്ചവട നയത്തെക്കുറിച്ചുള്ള ഒരു പുസ്തകം അതിനെ ഉല്ലാസത്തിന്റെ നവ വേദാന്തം എന്ന് വിളിക്കുന്നു: “ഭാവി ഗണ്യമാക്കാതെ, തൽക്കാലത്തേക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒരു പ്രവണത നിലവിലുണ്ട്. പിന്നീട് ആസ്വദിക്കുന്നതിനുപകരം ഇപ്പോൾ രസിക്കാനാഗ്രഹിക്കുന്നു. ആളുകൾ തല്ക്കാല ജീവിതത്തിന് പ്രാമുഖ്യത നൽകുന്നു. അതിനുവേണ്ടി ഉപഭോക്താക്കളെ അനുവദിച്ചുകൊണ്ട് ഇന്ന് വസ്തുക്കൾ ഉല്പാദിപ്പിക്കുന്ന കമ്പനികൾ അസാധാരണമായ വിജയം നേടിയിട്ടുണ്ട്.” ഇന്നത്തെ ആളുകൾ “ഉല്ലാസപ്രിയരാ”യിരിക്കുമെന്ന് ബൈബിൾ പ്രവചിച്ചിട്ടുണ്ട്.—2 തിമൊഥെയോസ് 3:1, 4.
എന്നിരുന്നാലും, ഒരു ക്രിസ്ത്യാനി സമനില കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നു. വിനോദപ്രവർത്തനങ്ങൾ മസാലപ്പദാർത്ഥങ്ങൾ പോലെയാണ്. അവ ഒരു ഊണ് കൂടുതൽ രുചികരമാക്കുന്നു. എന്നാൽ അവ മുഖ്യ ഭോജനമായി നിങ്ങൾ കാണുമോ? (സദൃശവാക്യങ്ങൾ 24:13, 25:27 താരതമ്യപ്പെടുത്തുക.) എന്നിരുന്നാലും, മിക്ക യുവാക്കളും ഒരു വിനോദത്തിൽ നിന്ന് മറ്റൊന്നിലേക്ക് നീങ്ങിക്കൊണ്ട് ജീവിതം വൃഥാ ചെലവഴിക്കുന്നു. പലപ്പോഴും അതിന്റെ പരിണതഫലം മോഹഭംഗവും ശൂന്യതയും അവശേഷിപ്പിക്കുന്ന താല്കാലികോല്ലാസമാണ്. ശലോമോൻ ഇപ്രകാരം പറഞ്ഞു: “എന്റെ കണ്ണുകൾ ആഗ്രഹിച്ചതൊന്നും ഞാൻ നിഷേധിച്ചില്ല. ഞാൻ എന്റെ ഹൃദയത്തിന് യാതൊരു സന്തോഷവും വിലക്കിയില്ല . . . നോക്കൂ! സകലതും വ്യർത്ഥവും കാറ്റിനുപിന്നാലെയുള്ള ഒരു പാച്ചിലുമായിരുന്നു.”—സഭാപ്രസംഗി 2:10:11.
അതെ, വിനോദ പ്രവർത്തനങ്ങൾ ജീവിതത്തിലെ സർവ്വസ്വവുമല്ല. യേശുക്രിസ്തു വിനോദത്തെ അതിന്റേതായ സ്ഥാനത്ത് നിർത്തി. അവൻ കാനായിലെ ഒരു വിവാഹസദ്യയിൽ പങ്കെടുത്തതായി ബൈബിൾ പറയുന്നു. അത്തരം സദ്യകളിൽ ഭക്ഷണവും സംഗീതവും ഡാൻസും പരിപോഷിപ്പിക്കുന്ന സഹവാസവും ഉണ്ടായിരുന്നു. യേശു അത്ഭുതകരമായി വീഞ്ഞ് പ്രദാനം ചെയ്തുകൊണ്ട് കല്യാണ സദ്യയുടെ വിജയത്തിനുവേണ്ടി സംഭാവന ചെയ്യുകപോലും ചെയ്തു. (യോഹന്നാൻ 2:3-11) നല്ല സമയം ആസ്വദിക്കുന്നതെങ്ങനെയെന്ന് അവൻ അറിഞ്ഞിരുന്നു.
എന്നാൽ യേശുവിന്റെ ജീവിതം എല്ലായ്പ്പോഴും പാർട്ടികൾ മാത്രമുള്ള ഒരു ജീവിതമായിരുന്നില്ല. അവൻ ദൈവേഷ്ടം പഠിപ്പിച്ചുകൊണ്ട് അവന്റെ സമയത്തിലധികവും ആത്മീയ താല്പര്യങ്ങൾ പിൻതുടരുന്നതിനുവേണ്ടി ഉപയോഗിച്ചു. അവൻ ഇപ്രകാരം പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ വേല പൂർത്തീകരിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആഹാരം.” (യോഹന്നാൻ 4:34) യേശുവിന് ദൈവേഷ്ടം ചെയ്യുന്നത് മറ്റേതൊരു താല്കാലിക വിനോദത്തെക്കാളും അധികം സ്ഥായിയായ ഉല്ലാസം കൈവരുത്തി.
പോൾലിൻ അവളുടെ ലൗകിക സുഖാസ്വാദനത്തിനുശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. അവളും ദൈവേഷ്ടം ചെയ്യുന്നതിനുവേണ്ടി പൂർണ്ണമായി സമർപ്പിക്കപ്പെടുന്നതിലെ സന്തോഷം തിരിച്ചറിഞ്ഞു. അവൾ ഇപ്പോൾ വിനോദവും ഉല്ലാസവും അതിന്റേതായ സ്ഥാനത്തു വെക്കാൻ ശ്രമിക്കുന്നു. എന്നാൽ വിനോദം ഉചിതവും ആവശ്യവുമായിരിക്കുന്ന സമയങ്ങളെക്കുറിച്ചെന്ത്? അത്തരം സമയങ്ങൾക്കുവേണ്ടി നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? ഒരു ഭാവി ലേഖനം ഇത് ചർച്ച ചെയ്യും. (g86 10/22)
[അടിക്കുറിപ്പുകൾ]
a “കുഴൽ വലിക്ക് എന്റെ ആരോഗ്യം നശിപ്പിക്കാൻ കഴിയുമോ?” എന്ന 1985 സെപ്റ്റംബർ 8-ലെ ഉണരുക! [ഇംഗ്ലീഷ്] ലേഖനം കാണുക.
[12-ാം പേജിലെ ചിത്രം]
ബൈബിൾ തത്വങ്ങൾ പിൻപറ്റുന്ന ചെറുപ്പക്കാർ വാസ്തവത്തിൽ സന്തോഷകരമായ സമയം നഷ്ടപ്പെടുത്തുന്നുണ്ടോ?