യുവജനങ്ങൾ ചോദിക്കുന്നു . . .
മറ്റു യുവജനങ്ങൾ എല്ലാ വിനോദങ്ങളും ആസ്വദിക്കുന്നതെന്തുകൊണ്ട്?
“ഞങ്ങൾ വിനോദിക്കാനാഗ്രഹിക്കുന്നു, പക്ഷേ അതു വളരെ ബുദ്ധിമുട്ടാണ്,” 15 വയസ്സുകാരനായ ജേസൺ പരാതിപ്പെട്ടു.
വിനോദിക്കാനാഗ്രഹിക്കുന്നത് സ്വാഭാവികം മാത്രമാണ്—പ്രത്യേകിച്ചു നിങ്ങൾ ചെറുപ്പമായിരിക്കുമ്പോൾ! മിക്ക യുവജനങ്ങളെ സംബന്ധിച്ചും വിനോദിക്കുന്നത്, ഭക്ഷണംകഴിക്കുന്നതും ഉറക്കവും പോലെ പ്രധാനമാണ്. സമപ്രായക്കാരുടെയും മാധ്യമത്തിന്റെയും പ്രേരണാഫലമായി യുവജനങ്ങൾ അനേക തരങ്ങളിലുള്ള വിനോദ പ്രവർത്തനങ്ങളിൽ അതീവ താത്പര്യത്തോടെ ഏർപ്പെടുന്നു. ഒരു സർവേ പറയുന്നതനുസരിച്ച് കൗമാരപ്രായക്കാരുടെയിടയിലെ പ്രിയങ്കരമായ സായാഹ്ന നേരമ്പോക്കുകളുടെ പട്ടികയിൽ ആദ്യം വരുന്നത് സുഹൃദ് സന്ദർശനങ്ങൾ, ടിവി കാഴ്ച, സിനിമകൾക്കു പോകൽ, പാർട്ടികളിൽ പങ്കെടുക്കൽ, നൃത്തം ചെയ്യൽ എന്നിവയാണ്. വായന, കളികളിലും സ്പോർട്സിലും പങ്കെടുക്കൽ, സംഗീതം ശ്രവിക്കൽ എന്നിവയും പ്രസിദ്ധമായിരുന്നു.
ഇത്രയധികം വിനോദ പ്രവർത്തനങ്ങൾ ലഭ്യമായിരിക്കുമ്പോൾ ജേസണെപ്പോലെയുള്ള ചില യുവജനങ്ങൾക്കു വേണ്ടത്ര വിനോദമില്ലെന്നു തോന്നുന്നതെന്തുകൊണ്ടെന്നു മുതിർന്നവർക്കു മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരിക്കാം. എന്നാൽ ചില ക്രിസ്തീയ യുവജനങ്ങൾ കൃത്യമായും അങ്ങനെയാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്! യഹോവയുടെ സാക്ഷികളിലൊരുവളായ കേസി എന്ന യുവതി അത് ഈ രീതിയിൽ വർണിച്ചു: “നിങ്ങളുടെ സ്കൂൾ മിത്രങ്ങളെല്ലാവരും പാർട്ടികൾ നടത്തുന്നതായും കാര്യങ്ങൾ ചെയ്യുന്നതായും കാണുന്നു, നിങ്ങൾക്കു വാസ്തവത്തിൽ നഷ്ടബോധം തോന്നുന്നു.” എന്നാൽ വാസ്തവത്തിൽ സാഹചര്യം അത്ര മോശമാണോ?
ഒരു രസകരമായ സമയമുണ്ടായിരിക്കുന്നതു ബൈബിൾ നിരോധിക്കുന്നുവോ? ഒരിക്കലുമല്ല. ബൈബിൾ യഹോവയെ “സന്തുഷ്ടനായ ദൈവം” എന്നു വിളിക്കുന്നു. (1 തിമോത്തി 1:11, NW) അതുകൊണ്ട് ശലോമോൻ രാജാവു പിൻവരുന്നപ്രകാരം പറഞ്ഞതു നിങ്ങളെ അതിശയിപ്പിക്കരുത്: “എല്ലാറ്റിന്നും ഒരു സമയമുണ്ടു; . . . കരവാൻ ഒരു കാലം; ചിരിപ്പാൻ ഒരു കാലം; വിലപിപ്പാൻ ഒരു കാലം; നൃത്തം ചെയ്വാൻ ഒരു കാലം.” (സഭാപ്രസംഗി 3:1, 4) ഇവിടത്തെ ‘ചിരിക്കുക’ എന്നതിന്റെയും അതുമായി ബന്ധപ്പെട്ട മറ്റു പദങ്ങളുടെയും മൂല എബ്രായ പദത്തിന് “ആഘോഷിക്കു”ക, “കളിക്കു”ക, “കളികൾ കാണിക്കു”ക, ‘വിനോദിപ്പിക്കുക,’ “വിനോദങ്ങളിലേർപ്പെ”ടുക, “വിനോദിക്കു”ക എന്നർഥമുണ്ട്.—2 ശമുവേൽ 6:21, NW; ഇയ്യോബ് 41:5; ന്യായാധിപന്മാർ 16:25, NW; പുറപ്പാട് 32:6, പി.ഒ.സി. ബൈബിൾ; ഉല്പത്തി 26:8.
പണ്ടു ബൈബിൾ കാലങ്ങളിൽ ദൈവജനം സംഗീതോപകരണങ്ങൾ വായിക്കൽ, ഗീതം ആലപിക്കൽ, നൃത്തംചെയ്യൽ, സംഭാഷണം നടത്തൽ, വിനോദങ്ങളിൽ ഏർപ്പെടൽ എന്നിങ്ങനെയുള്ള ആരോഗ്യാവഹമായ വിവിധ പ്രവർത്തനങ്ങൾ ആസ്വദിച്ചു. സദ്യയ്ക്കും ഉല്ലാസകരമായ സഹവാസത്തിനുമുള്ള പ്രത്യേകാവസരങ്ങളും അവർക്കുണ്ടായിരുന്നു. (യിരെമ്യാവു 7:34; 16:9; 25:30; ലൂക്കൊസ് 15:25) എന്തിന്, യേശുക്രിസ്തുതന്നെ ഒരു വിവാഹചടങ്ങിൽ പങ്കെടുത്തു!—യോഹന്നാൻ 2:1-10.
അതുകൊണ്ട് ആരോഗ്യാവഹമായ വിനോദം ഇന്ന് ക്രിസ്തീയ യുവജനങ്ങളുടെയിടയിൽ നിരോധിക്കപ്പെട്ടിട്ടില്ല. തീർച്ചയായും ബൈബിൾ ഇപ്രകാരം പറയുന്നു: “യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ.” എന്നാൽ, ശലോമോൻ ഈ വാക്കുകൾ സംബന്ധിച്ച് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “എന്നാൽ ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.” (സഭാപ്രസംഗി 11:9) അതേ, നിങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പുകൾക്ക് നിങ്ങൾ ദൈവമുമ്പാകെ ഉത്തരവാദിയാണ്. അതുകൊണ്ട് വിനോദത്തിന്റെ കാര്യം വരുമ്പോൾ “സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.” (എഫെസ്യർ 5:15, 16) കാരണം? പല ചെറുപ്പക്കാരും ഈ കാര്യത്തിൽ വളരെ മോശമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നു.
വിനോദം നിയന്ത്രണം വിട്ടു പോകുമ്പോൾ
പണ്ട് ബൈബിൾ കാലങ്ങളിൽ എന്തു സംഭവിച്ചുവെന്നു പരിഗണിക്കുക. ചില ഇസ്രായേല്യർക്ക് വിനോദത്തിന്റെ കാര്യത്തിൽ എല്ലാ സമനിലയും നഷ്ടമാകുകയും മുഴു രാത്രിയും നീണ്ടുനിന്ന അനിയന്ത്രിതമായ പാർട്ടികൾ നടത്തുകയും ചെയ്തു! യെശയ്യാ പ്രവാചകൻ ഇപ്രകാരം പറഞ്ഞു: “അതികാലത്തു എഴുന്നേററു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു.” കൂടിവരുന്നതും ഭക്ഷണം, സംഗീതം, നൃത്തം എന്നിവ ആസ്വദിക്കുന്നതും തെറ്റായിരുന്നുവെന്ന് ഇത് അർഥമാക്കിയില്ല. എന്നാൽ ഈ മദ്യപാനഘോഷക്കാരെക്കുറിച്ച് യെശയ്യാവ് ഇപ്രകാരം പറയുന്നു: “യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല.”—യെശയ്യാവു 5:11, 12.
പല യുവജനങ്ങളും ഇന്ന് ഇതുതന്നെ ചെയ്യുന്നു—വിനോദം തേടുമ്പോൾ അവർ ദൈവത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. ചിലർ, വിവാഹത്തിനുമുമ്പുള്ള ലൈംഗികതയിലും നശീകരണ സ്വഭാവത്തിലും മയക്കുമരുന്നു ദുരുപയോഗത്തിലും “വിനോദ”ത്തിനുവേണ്ടിയുള്ള വിചാരംകൂടാതെയുള്ള മറ്റു പെരുമാറ്റങ്ങളിലും ഏർപ്പെട്ടുകൊണ്ട് ദൈവിക നിലവാരങ്ങളെ ശക്തമായി വെല്ലുവിളിക്കുന്നു. എന്നിരുന്നാലും മറ്റുചില കേസുകളിൽ, ദുഷ്ടരായിരിക്കാൻ ചെറുപ്പക്കാർ വാസ്തവത്തിൽ ശ്രമിക്കുന്നില്ല. എന്നാൽ കാര്യങ്ങൾ മിതമായി ചെയ്യാനും അമിതത്വം ഒഴിവാക്കാനും അവർ പരാജയപ്പെടുന്നു. (സദൃശവാക്യങ്ങൾ 23:20; 1 തിമൊഥെയൊസ് 3:11) അതുകൊണ്ട് അവർ വിനോദിക്കാനായി കൂടിവരുമ്പോൾ കാര്യങ്ങൾ നിയന്ത്രണം വിട്ടുപോകുന്നു.—1 കൊരിന്ത്യർ 10:6-8 താരതമ്യം ചെയ്യുക.
“ഇന്നത്തെ ലോകപാർട്ടികളിൽ എന്താണു നടക്കുന്നത്?” എന്ന് ഉണരുക! അടുത്തകാലത്തു ചില ചെറുപ്പക്കാരോടു ചോദിക്കുകയുണ്ടായി. കൗമാരപ്രായത്തിലുള്ള ഒരു പെൺകുട്ടി ഇപ്രകാരം മറുപടിപറഞ്ഞു: “മയക്കുമരുന്നുകളും കുടിയും. വാസ്തവമായും അവയുണ്ട്.” തന്റെ സ്കൂളിലെ പാർട്ടിക്കുപോകുന്ന ചില ആൺകുട്ടികളെക്കുറിച്ച് യുവാവായ ആൻഡ്രൂ ഇപ്രകാരം പറഞ്ഞു: “തങ്ങൾ എത്രമാത്രം കുടിച്ചുവെന്ന് അവർ എല്ലായ്പോഴും വീമ്പിളക്കുന്നു.” ജേസൺ ഇങ്ങനെപോലും പറഞ്ഞു: “ഒരു ലോകപാർട്ടിയിൽ മിക്കപ്പോഴും ചീത്ത കാര്യങ്ങളുണ്ട്.” “കുടിച്ചുകൂത്താട്ടങ്ങളും” “നിയന്ത്രണംവിട്ട പാർട്ടികളും” ബൈബിളിൽ കുറ്റംവിധിക്കപ്പെട്ടിരിക്കുന്നതിനാൽ ദൈവഭയമുള്ള യുവജനങ്ങൾ അത്തരം നടപടികൾ വിശേഷവത്കരിക്കുന്ന സാമൂഹിക കൂടിവരവുകൾ ഒഴിവാക്കുന്നു.—ഗലാത്യർ 5:21; ബയിങ്ടൺ.
ഉപദ്രവരഹിതമെന്നു തോന്നുന്ന വിനോദരൂപങ്ങളിൽപോലും ആപത്തുകൾ പതിയിരുന്നേക്കാം. ഉദാഹരണത്തിന്, ഇന്നത്തെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രങ്ങളിൽ പലതും നഗ്നതയും സ്പഷ്ടമായ ലൈംഗികതയും അസുഖകരമായ അക്രമവും വിശേഷവത്കരിക്കുന്നു. പ്രസിദ്ധ ഗാനങ്ങളിൽ പലതും അശ്ലീല പദങ്ങൾ ഉൾക്കൊള്ളുന്നു. റോക്ക് സംഗീതക്കച്ചേരികൾ സാധാരണമായി മയക്കുമരുന്നു ദുരുപയോഗത്തിന്റെയും ലഹളയുടെയും അക്രമത്തിന്റെയും രംഗങ്ങളാണ്.a
മാതാപിതാക്കൾ വേണ്ട എന്നു പറയുമ്പോൾ
അടിസ്ഥാന സംഗതി എന്താണ്? നിങ്ങൾ ഒരു ക്രിസ്ത്യാനിയാണെങ്കിൽ നിങ്ങളുടെ സമപ്രായക്കാർ ആസ്വദിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്കു ചെയ്യാൻ കഴിയില്ല. എങ്ങനെയായാലും, തന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” എന്ന് യേശു പറഞ്ഞു, അതിന്റെ അർഥം മറ്റാളുകളിൽനിന്ന് വ്യത്യസ്തരായിരിക്കുക എന്നാണ്. (യോഹന്നാൻ 15:19, NW) നിങ്ങളുടെ മാതാപിതാക്കൾ ദൈവഭയമുള്ളവരാണെങ്കിൽ അവർക്ക് ഈ വസ്തുത നന്നായി അറിയാം. അതുകൊണ്ട് നിങ്ങളെ സംരക്ഷിക്കാനുള്ള ആഗ്രഹം നിമിത്തം, മറ്റു യുവജനങ്ങളെ ചെയ്യാൻ അനുവദിച്ചിരിക്കുന്ന ചില കാര്യങ്ങൾ നിങ്ങളുടെ മാതാപിതാക്കൾ ചിലപ്പോൾ നിരുത്സാഹപ്പെടുത്തുകയോ ശക്തമായി വിലക്കുകയോ ചെയ്തേക്കാം. ഇത് അംഗീകരിക്കാൻ എല്ലായ്പോഴും എളുപ്പമല്ല. “ആളുകൾ വിനോദിക്കാൻ ആഗ്രഹിക്കുന്നു! നമ്മുടെ മാതാപിതാക്കൾ ചെറുപ്പമായിരുന്നപ്പോൾ അവർ വിനോദിച്ചിരുന്നു, എന്നാൽ നമ്മെ ബന്ധനത്തിൽ വെക്കാൻ അവർ ആഗ്രഹിക്കുന്നതുപോലെ ചിലപ്പോൾ തോന്നുന്നു” എന്ന് ഒരു കൗമാരപ്രായക്കാരി ഊന്നിപ്പറഞ്ഞു.
അടിസ്ഥാനപരമായി നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ വീക്ഷണഗതിയുള്ളവരാണെങ്കിലും അത്തരം കാര്യങ്ങളിൽ അവരുടെ ഉപദേശം പിൻപറ്റുന്നത് എളുപ്പമല്ലായിരിക്കാം. നാം ജറെഡ് എന്നു വിളിക്കാൻ പോകുന്ന, കായികാഭ്യാസിയെപ്പോലെ തോന്നിക്കുന്ന ഒരു യുവാവ് ഇപ്രകാരം അനുസ്മരിക്കുന്നു: “ഞാൻ സ്കൂൾ ടീമിൽ ബാസ്ക്കറ്റ്ബോൾ കളിക്കാൻ ആഗ്രഹിച്ചു. വളരെയധികം ആളുകൾ ഞാൻ കളിക്കണമെന്നു പറഞ്ഞ് എന്നിൽ സമ്മർദം ചെലുത്തി, അതെന്നെ കുറെയൊക്കെ അലട്ടി. അപ്പോൾ ഞാൻ എന്റെ മാതാപിതാക്കളോടു സംസാരിച്ചു.” “മോശമായ സഹവാസങ്ങ”ളുടെ അപകടങ്ങൾ ജറെഡിന്റെ മാതാപിതാക്കൾ ചൂണ്ടിക്കാണിക്കുകയും സ്പോർട്സ് പ്രവർത്തനങ്ങൾ എത്ര സമയംകൊല്ലികളായിരിക്കുമെന്ന് അവനെ ഓർമിപ്പിക്കുകയും ചെയ്തു. (1 കൊരിന്ത്യർ 15:33, NW) “അങ്ങനെ എനിക്ക് കളിക്കാൻ കഴിഞ്ഞില്ല” എന്ന് ജറെഡ് സങ്കടത്തോടെ പറയുന്നു. അവൻ മാതാപിതാക്കളുടെ ഉപദേശം അനുസരിച്ചു. എന്നാൽ പന്തു കളിക്കാൻ കഴിയാഞ്ഞതിൽ അവന് ഇപ്പോഴും വിഷമമുണ്ട്.
‘എനിക്കു നഷ്ടമാകുന്നു!’
നിങ്ങളുടെ സാഹചര്യം എന്തായിരുന്നാലും, നിങ്ങളുടെ സഹപാഠികൾ അവരുടെ വിനോദങ്ങളെക്കുറിച്ചു വീമ്പിളക്കുന്നതു കേൾക്കുമ്പോൾ നിങ്ങൾ ഇടയ്ക്കിടയ്ക്കു നിരുത്സാഹിതരായിത്തീരാൻ സാധ്യതയുണ്ട്. ‘മറ്റു യുവജനങ്ങൾക്ക് എല്ലാ വിനോദങ്ങളും ആസ്വദിക്കാൻ കഴിയുന്നതെന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. അതേ, നിങ്ങൾക്കു നഷ്ടമാകുന്നു എന്ന ചിന്തയെ എങ്ങനെ തരണം ചെയ്യാൻ കഴിയും?
നിങ്ങൾ സങ്കീർത്തനം 73 വായിക്കുകയും ആസാഫ് എന്നു പേരുള്ള ബൈബിൾ എഴുത്തുകാരന്റെ അനുഭവത്തെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുന്നതു സഹായകമായിരുന്നേക്കാം. 2-ഉം 3-ഉം വാക്യങ്ങളിൽ അവൻ ഇങ്ങനെ സമ്മതിച്ചുപറയുന്നു: “എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി. . . . എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.” അതേ, ആസാഫ് ഒരു നിയന്ത്രിത ജീവിതം നയിച്ചപ്പോൾ, പ്രത്യക്ഷത്തിൽ മോശമായ ഫലങ്ങളൊന്നും കൂടാതെ തങ്ങൾ ആഗ്രഹിച്ചതെല്ലാം തങ്ങൾക്കു ചെയ്യാൻ കഴിഞ്ഞതായി മറ്റുള്ളവർ വീമ്പിളക്കി. അവർക്കു ധാരാളം ഉള്ളതായും എല്ലായ്പോഴും കൂടുതൽ ലഭിച്ചുകൊണ്ടിരിക്കുന്നതായും കാണപ്പെട്ടു. (12-ാം വാക്യം) അങ്ങനെ ആസാഫ് പിൻവരുന്നപ്രകാരം നിലവിളിക്കത്തക്കവണ്ണം അത്രമാത്രം നിരുത്സാഹിതനായിത്തീർന്നു: “ഞാൻ എന്നെത്തന്നെ നിർമലനായി നിർത്തുകയും പാപം ചെയ്യാതിരിക്കുകയും ചെയ്തത് വെറുതെയോ?”—സങ്കീർത്തനം 73:13, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
അനുഗ്രഹമെന്നു പറയട്ടെ, എന്തെങ്കിലും സാഹസം കാണിക്കുന്നതിനുമുമ്പ് ആസാഫിനു ബോധംവന്നു. അവൻ “ദൈവത്തിന്റെ വിശുദ്ധ മന്ദി”രം സന്ദർശിച്ചു. ആ ആരോഗ്യാവഹമായ ചുറ്റുപാടുകളിൽ അദ്ദേഹം സംഗതികളെക്കുറിച്ചു ഗൗരവമായി ചിന്തിച്ചു. അധികം താമസിയാതെതന്നെ, ആസാഫ് ദൈവഭയമില്ലാത്ത ഉല്ലാസ പ്രേമികളെക്കുറിച്ച് ഒരു ശ്രദ്ധേയമായ നിഗമനത്തിൽ എത്തിച്ചേർന്നു: “നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.”—സങ്കീർത്തനം 73:17, 18.
ഉല്ലാസ പ്രേമികളായ നിങ്ങളുടെ സമപ്രായക്കാരിൽ പലരെക്കുറിച്ചും ഇതുതന്നെ പറയാവുന്നതാണ്. ഇപ്പോൾ തങ്ങൾ വിനോദിക്കുന്നതായി അവർക്കു തോന്നിയേക്കാം. എന്നാൽ പാപത്തിന്റെ ആസ്വാദനം താത്കാലികം മാത്രമാണ്! (എബ്രായർ 11:25, NW) ബൈബിൾ നിലവാരങ്ങൾ പിൻപറ്റാത്തതുകൊണ്ട് അവർ “വഴുവഴുപ്പിൽ” ആണു നിൽക്കുന്നത്, മുന്നറിയിപ്പു കൂടാതെ പെട്ടെന്നുള്ള ഒരു ഭയങ്കര വീഴ്ച അവർക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ദൈവവചനം ഇപ്രകാരം പ്രഖ്യാപിക്കുന്നു: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” (ഗലാത്യർ 6:7) എന്തിന്, “വിനോദ”ത്തിൽ അതിരുകടന്ന് ഏർപ്പെട്ടതിന്റെ ഫലമായി ഇതിനോടകംതന്നെ അകാല മരണമോ രതിജരോഗമോ അനാവശ്യ ഗർഭധാരണമോ ഉണ്ടാകുകയോ ജയിലിലടയ്ക്കപ്പെടുകയോ ചെയ്തിട്ടുള്ള നിങ്ങളുടെ പ്രായക്കാരായ ചെറുപ്പക്കാരെക്കുറിച്ചു നിങ്ങൾ തീർച്ചയായും കേട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ അത്തരം സംഗതികൾ ഒഴിവാക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യുന്നില്ലേ?—യെശയ്യാവു 48:17.
ശലോമോൻ പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് നല്ല ബുദ്ധ്യുപദേശം നൽകുന്നു: “നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക. ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.” (സദൃശവാക്യങ്ങൾ 23:17, 18) അതേ, ഒരു “വിനോദ”വും ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്നതിനുള്ള ഒരുവന്റെ പ്രത്യാശയുടെ നഷ്ടത്തിനുതക്ക വിലയുള്ളതല്ല.
അതേസമയംതന്നെ, വല്ലപ്പോഴുമൊരിക്കൽ ഒരു യഥാർഥ വിനോദം ഉണ്ടായിരിക്കുന്നതിനുള്ള നിങ്ങളുടെ സ്വാഭാവിക ആഗ്രഹം നിങ്ങൾക്കെങ്ങനെ തൃപ്തിപ്പെടുത്താൻ കഴിയും? അതു ചെയ്യുന്നതിനുള്ള സുരക്ഷിതവും ആരോഗ്യപ്രദവുമായ മാർഗങ്ങളുണ്ടോ? പണവും മറ്റു വിഭവങ്ങളും പരിമിതമാണെങ്കിലെന്ത്? ഉണരുക! ലോകമെമ്പാടുമുള്ള യുവജനങ്ങളോട് ചില നിർദേശങ്ങളും ആശയങ്ങളും ചോദിക്കുകയുണ്ടായി. ഈ പരമ്പരയിലെ ഇനി വരുന്ന ലേഖനത്തിൽ ഇവ ചർച്ചചെയ്യപ്പെടുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a ഞങ്ങളുടെ 1995 ഡിസംബർ 22 ലക്കത്തിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ റോക്ക് സംഗീതക്കച്ചേരികളിൽ സംബന്ധിക്കണമോ?” എന്ന ലേഖനം കാണുക.
[26-ാം പേജിലെ ചിത്രം]
വിനോദം എന്നു ലോകം വിളിക്കുന്നതിൽ ഏർപ്പെടാൻ കഴിയാത്തതുകൊണ്ട് നിങ്ങൾക്കു നഷ്ടബോധം തോന്നണമോ?